Wednesday, May 28, 2008

വിജയശതമാന വര്‍ദ്ധനവോ ശതമാന സ്ഥിരതയോ?

S.S.L.C വിജയ ശതമാനം അസാധരണമാം വിധം ഉയര്‍ന്നതുസംബന്ധിച്ച് ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിദ്യാഭ്യാസമന്ത്രിയും കൂട്ടരും തങ്ങളുടെ പരിശ്രമത്തിന്റെ വിജയമാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനെ പരിഹസിച്ചുകൊണ്ട് മറുപക്ഷമെത്തി. ബ്ലോഗിലും ചില പ്രതിഫലനങ്ങളുണ്ടായി.

വളരെയധികം പേര്‍ എഴുതുന്ന ഒരു പരീക്ഷയില്‍ വിജയശതമാനത്തില്‍ വളരെയധികം വ്യത്യാസമുണ്ടാവുന്നത് ഗുണകരമാണെന്നു തോന്നുന്നില്ല. അതിന്റെ അര്‍ത്ഥം കഴിഞ്ഞ പരീക്ഷയേക്കാള്‍ മാര്‍ക്കു കൂടുതല്‍ കിട്ടാന്‍ അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ ഉണ്ടായി എന്നു തന്നെയാണ്. സാഹചര്യം കൊണ്ടു മാത്രം വിജയിയ്ക്കുകയും പരാ‍ജയപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യുന്നു. പൊതു പരീക്ഷയ്ക്ക് ചോദ്യത്തിലും മൂല്യനിര്‍ണ്ണയത്തിലും തങ്ങളുടെ നിലവാരം കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് വിജയശതമാനത്തിലെ അന്തരം.

സി.ബി.എസ്.ഇ പോലുള്ള പരീക്ഷകളുമായി ചിലര്‍ താരതമ്യപ്പെടുത്തുന്നതും കണ്ടു. ബ്ലോഗ് എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ കുറിച്ചിടുന്ന ഒരിടം മാത്രമായതുകൊണ്ട് ബ്ലോഗിലാണ് അങ്ങനെയൊരു അഭിപ്രായപ്രകടനം വന്നിരുന്നതെങ്കില്‍ ഒരു അഭിപ്രായം എന്നതില്‍ കവിഞ്ഞ് അതിനാരും വിലകല്‍പിയ്ക്കുമെന്നു കരുതുന്നില്ല.
ഇന്നാണ് ഷാജി എന്ന ബ്ലോഗര്‍ ഡീക്കന്‍ റൂബിന്റെ പോസ്റ്റില്‍ ശ്രീ. സി.പി.നാരായണന്റെ ലേഖനത്തിന്റെ ചിലഭാഗങ്ങള്‍ കമന്റായി ചേര്‍ത്തുകണ്ടത്.

“വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ്. ഒട്ടുവളരെ സ്കൂളുകളില്ല ആ രംഗത്ത് എന്നതുകൊണ്ടാകാം ഉയര്‍ന്ന വിജയശതമാനം. അവ പിന്തുടരുന്നത് കേരളം മാതൃകയാക്കുന്ന എന്‍സിഇആര്‍ടി സിലബസാണ്, അവയിലും ഗ്രേഡിംഗ് അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം, സ്കൂളുകളിലെ കുട്ടികളുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായതോതിലുള്ള പരിഗണന അവസാനപരീക്ഷയില്‍ ലഭിക്കും. ഈ സമ്പ്രദായമാണ് സിബിഎസ്ഇ പരീക്ഷയില്‍ 90 ലേറെ വിജയശതമാനം ഉണ്ടാകാന്‍ കാരണം. അതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ കേരളത്തിലെ ഉയര്‍ന്ന വിജയശതമാനത്തിന്റെ നേരെ കല്ലെറിയുന്നത് എന്തുകൊണ്ട്?”

ചിലര്‍ക്കെങ്കിലും ഈ സംശയം തോന്നിയിരിയ്ക്കും. ശരിയല്ലേ?

ആരാണീ സി.പി.നാരായണന്‍ എന്നന്വേഷിച്ചു ചെന്നത് മാരീചന്റെ ബ്ലോഗിലാണ്. അങ്ങനെയാണ് “ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഖിലേന്ത്യാ രൂപമായ എഐപിഎസ്എന്നിന്റെ ചെയര്‍മാനുമാണ് സഖാവ് (എഐപിഎസ്എന്‍ എന്നാല്‍ ആള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക്)” എന്ന സത്യം എനിയ്ക്കു മനസിലായത്. ഉത്തരവാതിത്തപ്പെട്ടതെന്നു പലരും കരുതുന്ന ഒരു സംഘടനയുടെ ചെയര്‍മ്മാന്‍ ഒരു ലേഖനമെഴുതുമ്പോള്‍ അല്പമെങ്കിലും ഗൃഹപാഠം ചെയ്യേണ്ടത് ആവശ്യമല്ലേ? അല്ലാതെ വികാരം കൊണ്ടൂം രാഷ്ടീയാനുഭാവം കൊണ്ടും മനസിലുള്ളതുമുഴുവന്‍ വിളിച്ചു പറയാമോ?

നാരായണന്‍ പറയുന്നു സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ് എന്ന്.

തെറ്റ്!

യഥാര്‍ത്ഥത്തില്‍ സിബിഎസ്ഇ അഖിലേന്ത്യാ വിജയശതമാനം 80.91 മാത്രമാണ്.

സിബിഎസ്ഇ യുടെ വിജയശതമാനം റീജ്യണ്‍ തിരിച്ചാണു പറയാറ്. ഇതില്‍ ചെന്നൈ റീജ്യണ്‍ മാത്രമാണ് 90ലേറെ വിജയം കരസ്ഥമാക്കാറ്. ദേശീയ ശതമാനം 80.91 എന്നു പറയുമ്പോള്‍ അതില്‍ താഴെ മാത്രം വിജയശതമാനമുള്ള റീജനുകളും ഉണ്ട് എന്നത് വ്യക്തം.

കേരളത്തിലെ S.S.L.C പരീക്ഷയും സിബിഎസ്ഇ പരീക്ഷയും തമ്മില്‍ ഞാന്‍ കാണുന്ന പ്രധാന വ്യക്ത്യാസം സിബിഎസ്ഇ വിജയശതമാനത്തിലെ സ്ഥിരതയാണ്. അതായത് വിജയശതമാനത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കാണുന്നില്ല.

ചെന്നൈ റീജ്യന്റെ കാര്യമെടുക്കാം.
2008 91.75%
2007 91.39%
2006 91.45%
2005 90.00%
2004 90.51%
2003 88.18%
(ഇതു +2 പരീക്ഷാ റിസള്‍ട്ടാണ്, വിജയശതമാനത്തിലെ സ്ഥിരത കാണിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നു.)

കേരളത്തിലെ വിജയശതമാനം നോക്കുക.


1999 - 52.93%
2000 - 56.15%
2001 - 56.22%
2002 - 60.62%
2003 - 64.85%
2004 - 70.06%
2005 - 58.95%
2006 - 68.95%
2007 - 82.29%
2008 - 92.09% (ഷാജി തന്ന 1999 മുതലുള്ള കണക്കുകള്‍)

കഴിഞ്ഞ സര്‍ക്കാരുകളൂടെ കാലത്തോ ഈ സര്‍ക്കാരുകളുടെ കാലത്തോ വിജയ ശതമാനത്തില്‍ സ്ഥിരതയുണ്ടായിട്ടില്ല. 2003 ലെ64.85% ത്തില്‍ നിന്ന് 2004 ല്‍ 70.06% ലേയ്ക്ക് കയറ്റവും 2005 ല്‍ 58.95% ഒരു ഇറക്കവും. ഇത് ഒരിക്കലും ന്യായീകരിയ്ക്കാനാവാത്തതാണ്.

കേരളത്തിലെ എല്ലാവിധ സമൂഹത്തില്‍ നിന്നുള്ളവരും വരുന്നതാണ് SSLC യ്ക്ക്. അവിടെ പഠനത്തില്‍ സമര്‍ത്ഥരാ‍യവരുണ്ടാവും, ഇടത്തരക്കാരുണ്ടാവും, വളരെ നിലവാരം കുറഞ്ഞവരും ഉണ്ടാവും. ഇത് ഒരു പൊതു സമൂ‍ഹത്തീന്റെ Random ആയിട്ടൂള്ള സ്വഭാവമാണ്. ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ പോലും ആളുകളുടെ എണ്ണം കൂടുമ്പോള്‍ ഈ പൊതു സ്വഭാവത്തെ നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ഏകദേശം കൃത്യമായ സംഘ്യകളിലേയ്ക്ക് എത്തിച്ചേരാ‍ല്‍ കഴിയും.
അതുകൊണ്ടാണ് വിജയ ശതമാനത്തില്‍ സ്ഥിരത വേണം എന്നു പറയുന്നത്.

സര്‍ക്കാര്‍ ഗവര്‍മെന്റു സ്കൂളുകളുടെയും മറ്റും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിയ്ക്കുന്നുണ്ട് എന്നതു പരമാര്‍ത്ഥം. എങ്കിലും കഴിഞ്ഞവര്‍ഷം ഒന്‍പതില്‍ പഠിച്ചവരാണല്ലോ ഈ വര്‍ഷം പത്തില്‍ പഠിയ്ക്കുന്നത്. അതിനും മുന്‍പേ അവര്‍ എട്ടിലും പഠിച്ചിരുന്നു. അതുകൊണ്ടൂ തന്നെ വിദ്യാഭ്യാസ നിലവാരം ഒരു ഗവര്‍മെന്റിന്റെ കാലാവധിയ്ക്കുള്ളില്‍ വാനോളം ഉയരുമെന്നൊക്കെ കരുതുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. എന്നു തന്നെയല്ല ഒരു സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഒരു രാത്രികൊണ്ട് ഉയരുമെന്നും കരുതുന്നില്ല. അതുകൊണ്ടൂ തന്നെ വിജയശതമാനം ഒരു പരിധിവിട്ട് ഉയരുന്നതിനെ സംശയത്തോടെ വീക്ഷിയ്ക്കാനേ എനിയ്ക്കാവൂ.


(അതേ സമയം ആസൂത്രിതമായ പദ്ധതികളിലൂ‍ടെ പഠന നിലവരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതിന് ഒരു വര്‍ഷം കൊണ്ടോ രണ്ടു വര്‍ഷം കൊണ്ടൂ ഒരു റിസട്ടുണ്ടാവുന്നതും അഥവാ റിസള്‍ട്ട് പ്രതീക്ഷിയ്ക്കുന്നതും ശരിയാ‍ണെന്ന് എനിയ്ക്ക് തോന്നുന്നില്ല.)


2005 മുതല്‍ വിജയശതമാനം ഉയരുന്നില്ലേ എന്നു ന്യായമായും സംശയിയ്ക്കാം. പക്ഷേ പത്തു ശതമാനത്തോളം ഉള്ള അന്തരം അതിന്റെ സ്വാഭാവികതയെ ചോദ്യം ചെയ്യുന്നതാണ്.

നാരായണന്‍ വാദിയ്ക്കുന്നതുപോലെ ഗ്രേഡിംഗ് അടിസ്ഥാനപ്പെടുത്തിയതുകൊണ്ടാണ് ഈ വര്‍ദ്ധനവെങ്കില്‍ അത് കാണേണീയിരുന്നത് 2006ല്‍ ആണ്. അതൊട്ട് ഉണ്ടായില്ലതാനും.

മാതൃഭൂമി നടത്തിയ സര്‍വ്വേഫലം ഇവിടെ കൊടുക്കുന്നു.
SSLC poll Mathrubhumi

76.15% ആള്‍ക്കാര്‍ SSLC വിജയശതമാനത്തിലെ വര്‍ദ്ധനവ് വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതുകൊണ്ടല്ലെന്നു വിശ്വസിയ്ക്കുന്നു. ഈ പോള്‍ ഒരു ഏകകമായി കണക്കാക്കാന്‍ ആവില്ല. രാഷ്ട്രീയ താത്പര്യമുള്ളവരും ഒക്കെ പോള്‍ ചെയ്തിട്ടൂണ്ടാവാം. എങ്കിലും ഈ പോള്‍ ഒരു സന്ദേശം നല്‍കുന്നുണ്ട് എന്നു മറക്കാന്‍ പാടില്ല.


സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി എന്നു കാണിയ്ക്കേണ്ടത് സര്‍ക്കാരിന്റെ രാഷ്ടീയ ആവശ്യമാണ്. അതുകൊണ്ടൂ തന്നെ സര്‍ക്കാര്‍ വാരിക്കോരി മാര്‍ക്ക് നല്‍കി കൂടായ്കയില്ല എന്നു തീര്‍ച്ചയായും സംശയിയ്ക്കാം. പലയിടത്തുനിന്നും വന്ന ആരോപണങ്ങളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും വിരല്‍ ചൂണ്ടുന്നതും അത്തരം ഒരു സാധ്യതയിലേയ്ക്കാണ്.
പ്രത്യാരോപണങ്ങളും മറുവാദങ്ങളും ഉണ്ടായിട്ടൂണ്ടെന്നതു വിസ്മരിയ്ക്കുന്നില്ല. (സര്‍ക്കാര്‍ വിജയശതമാനം ഉയര്‍ത്തിയോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രധാന വിഷയം, പറഞ്ഞുവന്നപ്പോള്‍ പരാമര്‍ശിച്ചു എന്നു മാത്രം.)

വിജയശതമാ‍നം ഉയര്‍ത്തുന്നതിലല്ല ന്യായമായ ഒരു വിജയശതമാനം സ്ഥിരമായി കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നതിലാവട്ടെ സര്‍ക്കാരിന്റെ ശ്രദ്ധ. ചോദ്യങ്ങളുടെ നിലവാരത്തിലും, മൂല്യനിര്‍ണ്ണയത്തിലും സ്ഥിരത കൈവരട്ടെ. അങ്ങനെയാണെങ്കില്‍ വിജയശതമാനത്തിലും സ്ഥിരതയുണ്ടാവും. ഏതെങ്കിലും ഒരു വിഷയം കടുകട്ടിയായതുകൊണ്ട് കൂട്ടത്തോടെ തോല്‌‌വി ഉണ്ടാവുന്നതും എളുപ്പമായതുകൊണ്ട് വിജയശതമാനം കുത്തനെ ഉയരുന്നതും ഒഴിവാകട്ടെ. അങ്ങനെയാണെങ്കില്‍ മാത്രമേ 2005ലും 2006ലും 2007ലും ഒക്കെ പാസായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ താരതമ്യപ്പെടുത്താനാവൂ. അങ്ങനെയാണെങ്കില്‍ മാത്രമെ SSLC യെ ഒരു മികവിന്റെ ഏകകമായി പരിഗണിയ്ക്കാനുമാവൂ.