Monday, June 29, 2009

50-50: 50% പോസ്റ്റ്, 50% കമന്റ്

("എ.കെ. ആന്റണി-അഭിനവ തുക്ലക്-രണ്ട്." എന്ന ഉറുമ്പിന്റെ പോസ്റ്റിലെ എന്റെ കമന്റുകള്‍ ചേര്‍ത്ത് പോസ്റ്റാക്കിയത്.)

ഫിഫ്ടിയിലെ ഫ്രീസീറ്റുകള്‍ പാവപ്പെട്ടവര്‍ക്കു പഠിയ്ക്കാനാണ്‌ എന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
ഫിഫ്ടി ഫിഫ്ടി അനുപാതത്തില്‍ സീറ്റുവിഭജനം സാധ്യമായാല്‍ ഫീസിളവുള്ള അന്പതു ശതമാനത്തില്‍ പാവപ്പെട്ടവര്‍ പഠിയ്ക്കുമെന്നും കൂടിയ ഫീസുള്ള അന്പതു ശതമാനത്തില്‍ സമ്പന്നര്‍പഠിയ്ക്കുമെന്നും എന്താണുറപ്പ്. ഒരുറപ്പുമില്ല. എന്നു തന്നെയല്ല വിശകലനങ്ങള്‍ കാണിയ്ക്കുന്നതു അങ്ങനെയല്ലെന്നാണ്‌. മെറിറ്റി സീറ്റില്‍ വരുന്ന 80% അധികവും സമ്പന്നരാണ്‌, ബഹുഭൂരിപക്ഷവും നഗരങ്ങളില്‍ നിന്നു വരുന്നവരാണ്‌, ഉയര്‍ന്ന ഫീസുകൊടുത്ത് കോച്ചിംഗിനു പോയിട്ടൂള്ളവരാണ്‌.

Please try to read the following links.
http://njjoju.blogspot.com/2008/04/5050-by.html


അവസരവാദപരമായ ഇടതുമുന്നണിയുടെ നയങ്ങള്‍

കാശുമുടക്കില്ലാതെ കയ്യടി നേടുവാനുള്ള കൌശലങ്ങളാണ്‌ ഇടതുമുന്നണി വിദ്യാഭ്യാസരംഗത്ത് കാട്ടിക്കൂട്ടിയത്. കോടികള്‍ മുടക്കി സ്വകാരവ്യക്തികളോ സമൂഹങ്ങളോ കോളേജു തുടങ്ങണം, കാശുമുടക്കി ജീവനക്കാരെ നിയമിയ്ക്കണം, വൈദ്യുതിയ്ക്ക് ഉയര്‍ന്ന റേറ്റില്‍ പണമടയ്ക്കണം. എന്നിട്ട് കുട്ടികളെ ഫ്രീയായി പഠിപ്പിയ്ക്കുകയും വേണം. എന്തൊരു മനോഹരമായ ആശയം. എന്തൊരു സാമൂഹിക പ്രതിബദ്ധത.

ഫിഫ്ടി ഫിഫ്ടി. എന്തു സാമൂഹിക പ്രതിബദ്ധതയാണ്‌ അതിനുള്ളത്. ഒരാളുടെ പണം കൊന്ട് മറ്റെയാളെ പഠിപ്പിയ്ക്കുക. അവരുടെ സാമ്പത്തിക നിലവാരം പോലും പരിഗണിയ്ക്കാതെ. അതുകൊന്ടൂ തന്നെയാണ്‌ കോടതി അതിനെ എതിര്‍ത്തതും. ഒരു സാമൂഹിക നീതിയും അതിലില്ല. ഉണ്ടെന്നു സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ആടിനെ പട്ടിയാക്കുന്ന കമ്യൂണിശ്റ്റു പാര്‍ട്ടിയുടെ സ്ഥിരം പരിപാടി മാത്രമാണ്‌.

തുടക്കത്തില്‍ സ്വകാര്യസ്വാശ്രയത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. പലരുടെയും എതിര്‍പ്പു വകവയ്ക്കാതെയാണ്‌ നയനാരും പി.ജെ ജോസഫും സ്വകാര്യസ്വാശ്രയമെന്ന ആശയവുമായി മുന്‍പോട്ടുപോയത്. അതിനു ശേഷം വന്ന ആന്റണി സര്‍ക്കാരാണ്‌ സ്വാശ്രയം നടപ്പിലാക്കിയത്.
http://njjoju.blogspot.com/2009/02/blog-post.html

കെ.ടി തോമസ് കമ്മീഷന്‍ ഫീസുപോലും അംഗീകരിയ്ക്കാതെ ഫിഫ്ടി ഫിഫ്ടിയും അംഗീകരിയ്ക്കാതെയായിരുന്നു ഇടതുപക്ഷത്തിന്റെ വ്യവസ്ഥകള്‍. നയനാരുടെ കാലത്ത് ഗവര്‍മെന്റ് സ്വാശ്രയ കോളേജുകളില്‍ നിന്ന് വാങ്ങിയിരുന്ന ഫീസെങ്കിലും വാങ്ങാനനുവദിയ്ക്കണമെന്ന മാനേജുമെന്റുകളുടെ വാദം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

അന്നു വെല്ലൂര്‍ മെഡിക്കല്‍ കോളേജിനെ ചൂണ്ടിക്കാട്ടി അങ്ങനെ നടത്തിക്കൂടേ എന്നഭിപ്രായപ്പെട്ട സുധാകരന്‍ പരിയാരത്തിന്റെ കാര്യം വന്നപ്പോള്‍ അഭിപ്രായം മാറ്റേണ്ടി വന്നു. ശ്രീമതിറ്റീച്ചറാകട്ടെ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഉയര്‍ത്തണമെന്നു വാദിച്ചു. കുറഞ്ഞ ഫീസിനു വേണ്ടി വാദിച്ച ശ്രീമതിയും സുധാകരനും തങ്ങളുടെ കീഴിലുള്ള കേളേജുകളില്‍ ഫീസുയര്‍ത്താന്‍ വേണ്ടീ വാദിച്ചു എന്നത് വൈരുധ്യാത്മക അവസരവാദമായിരിയ്ക്കും.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.


ക്രിസ്ത്യന്‍ സ്വാശ്രയകേളേജുകളിലെ പ്രവേശനവും സ്കോളര്‍ഷിപ്പുകളും

കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ എന്‍ട്രന്സ് പരീക്ഷയുടെ ലിസ്റ്റില്‍ നിന്നാണ്‌ പ്രവേശനം നടക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് കാലത്തും അങ്ങിനെ തന്നെയായിരുന്നു. പക്ഷേ 50% ല്‍ ഫീസിളവ് അനുവദിച്ചിരുന്നില്ല എന്നു മാത്രം.

കത്തോലിയ്ക്കാ സഭയുടെ സ്വാശ്രയ പ്രവേശന രീതികള്‍ സുതാര്യമാണ്‌. ഫീസ് ഘടന വ്യക്തമാണ്‌. സംശയമുള്ളവര്‍ ഈ ലിങ്കുകള്‍ പരിശോധിയ്ക്കുക. പ്രവേശന രീതികളും ഫീസും മനസിലാക്കുക. രാഷ്ട്രീയലാഭത്തിനു വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കാതിരിയ്ക്കുക.

http://www.cengineeringkerala.org/index.asp
http://www.kcpcmf.org/


അമല, ജൂബിലി, പുഷ്പഗിരി, കോലന്ചേരി എന്നീ കേരളാ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജു മാനേജുമെന്റ് ഫെഡറേഷന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ 10% വരെ, ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുണ്ട്. കേരള കത്തോലിയ്ക്കാ എന്‍ജിനീയറിംഗ് കോളേജു മാനേജുമെന്റിന്റെ കീഴിലുള്ള 10 കേളേജുകളില്‍ ഒരു കോളേജില്‍ പരമാവധി 10 എന്ന കണക്കില്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസിളവുണ്ട്.


ഇന്റര്‍ചര്‍ച്ച് കൌണ്‍സിലും കത്തോലിയ്ക്കാ സഭയും മുന്‍പോട്ടു വയ്ക്കുന്ന ആശയങ്ങള്‍ മനസിലാക്കുന്നത് നന്നായിരിയ്ക്കും.

1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്, വിദ്യാര്‍ത്ഥീ പ്രവേശനത്തിനും.

2. ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമന്യേ എല്ലാ സ്വാശ്രയസ്ഥാപനങ്ങളിലും ന്യായമായ ഫീസ് ഈടാക്കുവാന്‍ മാനേജുമെന്റിന്‍ അവകാശമുന്ട്.

3. ഫിഫ്ടി ഫിഫ്ടി എന്നത് സാമൂഹിക നീതിയ്ക്കു നിരക്കുന്നതല്ല, പ്രായോഗികവുമല്ല. പ്രത്യേകിച്ച് ന്യൂനപക്ഷ സ്ഥാനപങ്ങളുടെ കാര്യത്തില്‍. മെറിറ്റ് സീറ്റില്‍ വരുന്നവരെ പഠിപ്പിയ്ക്കേണ്ട ബാധ്യത കോളേജിന്റെ നിര്‍മ്മാണത്തിനായി പണം മുടക്കിയ സമുദായത്തില്‍ അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല.

4. മാനേജുമെന്റുകള്‍ സ്കോളര്‍ഷിപ്പു നല്‍കുന്നുന്ട്. അധിക ബാധ്യത മാനേജുമ്നെറ്റുകളില്‍ അടിച്ചേല്‍പിയ്ക്കാന്‍ പാടില്ല. സര്‍ക്കാര്‍ വിദ്യാര്‍ത്തികളെ സാമ്പത്തികമായി സഹായിയ്ക്കുവാന്‍ നികുതി പിരിയ്ക്കുന്ന സര്‍ക്കാരിനു കടമയുണ്ട്. കാലക്രമേണ കൂടുതല്‍ സഹായം ചെയ്യുവാന്‍ മാനേജുമെന്റുകള്ക്ക് കഴിയും.

5. ഭരണഘടനയെയും കോടതിവിധികളെയും സര്‍ക്കാര്‍ മാനിയ്ക്കണം. ഇവയെ മാനിച്ചുകൊന്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണ്‌. ചര്‍ച്ചയ്ക്കുവേണ്ടി ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. ജനാധിപത്യ മര്യാദകള്‍ പാലിയ്ക്കാതെയുള്ള ചര്‍ച്ചകള്ക്ക് ഒരുക്കമല്ല.

No comments: