Monday, August 30, 2021

സീറോ മലബാറിലെ ആരാധനാക്രമ വിവാദം - ഒരു ഏകദേശ രൂപം

മുൻകൂർ ജാമ്യം 

ആരംഭത്തിലെ പറയട്ടെ. ഇനിക്ക് ഈ വിഷയത്തിൽ വ്യക്തിപരമായ നിലപാടുകൾ ഉണ്ട്. അതുകൊണ്ടു തന്നെ ഒരു തീവ്രപക്ഷപാതിയെന്ന പേരു"ദോഷം" ഉണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ വിഷയത്തിൽ സഭയുടെ ചട്ടക്കൂടിനകത്തുനിന്ന് എത്തിച്ചേരാവുന്ന ഒരു പക്ഷമേ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം. വിശ്വാസികളെ ഉദ്ദ്യേശിച്ചല്ല, ഒരു സെക്കുലർ സമൂഹത്തെ ഉദ്ദ്യേശിച്ചാണ് ഈ പോസ്റ്റ് ഇടുത്തതും.

ക്രൈസ്തവസഭകൾ


ക്രൈസ്തവർ വിശ്വാസം ആചാരം ദൈവശാസ്ത്രം ഇതിലൊക്കെ സാമ്യമുള്ളവരും വ്യത്യാസം ഉള്ളവരുമായി വിവിധ സമൂഹങ്ങളിലായാണ് ഇന്നു കാണുവാൻ കഴിയുക. അതിനൊപ്പം തന്നെ അന്യംനിന്നു പോയതും കായികബലവും ആയുധബലവും കൊണ്ട് കുഴിച്ചുമൂടപ്പെട്ടതുമായ വിഭാഗങ്ങളും ഉണ്ടാവാം അല്ലെങ്കിൽ ഉണ്ട്. പ്രധാനമായും ക്രൈസ്തവ സഭകളെ മൂന്നായി തിരിക്കാം.

 1. റോമാ മാർപ്പാപ്പായുടെ നേതൃത്വം അംഗീകരിക്കുന്ന കത്തോലിക്കാ സഭകൾ 

        ഇത്തരം 24 സഭകൾ ആണ് ലോകത്തിൽ ഉള്ളത്. അതിൽ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ, ഉക്രേനിയൻ, മെൽക്കൈറ്റ്, കോപ്റ്റിക്, അർമ്മേനിയൻ എന്നിങ്ങനെയുള്ള ഏതാനും ഉദാഹരണം മാത്രം. കൂടുതൽ അറിയാൻ താത്പര്യമുള്ളവർക്ക് https://en.wikipedia.org/wiki/Catholic_particular_churches_and_liturgical_rites ഇൽ പോയി മനസിലാക്കാവുന്നതാണ്.

2. ഓർത്തോഡോക്സ് സഭകൾ 

റോമാ മാർപ്പാപ്പായുടെ നേതൃത്വത്തെ അംഗീകരിക്കാത്തതും എന്നാൽ ആഗോളതലത്തിൽ തന്നെ കൃത്യമായ ഭരണസംവിധാനങ്ങൾ ഉള്ളതും ക്രിസ്തു ശിഷ്യന്മാരുടെ പിന്തുടർച്ച കത്തോലിക്കാ സഭകളെപ്പോലെ തന്നെ അവകാശപ്പെടുന്നതുമായ സഭകൾ ആണ് ഇവർ. ഇവയിൽ പലർക്കും തമ്മിൽ തമ്മിൽ ബന്ധവും ഐക്യവും ശത്രുതയും ഒക്കെ ഉണ്ട്.  ഉദാഹരണം നമ്മുടെ തന്നെ യാക്കോബായ-ഓർത്തോഡോക്സ് വിഭാഗങ്ങൾ, റഷ്യൻ ഓർത്തോഡോക്സ്-ഉക്രേനിയൻ ഓർത്തൊഡോക്സ് എന്നിവ തമ്മിൽ കടുത്ത രാഷ്ട്രീയ വിദ്വേഷം ഉണ്ട്. എന്നാൽ ചില സഭകൾ തമ്മിൽ നല്ല ബന്ധവും ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് https://en.wikipedia.org/wiki/Eastern_Orthodox_Church, https://en.wikipedia.org/wiki/Oriental_Orthodox_Churches എന്നീ കണ്ണികൾ സന്ദർശിക്കുക

3. പ്രൊട്ടസ്റ്റന്റ് സഭകൾ  

ക്രിസ്തു ശിഷ്യന്മാരുടെ പിന്തുടർച്ച അവകാശപ്പെടുന്നില്ലാത്തതും പാരമ്പര്യങ്ങളോട് പ്രതിപത്തി ഇല്ലാത്തതും കുറച്ചുകൂടെ അയഞ്ഞ ഭരണ സംവിധാനങ്ങൾ ഉള്ളതുമായ സഭകൾ ആണ് ഇവ. ഇവയിൽ ചിലവയ്ക്ക് ആഗോളതലത്തിൽ തന്നെ ഭരണസംവിധാനങ്ങൾ ഉണ്ട്, ചിലത് വളരെ പ്രാദേശികവും ആവാം.  ഉദാഹരണം പെന്തക്കോസ്ത്, ബ്രദറൻ, സി.എസ്.ഐ, യഹോവാസാക്ഷികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ.

ഈ വിഭജനം കൃത്യം എന്ന് അവകാശമൊന്നുമില്ല. എങ്കിൽ തന്നെയും ഒരു ഏകദേശ ധാരണനൽകുവാൻ പര്യാപ്തമാണ്.

ഇതിലെ കത്തോലിക്കാ വിഭാഗത്തിൽ പെടുന്ന (ഒന്നാമത്തെ വിഭാഗം) സഭയിലാണ് സീറോ മലബാർ സഭ പെടുന്നത്. ഈ പോസ്റ്റ് സീറോ മലബാറിലെ ആരാധനാക്രമത്തെപ്പറ്റിയാണ്.

ആരാധനാക്രമം

ഒരു സഭ എപ്രകാരം ദൈവാരാധന നടത്തണം എന്നതു സംബന്ധിച്ച നിഷ്കർഷകൾ ആണ് ലളിതമായി പറഞ്ഞാൽ ആരാധനാക്രമം. അതായത് ഇവിടെ ഓരോരുത്തർക്കും തോന്നിയതുപോലെ സഭയുടെ ഔദ്യോഗികമായ പൊതു ദൈവാരാധന നടത്തുവാൻ അവകാശമില്ല. അതിന് ഒരു ക്രമവും ചിട്ടയും അച്ചടക്കവും ആവശ്യമാണ്. ഏതു പ്രാർത്ഥനകൾ ഏത് ക്രമത്തിൽ, അവിടെ നടത്തേണ്ടുന്ന ആചാര അനുഷ്ടാനങ്ങൾ, ചെയ്യേണ്ടൂന്ന അംഗവിക്ഷേപങ്ങൾ, നിൽക്കണമോ ഇരിക്കണമോ എന്നൊക്കെ ഈ ആരാധനാക്രമം ആണ് നിഷ്കർഷിക്കുന്നത്. മാമോദീസായും കല്യാണവും കുമ്പസാരവും ഒക്കെ ആരാധനാക്രമത്തിന്റെ ഭാഗം ആണെങ്കിൽ തന്നെയും കുർബാന അഥവാ ബലിയർപ്പണം ആണ് ആരാധനാക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. അതുകൊണ്ടൂ തന്നെ ആരാധനാക്രമം എന്നു പറയുമ്പോൾ തന്നെ കുർബാനയാണ് ഏറ്റവും ആദ്യം ഉദ്ദ്യേശിക്കുക. ഒരു സഭ ദൈവാരാരാധന അർപ്പിക്കുന്ന രീതിയാണ് ലിറ്റർജി അഥവാ ആരാധാനാക്രമം. അതുകൊണ്ടൂ തന്നെ ലിറ്റർജി=ദൈവാരാധന എന്നാണ് അർത്ഥം.


ചില സൈന്ധാന്തികമായ നിലപാടുകൾ

റോമിന്റെ എല്ലാ സഭകളെയും സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, സാർവ്വത്രിക സൂനഹദോസുകൾ, മാർപ്പാപ്പാമാരുടെ കല്പനകൾ, പ്രാദേശിക സിനഡിന്റെ തീരുമാനങ്ങൾ എന്നിങ്ങനെയുള്ള നിയമസംഹിതകളുടെയും ബൈബിളിന്റെയും, സഭാപിതാക്കന്മാർ എന്നു സഭ വിളിക്കുന്ന 9 ആം നൂറ്റാണ്ടീനു മുൻപു ജീവിച്ചിരുന്ന ഗുരുക്കന്മാരുടെ എഴുത്തുകളെയും ഒക്കെ അടിസ്ഥാനപ്പെടുത്തി മാത്രമേ സീറോ മലബാർ സഭയെ പോലെ ഉള്ള ഒരു സഭക്ക് നിലപാട് എടുക്കുവാൻ ആവൂ. ബൈബിൾ, സഭാപിതാക്കന്മാർ, ദൈവശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഈ വിഷയത്തെ സമീപിക്കാമെങ്കിലും അത് ഈ പോസ്റ്റിന്റെ പരിധിയിൽ ഉൾപ്പെടുത്തുക പ്രായോഗികമല്ല. അതുകൊണ്ടു തന്നെ 1957 മുതലുള്ള റോമൻ രേഖകളെ അടിസ്ഥാനപ്പെടുത്തിയാവും ഈ വിഷയം പരിശോധിക്കുന്നത്. അതിലേക്കായി നമ്മൾ മനസിലാക്കേണ്ട ചില സൈന്ധാന്തികമായ നിലപാടുകളാണ് ഇനി ചേർക്കുന്നത്.


1.  സഭയുടെ ദൈവാരാധന (liturgy) ആണ് ക്രൈസ്തവ ജീവിതത്തിന്റെ ഉടവിടവും ഉന്നതിയും.  (General Directory for Catechesis No. 27)
 റോമിൽ നിന്നുള്ള ഒരു ഡോക്യുമെന്റാണ്. ഇതുപ്രകാരം സഭയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് ദൈവാരാധന അല്ലെങ്കിൽ ആരാധനാക്രമ അല്ലെങ്കിൽ liturgy  ആണ്. ഇത് സീറോ മലബാർ സഭയെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല, മാർപ്പാപ്പായുടെ നേതൃത്വം അംഗീകരിക്കുന്ന 24 സഭകൾക്കും ബാധകമാണ്. സഭയിൽ ലിറ്റർജി പരമ പ്രധാനമാണ് എന്നു പറയുന്ന ഏക രേഖയല്ല ഇത്. സഭയ്ക്ക് എല്ലാക്കാലത്തും ലിറ്റർജി തന്നെയായിരുന്നു പരമപ്രധാനം.  സഭ ജീവിക്കുന്നതു തന്നെ  ഒരു തരത്തിൽ പറഞ്ഞാൽ ലിറ്റർജിക്കുവേണ്ടി ആണ്.

2.  ആരാധനാക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളെയും അതായത് റോമാ മാർപ്പാപ്പായെയും നിയമം അനുവദിക്കുന്നുവെങ്കിൽ മെത്രാനെയും ആശ്രയിച്ചിരിക്കുന്നു. വൈദീകനു പോലും സ്വാധികാരത്താൽ ആരാധാനാക്രമത്തിൽ എന്തെങ്കിലും കൂട്ടൂകയോ കുറക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതല്ല. (രണ്ടാം വത്തിക്കാൻ കൗൺസിൽ ആരാധാനാക്രമം 22-1, 22-3)

ഈ രേഖയും വത്തിക്കാനിൽ സമ്മേളീച്ച വർഷങ്ങൾ നീണ്ടൂ നിന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സഭയുടെ അടിസ്ഥാന പ്രബോധനമാണ്. ഇതിലെ ആരാധനാക്രമത്തെ സംബന്ധിച്ച കോൺസ്റ്റിറ്റ്യൂഷനിലെ വരികൾ ആണ് മുകളിൽ ഉദ്ധരിച്ചത്.  സീറോ മലബാർ സഭയിൽ സിനഡ് ആണ് ലിറ്റർജി സംബന്ധമായ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിനു മുകളിൽ റോമിനു അധികാരങ്ങൾ ഉണ്ട്. റോമിലെ പൗരസ്ത്യ സഭകളുടെ കാര്യാലയമാണ് ഇതുമായി ബന്ധപ്പെട്ട അംഗീകാരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളൂം സീറോ മലബാർ സിനഡിനു നൽകുന്നത്. പ്രായോഗിക അർത്ഥത്തിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കുർബാനയിൽ ചേർക്കുവാൻ അൽമായർക്കോ വൈദീകർക്കോ മെത്രാനോ മാർപ്പാപ്പയ്ക്കു പോലുമോ കഴിയില്ല എന്നു സാരം.

