Monday, August 17, 2009

"Typist | എഴുത്തുകാരി"യുടെ സ്വാശ്രയ സംശയം

സ്വാശ്രയത്തെക്കുറിച്ച് വീണ്ടും ഒരു പോസ്റ്റ് ആഗ്രഹിച്ചതല്ല. എങ്കിലും ഇത്ര നിഷ്കളങ്കമായി ഇങ്ങനെ "ഒരു കൊച്ചു സംശയം" ചോദിച്ചാല്‍ സ്വാശ്രയമെന്ന് എവിടെക്കണ്ടാലും കേറി വീഴുന്ന ഞാന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിയ്ക്ക് മനസമാധാനം കിട്ടുമോ.
ആഗസ്റ്റ് അഞ്ചിനിട്ട പോസ്റ്റല്ലേ...അവിടെ ചൂടാറി എന്നു തോന്നുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ.

ബാബുരാജ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:- “വാങാന് ആളുള്ളതു കൊണ്ടാണ് അവറ്ക്ക് ആ വിലയ്ക്ക് വില്‍ക്കാന് പറ്റുന്നത്“.
വളരെ ശരിയാണ്. ഇതുതന്നെയാണ് സ്വാശ്രയ ഫീസ് ഉയര്‍ന്നു നില്‍ക്കാനുള്ള കാരണവും.
ഡിമാന്റ് കൂടുമ്പോള്‍ വിലയും കൂടും. വളരെ ലളിതമാ‍യ സാമ്പത്തിക ശാസ്ത്രം.

എന്തുകൊണ്ടാണ് ഡിമാന്റ് കൂടുന്നത്?

ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസം യഥാര്‍‌ത്ഥത്തില്‍ കേരളം എന്ന ജോബ് മാര്‍ക്കറ്റ് മുന്നില്‍ കണ്ടല്ല നിലനില്‍ക്കുന്നത്. ആഗോളതലത്തില്‍ വിദഗ്ദരുടെ ആ‍വശ്യം ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള സേവന-സാങ്കേതിക കോഴ്സുകളുടെ ഫീസ് ഉയര്‍ന്നു തന്നെ നില്‍ക്കും.

ഐ.ടി പ്രൊഫഷണല്‍‌സിന്റെ കാര്യമെടുക്കാം. ആഗോളതലത്തിലെ സോഫ്റ്റ് വെയര്‍ വിപണി പരിഗണിയ്ക്കപ്പെടുന്നില്ലായിരുന്നില്ലെങ്കില്‍ ഒരു ശരാശരി ഐ.ടി പ്രൊഫഷണലിന്റെ ശമ്പളം ഒരു സര്‍‌ക്കാര്‍ ജീവനക്കാരന്റെ സാധാരണ ശമ്പളത്തിനപ്പുറം പോവേണ്ടകാര്യമില്ല. പല കമ്പിനികളിലും ഒരു ക്ലാര്‍ക്കിന്റെ വൈദഗ്ദ്യത്തിനപ്പുറമുള്ള മികവൊന്നും ഇവരില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നുമില്ല.പക്ഷേ ഇന്റര്‍‌നാഷണല്‍ മാര്‍ക്കറ്റ് സ്ഥിതി വ്യത്യസ്ഥമാക്കുന്നു. അമേരിയ്ക്കയിലോ മറ്റു വികസിത രാജ്യങ്ങളിലോ ലഭ്യമായതിന്റെ പത്തിലൊന്നു ചിലവില്‍ മൂന്നാം ലോകരാജ്യങ്ങളിലെ മാനവവിഭവം ലഭ്യമാണ്, മികവില്‍ കാര്യമായ ഒത്തുതീര്‍പ്പിനു വഴങ്ങാതെ തന്നെ. അതേ സമയം ഈ പത്തിലൊന്നു ചിലവ് എന്നത് മൂന്നാം ലോകരാജ്യങ്ങളിലെ മികച്ച ശമ്പളമായി കരുതപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് മുപ്പതിനായിരവും നാല്‍‌പ്പതിനായിരവും ഒരു ഐ.ടി വിദഗ്ദനു കൊടുക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നു. അതുകൊണ്ടു തന്നെ അത്തരം കോഴ്സുകള്‍ക്ക് ആവശ്യക്കാരുണ്ടാവുന്നു. ക്രമേണ കോഴ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും തത്തുല്യമായ ശമ്പളം കൊടുക്കേണ്ടിവരുന്നു. വിദ്യാഭ്യാസത്തിന്റെ ചിലവു വര്‍ദ്ധിയ്ക്കുന്നു. പലപ്പോഴും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നല്‍കുന്നതിന്റെ ഇരട്ടിയിലധികമാണ് ഒരു സ്വകാര്യസ്ഥാപനത്തില്‍ ഉദ്യോഗാര്‍‌ത്ഥി ആവശ്യപ്പെടുക. (ഇവിടെയും ഡിമാന്റ്-സപ്ലേ തത്വങ്ങള്‍ ബാധകമാണ്. നേഴ്സുമാര്‍ ധാരാളമുള്ളതുകൊണ്ട് കേരളത്തില്‍ നേഴ്സുമാര്‍ക്ക് കിട്ടുന്ന ശമ്പളം തുശ്ചമാകുന്നു, നേഴ്സുമാര്‍ കുറവുള്ള രാജ്യങ്ങളില്‍ വലിയ ശമ്പളം ലഭിയ്ക്കുന്നു).

മെഡിക്കല്‍ രംഗത്തും സംഭവിയ്കുന്നതു മറ്റൊന്നല്ല.25 ലക്ഷമോ 30 ലക്ഷമോ മുടക്കി എം.ബി.ബി.എസ് പഠിയ്ക്കുന്ന ഒരാള്‍ കേരളത്തിലെ രോഗികളെ “പിഴിഞ്ഞു” അതൊക്കെ തിരിച്ചുപിടിയ്ക്കാം എന്നു കരുതിയാല്‍ അതുമണ്ടത്തരമാണ്, അല്ല അങ്ങനെ ചിന്തിച്ചാണ് അവര്‍ കോഴ്സിനു ചേരുന്നത് എന്നു കരുതിയാല്‍ അതും മണ്ടത്തരമാണ്. കഴിവതും ഉപരിപഠനാര്‍‌ത്ഥമോ അല്ലാതെയോ അക്കരപറ്റുകയും കഴിയുമെങ്കില്‍ അവിടെത്തന്നെ കൂടുകയും ചെയ്യണമെന്നു കരുതുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇത്തരം സാധ്യതകളാണ് മെഡിക്കല്‍ കോഴ്സിന്റെ ഡിമാന്റും ക്രമേണ ഫീസും ഉയരുന്നതിനു കാരണമാവുന്നത്.

ഉദാഹരണത്തിനു അമേരിക്കയിലെ ഡോക്ടര്‍മാരുടെ വാര്‍ക്ഷിക ശമ്പളം ഒരു ലക്ഷം യു.എസ് ഡോളറിനു മുകളിലാണ്. ശരാശരി ശമ്പളം ഏതാണ്ട് രണ്ടരലക്ഷത്തിനടുത്തുവരും. ഒരു ലക്ഷം ഡോളര്‍ എന്നു കണക്കാക്കിയാല്‍ തന്നെ 40ലക്ഷം ഇന്ത്യന്‍ റുപ്പിയ്ക്കു മുകളിലായി.

ഡോക്ടര്‍മാരുടെ മാത്രം കാര്യമല്ല നേഴ്‌സിംഗിന്റെയും ആകര്‍ക്ഷണീയത വിദേശത്തുള്ള സാധ്യതയാണ്. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ സ്വകാര്യമേഖലയില്‍ രണ്ടായിരം മൂവായിരം മാത്രമൊക്കെ ശമ്പളം കിട്ടാവുന്ന ജോലിയ്ക്ക് അമ്പതിനായിരവും അറുപതിനായിരവും കൊടുത്ത് ആള്‍ക്കാര്‍ ചേരുമോ?

അതുകൊണ്ട് കണ്ണുമടച്ച് സ്വശ്രയക്കോളേജില്‍ പഠിച്ചവര്‍ക്കെല്ലാം ജനങ്ങളെ പിഴിയുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല എന്ന നിഗമനത്തിലെത്താതെ ഇങ്ങനെയുള്ള സാധ്യതളെക്കുറിച്ചും മനസിലാക്കാന്‍ ശ്രമിയ്ക്കുക.

ഇത്തരം സാധ്യതകളില്ലാതായിക്കഴിയുമ്പോള്‍ ഡിമാന്റു കുറയും, ആനുപതികമായി അധ്യാപകരുടെ ശമ്പളം കുറയും, മറ്റു ചിലവുകള്‍ കുറയും, സ്വാശ്രയവിദ്യാഭ്യാസത്തിന്റെ ചിലവു കുറയും, ഫീസും കുറയും. സാധ്യതകളുള്ളീടത്തോളം കാലം നേരേ തിരിച്ചും സംഭവിയ്ക്കും.

ലഭ്യമായ ചില സ്ഥിതിവിവരക്കണക്കുകള്‍:
"Among developing countries, India is the biggest exporter of trained physicians
with India-trained physicians accounting
for about 4.9% of American physicians and 10.9% of British physicians.
10"

Monday, August 10, 2009

സ്വപ്നരാജ്യത്തിലൂടെ

രാജൂ നായരുടെ ബ്ലോഗ് കുറേ നല്ല ഓര്‍മ്മകളിലേയ്ക്കാണു കൂട്ടിക്കൊണ്ടു പോയത്, കുറേ നഷ്ടസ്വപ്നങ്ങളിലേയ്ക്കും.

ആദ്യം വായിയ്ക്കുന്ന പുസ്തകം ഏതാണെന്ന് ഓര്‍മ്മയില്ല. ഓര്‍മ്മകള്‍ തുടങ്ങുന്നിടത്തെവിടെയോ ഒരു പറിഞ്ഞു കീറിയ ഒരു ബാലരമയുടെ താളുണ്ട്. രണ്ടാം ക്ലാസുമുതല്‍ സ്നേഹസേനയും കുട്ടികളുടെ ദീപികയും വാങ്ങുമായിരുന്നു. അതോ ഒന്നാം ക്ലാസുമുതലോ? കൃത്യമായി ഓര്‍മ്മയില്ല. എല്‍.പി സ്കൂളിലെ തയ്യല്‍ ടീച്ചറായിരുന്ന സി.ബറ്റ്സിയ്ക്ക് ആയിരുന്നു അതിന്റെ ചുമതല. ബറ്റ്സിയമ്മ തന്നെയാണ് ചിത്രകഥകള്‍ മാത്രം വായിച്ചാല്‍ പോരാ അല്ലാത്ത ചെറുകഥകളും നോവലുകളും ഒക്കെ വായിയ്ക്കണം എന്നു പറഞ്ഞത്. അതു മനസിലാക്കാല്‍ പിന്നെയും നാളുകളെടുത്തു. അപ്പോഴേയ്ക്കും പഴയ ലക്കങ്ങള്‍ കൈമോശം വന്നിരുന്നു.

അന്ന് കുട്ടികളുടെ ദീപികയില്‍ ഒരു നോവലുണ്ടായിരുന്നു, ‘സ്വപ്നരാജ്യത്തിലൂടെ’. ഒരു അനാഥബാലന്‍, ഒരു ബേബി ലത...ഇവരൊക്കെയാണ് അതിലെ കഥാപാത്രങ്ങള്‍. ഒന്നോ രണ്ടൊ ലക്കം മാത്രമേ വായിക്കാന്‍ സാധിച്ചുള്ളൂ. ബാക്കിയോക്കെ നോവല്‍ വായന തുടങ്ങിയപ്പോഴേയ്ക്കും കൈമോശം വന്നിരുന്നു. “അമ്പലപ്പുഴ ജോണ്‍സണ്‍” എന്നോ മറ്റോ ആയിരുന്നു നോവലിസ്റ്റിന്റെ പേര്. എന്നെങ്കിലും അത് മുഴുവന്‍ വായിയ്ക്കണമെന്നത് ഒരു വലിയ ആഗ്രഹമായിരുന്നു, ആഗ്രഹമാണ്. അത്രയ്ക്കു ഹൃദ്യമായിരുന്നു വായിച്ച രണ്ടുമൂന്നു അധ്യായങ്ങള്‍. പിന്നെ മികച്ച കുറേ ചിത്രകഥകള്‍. കയ്യില്‍ വളയിട്ടുകൊണ്ട് വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ കഴിയുന്ന ഒരു കുട്ടി...അവ്യക്തമായ ഓര്‍മ്മകള്‍...അതൊക്കെ എപ്പൊഴെങ്കിലും കിട്ടിയാല്‍ വായിക്കണം.

എപ്പോഴാണ് അങ്കിള്‍ സ്ഥിരമായി പൂമ്പാറ്റയും ബാലരമയും വാങ്ങിത്തരാന്‍ തുടങ്ങിയത് എന്നറിയില്ല. പൂമ്പാറ്റ വായിച്ചുതുടങ്ങുമ്പോള്‍ അതില്‍ ലോകനാര്‍കാവ് എന്ന നോവലുണ്ട്. തച്ചോളി അമ്പാടിയാണു നായകന്‍. എന്താ കഥ. പൂമ്പാറ്റ കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുന്നത് ലോകനാര്‍കാവായിരുന്നു. അതും ആദ്യത്തെ കുറേ അധ്യായങ്ങള്‍ നഷ്ടപ്പെട്ടു. “കഥ ഇതുവരെ” ഉള്ളതുകൊണ്ട് അഡ്‌ജസ്റ്റു ചെയ്തു. പരീക്ഷക്കാലമായതിനാല്‍ ഒരിയ്ക്കല്‍ അങ്കില്‍ പൂമ്പാറ്റ തരാതെ എവിടെയോ ഒളിപ്പിച്ചു. അതു കണ്ടു പിടിച്ചു വായിച്ചതിന്റെ പരിഭവം കാരണം പിന്നീടുള്ള കുറേ ലക്കങ്ങള്‍ മുടങ്ങി. ലോകനാര്‍‌കാവിന്റെ അവസാന അധ്യായങ്ങള്‍ അതുകൊണ്ട് ബാലസാഹിത്യകാരനായ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ ഹരിപ്രസാദിന്റെ കയ്യില്‍ നിന്നു വങ്ങിയാണ് വായിച്ചത്.

ബാലരമയിലെ “മൌഗ്ലിയും കാട്ടുനായ്ക്കളും” റുഡ്യാഡ് കിപ്ലീംഗിന്റെ നോവലിന്റെ മലയാളം(നേരിട്ടുള്ള പരിഭഷയാണോ എന്നറിയില്ല) അതും മുഴുവനായി വായിക്കാനായില്ല.

മലയാള മനോരമയിലെ മാന്‍‌ഡേക്ക്, ദീപികയില്‍ ഫാന്റം അങ്ങനെ മറ്റൊരു വിഭാഗം വേറെ.

ഞാന്‍ മാത്രമല്ല ഇതൊക്കെ വായ്ക്കുന്നത്. വടക്കേതിലെ ബിസ്മിയും ബിജിനിയും, കുന്നത്തെ റോയി, കുന്നേലെ സിജോ, പനച്ചിങ്കലെ ബിനു, ബിനോയി, ബിജു, പിന്നെ സിജു, രതീക്, ജോസ് അങ്ങനെ എത്രയോ കൂട്ടൂകാരുമായി പുസ്തകങ്ങള്‍ പങ്കുവച്ചു. വളരെപഴയ പൈക്കോ പ്രസിദ്ധീ‍കരിച്ചുകൊണ്ടിരുന്ന കാലത്തെ പൂമ്പാറ്റ എനിയ്ക്കു വായിക്കുവാന്‍ തന്നത് രതീകാണ്.

കുറേയധികം ലക്കങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടൂണ്ട്. ചിതലുവരുന്നു എന്നൊക്കെപ്പറഞ്ഞ് അച്ചാച്ചന്‍(അമ്മയുടെ അച്ഛനെ അങ്ങനെയാണ് വിളിയ്ക്കുന്നത്) തൂക്കിക്കൊടുക്കാന്‍ ബഹളം വയ്ക്കുമ്പോഴും അച്ചാപോറ്റി പറഞ്ഞ അത് വില്‍ക്കാതെ സൂക്ഷിച്ചിരിയ്ക്കുന്നു.

ബാലപ്രസിദ്ധീകരണങ്ങളുടെ നിലവാരം കുറഞ്ഞു, അവരു ലക്ഷ്യമാക്കുന്ന എയിജ് ഗ്രൂപ്പുകള്‍ക്കു മാറ്റം വന്നു. ടീവിയും കമ്പ്യൂട്ടറും ഒക്കെ ബാലപ്രസിദ്ധീകരണങ്ങളുടെ സ്ഥാനം കയ്യടക്കി.

വീട്ടില്‍ ടീവിയില്ലാതിരുന്നത് എത്രയോ നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

അന്നത്തെ ആ ബാലസാഹിത്യങ്ങളാണ് ബാലപ്രസിദ്ധീകരണങ്ങളാണ് മലയാളം ഇഷ്ടപ്പെടാനും മലയാളം വായിക്കുവാനും മലയാളത്തില്‍ എഴുതുവാനും ഒക്കെയുള്ള താത്പര്യം ജനിപ്പിച്ചത്. അതിനെയൊക്കെ പ്രോത്സാഹിപ്പിയ്ക്കുന്ന നല്ല അധ്യാപകരെ കിട്ടിയതും എന്റെ ഭാഗ്യം. വലിയവേനലവധിയ്ക്ക് എല്‍.പി സ്കൂളിന്റെ ഓഫീസ് റൂമിലിരുത്തി പുസ്തകങ്ങള്‍ വായിയ്ക്കുവാന്‍ തന്ന ലീജുമരിയാമ്മ, പുസ്തകങ്ങള്‍ അടുക്കിവയ്ക്കാന്‍ നിര്‍‌ബന്ധിച്ച എലിസബത്തമ്മ, വായനെയും എഴുത്തിനെയും എന്നും പ്രോത്സാഹിപ്പിച്ച കസിയാനാമ്മ, ഹൈസ്കൂളില്‍ ലൈബ്രറിയുടെ ഇന്‍‌ചാര്‍ജ് ആയിരുന്ന കല്ലറക്കാവുങ്കല്‍ സാറ്...എത്രയോ പേര്‍.

ആ.. അതിക്കെ ഒരു കാലം.

“സ്വപ്നരാജ്യത്തിലൂടെ” മുഴുവനായി വായിച്ചിട്ടുള്ളവരുണ്ടോ...അതിന്റെ കഥകേള്‍ക്കാനാണ്. അന്നത്തെ കുട്ടീകളുടെ ദീപിക കൈവശമുള്ളവരുണ്ടോ...വാങ്ങിക്കാന്‍ ഞാന്‍ തയ്യാറാണ്. ലോകനാര്‍കാവ് ഒരു പ്രാവശ്യം മുഴുവനായി വായിക്കണമെന്ന് ആഗ്രഹമുണ്ട്. കെ. രാധാകൃഷ്ണന്‍ എന്നാണെന്നു തോന്നുന്നു നോവലിസ്റ്റിന്റെ പേര്, അതൊന്നു പുസ്തകമാക്കിയിരുന്നെങ്കില്‍...
ഇതൊക്കെ യൂണീകോഡില്‍ ലഭ്യമായിരുന്നെങ്കില്‍...