Showing posts with label ആക്ഷേപഹാസ്യം. Show all posts
Showing posts with label ആക്ഷേപഹാസ്യം. Show all posts

Monday, December 10, 2007

നയം

രാവുണ്യട്ടന്റെ കടയിലെ പറ്റ്, പിള്ളാരുടെ പഠിപ്പ്, അച്ചമ്മയുടെ മരുന്ന് തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങള്‍ തലക്കുചുറ്റും ഭ്രമണം നടത്തിതുടങ്ങിയപ്പോഴാണ് ഒരു പശുവളര്‍ത്തലിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. നാട്ടില്‍ കിട്ടുന്ന അല്ലറചില്ലറ പണികള്‍ ഒന്നിനും മതിയാകില്ലായിരുന്നു. രാവിലെ നാലു ലിറ്ററും വൈകുന്നേരം രണ്ടു ലിറ്ററും കിട്ടുന്ന ഒരെണ്ണത്തിനെ കണ്ടുവയ്ക്കുകയും ചെയ്തു. ബാങ്കുകാര് ലോണ്‍ തരാമെന്നും സമ്മതിച്ചു.

അപ്പോഴാണ് നാട്ടില്‍ ചില ബുദ്ധിജീവികള്‍ ഞാന്‍ മൂട്ട ഈച്ച ലോബികളുടെ ആളാണെന്നും കൊതുകു മാഫിയയുടെ പിന്തുണ എനിക്കുണ്ടെന്നും പറഞ്ഞു പരത്തിയത്. സത്യത്തില്‍ അന്നാണ് അങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടെന്നുതന്നെ ഞാനറിയുന്നത്.

ജീവിതത്തിനെക്കാള്‍ അഭിമാനത്തിനു വില കല്‍പ്പിച്ചിരുന്ന ഞാന്‍ അതോടെ ആ പദ്ധതി ഉപേക്ഷിച്ച് മുണ്ടു മുറുക്കിയുടുക്കാന്‍ ശീലിച്ചു.

Wednesday, November 21, 2007

കണ്ണൂതുറന്ന നീതിദേവത

ഇത്രയും നാള്‍ കണ്ണുകെട്ടിയിരുന്ന നീതി ദേവത അതൊന്ന് അഴിച്ചാലെന്താണെന്നു ആലോചിച്ചു. ഒന്നു പരീക്ഷീയ്ക്കുകതന്നെ.

ഒന്നാം പ്രതി ഒരു സ്ഥിരം കള്ളനായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഒരു പണച്ചാക്കിന്റെ വീട്ടില്‍ നിന്നും രാത്രി അലമാര കുത്തിത്തുറന്ന് സ്വര്‍ണ്ണപ്പണ്ടങ്ങള്‍ മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. എത്ര തങ്കപ്പെട്ട കള്ളന്‍. കള്ളനാണെങ്കിലും അവര്‍ സത്യം സമ്മതിച്ചുവല്ലോ. സത്യസന്ധന്‍. ദേവതയ്ക്ക് അവനോട് ബഹുമാനം തോന്നി.

ആട്ടെ എന്തിനാണ് നീ മോഷ്ടിച്ചത്? ദേവത ചോദിച്ചു.
വീട്ടിലെ ദയനീയ സ്ഥിതി അവര്‍ സത്യസന്ധമായി അവതരിപ്പിച്ചു.
തനിയ്ക്ക് സ്ഥിരമായി ഒരു വരുമാനമില്ലെന്നും അവനുണര്‍ത്തിച്ചു.

കഷ്ടം! നീതി ദേവതയ്ക്ക് അവനോട് അനുകമ്പ തോന്നി. സര്‍ക്കര്‍ സര്‍വ്വീസില്‍ അവന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ഒരു ജോലി കൊടുക്കാന്‍ ദേവത വിധിച്ചു.

രണ്ടാം പ്രതി ഒരു വിദ്യാര്‍ത്ഥിയായിരുന്നു.
പരീക്ഷയില്‍ കോപ്പിയടിച്ചതാണ് കുറ്റം.
പരീക്ഷയുടെ തലേന്ന് കരണ്ടു പോയിരുന്നത്ര. അതിനാല്‍ പഠിയ്ക്കാന്‍ പറ്റിയില്ല പോലും.
അവനെയും ദേവത കുറ്റവിമുക്തനാക്കി.

.......ബാക്കി നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിച്ചു കൊള്ളുക

Tuesday, March 13, 2007

ആരോപണം

“എഡേയ്, ഞാനിന്ന് രണ്ടര രൂപാ ലാഭിച്ചു”
“എങ്ങനെ?”
“നമ്മുടെ K.S.R.T.C ബസ്സില്, ടിക്കറ്റെടുത്തോ എന്നു കണ്ടക്ടര്‍ ചോദിച്ചപ്പോള്‍ മുന്നിലെടുത്തോളുമെന്നു പറഞ്ഞ് ഞാനൂരി.”
“ഹോ...വലിയകാര്യമായിപ്പോയി...ഇന്നലെ ഞാന്‍ അഞ്ചുരൂപയാ വെട്ടിച്ചത്.”
“ടിക്കറ്റിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്...നീ ഇന്നലെ പത്രം വായിച്ചോ? K.S.R.T.C കോടികളുടെ നഷ്ടത്തിലാണെന്ന്!!”
“കഷ്ടം, ഇവന്മാരെല്ലാരും കൂടെ നാടു മുടിക്കും”