3.  ഐക്യവും തനിമയും: മാർപ്പാപ്പായ്ക്കു കീഴിലുള്ള 24 സഭകൾ വിശ്വാസത്തിൽ ഐക്യം പുലർത്തുന്നു എങ്കിലും അവയ്ക്ക് ആരാധനാക്രമം, ദൈവശാസ്ത്രം, സഭാഭരണം, പൈതൃകം എന്നിവയിൽ വ്യത്യാസം ഉണ്ടാവാം. ഇതോടൊപ്പം തന്നെ സാംസ്കാരികവും ചരിത്രപരവുമായ വ്യത്യാസങ്ങളും ഉണ്ടാവാം. (രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരസ്ത്യസഭകൾ 2, 3)

4. ആരാധാനാക്രമത്തിന്റെ സംരക്ഷണം നിയമാനുസൃതമായ എല്ലാ ആരാധനാക്രമങ്ങളൂം സംരക്ഷിക്കണം. ജീവാത്മകമായ വളർച്ചക്കല്ലാതെ അവയിൽ മാറ്റം വരുത്തരുത്. കാലത്തിന്റെയോ വ്യക്തിയുടേയോ സാഹചര്യങ്ങൾക്ക് അടിമപ്പെട്ട് തങ്ങൾക്ക് ചേരാത്ത രീതിയിൽ ഇവയിൽ നിന്നു വ്യതിചലിച്ചു പോയിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേക്ക് അവർ തിരിയണം  (രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരസ്ത്യസഭകൾ 6)

ഈ നാലു പ്രമാണങ്ങളെ അംഗീകരിച്ചാൽ മാത്രമേ മുൻപോട്ടു വായിക്കുന്നതിൽ അർത്ഥമുള്ളൂ.  വിവിധ മതത്തിൽ പെടുന്നവരും ദൈവവിശ്വാസികൾ അല്ലാത്തവരും ലിബറൽ ആശയങ്ങൾ വച്ചുപുലർത്തുന്നവരും ഉൾപ്പെടുന്ന ഒരു സെക്കുലർ സമൂഹത്തിൽ ഈ പ്രമാണങ്ങളെ അവരവരുടെ വീക്ഷണകോണിൽ കൂടെ കാണാം. എന്നാൽ സഭയുടെ ഉള്ളിൽ ഇതു സഭയെ സംബന്ധിക്കുന്ന, സഭക്ക് ഒഴിവാക്കാനാവാത്ത പ്രമാണങ്ങൾ ആണ്.  ഈ ചട്ടക്കൂടിന് ഉള്ളിൽ നിന്നുകൊണ്ടൂ മാത്രമേ സഭയ്ക്ക് പ്രവർത്തിക്കാനാവൂ. ഒരു വളയമില്ലാത്ത ചാട്ടം പ്രസക്തമല്ല എന്ന് അർത്ഥം. ഈ നാലു സിന്ധാന്തങ്ങളും സീറോ മലാബാറിനെ മാത്രം ബാധിക്കുന്ന കാരമല്ല എന്നും ഓർമ്മിപ്പിക്കട്ടെ.

അല്പം ചരിത്രം

ഈശോയുടെ ശിഷ്യനായ മാർ തോമാ ശ്ലീഹായാൽ സ്ഥപിക്കപ്പെട്ടു എന്നു പരമ്പരാഗതമായി വിശ്വസിച്ചു പോരുന്ന സഭയാണ് സീറോ മലബാർ സഭ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തോമാ ഇവിടെ യൂറോപ്യൻ മിഷനറിമാർ വരുമ്പോൾ സുറീയാനിയിൽ ഉള്ള  കുർബാനയാണ് ഉണ്ടായിരുന്നത്. ഇതിന് പരമ്പരാഗതമായ വിശ്വാസം അനുസരിച്ച് ഒന്നാം നൂറ്റാണ്ടുവരെ പഴക്കമുണ്ട്. പ്രാദേശിക ഭാഷയിൽ തദ്ദേശീയമായ ഒരു ആരാധനാക്രമം ഉണ്ടായിരുന്നു എന്ന് സുറിയാനീ വിരുദ്ധരായ ആൾക്കാർ വാദിക്കുന്നുണ്ടെങ്കിലും അതിന് ഊഹാപോഹങ്ങളിൽ കൂടുതലായി തെളിവുകൾ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

1499 ഇൽ വാസ്കോഡീഗാമയുടേ വരവോടുകൂടി പാശ്ചാത്യ കോളനിവത്കരണശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ സഭയെ പാശ്ചാത്യവത്കരിക്കുവാനും ആരാധനാക്രമത്തിൽ മാറ്റം വരുത്തുവാനും പാശ്ചാത്യമിഷനറിമാർ ശ്രമിച്ചു  ചില മാറ്റങ്ങളോടെ ആണെങ്കിലും  1962 വരെ സുറിയാനിയിൽ കുർബാന അർപ്പിക്കപ്പെട്ടൂ.  

1957 ഇൽ സീറോ മലബാർ സഭക്കു വേണ്ടീയുള്ള കുർബാനക്രമം  റോമിലെ പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയം   പുനരുദ്ധരിച്ച് പരിഷ്കരിച്ച്  പ്രസിദ്ധീകരിക്കുന്നു. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ ഇതിന് അംഗീകാരം നൽകുന്നു.

1962 ജൂലൈ മൂന്നിന് പുതിയ കുർബാനക്രമം മലയാളത്തിൽ നിലവിൽ വരുന്നു. ഇത് 57 ഇൽ മാർപ്പാപ്പ അംഗീകരിച്ച ടെക്സ്റ്റിന്റെ ചുവടുപിടിച്ചാണ്. ജോൺ 23 ആം മാർപ്പാപ്പായുടെ അംഗീകാരം ഇതിനു ലഭിച്ചു. അതുവരെ സുറീയാനിയിൽ ആണ് കുർബാന അർപ്പിക്കപ്പെട്ടിരുന്നത്.

ആരാധനാക്രമ വിവാദങ്ങൾ - നാൾ വഴികൾ


1968 ഇൽ രണ്ടു വർഷത്തെ താത്കാലിക അംഗീകാരത്തോടു കൂടി മറ്റൊരു കുർബാനക്രമം നിലവിൽ വരുന്നു. ഇതിനു നേതൃത്വം കൊടുത്തത് പാറേക്കാട്ടീൽ പിതാവാണ്.  62 ഇൽ നിന്നും വ്യത്യസ്ഥമായി ലത്തീൻ ചേരുവകൾ ചേർത്ത് പാശ്ചാത്യവത്കരിക്കപ്പെട്ട ഒരു ക്രമമായിരുന്നു ഇത്. റോമിൽ അവധി ആയിരുന്ന കാലത്ത് ഒരു കർദ്ദിനാളിന്റെ വ്യക്തിപരമായി സമീപിച്ച് മതിയായ പരിശോധനകളും പഠനങ്ങളൂം ഇല്ലാതെയാണ് ആണ് ഈ താത്കാലിക അംഗീകാരം നേടിയത് എന്നു ഒരു കൂട്ടർ ആരോപിക്കുന്നു.

ഇക്കാലമത്രയും അൾത്താരാഭിമുഖ (മദ്ബഹാഭിമുഖ)മായാണ് കുർബാന അർപ്പിക്കപ്പെട്ടു പോന്നത്. സീറോ മലബാറിൽ മാത്രമല്ല, ലത്തീൻ സഭയിലും. 69 ഇൽ ലത്തീൻ കുർബാനക്രമം നവീകരിച്ചപ്പോൾ ലത്തീൻ സഭയിൽ ജനാഭിമുഖമായി കുർബാന അർപ്പിക്കുവാൻ അനുവാദം നൽകി.  ഇതിനെ അനുകരിച്ച് 1971 മുതൽ സീറോ മലബാർ സഭയിലും ജനാഭിമുഖമായി കുർബാന അർപ്പണങ്ങൾ ആരംഭിച്ചു.  എന്നാൽ ഇതിന് യാതൊരു വിധ അംഗീകാരവും ഉണ്ടായിരുന്നില്ല. 

70 മുതൽ 80 വരെയുള്ള കാലഘട്ടം ആശയക്കുഴപ്പങ്ങളൂടേതായിരുന്നു. പല കുർബാനക്രമങ്ങളൂം അംഗീകരമില്ലാതെ പരീക്ഷിക്കപ്പെട്ടു. സഭ ഔദ്യോഗികമായി തയ്യാറാക്കി അംഗീകാരത്തിനു റോമിലേക്കയച്ച കുർബാനക്രമത്തിനാകട്ടെ അംഗീകരം ലഭിച്ചതുമില്ല.

1980 ഇൽ റോമിൽ സീറോ മലബാർ മെത്രാന്മാരെ വിളിച്ചു ചേർത്ത് പൗരസ്ത്യ സഭകൾക്കുള്ള കാര്യാലയം കുർബാനയുടെ പുനരുദ്ധാരണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നു.

1981 ഇൽ സീറോ മലബാർ സഭയുടെ മെത്രാൻ സമിതിയിൽ കുർബാന ജനാഭിമുഖമായി നടത്തുന്നതിനെപ്പറ്റി ചർച്ച വന്നു. 12 മെത്രാന്മാർ ജനാഭിമുഖമായി കുർബാന നടത്തുന്നതിനെ അനുകൂലിക്കുകയും 6  പേർ വിയോജിക്കുകയും ചെയ്തു. ഇതു പരിശോധിച്ച റോമിലെ പൗരസ്ത്യ സഭകൾക്കുള്ള കാര്യാലയം ജനാഭിമുഖത്തെ എതിർത്തു.

ഇത്രയും പറഞ്ഞതിന്റെ സംഗ്രഹം ഇതാണ്. 1971 വരെ സീറോ മലബാർ സഭയിൽ ആകമാനം അൾത്താരാഭിമുഖമായി കുർബാന അർപ്പിക്കപ്പെട്ടു. 1971 നു അംഗീകാരമില്ലാതെ ജനാഭിമുഖമായി കുർബാന ചൊല്ലുവാൻ ആരംഭിച്ചു. 1981ഇൽ ജനാഭിമുഖത്തിന് അംഗീകാരം നേടുവാനുള്ള ശ്രമം റോം അംഗീകരിച്ചില്ല.

1983 ലെ റോമൻ ഡോക്യുമെന്റ് ജനാഭിമുഖ കുർബാന ലത്തീനീകരണമാണെന്നും സീറോ മലബാർ സഭയിൽ ജനാഭിമുഖമായിട്ടല്ല മദ്ബഹാഭിമുഖമായിട്ടാണ് കുർബാന അർപ്പിക്കേണ്ടതെന്നും പ്രസ്ഥാവിച്ചു.
1. മദ്ബഹായുടെ മദ്ധ്യത്തിൽ കിഴക്കോട്ട് തിരിഞ്ഞാണ് (ജനാഭിമുഖമായല്ല) പുരോഹിതൻ നിൽക്കുക (1983 document, page 5, No 1b)
2. പാശ്ചാത്യ വത്കരണമായ ജനാഭിമുഖ കുർബാന നടപ്പിലാക്കുവാൻ, കിഴക്കോട്ടൂ തിരിഞ്ഞ് കുർബാന അർപ്പിയ്ക്കുന്ന പരമ്പരാഗതമായ രീതി ഉപേക്ഷിയ്ക്കുവാൻ പാടില്ല (1983 document, page 17, No 53a)

1985 റോമൻ ഡോക്യുമെന്റ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. 

1. പരിശുദ്ധ സിംഹാസനത്തിന്റെ യാതൊരു വിധ അംഗീകാരവും കൂടാതെയാണ് ജനാഭിമുഖ കുർബാന തുടങ്ങിയത് (1985 document page 11 No. 40a)
2. പരമ്പരാഗതമായി നിലവിലുള്ള മദ്ബഹാഭിമുഖമായ കുർബാനയാണ് ഉചിതം. അതുതന്നെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനവും. പൗരസ്ത്യപാരമ്പര്യങ്ങൾക്ക് ഘടകവിരുദ്ധമാണ് ജനാഭിമുഖ കുർബാന (1985 document page 11 No. 40b)
3. അതുകൊണ്ട് ബലിയർപ്പണം ജനാഭിമുഖമായിരിക്കരുത് (1985 document page 11 No. 40c)
4. ജനാഭിമുഖ കുർബാന തുടങ്ങിയ ഇടവക ദേവാലങ്ങളിൽ താത്കാലികവും ഏറ്റവും ചുരുങ്ങിയതുമായ കാലയളവിൽ മാത്രം അതു സഹനീയമാണ് (tolerated). എന്നാൽ പരീക്ഷണകാലത്ത് നൽകപ്പെട്ടിട്ടുള്ള എല്ലാ അനുവാദങ്ങളൂം ആനുകൂല്യങ്ങളൂം പിൻവലിയ്ക്കപ്പെട്ടു എന്ന യാഥാർത്ഥ്യം മനസിൽ സൂക്ഷിച്ചുകൊണ്ടായിരിയ്ക്കണം ഇത്. (1985 document page 11 No. 40d) 1986 ഇൽ സീറോ മലബാർ മെത്രാൻ സംഘം തയ്യാറാക്കിയ പുതിയ കുർബാനക്രമം റോം അംഗീകരിക്കുന്നു. മാർപ്പാപ്പാതന്നെ കുർബാന ചൊല്ലി അത് ഉദ്ഘാടനം ചെയ്യുന്നു. അതിൽ പൂർണ്ണമായും മദ്ബഹാഭിമുഖമാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഈ നിർദ്ദേശം പല രൂപതകളിലും പാലിക്കപ്പെട്ടില്ല.

1999 ഇൽ സീറോ മലബാർ സഭാ സിനഡ് കുർബാനയിൽ ഐക്യരൂപ്യം ഉണ്ടാക്കണം എന്ന ആഗ്രഹത്തോടൂ കൂടി 50-50 എന്ന ആശയത്തിന് രൂപം കൊടുക്കുന്നു (പകുതി ജനാഭിമുഖമായും പകുതി മദ്ബഹാഭിമുഖമായും). റോമിന്റെ അംഗീകാരത്തിന് അയക്കുന്നു. റോം ഇത് അംഗീകരിക്കുന്നു. ഇതിന്റെ അപ്രൂവലിൽ ദേവാലയ മധ്യത്തിൽ വചന വേദി സ്ഥാപിച്ച് പൂർണ്ണമായും മദ്ബഹാഭിമുഖമായി കുർബാന ചൊല്ലുന്ന പരമ്പരാഗതമായ രീതി അഭിലഷണീയമാണെന്നും അങ്ങനെയുള്ള വിധത്തിൽ പരിശീലനം നൽകണം എന്നുമൊക്കെയുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു.

ഈ 50-50യും പല രൂപതകളിലും നടപ്പായില്ല. റോമിന്റെ അന്നുവരെയുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് പൂർണ്ണമായും മദ്ബഹാഭിമുഖകുർബാന ചൊല്ലിയിരുന്ന പല രൂപതകളൂം 50-50 നടപ്പിലാക്കി. എന്നാൽ ജനാഭിമുഖമായി കുർബാന അർപ്പിക്കപ്പെട്ടിരുന്ന രൂപതകൾ മിക്കവയും ജനാഭിമുഖമായി തന്നെ കുർബാന അർപ്പണം തുടർന്നു. 50-50 ഐക്യം ഉണ്ടാകുന്നില്ലെന്നു കണ്ട ചങ്ങനാശ്ശേരി രൂപത 50-50യിൽ നിന്നും പിന്മാറി പരമ്പരാഗതമായ മദ്ബഹാഭിമുഖ രീതിയിലേക്ക് മാറി.

കുർബാനയിൽ ഐക്യരൂപ്യം ഉണ്ടാവണം എന്ന ആഗ്രഹം സിനഡിൽ ഉണ്ടാവുന്നു. 2016-17 കാലഘട്ടത്തോടെ ഐക്യം ഉണ്ടാകുവാനുള്ള സാധ്യതകൾ തെളിഞ്ഞു. സിനഡിൽ ഏറെക്കുറെ ധാരണയായി. 

2021ഇൽ പുതിയ കുർബാനക്രമത്തിനു സിനഡ് രൂപം കൊടുക്കുന്നു. ഇതിന് റോമിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നു. 2021ലെ സിനഡു തീരുമാനപ്രകാരം പുതിയ കുർബാനക്രമം 2021 നവംബർ അവസാനം നിലവിൽ വരും. അതോടെ ഐക്യരൂപ്യം സാധ്യമാവുമെന്നു പ്രതീക്ഷിക്കുന്നു.

പിൻമൊഴി

പൂർണ്ണ മദ്ബഹാഭിമുഖ കുർബാനയാണ് സഭയുടെ ലിറ്റർജിയുടെ ശരിയായ രീതി എന്നതാണ് എന്റെ ബോധ്യം. എങ്കിൽ പോലും ഒരു ഐക്യരൂപ്യം ഉണ്ടാവണം എന്ന ആഗ്രഹം ഉണ്ട്.  ഐക്യരൂപ്യമുണ്ടാവുമെങ്കിൽ ഞാൻ 50-50യ്ക്ക് ഒപ്പമാണ്. അതിന്റെ അർത്ഥം എന്റെ ബോധ്യത്തിൽ ഞാൻ വെള്ളം ചേർത്തു എന്നല്ല. മറിച്ച് ബോധ്യത്തിനു മുകളിൽ ഐക്യത്തിനു ഞാൻ പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. മുകളിൽ പറഞ്ഞ കാര്യങ്ങളീൽ എന്റെ പക്ഷം ഉൾപ്പെടുത്താതിരിക്കുവാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അവസാനമായി എന്റെ പക്ഷം ഞാൻ പറഞ്ഞു കൊള്ളട്ടെ - റോമിന്റെ അംഗീകാരമുള്ള കുർബാനക്രമവും അതിന്റെ കർമ്മവിധികളൂം റോമിന്റെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങളൂം പാലിച്ചവരല്ല അവയെ എല്ലാം നിഷേധിച്ച് തന്നിഷ്ടപ്രകാരം പ്രവർത്തിച്ചവരാണ് ആരാധാനാക്രമസംബന്ധമായ പ്രതിസന്ധികളൂം വിവാദങ്ങളൂം സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും.

Friday, October 16, 2020

ഒരു വായ്ത്താരി

മറക്കാതിരിയ്ക്കുവാൻ കുത്തിക്കുറിയ്കുന്നു

ഫോർവ്വേഡിനൊന്നും ക്രെഡിറ്റുമില്ല

എന്നാണ് ആദ്യം എഴുതിയിരുന്നത്.  പിന്നീട് ഉള്ള അന്വേഷണങ്ങളിൽ ഫോർവ്വേഡിൽ കാണുന്നത് മീനാക്ഷി രവീന്ദ്രൻ എന്ന നടിയും അവതാരികയുമായ യുവതിയാണെന്നും  ഉടൻ പണം 3.0 എന്ന മഴവിൽ മനോരമയിലെ പരിപാടിയുടെ കഷണമാണ് ഫോർവേഡായി കളിയുന്നതെന്നും മനസിലായത്. കലാഭവൻ മണി പാടിയ (ഹോട്ട് സുലൈമാനി) ഒരു പാട്ടായിട്ടാണ് ഇപ്പോൾ മനസിലാക്കുന്നത്. എഴുതിയത് ആരെന്നു അറിയില്ല.

കേട്ടിട്ടു രസമുണ്ട് അതുകൊണ്ട് ഇതിന്റെ വരികൾ കിട്ടുമോ എന്നു ഇന്റർനെറ്റിൽ തിരക്കി. ഒന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ തന്നെ ഇവിടെ ചേർക്കുന്നു.

തങ്കം മണക്കില്ല തവളയ്ക്ക് തവളയ്ക്ക് പല്ലില്ല തെക്കേലേ മൂസയ്ക്ക് രണ്ടു പല്ല്

ഉറയ്കിക്ക് തട്ടില്ല, ഉപ്പു മുളയ്ക്കില്ല ഉലകിലെ മായങ്ങൾക്കറ്റമില്ല

ഉത്രടത്തിൽ വന്ന പ്രത്രളം കാരണം ഇല്ലൊല്ലം പെരുന്നാളു വൈകിവന്നേ

ഉണ്ണിയ്ക്കു പമ്പരം ചോദ്യത്തിനുത്തരം ഇത്തായ്ക്കു നല്ലൊരു പാദസരം

സാമ്പ്രാണി ചേർത്താലും പാലിൽ നനച്ചാലും മുള്ളതെക്കത്ത കുറയുകില്ല (??!!)

കണ്ടത്തിൽ കിടക്കണ മുണ്ടത്തി പരലിനു മൂക്കത്തു മുന്നാഴി നെയ്യ് കണ്ടേ

പാലിനു കയ്പ്പില്ല പഴഞ്ചൊല്ലിൽ പതിരില്ല പച്ചോലപ്പാമ്പിന്നു പത്തിയില്ല

കുതിരയ്ക്കു കൊമ്പില്ല മുതിരയ്ക്കു മധുരല്ല   കൊക്കു കാണാത്ത  കുളങ്ങളില്ല

ചക്കിയ്ക്കു ചക്കര ചക്കിനു കൊപ്പറ കുട്ടൻ കലത്തിനു കൂനൻ ചെമ്മീൻ

വിദ്വാനും .... വിദ്യയ്ക്കളവില്ല വീണയിൽ മീട്ടാത്ത രാഗമില്ല 

 ഉപ്പു ചേരാത്ത കഷായമില്ല

തെങ്ങു ചതിയ്ക്കില്ല 


പ്ലാവിനു മുള്ളില്ല പാലയ്ക്കുറപ്പില്ല പച്ചമീൻ തിന്നാത്ത പൂച്ചയില്ല

മുകിലില്ലേൽ മഴയില്ല പൂക്കാത്ത കായ്യ്ക്ക്  മരങ്ങളില്ല

കസ്തൂരിമഞ്ഞൾ കറിയ്ക്കുവേണ്ട 

ചെറു മുതലയ്ക്കു നീന്താൽ പഠിപ്പുവേണ്ട

തോക്കിനടപ്പില്ല തെങ്ങു ചതിയ്ക്കില്ല തീയിൽ കുരുത്തതു വാടുകില്ല 

മുല്ലയ്ക്കു തേനില്ല മുരിക്കിന്നു പഴമില്ല  മുറ്റത്തെ ചെപ്പിനടപ്പുമില്ല

ഞായറു തന്നതും തിങ്കളു തന്നതും ഞാവൽപ്പൂവൊന്നിന്റെ  സ്വർണ്ണ നിറം

കൊല്ലത്തെ തെയ്യാട്ടം കണ്ണൂരു തിറയാട്ടം വടക്കേലേ പാത്തൂനു മയിൽക്കണ്ണാട്ടം

കല്ലായി കായലിൽ കർക്കിടകം വന്നാൽ 

മകരത്തിൽ മഴയില്ല മഞ്ഞിനു ചൂടീല്ല 

മലയാളിപ്പെണ്ണോളം നല്ലതില്ല

വെള്ളിയ്ക്കും വെള്ളയ്ക്കും മോരഴക് എണ്ണക്കറുമ്പിയ്ക്ക് നൂറഴക്

സുറുമകളെന്തിനു മൈലാഞ്ചിയെന്തിന് പൊന്നിൻ കുടത്തിനു പൊട്ടെന്തിന്


Tuesday, October 02, 2018

ധ്യാനശ്ലോക വിവാദം - രാഹുൽ ഈശ്വർ vs സന്ദീപാനന്ദ ഗിരി

സന്ദീപാനന്ദഗിരി ശബരിമലയിലെ ധ്യാനശ്ലോകം എന്ന പേരിൽ അവതരിപ്പിച്ച ശ്ലോകം കള്ളമാണെന്നും അവിടുത്തെ ധ്യാനശ്ലോകം മറ്റൊന്നാണെന്നും രാഹുൽ ഈശ്വർ പറയുകയുണ്ടായി. അതു തെറ്റാണെന്നു തെളിയിച്ചാൽ താൻ സന്ദീപാനന്ദഗിരിയുടെ ശിഷ്യത്വം സ്വീകരിച്ചുകൊള്ളാം മറിച്ചാണെങ്കിൽ സ്വാമി കാഷായവസ്ത്രം ഉപേക്ഷിയ്ക്കാമോ എന്നു വെല്ലുവിളിയ്ക്കുകയും ചെയ്തു. കൗതുകത്തിനു ഞാൻ ഗൂഗിളിൽ ഈ വിഷയം തിരഞ്ഞപ്പോൾ സന്ദീപാനന്ദിഗി പറയുന്നതാണു ശരി എന്നാണ് എനിയ്ക്കു മനസിലായത്.

ഈ വിഷയത്തിൽ ആധികാരികമായി പറയുവാനുള്ള വിവരം എനിയ്ക്കില്ല - സംസ്കൃതവും അറിയില്ല,  ഹൈന്ദവ-വൈദീകപാരമ്പര്യവും , താന്ത്രിക പാരമ്പര്യവും ഒന്നും അറിയില്ല. ഒരു സാധാരണക്കാരൻ തപ്പിയെടുത്ത വിവരങ്ങൾ എന്നു മാത്രം കരുതിയാൽ മതി.

രാഹുൽ ഈശ്വറിന്റെ യൂട്യൂബ് ചാനലിൽ ഇതു കമന്റായി ചേർത്തെങ്കിലും അതു ഇപ്പോൾ അവിടെ കാണുന്നില്ല.

നീക്കം ചെയ്യപ്പെടുന്നതിനു മുമ്പ് യൂട്യൂബ് കമന്റുകൾ


നീക്കം ചെയ്യപ്പെട്ടതിനു ശേഷം യൂട്യൂബ് കമന്റുകൾ



ഇതിലെ വിവരങ്ങൾ ഫെയിസ്ബുക്കിലും ജന്മഭൂമിയുടെ സൈറ്റിലും മറ്റും ഉള്ള വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ജന്മഭൂമി പറയുന്നത്
കലിയുഗവരദന്റെ മഹിമകളിലൂടെ - 9 തന്ത്രശാസ്ത്രത്തില്‍ ഓരോദേവതയ്ക്കും മൂല(അടിസ്ഥാന) മന്ത്രം കല്‍പ്പിച്ചിരിക്കുന്നു. മനനാത് ത്രായതേ ഇതി മന്ത്രഃ മനനം ചെയ്യുന്നവരെ (യുക്തിപൂര്‍വ്വകമായ നിരന്തരധ്യാനമനുഷ്ഠിക്കുന്നവരെ) ത്രാണനംചെയ്യുന്നതാണ് (സംരക്ഷിക്കുന്നതാണ്) മന്ത്രം. മന്ത്രത്തിന്റെ ഉച്ചാരണത്തിലൂടെ സംസാരബന്ധനത്തില്‍ നിന്നും രക്ഷ ലഭിക്കുന്നു. 'ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ'എന്നാണു ശാസ്താവിന്റെ മൂലമന്ത്രം. മംഗളാചരണമാണ് ഓംകാരം. ഓങ്കാരം ബ്രഹ്മത്തെ കുറിക്കുന്നു. സംഭവിച്ചിട്ടുളളതും സംഭവിക്കാനിരിക്കുന്നതുമെല്ലാം ഓങ്കാരം തന്നെ.ഓരോദേവതക്കും ബീജാക്ഷരം വിധിക്കപ്പെട്ടിട്ടുണ്ട്. ഘ്രൂം എന്നത് ശാസ്താവിന്റെ ബീജാക്ഷരമാണ്. മന്ത്രങ്ങള്‍ക്കു ശക്തി പകരുന്നവയാണ് ബീജാക്ഷരങ്ങള്‍. ബീജ മന്ത്രത്താല്‍ ഏതു ദേവതയെ ഉപാസിക്കുന്നുവോ ആ ദേവതയുടെ സ്വഭാവവിശേഷങ്ങളും ശക്തിയും ബീജമന്ത്രാക്ഷരത്തിനും ഉണ്ടാകും. 'പരഃ'ശബ്ദത്തിനു ശ്രേഷ്ഠന്‍( ഈശ്വരന്‍, പരമാത്മാവ്) എന്നും'ഗോപ്താ'ശബ്ദത്തിനു രക്ഷകന്‍ എന്നും'നമഃ'ശബ്ദത്തിനു നമസ്‌ക്കാരം എന്നും അര്‍ത്ഥം. 'നമഃ പരായഗോപ്‌ത്രേ'എന്നാല്‍ ശ്രേഷ്ഠനായരക്ഷകന് (ശാസ്താവിന്) നമസ്‌ക്കാരം എന്നര്‍ത്ഥം. ഭഗവാന്റെ സ്വരൂപം മനസ്സില്‍ ഉറപ്പിക്കുവാനുള്ളതാണ് ധ്യാനശ്ലോകം. മൂലമന്ത്രത്തിന്റെ ധ്യാനശ്ലോകം ഇതാണ് സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക- സ്ഫായല്‍ പാര്‍ശ്വയുഗംസുരക്തസകലാകല്പം സ്മരേദാര്യകം മിനുത്തു ചുരുണ്ടതും അഴിഞ്ഞുകിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോടുകൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടും കൂടിയവനും,ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ(ശ്രേഷ്ഠനെ ശാസ്താവിനെ) ഞാന്‍ സ്മരിക്കുന്നു. ധ്യാനശ്ലോകം ചൊല്ലുന്നതിലൂടെ മനസ്സു ഭഗവാനില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഭക്തന്റെ മനസ്സില്‍ ശ്ലോകത്തില്‍വര്‍ണ്ണിച്ച വിധത്തിലുള്ള ശാസ്താവിന്റെ രൂപം തെളിയുന്നു. അയ്യപ്പസ്വാമിയില്‍ മനസ്സുറപ്പിച്ച് ഭക്തര്‍ചെയ്യുന്ന ശരണംവിളിയും മൂലമന്ത്രജപം പോലെതന്നെ കരുതപ്പെടുന്നു. ഭഗവാനില്‍ മനസ്സുറപ്പിച്ച്‌ ചെയ്യുന്ന മന്ത്രജപം നിഷ്ഫലമാവുകയില്ല. (തുടരും)
https://www.janmabhumidaily.com/news244772
(ഇതൊക്കെ അവിടെ ഉണ്ടാവുമോ നീക്കം ചെയ്യപ്പെടുമോ എന്നറിയില്ല)



