Saturday, October 31, 2009

ലൌ-ജിഹാദ്- ഉണ്ടോ ഇല്ലയോ!

പശ്ചാത്തലം
വലതുപക്ഷ മുസ്ലീം സം‌ഘടനയായ പി.എഫ്.ഐ യുടെ പ്രവര്‍ത്തകരെന്ന് ആരോപിയ്ക്കപ്പെടുന്ന രണ്ടു യുവാക്കള്‍ എം.ബി.എ വിദ്യാര്‍‌ത്ഥിനികളായ രണ്ടൂ യുവതികളെ പ്രണയിയ്ക്കുകയും വിവാഹത്തിനു പ്രേരിപ്പിയ്ക്കുകയും ചെയ്തു. പെണ്‍‌കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഹേബിയസ് കോര്‍‌പ്പസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കപ്പെട്ട വിദ്യാര്‍‌ത്ഥിനികളെ മാതാപിതാക്കളോടോപ്പം കോടതിവിട്ടയച്ചു. പെണ്‍‌കുട്ടികള്‍ അടുത്തതവണ ‘തങ്ങളെ കുടുക്കിയതാണെന്നും യുവാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്നും‘ മൊഴി നല്‍കി.‘യുവാവിനൊപ്പമായിരുന്ന സമയത്ത് പെണ്‍‌കുട്ടികളില്‍ ഒരാള്‍ യുവാവിനെ വിവാഹം കഴിയ്ക്കുകയും മറ്റേ പെണ്‍‌കുട്ടി യുവാവിന്റെ ബസ്‌കണ്ടക്ടറായ സുഹൃത്തിനെ വിവാഹം കഴിയ്ക്കുവാന്‍ നിര്‍‌ബന്ധിയ്ക്കപ്പെടുകയും ചെയ്തു‘ എന്നു വെളിപ്പെടുത്തുകയും ചെയ്തു. ജിഹാദി വീഡിയോകളും പ്രസിദ്ധീകരണങ്ങളും തങ്ങളെ കാണിച്ചു എന്ന് പോലീസിനു നല്‍കിയ മൊഴിയില്‍ പെണ്‍‌കുട്ടികള്‍ ആരോപിയ്ക്കുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടു.
(റഫറന്‍സ്: ടൈംസ് ഓഫ് ഇന്ത്യ ഇന്ത്യന്‍ എക്സ്പ്രസ്)

പ്രതികരണങ്ങള്‍

കെ.സി.ബി.സിയുടെ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മ്മണി ആന്‍ഡ് വിജിലന്‍സ് പ്രണയമതതീവ്രവാദം, മാതാപിതാക്കള്‍ ജാഗരൂകരാവണം എന്ന തലക്കെട്ടോടുകൂടി ലേഖനം പ്രസിദ്ധീകരിച്ചു. വിവിധ ഹിന്ദു മത-രാഷ്ട്രീയ സം‌ഘടനകള്‍ ലൌ ജിഹാദിനെതിരെ സ്ഥിതിവിവരക്കണക്കുകളുമായി രം‌ഗത്തുവന്നു.

ബൂലോകത്തും പ്രതിഫലനങ്ങളുണ്ടായി. ചില പോസ്റ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍:
ലൗ ജിഹാദ്‌ !!!!!(H.K. Santhosh) ലൌ ജിഹാദ് (കാട്ടിപ്പരുത്തി)
റോമിയോ ജിഹാദ്
മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

പോലീ‍സ് റിപ്പോര്‍ട്ട്

ഹൈക്കൊടതിയില്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് Oct 22 നു ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍‌പ്പിച്ചു. ഇതിനെ വിവിധ മാധ്യമങ്ങള്‍ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചു. ചില മാധ്യമങ്ങള്‍ “ലൌജിഹാദ് ഇല്ല” എന്നു റിപ്പോര്‍‌ട്ടിലൂടെ വായിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ “ലൌജിഹാദ് ഉണ്ടെന്നു സം‌ശയിയ്ക്കുന്നതായി” വായിച്ചൂ മറ്റു ചില മാധ്യമങ്ങള്‍. ഈ വായനയാണ് ഈ പോസ്റ്റിന്റെ ആധാരം.

