Tuesday, December 11, 2007

നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?


“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?”
പല്ലുവേദനകൊണ്ട് കുഴയുന്ന പുരുഷകഥാപാത്രത്തിന്റെ അടുത്തേയ്ക്ക് ഒരു സ്ത്രീ കഥാപാത്രവും സംഘവും വന്നു ചോദിക്കുന്ന ചോദ്യം. പ്രശസ്തമായ ഒരു ടൂത്ത്പേസ്റ്റിന്റെ പുതിയ പരസ്യം.

ടൂത്ത് പേസ്റ്റിലെ പ്രധാന ചേരുവയായിരുന്ന ഫ്ലൂറൈഡുകള്‍ ശരീരത്തിന്റെ അത്ര നല്ലതല്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടൂള്ളതാണ്.
നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പല്ല് കറക്കുന്നു എന്ന കാരണവുമായി ചെന്ന സുഹൃത്തിനോട് ദന്തിസ്റ്റ് ഫ്ലൂറൈഡ് അടങ്ങിയിട്ടൂള്ള പേസ്റ്റുകള്‍ ഒഴിവാക്കാനാണ് ഉപദേശിച്ചത്.ഫ്ലൂറോസിസ് എന്ന അവസ്ഥയ്ക്ക് ഫ്ലൂറൈഡുകള്‍ ചേര്‍ന്ന പേസ്റ്റുകള്‍ കാരണമാകാമത്രെ.(ചിത്രത്തില്‍ കാണുന്നത് ഫ്ലൂറോസിസ് ബാധിച്ച പല്ലുകളാണ്.)

പണ്ട് പ്രൈമറി ക്ലാസില്‍ മലയാളം പാഠപ്പുസ്തകത്തില്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍മ്മവരുന്നു. അതില്‍ ലേഖനകര്‍ത്താവ് നാവിനെയും പല്ലിനെയും പഴയ പല്ലുതേയ്ക്കല്‍ രീതികളെയും പറ്റിയൊക്കെ പ്രതിബാദിച്ച ശേഷം ഒരു വെല്ലുവിളി നടത്തുന്നു. പുതിയ ടൂത്ത് പേസ്റ്റ് സംസ്കാരം പഴയ മാവില, ഉമിക്കരി, ഉപ്പ് രീതികളെക്കാള്‍ മെച്ചമാണെന്നു തെളിയിയ്ക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് പല്ലും അടിച്ചു കൊഴിയ്ക്കാമെന്ന്.

Photo Sharing and Video Hosting at Photobucket

“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?” എന്നു ചോദിച്ചവര്‍ തന്നെ നാളെ ഇപ്രകാരം ചോദിച്ചേക്കാം.
“നിങ്ങളുടെ പേസ്റ്റില്‍ മാവിലയുണ്ടോ?”
“നിങ്ങളുടെ പേസ്റ്റില്‍ ഉമിക്കരിയുണ്ടോ?”

Monday, December 10, 2007

നയം

രാവുണ്യട്ടന്റെ കടയിലെ പറ്റ്, പിള്ളാരുടെ പഠിപ്പ്, അച്ചമ്മയുടെ മരുന്ന് തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങള്‍ തലക്കുചുറ്റും ഭ്രമണം നടത്തിതുടങ്ങിയപ്പോഴാണ് ഒരു പശുവളര്‍ത്തലിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. നാട്ടില്‍ കിട്ടുന്ന അല്ലറചില്ലറ പണികള്‍ ഒന്നിനും മതിയാകില്ലായിരുന്നു. രാവിലെ നാലു ലിറ്ററും വൈകുന്നേരം രണ്ടു ലിറ്ററും കിട്ടുന്ന ഒരെണ്ണത്തിനെ കണ്ടുവയ്ക്കുകയും ചെയ്തു. ബാങ്കുകാര് ലോണ്‍ തരാമെന്നും സമ്മതിച്ചു.

അപ്പോഴാണ് നാട്ടില്‍ ചില ബുദ്ധിജീവികള്‍ ഞാന്‍ മൂട്ട ഈച്ച ലോബികളുടെ ആളാണെന്നും കൊതുകു മാഫിയയുടെ പിന്തുണ എനിക്കുണ്ടെന്നും പറഞ്ഞു പരത്തിയത്. സത്യത്തില്‍ അന്നാണ് അങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടെന്നുതന്നെ ഞാനറിയുന്നത്.

ജീവിതത്തിനെക്കാള്‍ അഭിമാനത്തിനു വില കല്‍പ്പിച്ചിരുന്ന ഞാന്‍ അതോടെ ആ പദ്ധതി ഉപേക്ഷിച്ച് മുണ്ടു മുറുക്കിയുടുക്കാന്‍ ശീലിച്ചു.

Saturday, December 08, 2007

കഞ്ഞിയില്ലെങ്കിലെന്താ കോഴിയിറച്ചിയുണ്ടല്ലോ!

രണ്ടൂ മുട്ട -5 രൂ
ഒരു ഗ്ലാസ് പാല് -3 രൂ
‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------
മൊത്തം -8 രൂ(മിനിമം)

വിലകൂടിയ അരിയ്ക്ക് മാര്‍ക്കറ്റു വില 17/- (ഇന്നലെ കേട്ടതാണ്)
പോട്ടെ 20 രൂ എന്നു വയ്ക്കുക.
ഒരാള്‍ക്ക് 200ഗ്രാം അരി ധാരാളം. നാലുരൂപ.
ചമ്മന്തിയും അച്ചാറും കൂട്ടി ഒരു ഊണിന് 5 രൂപയില്‍ കൂടേണ്ടകാര്യമല്ല.

അതായത് പാവപ്പെട്ടവന്റെ ഊണിന് 5 രൂ(മാക്സിമം)

വിലക്കയറ്റം മൂലം ദുരിതം നേരിടുന്ന പാവങ്ങള്‍ക്ക് മന്ത്രിയുടെ നിഷ്കളങ്കമായ ഉപദേശം 5 രൂപയുടെ ഊണിന് നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ വേണ്ട. എട്ടുരൂപയുടെ പാലും മുട്ടയും കഴിയ്ക്കൂ. പോരെങ്കില്‍ കോഴിയിറച്ചിയും ആവാം. മലയാളിയുടെ ഭക്ഷ്യസംസ്കാരം മാറണമത്രെ. എന്തോരു ഭാവന...എന്റമ്മേ....

ബഹുമാനപ്പെട്ട മന്ത്രി അധ്യാപകവൃത്തി വെടിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയതാണു പോലും.
വിദ്യാര്‍ത്ഥികളുടെ ഭാഗ്യം. കാരണവന്മാരുടെ സുകൃതം.

സത്യത്തില്‍ രാധേയന്റെ അഭിപ്രായപ്രകടനങ്ങളിലൂടെയും മറ്റും CPI മന്ത്രിമാരെ പറ്റി നല്ലത് ചിന്തിച്ചു തുടങ്ങിയതായിരുന്നു.
ദാ കിടക്കുന്നു.( കഴിഞ്ഞയാഴ്ച വെളിയത്തിന്റെ പ്രസംഗം കേട്ടിരുന്നു.)

“അപ്പമില്ലെങ്കില്‍ എന്താ കേക്ക് കഴിയ്ക്കൂ” എന്നു പഴയൊരു ഫ്രഞ്ച് രാജ്ഞി.
അരിയില്ലെങ്കിലെന്താ കോഴിയിറച്ചി കഴിച്ചുകൂടേ എന്ന് ദിവാകരന്‍.

Wednesday, November 28, 2007

ഹോമിയോപ്പതിയും അവോഗാഡ്രോ നമ്പറും

ഹോമിയോപ്പതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. എന്റെ സംശയങ്ങളും അതേപോലെതന്നെ. ബൂലോഗത്തിലെ ചര്‍ച്ചകളിലെല്ലാം ഞാന്‍ അറിഞ്ഞിടത്തോളം കാര്യങ്ങള്‍ പറഞ്ഞ് ഹോമിയോപ്പതിയെ പിന്‍താങ്ങിയിരുന്നു. ഇന്നലെ കിരണ്‍ തോമസ് ഒരു യൂട്യൂബ് വീഡിയോ അയച്ചു തന്നിരുന്നു. അതിലെ പ്രധാന ആരോപണങ്ങള്‍ ഹോമിയോപ്പതിയുടെ ഫലസിദ്ധി വെറും പ്ലാസിബോ ഇഫക്ട് ആണെന്നും ഹോമിയോപ്പതിയിലെ പദാര്‍ത്ഥത്തിന്റെ ഡൈലൂക്ഷന്‍ അവോഗാഡ്രോ നമ്പറിനും അപ്പുറത്തായതിനാല്‍ ശാസ്ത്രീയമായി ഹോമിയോപ്പതി അസംബന്ധമാണെന്നുമായിരുന്നു.

രസതന്ത്രത്തിലോ ഭൌതീകശാസ്ത്രത്തിലോ എനിയ്ക്ക് ബിരുദമില്ല. ആകെയുള്ളത് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേക്ഷനിലെ ഒരു ബി.ടെക് ഡിഗ്രി. തീര്‍ച്ചയായും ഞാന്‍ പ്രീഡിഗ്രി വരെ പഠിച്ച് രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എനിയ്ക്ക് വിധിയെഴുതാം ഹോമിയോപ്പതി അസംബധമാണെന്ന്. ഡൈലൂഷന്‍ അവോഗാഡ്രോ നമ്പറിലും കൂടിയാല്‍ സൊലൂക്ഷനില്‍ പദാര്‍ത്ഥത്തിന്റെ ഒരു തന്മാത്രപോലും ഉണ്ടാവുകയില്ല എന്നും, ഇല്ലാത്ത പദാര്‍ത്ഥം ഉപയോഗിച്ച് രോഗം മാറിയാല്‍ അത് പദാര്‍ത്ഥത്തിന്റെ കഴിവല്ലെന്നും എനിയ്ക്കറിയാം. അഥവാ എനിയ്ക്ക് അത്രയേ അറിയൂ.

ഇന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഒരു തുണ്ട് വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോക്ഷമേയുള്ളൂ.