രാഹുൽ ഈശ്വർ ധ്യാനശ്ലോകമായി അവതരിപ്പിയ്ക്കുന്ന ശ്ലോകം ഇതാണ്.
"ധ്യായോ ചാരുജടാനിബദ്ധമകുടം
ദിവ്യാംബരം ജ്ഞാനമു -
ദ്രോദ്ദ്യദ്ദക്ഷരം പ്രസന്നവദനം
ജാനു സ്ഥഹസ്തേതരം
മേഘ ശ്യാമളകോമളം സുരനുതം
ശ്രീയോഗ പട്ടാഞ്ചിതം
വിജ്ഞാനപ്രദമപ്രമേയ സുഷമം
ശ്രീ ഭൂതനാഥം വിഭും " 

ഇതിനെ ധ്യാനശ്ലോകമായി പറയുന്നതു ഗൂഗിളിൽ അന്വേഷിച്ചപ്പോൾ കണ്ടില്ല.

 ഹിന്ദുവേഓഫ് ലൈഫ് എന്ന ഒരു ബ്ലോഗിൽ ശബരിമല ശാസ്താവിന്റെ ധ്യാനശ്ലോകങ്ങൾ ശേഖരിച്ചിട്ടൂണ്ട്.
http://hinduwayoflife2016.blogspot.com/2017/11/blog-post_58.html
അതിലും രാഹുൽ ഈശ്വർ പറയുന്ന ധ്യായോ ചാരുജടാനിബദ്ധമകുടം എന്നു തുടങ്ങുന്ന ശ്ലോകം ഇല്ല.



അവിടെ ചേർത്തിരിയ്ക്കുന്ന ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു.  ഇങ്ങനെ ചേർക്കുന്നത് നീക്കം ചെയ്യപ്പെടുവാനുള്ള സാധ്യത കണക്കിലെടുത്തു മാത്രമാണ്.

പ്രഭാസത്യകസമേതശാസ്താവ്
ശ്ലോകം
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാകല്പം സ്മരേദാര്യകം

പൂര്‍ണ്ണാപുഷ്‌ക്കലാസമേതഗജാരൂഢശാസ്താവ്
ശ്ലോകം
ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ

വിദ്യാപ്രദ മഹാശാസ്താവ്
ശ്ലോകം
ശാന്തം ശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം
ചന്ദ്രാര്‍ക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം
വീണാം പുസ്തകമക്ഷസൂത്രവലയം വ്യാഖ്യാനമുദ്രാംകരൈര്‍
ബിഭ്രാണം കലയേസദാ ഹൃദിമഹാശാസ്താരമാദ്യം വിഭും

ശ്ലോകം
തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷുകാര്‍മുകലസ-
•ന്മാണിക്യപാത്രാഭയം
ബിഭ്രാണംകരപങ്കജൈര്‍മദഗജ-
സ്‌കന്ധാധിരൂഢംവിഭും
ശാസ്താരംശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം

ശത്രുമര്‍ദ്ദകശാസ്താവ്
ശ്ലോകം
കല്‍ഹാരോജ്ജ്വല നീലകുന്തളഭരം
കാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷം
കാന്തേന്ദു ബിംബാനനം
ശ്രീദണ്ഡാങ്കുശപാശശൂലവിലസത്
പാണിംമദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദിമഹാ-
ശാസ്താരമാദ്യം ഭജേ

ഇഷ്ടവരദായകശാസ്താവ്
ശ്ലോകം
ആശ്യാമകോമളവിശാലതനും വിചിത്ര
വാസോവസാന മരുണോത്പലദാമഹസ്തം
ഉത്തുംഗരത്‌നമകുടംകുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ

ഭൂതനായകശാസ്താവ്
ശ്ലോകം
ഘനച്ഛവീകളേബരം കനല്‍കിരീടമണ്ഡിതം
വിധോഃ കലാധരംവിഭുംവിഭൂതിമണ്ഡിതാംഗകം
അനേക കോടിദൈത്യഗോത്രഗര്‍വവൃന്ദനാശനം
നമാമി ഭൂതനായകംമുരാന്തകം പുരാന്തകം

ശബരിഗിരീശ്വരന്‍
ശ്ലോകം
അഖിലഭുവനദീപം ഭക്തചിത്താബ്ജസൂനം
സുരഗണപരിസേവ്യംതത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശംതാരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം

ശ്ലോകം
ധ്യായേദാനന്ദകന്ദം പരമഗുരുവരം ജ്ഞാനദീക്ഷാകടാക്ഷം ചിന്മുദ്രംസത്സമാധിംസുകൃതിജനമനോ
മന്ദിരംസുന്ദരാംഗം ശാന്തം ചന്ദ്രാവതംസം
ശബരിഗിരിവരോ ത്തുംഗ പീഠേ നിഷണ്ണം
ചിന്താരത്‌നാഭിരാമം ശ്രുതിവിനുതപദാം

ശ്ലോകം
ശ്രീമാതാ പരമാത്മനോ ഭഗവതസ്സമ്മോഹിനീ മോഹിനീ
കൈലാസാദ്രിനികേതനോളസ്യ ജനകഃ ശ്രീവിശ്വനാഥ പ്രഭുഃ
ഉത്തുംഗേശബരീഗിരൗ പരിലസന്നീലാംബരാഢംബരഃ
അയ്യപ്പശ്ശരണാഗതാന്‍ നിജ ജനാന്‍ രക്ഷന്മുദാശോഭതേ



ശ്ലോകം
ശബരിപര്‍വ്വതവാസ ദയാനിധേ
സകലനായകസല്‍ഗുണവാരിധേ
സപദി മാം പരിപാഹിസതാംപതേ
വിദധതേഹ്യയിതേസുമതേനുതിം

ഹരിഹരപുത്രന്‍
ശ്ലോകം
ത്രിഗുണിതമണിപദ്മംവജ്രമാണിക്യദണ്ഡം
സിതസുമശരപാശംഇക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്‌മൈര്‍
ഹരിഹരസുതമീഢേ ചക്രമന്ത്രാത്മമൂര്‍ത്തിം