Wednesday, November 28, 2007

ഹോമിയോപ്പതിയും അവോഗാഡ്രോ നമ്പറും

ഹോമിയോപ്പതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. എന്റെ സംശയങ്ങളും അതേപോലെതന്നെ. ബൂലോഗത്തിലെ ചര്‍ച്ചകളിലെല്ലാം ഞാന്‍ അറിഞ്ഞിടത്തോളം കാര്യങ്ങള്‍ പറഞ്ഞ് ഹോമിയോപ്പതിയെ പിന്‍താങ്ങിയിരുന്നു. ഇന്നലെ കിരണ്‍ തോമസ് ഒരു യൂട്യൂബ് വീഡിയോ അയച്ചു തന്നിരുന്നു. അതിലെ പ്രധാന ആരോപണങ്ങള്‍ ഹോമിയോപ്പതിയുടെ ഫലസിദ്ധി വെറും പ്ലാസിബോ ഇഫക്ട് ആണെന്നും ഹോമിയോപ്പതിയിലെ പദാര്‍ത്ഥത്തിന്റെ ഡൈലൂക്ഷന്‍ അവോഗാഡ്രോ നമ്പറിനും അപ്പുറത്തായതിനാല്‍ ശാസ്ത്രീയമായി ഹോമിയോപ്പതി അസംബന്ധമാണെന്നുമായിരുന്നു.

രസതന്ത്രത്തിലോ ഭൌതീകശാസ്ത്രത്തിലോ എനിയ്ക്ക് ബിരുദമില്ല. ആകെയുള്ളത് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേക്ഷനിലെ ഒരു ബി.ടെക് ഡിഗ്രി. തീര്‍ച്ചയായും ഞാന്‍ പ്രീഡിഗ്രി വരെ പഠിച്ച് രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എനിയ്ക്ക് വിധിയെഴുതാം ഹോമിയോപ്പതി അസംബധമാണെന്ന്. ഡൈലൂഷന്‍ അവോഗാഡ്രോ നമ്പറിലും കൂടിയാല്‍ സൊലൂക്ഷനില്‍ പദാര്‍ത്ഥത്തിന്റെ ഒരു തന്മാത്രപോലും ഉണ്ടാവുകയില്ല എന്നും, ഇല്ലാത്ത പദാര്‍ത്ഥം ഉപയോഗിച്ച് രോഗം മാറിയാല്‍ അത് പദാര്‍ത്ഥത്തിന്റെ കഴിവല്ലെന്നും എനിയ്ക്കറിയാം. അഥവാ എനിയ്ക്ക് അത്രയേ അറിയൂ.

ഇന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു തുണ്ട് വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോക്ഷമേയുള്ളൂ.

U.K ആസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ജേര്‍ണ്ണലായ ലാന്‍‌സെറ്റ് ആണ് August 27, 2005 ഇല്‍ ഹോമിയോപ്പതിയ്ക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിനെ പ്രധാനപ്പെട്ട ആരോപണം പദാര്‍ത്ഥത്തിന്റെ നേര്‍പ്പിയ്ക്കല്‍ അവോഗാഡ്രോ നമ്പറിലും കൂടൂന്നു എന്നുള്ളതായിരുന്നു.

Dr. Rustum Roy, Ph.D(distinguished material scientist from Penn State University) പറയുന്നു:-
“ജലത്തിന്റെ സ്വഭാവത്തിന് മാറ്റം വരണമെങ്കില്‍ അതില്‍ അന്യപദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിയ്ക്കക തന്നെ വേണമെന്നത് 19-ആം നൂറ്റാണ്ടിലെ പഴഞ്ചന്‍ തത്വമാണ്. അവോഗാഡ്രോ ലിമിറ്റ് എന്നത് ഹൈസ്കൂള്‍ നിലവാ‍രത്തിലുള്ള ഒരു വാദം മാത്രമാണ്. ഒരു മെറ്റീരിയല്‍ സയന്റിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇത്തരം വാദങ്ങള്‍ അര്‍ത്ഥശൂന്യങ്ങളാണ്. structure-property ബന്ധമാണ് എല്ലാറ്റിനും അടിസ്ഥാനം എന്നതാണ് materials-science ലെ അടിസ്ഥാന തത്വം. അതുകൊണ്ട് ജലത്തിന്റെ structureഉം അതുവഴി സ്വഭാവവും മാറ്റുവാന്‍ മറ്റനേകം രീതിയില്‍ കഴിയും.”

BARCയുടെ മെഡിക്കല്‍ അനലൈസര്‍
ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍ മുംബൈ മെഡിക്കല്‍ അനലൈസര്‍ എന്ന നൂതന ഉപകരണം രൂപകല്പനചെയ്തിട്ടൂണ്ട്(2004 ഇല്‍). ഇതുപയോഗിച്ച് ഹോമിയോപ്പതി മരുന്നുകള്‍ ശരീരത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളും രേഖപ്പെടൂത്തുവാന്‍ കഴിയുമത്രെ. J D Jindal ആയിരുന്നു ഇതിന്റെ ഡിപ്പാര്‍ട്ടുമെന്റ് കൊ-ഓര്‍ഡിനേറ്റര്‍.
അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍:-““Encouraged by the study on various parameters, the department took keen interest to look for significant changes in the autonomic response of the human body with homoeopathic medicines in higher dilution. We observed that significant changes occur in variability spectrum after the administration of the homeopathic medicines. Also the changes observed are different for different medicines.”

Central Council of Research in Homoeopathy ഒരു വര്‍ഷക്കാലത്തോളം മെഡിക്കല്‍ അനലൈസര്‍ ഉപയോഗിയ്ക്കുകയും BARC കണ്ടെത്തലുകളെ ശരിവയ്ക്കുകയും ചെയ്തിട്ടൂണ്ട്.

മറ്റൊരു പരീക്ഷണം
പശ്ചിമബംഗാളിലെ വിശ്വഭാരതിയൂണിവേര്‍സിറ്റിയില്‍ നടത്തില ഒരു പരീക്ഷണം ശ്രദ്ധിയ്ക്കൂ. 30C മുതല്‍ 1006C വരെ നേര്‍പ്പിച്ച ലായിനിയിലൂടെ അവര്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ കടത്തിവിട്ടു. എന്നിട്ട് കിട്ടുന്ന സ്പേക്ട്രത്തിന്റെ ഫൊറിയര്‍ ട്രാന്‍സ്ഫോം അവര്‍ പഠനത്തിന് വിധേയമാക്കി.(ഫൊറിയര്‍ ട്രാന്‍ഫോം സ്പെക്ടങ്ങളെ പഠിയ്ക്കുന്നതിനുള്ള ഗണിതശാസ്ത്രപരമായ ഒരു രീതിയാണ്.) അവര്‍ കണ്ടെത്തിയതെന്തെന്നാല്‍ ഈ ഫൊറിയര്‍ ട്രാന്‍സ് ഫോമുകള്‍ ലായകമായി ഉപയോഗിച്ച (ആല്‍ക്കഹോള്‍)വസ്തുവിന്റേതില്‍ നിന്നും വിഭിന്നമാണ് എന്നതാണ്.തന്നെയുമല്ല വിവിധ വീര്യത്തിലുള്ള ഒരേ മരുന്നുകള്‍ നല്‍കിയ സ്പേക്ട്രവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു.

30C എന്നു പറയുമ്പോള്‍ തന്നെ ലായനിയില്‍ മരുന്ന് ഉണ്ടാവണമെന്നു തന്നെയില്ല, അവോഗാ‍ഡ്രോ നമ്പറിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍. എന്നിട്ടും ലായനിയുടെ സ്വഭാവം മാറിയിരിയ്ക്കുന്നു. അതിനു കാരണമായി പറയുന്നത് ഹൈഡ്രജന്‍ ബോണ്ടിന്റെ ശക്തിയില്‍ വ്യത്യാസമുണ്ടായിരുന്നൂ എന്നുള്ളതാണ്.

Absence of Evidence is not Evidence of Absence. ക്വാണ്ടം ഫിസിക്സിസോ മെറ്റീരിയല്‍ സയന്‍സോ അതുപോലെയുള്ള ആധുനിക ശാസ്ത്രശാഖയോ ഹോമിയോപ്പതിയുടെ സുഖപ്പെടുത്തലിനെ പൂര്‍ണ്ണമായി വിശദീകരിച്ചേയ്ക്കാം.
അതിനു മുന്‍പേ നമ്മുടെ പരിമിതമായ അറിവു വച്ചുകൊണ്ട് നമ്മള്‍ എന്തിനു വിധിയെഴുതണം.

Wednesday, November 21, 2007

കണ്ണൂതുറന്ന നീതിദേവത

ഇത്രയും നാള്‍ കണ്ണുകെട്ടിയിരുന്ന നീതി ദേവത അതൊന്ന് അഴിച്ചാലെന്താണെന്നു ആലോചിച്ചു. ഒന്നു പരീക്ഷീയ്ക്കുകതന്നെ.

ഒന്നാം പ്രതി ഒരു സ്ഥിരം കള്ളനായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഒരു പണച്ചാക്കിന്റെ വീട്ടില്‍ നിന്നും രാത്രി അലമാര കുത്തിത്തുറന്ന് സ്വര്‍ണ്ണപ്പണ്ടങ്ങള്‍ മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. എത്ര തങ്കപ്പെട്ട കള്ളന്‍. കള്ളനാണെങ്കിലും അവര്‍ സത്യം സമ്മതിച്ചുവല്ലോ. സത്യസന്ധന്‍. ദേവതയ്ക്ക് അവനോട് ബഹുമാനം തോന്നി.

ആട്ടെ എന്തിനാണ് നീ മോഷ്ടിച്ചത്? ദേവത ചോദിച്ചു.
വീട്ടിലെ ദയനീയ സ്ഥിതി അവര്‍ സത്യസന്ധമായി അവതരിപ്പിച്ചു.
തനിയ്ക്ക് സ്ഥിരമായി ഒരു വരുമാനമില്ലെന്നും അവനുണര്‍ത്തിച്ചു.

കഷ്ടം! നീതി ദേവതയ്ക്ക് അവനോട് അനുകമ്പ തോന്നി. സര്‍ക്കര്‍ സര്‍വ്വീസില്‍ അവന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ഒരു ജോലി കൊടുക്കാന്‍ ദേവത വിധിച്ചു.

രണ്ടാം പ്രതി ഒരു വിദ്യാര്‍ത്ഥിയായിരുന്നു.
പരീക്ഷയില്‍ കോപ്പിയടിച്ചതാണ് കുറ്റം.
പരീക്ഷയുടെ തലേന്ന് കരണ്ടു പോയിരുന്നത്ര. അതിനാല്‍ പഠിയ്ക്കാന്‍ പറ്റിയില്ല പോലും.
അവനെയും ദേവത കുറ്റവിമുക്തനാക്കി.

.......ബാക്കി നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിച്ചു കൊള്ളുക

Tuesday, November 20, 2007

വെളിച്ചെണ്ണയും അച്യുതാനന്ദനും

വെളിച്ചെണ്ണയാണോ പാമോയിലാ‍ണോ ആരോഗ്യത്തിന് നല്ലത് എന്നകാര്യത്തിലെ തര്‍ക്കം പരിഹരിയ്കാനുള്ള വിവരം തല്‍ക്കാലം എനിയ്ക്കില്ല. രുചിയുടെ കാര്യത്തില്‍ വെളിച്ചെണ്ണയെ ആരും തോല്പിയ്ക്കാന്‍ വളര്‍ന്നിട്ടില്ലാ എന്ന ചിന്ത എന്റെ ഇഷ്ടങ്ങളുടെ ഭാഗമാവാം. എന്തുകൊണ്ടും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വര്‍ദ്ധിയ്ക്കുണമെന്നു തന്നെയാണ് ഒരു കേരകര്‍ഷക കുടുംബാംഗമായ എന്റെ വ്യക്തിപരമായ ആഗ്രഹം.

പ്രശ്നം അതല്ല. പാമോയില്‍ ഇറക്കുമതി തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേചെയ്ത ജഡ്ജിയെ അച്ച്യുതാനന്ദന്‍ അതിരൂക്ഷമാ‍യി വലിച്ചുനീട്ടിത്തന്നെ വിമര്‍ശിച്ചിരിയ്ക്കുന്നു.

തന്റെ മുന്നില്‍ വന്ന വസ്തുതകളെ പരിഗണിച്ച് ഭരണഘടനയ്ക്കനുസൃതമായി ഒരു തീര്‍പ്പുണ്ടാക്കുകയാണ് ജഡ്ജി ചെയ്യുന്നത്. അദ്ദേഹത്തെ വിമര്‍ശിച്ചത് ശരിയാണെന്ന് എനിയ്ക്കു തോന്നുന്നില്ല. അതേ സമയം പാമോയില്‍ ഇറക്കുമതി ചെയ്യുണോ വേണ്ടയോ എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ തീരുമാനമാണെന്നുള്ളതിലും തര്‍ക്കമില്ല.

എന്റെ സംശയം ഇതില്‍ സാധാരണക്കാരനു ഗുണം ഏതാണ്?

കേരളീയന്റെ നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയ്ക്ക് മാസങ്ങള്‍ക്കുമുന്‍പ് എണ്‍പതു രൂപയ്ക്ക അടുത്തായിരുന്നു വില. അത് നാല്പത്തി അഞ്ചോളമായി കുറഞ്ഞു. തേങ്ങയുടെ വില ഏഴുരൂപയില്‍ നിന്നും നാലുരൂപയുമായി.

ഇതുതന്നെയല്ലേ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നല്ലത്?
ഇതിനെ വിമര്‍ശിയ്ക്കുന്ന അച്യുതാനന്ദന്‍ ആരുടെ പക്ഷമാണ് പിടിയ്ക്കുന്നത്?
സാധാരണക്കാരന്‍ പത്തുരൂപമുടക്കി തേങ്ങയും നൂറുരൂപമുടക്കി വെളിച്ചെണ്ണയും വാങ്ങണനെന്നാണോ അദ്ദേഹം ആഗ്രഹിയ്ക്കുന്നത്?
(ഇത് ഇന്നലെ അദ്ദേഹത്തിന്റെ പ്രസംഗം ടി.വി യില്‍ കേട്ടപ്പോള്‍ തോന്നിയ സംശയം മാത്രം.)

Monday, November 19, 2007

ഇതും കേരളം

“അവരെന്നെ എത്രെവേണമെങ്കിലും തല്ലിക്കോട്ടെ. പക്ഷേ പട്ടിക്കുകൊടുത്ത ഇറച്ചിയുടെ ബാക്കി തീറ്റിച്ചതെന്തിനാ”- കിങ്ങിണി. കിങ്ങിണി എന്ന ബാലികയെ പട്ടിയുടെ എച്ചില്‍ തീറ്റിച്ചത് മധ്യതിരുവിതാംകൂറിലെ ഒരു വീട്ടമ്മയാണത്രെ.

ബാലവേല ചെയ്യുവാന്‍ നിര്‍ബന്ധിയ്ക്കപ്പെടുന്ന സാഹചര്യമുണ്ടാവാം കിങ്ങിണിയെ പോലുള്ളവര്‍ക്ക്. നിങ്ങള്‍ അവരെ സഹായിക്കണമെന്നോ അവര്‍ക്ക് വിദ്യാഭാസം നല്‍കണമെന്നോ ആരും ആവശ്യപ്പെടുന്നില്ല അവര്‍ അത് അര്‍ഹിക്കുന്നെങ്കിലും. പക്ഷേ അവരോട് അല്പം മാന്യമായി പെരുമാറിക്കൂടെ?

ഇരകളാകുന്നു ഈ ബാല്യങ്ങള്‍-മാതൃഭൂമിയിലെ ലേഖനം

Monday, November 12, 2007

ഞാനും ലിനക്സിലേയ്ക്ക്...

ഞാന്‍ ഒരിക്കലും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ക്ക് എതിരായിരുന്നില്ല. അതേ സമയം സ്വതത്രസോഫ്റ്റ്വെയറുകളോട് ബഹുമാനമുണ്ടായിരുന്നു താനും. രണ്ടും രണ്ടൂതരം ആശയങ്ങളും രണ്ടു തരം ബിസിനസും എന്ന ചിന്താഗതിയാണ് എനിക്കിപ്പോഴും ഉള്ളത്. രണ്ടിനും അതതിന്റേതായ ഗുണങ്ങളും ദോഷങ്ങളും അതതിന്റേതായ സൌകര്യങ്ങളും.

കോളേജില്‍ ലിനക്സായിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ലിനക്സ് എന്നെ സംബന്ധിച്ചിടത്തോളം അത്രകണ്ട് അപരിചിതമായ ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ പലരെയും പോലെ ഞാനും വിന്‍‌ഡോസിന്റെ വഴിയിലായിരുന്നു. എന്തുകൊണ്ട് ഞാന്‍ വിന്‍ഡോസ് ഉപേക്ഷിക്കുന്നു എന്നത് മറ്റൊരു പോസ്റ്റാക്കാം എന്നു വിചാരിയ്ക്കുന്നു.

പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യനാണ് ചന്ദ്രശേഖരന്‍ നായര്‍. പത്താം ക്ലാസ് മാത്രം ഔദ്യോഗികവിദ്യാഭ്യാസമുള്ള ഈ കര്‍ക്ഷകനെ ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്നജോലികളുമുള്ള പലര്‍ക്കും മാതൃകയാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് പലപ്പോഴും വിയോജിപ്പുകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ പഠിയ്ക്കുവാനുള്ള മനസിനെ എനിയ്ക്ക് മാനിയ്ക്കാതിരിയ്ക്കാനാവില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തിലുള്ള ബഹുഭൂരിപക്ഷം മലയാളികളും വിമുഖതയോടെ മാത്രം കാണുന്ന കമ്പ്യൂട്ടറിന്റെ സാധ്യതകളെ അത്രകണ്ട് അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്, ഒരുപക്ഷേ എന്റെ കാലഘട്ടത്തിലുള്ളവരെക്കാള്‍. ലിനക്സിലേയ്ക്കുള്ള എന്റെ കൂടുമാറ്റത്തിന് അദ്ദേഹമായിരുന്നു എന്റെ പ്രജോദനം. ബെറിലിന്റെ വിഷ്വന്‍ ഇഫ്ക്ടുകള്‍ എന്നെ ആകര്‍ക്ഷിയ്ക്കുകയും ചെയ്തു.

ലിക്സിലേയ്ക്ക് മാറണം എന്നു ഞാന്‍ ആഗ്രഹിച്ച സമയത്താണ് മുംബൈയില്‍ നിന്നുള്ള എന്റെ സുഹൃത്ത് പ്രകാശ് എനിയ്ക്ക് ഒരു ഉബുണ്ടു സി.ഡി തന്നത്. അന്നുതന്നെ ഞാന്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്ടുകളും മറ്റും ക്രമീകരിയ്ക്കാന്‍ ആരംഭിയ്ക്കുകയും ചെയ്തു. ഇന്നലെയാണ് എന്റെ ഉദ്യമങ്ങള്‍ ഏകദേശം പൂര്‍ത്തിയായത്. ഞാന്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളും എപ്രകാരം തരണം ചെയ്തൂ എന്നതും പോസ്റ്റാക്കണം എന്നു വിചാരിയ്ക്കുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ. ഈ സംരംഭത്തില്‍ എന്നെ സഹായിച്ച ഏവൂരാനും, സുറുമയ്ക്കും smc-discuss ലെ അനിവറിനും ശ്യാമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Saturday, November 10, 2007

ഉബുണ്ടു ഫോണ്ട് സഹായാം



ബൂലോഗത്തിലെ പുലികളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

ഞാന്‍ ഉബുണ്ടു 7.04 ആണു ഉപയോഗിക്കുന്നത്.ബ്രൌസര്‍ ഫയര്‍ഫോക്സ്.ഇതില് മലയാളം ഫോണ്ട് ശരിയായി വരുന്നില്ല.
ഞാന് അന്‍ജലി ഓള്ഡ് ലിപി ഇന്സ്ടാള് ചെയ്തിട്ടുണ്ട്.

:~$fc-list|grep Anjali
AnjaliOldLipi:style=Regular

സ്വനലേഖയും മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്തു. വായിക്കാന്‍ പറ്റുന്നതിലും നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. എന്നാലും ചില്ലറ പ്രശശ്നങ്ങള്‍ ഇല്ലാതില്ല. സ്ക്രീന്‍ ഷോട്ട് നോക്കുക.
ഞാന്‍ എന്താണു ചെയ്യേണ്ടത്?