മുൻകൂർ ജാമ്യം
ആരംഭത്തിലെ പറയട്ടെ. ഇനിക്ക് ഈ വിഷയത്തിൽ വ്യക്തിപരമായ നിലപാടുകൾ ഉണ്ട്. അതുകൊണ്ടു തന്നെ ഒരു തീവ്രപക്ഷപാതിയെന്ന പേരു"ദോഷം" ഉണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ വിഷയത്തിൽ സഭയുടെ ചട്ടക്കൂടിനകത്തുനിന്ന് എത്തിച്ചേരാവുന്ന ഒരു പക്ഷമേ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം. വിശ്വാസികളെ ഉദ്ദ്യേശിച്ചല്ല, ഒരു സെക്കുലർ സമൂഹത്തെ ഉദ്ദ്യേശിച്ചാണ് ഈ പോസ്റ്റ് ഇടുത്തതും.ക്രൈസ്തവസഭകൾ
ക്രൈസ്തവർ വിശ്വാസം ആചാരം ദൈവശാസ്ത്രം ഇതിലൊക്കെ സാമ്യമുള്ളവരും വ്യത്യാസം ഉള്ളവരുമായി വിവിധ സമൂഹങ്ങളിലായാണ് ഇന്നു കാണുവാൻ കഴിയുക. അതിനൊപ്പം തന്നെ അന്യംനിന്നു പോയതും കായികബലവും ആയുധബലവും കൊണ്ട് കുഴിച്ചുമൂടപ്പെട്ടതുമായ വിഭാഗങ്ങളും ഉണ്ടാവാം അല്ലെങ്കിൽ ഉണ്ട്. പ്രധാനമായും ക്രൈസ്തവ സഭകളെ മൂന്നായി തിരിക്കാം.
1. റോമാ മാർപ്പാപ്പായുടെ നേതൃത്വം അംഗീകരിക്കുന്ന കത്തോലിക്കാ സഭകൾ
ഇത്തരം 24 സഭകൾ ആണ് ലോകത്തിൽ ഉള്ളത്. അതിൽ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ, ഉക്രേനിയൻ, മെൽക്കൈറ്റ്, കോപ്റ്റിക്, അർമ്മേനിയൻ എന്നിങ്ങനെയുള്ള ഏതാനും ഉദാഹരണം മാത്രം. കൂടുതൽ അറിയാൻ താത്പര്യമുള്ളവർക്ക് https://en.wikipedia.org/wiki/Catholic_particular_churches_and_liturgical_rites ഇൽ പോയി മനസിലാക്കാവുന്നതാണ്.
2. ഓർത്തോഡോക്സ് സഭകൾ
റോമാ മാർപ്പാപ്പായുടെ നേതൃത്വത്തെ അംഗീകരിക്കാത്തതും എന്നാൽ ആഗോളതലത്തിൽ തന്നെ കൃത്യമായ ഭരണസംവിധാനങ്ങൾ ഉള്ളതും ക്രിസ്തു ശിഷ്യന്മാരുടെ പിന്തുടർച്ച കത്തോലിക്കാ സഭകളെപ്പോലെ തന്നെ അവകാശപ്പെടുന്നതുമായ സഭകൾ ആണ് ഇവർ. ഇവയിൽ പലർക്കും തമ്മിൽ തമ്മിൽ ബന്ധവും ഐക്യവും ശത്രുതയും ഒക്കെ ഉണ്ട്. ഉദാഹരണം നമ്മുടെ തന്നെ യാക്കോബായ-ഓർത്തോഡോക്സ് വിഭാഗങ്ങൾ, റഷ്യൻ ഓർത്തോഡോക്സ്-ഉക്രേനിയൻ ഓർത്തൊഡോക്സ് എന്നിവ തമ്മിൽ കടുത്ത രാഷ്ട്രീയ വിദ്വേഷം ഉണ്ട്. എന്നാൽ ചില സഭകൾ തമ്മിൽ നല്ല ബന്ധവും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് https://en.wikipedia.org/wiki/Eastern_Orthodox_Church, https://en.wikipedia.org/wiki/Oriental_Orthodox_Churches എന്നീ കണ്ണികൾ സന്ദർശിക്കുക3. പ്രൊട്ടസ്റ്റന്റ് സഭകൾ
ഈ വിഭജനം കൃത്യം എന്ന് അവകാശമൊന്നുമില്ല. എങ്കിൽ തന്നെയും ഒരു ഏകദേശ ധാരണനൽകുവാൻ പര്യാപ്തമാണ്.