ഒക്ടോബര്‍ 22-23 ലെ ചില തലക്കെട്ടുകള്‍
“ലൌ ജിഹാദ് : ആസൂത്രിത നീക്കമുണ്ടെന്നു ഡി.ജി.പി” (ദീപിക)
“പ്രണയത്തിന്റെ പേരില്‍ മതമാറ്റത്തിനു സംഘടിത ശ്രമമെന്നു ഡി.ജി.പി”(മാതൃഭൂമി)
"No ‘love jihad’, says DGP" (The Hindu)
സ്നേഹം നടിച്ചു മതം മാറ്റാന്‍ ശ്രമമുണ്ടെന്നു ഹൈക്കോടതിയ്ക്കു ഡിജിപിയുടെ റിപ്പോര്‍ട്ട്(മംഗളം)
സംസ്ഥാനത്ത് ലൌജിഹാദ് പ്രവര്‍ത്തനമില്ലെന്ന് പോലീസ്(മാധ്യമം)
No ‘Love Jihad’ in Kerala(Deccan Herald)
No organisation called 'love jihad' identified in Kerala(DNA)
No organisation called 'Love Jihad' identified in Kerala(Hindustan Times)


യഥാര്‍‌ത്ഥത്തില്‍ ജേക്കബ് പുന്നൂസിന്റെ റിപ്പോര്‍‌ട്ടീല്‍ പറയുന്നതെന്താണ്?
1.ലൌ ജിഹാദ് അല്ലെങ്കില്‍ റൊമിയോ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നില്ല.
2.പ്രണയത്തെ മതം മാറ്റത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിയ്ക്കാന്‍ ചില സംഘടനകള്‍ മുസ്ലീം യുവാക്കളെ പ്രേരിപ്പിയ്ക്കുന്നതായി സ്ഥിരീകരിയ്ക്കാത്ത വിവരമുണ്ട്.
3. ഇത്തരം സംഘങ്ങള്‍ യുവാക്കളെ പ്രത്യക്ഷമായോ പരോക്ഷമായോ വസ്ത്രങ്ങളും വാഹനങ്ങളും നിയമസഹായവും നല്‍കുന്നുണ്ട് വിവരം കിട്ടിയിട്ടൂണ്ട്.
4. ചില സം‌ഘടനകള്‍ യുവതികളെ വശത്താക്കി നി‌ര്‍‌ബന്ധിച്ചോ ചതിച്ചോ മതം മാറ്റാന്‍ ശ്രമിയ്ക്കുന്നതായി പരാതികള്‍ ഉയരുന്നത് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.
5. വ്യത്യസ്ഥമതത്തിലുള്ളവരുമായുള്ള വിവാഹം അതിനോടനുബന്ധിച്ചുള്ള മതം മാറ്റം ഇവയെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.

ഇതില്‍ ഒന്നാമത്തേത് സ്ഥിരീകരിച്ച വിവരവും രണ്ടും മൂന്നും സ്ഥിരീകരിയ്ക്കാത്ത വിവരവുമാണ്. ലൌജിഹാദ് എന്ന സം‌‌ഘടന പ്രവര്‍ത്തിയ്ക്കുന്നില്ല എന്നതിന് ലൌജിഹാദ് എന്ന ആശയം ഒരു തീവ്രവാദസം‌ഘടനയും പ്രചരിപ്പിയ്ക്കുന്നില്ല എന്നൊരര്‍ത്ഥമില്ല. സ്ഥിരീകരിയ്ക്കത്ത വിവരങ്ങളെ സ്ഥീരീകരിച്ചത് എന്ന രീതിയില്‍ അവതരിപ്പിയ്ക്കുന്നതും “ലൌ ജിഹാദ് ” എല്ല എന്നു സമര്‍‌ത്ഥിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും അപക്വമാണ്.

കൂടുതല്‍ സ്ഥിരീകരണങ്ങളും വെളിപ്പെടുത്തലുകളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതുവരെ കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളൂ.