Wednesday, November 28, 2007

ഹോമിയോപ്പതിയും അവോഗാഡ്രോ നമ്പറും

ഹോമിയോപ്പതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. എന്റെ സംശയങ്ങളും അതേപോലെതന്നെ. ബൂലോഗത്തിലെ ചര്‍ച്ചകളിലെല്ലാം ഞാന്‍ അറിഞ്ഞിടത്തോളം കാര്യങ്ങള്‍ പറഞ്ഞ് ഹോമിയോപ്പതിയെ പിന്‍താങ്ങിയിരുന്നു. ഇന്നലെ കിരണ്‍ തോമസ് ഒരു യൂട്യൂബ് വീഡിയോ അയച്ചു തന്നിരുന്നു. അതിലെ പ്രധാന ആരോപണങ്ങള്‍ ഹോമിയോപ്പതിയുടെ ഫലസിദ്ധി വെറും പ്ലാസിബോ ഇഫക്ട് ആണെന്നും ഹോമിയോപ്പതിയിലെ പദാര്‍ത്ഥത്തിന്റെ ഡൈലൂക്ഷന്‍ അവോഗാഡ്രോ നമ്പറിനും അപ്പുറത്തായതിനാല്‍ ശാസ്ത്രീയമായി ഹോമിയോപ്പതി അസംബന്ധമാണെന്നുമായിരുന്നു.

രസതന്ത്രത്തിലോ ഭൌതീകശാസ്ത്രത്തിലോ എനിയ്ക്ക് ബിരുദമില്ല. ആകെയുള്ളത് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേക്ഷനിലെ ഒരു ബി.ടെക് ഡിഗ്രി. തീര്‍ച്ചയായും ഞാന്‍ പ്രീഡിഗ്രി വരെ പഠിച്ച് രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എനിയ്ക്ക് വിധിയെഴുതാം ഹോമിയോപ്പതി അസംബധമാണെന്ന്. ഡൈലൂഷന്‍ അവോഗാഡ്രോ നമ്പറിലും കൂടിയാല്‍ സൊലൂക്ഷനില്‍ പദാര്‍ത്ഥത്തിന്റെ ഒരു തന്മാത്രപോലും ഉണ്ടാവുകയില്ല എന്നും, ഇല്ലാത്ത പദാര്‍ത്ഥം ഉപയോഗിച്ച് രോഗം മാറിയാല്‍ അത് പദാര്‍ത്ഥത്തിന്റെ കഴിവല്ലെന്നും എനിയ്ക്കറിയാം. അഥവാ എനിയ്ക്ക് അത്രയേ അറിയൂ.

ഇന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു തുണ്ട് വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോക്ഷമേയുള്ളൂ.

U.K ആസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ജേര്‍ണ്ണലായ ലാന്‍‌സെറ്റ് ആണ് August 27, 2005 ഇല്‍ ഹോമിയോപ്പതിയ്ക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിനെ പ്രധാനപ്പെട്ട ആരോപണം പദാര്‍ത്ഥത്തിന്റെ നേര്‍പ്പിയ്ക്കല്‍ അവോഗാഡ്രോ നമ്പറിലും കൂടൂന്നു എന്നുള്ളതായിരുന്നു.

Dr. Rustum Roy, Ph.D(distinguished material scientist from Penn State University) പറയുന്നു:-
“ജലത്തിന്റെ സ്വഭാവത്തിന് മാറ്റം വരണമെങ്കില്‍ അതില്‍ അന്യപദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിയ്ക്കക തന്നെ വേണമെന്നത് 19-ആം നൂറ്റാണ്ടിലെ പഴഞ്ചന്‍ തത്വമാണ്. അവോഗാഡ്രോ ലിമിറ്റ് എന്നത് ഹൈസ്കൂള്‍ നിലവാ‍രത്തിലുള്ള ഒരു വാദം മാത്രമാണ്. ഒരു മെറ്റീരിയല്‍ സയന്റിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇത്തരം വാദങ്ങള്‍ അര്‍ത്ഥശൂന്യങ്ങളാണ്. structure-property ബന്ധമാണ് എല്ലാറ്റിനും അടിസ്ഥാനം എന്നതാണ് materials-science ലെ അടിസ്ഥാന തത്വം. അതുകൊണ്ട് ജലത്തിന്റെ structureഉം അതുവഴി സ്വഭാവവും മാറ്റുവാന്‍ മറ്റനേകം രീതിയില്‍ കഴിയും.”

