കവിതകള്‍ ചിലര്‍ക്ക് ചൊല്ലാനുള്ളതാണ്, ചിലര്‍ക്ക് വായിക്കാനുള്ളതാണ്, ചിലര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാനാണ്, ചിലര്‍ക്ക് അനുഭവിക്കാനുള്ളതാണ്, ചിലര്‍ക്ക് ഉദ്ധരിക്കാനുള്ളതാണ്.
ഏതു രീതിയില്‍ ആസ്വദിക്കുന്നു എന്നതിനനുസരിച്ച് ആസ്വാദനത്തിന്റെ മണ്ഡലവും മാറിവരുന്നു.
“ഒരു പരലുരുളന്‍ പരലുരുളയിലിട്ടുരുട്ടിയാല്‍ ഉരുള്‍ ഉരുളുമോ പരലുരുളുമോ?” വാമോഴിയായി കൈമാറിവന്ന ഒരു ശകലം. പ്രാസഭംഗിയുണ്ട്. അതുകൊണ്ടൂ തന്നെ ചൊല്ലാനും ഒരു സുഖമുണ്ട്, കേള്‍ക്കാനുമുണ്ട് സുഖം. പക്ഷേ ഇതില്‍ കവിതയുണ്ടോ എന്നു ചോദിച്ചാല്‍....?
നമുക്ക് മയൂരസന്ദേശത്തിലേക്കു പോകാം.
“ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര്
ദിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും
കഷ്ടപ്പെട്ട പുരുഷനൊരു നാലഞ്ചുകൊല്ലം കഴിച്ചാന്‍
ദിഷ്ടക്കേടാല്‍ വരുവതതു പരിഹാരമില്ലാത്തതല്ലോ”
മന്ദാക്രാന്തായാണു വൃത്തം. ദിതിയാക്ഷര പ്രാസവുമുണ്ട്.(കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ദ്വൈതിയാക്ഷരപ്രാസത്തിന്റെ വ്യക്താവായിരുന്നല്ലോ). ഇതിന്റെ അര്‍ഥം ഇപ്രകാരമാണ്. പ്രാണസഹിയെ പിരിഞ്ഞതുകൊണ്ടും രാജാവിന്റെ ഇഷ്ടക്കേടിനു പാത്രമായതുകൊണ്ടുള്ള മാനക്കേടുകൊണ്ടും കഷ്ടപ്പെട്ട പുരുഷന്‍ നാലഞ്ചുകൊല്ലം കഴിച്ചുകൂട്ടി. കാലദോഷം കൊണ്ടു വരുന്നതിന് പരിഹാരമില്ലല്ലോ. ഇതിലെന്താണ് കവിത എന്നു ചോദിച്ചാല്‍ ? ആവോ എനിക്കറിഞ്ഞുകൂടാ. എങ്കിലും മയൂരസന്ദേശം മലയാള സാഹിത്യ ചരിത്രത്തിലെ ഒരു പ്രമുഖകൃതിയായി നിലകൊള്ളുന്നു.
സംസ്കൃതവൃത്തങ്ങളിലാണ് ആദ്യകാല മലയാള കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടൂള്ളത് എന്നു തോന്നുന്നു. പിന്നെയത് കാകളി, കേക തുടങ്ങിയ ദ്രാവിഡവൃത്തങ്ങളിലൂടെയാണ് വളരുന്നത്. ചങ്ങമ്പുഴയുടെ കാലമൊക്കെ വന്നപ്പോഴേക്കും വൃത്തത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നും കവിത ഏറെക്കുറെ സ്വതന്ത്രമാവുകയും ഭാവത്തിനും ഒരു ഏകദേശ താളത്തിനും പ്രാധാന്യം കൈവരുകയും ചെയ്തു.
(വൃത്തഭംഗങ്ങള്‍ അനുവദനീയമായി എന്നു ചുരുക്കം). പീന്നീടാണ് ഗദ്യകവിതകളുടെ വരവ്. കവിതയുടെ ആശയത്തിനും ഭാവത്തിനും മാത്രമായീ പ്രാധാന്യം.
