സ്വാശ്രയത്തെക്കുറിച്ച് വീണ്ടും ഒരു പോസ്റ്റ് ആഗ്രഹിച്ചതല്ല. എങ്കിലും ഇത്ര നിഷ്കളങ്കമായി ഇങ്ങനെ "ഒരു കൊച്ചു സംശയം" ചോദിച്ചാല്‍ സ്വാശ്രയമെന്ന് എവിടെക്കണ്ടാലും കേറി വീഴുന്ന ഞാന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിയ്ക്ക് മനസമാധാനം കിട്ടുമോ.
ആഗസ്റ്റ് അഞ്ചിനിട്ട പോസ്റ്റല്ലേ...അവിടെ ചൂടാറി എന്നു തോന്നുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ.
ബാബുരാജ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:- “വാങാന് ആളുള്ളതു കൊണ്ടാണ് അവറ്ക്ക് ആ വിലയ്ക്ക് വില്‍ക്കാന് പറ്റുന്നത്“.
വളരെ ശരിയാണ്. ഇതുതന്നെയാണ് സ്വാശ്രയ ഫീസ് ഉയര്‍ന്നു നില്‍ക്കാനുള്ള കാരണവും.
ഡിമാന്റ് കൂടുമ്പോള്‍ വിലയും കൂടും. വളരെ ലളിതമായ സാമ്പത്തിക ശാസ്ത്രം.
എന്തുകൊണ്ടാണ് ഡിമാന്റ് കൂടുന്നത്?
ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ കേരളം എന്ന ജോബ് മാര്‍ക്കറ്റ് മുന്നില്‍ കണ്ടല്ല നിലനില്‍ക്കുന്നത്. ആഗോളതലത്തില്‍ വിദഗ്ദരുടെ ആവശ്യം ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള സേവന-സാങ്കേതിക കോഴ്സുകളുടെ ഫീസ് ഉയര്‍ന്നു തന്നെ നില്‍ക്കും.
ഐ.ടി പ്രൊഫഷണല്‍സിന്റെ കാര്യമെടുക്കാം. ആഗോളതലത്തിലെ സോഫ്റ്റ് വെയര്‍ വിപണി പരിഗണിയ്ക്കപ്പെടുന്നില്ലായിരുന്നില്ലെങ്കില്‍ ഒരു ശരാശരി ഐ.ടി പ്രൊഫഷണലിന്റെ ശമ്പളം ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ സാധാരണ ശമ്പളത്തിനപ്പുറം പോവേണ്ടകാര്യമില്ല. പല കമ്പിനികളിലും ഒരു ക്ലാര്‍ക്കിന്റെ വൈദഗ്ദ്യത്തിനപ്പുറമുള്ള മികവൊന്നും ഇവരില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നുമില്ല.പക്ഷേ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് സ്ഥിതി വ്യത്യസ്ഥമാക്കുന്നു. അമേരിയ്ക്കയിലോ മറ്റു വികസിത രാജ്യങ്ങളിലോ ലഭ്യമായതിന്റെ പത്തിലൊന്നു ചിലവില്‍ മൂന്നാം ലോകരാജ്യങ്ങളിലെ മാനവവിഭവം ലഭ്യമാണ്, മികവില്‍ കാര്യമായ ഒത്തുതീര്‍പ്പിനു വഴങ്ങാതെ തന്നെ. അതേ സമയം ഈ പത്തിലൊന്നു ചിലവ് എന്നത് മൂന്നാം ലോകരാജ്യങ്ങളിലെ മികച്ച ശമ്പളമായി കരുതപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് മുപ്പതിനായിരവും നാല്‍പ്പതിനായിരവും ഒരു ഐ.ടി വിദഗ്ദനു കൊടുക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നു. അതുകൊണ്ടു തന്നെ അത്തരം കോഴ്സുകള്‍ക്ക് ആവശ്യക്കാരുണ്ടാവുന്നു. ക്രമേണ കോഴ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും തത്തുല്യമായ ശമ്പളം കൊടുക്കേണ്ടിവരുന്നു. വിദ്യാഭ്യാസത്തിന്റെ ചിലവു വര്‍ദ്ധിയ്ക്കുന്നു. പലപ്പോഴും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നല്‍കുന്നതിന്റെ ഇരട്ടിയിലധികമാണ് ഒരു സ്വകാര്യസ്ഥാപനത്തില്‍ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെടുക. (ഇവിടെയും ഡിമാന്റ്-സപ്ലേ തത്വങ്ങള്‍ ബാധകമാണ്. നേഴ്സുമാര്‍ ധാരാളമുള്ളതുകൊണ്ട് കേരളത്തില്‍ നേഴ്സുമാര്‍ക്ക് കിട്ടുന്ന ശമ്പളം തുശ്ചമാകുന്നു, നേഴ്സുമാര്‍ കുറവുള്ള രാജ്യങ്ങളില്‍ വലിയ ശമ്പളം ലഭിയ്ക്കുന്നു).
മെഡിക്കല്‍ രംഗത്തും സംഭവിയ്കുന്നതു മറ്റൊന്നല്ല.25 ലക്ഷമോ 30 ലക്ഷമോ മുടക്കി എം.ബി.ബി.എസ് പഠിയ്ക്കുന്ന ഒരാള്‍ കേരളത്തിലെ രോഗികളെ “പിഴിഞ്ഞു” അതൊക്കെ തിരിച്ചുപിടിയ്ക്കാം എന്നു കരുതിയാല്‍ അതുമണ്ടത്തരമാണ്, അല്ല അങ്ങനെ ചിന്തിച്ചാണ് അവര്‍ കോഴ്സിനു ചേരുന്നത് എന്നു കരുതിയാല്‍ അതും മണ്ടത്തരമാണ്. കഴിവതും ഉപരിപഠനാര്‍ത്ഥമോ അല്ലാതെയോ അക്കരപറ്റുകയും കഴിയുമെങ്കില്‍ അവിടെത്തന്നെ കൂടുകയും ചെയ്യണമെന്നു കരുതുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇത്തരം സാധ്യതകളാണ് മെഡിക്കല്‍ കോഴ്സിന്റെ ഡിമാന്റും ക്രമേണ ഫീസും ഉയരുന്നതിനു കാരണമാവുന്നത്.
ഉദാഹരണത്തിനു അമേരിക്കയിലെ ഡോക്ടര്‍മാരുടെ വാര്‍ക്ഷിക ശമ്പളം ഒരു ലക്ഷം യു.എസ് ഡോളറിനു മുകളിലാണ്. ശരാശരി ശമ്പളം ഏതാണ്ട് രണ്ടരലക്ഷത്തിനടുത്തുവരും. ഒരു ലക്ഷം ഡോളര്‍ എന്നു കണക്കാക്കിയാല്‍ തന്നെ 40ലക്ഷം ഇന്ത്യന്‍ റുപ്പിയ്ക്കു മുകളിലായി.
ഡോക്ടര്‍മാരുടെ മാത്രം കാര്യമല്ല നേഴ്‌സിംഗിന്റെയും ആകര്‍ക്ഷണീയത വിദേശത്തുള്ള സാധ്യതയാണ്. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ സ്വകാര്യമേഖലയില്‍ രണ്ടായിരം മൂവായിരം മാത്രമൊക്കെ ശമ്പളം കിട്ടാവുന്ന ജോലിയ്ക്ക് അമ്പതിനായിരവും അറുപതിനായിരവും കൊടുത്ത് ആള്‍ക്കാര്‍ ചേരുമോ?
അതുകൊണ്ട് കണ്ണുമടച്ച് സ്വശ്രയക്കോളേജില്‍ പഠിച്ചവര്‍ക്കെല്ലാം ജനങ്ങളെ പിഴിയുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല എന്ന നിഗമനത്തിലെത്താതെ ഇങ്ങനെയുള്ള സാധ്യതളെക്കുറിച്ചും മനസിലാക്കാന്‍ ശ്രമിയ്ക്കുക.
ഇത്തരം സാധ്യതകളില്ലാതായിക്കഴിയുമ്പോള്‍ ഡിമാന്റു കുറയും, ആനുപതികമായി അധ്യാപകരുടെ ശമ്പളം കുറയും, മറ്റു ചിലവുകള്‍ കുറയും, സ്വാശ്രയവിദ്യാഭ്യാസത്തിന്റെ ചിലവു കുറയും, ഫീസും കുറയും. സാധ്യതകളുള്ളീടത്തോളം കാലം നേരേ തിരിച്ചും സംഭവിയ്ക്കും.
ലഭ്യമായ ചില സ്ഥിതിവിവരക്കണക്കുകള്‍:
"Among developing countries, India is the biggest exporter of trained physicians
with India-trained physicians accounting
for about 4.9% of American physicians and 10.9% of British physicians.
10"
17 comments:
ഇൻ എ നട്ഷെൽ - വിപണിയാണ് സമൂഹത്തെ നയിക്കുന്നത്. അല്ലാതെ സാമൂഹ്യപുരോഗതിയ്ക്ക് വേണ്ടിയല്ല വിപണിയും വിദ്യാഭ്യാസവും.
ശരിയാണെന്ന് സമ്മതിക്കുന്നു. റിയാലിറ്റി ഈസ് റിയാലിറ്റി. അങ്ങനെ അല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹം... സ്വപ്നം എന്നും പറയാം.
പണമുള്ളവന്‍ പണമുണ്ടാക്കാന്‍ പണമെറിയുന്നു.
ആന പിണ്ടമിടുന്നത് കണ്ട് ആടുകള്‍ മുക്കണ്ടാ എന്നല്ലെ ജോജു പറഞ്ഞു വരുന്നത്?
ബിസിനസ്സ് പണക്കാര്‍ക്കു വേണ്ടി ഉള്ളതാണ്, പണമുള്ളവന്‍ മാത്രം ആ വഴിക്ക് പോയാല്‍ മതിയെന്നും.
കാല്‍വിന്‍,
വിപണിയുടെ സാധ്യതകളെ പ്രയോജപ്പെടുത്തുമ്പോള്‍ സമൂഹത്തിനു അഭിവൃത്തിയുണ്ടാവുന്നു. ഗള്‍ഫ് നാടുകളിലെയും പാശ്ചാത്യരാജ്യങ്ങളിലെയും സാധ്യതകളെ പ്രയോജനപ്പെടുത്തിയതാണ് കേരളം കഴിഞ്ഞ അര്‍ദ്ധശതകത്തില്‍ ഉണ്ടാക്കിയ അഭിവൃത്തിയുടെ പ്രധാന കാരണം. (എംജിഎസ് പറഞ്ഞിട്ടൂണ്ട്, ഇഎംഎസ് ഉം പറഞ്ഞിട്ടൂള്ളതായി മനസിലാക്കുന്നു)
അനില്,
സമൂഹത്തിനു പ്രയോജനകരമായ ഒരു സാധ്യതയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. സമ്പന്നര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കു കൂടി പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ അതു ക്രമീകരിയ്ക്കാവുന്നതേയുള്ളൂ. അതിനു ഫീസ് കുറയ്ക്കുന്നതു മാത്രമല്ല മാര്‍ഗ്ഗം. മക്കള്‍ നേഴ്സിംഗ് പഠിച്ച് വിദേശത്തുപോയി സാമ്പത്തികമായി അഭിവൃത്തിപ്രാപിച്ച എത്രയോ കുടുംബങ്ങള്‍ കുറഞ്ഞപക്ഷം മധ്യതിരുവിതാംകൂറിലെങ്കിലുമുണ്ട്. അവരൊന്നും പണക്കാരായിരുന്നില്ല, ഭൂരിഭാഗവും ഇടത്തരക്കാരു പോലുമായിരുന്നില്ല.
എഴുത്തുകാരിയുടെ സംശയത്തിനു എന്താണ് ജോജുവിന്റെ മറുപടി എന്ന് വ്യക്തമായി മനസ്സിലായില്ല. മനസ്സമാധാനത്തിനായി മാത്രം ഇട്ട പോസ്റ്റ് ആണോ ഇത്?
മണിസാര്‍,
എഴുത്തുകാരിയുടെ സംശയം:- "ഈ ചിലവാക്കിയ തുകയെങ്കിലും തിരിച്ചു പിടിക്കണ്ടേ അവര്‍ക്കു്? അപ്പോഴെങ്ങിനെ പാവപ്പെട്ട രോഗികളോട് അത്മാര്‍ഥത കാണിക്കാന്‍ പറ്റും, വേണമെന്നു തോന്നിയാല്‍ പോലും".
ജോജുവിന്റെ മറുപടി: രന്ടൊ മൂന്നോ വര്‍ഷം വിദേശത്തു ജോലിചെയ്താല്‍ തിരിച്ചുപിടിയ്ക്കാവുന്നതേയുള്ളൂ ഈ ചിലവാക്കിയതുക, പാവപ്പെട്ട രോഗികളെ പിഴിയേണ്ടതായും വരുന്നില്ല.
"മാസം 50000 രൂപയോളം ബാങ്കില്‍ പലിശ" അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് കേരളത്തിലെ പ്രൈവറ്റ്/സര്‍ക്കാര്‍ ആശുപത്രികളിലെ ശമ്പളം മതിയാവുമെന്നു തോന്നുന്നില്ല.
നന്ദി, ജോജു.
എഴുത്തുകാരി ഇത് വായിക്കുന്നുണ്ടോ എന്തോ? എഴുത്ത്കാരിയുടെ കുഞ്ഞ് സംശയത്തിന് വളരെ ലളിതമായ മറുപടി.
പഠനം കഴിഞ്ഞ് വിദേശത്ത് ജോലി നേടുക. ഒരഞ്ചുകൊല്ലം ജോലി ചെയ്താല്‍ 40 ലക്ഷം രൂപ വരുമാനം. മാസം ഒരു ലക്ഷം ചെലവ് അവിടെ, അരലക്ഷം തിരിച്ചടക്കേണ്ട ബാധ്യത ഇവിടെ. അപ്പോ 18 ലക്ഷം ചെലവു കഴിഞ്ഞ് 22 ലക്ഷം മിച്ചം. ഒരു അഞ്ച് കൊല്ലം തൊഴിലെടുത്താല്‍ ഒരു കോടിയില്‍ പരം രൂപയാണ് സമ്പാദ്യം. പിന്നെ നാട്ടില്‍ വന്ന് വിവാഹം, അടിപൊളി ജീവിതം. സ്വാശ്രയമേ രക്ഷതു!
കളിയാക്കണ്ട സാറേ ഇവിടെ സംഭവിച്ചുകൊന്ടിരിയ്ക്കുന്നതു ഞാന്‍ പറഞ്ഞൂ എന്നു മാത്രം.
ജോജു,
കളിയാക്കല്‍ വിഷമം ഉണ്ടാക്കിയെങ്കില്‍, മാപ്പ്. ഒരു എം ബി ബി എസ് ബിരുദം ഉണ്ട് എന്നത് കൊണ്ട് മാത്രം യു എസ് പോലുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടുമോ? സ്വാശ്രയക്കോളേജില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ ഉടനെ വിദേശത്ത് ജോലി കിട്ടുമോ? ഇതെ പറ്റി അറിയാവുന്ന ആരെങ്കിലും പറഞ്ഞാല്‍ ഉപകാരമായിരുന്നു. വിദേശ ജോലി മാത്രം ലക്ഷ്യം വച്ച് പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുറവ് തന്നെ യാണെന്ന് ഞാന്‍ കരുതുന്നു.
ഒന്നുമല്ലെങ്കിലും കളിയാക്കിയതു ഞങ്ങളുടെ മണിസാറല്ലേ, എന്തുവിഷമം!
മെഡിക്കല്‍ കോളേജുകളുമായേ അടുപ്പമില്ല. സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ വന്നിട്ട് അധികം കാലമായിട്ടുമില്ല. ഇവിടുങ്ങളില്‍ നിന്നും പാസായവര്‍ എന്തു ചെയ്യുന്നു, ലോണെടുത്തവര്‍ എങ്ങിനെ തിരിച്ചടയ്ക്കുന്നു എന്നൊക്കെ അറിയാന്‍ എനിയ്ക്കും താത്പര്യമുണ്ട്.
എന്റെ അറിവിലുള്ള യുവ ഡോക്ടര്മാരില് ഭൂരിഭാഗവും അമേരിയ്ക്കയിലാണ്. അവരു സ്വാശ്രയങ്ങളില് നിന്നും പാസായവരല്ലെങ്കിലും.
സാറിന്റെ ചോദ്യങ്ങള്‍ ന്യായമാണ്. എം.ബി.ബി.എസ് കഴിഞ്ഞാലുടനെ യു.എസ്സില്‍ ജോലികിട്ടുമോ? എന്റെ അറിവില്‍ പലരും ഉപരിപഠനാര്‍ത്ഥം പോവുകയോ വിവാഹം കഴിച്ചു പോവുകയോ ആണ് പതിവ്.
നേഴ്സിംഗിന്റെ കാര്യത്തിലാണെങ്കില്‍ കുറച്ചുകൂടെ പറയാനാവും. മിഡില്‍ക്ലാസ്,ലോവര്‍ മിഡില്‍ ക്ലാസ്/ലോവര്‍ ക്ലാസ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പൊതുവെ നേഴ്സിംഗിന് വരിക. ഡിപ്ലോമയോ/ഡിഗ്രിയോ കഴിഞ്ഞ് ഒന്നോ രണ്ടൊ വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി എല്ലാവരും തന്നെ കടലു കടക്കും. ഗള്‍ഫിലേയ്ക്ക്, അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക്, യു.എസ്.എ/ക്യാനഡ/ആസ്ട്രേലിയ അങ്ങനെ. ഇന്ത്യന്‍ റുപ്പിയിലേയ്ക്ക് കണ്‍വേര്‍ട്ട് ചെയ്യുമ്പോള്‍ വളരെ മികച്ച ശമ്പളവുമായി.
“ഇതെ പറ്റി അറിയാവുന്ന ആരെങ്കിലും പറഞ്ഞാല്‍ ഉപകാരമായിരുന്നു“.
ജോജൂ,
:)
വിദ്യാഭ്യാസം കച്ചവടമായിരിക്കണമെന്ന ആശയം നല്ലത്... നാട് ഓടുമ്പോള്‍ നടുവേ ഓടണമല്ലോ...
മണി സാറിന്റെ കമന്റിന് ഒരു കൂട്ടി ചേര്‍ക്കല്‍ മാത്രം.
ഇന്ത്യയിലെ എം.ബി.ബി.എസ്സ്.+എം.ഡി. കൊണ്ട് അമേരിക്കയില്‍ ഒരു കാര്യവുമില്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായത്. സാധാരണ പി.ജി. എടുത്ത് ഇവിടെ വന്നാല്‍ ഡിഗ്രിയുടെ വില പോലുമില്ല എന്നത് നേരത്തേ അറിയാമായിരുന്നു. പി.എച്ച്.ഡി. ചെയ്യണമെങ്കില്‍ ഇന്ത്യയിലെ എം.എസ്സ്.സി.ക്ക് പുറമേ ഇവിടത്തെ എം.എസ്സ്. കഴിയണം!
ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് കിട്ടണമെങ്കില്‍ ബോര്‍ഡ് പരീക്ഷ പാസ്സാകണം. 3 പാര്‍ട്ടാണ് ഉള്ളത്. അതില്‍ 2ആം പാര്‍ട്ടില്‍ തന്നെ രണ്ട് ഡിവിഷന്‍ ഉണ്ട്. നല്ല വണ്ണം പഠിച്ച് എഴുതുന്നുവെങ്കില്‍ 2 കൊല്ലം കൊണ്ട് ഈ കടമ്പ കടക്കാം. അത് കഴിഞ്ഞ് 2 കൊല്ലത്തോളം റെസിഡന്‍സി പ്രാക്ടീസ്. ഇനി സ്പെഷലൈസേഷന്‍ വേണമെങ്കില്‍ 3 കൊല്ലത്തെ ഫെല്ലോഷിപ്പ് കിട്ടി പഠിക്കുക. അതായത് ചുരുങ്ങിയത് 7 കൊല്ലം :(
ജോജുവിന്റെ കൂട്ടുകാര്‍ ഇങ്ങനെയല്ലാതെ അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കണം. ഏയ്മ്സില്‍ നിന്ന് വന്ന ഒരു കക്ഷി ഇവിടെ ബോര്‍ഡ് പരീക്ഷയ്ക്ക് തല കുത്തിയിരിക്കുന്നുണ്ട്. പുള്ളിക്ക് രക്ഷപ്പെടാമല്ലോ.
മണി സാറ് പറഞ്ഞത് പോലെ വെറുംഡിഗ്രി മാത്രമെടുത്തിട്ട് അമേരിക്കയില്‍ ഉടനെ ജോലി കിട്ടില്ല. അതായത് ജോജു പറയുന്നത് പോലെ ഡിഗ്രി കിട്ടിയ ഉടനെ 5 കൊല്ലം കൊണ്ട് കൊടുത്തത് തിരിച്ച് പിടിക്കാം എന്നത് വ്യാമോഹം മാത്രം.
ബ്രിട്ടണിലും പുതിയ രീതിയായിരിക്കുന്നു എന്നാണ് കേട്ടത്. അവിടെയും ബോര്‍ഡ് പരീക്ഷയൂണ്ട്. പക്ഷേ 2 പാര്‍ട്ടേ ഉള്ളൂ അത്രെ!
സ്വയാശ്രയ എഞ്ചിനീറിങ്ങ് കോളെജില്‍ ഒരു അദ്ധ്യാപകന് ഇപ്പോള്‍ എത്ര കിട്ടുന്നു എന്ന് അറിയില്ല. ഒരു 4 കൊല്ലം മുന്‍പ് രസതന്ത്രക്കാര്‍ക്ക് 8000/- കൊടുക്കുന്ന കോളേജ് വിരലില്‍ എണ്ണാവുന്നവ മാത്രമായിരുന്നു.
പിന്നെ നേഴ്സുമാരുടെ കാര്യം. സാധാരണ ഏജന്റ് നേഴ്സുമാരായാണ് ഇവിടെ എത്തിപ്പെടുന്നത്. കാരണം ഏജന്റിന് ആശുപത്രി കമ്മീഷന്‍ കൊടുക്കും. പിന്നെ പാവം നെഴ്സുമാരില്‍ നിന്നും ഏജന്റ് പിഴിയും. എന്നാലും ഗ്രീന്‍ കാര്‍ഡ് കയ്യില്‍ കിട്ടുമല്ലോ. 2-3 കൊല്ലം ഏജന്റിന്റെ കീഴിലണെങ്കിലും പിന്നെ രക്ഷപ്പെടാമല്ലോ. അത് സാമ്പത്തിക മാന്ദ്യത്തൊടെ അവസാനിച്ചു. ഹോസ്പിറ്റലുകള്‍ ഏജന്റ് നേഴ്സുമാരെ എടുക്കുന്നത് മരവിപ്പിച്ചു. കൂടാതെ ഗവണ്മെന്റ് ഗ്രീന്‍ കാര്‍ഡ് കൊടുക്കുന്നത് നിര്‍ത്തി. ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ചുരുങ്ങിയത് 3 കൊല്ലം വേണമെന്നതിനാല്‍ ജോലി എന്ന് നഷ്ടപ്പെടുന്നുവോ അന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ടി വരുമെന്നര്‍ത്ഥം.
ജോജു പറഞ്ഞത് പോലെ കേരളത്തിലുള്ളവര്‍ ഇതൊക്കെ തിരിച്ചറിയുമ്പോള്‍ ഡിമ്മാന്റ് കുറയും, സ്വായശ്രയ ഫീസ് താഴേയ്ക്ക് വരും. പക്ഷേ എന്ന് കേരളിയര്‍ ഇത് തിരിച്ചറിയും?
ഞാനിപ്പഴാട്ടോ ഇതു കണ്ടതു്. എന്റെ സംശയത്തിന്റെ ചുവട് പിടിച്ച് ഒരു പോസ്റ്റ് ഇട്ടതിനു് നന്ദി.
എന്റെ സംശയത്തിനും വേറെ കുറേ സംശയങ്ങള്‍ക്കും പലരും വിശദമായ മറുപടികള്‍ തന്നിട്ടുണ്ടല്ലോ. അല്ല, നമ്മളിങ്ങനെയൊക്കെ സംശയച്ചിട്ടെന്താ കാര്യം, അല്ലേ? കൂടുതല്‍ കാശുകൊടുത്ത് പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും എന്തെങ്കിലും വഴി കണ്ടിരിക്കും :)
Off Topic:
Just for your information
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കു ശമ്പള വര്‍ദ്ധന
അടിസ്ഥാന ശമ്പള വര്‍ദ്ധന ശുപാര്‍ശ:
ലക്ചറര്‍: 22000/-
സീനിയര്‍ ലക്ചറര്‍: 26000/-
അസിസ്റ്റന്റ് പ്രൊഫസര്‍: 31000/-
അസോസിയേറ്റ് പ്രൊഫസര്‍: 47000/-
പ്രൊഫസര്‍: 51000/-
ഇതനുസരിച്ച് പ്രൊഫസര്‍ക്ക് 80000/- രൂ മുകളില്‍ മാസശമ്പളം ലഭിയ്ക്കും.
എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകര്‍ക്ക് ശമ്പള ഘടന ഇതുവരെ പുതുക്കിയിട്ടില്ല. ജോജു പറഞ്ഞതു പോലുള്ള രീതിയില്‍ ശുപാര്‍ശ ഉണ്ടെങ്കിലും അത് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഈ വര്‍ഷം തന്നെ എഞ്ചിനീയറിംഗ് സീറ്റ്കളുടെ ഡിമാന്റ് പ്രത്യേകിച്ചും ഐ ടി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ കുറവാണെന്ന് ഇതുവരെ യുള്ള അലോട്ട്മെന്റ് ഫലം കാണിക്കുന്നു.
ഇന്നത്തെ നമ്മുടെ അണു കുടുംബം ഇത്ര പൈസ മുടക്കി പത്രാസു കാട്ടാന്‍ കാരണം ആവുന്നു
ഒരു കുട്ടിക്ക് പകരം രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും ഒരു മിഡില്‍ ക്ലാസ്സ് ഫാമിലി ഇരുപത്തി അഞ്ചു ലക്ഷം മുടക്കാന്‍ തയ്യാറാവില്ല ഒരു കുട്ടിക്ക് വേണ്ടി മാത്രം
ഇവിടെ ആകെ ഉള്ള കാശുമുടക്കി പാത്രാസു കാട്ടുന്നത് എന്റെ കുട്ടിയും മെഡിസിനു പഠിക്കുന്നു എന്ന് പറഞ്ഞു നടക്കാന്‍
അല്ലെങ്കില്‍ 25 അന്‍പതോ നൂറോ ആക്കാന്‍ സാധിക്കും എന്ന വിശ്വാസത്തില്‍....
സ്വന്തമായി ഒരു ഹോസ്പിറ്റല്‍
അവിടെ ഒരു ചെറിയ പനിക്ക് ആയിരങ്ങള്‍ വാങ്ങാം എന്നുള്ള കണക്കു കൂട്ടലുകള്‍!
ഇതുമായി ബന്ധമുള്ളതെന്ന് എനിക്കു തോന്നുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്, ഇവിടെ:
http://mdotani.blogspot.com/2009/08/blog-post.html
ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇംഗ്ലണ്ടില്‍ കിടന്നു പെടാപ്പാട് പെടുന്നതിന്റെ വിശേഷം ദാ.. ഇവിടെ വായിക്കാം
http://www.medicalinfoindia.com/blog/3000-indian-doctors-left-jobless-eu-friendly-ഉക്
അമേരിക്കയില്‍ ഒരാള്‍ക്ക് ഡോക്ടര്‍ ആവനമെന്കിലുള്ള കടുത്ത പരീക്ഷനങ്ങളെ കുറിച്ച മനോജ് എഴുതിയിട്ടുണ്ടല്ലോ..
ഇപ്പോള്‍ സ്വാശ്രയത്തിലെ പ്രശ്നം അതല്ലല്ലോ... എന്‍ട്രന്‍സ് പരീക്ഷയില്‍ നാല്പ്പതിനായിരത്ത്തിനുമപ്പുരം റാങ്ക് കിട്ടുന്നവനും കിട്ടും സീറ്റ്. എന്‍ട്രന്‍സ് പരീക്ഷയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടില്ലെന്കില്‍ അവര്‍ സ്വന്തം ടെസ്റ്റ് നടത്തി പാസാക്കും!
ഇത കള്ളപ്പണക്കാര്ക്ക് മക്കളെ സ്‌ടാടസ് സിംബലുകലായി വളര്ത്താനല്ലാതെ മറൊന്നിനും ഉപകരിക്കില്ല.
പിന്നെ എല്ലാത്തിനും ഉണ്റ്റ് ഒരു കാലം.
ധനികന്‍ സ്വര്‍ഗരാജ്യത് പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ ശ്രമകരമാനെന്ന്‍ ബോധ്യപ്പെടുത്താന്‍ കര്‍ത്ത്താവിനുപോലും കഴിഞ്ഞ്ഞ്ഞില്ലല്ലോ!
അയ്യോ,
ഈ പോസ്റ്റ് ഇപ്പൊഴാണു കണ്ടത് !
ഈ വിഷയത്തിൽ ഇങനെ ഒരു സംവാദവും ചർച്ചയും നടന്നിട്ടും പിന്നെയും ഇരുട്ടത്തു തുടരുന്നുവെങ്കിൽ അത് കണ്ണടച്ചതു കൊണ്ടുള്ള ഇരുട്ടും അല്ല കേട്ടൊ…….
ഇതിനു ചികിത്സയില്ല തന്നെ !
‘എന്റെ അറിവിലുള്ള യുവ ഡോക്ടര്മാരില് ഭൂരിഭാഗവും അമേരിയ്ക്കയിലാണ്. അവരു സ്വാശ്രയങ്ങളില് നിന്നും പാസായവരല്ലെങ്കിലും.‘
അതു തന്നെയാണു ഏറ്റവും വലിയ തമാശയും !
തലയിൽ ശരിയായ ആൾത്താമസമുള്ളവർ നേരേ വഴിയേ പഠിച്ചു പ്രശോഭിച്ചുകൊള്ളും മാഷേ ! (അങിനെയുള്ളവർ തന്നെയാണു മെഡിക്കൽ രംഗം കൈകാര്യം ചെയ്യേണ്ടതും !) അതോണ്ടാണു അവരുടെ കാർന്നോന്മാർക്ക് ‘മറ്റേ ഫീസ് എളവുള്ള’ സ്ഥലങൾ തേടേണ്ടി വരാഞ്ഞത് !! അന്നും പുറം സംസ്ഥാനങളിൽ ഇവ്വിധ സൗകര്യങൾ ഉണ്ടായിരുന്നല്ലൊ !
20 വർഷം മുൻപ് 500 റാങ്കിനുള്ളിൽ കിട്ടുന്നവൻ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖല ഇപ്പൊ വന്നു വന്നു മാഷ് സൂചിപ്പിച്ചപൊലെ ‘റാങ്ക് ലിസ്റ്റിൽ ഉണ്ട്‘ എന്നു വീംബിളക്കുന്ന ‘മിടുക്കന്മാർക്കും’ എത്തിപ്പെട്ടു എന്നു സാരം !
അമേരിക്കയിലേയും ബ്ബ്രിട്ടണിലെയും കഥകൾ അറിയാവുന്ന സ്ഥിതിക്ക് ഇനിയെങ്കിലും ആ തൃക്കണ്ണുകൾ തുറന്നു കാണാനും വിലയിരുത്താനും ശ്രമിച്ചിരുന്നെങ്കിൽ !!
ഒരു കാര്യം കൂടി: ഈ വിഷയത്തിൽ താങ്കളുടെ അമേരിക്കൻ ഡോക്ടർ സുഹ്രുത്തുക്കളുടെ അഭിപ്രായം കൂടി ഒന്ന് ആരാഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു……
Post a Comment