BARCയുടെ മെഡിക്കല്‍ അനലൈസര്‍
ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍ മുംബൈ മെഡിക്കല്‍ അനലൈസര്‍ എന്ന നൂതന ഉപകരണം രൂപകല്പനചെയ്തിട്ടൂണ്ട്(2004 ഇല്‍). ഇതുപയോഗിച്ച് ഹോമിയോപ്പതി മരുന്നുകള്‍ ശരീരത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളും രേഖപ്പെടൂത്തുവാന്‍ കഴിയുമത്രെ. J D Jindal ആയിരുന്നു ഇതിന്റെ ഡിപ്പാര്‍ട്ടുമെന്റ് കൊ-ഓര്‍ഡിനേറ്റര്‍.
അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍:-““Encouraged by the study on various parameters, the department took keen interest to look for significant changes in the autonomic response of the human body with homoeopathic medicines in higher dilution. We observed that significant changes occur in variability spectrum after the administration of the homeopathic medicines. Also the changes observed are different for different medicines.”

Central Council of Research in Homoeopathy ഒരു വര്‍ഷക്കാലത്തോളം മെഡിക്കല്‍ അനലൈസര്‍ ഉപയോഗിയ്ക്കുകയും BARC കണ്ടെത്തലുകളെ ശരിവയ്ക്കുകയും ചെയ്തിട്ടൂണ്ട്.

മറ്റൊരു പരീക്ഷണം
പശ്ചിമബംഗാളിലെ വിശ്വഭാരതിയൂണിവേര്‍സിറ്റിയില്‍ നടത്തില ഒരു പരീക്ഷണം ശ്രദ്ധിയ്ക്കൂ. 30C മുതല്‍ 1006C വരെ നേര്‍പ്പിച്ച ലായിനിയിലൂടെ അവര്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ കടത്തിവിട്ടു. എന്നിട്ട് കിട്ടുന്ന സ്പേക്ട്രത്തിന്റെ ഫൊറിയര്‍ ട്രാന്‍സ്ഫോം അവര്‍ പഠനത്തിന് വിധേയമാക്കി.(ഫൊറിയര്‍ ട്രാന്‍ഫോം സ്പെക്ടങ്ങളെ പഠിയ്ക്കുന്നതിനുള്ള ഗണിതശാസ്ത്രപരമായ ഒരു രീതിയാണ്.) അവര്‍ കണ്ടെത്തിയതെന്തെന്നാല്‍ ഈ ഫൊറിയര്‍ ട്രാന്‍സ് ഫോമുകള്‍ ലായകമായി ഉപയോഗിച്ച (ആല്‍ക്കഹോള്‍)വസ്തുവിന്റേതില്‍ നിന്നും വിഭിന്നമാണ് എന്നതാണ്.തന്നെയുമല്ല വിവിധ വീര്യത്തിലുള്ള ഒരേ മരുന്നുകള്‍ നല്‍കിയ സ്പേക്ട്രവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു.

30C എന്നു പറയുമ്പോള്‍ തന്നെ ലായനിയില്‍ മരുന്ന് ഉണ്ടാവണമെന്നു തന്നെയില്ല, അവോഗാ‍ഡ്രോ നമ്പറിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍. എന്നിട്ടും ലായനിയുടെ സ്വഭാവം മാറിയിരിയ്ക്കുന്നു. അതിനു കാരണമായി പറയുന്നത് ഹൈഡ്രജന്‍ ബോണ്ടിന്റെ ശക്തിയില്‍ വ്യത്യാസമുണ്ടായിരുന്നൂ എന്നുള്ളതാണ്.

Absence of Evidence is not Evidence of Absence. ക്വാണ്ടം ഫിസിക്സിസോ മെറ്റീരിയല്‍ സയന്‍സോ അതുപോലെയുള്ള ആധുനിക ശാസ്ത്രശാഖയോ ഹോമിയോപ്പതിയുടെ സുഖപ്പെടുത്തലിനെ പൂര്‍ണ്ണമായി വിശദീകരിച്ചേയ്ക്കാം.
അതിനു മുന്‍പേ നമ്മുടെ പരിമിതമായ അറിവു വച്ചുകൊണ്ട് നമ്മള്‍ എന്തിനു വിധിയെഴുതണം.

13 comments:

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു അടിസ്ഥാന കെമിസ്ടിയില്‍ ഹോമിയോ മരുന്ന് വിശ്വസിനീയമല്ല. അപ്പോള്‍ ഇതിന്റെ ഔഷധ ഗുണം എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തമാക്കപ്പെടേണ്ടതല്ലേ. 1C എന്നാല്‍ 99 തുള്ളിയില്‍ ഒരു തുള്ളി മരുന്ന് എന്നാണ്‌ എന്നാല്‍ 33 C എന്നൊക്കെപ്പറയമ്പോള്‍ അതില്‍ ഓുഷധഗുണം ഉണ്ട്‌ എന്ന് എങ്ങനെ പറയും എന്നതാണ്‌ പ്രശ്നം. ആയുര്‍വേദത്തില്‍ ഇത്‌ അങ്ങനെയല്ല. മോഡേണ്‍ മെഡിസനും ആയുര്‍വേദവും ഒരു പരിധിവരെ മരുന്ന് എന്ന ഘടകം അവിടെ ഉണ്ട്‌ അതിനെ അതില്‍ തന്നേ തന്മാത്രയായി അത്‌ നിലനില്‍ക്കുന്നു. തന്മാത്രക്ക്‌ എത്രയോ അകലേ 33 C ഒക്കെയുള്ള ഒരു വസ്തുവില്‍ ഗുണമുണ്ട്‌ എന്ന് കരുതാന്‍ വയ്യ

N.J Joju said...

