Sunday, November 02, 2008

ഡാനിഷ് മജീദിന്റെ കഥ

ഡാനിഷ് മജീദിനെ ആദ്യമായി പരിചയപ്പെട്ടത് ഏഷ്യാനെറ്റിന്റെ കേട്ടതും കണ്ടതും പരിപാടിയിലൂടെയായിരുന്നു. സ്വന്തമായി എന്റെങ്കിലും ചെയ്യണമെന്ന്‌ ആഗ്രഹമുള്ള യുവജനതയുടെ പ്രതിനിധി. പതിനേഴുവയസുള്ള വട്ടോളിക്കാരന്‍. പക്ഷേ ഹൈട്ടെക് സംരഭങ്ങളും വൈറ്റ് കോളര്‍ ജോലികളും സ്വപ്നം കാണുന്നവരില്‍ നിന്നും വേറിട്ട് ഡാനിഷ് തിരഞ്ഞെടുത്തത് പശുവളര്‍ത്തലായിരുന്നു എന്നു മാത്രം.

കേരളത്തിലെ പല ഡയറി ഫാമുകളിലും പരിശീലനം ലഭിയ്ക്കുവാന്‍ ജോലിയ്ക്കു ചെയ്തു. മില്‍മയുടെ പല പരിശീലന പരിപാടികളിലും പങ്കെടുത്തു. ഒടുവില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത് സ്വന്തമായി ഒരു ഡയറി ഫാം തുടങ്ങി. ഇരുപതോളം പശുക്കള്‍.

അതോടെ പ്രശ്നങ്ങള്‍ക്കു തുടക്കവുമായി. ഫാമിന് ലൈസന്‍സ് ഇല്ല എന്നതായിരുന്നു അദ്യത്തെ കുറ്റം. പശുക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതാണു വസ്തുത. പിന്നെ പഞ്ചായത്തുവക നടപടികള്‍, ഫോണിയൂടെയുള്ള ഭീഷണികള്‍. പശുക്കള്‍ക്ക് ആരെങ്കിലും വിഷം കൊടുക്കുമോ എന്നു ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് ഡാനിഷ് പറയുന്നു. ഒരു മാസം മുന്‍പ് മനോരമയില്‍ വര്‍ത്തയായി വന്നിരുന്നു. ഇന്ന് സണ്‍‌ഡേ സപ്ലീമെന്റില്‍ വിശദമായി കൊടുത്തിട്ടൂണ്ട്.

മനോരമയിലെ ലേഖനം
(ലിങ്കുകള്‍ കുറച്ചുദിവസം കഴിഞ്ഞാല്‍ കിട്ടിയെന്നു വരില്ല, അതുകൊണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ഒപ്പം ഇടൂന്നു)
ഡാനിഷ് മജീദ് 1
ഡാനിഷ് മജീദ് 2
ഡാനിഷ് മജീദ് 3


പരിസരമലിനീകരണം, ദുര്‍ഗന്ധം, കൊതുക് തുടങ്ങിയവയൊക്കെയാണ് ആരോപണങ്ങള്‍. രാത്രിപത്തുമണിയ്ക്കു ശേഷമാണത്രേ ഈ പ്രശ്നങ്ങളെല്ലാം. കുന്നുമ്മല്‍ ബ്ലോക്ക് ഹെല്‍ത്ത് ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, വില്ലേജ് ഓഫീസര്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ക്ഷീരവകുപ്പ് ഡയറക്ടര്‍, ബയോടെക് ഡയറക്ടര്‍ തുടങ്ങിയവരൊക്കെ നല്ല സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടും പഞ്ചായത്തും പാര്‍ട്ടിയും ഇപ്പോഴും പഴയപടി. പഞ്ചായത്ത് അനുമതി നല്‍കേണ്ട വൈദ്യുതി കണക്ഷനും നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്ഷീരവികസനവകുപ്പില്‍ നിന്നുകിട്ടേണ്ട പണമൊക്കെ പഞ്ചായത്ത് തടഞ്ഞു വച്ചിരിയ്ക്കുകയാണ്.

ചാണകം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചാണകം മെഴുകിയ തറകള്‍. കത്തിയ്ക്കാന്‍ ചാണകവരളികള്‍. വളമായി ചാണകം. ചാണകത്തെ അറച്ചാ‍ല്‍ ചോറില്‍ പുഴുവിനെ കാണും എന്നൊരു പഴമൊഴിവരെയുണ്ട്. കാലിവളര്‍ത്തല്‍ കുറച്ചുകാലം മുന്‍പുവരെ സര്‍വ്വ സാധാരണവുമായിരുന്നു. എന്നു മുതലാണ് പരിസരവാസികള്‍ക്ക് ഉറക്കം നിഷേധിയ്ക്കുന്ന തരത്തില്‍ ചാണകം രൂക്ഷഗന്ധം പുറപ്പെടുവിച്ചു തുടങ്ങിയത്?

അമൃതയിലെ സിറ്റിസണ്‍ ജേര്‍ണസിസ്റ്റ് എന്ന പരിപാടിയില്‍ ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധം വമിയ്ക്കുന ഒരു പ്രദേശത്തേക്കുറീച്ച് ഒരു വാര്‍ത്ത അവതരിപ്പിച്ചു കണ്ടൂ. അധികൃതര്‍ അതിനെ ന്യായീകരിയ്ക്കുന്നതായാണ് കണ്ടത്. നഗരത്തിലെ മാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ നിക്ഷേപിയ്ക്കാന്‍ ശ്രമിച്ചതാണ് നമ്മുടെ നഗരസഭകള്‍. അപ്പോള്‍ പ്രശ്നം ദുര്‍ഗ്ഗന്ധം മാത്രമാകാന്‍ വഴിയില്ല.

കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമല്ല എന്നതുമാത്രമാണ് ഡാനിഷ് ചെയ്ത കുറ്റം. മനോരമ പറയുന്നതുശരിയാണെങ്കില്‍ ഡാനിഷ് മറ്റൊരപരാ‍ധം കൂടി ചെയ്തു, കെ.എസ്.യു വിന്റെ ലേബലില്‍ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു.

കേരളത്തിലെ പശുക്കളുടെ എണ്ണത്തിലെ കുറവ് ഒരു പ്രധാന പ്രശ്നമായി ഗവര്‍മെന്റ് കാണുന്നു. തമിഴ്നാട്ടില്‍ നിന്നും പശുക്കളെ കൊണ്ടു വരാനുള്ള ഒരു പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു. അരിക്ഷമത്തിനു പരിഹാരമായി പാലുകുടിയ്ക്കാനാണ് ഭക്ഷ്യവകുപ്പു മന്ത്രിതന്നെ ഉപദേശിച്ചിട്ടൂള്ളത്. പശുവളര്‍ത്തലിനെ പ്രോത്സാഹിപ്പിയ്ക്കാന്‍ പാലിനു വിലകൂട്ടുന്നു, പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കൊടുക്കുന്നു എന്നു വേണ്ട എന്തെല്ലാം പരിപാടികള്‍.

ഒന്നും രണ്ടും പശുവിനെ വളര്‍ത്തുന്ന രീതിയില്‍ പ്രതീക്ഷയര്‍പ്പിയ്ക്കുന്നത് മണ്ടത്തരമായിരിയ്ക്കും. പശുവളര്‍ത്തല്‍ പലരും ലാഭകരമായി കാണുന്നില്ല. പക്ഷേ ശ്രദ്ധയും അധ്വാനവും കൂടുതല്‍ വേണമെന്ന് കരുതുന്നു. ഒരു അഞ്ചുവര്‍ഷം മുന്‍പുവരെ പശുവളര്‍ത്തലുണ്ടായിരുന്ന വീടുകളില്‍ പോലും ഇപ്പോള്‍ പശുവിനെ വളര്‍ത്തുന്നില്ല എന്നതാണ് അനുഭവം. ചെറുകിട ഫാമുകളായിരിയ്ക്കും ഭാവിയില്‍ ഒരു പക്ഷേ പ്രതിവിധി.

മറ്റൊരു പോസ്റ്റ്

No need to shut down the Dairy farm of a student

“just last night I was watching a programme on Asianet about a 17 year old boy called Danish Majeed somewhere in North Malabar who owns and runs his own succesful dairy farm ! The local comrades are trying their best to shut it down since he is not a 'party' man. He was saying he can't even sleep now because he has been tipped off that his cows could be poisoned.” മറ്റൊരു പോസ്റ്റില്‍ അശ്വിന്‍ എന്നയാളുടെ ഒരു കമന്റ്.ഇതാണോ രാഷ്ടീയം? ഇതാണോ ജനാധിപത്യം? ഇതാണോ പുരോഗമനപരമായ ആശയങ്ങള്‍?
എന്തെങ്കിലും സ്വന്താമായി ആരംഭിയ്ക്കുന്നവരെ കുത്തുപാളയെടുപ്പിയ്ക്കുന്ന സമീപമാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി കൈക്കൊണ്ടിട്ടൂള്ളത്. രണ്ടു പ്രശസ്തമായ മാധ്യമങ്ങള്‍ ഈ വിഷയം അവതരിപ്പിയ്ക്കുന്നത് കണ്ടിട്ട് ഭരണനേതൃത്വമോ രാഷ്ട്രീയനേതൃത്വനോ ഇടപെടുമെന്ന് വെറുതെ വ്യാമോഹിച്ചു. രാഷ്ടീയ മുതലെടുപ്പിനായെങ്കിലും പ്രതിപക്ഷം ഇതു കുത്തിപ്പൊകുമെന്നു കരുതി. അതും ഉണ്ടായില്ല. ഏഷ്യാനെറ്റിലും മനോരമയിലും പ്രശ്നം അവതരിപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പരിഹരിയ്ക്കപ്പെടാത്തതുകൊണ്ടായിരിയ്ക്കുമല്ലോ മനോരമ സപ്ലീമെന്റില്‍ വളരെ വിശദമായി കൊടുത്തത്. ആരെങ്കിലും കാണുന്നുണ്ടോ ആവോ?

പ്രോത്സാഹിപ്പിയ്ക്കപ്പെടേണ്ട സമീപനങ്ങളെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല ഉപദ്രവിയ്ക്കരുത്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പും സ്വജനപക്ഷപാതവും അസഹിഷ്ണുതയും ഒക്കെ മാനസിലാക്കുവാന്‍ ഒരു സംഭവം കൂടി. ആരെങ്കിലും കാണുന്നുണ്ടോ ആവോ?

നവംബര്‍ 17 ന് കൂട്ടിച്ചേര്‍ത്തത്.
വീക്ഷണത്തിലെ വാര്‍ത്ത
മനോരമയ്ക്ക് ദേശാഭിമാനിയുടെ മറുപടി

നീരജിന്റെ പോസ്റ്റില്‍ നിന്നു കിട്ടിയ ചിത്രം കൂടെ ചേര്‍ത്തിരിയ്ക്കുന്നു.