ഇതിലെ കത്തോലിക്കാ വിഭാഗത്തിൽ പെടുന്ന (ഒന്നാമത്തെ വിഭാഗം) സഭയിലാണ് സീറോ മലബാർ സഭ പെടുന്നത്. ഈ പോസ്റ്റ് സീറോ മലബാറിലെ ആരാധനാക്രമത്തെപ്പറ്റിയാണ്.
ആരാധനാക്രമം
ഒരു സഭ എപ്രകാരം ദൈവാരാധന നടത്തണം എന്നതു സംബന്ധിച്ച നിഷ്കർഷകൾ ആണ് ലളിതമായി പറഞ്ഞാൽ ആരാധനാക്രമം. അതായത് ഇവിടെ ഓരോരുത്തർക്കും തോന്നിയതുപോലെ സഭയുടെ ഔദ്യോഗികമായ പൊതു ദൈവാരാധന നടത്തുവാൻ അവകാശമില്ല. അതിന് ഒരു ക്രമവും ചിട്ടയും അച്ചടക്കവും ആവശ്യമാണ്. ഏതു പ്രാർത്ഥനകൾ ഏത് ക്രമത്തിൽ, അവിടെ നടത്തേണ്ടുന്ന ആചാര അനുഷ്ടാനങ്ങൾ, ചെയ്യേണ്ടൂന്ന അംഗവിക്ഷേപങ്ങൾ, നിൽക്കണമോ ഇരിക്കണമോ എന്നൊക്കെ ഈ ആരാധനാക്രമം ആണ് നിഷ്കർഷിക്കുന്നത്. മാമോദീസായും കല്യാണവും കുമ്പസാരവും ഒക്കെ ആരാധനാക്രമത്തിന്റെ ഭാഗം ആണെങ്കിൽ തന്നെയും കുർബാന അഥവാ ബലിയർപ്പണം ആണ് ആരാധനാക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. അതുകൊണ്ടൂ തന്നെ ആരാധനാക്രമം എന്നു പറയുമ്പോൾ തന്നെ കുർബാനയാണ് ഏറ്റവും ആദ്യം ഉദ്ദ്യേശിക്കുക. ഒരു സഭ ദൈവാരാരാധന അർപ്പിക്കുന്ന രീതിയാണ് ലിറ്റർജി അഥവാ ആരാധാനാക്രമം. അതുകൊണ്ടൂ തന്നെ ലിറ്റർജി=ദൈവാരാധന എന്നാണ് അർത്ഥം.
