Monday, June 29, 2009

ഫിഫ്ടി ഫിഫ്ടിയുടെ ചരിത്രം

ചില പ്രത്യേകവിഷയങ്ങളെക്കുറിച്ച് ഒന്നിലധികം പോസ്റ്റുകളിടേണ്ടിവരുന്നത് വേണ്ടത്രരീതിയില്‍ പലരും അതു മനസിലാക്കിയിട്ടില്ല എന്ന തോന്നല്‍ എനിയ്ക്കുള്ളതുകൊന്ടാണ്‌.സ്വാശ്രയവിദ്യാഭ്യാസം അതുപോലെ ഒരു വിഷയമാണ്‌.

യുഡിഎഫ് ഗവര്‍മെന്റ് 2001ല്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുത്തതുമുതല്‍ ഫിഫ്ടി ഫിഫ്ടി എന്ന സമവാക്യം വാര്‍ത്തകളിലുണ്ട്. നയനാര്‍ സര്‍ക്കാര്‍ അതിനും മുന്‍പേ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഗവര്‍മെന്റ് സ്വാശ്രയകോളേജുകള്‍ ആരംഭിച്ചിരുന്നു. ഫിഫ്ടി ഫിഫ്ടി സമവാക്യം യുഡി്‌എഫ് സൃഷ്ടിയാണ്‌ എന്നു അവകാശവാദമുന്ട്. ഫിഫ്ടി ഫിഫ്ടിയില്‍ നിന്നു പിന്മാറിയ സ്വകാര്യസ്വാശ്രയങ്ങള്‍ വിശ്വാസവന്ചന കാണിച്ചു എന്നൊരാക്ഷേപവുമുന്ട്. യഥാര്‍ത്ഥത്തില്‍ ഇതുരണ്ടും ശരിയണെന്നു തോന്നുന്നില്ല.

ഉണ്ണികൃഷ്ണന്‍ കേസിലെ വിധി

1993ലെ ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌ ഫിഫ്ടി ഫിഫ്ടി അവതരിപ്പിയ്ക്കുന്നതെന്നു തോന്നുന്നു. അഥവാ ഫിഫ്ടി ഫിഫ്ടിയ്ക്ക് സാധുതയും പ്രചാരവും കൊടുത്തത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയാണ്‌. ഫ്രീസീറ്റ് പേയ്‌മെന്റ് സീറ്റ്, എന്‍ ആര്‍ ഐ സീറ്റ് എന്നിങ്ങനെ മൂന്നുതരം സീറ്റുകള്‍ അവതരിപ്പിയ്ക്കപ്പെട്ടു. ഫ്രീസീറ്റില്‍ തുശ്ചമായ ഫീസും പേയ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസും ഈടാക്കിയിരുന്നു. ഇവയില്‍ വരുന്ന നഷ്ടം 15% വരെ ആകാവുന്ന NRI സീറ്റിലെ വളരെ ഉയര്‍ന്ന ഫീസുകൊണ്ടു നികത്തപ്പെടുന്നു എന്നതായിരുന്നു ആശയം.

പാവപ്പെട്ടവരെ സഹായിയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ണികൃഷ്ണന്‍ കേസില്‍ വിധിപറഞ്ഞ ജസ്റ്റീസ് ജീവന്‍ റെഡ്ഡിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഫീസീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്നവര്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാണെന്നു ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തില്ല. സ്ഥിതിവിവരക്കണക്കുകള്‍ കാണിയ്ക്കുന്നത് ഫ്രീസീറ്റിലെ 85% ഉം പ്രയോജനപ്പെടുത്തിയത് സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരായിരുന്നു എന്നതാണ്‌. ഉയര്‍ന്ന ഫീസു നല്കി പ്രവേശനപ്പരീക്ഷാ പരിശീലനം നേടിയ നഗരങ്ങളിലെ സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ മെറിറ്റ് ലിസ്റ്റിന്റെ മുന്‍പന്തിയില്‍ കടന്നുകൂടി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരും ഗ്രാമങ്ങളില്‍ നിന്നു വരുന്നവരും സ്വാഭാവികമായി പിന്തള്ളപ്പെട്ടു. ഇവരില്‍ ഒരു ന്യൂനപക്ഷത്തിനെങ്കിലും പേയ്മെന്റ് സീറ്റിനെ ആശ്രയിയ്ക്കേണ്ടതായി വന്നു.

ഉണികൃഷ്ണന്‍ കേസിലെ വിധി മുന്‍പോട്ടു വച്ച ആശയമായിരുന്നു സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ 2001ലെ യുഡിഎഫ് ഗവര്‍മെന്റ് കൈക്കൊണ്ടത്. രണ്ടു സ്വാശ്രയകോളേജുകള്‍ സമം ഒരു ഗവര്മെന്റ് കോളെജ് എന്ന ആശയമുണ്ടായത് അങ്ങിനെയായിരുന്നു. ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലുണ്ടായിരുന്ന ആ സമയത്ത് അതിനു നിയമസാധുതയുമുണ്ടായിരുന്നു.

ലളിതമായിപ്പറഞ്ഞാല്‍ ഫിഫ്ടി ഫിഫ്ടി സമവാക്യത്തില്‍ ഏതെങ്കിലും സ്വാശ്രയ സ്ഥാപനങ്ങള്‍ ഒപ്പുവച്ചിട്ടൂണ്ടെങ്കില്‍ അത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധി നിലവിലിരിയ്ക്കുമ്പോഴാണ്‌. ആ കരാറിനു സാധുതയുള്ളത് ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്ക് സാധുതയുള്ളപ്പോള്‍ മാത്രമാണ്‌.

ഉണ്ണികൃഷ്ണന്‍ കേസിലെ വിധി അസാധുവാക്കപ്പെടുന്നു.

2002 ഒക്ടോബര്‍ 31നു സുപ്രീം കോടതി ഉണ്ണീകൃഷ്ണന്‍ കേസിലെ ഫിഫ്ടി-ഫിഫ്ടി ആശയം ഭരണഘടനാവിരുദ്ധാമായി പ്രഖ്യാപിച്ചു. അതേസമയം പ്രാധമിക വിദ്യാഭ്യാസം മൌലീകാവകാശമാണ്‌ എന്ന ഉണ്ണികൃഷ്ണന്‍ വിധിയിലെ പരാമര്‍ശം സുപ്രിംകോടതി ആവര്‍ത്തിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തലവരി ഈടാക്കാന്‍ പാടില്ല എന്നും ഇത്തരം സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ളതാവരുത് എന്നും നിര്‍ദ്ദേശിച്ചു. ഇതിനോടൊപ്പം സ്ഥാപനത്തിന്റെ വികസനത്തിനാവശമായ ഒരു തുക ഫീസില്‍ നിന്നു കണ്ടെത്തുന്നതില്‍ തെറ്റില്ല എന്നും നിരീക്ഷിച്ചു.


ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയെ അസാധുവാക്കിയ ഈ സുപ്രീം കോടതി വിധിയില്‍ 50-50 സര്‍ക്കാരിനും മാനേജുമന്റിനും വീതിച്ചുനല്കുന്നതിനാധാരമായ സെന്റ് സ്റ്റീഫന്‍ കേസിലെ വിധിയെക്കുറിച്ചുള്ള പരാമര്‍ശവും ശ്രദ്ധേയമാണ്‌.

(വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. )

ഈ അനുപാതത്തില്‍ തെറ്റില്ല എന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അതേ സമയം കൃത്യമായ ഒരു ശതമാനം അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല എന്നു കോടതി പറഞ്ഞു വച്ചു. ഏതുതരം സ്ഥാപനമാണ്‌, ജനസംഖ്യ എത്രയുണ്ട്, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആവശ്യം എത്രയാണ്‌ എന്നതൊക്കെ കണക്കിലെടുത്ത് ഉചിതമായ ഒരു ശതമാനത്തില്‍ എത്തിച്ചേരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഉണ്ണികൃഷ്ണന്‍ കേസ് അസാധുവായതോടെ അതിനെ പിന്‍പറ്റി ഉണ്ടായ കരാറുകളും അസാധുവായി. ഫ്രീസീറ്റ് പേയ്മെന്റ് സീറ്റ് തരം തിരിവുകള്‍ ഭരണഘടനാ വിരുദ്ധമായി. 50% സീറ്റില്‍ പ്രവേശനത്തിന്‌ സര്‍ക്കാരുള്ള അര്‍ഹതയും ഇല്ലാതായി, പ്രത്യേകിച്ച് ന്യൂനപക്ഷസ്ഥാപനങ്ങളില്‍.

കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്‌. ഇതിലും വ്യക്തമായി ഇതിനെക്കുറിച്ച് സംസാരിയ്ക്കുവാനാവുമോ എന്നു തന്നെ സംശയമുണ്ട്. എന്നിട്ടും എന്തുകൊന്ട് ഇടതുപക്ഷസര്‍ക്കാരിന്, ഇടതുപക്ഷ വിദ്യാര്‍ത്ഥീ സംഘടനകള്‍ക്ക്, കമ്യൂണിസ്റ്റുപാര്‍ട്ടിയ്ക്ക് ഇതൊന്നും മനസിലാവുന്നില്ല. കോടതിയെയും ഭരണഘടനെയും മാനിയ്ക്കില്ല എന്നുള്ളതുകൊണ്ടോ?

50-50: 50% പോസ്റ്റ്, 50% കമന്റ്

("എ.കെ. ആന്റണി-അഭിനവ തുക്ലക്-രണ്ട്." എന്ന ഉറുമ്പിന്റെ പോസ്റ്റിലെ എന്റെ കമന്റുകള്‍ ചേര്‍ത്ത് പോസ്റ്റാക്കിയത്.)

ഫിഫ്ടിയിലെ ഫ്രീസീറ്റുകള്‍ പാവപ്പെട്ടവര്‍ക്കു പഠിയ്ക്കാനാണ്‌ എന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
ഫിഫ്ടി ഫിഫ്ടി അനുപാതത്തില്‍ സീറ്റുവിഭജനം സാധ്യമായാല്‍ ഫീസിളവുള്ള അന്പതു ശതമാനത്തില്‍ പാവപ്പെട്ടവര്‍ പഠിയ്ക്കുമെന്നും കൂടിയ ഫീസുള്ള അന്പതു ശതമാനത്തില്‍ സമ്പന്നര്‍പഠിയ്ക്കുമെന്നും എന്താണുറപ്പ്. ഒരുറപ്പുമില്ല. എന്നു തന്നെയല്ല വിശകലനങ്ങള്‍ കാണിയ്ക്കുന്നതു അങ്ങനെയല്ലെന്നാണ്‌. മെറിറ്റി സീറ്റില്‍ വരുന്ന 80% അധികവും സമ്പന്നരാണ്‌, ബഹുഭൂരിപക്ഷവും നഗരങ്ങളില്‍ നിന്നു വരുന്നവരാണ്‌, ഉയര്‍ന്ന ഫീസുകൊടുത്ത് കോച്ചിംഗിനു പോയിട്ടൂള്ളവരാണ്‌.

Please try to read the following links.
http://njjoju.blogspot.com/2008/04/5050-by.html


അവസരവാദപരമായ ഇടതുമുന്നണിയുടെ നയങ്ങള്‍

കാശുമുടക്കില്ലാതെ കയ്യടി നേടുവാനുള്ള കൌശലങ്ങളാണ്‌ ഇടതുമുന്നണി വിദ്യാഭ്യാസരംഗത്ത് കാട്ടിക്കൂട്ടിയത്. കോടികള്‍ മുടക്കി സ്വകാരവ്യക്തികളോ സമൂഹങ്ങളോ കോളേജു തുടങ്ങണം, കാശുമുടക്കി ജീവനക്കാരെ നിയമിയ്ക്കണം, വൈദ്യുതിയ്ക്ക് ഉയര്‍ന്ന റേറ്റില്‍ പണമടയ്ക്കണം. എന്നിട്ട് കുട്ടികളെ ഫ്രീയായി പഠിപ്പിയ്ക്കുകയും വേണം. എന്തൊരു മനോഹരമായ ആശയം. എന്തൊരു സാമൂഹിക പ്രതിബദ്ധത.

ഫിഫ്ടി ഫിഫ്ടി. എന്തു സാമൂഹിക പ്രതിബദ്ധതയാണ്‌ അതിനുള്ളത്. ഒരാളുടെ പണം കൊന്ട് മറ്റെയാളെ പഠിപ്പിയ്ക്കുക. അവരുടെ സാമ്പത്തിക നിലവാരം പോലും പരിഗണിയ്ക്കാതെ. അതുകൊന്ടൂ തന്നെയാണ്‌ കോടതി അതിനെ എതിര്‍ത്തതും. ഒരു സാമൂഹിക നീതിയും അതിലില്ല. ഉണ്ടെന്നു സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ആടിനെ പട്ടിയാക്കുന്ന കമ്യൂണിശ്റ്റു പാര്‍ട്ടിയുടെ സ്ഥിരം പരിപാടി മാത്രമാണ്‌.

തുടക്കത്തില്‍ സ്വകാര്യസ്വാശ്രയത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. പലരുടെയും എതിര്‍പ്പു വകവയ്ക്കാതെയാണ്‌ നയനാരും പി.ജെ ജോസഫും സ്വകാര്യസ്വാശ്രയമെന്ന ആശയവുമായി മുന്‍പോട്ടുപോയത്. അതിനു ശേഷം വന്ന ആന്റണി സര്‍ക്കാരാണ്‌ സ്വാശ്രയം നടപ്പിലാക്കിയത്.
http://njjoju.blogspot.com/2009/02/blog-post.html

കെ.ടി തോമസ് കമ്മീഷന്‍ ഫീസുപോലും അംഗീകരിയ്ക്കാതെ ഫിഫ്ടി ഫിഫ്ടിയും അംഗീകരിയ്ക്കാതെയായിരുന്നു ഇടതുപക്ഷത്തിന്റെ വ്യവസ്ഥകള്‍. നയനാരുടെ കാലത്ത് ഗവര്‍മെന്റ് സ്വാശ്രയ കോളേജുകളില്‍ നിന്ന് വാങ്ങിയിരുന്ന ഫീസെങ്കിലും വാങ്ങാനനുവദിയ്ക്കണമെന്ന മാനേജുമെന്റുകളുടെ വാദം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

അന്നു വെല്ലൂര്‍ മെഡിക്കല്‍ കോളേജിനെ ചൂണ്ടിക്കാട്ടി അങ്ങനെ നടത്തിക്കൂടേ എന്നഭിപ്രായപ്പെട്ട സുധാകരന്‍ പരിയാരത്തിന്റെ കാര്യം വന്നപ്പോള്‍ അഭിപ്രായം മാറ്റേണ്ടി വന്നു. ശ്രീമതിറ്റീച്ചറാകട്ടെ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഉയര്‍ത്തണമെന്നു വാദിച്ചു. കുറഞ്ഞ ഫീസിനു വേണ്ടി വാദിച്ച ശ്രീമതിയും സുധാകരനും തങ്ങളുടെ കീഴിലുള്ള കേളേജുകളില്‍ ഫീസുയര്‍ത്താന്‍ വേണ്ടീ വാദിച്ചു എന്നത് വൈരുധ്യാത്മക അവസരവാദമായിരിയ്ക്കും.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.


ക്രിസ്ത്യന്‍ സ്വാശ്രയകേളേജുകളിലെ പ്രവേശനവും സ്കോളര്‍ഷിപ്പുകളും

കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ എന്‍ട്രന്സ് പരീക്ഷയുടെ ലിസ്റ്റില്‍ നിന്നാണ്‌ പ്രവേശനം നടക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് കാലത്തും അങ്ങിനെ തന്നെയായിരുന്നു. പക്ഷേ 50% ല്‍ ഫീസിളവ് അനുവദിച്ചിരുന്നില്ല എന്നു മാത്രം.

കത്തോലിയ്ക്കാ സഭയുടെ സ്വാശ്രയ പ്രവേശന രീതികള്‍ സുതാര്യമാണ്‌. ഫീസ് ഘടന വ്യക്തമാണ്‌. സംശയമുള്ളവര്‍ ഈ ലിങ്കുകള്‍ പരിശോധിയ്ക്കുക. പ്രവേശന രീതികളും ഫീസും മനസിലാക്കുക. രാഷ്ട്രീയലാഭത്തിനു വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കാതിരിയ്ക്കുക.

http://www.cengineeringkerala.org/index.asp
http://www.kcpcmf.org/


അമല, ജൂബിലി, പുഷ്പഗിരി, കോലന്ചേരി എന്നീ കേരളാ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജു മാനേജുമെന്റ് ഫെഡറേഷന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ 10% വരെ, ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുണ്ട്. കേരള കത്തോലിയ്ക്കാ എന്‍ജിനീയറിംഗ് കോളേജു മാനേജുമെന്റിന്റെ കീഴിലുള്ള 10 കേളേജുകളില്‍ ഒരു കോളേജില്‍ പരമാവധി 10 എന്ന കണക്കില്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസിളവുണ്ട്.


ഇന്റര്‍ചര്‍ച്ച് കൌണ്‍സിലും കത്തോലിയ്ക്കാ സഭയും മുന്‍പോട്ടു വയ്ക്കുന്ന ആശയങ്ങള്‍ മനസിലാക്കുന്നത് നന്നായിരിയ്ക്കും.

1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്, വിദ്യാര്‍ത്ഥീ പ്രവേശനത്തിനും.

2. ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമന്യേ എല്ലാ സ്വാശ്രയസ്ഥാപനങ്ങളിലും ന്യായമായ ഫീസ് ഈടാക്കുവാന്‍ മാനേജുമെന്റിന്‍ അവകാശമുന്ട്.

3. ഫിഫ്ടി ഫിഫ്ടി എന്നത് സാമൂഹിക നീതിയ്ക്കു നിരക്കുന്നതല്ല, പ്രായോഗികവുമല്ല. പ്രത്യേകിച്ച് ന്യൂനപക്ഷ സ്ഥാനപങ്ങളുടെ കാര്യത്തില്‍. മെറിറ്റ് സീറ്റില്‍ വരുന്നവരെ പഠിപ്പിയ്ക്കേണ്ട ബാധ്യത കോളേജിന്റെ നിര്‍മ്മാണത്തിനായി പണം മുടക്കിയ സമുദായത്തില്‍ അടിച്ചേല്‍പിയ്ക്കുന്നതു ശരിയല്ല.

4. മാനേജുമെന്റുകള്‍ സ്കോളര്‍ഷിപ്പു നല്‍കുന്നുന്ട്. അധിക ബാധ്യത മാനേജുമ്നെറ്റുകളില്‍ അടിച്ചേല്‍പിയ്ക്കാന്‍ പാടില്ല. സര്‍ക്കാര്‍ വിദ്യാര്‍ത്തികളെ സാമ്പത്തികമായി സഹായിയ്ക്കുവാന്‍ നികുതി പിരിയ്ക്കുന്ന സര്‍ക്കാരിനു കടമയുണ്ട്. കാലക്രമേണ കൂടുതല്‍ സഹായം ചെയ്യുവാന്‍ മാനേജുമെന്റുകള്ക്ക് കഴിയും.

5. ഭരണഘടനയെയും കോടതിവിധികളെയും സര്‍ക്കാര്‍ മാനിയ്ക്കണം. ഇവയെ മാനിച്ചുകൊന്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണ്‌. ചര്‍ച്ചയ്ക്കുവേണ്ടി ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. ജനാധിപത്യ മര്യാദകള്‍ പാലിയ്ക്കാതെയുള്ള ചര്‍ച്ചകള്ക്ക് ഒരുക്കമല്ല.

Tuesday, June 09, 2009

ലാവ്‌ലിന്‍ തെറ്റും ശരിയും

ആരംഭത്തില്‍ പിണറായി കുറ്റക്കാരനല്ല എന്ന ഒരു തോന്നലുണ്ടായിരുന്ന എനിയ്ക്ക് എന്തോക്കെയോ ദുരൂഹതകളില്ലേ എന്ന തോന്നലുണ്ടായിട്ട് അധികം കാലമായില്ല. കിരണ്‍ തോമസിന്റെ ബ്ലോഗില്‍ പിണറായി കുറ്റക്കാരനല്ല എന്ന എന്റെ തോന്നല്‍ ഞാന്‍ എപ്പോഴോ എഴുതിയിട്ടൂണ്ട്. ഈ രണ്ടു തോന്നലിനും പിന്നില്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ല, ഒരു തോന്നല്‍ മാത്രം. അങ്കിളിന്റെ ബ്ലോഗില്‍ ആധികാരികമായ രേഖകളുടെ പിന്‍ബലത്തില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അതും ഞാന്‍ പിന്തുടര്‍ന്നില്ല. അതുകൊന്ട് പിണറായി കുറ്റക്കാരനാണോ അല്ലയോ എന്ന് അഭിപ്രായം ​പറയാന്‍ കഴിയില്ല. ഈ പോസ്റ്റ് അഡ്വക്കേറ്റ് ജനറല്‍-സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ ഇവരുടെ അഭിപ്രായങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഭരണഘടനാപരമായ സാധുതയെക്കുറിച്ചുമാണ്‌.


ജനോപകാരപ്രദമായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുക്കി കോടതികയറ്റുന്നത് ഒരിയ്ക്കലും പ്രയോജമുള്ള കാര്യമല്ല. അനാവശ്യമായ അഴിമതി ആരോപണങ്ങളും മറ്റും ഭരണത്തെ തടസപ്പെടുത്താതിരിയ്ക്കാനും ബന്ധപ്പെട്ട ജനപ്രതിധിധികളെ സംരക്ഷിയ്ക്കുന്നതിനും വേണ്ടീയാണ്‌ ഇത്തരം കേസുകളില്‍ മന്ത്രിമാരെയും മറ്റും വിചാരണ ചെയ്യുന്നതിനു അനുമതി ആവശ്യമായി വരുന്നത്.

"ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളയാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസ്ഥാനം ഭരിക്കാനും അധികാരമുണ്ടോ എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പിടിച്ചുകുലുക്കുന്ന ഗുരുതരമായ പ്രശ്നം".(ജനശക്തി http://jagrathablog.blogspot.com/2009/06/vs.html)
ഇതുവളരെ സാമാന്യവത്കരിയ്ക്കപ്പെട്ട ഒരു ചോദ്യമാണ്‌. ഗവര്‍ണ്ണര്‍ക്കെ സ്വന്തം നിലയില്‍ നിയമങ്ങളുണ്ടാക്കാനോ നടപ്പാക്കാനോ ആവില്ല. നിയമസഭപാസാക്കുന്ന ബില്ലുകളും മന്ത്രിസഭ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സുകളും ഒപ്പുവയ്ക്കുന്ന എന്നതാണ്‌ ഗവര്‍ണ്ണറുടെ പ്രത്യക്ഷമായ ചുമതല എന്ന നിലപാടില്‍നിന്നുമാണ്‌ ഈ ചോദ്യം ഉണ്ടാവുന്നത്. പക്ഷേ ഇവിടെയും തന്റെ വിവേചനാധികാരമുപയോഗിയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. ബില്ല്‌ ഒപ്പുവയ്ക്കണമോ തിരിച്ചയയ്ക്കണമോ എന്നതൊക്കെ ഗവര്‍ണ്ണര്‍ക്ക് തീരുമാനിയ്ക്കാവുന്നതാണ്‌.

പക്ഷേ പ്രോസിക്യൂഷന്‍ അനുമതി ഇത്തരത്തില്‍ ഒന്നല്ല. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ സ്വീകരിച്ചുകൊള്ളണമെന്നു പറയുന്നത് യുക്തിയ്ക്കുനിരക്കുന്നതല്ല. അങ്ങനെയാണെങ്കില്‍ മന്ത്രിസഭ കൂട്ടായി അഴിമതി കാണീയ്ക്കുകയും കൂട്ടമായി പ്രോസിക്യൂക്ഷന്‍ അനുമതി നിഷേധിയ്ക്കുകയും ചെയ്താന്‍ ഇവിടെ ഏതുമന്ത്രിയ്ക്കും എന്തഴിമതിയും കാണിയ്ക്കാം എന്ന നിലവരില്ലേ? കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സെക്രട്ടറിയുടെ കാര്യത്തില്‍ ഇടതുപക്ഷ മന്ത്രിസഭയ്ക്ക് എത്രമാത്രം നിഷ്പക്ഷമാകാനാവും എന്ന സംശയവുമുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ മന്ത്രിസഭയ്ക്കു മുകളിലായി തീരുമാനമെടുക്കേണ്ട ഒരാള്‍ ഉണ്ടായിരിയ്ക്കേണ്ടത് ആവശ്യമാണ്‌. ഭരണഘടനാ പരമായി അത് ഗവര്‍ണ്ണര്‍ ആണ്‌.

ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം ഗവര്‍ണ്ണറുടെ തീരുമാനം രാഷ്ട്രീയപ്രേരിതമായികൂടേ എന്നുള്ളതാണ്‌. തീര്‍ച്ചയായും ആവാം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനവും മന്ത്രിസഭയുടെ തീരുമാനവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാകാവുന്നതുപോലെ ഗവര്‍ണറുടെ തീരുമാനവും പക്ഷപാതപരമാവാം, രാഷ്ട്രീയപ്രേരിതവാവാം. പക്ഷേ ഇതൊന്നിനും തെളിവുകളില്ല.

കോടതിയില്‍ ഇതൊക്കെ ചോദ്യംചെയ്യപ്പെടാം. കോടതിയുടെ തീരുമാനം അന്തിമമായിരിയ്ക്കുകയും ചെയ്യും. അതും രാഷ്ട്രീയപ്രേരിതമാണെന്നും പക്ഷപാതപരവുമാണെന്നും ആരോപിച്ചാല്‍ ഭരണഘടനാപരമായി തീരുമാനമെടുക്കാന്‍ മറ്റുസംവിധാനങ്ങളൊന്നുമില്ല.

"തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ" എന്ന വര്‍ക്കേര്‍സ് ഫോറത്തിന്റെ (http://workersforum.blogspot.com/2009/06/blog-post_08.html) ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാല്ലാതെ എന്തുപറയാന്‍.

വാല്‍ക്കഷണം:
ഭരണഘടനയെ പുശ്ചിച്ചുനടന്നവര്‍, ഭരണഘടനാവിരുദ്ധമായ നിയമങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഭരണഘടന ഭരണഘടന എന്നു പറയുന്നതു കേള്‍ക്കാന്‍ രസമുണ്ട്.

പ്രോസിക്യൂഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാപരമായി ജനാധിപത്യ സര്‍ക്കാരിനില്ല. അതുകൊണ്ടൂ തന്നെ ജനാധിപത്യത്തെ എടുത്ത് കെട്ടിത്തൂക്കിയെന്നൊക്കെ തോന്നുന്നത് പിണറായിക്കുവേണ്ടീ തലകുത്തിനിയ്ക്കുന്നതുകൊന്ടു തോന്നുന്നതാണ്‌.

Thursday, June 04, 2009

നിലനില്ക്കേണ്ട ചിരി

(സെബിന്റെ പോസ്റ്റിനുള്ള കമന്റ്)

അരാഷ്ട്രീയവാദം
അരാഷ്ട്രീയവാദി = കമ്യൂണിസ്റ്റ് അല്ലാത്ത ജനപ്രിയ വ്യക്തിത്വം. അബ്ദുള്‍ കലാം, വര്‍ഗ്ഗീസ് കുര്യന്‍, ശശി തരൂര്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ കൂട്ടത്തിലേയ്ക്ക് ദേ കിടക്കുന്നു അബ്ദുള്ളക്കുട്ടിയും. കക്ഷിരാഷ്ട്രീയത്തിന്റെ നിറഭേദങ്ങള്‍ക്കപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ടെന്നു സമ്മതിയ്ക്കാന്‍ ആവാത്തോ കക്ഷിരാഷ്ട്രീയം രൂപപ്പെടുത്തിയ രാഷ്ട്രീയമനസാക്ഷി അതിനനുവദിയ്ക്കത്തതോ എന്തോ. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയം മാത്രമാണെന്നു ചുരുക്കുകയാണ്‌ ഇക്കൂട്ടര്‍.

മന്‍മോഹന്‍സിംഗ്
മന്‍മോഹന്‍സിംഗ് എന്തിനു ആഗോളവത്കരണത്തെ പിന്തുണയ്ക്കണം? വ്യക്തിപരമായ നേട്ടത്തിനുവേണ്ടി?! രാഷ്ട്രീയം സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന ഒരാള്‍ ധനമന്ത്രിയായതും പ്രധാനമന്ത്രിയായതും വ്യക്തിപരമായ നേട്ടമുണ്ടാക്കാനാണെന്നു ഞാന്‍ കരുതുന്നില്ല. വാചാലതകൊണ്ടും ശരീരഭാഷകൊണ്ടും കോണ്‍ഗ്രസ്സിന്‌ നാലു വോട്ടു കൂടുതല്‍ വാങ്ങിക്കൊടുക്കാനുള്ള കഴിവുമില്ല. ആ നിലയ്ക്ക് മന്‍മോഹന്‍സിംഗിന്റെ നയങ്ങള്‍ ജനോപകാരപ്രദമെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. അദ്ദേഹത്തിന്റെ ആമ്പത്തികര രംഗത്തെ പരിചയവും അദ്ദേഹമറിയുന്ന സാമ്പത്തിക ശാസ്ത്രവും അതിനു നിര്‍ബന്ധിയ്ക്കുന്നുണ്ടാവാം.ഇതൊരു ചായക്കട വിഷയമല്ല.

കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും
"ബംഗാളി കര്‍ഷകരുടെ പുതുതലമുറ "ഗള്‍ഫുകള്‍" തേടി കേരളത്തിലേക്കും മറ്റും കുടിയേറുന്ന സാമൂഹ്യസാഹചര്യം വിസ്മരിച്ചുകൊണ്ടാണു്, പുതിയ തൊഴില്‍ സാധ്യതതുറന്നുകൊടുക്കുന്ന വ്യവസായവത്കരണത്തിനെതിരെ മമത പടപൊരുതുന്നതു്".
ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനമായ ബംഗാളില്‍, ഏറ്റവും കൂടുതല്‍ കാലം കമ്യൂണിസ്റ്റു ഗവര്‍മെന്റുകള്‍ ഭരിച്ച ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറണമെങ്കില്‍ എന്താണു കേരളത്തില്‍ സംഭകിച്ചത്? കമ്യൂണിസം ദാരിദ്രം പ്രദാനം ചെയ്യുന്നു എന്നന്ന "അസൂയക്കാരുടെ" നിരീക്ഷണങ്ങള്‍ അന്വര്‍ത്ഥവാമുകയാണോ? കേരളം കണ്ട ഏറ്റവും വലിയ വിപ്ലവം ഗള്‍ഫ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള പ്രവാസവും കുടിയേറ്റവുമാണന്ന് എംജിഎസ് സിന്റെ നിലപാടുകള്‍ ശരിയാവുകയാണോ?

കല്ലേച്ചിയുടെ ബ്ലോഗില്‍ കണ്ടതുപോലെ "ക്യൂബയില്‍ നിന്ന്‌ മിയാമിയിലേക്കാണ്‌ ഒഴുക്ക്‌. ഈ ജനങ്ങള്‍ എന്തുകൊണ്ട്‌ അമേരിക്കയില്‍ നിന്ന്‌ ക്യൂബയിലേക്ക്‌ കുടിയേറിപ്പാര്‍ക്കുന്നില്ല.? ബര്‍ലിന്‍മതില്‍ പൊളിച്ചപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന്‌ പടിഞ്ഞാറോട്ടായിരുന്നു ഒഴുക്ക്‌. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കമ്മ്യൂണിസറ്റ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ മുതലാളിത്ത നരകത്തിലേക്ക്‌." ഇപ്പോഴിതാ ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്കും.

ഇടതുമുന്നണിയും അധികാരവും
അവസരം കിട്ടുമ്പോഴൊക്കെ കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നവരാണ്‌ ഇടതുപക്ഷക്കാര്‍. അസൂയാലുക്കള്‍ പല കാരണങ്ങളും പറയുന്നുണ്ട്. എനിക്ക് തോന്നിയത് അധികാരത്തിന്റെ ഭാഗമായാല്‍ കമ്യൂണിസ്റ്റുകള്‍ സാമ്പത്തിക നയത്തിന്റെ കാര്യത്തിലെങ്കിലും മെച്ചപ്പെട്ടേനേ എന്നാണ്‌. പുറത്തുനില്ക്കുമ്പോള്‍ ഉള്ള സ്വാതന്ത്ര്യം ഭരിയ്ക്കുമ്പോള്‍ കിട്ടില്ല. പുറത്തുനിന്നാണെങ്കില്‍ സ്വപ്നങ്ങള്‍ മാത്രം മതി. ഭരണത്തിലേറുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ടീല്ലെന്നുനടിയ്ക്കാനാവില്ല. പുറത്ത് ഉത്തരവാദിത്തമില്ല, ഭരണത്തിന്‍ ഉത്തരവാദിത്തമുണ്ട്.വിഷയത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിയ്ക്കേണ്ടതായി വരും ഉത്തരവാദിത്തമുണ്ടായിരിയ്ക്കുമ്പോള്. ഭരണത്തില്‍ എത്തിയതുകൊന്ടാണ്‌ ഇടതുപക്ഷത്തിന്‌ കംമ്പ്യൂട്ടറിനെയും തീവണ്ടിയേയും സ്മാര്‍ട്ട് സിറ്റിയേയും എക്സ്പ്രസ് ഹൈവേകളേയും സ്വാശ്രയ വിദ്യാഭ്യാസത്തേയും എഡിബിയേയും ഒക്കെ പിന്തുണയ്ക്കേണ്ടി വന്നത്. ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും അനുകൂലിച്ചു ബുദ്ധദേവ് സംസാരിച്ചത് വിവാദമായിട്ട് അധികം കാലമായില്ല


ഇടതുപക്ഷ സമ്മര്‍ദ്ദം
കോണ്‍ഗ്രസിന്റെ ജനകീയ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നു് വാശിപിടിച്ചതും അവ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായ സമ്മര്‍ദ്ദം ചെലുത്തിയതും ഇടതുപക്ഷമായിരുന്നു.

ആദ്യമായാണ്‌ ഒരു ഇടതുപക്ഷക്കാരന്‍ അതു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണെന്നു സമ്മതിയ്ക്കുന്നത്. സത്യം പറഞ്ഞതിനുള്ള അഭിനന്ദനം ആദ്യം. പക്ഷേ സമ്മര്‍ദം സ്ഥാപിയ്ക്കാന്‍ ആദ്യമേ പറഞ്ഞിരിയ്ക്കുന്നു കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിയ്ക്കാറില്ലാ എന്ന്. കടാശ്വാസത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചിദംബരം എണീറ്റുപോയീ എന്നതാണ്‌ കോണ്‍ഗ്രസ്സിനു താത്പര്യമില്ലായിരുന്നു എന്നു സ്ഥാപിയ്ക്കാനുള്ള തെളിവ്. അതിനു കാരണം അറിയണമെങ്കില്‍ തോമസ് ഐസക്കിനോടു ചോദിച്ചാല്‍ മതിയാവും. എല്ലാ പദ്ധതികള്‍ക്കും പണം വേണം, പക്ഷേ പണം പരിമിതമാണ്‌. എത്രയോ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കുറഞ്ഞപക്ഷം ഘടകകക്ഷികളെങ്കിലും  തോമസ് ഐസക്കിനെ പഴിചാരിയിട്ടൂണ്ട്.

"കോണ്‍ഗ്രസ് ഉദാരവത്കരണനയങ്ങളെ ചൊല്ലിയല്ല ഇത്തവണ തെരഞ്ഞെടുപ്പു് പ്രചാരണം നടത്തിയതെന്നും ഓര്‍ക്കുക. " തിരഞ്ഞെടുപ്പു പ്രചാരണത്തിലെ വിഷയങ്ങളും പാര്‍ട്ടിയുടെ നയങ്ങളും വ്യത്യസ്ഥമായിരിയ്ക്കും. പ്രചാരണവിഷയത്തിന്റെ പ്രാധാന്യം കേള്‍വിക്കാരുടെ നിലവാരത്തിനുസരിച്ചു പോലും മാറും. ഗ്രാമങ്ങിളോ കുഗ്രാമങ്ങിലോ ചെന്ന് ആണവകരാറിനെക്കുറിച്ചും ആഗോളവത്കരണത്തെക്കുറിച്ചും സംസാരിച്ചാല്‍ എന്താണു പ്രയോജനം? അവരതിന്റെ പ്രത്യക്ഷ ഉപഭോക്താക്കളാകണമെന്നില്ല. എത്രയോ മുശ്ലീം ഏരിയാകളില്‍ സദ്ദാം ഹുസ്സൈനും പാലസ്തീന്‍ പ്രശ്നവും പന്ചായത്തു തിരഞ്ഞെടുപ്പുകളില്‍ വിഷയമായിട്ടൂണ്ട്.

പക്ഷേ കോണ്ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്‍പോട്ടു പോകും എന്നു തന്നെയാണു പറഞ്ഞിരിയ്ക്കുന്നത്.

Tuesday, June 02, 2009

സ്മാര്‍ട്ട് സിറ്റിയില്‍ സംഭവിയ്ക്കുന്നത്

സ്വതന്ത്രാകവകാശം
2007 മെയ് 13 ന്‌ കേരളസര്‍ക്കാര്‍ ടീകോം കമ്പനിനുമായി ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് എഗ്രീമെന്റില്‍ ഇപ്രകാരം പറയുന്നു

"Upon completion of master plan that determines different plots among other things, SPV will identify plots to be converted to freehold and such plots will be converted to free hold by GoK forthwith without any further consideration or charges. Cumulative area of the plots converted to freehold will not exceed 12% of the total land area at any point of time.(5.4 ARTICLE 5:LAND, FRAMEWORK AGREEMENT)"

ചുരുക്കിപ്പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ പദ്ധതിപ്രദേശത്തിന്റെ സ്മാര്‍ട്ട്സിറ്റി പ്രൈവറ്റ് ലിമിറ്റഡ്(SPV) തിരഞ്ഞെടുക്കുന്ന 12%ല്‍ കൂടാത്ത ഭൂമിയില്‍ ഗവര്‍മെന്റ് ഓഫ് കേരള(GoK) സ്വതന്ത്രാവകാശം(freehold) അനുവദിയ്ക്കും.


പാട്ടക്കരാര്‍
2007 നവംബറില്‍ ഒപ്പുവച്ച് പാട്ടക്കരാര്‍ അസാധുവായതിനേത്തുടര്ന്ന് പുതിയ പാട്ടക്കരാര്‍ ഉണ്ടാക്കേണ്ടതായി വന്നു. 2009 ഫെബ്രുവരിയില്‍ പാട്ടക്കരാര്‍ ഒപ്പിടാന്‍  സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ശര്‍മ്മ പറഞ്ഞു. ഫെബ്രുവരി 22 നു തന്നെ ടീ കോം ഫ്രീഹോള്‍ഡിലുള്ള ആശങ്ക പരസ്യമായി പ്രകടിപ്പിയ്ക്കുകയും ചെയ്തു.

2009 ഏപ്രില്‍ 21ന്‌ സ്വതന്ത്രാവകാശത്തിന്മേലുള്ള ആശങ്ക പരിഹരിയ്ക്കുന്നതുവരെ കൊച്ചിയിലെ ടീകോമിന്റെ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നതു നിര്‍ത്തിവയ്ക്കുന്നതായി ടീകോം പ്രഖ്യാപിച്ചു.

"പദ്ധതി പ്രദേശത്തെ 30 ഏക്കര്‍ സ്ഥലത്തു സ്വതന്ത്രാവകാശം ഉണ്ടാകുമെന്ന് ടീകോമുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ഉടമ്പടിയില്‍ നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഈ നിബന്ധന പുതിയ ഉടമ്പടിയില്‍ ചേര്‍ത്തിരുന്നില്ല. വിദേശ കമ്പനിക്കു രാജ്യത്തിനകത്തു സ്വതന്ത്രാവകാശം നല്‍കാന്‍ കഴിയില്ലെന്നും, ഇക്കാര്യം നിര്‍മാണം തുടങ്ങിയശേഷം ആലോചിക്കാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാരിന്‍റെ പെട്ടെന്നുള്ള ഈ നയം മാറ്റം ടീകോം അധികൃതരെ കടുത്ത നിലപാടെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു".(21 ഏപ്രില്‍ 2009 വെബ്‌ദുനിയ)

2009 ജൂണ്‍ ഒന്നിന്‌ സ്മാര്‍ട്ട് സ്റ്റിറ്റി സി.ഇ.ഓ ഫരീദ് അബ്ദുള്‍ റഹ്മാന്‍ സ്വതന്ത്രാവകാശത്തേക്കുറിച്ച് സര്‍ക്കാര്‍ ടീകോമിന് ഒരു ഉറപ്പു നല്‍കണം എന്ന് ആവശ്യപ്പെട്ടു.

"Tecom, promoters of the proposed Smart City Kochi project, has set a deadline before the State Government by December to sort out all issues that are creating hurdles in the progress of the project." (Kochi, June 1 www.thehindubusinessline.com)

കൊച്ചിയും മാള്‍ട്ടയും
ചുവപ്പുനാടകളിലും കുരുങ്ങിക്കിടക്കുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങളാണ്‌. കാര്യക്ഷമതയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്‌ ഒന്നാം പ്രതി.

2006 ജൂലൈയില്‍ പ്രാരംഭ ചര്‍ച്ചകല്‍ ആരംഭിച്ച് , 2007 ഏപ്രിലില്‍ ഒപ്പുവച്ച്, 2007 ഏപ്രിലില്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്ത്, മാള്‍ട്ടയില്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

2004ല്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച്, 2006ല്‍ ഒന്നാം കരാര്‍ തയ്യാറായി, 2007ല്‍ രണ്ടാം കരാര്‍തയ്യാറായി, 2009ല്‍ പാട്ടക്കരാര്‍ തയ്യാറായി ഇനിയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാവാതെ സ്മാര്‍ട്ട് സിറ്റി കൊച്ചി.