കിരണ്‍,

ഇക്കാര്യത്തില്‍ റസ്റ്റം റോയിയെക്കാള്‍ അറിവൊന്നും എനിയ്ക്കില്ല, കിരണുമുണ്ടെന്നു തോന്നുന്നില്ല. ആധുനിക ശാസ്ത്രം അതീവ സങ്കീര്‍ണ്ണമായ നിലയിലേയ്ക്ക് വളര്‍ന്നിരിയ്ക്കുന്നു. നമുക്കറിവാനുന്ന പത്തംക്ലാസ് രസതന്ത്രം കൊണ്ട് പ്രതിഭാസങ്ങള്‍ വിശദീകരിയ്ക്കപ്പെടണമെന്ന് ശഠിയ്ക്കാനാവില്ലല്ലോ.

ഫിസിക്സില്‍ ഡൈഫ്രാക്ഷനെക്കുറിച്ചും ഇന്റര്‍ഫെറന്‍സിനെക്കുറിച്ചും കേട്ടിട്ടീല്ലേ. പ്രകാശം നേര്‍‌രേഖയില്‍ സഞ്ചരിയ്ക്കുന്നു എന്ന തത്വം കൊണ്ടും പ്രകാശത്തിന്റെ കണികാ സിദ്ധന്തം കൊണ്ടും ഇവയെ വിശദീകരിയ്ക്കാന്‍ കഴിഞ്ഞില്ല. അന്നുവരെയുള്ള ശാസ്ത്രത്തിന് വിശദീകരിയ്കാന്‍ കഴിയാഞ്ഞതുകൊണ്ട് അതിനെ അസംബന്ധം എന്ന് ആരും പറഞ്ഞില്ല. കാരണം അതിനെ നമുക്ക് കാണാന്‍ കഴിയുമായിരുന്നു.

ഹോമിയോപ്പതി പ്ളാസിബോ എഫക്ട് അല്ല എന്നു തെളിയിയ്ക്കപ്പെട്ടിട്ടൂള്ളതായി കേട്ടിട്ടൂണ്ടാവുമല്ലോ. ആ നിലയ്ക്ക് യഥാര്‍ത്ഥത്തില്‍ സുഖപ്പെടുത്തല്‍ സംഭവിയ്ക്കുന്നുണ്ട്.എന്നാല്‍ നാം പഠിച്ച ശാസ്ത്രത്തിന് അതിനെ വിശദീകരിയ്ക്കാന്‍ കഴിയുന്നില്ല എന്നല്ലേ അര്‍ത്ഥം.

സുകുമാരേട്ടനുള്ള മറുപടിയില്‍ പണിക്കരേട്ടന്‍ പറഞ്ഞ ട്യൂമറുകാരന്റെ കാര്യം തന്നെ പരീഗണിയ്ക്കൂ.

ക്വാണ്ടം ഫിസിക്സിലും മറ്റും ഹോമിയോപ്പതിയെക്കുറിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രകാശത്തിന്റെ കാര്യത്തില്‍ തരംഗസിദ്ധാന്തം രൂപപ്പെട്ടതുപോലെ ഹോമിയോപ്പതിയുടെ സുഖപ്പെടുത്തല്‍ വിശദീകരിയ്ക്കാന്‍ ആധുനിക ശാസ്ത്രത്തിന് കഴിഞ്ഞേക്കും.

myexperimentsandme said...

എന്റെ നിഗമനോല്‍‌പ്രേക്ഷകള്‍ ഇക്കാര്യത്തില്‍ ഇവിടെ .

ലാന്‍‌സെറ്റ് പ്രസിദ്ധീകരിക്കുന്ന Elsevier തന്നെ ഹോമിയോപ്പതിയെപ്പറ്റിയും ജേണല്‍ പ്രസിദ്ധീകരിക്കുന്നതുണ്ടെന്നതുള്‍പ്പടെ ധാരാളം ചിന്തകള്‍ ഇതുവരെയുള്ള അറിവൂകള്‍ വെച്ച് ഹോമിയോപ്പതി അപ്പാടെ തെറ്റാണ് എന്ന നിഗമനത്തിലെത്താന്‍ എന്നെ പ്രേരിപ്പിക്കുന്നില്ല; ജോജു പറഞ്ഞ കാരണങ്ങളോടൊപ്പം തന്നെ.

myexperimentsandme said...

Complementary Therapies in Medicine എന്ന ജേണലില്‍ (Volume 15, Issue 3, September 2007, Pages 155-156), Rainer Lüdtke എന്നയാളുടെ

Confessions of a researcher: Are we guilty of reviewing homeopathy to the point of irrelevance? എന്ന ലേഖനത്തിന്റെ അവസാനപാര

My plea to the research community is: let’s stop that superfluous research and concentrate on generating new, original, data. Let’s conduct more clinical trials, not only on the efficacy of
homeopathic medicines but also on the effectiveness homeopathy as a package of care in ‘real world’ clinical practice. Let’s figure out
whether the new ideas on how homeopathy might work really withstand empirical testing. Let’s see what we can learn from basic research experiments on highly diluted substances. Let’s further
explore what really happens in the complex interaction between a homeopath and his or her patient.

ലാന്‍‌സെറ്റില്‍ വന്ന Benefits and risks of homoeopathy (Benefits and risks of homoeopathy, The Lancet, Volume 370, Issue 9600, 17 November 2007-23 November 2007, Pages 1672-1673
Ben Goldacre എന്ന ലേഖനവും വായിക്കാവുന്നതാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു പറഞ്ഞതനുസ്സരിച്ച് ഹോമിയോപ്പൊതി ഇനിയും ശാസ്ത്രീയമായി വിശദീകരിക്കേണ്ടിയിരിക്കുന്നു എന്നത് അംഗീകരിക്കുമ്പോള്‍ത്തന്നെ ഒരു സംശയം നിലനില്‍ക്കുന്നു ഹനിമാന്‍ ഹോമിയോപ്പൊതി അവതരിപ്പിച്ചിട്ട് അധികം ആയിട്ടില്ല ഒരു 2 നൂറ്റാണ്ട് മാത്രം. അപ്പോള്‍ ഹനിമാന്‍ ഇതിനേക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എങ്ങനെയാണ് ഈ ഔഷധങ്ങള്‍ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മറ്റും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ടാകണം. അതിനെ വിശദീകരിക്കുന്ന എന്തെങ്കിലും തെളിവുകള്‍ തെളിയിക്കപ്പെട്ടിട്ടുണ്ടൊ എന്ന സംശയം നിലനില്‍ക്കുന്നു. പിന്നെ എന്താണ് ഹോമിയൊപ്പൊതിയില്‍ മരുന്നായി നല്‍കുന്നത് എന്താണ് അതിന്റെ മാനദണ്ഡം ഇവയിലൊക്കെ ഒരു ദുരൂഹത നിലനില്‍ക്കുന്നില്ലേ. നേരേ മറിച്ച് മോഡേണ്‍ മെഡിസണിലും ആയുര്‍വേദത്തിലുമൊക്കെ മരുന്ന് അതിന്റെ ഔഷധ്ഗുണം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹോമിയോപ്പൊതി 33C ഒക്കെയായ മരുന്നുകളില്‍ രോഗം മാറ്റാവുന്ന ഔഷധഗുണം ഉണ്ട് എന്നത് അവിശ്വസിനീയമായി തുടരുകയും ചെയ്യും. എന്തോ എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല. ഹോമ്യോപ്പൊതിയേക്കുറിച്ചും അതിന്റെ ചികിത്സാ രീതികളേക്കുറിച്ചും മരുന്നായി ഉപയോഗിക്കുന്ന വസ്തുവിനേക്കുറിച്ചുമൊക്കെ വിശദമായ ഒരു മലയാളം പോസ്റ്റ് ആരെങ്കിലും ഇടുകയും സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്താലെ കാര്യങ്ങള്‍ക്ക് വ്യക്തത വരും എന്നെനിക്ക് തോന്നുന്നൊള്ളൂ.

Suraj said...

ഈ വിഷയത്തില്‍ കുറെ ബ്ലോഗു വിവാദങ്ങള്‍ ഉണ്ടായിട്ടുള്ളതിനാലും അതില്‍ ചിലതില്‍ ഈയുള്ളവന്റെ ചില പോസ്റ്റുകളും “ക്വോട്ട്” ചെയ്യപ്പെട്ടിട്ടുള്ളതിനാലുമാണ് ഈ പോസ്റ്റ് ഒരു ലിങ്കായി കിട്ടിയപ്പോള്‍ ഇത്രയും എഴുതാമെന്ന് കരുതിയത് :

അവോഗഡ്രോ നമ്പര്‍ വാദം ഡോ.റൊയിയെപ്പോലെ തന്നെ ഒരു പാടു പേര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ പിന്നെ എങ്ങനെയാണു ഈ “മരുന്നുകള്‍” ശരീരത്തില്‍ പ്രതിപ്രവര്‍ത്തിക്കുന്നതെന്ന് അവരാരും വസ്തുനിഷ്ടമായി വിശദീകരിക്കുകയോ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുകയോ ഉണ്ടായില്ല.

ഡോ.റൊയി സൂചിപ്പിക്കുന്ന ലായനിയുടെ "structural properties" മാറ്റുന്നുവെന്ന വാദം ആണു “ജലസ്മ്യതി” അഥവാ water memory എന്ന പേരില്‍ ഹോമിയോയുടെ ആധുനിക വക്താക്കള്‍ വിശദീകരിക്കുന്നത്.

ജലത്തില്‍ മരുന്നിന്റെ healing properties ഒരു ഓര്‍മ്മയായി കിടക്കും എന്നതത്രെ “ജലസ്മ്യതി തത്വം”. ഇത് ആയുര്‍വേദത്തിലെ വാത /പിത്ത / കഫം പോലെയുള്ള ഒരു അവ്യക്തവും അമൂര്‍ത്തവും സര്‍വ്വോപരി ഇന്നത്തെ ശാസ്ത്രത്തിന്റെ അളവുകോലുകള്‍ക്ക് വഴങ്ങാത്തതുമാണ്.


‘ബാര്‍ക്’ മെ4ഡിക്കല്‍ അനലൈസര്‍ ഉപയോഗിച്ചുള്ള പഠനം വലിയൊരു തമാശയായേ കാണാനാവൂ. ഒന്നാമതായി അതു “മരുന്നുകളുടെ“ ശരീരത്തിലെ ഇഫക്റ്റാണു അളക്കുന്നതു. അതിനെ പ്ലസീബോയുമായി തരതമ്യപ്പെടുത്തി, മരുന്നിന്റെ ഇഫക്റ്റെത്ര പ്ലസീബോ ഇഫക്റ്റെത്ര എന്നൊരു അളക്കല്‍ ഉദ്ദേശിചിട്ടില്ല. അപ്പോള്‍ പിന്നെ മരുന്നിന്റെ മാത്രം ഇഫക്റ്റുകൊണ്ടാണ് ഈ “autonomic responses“ വന്നതെന്നു എങ്ങനെ പറയും.? പതിനഞ്ചു ലക്ഷത്തില്‍പ്പരം രൂപ ചെലവാക്കിക്കഴിഞ ഈ പഠനത്തിന്റെ റിസള്‍ട്ട് വന്നിട്ടുള്ളതായി കാണുന്നില്ല. പിന്നെ ഇതുവരെയുള്ള ഒബ്സര്‍വേഷനുകള്‍ വച്ചു ഡോ.ജിണ്ടാല്‍ പറഞ്ഞ കാര്യത്തില്‍ ഒരുസംഗതി ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടില്ല . അതുകൂടി ഇതാ :(ഡോ ജിണ്ടാലിന്റെ വാക്കുകള്‍)

“...Furthermore, the efforts to record changes caused by these medicines in physiological parameters are also highly specific in nature and cannot be reproduced on demand.” Jindal added.

ബോള്‍ഡാ‍ക്കിയ ഭാഗം ശ്രദ്ധിച്ചുകാണുമല്ലോ.
Reproducible അല്ലാത്ത ഒരു ഫിസിയോളജിക്കല്‍ റെസ്പോണ്‍സിനെ ആസ്പദമാക്കി എങ്ങനെ മരുന്നും ഡോസും നിശ്ചയിക്കും ? (ഡോ.ജിണ്ടാല്‍ ഒരു മെഡിക്കല്‍ ഡൊക്ടറല്ല).

മാത്രമല്ല ഹോമിയോ മരുന്നു രോഗമില്ലാത്തവര്‍ കഴിച്ചാല്‍ രോഗ ലക്ഷണം കാണിക്കണമെന്നാണു ഹാനി മാന്റെ തത്വം. അങ്ങനെയുള്ള ഒരു തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈദ്യ പദ്ധതിയില്‍ പ്രാതിരോധമരുന്നുകള്‍ എന്നവകാശപ്പെടുന്ന മരുന്നുകള്‍ (ചിക്കുന്‍ഗുനിയ, പോക്സ് തുടങ്ങിയവ) എങ്ങനെ പ്രവര്‍ത്തിക്കും.?

ഇന്നിപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ക്വാണ്ടം കെമിസ്ട്രി വരെയെടുത്ത് ഹോമിയോയെ വിശദീകരിക്കാന്‍ ചിലര്‍ ബദ്ധപ്പെടുന്നു. ക്വാണ്ടം ഭൌതികതലത്തിലൊക്കെ ഹോമിയോമരുന്നുകള്‍ demonstrable and measurable ആയ ഇഫക്റ്റു കാണിക്കും എന്നുണ്ടെങ്കില്‍ പച്ചവെള്ളം കുടിക്കുമ്പോള്‍ പോലും സൂക്ഷിക്കണം.!

ക്വാണ്ടം ഫിസിക്സിനെ കൂട്ടു പിടിച്ചാല്‍ ഉള്ള സൌകര്യം - ഹോമിയോ മരുന്നുകളുടെ പ്രവര്‍ത്തനം പരീക്ഷണശാലകളില്‍ കണ്ടെത്താനാവില്ല എന്ന മുട്ടു ന്യായം പറഞ്ഞൊഴിയാം എന്നതാണ്. ഹോമിയോയെ വ്യാജവൈദ്യമായി കണക്കാക്കുന്ന എല്ല രാജ്യങ്ങളിലും ഉയരുന്ന പുതിയ ന്യായമാണല്ലോ അത്. ചോദ്യങ്ങള്‍ കൂടിക്കൂടി വരുകയും ‘ഉത്തരം‘ ത്യപ്തമാകാതെ വരുകയും ചെയ്യുന്നിടത്തൊക്കെയേ അത്ര “സാങ്കേതികത“ വേണ്ടി വരൂ. നമ്മുടെ നാട്ടിലുള്ളവര്‍ അത്രയ്ക്കങ്ങു “സൊഫിസ്റ്റിക്കെറ്റഡ്” അല്ലാത്തതിനാല്‍ ക്വാണ്ടം ഡൈനാമിക്സും മറ്റും ചിത്രത്തില്‍ വരാന്‍ സമയമെടുക്കും..!.

Suraj said...

പിന്നെ മറ്റൊന്നു കൂടി:

“സമാന്തര വൈദ്യം” എന്ന പേരില്‍ “കൊമ്പ്ലിമെന്ററി തെറാപ്പി” എന്നൊരു ശാഖയാക്കി ഈ ചികിത്സാരീതികളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഉപശാഖയാക്കി രോഗികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും, മെഡിക്കല്‍ ഡോക്ടര്‍മാരെ അതിനെക്കുറിച്ചു വായിച്ചറിഞ്ഞു വയ്ക്കാന്‍ സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇതര വൈദ്യശാഖകളോടുള്ള പ്രത്യേക മമത കൊണ്ടൊന്നുമല്ല : രോഗികളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലധിഷ്ടിതമാണു വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ പ്രാക്റ്റീസ്. രോഗികള്‍ - വിശേഷിച്ചു തീരാവ്യാധികളില്‍ നട്ടം തിരിയുന്നവര്‍ - കേട്ടുകേള്‍വിയുമായൊക്കെ വന്നു മറ്റു ശാഖകളെക്കുറിച്ചു ചോദിക്കുമ്പോള്‍ അതു വിശദീകരിച്ചു കൊടുക്കാനും, ഏതു ചികിത്സ സ്വീകരിക്കണമെന്ന രോഗിയുടെ തീരുമാനത്തെ ബഹുമാനിക്കാനും അവിടങ്ങളീല്‍ ഡോക്റ്റര്‍മാരെ ശീലിപ്പിക്കുന്നു. അതു മെഡികല്‍ എത്തിക്സുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.
പിന്നെ പല യൂണിവേഴ്സിറ്റികളും സമാന്തര ചികിത്സകള്‍ക്കയി കേന്ദ്രങ്ങള്‍തുറക്കുന്നത് ജനങ്ങളുടെ ഇച്ഛപ്രകാരമാണ്. ടാക്സും എജ്യൂക്കേഷനല്‍ സെസ്സുമൊക്കെ കൊടുക്കുന്നവനും ഉണ്ടല്ലോ ഒരു അധികാരം - അതിനെ മാനിച്ചുകൊണ്ട്.

പിന്നെ ആയുര്‍വേദം പോലുള്ള രീതികളില്‍ മരുന്നുകള്‍ അവയുടെ പ്രാക്യത രൂപത്തില്‍ ഉണ്ട്. അവയുടെ മേല്‍ ഗവേഷണം ചെയ്യുന്നത് മോഡേണ്‍ മെഡിസിന്‍ അനുശാസിക്കുന്ന രീതിശാസ്ത്രം ഉപയോഗിച്ചു തന്നെയാണ്...അല്ലാതെ ആയുര്‍വേദത്തിന്റെ അവ്യക്തമായ ഫിസീയോളജിക്കല്‍ തത്വങ്ങള്‍ വച്ചൊന്നുമല്ല. ഹോമിയോക്ക് ആ പഴുതുപോലുമില്ല!