ചില സൈന്ധാന്തികമായ നിലപാടുകൾ
റോമിന്റെ എല്ലാ സഭകളെയും സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, സാർവ്വത്രിക സൂനഹദോസുകൾ, മാർപ്പാപ്പാമാരുടെ കല്പനകൾ, പ്രാദേശിക സിനഡിന്റെ തീരുമാനങ്ങൾ എന്നിങ്ങനെയുള്ള നിയമസംഹിതകളുടെയും ബൈബിളിന്റെയും, സഭാപിതാക്കന്മാർ എന്നു സഭ വിളിക്കുന്ന 9 ആം നൂറ്റാണ്ടീനു മുൻപു ജീവിച്ചിരുന്ന ഗുരുക്കന്മാരുടെ എഴുത്തുകളെയും ഒക്കെ അടിസ്ഥാനപ്പെടുത്തി മാത്രമേ സീറോ മലബാർ സഭയെ പോലെ ഉള്ള ഒരു സഭക്ക് നിലപാട് എടുക്കുവാൻ ആവൂ. ബൈബിൾ, സഭാപിതാക്കന്മാർ, ദൈവശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഈ വിഷയത്തെ സമീപിക്കാമെങ്കിലും അത് ഈ പോസ്റ്റിന്റെ പരിധിയിൽ ഉൾപ്പെടുത്തുക പ്രായോഗികമല്ല. അതുകൊണ്ടു തന്നെ 1957 മുതലുള്ള റോമൻ രേഖകളെ അടിസ്ഥാനപ്പെടുത്തിയാവും ഈ വിഷയം പരിശോധിക്കുന്നത്. അതിലേക്കായി നമ്മൾ മനസിലാക്കേണ്ട ചില സൈന്ധാന്തികമായ നിലപാടുകളാണ് ഇനി ചേർക്കുന്നത്.1. സഭയുടെ ദൈവാരാധന (liturgy) ആണ് ക്രൈസ്തവ ജീവിതത്തിന്റെ ഉടവിടവും ഉന്നതിയും. (General Directory for Catechesis No. 27)
റോമിൽ നിന്നുള്ള ഒരു ഡോക്യുമെന്റാണ്. ഇതുപ്രകാരം സഭയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് ദൈവാരാധന അല്ലെങ്കിൽ ആരാധനാക്രമ അല്ലെങ്കിൽ liturgy ആണ്. ഇത് സീറോ മലബാർ സഭയെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല, മാർപ്പാപ്പായുടെ നേതൃത്വം അംഗീകരിക്കുന്ന 24 സഭകൾക്കും ബാധകമാണ്. സഭയിൽ ലിറ്റർജി പരമ പ്രധാനമാണ് എന്നു പറയുന്ന ഏക രേഖയല്ല ഇത്. സഭയ്ക്ക് എല്ലാക്കാലത്തും ലിറ്റർജി തന്നെയായിരുന്നു പരമപ്രധാനം. സഭ ജീവിക്കുന്നതു തന്നെ ഒരു തരത്തിൽ പറഞ്ഞാൽ ലിറ്റർജിക്കുവേണ്ടി ആണ്.
2. ആരാധനാക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളെയും അതായത് റോമാ മാർപ്പാപ്പായെയും നിയമം അനുവദിക്കുന്നുവെങ്കിൽ മെത്രാനെയും ആശ്രയിച്ചിരിക്കുന്നു. വൈദീകനു പോലും സ്വാധികാരത്താൽ ആരാധാനാക്രമത്തിൽ എന്തെങ്കിലും കൂട്ടൂകയോ കുറക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതല്ല. (രണ്ടാം വത്തിക്കാൻ കൗൺസിൽ ആരാധാനാക്രമം 22-1, 22-3)
ഈ രേഖയും വത്തിക്കാനിൽ സമ്മേളീച്ച വർഷങ്ങൾ നീണ്ടൂ നിന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സഭയുടെ അടിസ്ഥാന പ്രബോധനമാണ്. ഇതിലെ ആരാധനാക്രമത്തെ സംബന്ധിച്ച കോൺസ്റ്റിറ്റ്യൂഷനിലെ വരികൾ ആണ് മുകളിൽ ഉദ്ധരിച്ചത്. സീറോ മലബാർ സഭയിൽ സിനഡ് ആണ് ലിറ്റർജി സംബന്ധമായ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിനു മുകളിൽ റോമിനു അധികാരങ്ങൾ ഉണ്ട്. റോമിലെ പൗരസ്ത്യ സഭകളുടെ കാര്യാലയമാണ് ഇതുമായി ബന്ധപ്പെട്ട അംഗീകാരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളൂം സീറോ മലബാർ സിനഡിനു നൽകുന്നത്. പ്രായോഗിക അർത്ഥത്തിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കുർബാനയിൽ ചേർക്കുവാൻ അൽമായർക്കോ വൈദീകർക്കോ മെത്രാനോ മാർപ്പാപ്പയ്ക്കു പോലുമോ കഴിയില്ല എന്നു സാരം.
