Monday, June 27, 2011

ദേശാഭിമാനിയോട് ചില സംശയങ്ങൾ

ദേശാഭിമാനി ഇന്നു ചില നേരുപറഞ്ഞിരുക്കുക്കു പതിവുപോലെ. പക്ഷേ എന്റെ സംശയങ്ങൾ ഞാൻ ആരോടു ചോദിക്കും. കമന്റായി സംശയങ്ങൾ ഇട്ടൂ. ആരെങ്കിലും പറുപടിപറയട്ടെ. അതുകൊണ്ട് ആ കമന്റും ഇവിടെ ഇടുന്നു.

1. "അമൃത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ 5.25 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തതും പ്രതിഷേധാര്‍ഹമാണ്."

എൽ.ഡി.എഫ് എന്റെ കാലത്ത് അമൃതയിലെ ഫീസ് എത്രയായിരുന്നു? അമൃതയുമായി എന്തു കാരാറായിരുന്നു ഉണ്ടാക്കിയത്?

2. "സര്‍ക്കാരിന്റെ സമീപനവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിന്റെ നിലപാടുകളുമാണ് നിലവില്‍ പ്രവേശനനടപടികള്‍ തകിടംമറിച്ചത്."

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുനിന്നു വ്യത്യസ്ഥാമായി ഇന്റർ ചർച്ച് കൗൺസിലിന്റെ നിലപാടിൽ എന്തു മാനമാണു ഊണ്ടായത്.

3. "മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക"

എന്തിന്റെ അടിസ്ഥാനത്തിലാണു മാനേജുമെന്റിനു തലവരിപ്പണം വാങ്ങാനാവുക? തലവരിപ്പണം വാങ്ങിയാൽ അതു നിയമവിരുദ്ധമാവുകയും പ്രവ്വേശനം സുതാര്യമല്ലാതാവുകയും ചെയ്യില്ലേ? പ്രവേശന നടപടികൾ നിരീക്ഷിക്കുവാൻ അധികാരമുള്ള മുഹമ്മദു കമ്മറ്റിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ?

4. "ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുകളിലെ 52 കുട്ടികള്‍ ഉള്‍പ്പെടെ 195 കുട്ടികള്‍ക്ക് ഇത്തവണ ഈ അവസരം നഷ്ടമാകും."

എങ്ങിനെ?

Monday, June 20, 2011

അനീതിയെങ്ങനെ സാമൂഹ്യനീതിയാകും ? - റവ. ഡോ. ഫിലിപ്പ്‌ നെൽപുരപ്പറമ്പിൽ

അമ്പതുശതമാനം സീറ്റ്‌ സർക്കാരിനു വിട്ടുകൊടുത്തു സാമൂഹ്യനീതിപാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന്‌ ഒരു സാമുദായിക വിദ്യാഭ്യാസ സംഘടനാ നേതാവു ചില മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു കാണുകയുണ്ടായി. എന്താണു സാമൂഹ്യനീതി? അമ്പതുശതമാനം സീറ്റു വിട്ടുകൊടുക്കുമ്പോൾ നീതിയുണ്ടാകുമോ? അങ്ങനെ നൽകിയവർ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ നീതിയെന്താണ്‌? ഈ ഒരു ആഹ്വാനത്തിനു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ എന്തൊക്കെയാണ്‌? എന്നീ ചോദ്യങ്ങൾ സ്വാഭാവികമായും ഈ ആഹ്വാനം ഉയർത്തുന്നുണ്ട്‌.

പകുതി വിദ്യാർഥികളോട്‌ അനീതികാണിക്കലാണോ സാമൂഹ്യനീതി?

അമ്പതുശതമാനം വിദ്യാർഥികളെ സർക്കാർ ഫീസിൽ സൗജന്യമായി പഠിപ്പിക്കുമ്പോൾ മറ്റ്‌ അമ്പതുശതമാനം വിദ്യാർഥികളിൽ നിന്നും ഇരട്ടിഫീസ്‌ വാങ്ങേണ്ടി വരും. അമ്പതുശതമാനം വിദ്യാർഥികളോട്‌ അനുകമ്പതോന്നി സൗജന്യ വിദ്യാഭ്യാസം കൊടുക്കുമ്പോൾ മറ്റ്‌ അമ്പതുശതമാനം വിദ്യാർഥികളോടു കടുത്ത അനീതികാട്ടി ഇരട്ടിഫീസുവാങ്ങണം. അതാണു സാമൂഹ്യനീതിയായി സാമുദായിക വിദ്യാഭ്യാസ സംഘടനാ നേതാവ്‌ ഉയർത്തിപ്പിടിക്കുന്നത്‌. ഒരു പറ്റം വിദ്യാർഥികളോടു നീതി എന്ന്‌ അദ്ദേഹം പറയുന്നകാര്യം ചെയ്തുകൊടുക്കാനായിട്ട്‌ മറ്റ്‌ ഒരു പറ്റം വിദ്യാർഥികളോട്‌ അനീതികാണിക്കാനാണ്‌ ആഹ്വാനം. അനീതികാണിച്ചുകൊണ്ടുള്ള നീതി നടപ്പിലാക്കൽ അസംബന്ധമാണെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?
ന്യൂനപക്ഷങ്ങളോടും പാവങ്ങളോടുമുള്ള അനീതി

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ കോളജുകളിൽ ഇങ്ങനെ ഇരട്ടി ഫീസു നൽകേണ്ടിവരുന്നത്‌ അവരുടെ വിദ്യാർഥികളാണ്‌. കോടതി നിരോധിച്ച ക്രോസ്‌ സബ്സിഡിയിൽ താരതമ്യേന പാവപ്പെട്ട വിദ്യാർഥികളാണ്‌ ഇരട്ടി ഫീസുകൊടുക്കേണ്ടി വരുന്നത്‌ എന്ന്‌ കോടതിയും നിരിക്ഷിച്ചിട്ടുണ്ട്‌. ഇത്‌ ഈ അനീതിയുടെ ആഴം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ്‌ ഈ നിലപാടു നീതിക്കും നിയമത്തിനും നിരക്കാത്തതായികണ്ടു കോടതി തള്ളിക്കളഞ്ഞത്‌. യഥാർഥത്തിൽ ഈ ആഹ്വാനം അനീതി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്‌.

ജനാധിപത്യാവകാശം നിഷേധിക്കലാണോ നീതി ?

സ്വന്തം മതവിശ്വാസ പാരമ്പര്യങ്ങൾ സംരക്ഷിച്ചു വളരുന്നതിനായി നമ്മുടെ ജനാധിപത്യരാജ്യത്ത്‌ വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താൻ മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ അവകാശമുണ്ട്‌. ഉദാത്തമായ ജനാധിപത്യ അവകാശമാണിത്‌. അല്ലെങ്കിൽ ഭാഷാ-മത ന്യൂനപക്ഷങ്ങൾ നശിക്കാനാണ്‌ ഇടയാവുക. നമ്മുടെ ഭരണഘടനാവിധാതാക്കൾ നൽകിയിരിക്കുന്ന ഈ അവകാശം നീതിയുടെയും നിലനിൽപിന്റെയും അവകാശമാണ്‌. വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്തി തങ്ങളുടെ വിദ്യാർഥികൾക്കു വിശ്വാസ-സാംസ്കാരിക രൂപീകരണം നൽകാൻ ന്യൂനപക്ഷങ്ങൾക്കുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപരവും സാമൂഹ്യവുമായ നീതിയാണ്‌. അതനുസരിച്ചു തങ്ങളുടെ യോഗ്യരായ വിദ്യാർത്ഥികൾക്കു വിദ്യാലയങ്ങളിൽ പരമാവധി പ്രവേശനം നൽകാൻ അവർക്കു കഴിയണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമായ ഈ നീതി നിഷേധിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നവർ അനീതിക്കുവേണ്ടി മുറവിളികൂട്ടുകയാണ്‌.

അനീതിയെ നീതിയായി ചിത്രീകരിക്കുക എന്നിട്ടു നീതിയായി ചിത്രീകരിക്കപ്പെട്ട അനീതി നടപ്പിലാക്കാൻ ആഹ്വാനം ചെയ്യുക എന്ന ഗൂഢ തന്ത്രമാണ്‌ ഈ ആഹ്വാനത്തിൽ കാണുന്നത്‌. ന്യൂനപക്ഷങ്ങൾ നിലനിൽക്കാനുള്ള അവകാശം ത്യജിക്കലാണു നീതി എന്ന്‌ അദ്ദേഹം പ്രചരിപ്പിക്കുന്നു. തങ്ങൾക്കു നിലനിൽക്കാനുള്ള അവകാശം ത്യജിച്ചു നീതി നടപ്പിലാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.!

ആഹ്വാനത്തിലെ ഗൂഡലക്ഷ്യങ്ങൾ

യഥാർഥത്തിൽ ഈ ആഹ്വാനം ജനാധിപത്യത്തിനെതിരായ അതിക്രമമാണ്‌; ഭരണഘടനയോടുള്ള വെല്ലുവിളിയാണ്‌; അതിക്രമത്തിനുള്ള ആഹ്വാനമാണ്‌. ഇതനുസരിച്ചാൽ ഏകദേശകണക്കനുസരിച്ചു ക്രൈസ്തവ ന്യൂനപക്ഷം ഇരുന്നൂറു കോടിയിലധികം രൂപ ഇവർക്കുവേണ്ടി അധികമായി കണെ്ടത്തേണ്ടി വരും. ഇരട്ടിഫീസു നൽകേണ്ടിവരുന്ന ക്രൈസ്തവ വിദ്യാർഥികൾക്കു തങ്ങളുടെ തന്നെ വിദ്യാലയത്തിൽ നിന്നു നേരിടേണ്ടി

വരുന്ന അനീതികണ്ടു സമൂഹത്തിനെതിരേ തിരിയും. ഇന്റർചർച്ച്‌ കൗൺസിലിന്റെ നേതൃത്വത്തിൽ മെറിറ്റും സാമൂഹ്യനീതിയും അനുസരിച്ചു നടക്കുന്ന സ്ഥാപനങ്ങളെയും തങ്ങളുടെ കലാലയങ്ങൾ പോലെ അനീതികൊണ്ടുനിറയ്ക്കാം. ഇതൊക്കെയാണ്‌ ഈ ആഹ്വാനത്തിനു പിന്നിൽ. കേരളത്തിൽ നീതിയിലും നിയമത്തിലും അടിയുറച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാഗ്രഹിക്കുന്ന ആർക്കെങ്കിലും ഇതുപോലൊരു ആഹ്വാനം നൽകാൻ കഴിയുമോ?

മെറിറ്റും യഥാർഥ സാമൂഹ്യനീതിയും വേണം

ഇവിടെ വേണ്ടത്‌ മെറിറ്റും സാമൂഹ്യനീതിയും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസമാണ്‌. മെറിറ്റനുസരിച്ചുമാത്രം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക. എല്ലാവർക്കും നീതിപൂർവ്വകമായി ഒരേ ഫീസ്‌ ഏർപ്പെടുത്തുക. പാവപ്പെട്ടവർക്കുമാത്രം സ്കോളർഷിപ്പു നൽകി സൗജന്യ വിദ്യാഭ്യാസം നൽകണം. പണമില്ലാത്ത ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ ഇടയാകരുത്‌. ആവശ്യമായവർക്കെല്ലാം ബാങ്ക്‌ ലോൺ ഏർപ്പെടുത്താനും കഴിയണം. ന്യൂനപക്ഷവകാശമനുസരിച്ച്‌ യോഗ്യരായ വിദ്യാർഥികൾക്ക്‌ പരമാവധി തങ്ങളുടെ സ്ഥാപനങ്ങളിൽ പ്രവേശനം നൽകാൻ സാദ്ധ്യത ഉണ്ടാകണം. ഇന്റർചർച്ച്‌ കൗൺസിൽ ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കിയിരിക്കുന്നത്‌ ഈ നിലപാടാണ്‌.

ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുസരിച്ചു ഭാഷ-മതന്യൂനപക്ഷങ്ങൾക്കു തങ്ങളുടെ യോഗ്യരായ വിദ്യാർഥികൾക്കു പ്രവേശനം നൽകാൻ കഴിയണം. അത്‌ അടിസ്ഥാനപരമായനീതിയുടെ ഭാഗം തന്നെയാണ്‌. ഈ സ്ഥാപനങ്ങളിൽ ചിലയിടത്തെങ്കിലും നാൽപതു ശതമാനം വരെ പൊതുമെറിറ്റിൽ നിന്നും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നുണ്ട്‌. ഇവിടെയുള്ള ഏതു വിദ്യാഭ്യാസ ഏജൻസിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു വിദ്യാർത്ഥികളെ പഠിപ്പിക്കാവുന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കണമെന്നു പറയുന്നതിനുപകരം കൂടുതൽ കലാലയങ്ങൾ ഉണ്ടാക്കുകയാണുവേണ്ടത്‌.
സ്കോളർഷിപ്പിനുള്ള മാർഗങ്ങൾ

സർക്കാർ മെഡിക്കൽ കോളജുകളിൽ സൗജന്യമായി പഠിക്കുന്ന വിദ്യാർഥികൾ മിനിമം വേതനം സ്വീകരിച്ച്‌ ഗ്രാമങ്ങളിലെ ആശുപത്രികളിൽ രണ്ടു വർഷം ജോലി ചെയ്യണമെന്നുണ്ട്‌. സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്‌ സർക്കാർ സ്കോളർഷിപ്പു നൽകുകയും അതിനുപകരമായി സർക്കാർ ആശുപത്രികളിൽ രണേ്ടാ മൂന്നോ വർഷം ജോലി ചെയ്യണമെന്നുള്ള കരാർ ഉണ്ടാക്കുകയും ചെയ്യണം. ഈ കരാറിൽ നിന്നും ആരെങ്കിലും മാറിയാൽ അവർക്കു നൽകിയ സ്കോളർഷിപ്പിന്റെ തുകയും നഷ്ടപരിഹാരവും ഈടാക്കാൻ കഴിയണം. ക്രൈസ്തവർ നടത്തുന്ന കോളജുകളിലും സ്കോളർഷിപ്പു നൽകി പഠിപ്പിക്കാനും അങ്ങനെ പഠിക്കുന്നവരുടെ സേവനം ഒരു നിശ്ചിത കാലഘട്ടത്തിലേക്കു തങ്ങളുടെ സ്ഥാപനത്തിലേക്കു ലഭ്യമാക്കാനും കഴിയണം. കൂടാതെ എൻട്രൻസ്‌ പരീക്ഷയിൽ നിന്നും സർക്കാരിനു കിട്ടുന്ന അഞ്ചുകോടിയും സ്കോളർഷിപ്പു നൽകുക. അപ്പോൾ ഏതു പാവപ്പെട്ട വിദ്യാർഥിക്കും മെറിറ്റുണെ്ടങ്കിൽ പഠനം നിഷേധിക്കപ്പെടുകയില്ല. അതു നടപ്പിലാക്കാനുള്ള ഇഛ്ഛാശക്തിയാണു വേണ്ടത്‌.

വിപ്ലവസംഘടനകളുടെ വൈരുദ്ധ്യാത്മക നിലപാടുകൾ

സ്വാശ്രയസ്ഥാപനങ്ങൾ ഇവിടെ പാടില്ല എന്നു പറഞ്ഞു സമരം ചെയ്തു സഖാക്കളുടെ ജീവൻ ബലികഴിച്ച വിപ്ലവ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്ന്‌ എത്തിനിൽക്കുന്ന സാഹചര്യം നമ്മൾ കാണുന്നുണ്ട്‌. അവർ തല്ലിത്തകർത്ത പൊതുസ്ഥാപനങ്ങളും വണ്ടികളും അവർ ആക്രമിച്ച പോലീസ്‌ സേനയേയും മറക്കാൻ കഴിയുമോ? പാവപ്പെട്ട ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ എത്രയോ അധ്യയന ദിനങ്ങളാണ്‌ ഇക്കാര്യത്തിനുവേണ്ടി സമരം ചെയ്ത്‌ ഇല്ലാതാക്കിയത്‌. എത്രയോ ആയിരം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിച്ചു. ഇവരുടെ ഈ നീക്കങ്ങൾ കാരണം മറ്റു സംസ്ഥാനങ്ങളിലേക്കു വിദ്യാഭ്യാസം തേടിപ്പോകുന്നവരുടെ എണ്ണം ഓരോ വർഷവും ഒരു ലക്ഷം കവിയുന്നില്ലേ?. എന്നിട്ടിപ്പോൾ അരക്കോടിരൂപയ്ക്കു മക്കൾക്കു സീറ്റുവാങ്ങി ഞെളിഞ്ഞിരിക്കുന്നവരായി അവർ മാറിയില്ലേ? ഇതല്ലേ യഥാർത്ഥത്തിൽ വൈരുദ്ധ്യാത്മകനിലപാട്‌.

പൊതുഖജനാവിലെ പണമെടുത്തു സ്ഥലം വാങ്ങുകയും ഓരോവർഷവും കോടിക്കണക്കിനു രൂപ നികുതിപ്പണത്തിൽ നിന്നും കൈപ്പറ്റുകയും ചെയ്യുന്ന പാർട്ടിയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള സ്വാശ്രയ സ്ഥാപനത്തിലാണ്‌ അരക്കോടി രൂപയ്ക്കു സീറ്റു നൽകുന്നതും ഏതാണ്ട്‌ ഇരുപത്തിരണ്ടു കോടിരൂപയോളം ഓരോ വർഷവും നഷ്ടം വരുത്തുന്നതും.

ന്യായമായ ഫീസുവാങ്ങിക്കുന്നതിനെ വിദ്യാഭ്യാസ കച്ചവടം എന്നു വിളിക്കുന്ന വിപ്ലവ പാർട്ടികൾ അരക്കോടി ഫീസുവാങ്ങുന്നതിനെ ഏതു തരം കച്ചവടമെന്നായിരിക്കും വിളിക്കുക? മെറിറ്റും സാമൂഹ്യനീതിയും പുറത്തു പറയുകയും സമരം ചെയ്യുകയും എന്നാൽ, സ്വകാര്യമായി അതിന്റെ മറവിൽ എല്ലാ നിയമവും നീതിയും അട്ടിമറിക്കുകയും ചെയ്യുന്നവരെ സമൂഹം തിരിച്ചറിയുന്നു