N.J Joju said...

സൂരജ്,

ആധുനിക വൈദ്യശാസ്ത്രകാരനാ‍യ അലോപ്പതി ഡോക്ടര്‍ കുറിച്ചു കൊടുക്കുന്ന പാരാസെറ്റാമോള്‍ എപ്രകാരമാണ് താപനിലകുറയ്ക്കുന്നതെന്ന് ഡോക്ടര്‍ അറിയേണ്ട കാര്യമുണ്ടോ? ആന്തര രാസപ്രവര്‍ത്തനങ്ങളെപറ്റി ഡോക്ടറിന് എത്രമാത്രം അറീയാം? അല്ലെങ്കില്‍ എത്രമാത്രം അറിയണം?
എന്റെ അഭിപ്രായത്തില്‍ പാരാസെറ്റാമോള്‍ കൊടുത്താല്‍ ഫിസിക്കല്‍ പരാമീറ്റേര്‍സില്‍ എന്തു വ്യതിയാനം ഉണ്ടാവുന്നു എന്നുമാത്രം അറിഞ്ഞാല്‍ മതി. ബാക്കിയൊക്കെ വിശദമാകേണ്ടത് വൈദ്യശാസ്ത്രമല്ല, ബയോകെമിസ്ടിയാണ്.

ഹോമിയോപ്പതി പ്ലാസിബോ അല്ലെന്നു തെളിയിയ്ക്കാന്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച് നെറ്റില്‍ വിവരങ്ങളുണ്ട്. എന്നു തന്നെയല്ല മൃഗങ്ങളിലും ഹോമിയോപ്പതി ഉപയോഗിച്ചു തുടങ്ങിയിട്ടൂണ്ട്. (ഞങ്ങളുടെ പശുവിന് ഹോമിയോമരുന്നു കൊടുത്തിട്ടൂണ്ടെന്നു പറഞ്ഞാല്‍ ഒരു പക്ഷേ വായിയ്കുന്നവര്‍ ചിരിയ്ക്കുമായിരിയ്ക്കും. പക്ഷേ സത്യമാണ്.) പശുവിന് എന്തു പ്ലാസിബോ എഫക്ട്.

ക്വാണ്ടം ഫിസിക്സിലും മെറ്റീരിയല്‍ സയന്‍സിലും ഒക്കെ ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ നമ്മെക്കാളും കുറഞ്ഞപക്ഷം എന്നെക്കാളും വിവരമുള്ളവരാണെന്ന് ഞാന്‍ കരുതും.

ഒരു സിദ്ധാന്തം വന്നിട്ടല്ല പ്രതിഭാസം ഉണ്ടാവുന്നത്. പ്രതിഭാസത്തെ വിശദീകരിയ്ക്കുവാന്‍ സിദ്ധാന്തം പിന്നീടാണ് വരുന്നത്. ന്യൂട്ടണ്‍ ഗുരുത്വാകര്‍ക്ഷണ നിയമം രൂപീകരിയ്ക്കുന്നതിനു മുന്‍പേ വസ്തുക്കള്‍ മുകളിലേയ്ക്കു പോവുകയായിരുന്നില്ലെന്നോ. എല്ലാവര്‍ക്കും പരിചിതമായിരുന്ന അതിനെ പക്ഷേ വിശദീകരിയ്ക്കുവാന്‍ 17ആം നൂറ്റാണ്ടൂവരെ കാത്തിരിയ്ക്കേണ്ടീ വന്നു എന്നു മാത്രം. ഹോമിയോയുടെ കാര്യത്തില്‍ മാത്രം നാമെന്തിന് ഇന്നുള്ള രസതത്രം കൊണ്ട് വിശദീകരിയ്ക്കണമെന്നു ശഠിയ്ക്കുന്നു.

“ഹോമിയോ മരുന്നു രോഗമില്ലാത്തവര്‍ കഴിച്ചാല്‍ രോഗ ലക്ഷണം കാണിക്കണമെന്നാണു ഹാനി മാന്റെ തത്വം.” അങ്ങനെയാണോ സൂരജ് തത്വം?
ഹോമിയോ മരുന്നുണ്ടാക്കുന്ന മൂലവസ്തു കഴിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിയ്ക്കും എന്നാണ് ഹാനിമാന്‍ പറഞ്ഞത്. ഇതിനെ 1Cയും 33Cയും വരെയൊക്കെ നേര്‍പ്പിച്ചാണ് രോഗിയ്ക്കുകൊടുക്കുന്നത്. അത് പ്രത്യക്ഷത്തില്‍ രോഗലക്ഷണമൊന്നും കാണീയ്ക്കില്ല. (നമ്മള്‍ കഴിയ്ക്കുന്ന പച്ചക്കറീകളിലും കൊക്കക്കോളയിലും മറ്റും അംഗീകരിയ്ക്കാവുന്നതിലധിയ്കം കീടനാശിയി ഉണ്ടായിട്ടിട്ടും നമ്മള്‍ ഇപ്പോഴും ജീവിയ്ക്കുന്നില്ലേ.)
ഹോമിയോപ്പതിയിലെ രോഗലക്ഷണങ്ങളും രോഗവും തമ്മില്‍ നല്ല വ്യത്യാസവുമുണ്ട്. രോഗലക്ഷണത്തെ രോഗത്തെ ചികിത്സിയ്ക്കുന്നതിനുള്ള ശരീരത്തിന്റെ സംവിധാനമായിട്ടാണല്ലോ ഹോമിയോപ്പതി വിശദീകരിയ്ക്കുന്നത്. വൈറല്‍ ഫീവറുള്ള ഒരാളുടെ രോഗലക്ഷണങ്ങള്‍ കാണിയ്ക്കുന്ന മൂലപദാര്‍ത്ഥം കഴിയ്കുന്ന ഒരാള്‍ക്ക് വൈറല്‍ ഫീവറിന്റെ ലക്ഷണങ്ങള്‍ വന്നേയ്ക്കാം. അതേസമയം ആ നിമിഷത്തില്‍ അയാള്‍ക്ക് വൈറല്‍ ഫീവറുണ്ടാവുന്നതെങ്ങനെ. പ്രതിരോധമുന്നുകള്‍ പ്രവര്‍ത്തിയ്ക്കുന്നതും ഇങ്ങനെയാണ്. രോഗപ്രതിരോധമായ രോഗലക്ഷണങ്ങളെ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് രോഗത്തിനെതിരെ പോരാടുന്നു.

U.K ഹോമിയോപ്പതിയ്ക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് ആരോപണമുണ്ട്. അതിനു പിന്നില്‍ ചില വമ്പന്‍ ഫാര്‍മ്മ കമ്പനികളാണെന്നും.
വക്കാരിയുടെ കമണ്ടൂകളും പോസ്റ്റും വായിച്ചുകാണുമെന്നു കരുതുന്നു.

മൂര്‍ത്തി said...

www.alternet.org ല്‍ കണ്ട ഒരു ലേഖനം . ഹോമിയോപ്പതിയുടെ സൈഡില്‍ നിന്നുള്ള ഒന്നാണ്. മോഡേണ്‍ മെഡിസിന്റെ ശാസ്ത്രീയതയെക്കുറിച്ച് ചില ചോദ്യങ്ങള്‍ അത് ഉന്നയിക്കുന്നുണ്ട്.

Pollayil Alexander said...

Based on Avacados hypothesis homeopathic medicines 12c and above potancies does not have the chemical subestance. That is the important point how homeopathy works. Just diluting the Tincture in Water/Alchohol is not going to work. It is systameticaly successed and diluted. If the chemical substance is present it can produce regression. Vital Life force can not be explained by Avacados Hypothesis. Why water molicules behave different than other Liquids?. If we do not know how it workes, we should not say that there is no scientific posiblility it can work. There is a Homeopathic Midicine name "Oscillococcinum" last more than 10 years I used it. I gave it to many people including Allopathic Doctors and Nurses fron 2 year old child to 60 year old people every one found it is excellent for Flu symptoms such as Body Ache, Chill and Fever during the flu season no need to worry about the Flu vaccine. This is 200c Potency. It is difficult to Imagine. It is difficult to Imagine how the modern computer chips are designed in one Squre Centimeter one million transisters? Please read the Book "Homeopathy Science or Myth" by Bill Gray, M.D. web link billgrayhomeopathy.com
I have used Homeopathic medicine for last 30 years and it works on Animals, Birds, Children nothing to do with placibo. On human beings to heal a disease a positive inclind mentality and co-operation is very much needed.
Strong chemical substances can interfere with the life force and supress some symptems for some time, that is not the healing process. And if homeopathic medicine can triger plasebo effect and cure diseases, what is wrong with that? there is no Toxic chemicals in it any way, so it is safe. No need to worry about wrong medicine or chemical inter-action and all that.

എബ്രഹാം said...
This comment has been removed by the author.
എബ്രഹാം said...

ജോജു, വളരെ നന്നയിട്ടുണ്ടു.
(മനസ്സിലാക്കാൻ പറ്റാത്തതു മണ്ടത്തരമാണു എന്നു പറയുന്നവർക്കു, എന്തിനെയും(ശാസ്ത്രത്തേയും) അന്തമായി വിശ്വസ്സിക്കുന്നവർക്കു, മനസ്സിലാവില്ല എങ്കിലും).