“ബൂലോകത്തിലെ മിക്കവരും എഴുതുന്നത് ഗദ്യകവിതകളാണ്. എഴുതാനുള്ള സൌകര്യം ആണ്‍ ഒരു പ്രധാനകാരണം. കാരണം നമ്മളില്‍ പലര്‍ക്കും വൃത്തങ്ങളെ പറ്റിയോ കവിതാരചനാസങ്കേതങ്ങളെ പറ്റിയോ അത്ര വലിയ പരിജ്ഞാനമില്ല എന്നത് പരമാര്‍ത്ഥം ” (ഉമ്പാച്ചിയുടെ “ആദ്യപകലി“ന് ദൃശ്യന്റെ കമന്റ്.) കവിത ഗദ്യമാണെങ്കിലും പദ്യമാണെങ്കിലും സൌകര്യം ഒരേപോലെയാണെന്നാണ് എന്റെ ചിന്താഗതി. പദ്യത്തിലെഴുതുന്നവര്‍ക്ക് അതായിരിക്കും സൌകര്യം, ഗദ്യത്തിലെഴുതുന്നവര്‍ക്ക് അതും. കഴിവില്ലാത്തവര്‍ക്ക് എത്രശ്രമിച്ചാലും ഗദ്യത്തിലാണെങ്കിലും പദ്യത്തിലാണെങ്കിലും കവിതയെഴുതാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല, പദ്യമോ ഗദ്യമോ ഉണ്ടായേക്കാം.
ചിഹ്നങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആശയക്കുഴപ്പം ഉണ്ടാകുന്നുവെങ്കില്‍ ചിഹ്നങ്ങള്‍ ആവശ്യമാണ്. അല്ലാത്തപക്ഷം ഒഴിവാക്കിയാലും തെറ്റില്ല. ആശയം വ്യക്തമാകണം എന്നു മാത്രം. ചിഹ്നങ്ങള്‍ ശരിയായി ഉപയോഗിച്ചാലും ആശയം വ്യക്തമാകാത്ത അവസരങ്ങളുമുണ്ട്. ഒരു വ്യാകരണവിദഗ്ദന്‍ (ആരാണെന്നോര്‍ക്കുന്നില്ല, ക്ഷമിക്കുക) അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു.
“നീ എന്നോട് അതു പറയരുതായിരുന്നു” എന്ന വാചകം നാല് അര്‍ത്ഥത്തില്‍ പറയാം എന്ന്.
1. നീ എന്നോട് അതു പറയരുതായിരുന്നു.
(മറ്റാരു പറഞ്ഞാലും ഞാന്‍ സഹിക്കുമായിരുന്നു.)
2. നീ എന്നോട് അതു പറയരുതായിരുന്നു.
(മറ്റാരോടു പറഞ്ഞാലും എന്നോട് അതു പറയരുതായിരുന്നു.)
3 നീ എന്നോട് അതു പറയരുതായിരുന്നു.
(വേറെ എന്തു പറഞ്ഞാലും കുഴപ്പമില്ലായിരുന്നു)
4.നീ എന്നോട് അതു പറയരുതായിരുന്നു.
(പറഞ്ഞതാണു കുഴപ്പം, എഴുതിക്കാണിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു)
പൊതുവെ കവിതകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എഡിറ്റര്‍മാരായിരിക്കണം വേണ്ടരീതിയില്‍ ചിഹ്നനം നടത്തുക. ബ്ലോഗില്‍ അങ്ങനെയൊരു എഡിറ്റിങ് ഇല്ലല്ലോ. ചിഹ്നങ്ങള്‍ ഉപയോഗിക്കാമെങ്കില്‍ ഉപയോഗിക്കുക. പക്ഷേ കവിതയെന്നാല്‍ ചിഹ്നങ്ങളല്ല എന്നോര്‍ക്കുക. വാശിപിടിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല.
ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു.”പേരുള്ള ഒരെഴുത്തുകാരന്‍ എന്തു ചവറെഴുതിയാലും പ്രസിദ്ധീകരിക്കാന്‍ ആളുണ്ടാവും“ എന്ന്. പേരില്ലാത്ത ഒരാള്‍ എത്ര നന്നായി എഴുതിയാലും പ്രസിദ്ധീകരിക്കണമെന്നില്ല. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ കവിതകളല്ല എന്നു പറയുന്നവരുണ്ട്. ജി. ശങ്കരക്കുറുപ്പും ഉള്ളൂരും ഒക്കെ വിമര്‍ശനത്തിനു വിധേയരായിട്ടുണ്ട്. ഓരോ കവിക്കും അവരവരുടേതായ ശൈലിയുണ്ട്. അത് ആസ്വദിക്കുനവര്‍ ആസ്വദിക്കട്ടെ, അല്ലാത്തവര്‍ വായിക്കാതിരിക്കുക.
വ്യാകരണം വേണം എന്നതു ശരിതന്നെ. പക്ഷേ ശുദ്ധമലയാളത്തെക്കാള്‍ മനോഹരമല്ലോ പലപ്പോഴും നാടന്‍ സ്ലാങ്ങുകള്‍. പലതിലും വ്യാകരണം തെറ്റായിരിക്കും. തിരുവനന്തപുരം ഭാഗത്ത് “വെള്ളങ്ങള്” എന്നല്ലേ പറയാറ്. എന്തിന് മോഹന്‍ലാല്‍ പറയുന്നതു നോക്കൂ. “പോ മോനേ ദിനേശാ”. ശരിയായ ഗ്രാമറില്‍ പറഞ്ഞാല്‍ “മോനേ, ദിനേശാ നീ പോകൂ” എന്നു പറയണം. ഏതിനാണ് സൌന്ദര്യം?. “ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍”. എത്രപേര്‍ പറഞ്ഞുകൊണ്ടു നടന്ന വാചകമാണ്. അത് സഖാവേ, തീപ്പെട്ടിയെടുക്കാന്‍ ഒരു ബീഡിയുണ്ടോ എന്നൊ മറ്റോ ചോദിച്ചാല്‍ ഒരു സുഖക്കുറവ് ഇല്ലേ?
കവിതയില്‍ കര്‍ക്കശനിയമങ്ങള്‍ ആവശ്യമില്ല. അവരവരുടേതായ ശൈലി ഓരോരുത്തരും രൂപപ്പെടുത്തട്ടെ. പദ്യത്തില്‍ എഴുതുന്നവര്‍ പദ്യത്തിലെഴുതട്ടെ. ഗദ്യത്തില്‍ എഴുതുന്നവര്‍ അങ്ങനെ ചെയ്യട്ടെ. വൃത്തത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യട്ടെ. ദ്വിതിയാക്ഷരപ്രാസവും അനുപ്രാസവും ഒക്കെ പ്രയോഗിക്കുവാന്‍ കഴിവുള്ളവര്‍ പ്രയോഗിക്കട്ടെ. വൃത്തവും പ്രാസവുമുണ്ടെങ്കില്‍ കവിതയായീ എന്നു കരുതരുത്. ക്രിയാത്മകമായ ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിവുള്ളവര്‍ ഉപദേശിക്കുക. സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ എഴുതുന്നവര്‍ സ്വീകരിക്കുക. അല്ലത്തവ ഒഴിവാക്കുക. കവിത ആസ്വദിക്കാന്‍ കഴിയുന്നവര്‍ ആസ്വദിക്കട്ടെ. കവിത ആസ്വദിക്കുന്നവര്‍ക്കു വേണ്ടിയാണ്, വിമര്‍ശിക്കുന്നവര്‍ക്കു വേണ്ടിയല്ല. വിമര്‍ശനങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് പുതിയ കാവ്യപ്രസ്ഥാനങ്ങളും ശൈലികലളും രൂപപ്പെട്ടിട്ടുള്ളത്, രൂപപ്പെടുന്നത്.