U.K ആസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ജേര്‍ണ്ണലായ ലാന്‍‌സെറ്റ് ആണ് August 27, 2005 ഇല്‍ ഹോമിയോപ്പതിയ്ക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിനെ പ്രധാനപ്പെട്ട ആരോപണം പദാര്‍ത്ഥത്തിന്റെ നേര്‍പ്പിയ്ക്കല്‍ അവോഗാഡ്രോ നമ്പറിലും കൂടൂന്നു എന്നുള്ളതായിരുന്നു.

Dr. Rustum Roy, Ph.D(distinguished material scientist from Penn State University) പറയുന്നു:-
“ജലത്തിന്റെ സ്വഭാവത്തിന് മാറ്റം വരണമെങ്കില്‍ അതില്‍ അന്യപദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിയ്ക്കക തന്നെ വേണമെന്നത് 19-ആം നൂറ്റാണ്ടിലെ പഴഞ്ചന്‍ തത്വമാണ്. അവോഗാഡ്രോ ലിമിറ്റ് എന്നത് ഹൈസ്കൂള്‍ നിലവാ‍രത്തിലുള്ള ഒരു വാദം മാത്രമാണ്. ഒരു മെറ്റീരിയല്‍ സയന്റിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇത്തരം വാദങ്ങള്‍ അര്‍ത്ഥശൂന്യങ്ങളാണ്. structure-property ബന്ധമാണ് എല്ലാറ്റിനും അടിസ്ഥാനം എന്നതാണ് materials-science ലെ അടിസ്ഥാന തത്വം. അതുകൊണ്ട് ജലത്തിന്റെ structureഉം അതുവഴി സ്വഭാവവും മാറ്റുവാന്‍ മറ്റനേകം രീതിയില്‍ കഴിയും.”

BARCയുടെ മെഡിക്കല്‍ അനലൈസര്‍
ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍ മുംബൈ മെഡിക്കല്‍ അനലൈസര്‍ എന്ന നൂതന ഉപകരണം രൂപകല്പനചെയ്തിട്ടൂണ്ട്(2004 ഇല്‍). ഇതുപയോഗിച്ച് ഹോമിയോപ്പതി മരുന്നുകള്‍ ശരീരത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളും രേഖപ്പെടൂത്തുവാന്‍ കഴിയുമത്രെ. J D Jindal ആയിരുന്നു ഇതിന്റെ ഡിപ്പാര്‍ട്ടുമെന്റ് കൊ-ഓര്‍ഡിനേറ്റര്‍.
അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍:-““Encouraged by the study on various parameters, the department took keen interest to look for significant changes in the autonomic response of the human body with homoeopathic medicines in higher dilution. We observed that significant changes occur in variability spectrum after the administration of the homeopathic medicines. Also the changes observed are different for different medicines.”

Central Council of Research in Homoeopathy ഒരു വര്‍ഷക്കാലത്തോളം മെഡിക്കല്‍ അനലൈസര്‍ ഉപയോഗിയ്ക്കുകയും BARC കണ്ടെത്തലുകളെ ശരിവയ്ക്കുകയും ചെയ്തിട്ടൂണ്ട്.

മറ്റൊരു പരീക്ഷണം
പശ്ചിമബംഗാളിലെ വിശ്വഭാരതിയൂണിവേര്‍സിറ്റിയില്‍ നടത്തില ഒരു പരീക്ഷണം ശ്രദ്ധിയ്ക്കൂ. 30C മുതല്‍ 1006C വരെ നേര്‍പ്പിച്ച ലായിനിയിലൂടെ അവര്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ കടത്തിവിട്ടു. എന്നിട്ട് കിട്ടുന്ന സ്പേക്ട്രത്തിന്റെ ഫൊറിയര്‍ ട്രാന്‍സ്ഫോം അവര്‍ പഠനത്തിന് വിധേയമാക്കി.(ഫൊറിയര്‍ ട്രാന്‍ഫോം സ്പെക്ടങ്ങളെ പഠിയ്ക്കുന്നതിനുള്ള ഗണിതശാസ്ത്രപരമായ ഒരു രീതിയാണ്.) അവര്‍ കണ്ടെത്തിയതെന്തെന്നാല്‍ ഈ ഫൊറിയര്‍ ട്രാന്‍സ് ഫോമുകള്‍ ലായകമായി ഉപയോഗിച്ച (ആല്‍ക്കഹോള്‍)വസ്തുവിന്റേതില്‍ നിന്നും വിഭിന്നമാണ് എന്നതാണ്.തന്നെയുമല്ല വിവിധ വീര്യത്തിലുള്ള ഒരേ മരുന്നുകള്‍ നല്‍കിയ സ്പേക്ട്രവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു.

30C എന്നു പറയുമ്പോള്‍ തന്നെ ലായനിയില്‍ മരുന്ന് ഉണ്ടാവണമെന്നു തന്നെയില്ല, അവോഗാ‍ഡ്രോ നമ്പറിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍. എന്നിട്ടും ലായനിയുടെ സ്വഭാവം മാറിയിരിയ്ക്കുന്നു. അതിനു കാരണമായി പറയുന്നത് ഹൈഡ്രജന്‍ ബോണ്ടിന്റെ ശക്തിയില്‍ വ്യത്യാസമുണ്ടായിരുന്നൂ എന്നുള്ളതാണ്.

Absence of Evidence is not Evidence of Absence. ക്വാണ്ടം ഫിസിക്സിസോ മെറ്റീരിയല്‍ സയന്‍സോ അതുപോലെയുള്ള ആധുനിക ശാസ്ത്രശാഖയോ ഹോമിയോപ്പതിയുടെ സുഖപ്പെടുത്തലിനെ പൂര്‍ണ്ണമായി വിശദീകരിച്ചേയ്ക്കാം.
അതിനു മുന്‍പേ നമ്മുടെ പരിമിതമായ അറിവു വച്ചുകൊണ്ട് നമ്മള്‍ എന്തിനു വിധിയെഴുതണം.

Wednesday, November 21, 2007

കണ്ണൂതുറന്ന നീതിദേവത

ഇത്രയും നാള്‍ കണ്ണുകെട്ടിയിരുന്ന നീതി ദേവത അതൊന്ന് അഴിച്ചാലെന്താണെന്നു ആലോചിച്ചു. ഒന്നു പരീക്ഷീയ്ക്കുകതന്നെ.

ഒന്നാം പ്രതി ഒരു സ്ഥിരം കള്ളനായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഒരു പണച്ചാക്കിന്റെ വീട്ടില്‍ നിന്നും രാത്രി അലമാര കുത്തിത്തുറന്ന് സ്വര്‍ണ്ണപ്പണ്ടങ്ങള്‍ മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. എത്ര തങ്കപ്പെട്ട കള്ളന്‍. കള്ളനാണെങ്കിലും അവര്‍ സത്യം സമ്മതിച്ചുവല്ലോ. സത്യസന്ധന്‍. ദേവതയ്ക്ക് അവനോട് ബഹുമാനം തോന്നി.

ആട്ടെ എന്തിനാണ് നീ മോഷ്ടിച്ചത്? ദേവത ചോദിച്ചു.
വീട്ടിലെ ദയനീയ സ്ഥിതി അവര്‍ സത്യസന്ധമായി അവതരിപ്പിച്ചു.
തനിയ്ക്ക് സ്ഥിരമായി ഒരു വരുമാനമില്ലെന്നും അവനുണര്‍ത്തിച്ചു.

കഷ്ടം! നീതി ദേവതയ്ക്ക് അവനോട് അനുകമ്പ തോന്നി. സര്‍ക്കര്‍ സര്‍വ്വീസില്‍ അവന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ഒരു ജോലി കൊടുക്കാന്‍ ദേവത വിധിച്ചു.

രണ്ടാം പ്രതി ഒരു വിദ്യാര്‍ത്ഥിയായിരുന്നു.
പരീക്ഷയില്‍ കോപ്പിയടിച്ചതാണ് കുറ്റം.
പരീക്ഷയുടെ തലേന്ന് കരണ്ടു പോയിരുന്നത്ര. അതിനാല്‍ പഠിയ്ക്കാന്‍ പറ്റിയില്ല പോലും.
അവനെയും ദേവത കുറ്റവിമുക്തനാക്കി.

.......ബാക്കി നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിച്ചു കൊള്ളുക

Tuesday, November 20, 2007

വെളിച്ചെണ്ണയും അച്യുതാനന്ദനും

വെളിച്ചെണ്ണയാണോ പാമോയിലാ‍ണോ ആരോഗ്യത്തിന് നല്ലത് എന്നകാര്യത്തിലെ തര്‍ക്കം പരിഹരിയ്കാനുള്ള വിവരം തല്‍ക്കാലം എനിയ്ക്കില്ല. രുചിയുടെ കാര്യത്തില്‍ വെളിച്ചെണ്ണയെ ആരും തോല്പിയ്ക്കാന്‍ വളര്‍ന്നിട്ടില്ലാ എന്ന ചിന്ത എന്റെ ഇഷ്ടങ്ങളുടെ ഭാഗമാവാം. എന്തുകൊണ്ടും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വര്‍ദ്ധിയ്ക്കുണമെന്നു തന്നെയാണ് ഒരു കേരകര്‍ഷക കുടുംബാംഗമായ എന്റെ വ്യക്തിപരമായ ആഗ്രഹം.

പ്രശ്നം അതല്ല. പാമോയില്‍ ഇറക്കുമതി തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേചെയ്ത ജഡ്ജിയെ അച്ച്യുതാനന്ദന്‍ അതിരൂക്ഷമാ‍യി വലിച്ചുനീട്ടിത്തന്നെ വിമര്‍ശിച്ചിരിയ്ക്കുന്നു.

തന്റെ മുന്നില്‍ വന്ന വസ്തുതകളെ പരിഗണിച്ച് ഭരണഘടനയ്ക്കനുസൃതമായി ഒരു തീര്‍പ്പുണ്ടാക്കുകയാണ് ജഡ്ജി ചെയ്യുന്നത്. അദ്ദേഹത്തെ വിമര്‍ശിച്ചത് ശരിയാണെന്ന് എനിയ്ക്കു തോന്നുന്നില്ല. അതേ സമയം പാമോയില്‍ ഇറക്കുമതി ചെയ്യുണോ വേണ്ടയോ എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ തീരുമാനമാണെന്നുള്ളതിലും തര്‍ക്കമില്ല.

എന്റെ സംശയം ഇതില്‍ സാധാരണക്കാരനു ഗുണം ഏതാണ്?

കേരളീയന്റെ നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയ്ക്ക് മാസങ്ങള്‍ക്കുമുന്‍പ് എണ്‍പതു രൂപയ്ക്ക അടുത്തായിരുന്നു വില. അത് നാല്പത്തി അഞ്ചോളമായി കുറഞ്ഞു. തേങ്ങയുടെ വില ഏഴുരൂപയില്‍ നിന്നും നാലുരൂപയുമായി.

ഇതുതന്നെയല്ലേ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നല്ലത്?
ഇതിനെ വിമര്‍ശിയ്ക്കുന്ന അച്യുതാനന്ദന്‍ ആരുടെ പക്ഷമാണ് പിടിയ്ക്കുന്നത്?
സാധാരണക്കാരന്‍ പത്തുരൂപമുടക്കി തേങ്ങയും നൂറുരൂപമുടക്കി വെളിച്ചെണ്ണയും വാങ്ങണനെന്നാണോ അദ്ദേഹം ആഗ്രഹിയ്ക്കുന്നത്?
(ഇത് ഇന്നലെ അദ്ദേഹത്തിന്റെ പ്രസംഗം ടി.വി യില്‍ കേട്ടപ്പോള്‍ തോന്നിയ സംശയം മാത്രം.)

Monday, November 19, 2007

ഇതും കേരളം

“അവരെന്നെ എത്രെവേണമെങ്കിലും തല്ലിക്കോട്ടെ. പക്ഷേ പട്ടിക്കുകൊടുത്ത ഇറച്ചിയുടെ ബാക്കി തീറ്റിച്ചതെന്തിനാ”- കിങ്ങിണി. കിങ്ങിണി എന്ന ബാലികയെ പട്ടിയുടെ എച്ചില്‍ തീറ്റിച്ചത് മധ്യതിരുവിതാംകൂറിലെ ഒരു വീട്ടമ്മയാണത്രെ.

ബാലവേല ചെയ്യുവാന്‍ നിര്‍ബന്ധിയ്ക്കപ്പെടുന്ന സാഹചര്യമുണ്ടാവാം കിങ്ങിണിയെ പോലുള്ളവര്‍ക്ക്. നിങ്ങള്‍ അവരെ സഹായിക്കണമെന്നോ അവര്‍ക്ക് വിദ്യാഭാസം നല്‍കണമെന്നോ ആരും ആവശ്യപ്പെടുന്നില്ല അവര്‍ അത് അര്‍ഹിക്കുന്നെങ്കിലും. പക്ഷേ അവരോട് അല്പം മാന്യമായി പെരുമാറിക്കൂടെ?

ഇരകളാകുന്നു ഈ ബാല്യങ്ങള്‍-മാതൃഭൂമിയിലെ ലേഖനം

Monday, November 12, 2007

ഞാനും ലിനക്സിലേയ്ക്ക്...

ഞാന്‍ ഒരിക്കലും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ക്ക് എതിരായിരുന്നില്ല. അതേ സമയം സ്വതത്രസോഫ്റ്റ്വെയറുകളോട് ബഹുമാനമുണ്ടായിരുന്നു താനും. രണ്ടും രണ്ടൂതരം ആശയങ്ങളും രണ്ടു തരം ബിസിനസും എന്ന ചിന്താഗതിയാണ് എനിക്കിപ്പോഴും ഉള്ളത്. രണ്ടിനും അതതിന്റേതായ ഗുണങ്ങളും ദോഷങ്ങളും അതതിന്റേതായ സൌകര്യങ്ങളും.

കോളേജില്‍ ലിനക്സായിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ലിനക്സ് എന്നെ സംബന്ധിച്ചിടത്തോളം അത്രകണ്ട് അപരിചിതമായ ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ പലരെയും പോലെ ഞാനും വിന്‍‌ഡോസിന്റെ വഴിയിലായിരുന്നു. എന്തുകൊണ്ട് ഞാന്‍ വിന്‍ഡോസ് ഉപേക്ഷിക്കുന്നു എന്നത് മറ്റൊരു പോസ്റ്റാക്കാം എന്നു വിചാരിയ്ക്കുന്നു.

പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യനാണ് ചന്ദ്രശേഖരന്‍ നായര്‍. പത്താം ക്ലാസ് മാത്രം ഔദ്യോഗികവിദ്യാഭ്യാസമുള്ള ഈ കര്‍ക്ഷകനെ ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്നജോലികളുമുള്ള പലര്‍ക്കും മാതൃകയാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് പലപ്പോഴും വിയോജിപ്പുകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ പഠിയ്ക്കുവാനുള്ള മനസിനെ എനിയ്ക്ക് മാനിയ്ക്കാതിരിയ്ക്കാനാവില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തിലുള്ള ബഹുഭൂരിപക്ഷം മലയാളികളും വിമുഖതയോടെ മാത്രം കാണുന്ന കമ്പ്യൂട്ടറിന്റെ സാധ്യതകളെ അത്രകണ്ട് അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്, ഒരുപക്ഷേ എന്റെ കാലഘട്ടത്തിലുള്ളവരെക്കാള്‍. ലിനക്സിലേയ്ക്കുള്ള എന്റെ കൂടുമാറ്റത്തിന് അദ്ദേഹമായിരുന്നു എന്റെ പ്രജോദനം. ബെറിലിന്റെ വിഷ്വന്‍ ഇഫ്ക്ടുകള്‍ എന്നെ ആകര്‍ക്ഷിയ്ക്കുകയും ചെയ്തു.

ലിക്സിലേയ്ക്ക് മാറണം എന്നു ഞാന്‍ ആഗ്രഹിച്ച സമയത്താണ് മുംബൈയില്‍ നിന്നുള്ള എന്റെ സുഹൃത്ത് പ്രകാശ് എനിയ്ക്ക് ഒരു ഉബുണ്ടു സി.ഡി തന്നത്. അന്നുതന്നെ ഞാന്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്ടുകളും മറ്റും ക്രമീകരിയ്ക്കാന്‍ ആരംഭിയ്ക്കുകയും ചെയ്തു. ഇന്നലെയാണ് എന്റെ ഉദ്യമങ്ങള്‍ ഏകദേശം പൂര്‍ത്തിയായത്. ഞാന്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളും എപ്രകാരം തരണം ചെയ്തൂ എന്നതും പോസ്റ്റാക്കണം എന്നു വിചാരിയ്ക്കുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ. ഈ സംരംഭത്തില്‍ എന്നെ സഹായിച്ച ഏവൂരാനും, സുറുമയ്ക്കും smc-discuss ലെ അനിവറിനും ശ്യാമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Saturday, November 10, 2007

ഉബുണ്ടു ഫോണ്ട് സഹായാംബൂലോഗത്തിലെ പുലികളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

ഞാന്‍ ഉബുണ്ടു 7.04 ആണു ഉപയോഗിക്കുന്നത്.ബ്രൌസര്‍ ഫയര്‍ഫോക്സ്.ഇതില് മലയാളം ഫോണ്ട് ശരിയായി വരുന്നില്ല.
ഞാന് അന്‍ജലി ഓള്ഡ് ലിപി ഇന്സ്ടാള് ചെയ്തിട്ടുണ്ട്.

:~$fc-list|grep Anjali
AnjaliOldLipi:style=Regular

സ്വനലേഖയും മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്തു. വായിക്കാന്‍ പറ്റുന്നതിലും നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. എന്നാലും ചില്ലറ പ്രശശ്നങ്ങള്‍ ഇല്ലാതില്ല. സ്ക്രീന്‍ ഷോട്ട് നോക്കുക.
ഞാന്‍ എന്താണു ചെയ്യേണ്ടത്?

Monday, September 03, 2007

ഹോമിയോപ്പതി വിവാദങ്ങള്‍- ജോസഫ് ആന്റണിയുടെ ബ്ലോഗിനെ അടിസ്ഥാനപ്പെടുത്തി ചില ചിന്തകള്‍

ഹോമിയോപ്പതി എന്ന ചികിത്സാസമ്പ്രദായത്തെക്കുറിച്ച് ആധികാരികമായിപ്പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും ഹോമിയോപ്പതി ഒരു കപടശാസ്ത്രമാണ് എന്ന വാദം സമ്മതിച്ചുകൊടുക്കുവാന്‍ മനസ്സുവരുന്നില്ല. ജോസഫ് ആന്റണി തന്റെ ലേഖനപരമ്പര അവസാനിപ്പിക്കുന്നത് തന്റെതന്നെ അനുഭവക്കുറിപ്പുകളോടെയാണ്. അതുകൊണ്ട് ഞാന്‍ എന്റെ അനുഭവക്കുറിപ്പുകളോടെ ലേഖനം ആരംഭിക്കുന്നു.

എന്റെ അനുഭവങ്ങള്‍
കുട്ടിക്കാലത്ത് ഒരു ആറാംക്ലാസുവരെ ഒരു അലോപ്പതി ഡൊക്ടറെയും (ഈ പദപ്രയോഗത്തോട് വൈമുഖ്യമുള്ളവര്‍ ക്ഷമിക്കുക, സൌകര്യം കൊണ്ടുമാത്രം ഉപയോഗിക്കുന്നു.)കണ്ടതായി ഓര്‍മ്മയില്ല, ഒരിക്കല്‍ ഒഴിച്ച്. ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയില്‍ ഉണ്ടായിരുന്ന KNG പിള്ള എന്ന ഹോമിയോപ്പതി ഡോക്ടറായിരുന്നു എന്നെ ചികിത്സിക്കാറുണ്ടായിരുന്നത്. എന്റെ വല്യപ്പന്‍(അമ്മയുടെ പിതാവ്) KNG പിള്ളയെ ആയിരുന്നു സന്ദര്‍ശിക്കാറുണ്ടായിരുന്നത്. ഇത് KNG പിള്ളയുടെ മരണം വരെ തുടരുകയും ചെയ്തു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ ചികിത്സയില്‍ അപാകത ഞങ്ങള്‍ക്കോ അദ്ദേഹത്തിന്റെ മറ്റുകസ്റ്റമേഴ്സിനോ തോന്നിയതായി അറിവില്ല.

ഇനി ഒരിക്കല്‍ ഒഴിച്ച് എന്ന് ഞാന്‍ പരാമര്‍ശിച്ച സംഭവത്തിലേയ്ക്ക് വരാം. നാലാം ക്ലാസില്‍ ഞാന്‍ പഠിക്കുന്ന സമയത്ത് ദേഹമാസഹലം കരപ്പന്‍ പോലെ വൃണങ്ങള്‍ വന്നു. അത് വീട്ടിലെല്ലാവര്‍ക്കും ഭാഗികമായി പകരുകയും ചെയ്തു. അന്നും KNG പിള്ളയെ ചെന്നുകണ്ടു. ഹോമിയോപ്പതിയുടെ തത്വപ്രകാരം ഈ രോഗലക്ഷണങ്ങള്‍ ശരീരം എന്തിനെയോ പുറന്തള്ളൂവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. ഈ രോഗലക്ഷണങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന മരുന്നുകളാണ് അവര്‍ നല്‍കുക. അതിന്റെ ഫലമായി വൃണങ്ങള്‍ പൊട്ടുവാന്‍ തുടങ്ങി. അതായത് വൃണങ്ങള്‍ പൊട്ടാനുള്ള മരുന്നാണ് നല്‍കിയത് എന്നര്‍ത്ഥം. (ആയുര്‍വേദത്തിലും ഏതാണ്ടിതേ രീതി പ്രയോഗിക്കാറുണ്ട്). മരുന്നുകഴിക്കാതെതന്നെ വൃണങ്ങള്‍ പൊട്ടുമായിരുന്നേനേ എന്ന വാദത്തിന്റെ പ്രസക്തിയുടെന്നു തോന്നുന്നില്ല. മരുന്നുകഴിക്കുന്നുന്നതിനു മുന്‍പും പിന്‍പും ഉള്ള വ്യത്യാസങ്ങള്‍ ഏറെക്കുറെ പ്രകടമായിരുന്നു എന്നാണ് ഓര്‍മ്മ. (ഞങ്ങള്‍ക്ക് സ്കൂള്‍ ദിവസം നഷ്ടമായിക്കൊണ്ടിരുന്നു. വൃണങ്ങള്‍ പൊട്ടി എന്നതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാ‍യില്ല. ഒടിവില്‍ KNG പിള്ളയെ ഉപേക്ഷിച്ക് ഞങ്ങള്‍ ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണുകയായിരുന്നു.)

എന്റെ അറിവനുസരിച്ച് വൃണങ്ങള്‍ക്ക് ഹോമിയോമരുന്നു കഴിച്ചാല്‍ അത് പൊട്ടാന്‍ തുടങ്ങും. ഈ രീതി ശരിയോ തെറ്റോ എന്നത് അവിടെ നില്‍ക്കട്ടെ. ഡോക്ടര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഫലം- ഇവിടെ അത് വൃണങ്ങളെ പൊട്ടിയ്ക്കുക എന്നതാണ്- നല്‍കുവാന്‍ മരുന്നിനു കഴിയുന്നെങ്കില്‍ ഹോമിയോമരുന്ന് ഫലശൂന്യമാണ് എന്നു പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്.

ഞങ്ങളുടെ വീടിനടുത്ത് ഒരു കുട്ടിയ്ക്ക് വയറിളക്കം പിടിപെട്ടു. കുട്ടീയ്ക്ക് പ്രായം ഒരുവയസില്‍ താഴെ മാത്രം. അടുത്തുള്ള പ്രശസ്തമായ പ്രൈവറ്റ് ഹോസ്പിറ്റലില്‍(അലോപ്പതി) ചികിസ്തിച്ചിട്ട് ഒരു വ്യത്യാസവും ഉണ്ടാ‍യില്ല എന്നു തന്നെയല്ല കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലുമായി. എന്റെ അമ്മയാണ് പരിചയത്തിലുള്ള ഹോമിയോഡോക്ടടെ നിര്‍ദ്ദേശിച്ചത്. ചികിത്സ ഇപ്രകാരമായിരുന്നു അന്നന്നേയ്ക്കുള്ള മരുന്നു മാത്രം തരും. ഓരോ ദിവസവും ചെന്ന് വിവരം പറഞ്ഞ് മരുന്നു വാങ്ങണം. ഒരാഴ്ചകൊണ്ട് കുട്ടി സുഖം പ്രാപിച്ചു. ഇത് അമ്മ പറഞ്ഞ സംഭവം. ഒന്നാമത്തെ ദിവസവും രണ്ടാമത്തെ ദിവസവും കൊടുക്കേണ്ട മരുന്ന് ഒരേമരുന്നല്ലാത്തതുകൊണ്ടാണല്ലോ ദിവസവും വിവരം പറഞ്ഞ മരുന്ന് വാങ്ങാന്‍ പറഞ്ഞത്. വിശ്വാസത്തെ മാത്രം മുതലെടുത്തു നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണെങ്കില്‍ എന്തിന് വ്യത്യാസമുള്ള മരുന്ന്? എട്ടും പൊട്ടും തിരിയാത്ത കൊച്ചിന് എന്തു വിശ്വാസം?

ശരീ‍രത്തിന്റെ സ്വയം സുഖപ്പെടുത്തല്‍
ശരീരത്തിനു സ്വന്തമായി ഒരു ചികിത്സാസമ്പ്രദായമുണ്ടെന്നും രോഗലക്ഷണങ്ങള്‍ ഇത്തരം ചികിത്സയുടെ ഭാഗമാണെന്നും ഹോമിയോയില്‍ വിശ്വസിക്കപ്പെടുന്നു. അതാവട്ടെ തെറ്റല്ലതാനും.
“പനി ഇത്തരത്തില്‍ ഒരു സ്വയം സുഖപ്പെടുത്തല്‍ ശ്രമത്തിന്റെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്. സാധാരണഗതിയില്‍ വൈറസ് ബാക്ടീരിയ അണുബാധകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. ഇത്തരം അണുബാധകളെ ശരീരം പനി ഉണ്ടാക്കിക്കൊണ്ട് നേരിടുകയാണെന്ന് ഫിസിയോളജിസ്റ്റ് ആയ Matthew Kluger ഉം സഹപ്രവര്‍ത്തകരും University of Michigan Medical School ഇല്‍ വച്ച് കാണിക്കുകയുണ്ടായി. പനി ഉള്ള അവസ്ഥയില്‍ കൂടുതല്‍ interferon (വൈറസിനെതിരെയുള്ളത്) ഉത്പാദിപ്പിക്കപ്പെടുകയും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം വേഗത്തിലാവുകയും ചെയ്യും. ഇത് ഇന്‍ഫെക്ഷനെ ചെറുക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.”
“ചുമ ശ്വാസനാളത്തെ ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി പണ്ടൂമുതലേ തന്നെ അറിയപ്പെട്ടിട്ടുള്ളതാണ്. കുടലില്‍ നിന്നും അണുക്കളെയും പ്രശ്നപദാര്‍ത്ഥങ്ങലെയും പുറന്തള്ളുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമായി വയറിളക്കത്തെ കാണാം. മൃത കോശങ്ങളെയും ബാക്ടീരിയയെയും ഒക്കെ പുറന്തള്ളുന്നതിന്നുള്ള സംവിധാനമാണ് പഴുപ്പ്.”
ശരീരത്തിന്റെ ഈ ചികിത്സാപദ്ധതിയെ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതിയില്‍ ചെയ്യുന്നത്.

ജോസഫ് ആന്റണിയുടെ അനുഭവങ്ങള്‍
ജോസഫ് ആന്റണിയുടെ ലേഖനത്തില്‍ തന്നെ കൈമുട്ടിലെ മുഴ തനിയെ അപ്രത്യക്ഷമായ സംഭവം പറയുന്നുണ്ട്. ഇത് ഒരു പക്ഷേ ശരീരത്തിന്റെ ചികിത്സയുടെ ഭാഗമായി സംഭവിച്ചതാവാം. ഹോമിയോമരുന്നു ഈ ചികിത്സയെ ഉദ്ദീപിപ്പിക്കുക മാത്രമേ ചെയ്യൂ. അതുകൊണ്ട് ഹോമിയോ മരുന്നു കഴിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ വഞ്ചിതരായിരുന്നേനേ എന്ന രീതിയിലുള്ള ചിന്താഗതികള്‍ക്ക് അടിസ്ഥാനമില്ല.

ജോസഫ് ആന്റണി പറയുന്ന മറ്റൊരു കഥ ട്രെയിനില്‍ യാത്രചെയ്യുന്ന ഒരു ഹോമിയോഡോക്ടറുടേതാണ്. “താന്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അപേക്ഷാഫോറത്തില്‍ 'ഡോക്ടര്‍' എന്ന്‌ വെയ്‌ക്കാറില്ല എന്നാണ്‌ അദ്ദേഹം തുറന്നെഴുതിയത്‌. കാരണം, ട്രെയിനില്‍ വെച്ച്‌ ഏതെങ്കിലും യാത്രക്കാരന്‌ നെഞ്ചുവേദനയോ ഹൃദയസ്‌തംഭനമോ വന്നാല്‍ തന്റെ പക്കല്‍ അതിന്‌ പരിഹാരമൊന്നുമില്ല- ആ ഡോക്ടര്‍ എഴുതി. ” ഇത് യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി എന്ന ചികിത്സാ സമ്പ്രദായത്തിന്റെ പരിമിതിയാണ്. രോഗലക്ഷണങ്ങള്‍ ശരീരത്തിന്റെ ചികിത്സയുടെ ഭാ‍ഗമാണെങ്കില്‍ ആ‍ രോഗലക്ഷണങ്ങളെ ഉദ്ദീപിപ്പിച്ച് ശരീരത്തിന്റെ ചികിത്സാരീതിയെ നിയന്ത്രിച്ച് ഉദ്ദേശിച്ചരീതിലുള്ള രോഗശമനം സാധ്യമാക്കുകയാണ് ഹോമിയോപ്പതിയില്‍ സംഭവിക്കുന്നത്. ഹൃദയസ്തംഭനം പോലെ ഏതെങ്കിലും ഭാഗത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നത് ശരീരത്തിന്റെ സ്വയം സുഖപ്പെടൂത്തലിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ അതിന് ഹോമിയോപ്പതിയുടേതായ ചികിത്സയും കാണില്ല.

ചികിത്സയില്ല എന്ന് ആധുനികവൈദ്യശാസ്ത്രം വിധിയെഴുതുന്ന പലതും ചികിത്സിയ്ക്കാം എന്ന് ഹോമിയോപ്പതി അവകാശപ്പെടുന്നത് ശരീരത്തിന്റെ സ്വയം സുഖപ്പെടുത്തലിലുള്ള വിശ്വാസം കൊണ്ടായിരിക്കണം. കണ്ടുപിടീക്കപ്പെട്ടിട്ടൂള്ളതോ ഇല്ലാത്തതോ ആയ ഏതസുഖത്തിന്റെയും രോഗലക്ഷണങ്ങള്‍ ശരീരത്തിന്റെ ചികിസ്താസമ്പ്രദാ‍യത്തിന്റെ ഭാഗമാണെങ്കില്‍ അത്തരത്തിലുള്ള രോഗലക്ഷണങ്ങളെ ഉദ്ദീപിപ്പിച്ച് നിയന്ത്രിച്ച് രോഗത്തില്‍നിന്ന് മുക്തിനേടാം എന്ന ഹോമിയോപ്പതിയുടെ തത്വശാസ്ത്രം അത്രയ്ക്ക് യുക്തിക്കു നിരക്കാത്തതാണോ?

ഹോമിയോപ്പതി ശാസ്ത്രീയമോ?
ശരീരത്തിന്റെ അസന്തുലിതാവസ്ഥയുടെ പ്രതീകങ്ങളായി രോഗലക്ഷണങ്ങളെ കാണുന്നതിനു പകരം രോഗലക്ഷണങ്ങളെ ശരീരത്തെ സുഖപ്പെടുത്താനും സംരക്ഷിക്കുവാനുമുള്ള ശരീരത്തിന്റെ ശ്രമങ്ങളായാണ് രോഗലക്ഷണങ്ങളെ ഹോമിയോപ്പതി മനസ്സിലാക്കുന്നത്.
മുകളില്‍ ഞാന്‍ പറഞ്ഞ പനി ചുമ വയറിളക്കം എന്നീ ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. ആധുനിക വൈദ്യശാസ്ത്രം ഈ രോഗലക്ഷണങ്ങളെ ശമിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. പനിയില്‍ ശരീരതാപനില ഉയര്‍ത്തി രോഗകാരണങ്ങളായ അവസ്ഥകളോട് ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനം പോരാടുകയാണ് എന്നിരിക്കെ Antipyretic മരുന്നുകള്‍ ഉപയോഗിച്ച് ശരീരതാപനില കുറയ്ക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ രീതി ശാസ്ത്രീയമാണോ?. അതിനു ശേഷം ബാക്ടീരിയാകളെ നശിപ്പിക്കാന്‍ ആന്റീബയോട്ടിക്കുകള്‍ കഴിക്കേണ്ടിയും വരും. ഹോമിയോപ്പതിയില്‍ ഈ രോഗലക്ഷണങ്ങളെ നിയന്ത്രിക്കുകയും രോഗപ്രതിരോധസം‌വിധാനങ്ങളെ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഇതുതന്നെയാണ് “law of similars”
എന്നറിയപ്പെടുന്നത്. സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിവുള്ള മരുന്നുകള്‍ സേവിക്കുകവഴി രോഗത്തെ സുഖപ്പെടുത്തുന്ന രോഗലക്ഷണളെ സഹായിക്കുകയും അതുവഴി രോഗത്തിന് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇവിടെ ചികിത്സിയ്ക്കുന്നത് യഥാര്‍ത്ഥത്തില്‍ ശരീരം തന്നെയാണ്. അതിനു സഹായകമായ സാഹചര്യം ഒരുക്കുക മാത്രമാണ് ഹോമിയോ മരുന്നു ചെയ്യുന്നത്.

“നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവ്‌ ആര്‍ക്കെല്ലാം മുതലെടുപ്പിനും പണമുണ്ടാക്കാനും മാര്‍ഗ്ഗമാകുന്നു അല്ലേ. ” ജോസഫ് ആന്റണിയുടെ ലേഖനം സമാപിക്കുന്നത് ഇങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവിനെ പ്രയോജനപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്.

കള്ളനാണയങ്ങള്‍ എല്ലായിടത്തുമുണ്ട്. ഹോമിയോപ്പതിയിലും. ഹോമിയോപ്പതിയ്ക്ക് പരിമിതികളും ഉണ്ട്. പക്ഷേ അതിന്റെ അടിസ്ഥാനത്തില്‍ ഒരു വൈദ്യശാസ്ത്രശാഖയെ തള്ളിപ്പറയുന്നത് ന്യായമാണോ? ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെക്കുറിച്ച് എന്റെ
ഹോമിയോപ്പതി-ആധുനിക കാഴ്ചപ്പാടുകള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടൂണ്ട്.
കഴിയുമെങ്കില്‍ വായിക്കുക

“വര്‍ഷങ്ങളായി എന്റെ കുടുംബത്തില്‍ ഹോമിയോ ചികിത്സയാണ് ചെയ്യുന്നത്. ഇതു വരെ കുറ്റമൊന്നും തോന്നിയിട്ടില്ല, അതു കൊണ്ട് തന്നെ പലരോടും പല അസുഖങ്ങള്‍ക്കും റെഫര്‍ ചെയ്യാറുണ്ട്.”- സിജൂ

Tuesday, June 12, 2007

ന്യൂനപക്ഷങ്ങളും ഭരണഘടനയും.

ന്യൂനപക്ഷം എന്ന വാക്കിനെ ഭരണഘടന നിര്‍വ്വചിക്കുന്നില്ലെങ്കിലും ഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ അവയെ പരാമര്‍ശിയ്ക്കുകയും അവയുടെ അവകാശങ്ങളെ വിശദമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭരണഘടന രണ്ടുതരത്തിലുള്ള അവകാശങ്ങളാണ് മുന്‍പോട്ടുവയ്ക്കുന്നത്. common domain നില്‍ വരുന്ന അവകാശങ്ങള്‍ രാജ്യത്തെ എല്ലാപൌരനും ഉള്ളതുപോലെതന്നെ മൈനോറിറ്റിയിലെ പൌരനും ഉള്ളതാണ്. separate domain ഇല്‍ പെടുന്ന അവകാശങ്ങള്‍ മൈനോറിറ്റിയ്ക്കൂമാത്രമായി നല്‍കിയിരിക്കുന്നു.

മൈനോറിറ്റികളുടെ അവകാശങ്ങള്‍
1. ഏതൊരു പൌരവിഭാഗത്തിനും അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയെ സംരക്ഷിയ്ക്കാനുള്ള അവകാശമുണ്ട്[Article 29(1)].
2. സംസ്ഥാനഗവര്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ഏതൊരു വിദ്യാഭ്യാസസ്ഥാപനത്തിലും മത-വര്‍ണ്ണ-ജാതി-ഭാഷ ഇവയുടെ അടിസ്ഥാനത്തിന്‍ ഒരു പൌരനും പ്രവേശനം നിഷേധിയ്ക്കപ്പെടാന്‍ പാടില്ലാത്തതാകുന്നു [Article 29(2)].
3.ഏതൊരു മത-ഭാഷാ മൈനോറിറ്റിയ്ക്കും സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍മ്മിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും അവകാശമുണ്ട് [Article 30(1)].
4. മൈനോറിറ്റികള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതും സര്‍ക്കാര്‍ സഹായം ലഭിക്കുന്നതുമായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളോട് സംസ്ഥാനം വിവേചനം കാണിക്കരുത് [Article30(2)].
5. ഒരു സംസ്ഥാനത്ത് ഒരു പ്രത്യേകഭാഷസംസാരിയ്ക്കുന്നവര്‍ക്കുള്ള പ്രത്യേക പരിരക്ഷകള്‍[Article 347].
6. മാതൃഭാഷയിലുള്ള പ്രാഥമികവിദ്യാഭ്യാസം[Article 350 A].
7. ഭാഷാമൈനോറിറ്റികള്‍ക്കായുള്ള Special Officer ഇന്റെ കടമകള്‍[Article 350 B].
8. സിഖുമതവിശ്വാസികള്‍ക്ക് കൃപാണ്‍ ധരിയ്ക്കാനുള്ള അവകാശം[Explanation 1 below Article 25] .

ദേശീയന്യൂനപക്ഷകമ്മീഷന്റെ വെബ് സൈറ്റ്

Wednesday, March 14, 2007

ഹോമിയോപ്പതി-ആധുനിക കാഴ്ചപ്പാടുകള്‍

(Dana Ullman, M.P.H. ന്റെ A Modern Understanding of Homeopathic Medicine എന്ന ലേഖനത്തിനത്തെ അടിസ്ഥനപ്പെടുത്തിയത്)

ഹോമിയോപ്പതി ശാസ്തീയമല്ലെന്നും ആധുനിക വൈദ്യശാസ്ത്രം മാത്രമാണു ശരിയെന്നുമുള്ള വാദങ്ങള്‍ പലഭാഗത്തുനിന്നും ഉയരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതിയെക്കുറിച്ചുള്ള ചില അറിവുകള്‍ പങ്കുവയ്കുന്നത് എന്തുകൊണ്ടും നല്ലതായിരുക്കും.

ശരീരത്തിനു സ്വന്തമായി ഒരു ചികിത്സാ പദ്ധതിയുണ്ട്. ശരീരത്തിന്റെ ഈ കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഹോമിയോപ്പതി. രോഗങ്ങളെ സുഖപ്പെടുത്തുവാനുള്ള ശരീരത്തിന്റെ കഴിവിനെ ഉദ്ദീപിക്കുന്ന മരുന്നുകളാണ് ഹോമിയോപ്പതിയില്‍ പൊതുവെ നല്‍‌കുന്നത്. ഓരോ രോഗിയുടെയും ശാരീരിക, മാനസിക, വൈകാരിക ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി മരുന്നുകളെ നിശ്ചയിക്കപ്പെടുന്നു. ഹോമിയോ മരുന്നുകള്‍ സുരക്ഷിതമാണെന്നും പുതിയതും പഴയതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ രോഗങ്ങള്‍ക്കെല്ലാം ഹോമിയോപ്പതി ഫലപ്രദമാകുമെന്നും ഹോമിയൊപ്പതി വിദഗ്ദര്‍ വാദിക്കുന്നു.


രോഗലക്ഷണങ്ങളും ഹോമിയോപ്പതിയും

പൊതുവെ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഡോക്ടര്‍മാരും രോഗികളും രോഗലക്ഷണങ്ങളെ രോഗമായി കണക്കാക്കുകയും രോഗലക്ഷണങ്ങളെ ഭേദമാക്കുന്നതിലൂടെ രോഗത്തെയും ഭേദമാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. ശരീരത്തിന്റെ അസന്തുലിതാവസ്ഥയുടെ പ്രതീകങ്ങളായി രോഗലക്ഷണങ്ങളെ കാണുന്നതിനു പകരം രോഗലക്ഷണങ്ങളെ ശരീരത്തെ സുഖപ്പെടുത്താനും സംരക്ഷിക്കുവാനുമുള്ള ശരീരത്തിന്റെ ശ്രമങ്ങളായാണ് രോഗലക്ഷണങ്ങളെ ഹോമിയോപ്പതി മനസ്സിലാക്കുന്നത്.

ഇത്തരത്തിലുള്ള ചില ഗവേഷണങ്ങളെക്കുറിച്ച് ഉള്‍മാന്‍ തന്റെ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
1942ഇല്‍ Walter B. Cannon എന്ന ഒരു ഡോക്ടര്‍ The Wisdom of the Body(ശരീരത്തിന്റെ യുക്തി) എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. വൈദ്യശാസ്ത്രത്തിലെ ക്ലാസിക്കുകളിലൊന്നായ ഈ ഗ്രന്ഥത്തില്‍ ശരീരത്തിന്റെ സങ്കീര്‍ണ്ണവും അത്ഭുതാവഹവുമായ സ്വയം സുഖപ്പെടുത്തുവാനുള്ള ശ്രമങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. Stress theory യുടെ പിതാവായ Dr. Hans Selye നെ പോലെയുള്ള നിരവധി ഫിസിയോളജിസ്റ്റുകള്‍ Cannonന്റെ പഠനങ്ങളെ മുപോട്ടുകൊണ്ടു പോവുകയും stress നെയും infection നെയും നേരിടാനുള്ള ശരീരത്തിന്റെ ശ്രമങ്ങളാണ് രോഗലക്ഷണങ്ങള്‍ എന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൌതീകശാസ്ത്രത്തിലെ ചില ആശയങ്ങളും സചേതനവും അചേതനവുമായ വസ്തുക്കള്‍ക്ക് സ്വയം നിയന്ത്രിക്കുവാനും , ക്രമീകരിക്കുവാനും സുഖപ്പെടുത്തുവാനുമുള്ള (self-regulating, self-organizing, and self-healing capacities) കഴിവുകളുണ്ടെന്നത് ശരിവയ്ക്കുന്നു. ഇത്തരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും കൂടുതല്‍ സന്തുലിതവും ക്രമീകൃതവുമായ വ്യവസ്ഥയെ പ്രാപിക്കാനുമുള്ള നിരന്തര പരിശ്രമങ്ങളെ നോബല്‍ സമ്മാനാര്‍ഹനായ Ilya Prigogine യുടെ Order Out of Chaos, Fritjof Capra യുടെ The Turning Point, Erich Jantsch യുടെ The Self-Organizing Universe തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രതിബാതിച്ചിട്ടൂണ്ട്.

പനി ഇത്തരത്തില്‍ ഒരു സ്വയം സുഖപ്പെടുത്തല്‍ ശ്രമത്തിന്റെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്. സാധാരണഗതിയില്‍ വൈറസ് ബാക്ടീരിയ അണുബാധകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. ഇത്തരം അണുബാധകളെ ശരീരം പനി ഉണ്ടാക്കിക്കൊണ്ട് നേരിടുകയാണെന്ന് ഫിസിയോളജിസ്റ്റ് ആയ Matthew Kluger ഉം സഹപ്രവര്‍ത്തകരും University of Michigan Medical School ഇല്‍ വച്ച് കാണിക്കുകയുണ്ടായി. പനി ഉള്ള അവസ്ഥയില്‍ കൂടുതല്‍ interferon (വൈറസിനെതിരെയുള്ളത്) ഉത്പാദിപ്പിക്കപ്പെടുകയും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം വേഗത്തിലാവുകയും ചെയ്യും. ഇത് ഇന്‍ഫെക്ഷനെ ചെറുക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.

(പനി അതിനാല്‍ തന്നെ അപകടകരമായേക്കാവുന്ന് അവസ്ഥയുണ്ട്. ഹോമിയോപതി ഡോക്ടര്‍മാര്‍ മിക്കവരും അത്തരം അവസരങ്ങളില്‍ heroic medical treatment നല്‍കാനുള്ള പരിശീലനം ലഭിച്ചിട്ടൂള്ളവരാണ്. എങ്കിലും ചികിത്സയുടെ കാര്യത്തില്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പൊതുവെ യാഥാസ്ഥിതികരാണ്. വൈദ്യശാസ്ത്രപരമായോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തമോ അല്ലാതെ suppressive drugs പൊതുവെ ഉപയോഗിക്കാറില്ല.)


ആധുനിക വൈദ്യശാസ്ത്രം കൂടുതല്‍ കൂടുതലാല്‍ രോഗലക്ഷണങ്ങളെ ശരീരത്തിന്റെ പ്രതിരോധപ്രതികരണങ്ങളായി പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു. പതോളജിയുടെ പുസ്തകങ്ങളില്‍ നീര്‍ക്കെട്ടിനെ infective agents നെ വേര്‍തിരിച്ച് ചൂടാക്കി നശിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായി ചിത്രീകരിക്കുന്നു. ചുമ ശ്വാസനാളത്തെ ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി പണ്ടൂമുതലേ തന്നെ അറിയപ്പെട്ടിട്ടുള്ളതാണ്. കുടലില്‍ നിന്നും അണുക്കളെയും പ്രശ്നപദാര്‍ത്ഥങ്ങലെയും പുറന്തള്ളുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമായി വയറിളക്കത്തെ കാണാം. മൃത കോശങ്ങളെയും ബാക്ടീരിയയെയും ഒക്കെ പുറന്തള്ളുന്നതിന്നുള്ള സംവിധാനമാണ് പഴുപ്പ്.

പനി അതിനാല്‍ തന്നെ ഒരു രോഗമല്ലെന്നും ശരീരം പനിക്കുകാരണവായ രോഗത്തെ പനി ഉപയോഗിച്ച് നേരിടുയാ‍ണെന്നു നാം കണ്ടു കഴിഞ്ഞു. ഇതേ പോലെതന്നെ നീര്‍ക്കെട്ട്, വയറിളക്കം, പഴുപ്പ് തുടങ്ങിയവയും ശരീരം നടത്തുന്ന ചികിത്സയുടെ ഭാഗമാണ്. ഹോമിയോപ്പതിയുടെ ഭാഷയില്‍ ഒരു രോഗലക്ഷണവും രോഗമല്ല. രോഗലക്ഷണം രോഗത്തെ നേരിടുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമാണ്. രോഗലക്ഷണത്തെ സമ്മര്‍ദ്ദപ്പെടുത്തുന്നത് ഉദാഹരണത്തിലെ പനിയെ ആസ്പിരിന്‍ പോലെയുള്ള മരുന്നുകള്‍ ഉപയോഗിച്ച് നേരിടുന്നത് നല്ല പ്രവണതയല്ല എന്ന് ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചുവരുന്നു. രോഗലക്ഷണത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും അപകടകരവുമാകാം. ഫ്ലൂ, ചിക്കന്‍ പോക്സ് എന്നിവയുള്ള കുട്ടികളില്‍ ഇത്തരത്തിലുള്ള മരുന്നു പ്രയോഗം Reyes Syndrome (a potentially fatal neurological condition) പോലെയുള്ള പ്രശ്നങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.

സാമ്യമുള്ളവയുടെ തത്വം

വലിയ അളവിലുള്ള സസ്യങ്ങളുടെ, ധാതുള്ളളുടെ അല്ലെങ്കില്‍ രാസവസ്തുക്കളുടെ പ്രയോഗം ഒരു വ്യക്തിയില്‍ അനന്യമായ ശാരീരിക, വൈകാരിക, മാനസിക പ്രശ്നങ്ങള്‍ (രോഗലക്ഷണങ്ങള്‍) ഉണ്ടാക്കാന്‍ പോന്നതാണ്. ഒരേ രോഗമുള്ളവരുടെ പോലും ശാരീരിക, മാനസിക വൈകാരിക രോഗലക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ടായിരിക്കും. കൂടിയ വീര്യത്തില്‍ കഴിച്ചാല്‍ ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ രോഗിയുടേതിനു സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന പദാര്‍ത്ഥമാണ് ഒരു ഹോമിയോ വിദഗ്ദന്‍ അന്വേഷിക്കുന്നത്. ഇതിന്റെ കുറഞ്ഞ സുരക്ഷിതമായ വീര്യത്തിലുള്ള പ്രയോഗം അത്ഭുതാവഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുക.

ഈ അടിസ്ഥാനതത്വത്തെ ഹോമിയോപ്പതി “law of similars” എന്നാണ് വിളിക്കുക. ഈ തത്വം ആധുനികവൈദ്യശാസ്ത്രത്തിനും അന്യമല്ല. പ്രതിരോധകുത്തിവെയ്പുകള്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയിട്ടൂള്ളതാണ്. അധുനിക അലര്‍ജി ട്രീറ്റ്മെന്റുകളില്‍ ചെറിയ ഡോസിലുള്ള അലര്‍ജന്റ്സിന്റെ ഉപയോഗിച്ച് ആന്റിബോഡി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ക്യാന്‍സറിനെ കാരണമായേക്കാവുന്ന റേഡിയേഷന്‍ ഉപയോഗിച്ചുകൊണ്ടുള്ള റേഡിയേഷന്‍ തെറാപ്പി, ഡിജിറ്റാലിസ് ഉപയോഗിച്ചുകൊണ്ടുള്ള ഹൃദയസംബന്ധമായ ചികിത്സകള്‍, റിറ്റാലിന്‍ ഉപയോകിച്ചുകൊണ്ടുള്ള ഹൈപ്പര്‍ ആക്ടിവിറ്റി ചികിത്സ ഇവയെല്ലാം law of similars തന്നെയാണ്‌ ഉപയോഗിക്കുന്നത്. law of similars പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ ആധുനിക വൈദ്യശാസ്ത്രം ഹോമിയോപതിയുടെ മറ്റു തത്വങ്ങള്‍ ഒന്നും പാലിക്കുന്നില്ല. രോഗിയെ വ്യക്തിപരമായി പരിഗണിച്ചല്ല ആധുനിക വൈദ്യശാസ്ത്രം മരുന്ന് നല്‍കുന്നത്. ചെറിയ, സുരക്ഷിതമായ വീര്യത്തിലുമല്ല മരുന്നു നല്‍കാറുള്ളത്.

law of similars ഭൌതീകശാസ്ത്രത്തിലെയും ഒരു പ്രധാന തത്വമാണ്. വിരുധദ്രുവങ്ങള്‍ ആകര്‍ഷിക്കപ്പെടുകയും ഒരേ ധൃവങ്ങള്‍ വികര്‍ഷിക്കുകയും ചെയ്യുന്നു. ഒരു കാന്തത്തിനെ ചാര്‍ജു ചെയ്യാന്‍ അതേ മറ്റൊരു കാന്തത്തിന്റെ അതേ ധൃവത്തിനടുത്തുകൊണ്ടു വച്ചാല്‍ മതി. ഹോമിയോപ്പതിയിലെ പോലെതന്നെ അവിടെയും റീചാര്‍ജ്ജിംഗ് അഥവാ സുഖപ്പെടുത്തല്‍ നടക്കുന്നു.

B.C നാലാം നൂറ്റാണ്ടില്‍ ഹിപ്പോക്രറ്റസും 15ആം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട "Doctrine of Signatures" എന്ന ഗ്രന്ഥത്തില്‍ Paracelsus ഉം law of similars നെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

വ്യക്തി കേന്ദ്രീകൃത മരുന്നു പ്രയോഗം

ഒരു സാധാരണകാരന്‍ ചിന്തിക്കുക തന്റെ തലവേദന, വയറുവേദന തുടങ്ങിയവയൊക്കെ മറ്റൊരാളുടേതുപോലെതന്നെയാണ് എന്നാണ്. അതുകൊണ്ട് മറ്റൊരാളെ സുഖപ്പെടുത്തുന്ന ഏതു മരുന്നും അതേ രോഗലക്ഷണത്തിന് തന്നെയും സുഖപ്പെടുത്തുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഒരാളുടെ തലവേദന തന്നെ ആയിരിക്കില്ല മറ്റൊരാള്‍ക്ക്. ചിലര്‍ക്ക് മുന്നിലായിരിക്കും വേദന, ചിലര്‍ക്ക് വശങ്ങളില്‍. കുറച്ചുകൂടെ മനസ്സിലാക്കിയാല്‍ തലവേദന മാത്രമായിരിക്കില്ല ലക്ഷണം തലവേദനക്കൊപ്പം മറ്റു പലതും ഉണ്ടായിരിക്കാം. ഇത്തരത്തില്‍ ഒരാള്‍ക്കുള്ള രോഗലക്ഷണങ്ങളെ മുഴുവനായാണ് ഹോമിയോപ്പതിയില്‍ പരിഗണിക്കുന്നത്. അതുകൊണ്ടൂതന്നെ മരുന്നും, അതിനെ വീര്യവും വ്യത്യാസപ്പെട്ടുമിരിക്കും.

നേര്‍പ്പിച്ച മരുന്നുകള്‍

ആരോഗ്യമുള്ള ഒരാളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തമായ ഒരു പദാര്‍ത്ഥത്തിന്റെ വളരെ നേര്‍പ്പിച്ച അളവിലുള്ള പ്രയോഗമാണ് ഹോമിയൊപ്പതിയില്‍ നടക്കുന്നത്. വളരെ ചെറിയ അളവിലുള്ള പദാര്‍ത്ഥങ്ങളുടെ പ്രയോഗത്തിന് ശരീരത്തെ എപ്രകാരം പ്രചോദിപ്പിക്കാന്‍ കഴിയുന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. വൈദ്യശാസ്ത്രത്തില്‍ മാത്രമല്ല ബോട്ടണിയിലും രസതന്ത്രത്തിലും ഇത്തരത്തിലുള്ള ഉദ്ദീപനങ്ങള്‍ ഫലപ്രദമാണെന്നു തെളിയിച്ചിട്ടുമുണ്ട്.

പ്രതിവാദങ്ങള്‍

“രോഗകാരികളായ സൂക്ഷ്മജീവികള്‍ ഒന്നുമില്ല എന്ന് ഹോമിയൊപ്പതി പറയുന്നു.” ഇങ്ങനെയൊരു വാദത്തിനു പ്രസക്തിയില്ല. ഹോമിയോപ്പതിക്ക് അങ്ങനെ സമര്‍ത്ഥിക്കാനോ തെളിയിക്കാനോ കഴിയുകയില്ല. ഹോമിയോപ്പതി അപ്രകാരം വാദിക്കുന്നുമില്ല. മറിച്ച് രോഗണുക്കള്‍ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ രോഗപ്രതിരോധമാണെന്നു വിശ്വസിക്കുന്നു.

ഉപസംഹാരം

ഹോമിയോപ്പതി ഒരു വ്യക്തിയുടെ ആകമാനമുള്ള രോഗലക്ഷണങ്ങളെ പരിഗണിച്ചുനടത്തുന്ന സങ്കീര്‍ണ്ണമായ വ്യക്തികേന്ദ്രീകൃത ചികിത്സാരീതിയാണ്‌. ഒരാളുടെ തലവേദന, വയറുവേദന, മലബന്ധം, ഉന്‍മേഷക്കുറവ്‌, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ പരസ്പരബന്ധമുള്ളതാണ്‌. അവയെന്തോക്കെയാണെങ്കിലും അത്‌ ശരീരത്തിന്റെ രോഗത്തെതിരെ പോരാടുവാനുള്ള പരിശ്രമങ്ങളാണ്‌. ഇത്തരം രോഗലക്ഷണങ്ങളെ സമ്മര്‍ദ്ദപ്പെടുത്താനും നിയന്ത്രിക്കുവാനും ഉള്ള പരിശ്രമങ്ങളെ ഒഴിവാക്കേണ്ടതുണ്ട്‌. അതേ സമയം ഇത്തരത്തിലുള്ള ശരീരത്തിന്റെ രോഗനിവാരണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ്‌ ‍ഹോമിയോപ്പതി ചെയ്യുന്നത്‌.

വാല്‍‌കഷണം

ബ്രിട്ടണ്‍ രാജകുടുംബം, ഗാന്ധിജി , John D. Rockefeller, Tina Turner, യെഹൂദി മെനൂഹിന്‍ തുടങ്ങിയവരെല്ലാം ഹോമിയോപ്പതി പിന്താങ്ങിയിരുന്നു.


കൂടുതല്‍ വിവരങ്ങള്‍

Tuesday, March 13, 2007

ആരോപണം

“എഡേയ്, ഞാനിന്ന് രണ്ടര രൂപാ ലാഭിച്ചു”
“എങ്ങനെ?”
“നമ്മുടെ K.S.R.T.C ബസ്സില്, ടിക്കറ്റെടുത്തോ എന്നു കണ്ടക്ടര്‍ ചോദിച്ചപ്പോള്‍ മുന്നിലെടുത്തോളുമെന്നു പറഞ്ഞ് ഞാനൂരി.”
“ഹോ...വലിയകാര്യമായിപ്പോയി...ഇന്നലെ ഞാന്‍ അഞ്ചുരൂപയാ വെട്ടിച്ചത്.”
“ടിക്കറ്റിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്...നീ ഇന്നലെ പത്രം വായിച്ചോ? K.S.R.T.C കോടികളുടെ നഷ്ടത്തിലാണെന്ന്!!”
“കഷ്ടം, ഇവന്മാരെല്ലാരും കൂടെ നാടു മുടിക്കും”

Thursday, February 22, 2007

കവിതകളെക്കുറിച്ച് -ചിഹ്നനം, വൃത്തം...

കവിതകള്‍ ചിലര്‍ക്ക് ചൊല്ലാനുള്ളതാണ്, ചിലര്‍ക്ക് വായിക്കാനുള്ളതാണ്, ചിലര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാനാണ്, ചിലര്‍ക്ക് അനുഭവിക്കാനുള്ളതാണ്, ചിലര്‍ക്ക് ഉദ്ധരിക്കാനുള്ളതാണ്.
ഏതു രീതിയില്‍ ആസ്വദിക്കുന്നു എന്നതിനനുസരിച്ച് ആസ്വാദനത്തിന്റെ മണ്ഡലവും മാറിവരുന്നു.

“ഒരു പരലുരുളന്‍ പരലുരുളയിലിട്ടുരുട്ടിയാല്‍ ഉരുള്‍ ഉരുളുമോ പരലുരുളുമോ?” വാമോഴിയായി കൈമാറിവന്ന ഒരു ശകലം. പ്രാസഭംഗിയുണ്ട്. അതുകൊണ്ടൂ തന്നെ ചൊല്ലാനും ഒരു സുഖമുണ്ട്, കേള്‍ക്കാനുമുണ്ട് സുഖം. പക്ഷേ ഇതില്‍ കവിതയുണ്ടോ എന്നു ചോദിച്ചാല്‍....?

നമുക്ക് മയൂരസന്ദേശത്തിലേക്കു പോകാം.

“ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര്
ദിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും
കഷ്ടപ്പെട്ട പുരുഷനൊരു നാലഞ്ചുകൊല്ലം കഴിച്ചാന്‍
ദിഷ്ടക്കേടാല്‍ വരുവതതു പരിഹാരമില്ലാത്തതല്ലോ”

മന്ദാക്രാന്തായാണു വൃത്തം. ദിതിയാക്ഷര പ്രാസവുമുണ്ട്.(കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ദ്വൈതിയാക്ഷരപ്രാസത്തിന്റെ വ്യക്താവായിരുന്നല്ലോ). ഇതിന്റെ അര്‍ഥം ഇപ്രകാരമാണ്. പ്രാണസഹിയെ പിരിഞ്ഞതുകൊണ്ടും രാജാവിന്റെ ഇഷ്ടക്കേടിനു പാത്രമായതുകൊണ്ടുള്ള മാനക്കേടുകൊണ്ടും കഷ്ടപ്പെട്ട പുരുഷന്‍ നാലഞ്ചുകൊല്ലം കഴിച്ചുകൂട്ടി. കാലദോഷം കൊണ്ടു വരുന്നതിന് പരിഹാരമില്ലല്ലോ. ഇതിലെന്താണ് കവിത എന്നു ചോദിച്ചാല്‍ ? ആവോ എനിക്കറിഞ്ഞുകൂടാ. എങ്കിലും മയൂരസന്ദേശം മലയാള സാഹിത്യ ചരിത്രത്തിലെ ഒരു പ്രമുഖകൃതിയായി നിലകൊള്ളുന്നു.


സംസ്കൃതവൃത്തങ്ങളിലാണ് ആദ്യകാല മലയാള കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടൂള്ളത് എന്നു തോന്നുന്നു. പിന്നെയത് കാകളി, കേക തുടങ്ങിയ ദ്രാവിഡവൃത്തങ്ങളിലൂടെയാണ് വളരുന്നത്. ചങ്ങമ്പുഴയുടെ കാലമൊക്കെ വന്നപ്പോഴേക്കും വൃത്തത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നും കവിത ഏറെക്കുറെ സ്വതന്ത്രമാവുകയും ഭാവത്തിനും ഒരു ഏകദേശ താളത്തിനും പ്രാധാന്യം കൈവരുകയും ചെയ്തു.
(വൃത്തഭംഗങ്ങള്‍ അനുവദനീയമായി എന്നു ചുരുക്കം). പീന്നീടാണ് ഗദ്യകവിതകളുടെ വരവ്. കവിതയുടെ ആശയത്തിനും ഭാവത്തിനും മാത്രമായീ പ്രാധാന്യം.


“ബൂലോകത്തിലെ മിക്കവരും എഴുതുന്നത് ഗദ്യകവിതകളാണ്. എഴുതാനുള്ള സൌകര്യം ആണ്‍ ഒരു പ്രധാനകാരണം. കാരണം നമ്മളില്‍ പലര്‍ക്കും വൃത്തങ്ങളെ പറ്റിയോ കവിതാരചനാസങ്കേതങ്ങളെ പറ്റിയോ അത്ര വലിയ പരിജ്ഞാനമില്ല എന്നത് പരമാര്‍ത്ഥം ” (ഉമ്പാച്ചിയുടെ “ആദ്യപകലി“ന് ദൃശ്യന്റെ കമന്റ്‌.) കവിത ഗദ്യമാണെങ്കിലും പദ്യമാണെങ്കിലും സൌകര്യം ഒരേപോലെയാണെന്നാണ് എന്റെ ചിന്താഗതി. പദ്യത്തിലെഴുതുന്നവര്‍ക്ക് അതായിരിക്കും സൌകര്യം, ഗദ്യത്തിലെഴുതുന്നവര്‍ക്ക് അതും. കഴിവില്ലാത്തവര്‍ക്ക് എത്രശ്രമിച്ചാലും ഗദ്യത്തിലാണെങ്കിലും പദ്യത്തിലാണെങ്കിലും കവിതയെഴുതാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല, പദ്യമോ ഗദ്യമോ ഉണ്ടായേക്കാം.
ചിഹ്നങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആശയക്കുഴപ്പം ഉണ്ടാകുന്നുവെങ്കില്‍ ചിഹ്നങ്ങള്‍ ആവശ്യമാണ്. അല്ലാത്തപക്ഷം ഒഴിവാക്കിയാലും തെറ്റില്ല. ആശയം വ്യക്തമാകണം എന്നു മാത്രം. ചിഹ്നങ്ങള്‍ ശരിയായി ഉപയോഗിച്ചാലും ആശയം വ്യക്തമാകാത്ത അവസരങ്ങളുമുണ്ട്. ഒരു വ്യാകരണവിദഗ്ദന്‍ (ആരാണെന്നോര്‍ക്കുന്നില്ല, ക്ഷമിക്കുക) അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു.
“നീ എന്നോട് അതു പറയരുതായിരുന്നു” എന്ന വാചകം നാല് അര്‍ത്ഥത്തില്‍ പറയാം എന്ന്.
1. നീ എന്നോട് അതു പറയരുതായിരുന്നു.
(മറ്റാരു പറഞ്ഞാലും ഞാന്‍ സഹിക്കുമായിരുന്നു.)
2. നീ എന്നോട് അതു പറയരുതായിരുന്നു.
(മറ്റാരോടു പറഞ്ഞാലും എന്നോട് അതു പറയരുതായിരുന്നു.)
3 നീ എന്നോട് അതു പറയരുതായിരുന്നു.
(വേറെ എന്തു പറഞ്ഞാലും കുഴപ്പമില്ലായിരുന്നു)
4.നീ എന്നോട് അതു പറയരുതായിരുന്നു.
(പറഞ്ഞതാണു കുഴപ്പം, എഴുതിക്കാണിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു)

പൊതുവെ കവിതകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എഡിറ്റര്‍മാരായിരിക്കണം വേണ്ടരീതിയില്‍ ചിഹ്നനം നടത്തുക. ബ്ലോഗില്‍ അങ്ങനെയൊരു എഡിറ്റിങ് ഇല്ലല്ലോ. ചിഹ്നങ്ങള്‍ ഉപയോഗിക്കാമെങ്കില്‍ ഉപയോഗിക്കുക. പക്ഷേ കവിതയെന്നാല്‍ ചിഹ്നങ്ങളല്ല എന്നോര്‍ക്കുക. വാശിപിടിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല.

ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു.”പേരുള്ള ഒരെഴുത്തുകാരന്‍ എന്തു ചവറെഴുതിയാലും പ്രസിദ്ധീകരിക്കാന്‍ ആളുണ്ടാവും“ എന്ന്. പേരില്ലാത്ത ഒരാള്‍ എത്ര നന്നായി എഴുതിയാലും പ്രസിദ്ധീകരിക്കണമെന്നില്ല. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ കവിതകളല്ല എന്നു പറയുന്നവരുണ്ട്. ജി. ശങ്കരക്കുറുപ്പും ഉള്ളൂരും ഒക്കെ വിമര്‍ശനത്തിനു വിധേയരായിട്ടുണ്ട്. ഓരോ കവിക്കും അവരവരുടേതായ ശൈലിയുണ്ട്. അത് ആസ്വദിക്കുനവര്‍ ആസ്വദിക്കട്ടെ, അല്ലാത്തവര്‍ വായിക്കാതിരിക്കുക.

വ്യാകരണം വേണം എന്നതു ശരിതന്നെ. പക്ഷേ ശുദ്ധമലയാളത്തെക്കാള്‍ മനോഹരമല്ലോ പലപ്പോഴും നാടന്‍ സ്ലാങ്ങുകള്‍. പലതിലും വ്യാകരണം തെറ്റായിരിക്കും. തിരുവനന്തപുരം ഭാഗത്ത് “വെള്ളങ്ങള്” എന്നല്ലേ പറയാറ്. എന്തിന് മോഹന്‍ലാല്‍ പറയുന്നതു നോക്കൂ. “പോ മോനേ ദിനേശാ”. ശരിയായ ഗ്രാമറില്‍ പറഞ്ഞാല്‍ “മോനേ, ദിനേശാ നീ പോകൂ” എന്നു പറയണം. ഏതിനാണ് സൌന്ദര്യം?. “ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍”. എത്രപേര്‍ പറഞ്ഞുകൊണ്ടു നടന്ന വാചകമാണ്. അത് സഖാവേ, തീപ്പെട്ടിയെടുക്കാന്‍ ഒരു ബീഡിയുണ്ടോ എന്നൊ മറ്റോ ചോദിച്ചാല്‍ ഒരു സുഖക്കുറവ് ഇല്ലേ?

കവിതയില്‍ കര്‍ക്കശനിയമങ്ങള്‍ ആവശ്യമില്ല. അവരവരുടേതായ ശൈലി ഓരോരുത്തരും രൂപപ്പെടുത്തട്ടെ. പദ്യത്തില്‍ എഴുതുന്നവര്‍ പദ്യത്തിലെഴുതട്ടെ. ഗദ്യത്തില്‍ എഴുതുന്നവര്‍ അങ്ങനെ ചെയ്യട്ടെ. വൃത്തത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യട്ടെ. ദ്വിതിയാക്ഷരപ്രാസവും അനുപ്രാസവും ഒക്കെ പ്രയോഗിക്കുവാന്‍ കഴിവുള്ളവര്‍ പ്രയോഗിക്കട്ടെ. വൃത്തവും പ്രാസവുമുണ്ടെങ്കില്‍ കവിതയായീ എന്നു കരുതരുത്. ക്രിയാത്മകമായ ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിവുള്ളവര്‍ ഉപദേശിക്കുക. സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ എഴുതുന്നവര്‍ സ്വീകരിക്കുക. അല്ലത്തവ ഒഴിവാക്കുക. കവിത ആസ്വദിക്കാന്‍ കഴിയുന്നവര്‍ ആസ്വദിക്കട്ടെ. കവിത ആസ്വദിക്കുന്നവര്‍ക്കു വേണ്ടിയാണ്, വിമര്‍ശിക്കുന്നവര്‍ക്കു വേണ്ടിയല്ല. വിമര്‍ശനങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് പുതിയ കാവ്യപ്രസ്ഥാനങ്ങളും ശൈലികലളും രൂപപ്പെട്ടിട്ടുള്ളത്, രൂപപ്പെടുന്നത്.