3. ഐക്യവും തനിമയും: മാർപ്പാപ്പായ്ക്കു കീഴിലുള്ള 24 സഭകൾ വിശ്വാസത്തിൽ ഐക്യം പുലർത്തുന്നു എങ്കിലും അവയ്ക്ക് ആരാധനാക്രമം, ദൈവശാസ്ത്രം, സഭാഭരണം, പൈതൃകം എന്നിവയിൽ വ്യത്യാസം ഉണ്ടാവാം. ഇതോടൊപ്പം തന്നെ സാംസ്കാരികവും ചരിത്രപരവുമായ വ്യത്യാസങ്ങളും ഉണ്ടാവാം. (രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരസ്ത്യസഭകൾ 2, 3)
4. ആരാധാനാക്രമത്തിന്റെ സംരക്ഷണം നിയമാനുസൃതമായ എല്ലാ ആരാധനാക്രമങ്ങളൂം സംരക്ഷിക്കണം. ജീവാത്മകമായ വളർച്ചക്കല്ലാതെ അവയിൽ മാറ്റം വരുത്തരുത്. കാലത്തിന്റെയോ വ്യക്തിയുടേയോ സാഹചര്യങ്ങൾക്ക് അടിമപ്പെട്ട് തങ്ങൾക്ക് ചേരാത്ത രീതിയിൽ ഇവയിൽ നിന്നു വ്യതിചലിച്ചു പോയിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേക്ക് അവർ തിരിയണം (രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരസ്ത്യസഭകൾ 6)
ഈ നാലു പ്രമാണങ്ങളെ അംഗീകരിച്ചാൽ മാത്രമേ മുൻപോട്ടു വായിക്കുന്നതിൽ അർത്ഥമുള്ളൂ. വിവിധ മതത്തിൽ പെടുന്നവരും ദൈവവിശ്വാസികൾ അല്ലാത്തവരും ലിബറൽ ആശയങ്ങൾ വച്ചുപുലർത്തുന്നവരും ഉൾപ്പെടുന്ന ഒരു സെക്കുലർ സമൂഹത്തിൽ ഈ പ്രമാണങ്ങളെ അവരവരുടെ വീക്ഷണകോണിൽ കൂടെ കാണാം. എന്നാൽ സഭയുടെ ഉള്ളിൽ ഇതു സഭയെ സംബന്ധിക്കുന്ന, സഭക്ക് ഒഴിവാക്കാനാവാത്ത പ്രമാണങ്ങൾ ആണ്. ഈ ചട്ടക്കൂടിന് ഉള്ളിൽ നിന്നുകൊണ്ടൂ മാത്രമേ സഭയ്ക്ക് പ്രവർത്തിക്കാനാവൂ. ഒരു വളയമില്ലാത്ത ചാട്ടം പ്രസക്തമല്ല എന്ന് അർത്ഥം. ഈ നാലു സിന്ധാന്തങ്ങളും സീറോ മലാബാറിനെ മാത്രം ബാധിക്കുന്ന കാരമല്ല എന്നും ഓർമ്മിപ്പിക്കട്ടെ.
അല്പം ചരിത്രം
ഈശോയുടെ ശിഷ്യനായ മാർ തോമാ ശ്ലീഹായാൽ സ്ഥപിക്കപ്പെട്ടു എന്നു പരമ്പരാഗതമായി വിശ്വസിച്ചു പോരുന്ന സഭയാണ് സീറോ മലബാർ സഭ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തോമാ ഇവിടെ യൂറോപ്യൻ മിഷനറിമാർ വരുമ്പോൾ സുറീയാനിയിൽ ഉള്ള കുർബാനയാണ് ഉണ്ടായിരുന്നത്. ഇതിന് പരമ്പരാഗതമായ വിശ്വാസം അനുസരിച്ച് ഒന്നാം നൂറ്റാണ്ടുവരെ പഴക്കമുണ്ട്. പ്രാദേശിക ഭാഷയിൽ തദ്ദേശീയമായ ഒരു ആരാധനാക്രമം ഉണ്ടായിരുന്നു എന്ന് സുറിയാനീ വിരുദ്ധരായ ആൾക്കാർ വാദിക്കുന്നുണ്ടെങ്കിലും അതിന് ഊഹാപോഹങ്ങളിൽ കൂടുതലായി തെളിവുകൾ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.1499 ഇൽ വാസ്കോഡീഗാമയുടേ വരവോടുകൂടി പാശ്ചാത്യ കോളനിവത്കരണശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ സഭയെ പാശ്ചാത്യവത്കരിക്കുവാനും ആരാധനാക്രമത്തിൽ മാറ്റം വരുത്തുവാനും പാശ്ചാത്യമിഷനറിമാർ ശ്രമിച്ചു ചില മാറ്റങ്ങളോടെ ആണെങ്കിലും 1962 വരെ സുറിയാനിയിൽ കുർബാന അർപ്പിക്കപ്പെട്ടൂ.
1957 ഇൽ സീറോ മലബാർ സഭക്കു വേണ്ടീയുള്ള കുർബാനക്രമം റോമിലെ പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയം പുനരുദ്ധരിച്ച് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നു. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ ഇതിന് അംഗീകാരം നൽകുന്നു.
1962 ജൂലൈ മൂന്നിന് പുതിയ കുർബാനക്രമം മലയാളത്തിൽ നിലവിൽ വരുന്നു. ഇത് 57 ഇൽ മാർപ്പാപ്പ അംഗീകരിച്ച ടെക്സ്റ്റിന്റെ ചുവടുപിടിച്ചാണ്. ജോൺ 23 ആം മാർപ്പാപ്പായുടെ അംഗീകാരം ഇതിനു ലഭിച്ചു. അതുവരെ സുറീയാനിയിൽ ആണ് കുർബാന അർപ്പിക്കപ്പെട്ടിരുന്നത്.
ആരാധനാക്രമ വിവാദങ്ങൾ - നാൾ വഴികൾ
1968 ഇൽ രണ്ടു വർഷത്തെ താത്കാലിക അംഗീകാരത്തോടു കൂടി മറ്റൊരു കുർബാനക്രമം നിലവിൽ വരുന്നു. ഇതിനു നേതൃത്വം കൊടുത്തത് പാറേക്കാട്ടീൽ പിതാവാണ്. 62 ഇൽ നിന്നും വ്യത്യസ്ഥമായി ലത്തീൻ ചേരുവകൾ ചേർത്ത് പാശ്ചാത്യവത്കരിക്കപ്പെട്ട ഒരു ക്രമമായിരുന്നു ഇത്. റോമിൽ അവധി ആയിരുന്ന കാലത്ത് ഒരു കർദ്ദിനാളിന്റെ വ്യക്തിപരമായി സമീപിച്ച് മതിയായ പരിശോധനകളും പഠനങ്ങളൂം ഇല്ലാതെയാണ് ആണ് ഈ താത്കാലിക അംഗീകാരം നേടിയത് എന്നു ഒരു കൂട്ടർ ആരോപിക്കുന്നു.
ഇക്കാലമത്രയും അൾത്താരാഭിമുഖ (മദ്ബഹാഭിമുഖ)മായാണ് കുർബാന അർപ്പിക്കപ്പെട്ടു പോന്നത്. സീറോ മലബാറിൽ മാത്രമല്ല, ലത്തീൻ സഭയിലും. 69 ഇൽ ലത്തീൻ കുർബാനക്രമം നവീകരിച്ചപ്പോൾ ലത്തീൻ സഭയിൽ ജനാഭിമുഖമായി കുർബാന അർപ്പിക്കുവാൻ അനുവാദം നൽകി. ഇതിനെ അനുകരിച്ച് 1971 മുതൽ സീറോ മലബാർ സഭയിലും ജനാഭിമുഖമായി കുർബാന അർപ്പണങ്ങൾ ആരംഭിച്ചു. എന്നാൽ ഇതിന് യാതൊരു വിധ അംഗീകാരവും ഉണ്ടായിരുന്നില്ല.
70 മുതൽ 80 വരെയുള്ള കാലഘട്ടം ആശയക്കുഴപ്പങ്ങളൂടേതായിരുന്നു. പല കുർബാനക്രമങ്ങളൂം അംഗീകരമില്ലാതെ പരീക്ഷിക്കപ്പെട്ടു. സഭ ഔദ്യോഗികമായി തയ്യാറാക്കി അംഗീകാരത്തിനു റോമിലേക്കയച്ച കുർബാനക്രമത്തിനാകട്ടെ അംഗീകരം ലഭിച്ചതുമില്ല.
1980 ഇൽ റോമിൽ സീറോ മലബാർ മെത്രാന്മാരെ വിളിച്ചു ചേർത്ത് പൗരസ്ത്യ സഭകൾക്കുള്ള കാര്യാലയം കുർബാനയുടെ പുനരുദ്ധാരണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നു.
1981 ഇൽ സീറോ മലബാർ സഭയുടെ മെത്രാൻ സമിതിയിൽ കുർബാന ജനാഭിമുഖമായി നടത്തുന്നതിനെപ്പറ്റി ചർച്ച വന്നു. 12 മെത്രാന്മാർ ജനാഭിമുഖമായി കുർബാന നടത്തുന്നതിനെ അനുകൂലിക്കുകയും 6 പേർ വിയോജിക്കുകയും ചെയ്തു. ഇതു പരിശോധിച്ച റോമിലെ പൗരസ്ത്യ സഭകൾക്കുള്ള കാര്യാലയം ജനാഭിമുഖത്തെ എതിർത്തു.
ഇത്രയും പറഞ്ഞതിന്റെ സംഗ്രഹം ഇതാണ്. 1971 വരെ സീറോ മലബാർ സഭയിൽ ആകമാനം അൾത്താരാഭിമുഖമായി കുർബാന അർപ്പിക്കപ്പെട്ടു. 1971 നു അംഗീകാരമില്ലാതെ ജനാഭിമുഖമായി കുർബാന ചൊല്ലുവാൻ ആരംഭിച്ചു. 1981ഇൽ ജനാഭിമുഖത്തിന് അംഗീകാരം നേടുവാനുള്ള ശ്രമം റോം അംഗീകരിച്ചില്ല.
1983 ലെ റോമൻ ഡോക്യുമെന്റ് ജനാഭിമുഖ കുർബാന ലത്തീനീകരണമാണെന്നും സീറോ മലബാർ സഭയിൽ ജനാഭിമുഖമായിട്ടല്ല മദ്ബഹാഭിമുഖമായിട്ടാണ് കുർബാന അർപ്പിക്കേണ്ടതെന്നും പ്രസ്ഥാവിച്ചു.
1985 റോമൻ ഡോക്യുമെന്റ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി.
1999 ഇൽ സീറോ മലബാർ സഭാ സിനഡ് കുർബാനയിൽ ഐക്യരൂപ്യം ഉണ്ടാക്കണം എന്ന ആഗ്രഹത്തോടൂ കൂടി 50-50 എന്ന ആശയത്തിന് രൂപം കൊടുക്കുന്നു (പകുതി ജനാഭിമുഖമായും പകുതി മദ്ബഹാഭിമുഖമായും). റോമിന്റെ അംഗീകാരത്തിന് അയക്കുന്നു. റോം ഇത് അംഗീകരിക്കുന്നു. ഇതിന്റെ അപ്രൂവലിൽ ദേവാലയ മധ്യത്തിൽ വചന വേദി സ്ഥാപിച്ച് പൂർണ്ണമായും മദ്ബഹാഭിമുഖമായി കുർബാന ചൊല്ലുന്ന പരമ്പരാഗതമായ രീതി അഭിലഷണീയമാണെന്നും അങ്ങനെയുള്ള വിധത്തിൽ പരിശീലനം നൽകണം എന്നുമൊക്കെയുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു.
ഈ 50-50യും പല രൂപതകളിലും നടപ്പായില്ല. റോമിന്റെ അന്നുവരെയുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് പൂർണ്ണമായും മദ്ബഹാഭിമുഖകുർബാന ചൊല്ലിയിരുന്ന പല രൂപതകളൂം 50-50 നടപ്പിലാക്കി. എന്നാൽ ജനാഭിമുഖമായി കുർബാന അർപ്പിക്കപ്പെട്ടിരുന്ന രൂപതകൾ മിക്കവയും ജനാഭിമുഖമായി തന്നെ കുർബാന അർപ്പണം തുടർന്നു. 50-50 ഐക്യം ഉണ്ടാകുന്നില്ലെന്നു കണ്ട ചങ്ങനാശ്ശേരി രൂപത 50-50യിൽ നിന്നും പിന്മാറി പരമ്പരാഗതമായ മദ്ബഹാഭിമുഖ രീതിയിലേക്ക് മാറി.
കുർബാനയിൽ ഐക്യരൂപ്യം ഉണ്ടാവണം എന്ന ആഗ്രഹം സിനഡിൽ ഉണ്ടാവുന്നു. 2016-17 കാലഘട്ടത്തോടെ ഐക്യം ഉണ്ടാകുവാനുള്ള സാധ്യതകൾ തെളിഞ്ഞു. സിനഡിൽ ഏറെക്കുറെ ധാരണയായി.
2021ഇൽ പുതിയ കുർബാനക്രമത്തിനു സിനഡ് രൂപം കൊടുക്കുന്നു. ഇതിന് റോമിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നു. 2021ലെ സിനഡു തീരുമാനപ്രകാരം പുതിയ കുർബാനക്രമം 2021 നവംബർ അവസാനം നിലവിൽ വരും. അതോടെ ഐക്യരൂപ്യം സാധ്യമാവുമെന്നു പ്രതീക്ഷിക്കുന്നു.
പിൻമൊഴി
പൂർണ്ണ മദ്ബഹാഭിമുഖ കുർബാനയാണ് സഭയുടെ ലിറ്റർജിയുടെ ശരിയായ രീതി എന്നതാണ് എന്റെ ബോധ്യം. എങ്കിൽ പോലും ഒരു ഐക്യരൂപ്യം ഉണ്ടാവണം എന്ന ആഗ്രഹം ഉണ്ട്. ഐക്യരൂപ്യമുണ്ടാവുമെങ്കിൽ ഞാൻ 50-50യ്ക്ക് ഒപ്പമാണ്. അതിന്റെ അർത്ഥം എന്റെ ബോധ്യത്തിൽ ഞാൻ വെള്ളം ചേർത്തു എന്നല്ല. മറിച്ച് ബോധ്യത്തിനു മുകളിൽ ഐക്യത്തിനു ഞാൻ പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. മുകളിൽ പറഞ്ഞ കാര്യങ്ങളീൽ എന്റെ പക്ഷം ഉൾപ്പെടുത്താതിരിക്കുവാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അവസാനമായി എന്റെ പക്ഷം ഞാൻ പറഞ്ഞു കൊള്ളട്ടെ - റോമിന്റെ അംഗീകാരമുള്ള കുർബാനക്രമവും അതിന്റെ കർമ്മവിധികളൂം റോമിന്റെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങളൂം പാലിച്ചവരല്ല അവയെ എല്ലാം നിഷേധിച്ച് തന്നിഷ്ടപ്രകാരം പ്രവർത്തിച്ചവരാണ് ആരാധാനാക്രമസംബന്ധമായ പ്രതിസന്ധികളൂം വിവാദങ്ങളൂം സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും.