Thursday, June 04, 2009

നിലനില്ക്കേണ്ട ചിരി

(സെബിന്റെ പോസ്റ്റിനുള്ള കമന്റ്)

അരാഷ്ട്രീയവാദം
അരാഷ്ട്രീയവാദി = കമ്യൂണിസ്റ്റ് അല്ലാത്ത ജനപ്രിയ വ്യക്തിത്വം. അബ്ദുള്‍ കലാം, വര്‍ഗ്ഗീസ് കുര്യന്‍, ശശി തരൂര്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ കൂട്ടത്തിലേയ്ക്ക് ദേ കിടക്കുന്നു അബ്ദുള്ളക്കുട്ടിയും. കക്ഷിരാഷ്ട്രീയത്തിന്റെ നിറഭേദങ്ങള്‍ക്കപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ടെന്നു സമ്മതിയ്ക്കാന്‍ ആവാത്തോ കക്ഷിരാഷ്ട്രീയം രൂപപ്പെടുത്തിയ രാഷ്ട്രീയമനസാക്ഷി അതിനനുവദിയ്ക്കത്തതോ എന്തോ. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയം മാത്രമാണെന്നു ചുരുക്കുകയാണ്‌ ഇക്കൂട്ടര്‍.

മന്‍മോഹന്‍സിംഗ്
മന്‍മോഹന്‍സിംഗ് എന്തിനു ആഗോളവത്കരണത്തെ പിന്തുണയ്ക്കണം? വ്യക്തിപരമായ നേട്ടത്തിനുവേണ്ടി?! രാഷ്ട്രീയം സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന ഒരാള്‍ ധനമന്ത്രിയായതും പ്രധാനമന്ത്രിയായതും വ്യക്തിപരമായ നേട്ടമുണ്ടാക്കാനാണെന്നു ഞാന്‍ കരുതുന്നില്ല. വാചാലതകൊണ്ടും ശരീരഭാഷകൊണ്ടും കോണ്‍ഗ്രസ്സിന്‌ നാലു വോട്ടു കൂടുതല്‍ വാങ്ങിക്കൊടുക്കാനുള്ള കഴിവുമില്ല. ആ നിലയ്ക്ക് മന്‍മോഹന്‍സിംഗിന്റെ നയങ്ങള്‍ ജനോപകാരപ്രദമെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. അദ്ദേഹത്തിന്റെ ആമ്പത്തികര രംഗത്തെ പരിചയവും അദ്ദേഹമറിയുന്ന സാമ്പത്തിക ശാസ്ത്രവും അതിനു നിര്‍ബന്ധിയ്ക്കുന്നുണ്ടാവാം.ഇതൊരു ചായക്കട വിഷയമല്ല.

കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും
"ബംഗാളി കര്‍ഷകരുടെ പുതുതലമുറ "ഗള്‍ഫുകള്‍" തേടി കേരളത്തിലേക്കും മറ്റും കുടിയേറുന്ന സാമൂഹ്യസാഹചര്യം വിസ്മരിച്ചുകൊണ്ടാണു്, പുതിയ തൊഴില്‍ സാധ്യതതുറന്നുകൊടുക്കുന്ന വ്യവസായവത്കരണത്തിനെതിരെ മമത പടപൊരുതുന്നതു്".
ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനമായ ബംഗാളില്‍, ഏറ്റവും കൂടുതല്‍ കാലം കമ്യൂണിസ്റ്റു ഗവര്‍മെന്റുകള്‍ ഭരിച്ച ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറണമെങ്കില്‍ എന്താണു കേരളത്തില്‍ സംഭകിച്ചത്? കമ്യൂണിസം ദാരിദ്രം പ്രദാനം ചെയ്യുന്നു എന്നന്ന "അസൂയക്കാരുടെ" നിരീക്ഷണങ്ങള്‍ അന്വര്‍ത്ഥവാമുകയാണോ? കേരളം കണ്ട ഏറ്റവും വലിയ വിപ്ലവം ഗള്‍ഫ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള പ്രവാസവും കുടിയേറ്റവുമാണന്ന് എംജിഎസ് സിന്റെ നിലപാടുകള്‍ ശരിയാവുകയാണോ?

കല്ലേച്ചിയുടെ ബ്ലോഗില്‍ കണ്ടതുപോലെ "ക്യൂബയില്‍ നിന്ന്‌ മിയാമിയിലേക്കാണ്‌ ഒഴുക്ക്‌. ഈ ജനങ്ങള്‍ എന്തുകൊണ്ട്‌ അമേരിക്കയില്‍ നിന്ന്‌ ക്യൂബയിലേക്ക്‌ കുടിയേറിപ്പാര്‍ക്കുന്നില്ല.? ബര്‍ലിന്‍മതില്‍ പൊളിച്ചപ്പോള്‍ കിഴക്കന്‍ ജര്‍മനിയില്‍ നിന്ന്‌ പടിഞ്ഞാറോട്ടായിരുന്നു ഒഴുക്ക്‌. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കമ്മ്യൂണിസറ്റ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ മുതലാളിത്ത നരകത്തിലേക്ക്‌." ഇപ്പോഴിതാ ബംഗാളില്‍ നിന്ന് കേരളത്തിലേയ്ക്കും.

ഇടതുമുന്നണിയും അധികാരവും
അവസരം കിട്ടുമ്പോഴൊക്കെ കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നവരാണ്‌ ഇടതുപക്ഷക്കാര്‍. അസൂയാലുക്കള്‍ പല കാരണങ്ങളും പറയുന്നുണ്ട്. എനിക്ക് തോന്നിയത് അധികാരത്തിന്റെ ഭാഗമായാല്‍ കമ്യൂണിസ്റ്റുകള്‍ സാമ്പത്തിക നയത്തിന്റെ കാര്യത്തിലെങ്കിലും മെച്ചപ്പെട്ടേനേ എന്നാണ്‌. പുറത്തുനില്ക്കുമ്പോള്‍ ഉള്ള സ്വാതന്ത്ര്യം ഭരിയ്ക്കുമ്പോള്‍ കിട്ടില്ല. പുറത്തുനിന്നാണെങ്കില്‍ സ്വപ്നങ്ങള്‍ മാത്രം മതി. ഭരണത്തിലേറുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ടീല്ലെന്നുനടിയ്ക്കാനാവില്ല. പുറത്ത് ഉത്തരവാദിത്തമില്ല, ഭരണത്തിന്‍ ഉത്തരവാദിത്തമുണ്ട്.വിഷയത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിയ്ക്കേണ്ടതായി വരും ഉത്തരവാദിത്തമുണ്ടായിരിയ്ക്കുമ്പോള്. ഭരണത്തില്‍ എത്തിയതുകൊന്ടാണ്‌ ഇടതുപക്ഷത്തിന്‌ കംമ്പ്യൂട്ടറിനെയും തീവണ്ടിയേയും സ്മാര്‍ട്ട് സിറ്റിയേയും എക്സ്പ്രസ് ഹൈവേകളേയും സ്വാശ്രയ വിദ്യാഭ്യാസത്തേയും എഡിബിയേയും ഒക്കെ പിന്തുണയ്ക്കേണ്ടി വന്നത്. ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും അനുകൂലിച്ചു ബുദ്ധദേവ് സംസാരിച്ചത് വിവാദമായിട്ട് അധികം കാലമായില്ല


ഇടതുപക്ഷ സമ്മര്‍ദ്ദം
കോണ്‍ഗ്രസിന്റെ ജനകീയ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നു് വാശിപിടിച്ചതും അവ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായ സമ്മര്‍ദ്ദം ചെലുത്തിയതും ഇടതുപക്ഷമായിരുന്നു.

ആദ്യമായാണ്‌ ഒരു ഇടതുപക്ഷക്കാരന്‍ അതു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണെന്നു സമ്മതിയ്ക്കുന്നത്. സത്യം പറഞ്ഞതിനുള്ള അഭിനന്ദനം ആദ്യം. പക്ഷേ സമ്മര്‍ദം സ്ഥാപിയ്ക്കാന്‍ ആദ്യമേ പറഞ്ഞിരിയ്ക്കുന്നു കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിയ്ക്കാറില്ലാ എന്ന്. കടാശ്വാസത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചിദംബരം എണീറ്റുപോയീ എന്നതാണ്‌ കോണ്‍ഗ്രസ്സിനു താത്പര്യമില്ലായിരുന്നു എന്നു സ്ഥാപിയ്ക്കാനുള്ള തെളിവ്. അതിനു കാരണം അറിയണമെങ്കില്‍ തോമസ് ഐസക്കിനോടു ചോദിച്ചാല്‍ മതിയാവും. എല്ലാ പദ്ധതികള്‍ക്കും പണം വേണം, പക്ഷേ പണം പരിമിതമാണ്‌. എത്രയോ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കുറഞ്ഞപക്ഷം ഘടകകക്ഷികളെങ്കിലും  തോമസ് ഐസക്കിനെ പഴിചാരിയിട്ടൂണ്ട്.

"കോണ്‍ഗ്രസ് ഉദാരവത്കരണനയങ്ങളെ ചൊല്ലിയല്ല ഇത്തവണ തെരഞ്ഞെടുപ്പു് പ്രചാരണം നടത്തിയതെന്നും ഓര്‍ക്കുക. " തിരഞ്ഞെടുപ്പു പ്രചാരണത്തിലെ വിഷയങ്ങളും പാര്‍ട്ടിയുടെ നയങ്ങളും വ്യത്യസ്ഥമായിരിയ്ക്കും. പ്രചാരണവിഷയത്തിന്റെ പ്രാധാന്യം കേള്‍വിക്കാരുടെ നിലവാരത്തിനുസരിച്ചു പോലും മാറും. ഗ്രാമങ്ങിളോ കുഗ്രാമങ്ങിലോ ചെന്ന് ആണവകരാറിനെക്കുറിച്ചും ആഗോളവത്കരണത്തെക്കുറിച്ചും സംസാരിച്ചാല്‍ എന്താണു പ്രയോജനം? അവരതിന്റെ പ്രത്യക്ഷ ഉപഭോക്താക്കളാകണമെന്നില്ല. എത്രയോ മുശ്ലീം ഏരിയാകളില്‍ സദ്ദാം ഹുസ്സൈനും പാലസ്തീന്‍ പ്രശ്നവും പന്ചായത്തു തിരഞ്ഞെടുപ്പുകളില്‍ വിഷയമായിട്ടൂണ്ട്.

പക്ഷേ കോണ്ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്‍പോട്ടു പോകും എന്നു തന്നെയാണു പറഞ്ഞിരിയ്ക്കുന്നത്.

6 comments:

Sabu Kottotty said...

ദേശപുരോഗതി ആഗ്രഹിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏതൊക്കെയാണ്‌ ? അധികാരം മാത്രം അവര്‍ക്കാവശ്യം. അല്ലാത്തതൊന്നിനെ കാണിച്ചു തരാമോ ?

absolute_void(); said...

അരാഷ്ട്രീയവാദം

അരാഷ്ട്രീയവാദി എന്നാല്‍ അകമ്മ്യൂണിസ്റ്റ് എന്നല്ല അര്‍ത്ഥം. അതു് ജോജുവിന്റെ വ്യാഖ്യാനമാണു്. തന്റെ നിലപാടു് എന്തെന്നു് പൂര്‍ണ്ണബോധ്യമില്ലാത്ത അവസ്ഥയേയാണു് അരാഷ്ട്രീയത എന്നു് വിശേഷിപ്പിക്കുന്നതു്. കക്ഷിരാഷ്ട്രീയമല്ല, ഇവിടെ വിഷയം. ഇടതുപക്ഷത്തിനുള്ളിലും അരാഷ്ട്രീയക്കാര്‍ ഉണ്ടു്.

മന്‍മോഹന്‍ സിങ്

ആഗോളവത്കരണം മോശമാണെന്ന അഭിപ്രായം എനിക്കില്ല. സത്യത്തില്‍ വളരെമുമ്പുതന്നെ ബ്രോഡര്‍ ലെഫ്റ്റ് മുമ്പോട്ടു് വച്ച ആശയമായിരുന്നു അതു്. എന്നാല്‍ ഉദാരവത്കരണം ഫലത്തില്‍ നേട്ടമുണ്ടാക്കിയതു് ആര്‍ക്കാണെന്നും ദോഷം ഭവിച്ചതു് ആര്‍ക്കാണെന്നും യുഎസില്‍ തുടങ്ങിയ സാമ്പത്തിക മാന്ദ്യത്തിലൂടെ തന്നെ ഏറെക്കുറെ നാമറിഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണങ്ങള്‍ ഭരണകൂടം കയ്യൊഴിയുന്നതോടെ എന്തൊക്കെ സംഭവിക്കാം എന്നു് മനസ്സിലാവുകയും ചെയ്തു. മന്‍മോഹന്‍ വ്യക്തിപരമായ നേട്ടം കൊയ്തു എന്ന ഒരാരോപണം ഞാന്‍ ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സാമ്പത്തികനയം ദുരിതമുണ്ടാക്കുന്നതാണെന്നു് എനിക്കഭിപ്രായമുണ്ടു്.

കമ്മ്യൂണിസ്റ്റ്‌ സ്വര്‍ഗ്ഗവും മുതലാളിത്ത നരകവും

കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തേക്കാള്‍ എനിക്കു പേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപ്രമാദിത്വമാണു്. കോണ്‍ഗ്രസിന്റെ ജൂണിയര്‍ പങ്കാളിയായും തിരുത്തല്‍ ശക്തിയായും കേന്ദ്രഭരണത്തില്‍ ഇടതുപക്ഷത്തിനു് പങ്കാളിത്തമുണ്ടാവുന്നതാവും ഇന്ത്യയുടെ ഭാവിക്കു് നല്ലതു് എന്നതാണു് എന്റെ വീക്ഷണം.

ബംഗാളിലെ ഭൂപരിഷ്കരണം വഴിതെറ്റിയിട്ടില്ല. എന്നാല്‍ നിരന്തരം ബംഗ്ലാദേശില്‍ നിന്നു് കുടിയേറ്റമുണ്ടാവുന്ന അതിര്‍ത്തിസംസ്ഥാനമാണു് അവിടം. അതിന്റേതായ അണ്‍റെസ്റ്റ് ബംഗാളി സമൂഹത്തിലുണ്ടാവും. തുടര്‍ച്ചയായ ഏകകക്ഷിഭരണത്തിന്റെ കോട്ടങ്ങളുമുണ്ടാകും. ഗള്‍ഫ് പ്രവാസമാണു് കേരത്തിന്റെ വളര്‍ച്ചയെ നിര്‍ണ്ണായകമായി സ്വാധീനിച്ച ശക്തി എന്ന നിരീക്ഷണം ഡോ. കെഎന്‍ രാജിന്റേതാണു്. ഇഎംഎസും പില്‍ക്കാലത്തു് ഈ നിരീക്ഷണത്തെ പിന്‍പറ്റിയിട്ടുണ്ടു്.

മനുഷ്യന്‍ ആത്യന്തികമായി സ്വാര്‍ത്ഥനാണു്. തലശ്ശേരിയില്‍ നിന്നു് മയ്യഴിയിലേക്കു് ജനം ഒഴുകുന്നതിന്റെ അതേ ഗുട്ടന്‍സാണു് ജോജു പറഞ്ഞ കാര്യത്തിനു് പിന്നിലും. അടച്ചുപൂട്ടിയ വ്യവസ്ഥിതിയില്‍ നിന്നു് സ്വാതന്ത്ര്യദാഹികളായ ആരും രക്ഷപ്പെടാന്‍ ശ്രമിക്കും. പരമമായ സ്വാതന്ത്ര്യത്തില്‍ തന്നെയാണു് കാര്യം.

ഇടതുമുന്നണിയും അധികാരവും

ജോജുവിന്റെ വിലയിരുത്തലില്‍ അര്‍ദ്ധസത്യങ്ങളാണുള്ളതു്. ഇപ്പറയുന്ന നയങ്ങളുടെ പറുദീസയായ യുഎസില്‍ എന്തുകൊണ്ടു് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തു? എന്തുകൊണ്ടു് റീഗന്റെ കാലം മുതല്‍ പിന്തുടര്‍ന്നുവന്ന നയങ്ങളില്‍ നിന്നു് ഒരു പിന്‍വലിയലിനു് അവര്‍ ശ്രമിക്കുന്നു? എന്തുകൊണ്ടു് അവരിന്നു് തകരുന്ന കമ്പനികളെ നികുതിപ്പണം ഉപയോഗിച്ചു് ഏറ്റെടുക്കുന്നു? എന്തുകൊണ്ടു് പോള്‍ ക്രൂഗ്മാന്റെ ആശയങ്ങള്‍ക്കു് ഇന്നവിടെ സ്ഥാനം കിട്ടുന്നു?


ഇടതുപക്ഷ സമ്മര്‍ദ്ദം

അതു് ലവലേശമില്ലാത്ത ഭരണമാണല്ലോ നടക്കാന്‍ പോകുന്നതു്. ആ സുന്ദരസുരഭില കനാന്‍ദേശം നമുക്കു് എത്തിപ്പിടിക്കാനാവുമെന്നു് പ്രതീക്ഷിക്കാം, അല്ലേ?

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

എന്റെ അഭിപ്രായങ്ങള്‍ഇവിടെ.

ജിവി/JiVi said...

എന്റെ അഭിപ്രായങ്ങള്‍ഇവിടെ

Inji Pennu said...

ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇടതുപക്ഷമെന്ന് പറയുന്നതാണ് ഏറ്റവും വലിയ അരാഷ്ട്രീയത. ഇടതുപക്ഷ ആശയങ്ങളുമായി പുലബന്ധം പോലും ഭരണത്തിൽ പുലർത്താത്ത അവരെ കമ്മ്യൂണിസ്റ്റ് എന്നൊരു വാലുള്ളതുകൊണ്ടാണോ ഇടതുപക്ഷം എന്ന് വിളിക്കുന്നത്? അങ്ങിനെ എങ്കിൽ എന്റെ സർനേം ഗേറ്റ്സ് എന്നിട്ടാൽ, ഞാൻ ബിൽ ഗേറ്റ്സിന്റെ ബന്ധു ആയേനെ!