Tuesday, September 27, 2011

കൃഷ്ണയ്യരുടെ ശുപാർശ!

ചൈനയിലെ നിർബന്ധിത ഗർഭഛിദ്രങ്ങളെക്കുറിച്ച് മുൻപ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. കൃഷ്ണയ്യരുടെ ക്രെഡിബിലിറ്റിയെക്കുറിച്ച് മറ്റൊരു പോസ്റ്റ്.

വിഷയത്തിലേയ്ക്ക് വരാം. ജസ്റ്റീസ് കൃഷ്ണയ്യർ കമ്മിറ്റിയുടെ വിമൻസ് കോഡ് ബിൽ ശുപാർകളാണ് ഈ പോസ്റ്റിന്റെ വിഷയം. മൂന്നുകുട്ടികളിൽ കൂടുതലുള്ള മാതാപിതാക്കൾക്ക് മൂന്നുമാസം തടവും പതിനായിരം രൂപാ പിഴയും കൊടുക്കണമെന്നാണ് ഒരു നിർദ്ദേശം. തികച്ചും ജനാധിപത്യവിരുദ്ധവും വ്യക്തിസ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റുവുമാണ് ഈ നിർദ്ദേശം എന്നു പറയാതെ വയ്യ. സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. അതു കണ്ടില്ലെന്നു നടിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിനാകുമെന്നു ഞാൻ കരുതുന്നുല്ല.

എത്രകുട്ടികൾ വേണമെന്നത് മാതാപിതാക്കളുടെ സ്വാതന്ത്യമാണ്. കുട്ടികൾ വേണമോ ഒരു കുട്ടിവേണോ ഒൻപതുകുട്ടി വേണോ എന്നൊക്കെ അവർതന്നെ തീരുമാനിക്കട്ടെ.

ജനസംഖ്യ ഉയരുന്നത് രാജ്യത്തിനു വെല്ലുവിളിയല്ലേ എന്ന ചോദ്യം തീർച്ചയായും ഉയരുന്നുണ്ട്. ജനസഖ്യാനിയന്ത്രണത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുവാൻ സർക്കാരിനു തീർച്ചയായും അവകാശമുണ്ട്. പക്ഷേ നിർബന്ധിതമായി ജനസംഖ്യാനിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് തീർച്ചയായും തെറ്റുതന്നെയാണ്. തടവ് പിഴ തുടങ്ങി ഒരു ചൈനീസ് മോഡൽ ജനസംഖ്യാ നിയന്ത്രണം ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ല.
അതേ സമയം സർക്കാർ നൽകുന്ന സൗജന്യങ്ങൾ രണ്ടുകുട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.

ഒരു സംശയം. കൃഷ്ണയ്യർക്കു കുട്ടുകളില്ലേ? ഇത്ര മൃഗീയവും പൈശാചികവുമായ നിർദ്ദേശങ്ങൾ എഴുതിപ്പിടിപ്പിക്കാൻ എങ്ങിനെ കഴിയുന്നു?

Wednesday, July 20, 2011

ഭരണഘടന, പാര്‍ലമെന്റ്, കോടതി

ഭാരത്തിന്റെ ഭരണക്രമത്തില്‍ ഭരണഘടനയുടെ സ്ഥാനം എവിടെയാണെന്ന് പലര്‍ക്കും സംശയമുള്ളതുപോലെ തോന്നുന്നു ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍. ഭരണഘടനയെത്തന്നെ മാറ്റിമറിയ്ക്കുവാന്‍ തക്ക ഭരണഘടനാ ഭേദഗതികള്‍ നടത്തുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്ന് ചിലര്‍ കരുതുന്നു. നമ്മുടെ ഭരണക്രമത്തില്‍ ഭരണഘടനയുടെ സ്ഥാനം എവിടെയാണ്, പാര്‍ലമെന്റും കോടതിയും തമ്മിലുള്ള ബന്ധം എപ്രകാരമാണ് എന്നൊക്കെയുള്ള അടിസ്ഥാനപരമായ ആശയങ്ങള്‍ വിശദീകരിക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദ്യേശം.

ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിനും നിയമ സഭകള്‍ക്കും തങ്ങളുടെ അധികാര പരിധിയ്ക്കുള്ളില് നിന്നുകൊണ്ട് നിയമനിര്മ്മാണം നടത്താനുള്ള അവകാശമുണ്ട്. ഇത് ഒരു കേവല അധികാരമല്ല. ലോക്‌സഭയും നിയമസഭയും പാസാക്കുന്ന എല്ല നിയമങ്ങളുടെയും ഭരണഘടനാപരമായ സാധുതയെ നിര്‍വചിക്കുവാനുള്ള അധികാരം ജുഡീഷ്യറിക്കാണ് ഉള്ളത്. ഭരണഘടനയിലെ ഏതെങ്കിലും വ്യവസ്ഥകളെ പാര്‍ലമെന്റോ നിയമസഭകളോ ലംഘിക്കുന്ന പക്ഷം അതിനെ അസാധുവാക്കുവാനുള്ള ഉത്തരവാദിത്തവും ജുഡീഷ്യറിക്കുണ്ട്.

ഭരണഘടനയുടെ 368 പ്രകാരം ഭരണഘടനാഭേദഗതികള്‍ നടത്തുവാനുള്ള അധികാരം പാര്‍ലമെന്റിന് ഉണ്ട്. ഇത് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരത്തെ കേവലാധികാരമായി തെറ്റിധരിയ്ക്കുവാന്‍ ഇടയായിട്ടുണ്ട്. ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത അടിസ്ഥാന ആശയങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായി സുപ്രീംകോടതി ഇടപെടുകയും ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുവാനോ ചോദ്യംചെയ്യുവാനോ ഉള്ള അധികാരം നിയമനിര്‍മ്മാണസഭകള്‍ക്ക് ഇല്ലാ എന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ അടിസ്ഥാനഘടന എന്ന പദപ്രയോഗം ഭരണഘടനയില്‍ ഉള്ളതല്ലെങ്കിലും 1973ലെ കേശവാനന്ദഭാരതി കേസുമുതലിങ്ങോട്ട് സുപ്രീംകോടതി ഈ ആശയം മുന്‍പോട്ടു വച്ചിട്ടുണ്ട്. അന്നുമുതല്‍ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനും ഭരണഘടനാ ഭേദഗതികളുടെ സാധുതയെ പരിശോധിക്കുന്നതിനുമുള്ള ഉത്തരവാദിത്തം അങ്ങനെ സുപ്രീംകോടതിയില്‍ വന്നുചേരുകയും ചെയ്തു.


Monday, July 18, 2011

കെ. എം. റോയിക്ക് ഒരു മറുപടി

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍‍‍ എന്ന തലക്കെട്ടീൽ മംഗളത്തിൽ വന്ന K.M റോയിയുടെ ലേഖനമാണ് ഈ പോസ്റ്റിന് ആധാരം. K.M റോയി ഇപ്പറയുന്നതിൽ ഒരു വാസ്തവവുമില്ല. ആരൊക്കെയോ പറയുന്നത് ആവർത്തിക്കുന്നു എന്നതിനപ്പുറം ഇക്കാര്യത്തിൽ ഒരു ഹോംവർക്കും റോയി നടത്തിയിട്ടീല്ല. കുറഞ്ഞ പക്ഷം ഇന്റർ ചർച് കൗൺസിലിന്റെ പ്രവേശന പ്രക്രിയയെങ്കിലും പരിശോധിച്ചിരുന്നെങ്കിൽ മെറിറ്റ് മാനദണ്ഡമാക്കുന്നില്ല എന്ന വിവരക്കേട് റോയി പറയുമായിരുന്നില്ല.

ലേഖനങ്ങളിലെ അസംബന്ധങ്ങളീലേക്ക്....

1. "ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു. പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല."

2001 ജൂലൈ 26 ലെയും, 2001 ആഗസ്റ്റ് 17 ലെയും ഹിന്ദു പരിശോധിക്കുക. ന്യൂനപക്ഷ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് NOC കൊടുത്ത ശേഷം പത്രക്കാരോട് ആന്റണി പറയുന്നത്. മെത്രാന്മാർ വാക്കാലെങ്കിലും സമ്മതിച്ചിരുന്നെങ്കിൽ ആന്റണിയ്ക്ക് അങ്ങനെ പറയേണ്ട കാര്യമില്ലായിരുന്നു. രണ്ടവസരത്തിലും ആന്റണിയോട് പത്രക്കാർ ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ച് ചോദിയ്ക്കുന്നുണ്ട്. 2001 ജൂലൈ 26 ൽ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകൾക്ക് അനുമതി കൊടുത്ത ശേഷം ആന്റണി പറയുന്നത് " Decisions were yet to be taken for minority status to such institutions run by minority communities.(Thursday, July 26, 2001, ഹിന്ദു)" ആയിട്ടാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. 2001 ആഗസ്റ്റ് 17 ല് സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് അനുമതികൊടുത്ത ശേഷമുള്ള പത്രസമ്മേളനം ഹിന്ദു ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു.

"``The Government does not want to spoil the students' chances of higher education in the name of technical disputes. We want to ensure that sufficient opportunities for higher education are available in the State itself,'' he remarked. Starting two self- financing medical institutions has the effect of starting one under the Government. This was because 50 per cent of the seats would be available for admissions on the basis of merit, he said.

Mr. Antony said the decision to give NOC to all applicants was part of the Government's attempt to bring a new approach to such issues. Asked about the Government's stand on conferring minority status to these professional institutions, Mr. Antony said: ``we are trying to bring in this new approach and had therefore sought a four-month reprieve in the High Court case to examine the issue and come out with clear norms.''(Friday, August 17, 2001, ഹിന്ദു)"

ഈ രണ്ടു റിപ്പോർട്ടുകളിൽ ഒരിടത്തുപോലും 50% സീറ്റ് സർക്കാരിനാണെന്ന് വാക്കാലോ രേഖാമൂലമോ വാക്കു നൽകിയതിന്റെ പേരിലാണ് എൻ.ഓ.സി കൊടുത്തതെന്ന് ആന്റണി അവകാശപ്പെടുന്നില്ല. 50-50 എന്ന സർക്കാരിന്റെ പോളിസി പറയുമ്പോൾ തന്നെ അത് എൻ.ഓ.സിയ്ക്ക് നിബന്ധനയായി എന്നു പറയുന്നില്ല എന്നു മാത്രമല്ല 50-50 എന്ന സർക്കാർ പോളീസിയിൽ ന്യൂനപക്ഷ സ്ഥാപനങ്ങളെ ഉൾപ്പെടൂത്തുന്നതിലുള്ള സന്ദേഹം ആന്റണി പങ്കുവയ്ക്കുന്നുമുണ്ട്. അതായത് ആന്റണി എൻ.ഓ.സി കൊടൂക്കുമ്പോൾ തന്നെ മറ്റു സ്ഥാപനങ്ങളുമായി വാക്കാൽ കരാറിലേർപ്പെട്ടിരുന്നെങ്കിൽ പോലും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല എന്നു മനസിലാക്കാം. മെത്രാന്മാർ വാക്കാൽ സമ്മതം നടത്തിയിരുന്നെങ്കിൽ ന്യൂനപക്ഷ പദവിയെക്കുറിച്ച് പത്രലേഖകരോട് വ്യക്തമായ മറുപടി കൊടുക്കുവാൻ ആന്റണിയ്ക്ക് ആകുമായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്.

2. "ഇതു കേരളമാണ്‌. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല."

ഇതാണ് ലേഖനത്തിന്റെ ഹൈലൈറ്റ്. കെ.എം. റോയി പറഞ്ഞു വയ്ക്കുന്നത്, സമൂഹ മനസിലേയ്ക്ക് പകർന്നു കൊടുക്കുന്നത് സഭയുടെ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിലല്ല പ്രവേശനം നടക്കുന്നത് എന്നാണ്. എൻ.ആർ.ഐ സീറ്റ് ഒഴികെയുള്ള 85% സീറ്റിലും സർക്കാരിന്റെ പ്രവേശനപരീക്ഷയെ അടിസ്ഥാനപ്പെടുത്തി, സർക്കാരിന്റെ തന്നെ യോഗ്യതാപരീക്ഷയും പരിഗണിച്ച്, പ്രവ്വേശനത്തിന്റെ ഓരോ ഘട്ടവും വെബ് സൈറ്റിൽ കൂടി പ്രസിദ്ധപ്പെടുത്തി പ്രവ്വേശനം നടത്തുമ്പോൾ അത് മെറിറ്റ് അടിസ്ഥാനത്തിലല്ല എന്ന് എങ്ങിനെ പറയാനാവും എന്നു മനസിലാവുന്നില്ല. മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്തിയിട്ടൂള്ളൂ എന്ത് രേഖകളൂം ഹാജരാക്കുവാനും ഏത് അന്വേഷണത്തെ നേരിടാനും കോളേജ് അധികൃതർ പരസ്യമായി വെല്ലുവിളിച്ചിട്ടൂം റോയ്യിയുടെ ചെവിയിൽ മാത്രം അതു കയറിയില്ലേ!. സഭയുടെ സ്വാശ്രയ മെഡിക്കൽ/എൻജിനീയറിംഗ് കോളേജിൽ നിയമവിരുദ്ധമായ പ്രവേശനം നടക്കുന്നുണ്ട് എന്നു വിശ്വസിയ്ക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ അതിനു കെ.എം. റോയി ലേഖനമെഴുതിയാൽ മാത്രം പോരാ, തെളിവുകൂടി ഹാജരാക്കണം. ഇത്രയും സുതാര്യവും നിയമവിധേയവുമായി സർക്കരുമായി കരാറുണ്ടാക്കിയ ഒരു കോളേജിൽ പോലും പ്രവേശനം നടക്കുന്നില്ല എന്നു കൂടി മനസിലാക്കണം. എന്നിട്ടൂം കെ.എം. റോയി ഇങ്ങനെ ഒരു ആരോപണം ഉന്നയിയ്ക്കുന്നത് ആരേ സഹായിക്കാനാണെന്നു മാത്രം മനസിലാവുന്നില്ല.

3. "ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട്‌ മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? "

3.5 ലക്ഷം രൂപമാത്രമാണ് സഭയുടെ മെഡിക്കൽ കോളേജുകളിലെ ഫീസ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥി ഇതില് കൂടുതൽ കൊടൂക്കേണ്ടീ വരാത്തത് അതു സർക്കാർ ഖജനാവിൽ നിന്ന് വകയിരുത്തപ്പെടുന്നു എന്നതുകൊണ്ടൂ മാത്രമാണ്. അതായത് ഒരു മെഡിക്കൽ കോളേജിന്റെ നടത്തിപ്പു ചിലവുതന്നെ ഓരാൾക്ക് അത്രയും വരും എന്നർത്ഥം. സംശയമുണ്ടെങ്കിൽ കെ.എം. റോയി വിവരാവകാശ നിയമം വഴി സർക്കാർ മെഡിക്കൽ കോളേജിൽ ബജറ്റിൽ വകകൊള്ളിക്കുന്ന തുക എത്രയാണെന്ന് ഒന്നന്വേഷിച്ചു നോക്ക്. സർക്കാർ ഇതുവരെ ഉണ്ടാക്കിയ കരാറുകളിലെ ശരാശരി ഫീസും കണക്കാക്കി നോക്ക്. നടത്തിപ്പു ചിലവും സ്ഥാപനത്തിന്റെ പുരോഗതിയ്ക്കാവശ്യമായ ന്യായമായ ലാഭവും വിഭജിച്ച് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന സമ്പ്രദായമാണല്ലോ സ്വാശ്രയം

4. "ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ "

എന്തടീസ്ഥാനത്തിലാണ് കോഴപ്പണം എന്ന് കെ.എം.റോയി ആവർത്തിക്കുന്നത്. എന്തെങ്കിലും തെളിവുണ്ടോ? പ്രധമദൃഷ്ടാശരി എന്നു തോന്നിക്കുന്ന ഒരു ആരോപണമെങ്കിലുമുണ്ടോ?

എന്റെ അറിവിലും മാനേജുമെന്റുകളുടെ പ്രഖ്യാപനങ്ങളുടേ അടിസ്ഥാനത്തിലും ഒരു ചില്ലിക്കാശുപോലും കോഴയിനത്തിൽ സഭയുടെ സ്വാശ്രയമെഡിക്കൽ/എൻജിനീയറിംഗ് കോളേജുകളിൽ വാങ്ങുന്നില്ല. വളരെ സുതാര്യവും(ഇന്റർ നെറ്റ് ഉള്ള ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന)‌, മെറിറ്റ് അടിസ്ഥാനപ്പെടുത്തിയ പ്രവ്വേശന പ്രക്രിയയാണ് സഭയൂടെ സ്വാശ്രയ സ്ഥാപനങ്ങളിൽ ഉള്ളത്. അതിൽ കോഴക്കുള്ള സാധ്യത എനിക്ക് മനസിലാവുന്നില്ല. മെറിറ്റ് അട്ടിമറിക്കപ്പെടുമ്പോഴാണല്ലോ കോഴക്കുള്ള സാധ്യത.

5. "ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി.

സ്വാശ്രയ കോളേജിൽ നൂറുശതമാനം പ്രവേശനത്തിനു ന്യൂനപക്ഷാവകാശം വേണ്ട. 2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി അനുസരിച്ച് മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല.

6. "അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ്‌ സഭാപിതാക്കള്‍ പണം വാരിക്കൂട്ടി."
ഒരു സീറ്റു വിറ്റതിനു തെളിവുണ്ടായിരുന്നെങ്കിൽ വേണ്ടീല്ല!

ആർക്കും എന്തും ആരോപിക്കാനുള്ള സ്വാതന്ത്യമാണല്ലോ സ്വാതന്ത്യം. ആരോപ്പിച്ചിട്ട് എണീറ്റങ്ങുപോയാൽ മതി. അങ്ങനെയല്ല എന്നു തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയനും.

Friday, July 15, 2011

കാണപ്പെടാത്ത കരാറിനെപ്പറ്റി

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ടെ ചർച്ചകളിൽ പൊതുവെ ഉയർന്നു വരുന്ന വിഷയമാണ് ആന്റണിയുടെ രണ്ടു സ്വാശ്രയകോളേജ് സമം ഒരു ഗവർമെന്റ് കോളേജ് സിദ്ധാന്തം. എൻ.ഓ.സി നൽകുന്നതിനു മുൻപ് വ്യക്തമായി കരാറുണ്ടാക്കാഞ്ഞതാണ് ഇപ്പോഴത്തെ സ്വാശ്രയപ്രശ്നങ്ങൾക്കെല്ലാം കാരണമെന്നു ചിലർ കരുതുകയും ചെയ്യുന്നു.

കരാറുണ്ടായിരുന്നോ?

2001 ജൂലൈ 25 ബുധനാഴ്ച 12 സ്വകാര്യ എൻജിനീയറിംഗ് കോളേജുകൾക്ക് ആവശ്യമായ പ്രവർത്തനാനുമതി ആന്റണി സർക്കാർ കോടുത്തു.2001 ജൂലൈ 26 ലെ ഹിന്ദു ഇവിടെ വായിക്കുക. AICTE ന്റെ അനുമതി ലഭിച്ച 12 കോളേജുകൾക്ക് പ്രവർത്തനാനുമതി കൊടുക്കുന്നതാണ് ഈ വാർത്ത. ഇതിൽ ആന്റണിയുടെ സിദ്ധാന്തത്തെക്കുറീച്ച് ഒന്നും പറയുന്നില്ല. ന്യൂനപക്ഷാവകാശത്തെക്കുറിച്ച് തീരുമാനമായില്ല എന്ന് ഈ വാർത്തയിൽ ആന്റണി പറയുന്നുണ്ട്.

2001 ആഗസ്റ്റ് 16നു എല്ലാ സ്വകാര്യ മെഡിക്കാൽ സ്വാശ്രയ അപേക്ഷകർക്കും സർക്കാർ NOC കൊടുത്തു. 2001 ആഗസ്റ്റ് 17 ലെ ഹിന്ദു ഇവിടെ വായിക്കുക. രണ്ടാമത്തെ വാർത്തയിൽ എല്ലാ മെഡിക്കൽ അപേക്ഷകർക്കും NOC കൊടൂക്കുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. അതിന് എന്തെങ്കിലും കരാറുണ്ടായിരുന്നു എന്നു വാർത്തയിൽ പറയുന്നില്ല. അതേ സമയം മെറിറ്റ് അടിസ്ഥാനത്തിൽ 50% സീറ്റുകൾ സർക്കാരിനു ലഭിക്കുന്നതുകൊണ്ട് രണ്ടു സ്വാശ്രയകോളേജുകൾ സമം ഒരു ഗവർമെന്റ് കോളേജ് എന്ന ആശയം അദ്ദേഹം ഈ പത്രസമ്മേളനത്തിൽ പറയുന്നുണ്ട്. ന്യൂനപക്ഷ പദവിയെക്കുറീച്ച് ചോദിക്കുന്ന പത്രലേഖകരോട് തങ്ങളോരു പുതിയ സമീപനം സ്വീകരിക്കുകയാണെന്നും കോടതിയോട് നാലുമാസത്തെ സാവകാശം ചോദിച്ചിട്ടൂണ്ടെന്നുമാണ് ആന്റണി പറയുന്നത്.

അൻപതുശതമാനം സീറ്റ് മെറിറ്റിൽ സർക്കാരിന് എന്ന ആശയം ആന്റണിക്കുണ്ടായിരുന്നെങ്കിലും NOC യ്ക്ക് അതു ബാധകമായതായി ആന്റണി പറയുന്നില്ല. ആവശ്യപ്പെട്ട എല്ലാവർക്കും NOC കൊടുത്തു എന്നാണ് ആന്റണിയുടെ പ്രസ്താവന. എന്നു തന്നെയല്ല അന്നും മൈനോറിറ്റി സ്ഥാപനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലെ അവ്യക്തത NOC കൊടുത്തുകഴിഞ്ഞുള്ള പത്രസമ്മേളനത്തിലും വ്യക്തമാകുന്നുണ്ട്.50-50 കരാർ വാക്കാലെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ അതു മൈനോറിറ്റി സ്ഥാപനങ്ങൾക്ക് എപ്രകാരം ബാധകമാവുമെന്നതിനെക്കുറിച്ച് ആന്റണിയ്ക്ക് തന്നെ സംശയമുള്ളതായി കാണാം.

ഒരു പക്ഷേ അന്നു സർക്കാർ സ്വാശ്രയങ്ങളിൽ നിലവിലിരുന്ന രീതി തന്നെ നോൺ മൈനോറിറ്റി കോളേജുകളിലെങ്കിലും തുടരാനായേക്കും എന്ന് ആന്റണി ചിന്തിച്ചുകാണാം. അല്ലെങ്കിൽ ചർച്ചകളിലൂടെ അങ്ങനെയൊരു ഒത്തുതീർപ്പിനു ശ്രമിക്കാനാവുമെന്നു കരുതിക്കാണണം. അലിഖിത കരാറിന്റെ പിൻബലത്തിലാണ് NOC നൽകിയതെന്നതിന്റെ സൂചന അന്നു നടന്ന പത്രസമ്മേളനത്തിൽ പോലും ആന്റണീ കാണിച്ചിട്ടില്ല. പക്ഷേ ഇടതുപക്ഷവും ഐക്യജനാധിപത്യമുന്നണിയും ബുദ്ധിജീവികളും അതിനപ്പുറത്തേയ്ക്ക് അതിനൊരു മാനം നൽകുകയും അങ്ങനെയൊരു അലിഖിത കരാറീന്റെ പിൻബലത്തിലാണ് NOC നൽകിയതെന്നു വാദിക്കുകയും ചെയ്തു. ആന്റണി സർക്കാർ NOC കൊടുത്ത കോളേജുകളിൽ 5 എണ്ണത്തിനു മാത്രമാണ് IMC യുടെ അംഗീകാരം ലഭിച്ചത്. അതിൽ നാലും മൈനോറിറ്റി സ്ഥാപനങ്ങളാവുകയൂം ചെയ്തപ്പോഴാണ് ആന്റണിയൂടെ സിദ്ധാന്തത്തെ ചുറ്റിപ്പറ്റി സ്വാശ്രയ ചർച്ചകൾ തിരിയാൻ തുടങ്ങിയത്.

അദൃശ്യമായ കരാറിന്റെ നിയമ സാധുത
ഈ കരാറിന്റെ നിയമാധുത പല പോസ്റ്റുകളിലും ചർച്ച ചെയ്തിട്ടൂള്ളതാണ്. അന്ന് 50-50 സാധുവായിരുന്നെങ്കിലു പിന്നീടുണ്ടായ കോടതി വിധികൾ 50-50 അസാധുവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിച്ചു.

അദൃശ്യമായ കരാറിൽ ഒപ്പിട്ടിരുന്നെങ്കിൽ
കരാർ ഒപ്പിട്ടിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നൂ എന്നുള്ള ചോദ്യം പ്രസക്തമാണ്. അപ്പോഴും തങ്ങളൂടെ അവകാശങ്ങൾ നേടീയെടുക്കാൻ ന്യൂനപക്ഷ/ഭൂരിപക്ഷ കോളേജുകൾക്കെല്ലാം തന്നെ കോടതിയെ സമീപിക്കാമായിരുന്നു. പിന്നീടുണ്ടായ കോടതിവിധികളൂടെ അടിസ്ഥാനത്തിൽ മനസിലാക്കാവുന്നത് കോടതിയുടെ വിധി 50-50യ്ക്ക് എതിരാകുമായിരുന്നു എന്നാണ്.

ഇനി അഥവാ മാനേജുമെന്റുകൾ കരാറനുസരിച്ച് മുൻപോട്ടൂ നീങ്ങിയിരുന്നെങ്കിലും 2003ൽ സുപ്രീംകോടതി ഉണ്ണീകൃഷ്ണൻ കേസിലെ വിധിയെ അസാധുവാകുന്നതോടെ കരാറിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുമായിരുന്നു.

അദൃശ്യമായ കരാറിൽ ഒപ്പിടാത്തതു മൂലം NOC നിഷേധിച്ചിരുന്നെങ്കിൽ
കരാറ് ഒപ്പിട്ടീല്ല എന്ന കാരണത്താൽ സർക്കാർ NOC നിഷേധിച്ചിരുന്നെങ്കിൽ മാനേജുമെന്റുകൾ കോടതിയെ സമീപിക്കുമായിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു കരാറിന്റെ പേരിൽ NOC നിഷേധിയ്ക്കാനാവില്ല എന്നതിൽ തർക്കമുണ്ടാകുമെന്നു കരുതുന്നില്ല. കോടതി NOC കൊടൂക്കാൻ നിർദ്ദേശീക്കുകയും സർക്കാരിന് NOC കൊടൂക്കാതിരിക്കാൻ നിർവ്വാഹമില്ലാതെ വരികയും ചെയ്തേനേ. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ചില മാനേജുമെന്റുകളൂടെ അഫിലിയേഷൻ റദ്ദാക്കിയപ്പോൾ അതു പുനസ്ഥാപിക്കുവാൻ കോടതി ആവശ്യപ്പെട്ടത് ഓർമ്മിക്കുമല്ലോ. അതുപോലെ തന്നെ അടുത്തീയിടെയണ്ടായ അയോഡിൻ ഉപ്പുമായി ബന്ധപ്പെട്ട വിധിയിൽ കേന്ദ്ര നിയമം തന്നെ ഭരണഘടനാവിരുദ്ധമെന്ന് കോടതി വിധിച്ചതും ശ്രദ്ധിക്കുമല്ലോ.

ചുരുക്കത്തിൽ അങ്ങനെയൊരു കരാറ് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ നിയമത്തിന്റെ വഴിയ്ക്ക് പോവുകയും കോടതിവിധികൾ വഴി മാനേജുമെന്റുകളൂടെ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടൂകയും ചെയ്തേനേ. അങ്ങനെയൊരു കരാറ് ഉണ്ടാകാഞ്ഞതുകൊണ്ട് ഇല്ലാത്ത കരാറിനെ കേമത്തം പറയുവാനും അതിനെ രാഷ്ട്രീയ ആയുധമാക്കാനും ഐക്യജനാധിപത്യ മുന്നണിയ്ക്കും ഇടതുപക്ഷത്തിനും കഴിഞ്ഞു. ഒരു പക്ഷേ അങ്ങനെയൊരു കരാറിന്റെ നിയമസാധുതയെപ്പറ്റി സംശയമൂള്ളതുകൊണ്ടാണോ അന്ന് ആന്റണീ സർക്കാർ അങ്ങനെയൊരു നയം സ്വീകരിച്ചത്!

Friday, July 08, 2011

യജ്ഞാചാര്യൻ അവാസ്തവം പറയുമ്പോൾ

കഴിഞ്ഞ ദിവസം അംബലപ്പുഴയിൽ ട്രെയിനിറങ്ങി ബസ്സുകാത്തു നിന്നപ്പോൾ അടുത്തുള്ള NSS വക (?) ക്ഷേത്രത്തിൽനിന്നും യഞാചാര്യന്റെ വക പ്രസംഗം കേൾക്കാനിടയായി. മഹാദേവ ക്ഷേത്രമാണ്. ക്ഷേത്രം പുനരുദ്ധാരനത്തിലേയ്ക്ക് പണം സ്വരൂപിക്കുന്നതിനു നേതൃത്വം കൊടുക്കുകയാണ് അദ്ദേഹം. ആചാര്യന്റെ പേര് വേണു ജി എന്നാണെന്നു പോസ്റ്ററിൽ നിന്നും മനസിലായി.

ശ്രീ പദ്മനാഭി സ്വാമിക്ഷേത്രത്തിലെ നിധിയുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. മലയാറ്റൂർ പള്ളിയിലും, മണർകാടു പള്ളിയിലും, എടത്വപള്ളിയിലുമൊന്നും ഇടപെടാത്ത സർക്കാർ എന്തിനു ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രം ഇടപെടുന്നത് എന്ന് അദ്ദേഹം വേവലാതിപ്പെട്ടു. വളരെത്തിരക്കുപിടിച്ച ഒരു യജ്ഞാചാര്യനായതുകൊണ്ട് തന്റെ ഈ ചിന്ത അദ്ദേഹം പലയിടത്തും വിളമ്പാനും സാധ്യതയുണ്ട്. എന്നു തന്നെയല്ല ഈ സംശയം പൊതുസമൂഹത്തിനും ഹിന്ദു സമൂഹത്തിൽ പ്രത്യേകിച്ചും ഉണ്ട് എന്നും വേണം കരുതാൻ. ഇതേ പറ്റി പല ബ്ലോഗുകളിലായി പോസ്റ്റുകളും കമന്റുകളുമുണ്ട്. യജ്ഞാചാര്യന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ അവയിൽ ചിലത് ഇവിടെ ചേർക്കുന്നു.

1. ഉത്തരവാദിത്തപ്പെട്ട ഒരു ക്ഷേത്രവും ബോര്‍ഡ്‌ ഏറ്റെടുക്കാറില്ല. സ്വകാര്യ ക്ഷേത്രങ്ങളോ SNDP യുടെ കീഴിലുള്ള ക്ഷേത്രങ്ങളോ ഒന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല.
2. പൊതുസ്വഭാവമുള്ളതും രാജഭരണകാലത്ത് നാട്ടുരാജാക്കന്മാരുടെ അധീനതയിൽ ആയിരുന്നതുമായ ക്ഷേത്രങ്ങളാണ് സർക്കാർ ഏറ്റെടുത്തത്.
3. ദേവസ്വം സ്വത്തിൽ നിന്നുള്ള വരുമാനം ക്ഷേത്രകാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
4. ഇതേ പോലെ മുസ്ലിം സ്വത്തുക്കള്‍ അതായത്‌ സ്വകാര്യമല്ലാത്തത്‌ ഏറ്റെടുത്ത്‌ നടത്താന്‍ വഖഫ്‌ ബോര്‍ഡ്‌ ഉണ്ട്‌
5. ക്രിസ്ത്യന്‍ പള്ളികളില്‍ വളരെ വ്യക്തമായ ഒരു അധികാര ഭരണ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അതിന്റെ സർക്കാർ ഏറ്റെടുത്തിട്ടീല്ല.

കൂടുതൽ വിവരങ്ങൾക്ക്:
1. ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ്ങള്‍: ബാബൂ ഭഗവതിയുടെ പോസ്റ്റ്.

2. തിരുവനന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയൊ?: നന്ദുവിന്റെ പോസ്റ്റിലെ കിരൺ തോമസിന്റെ കമന്റ്. ശ്രീപത്ഭനാഭക്ഷേത്രവുമായി ബന്ധപ്പെട്ട് 2008ൽ വന്ന് ഈ പോസ്റ്റ് ഇപ്പോൾ നിധി കണ്ടെടുത്തതുമായി ബന്ധപ്പെടുത്തി വായിക്കുന്നത് നന്നായിരിക്കും.

Thursday, July 07, 2011

ഫസൽ ഗഫൂറും സ്വാശ്രയ പ്രതിസന്ധിയും

ഒട്ടൂം കഴമ്പില്ലാത്ത ഉപരിപ്ലവമായ ആശയങ്ങളെ സമൂഹമധ്യത്തിൽ അവതരിപ്പിച്ച് കൈയ്യടിവാങ്ങുന്നത് പൊതുവെ രാഷ്ട്രീയക്കാരായിരുന്നു. ഈ അടുത്തകാലത്തായി ഫസൽ ഗഫൂർ അത്തരത്തിൽ ഒരു നിലപാടിലാണ്. സ്വന്തം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സ്വന്തം കച്ചവടതാത്പര്യങ്ങൾക്കുവേണ്ടീ ഭരണഘടനാവിരുദ്ധമായ ഒരു കരാറിന്റെ പേരിൽ അടിയറവുവച്ചിട്ട് ക്രിസ്ത്യൻ മാനേജുമെന്റുകളും സ്വന്തം അവകാശങ്ങൾ ബലികഴിക്കണമെന്ന് ചാനലുകളിലും അച്ചടിമാധ്യമങ്ങളിലും ടിയാൻ പ്രസ്ഥാവനകൾ ഇറക്കുകയാണ്.

ഞാൻ അവകാശങ്ങൾ ഉപേക്ഷിച്ചു, നിങ്ങളും അങ്ങനെ ചെയ്യണം
എന്തൊരു നീതിബോധം! ഭരണഘടന നല്കുന്ന അവകാശങ്ങൾ കവർന്നെടുക്കാൻ ഇടതുപക്ഷ സർക്കാർ സമ്മർദ്ദത്തിലൂടെയും അക്രമത്തിലൂടെയും നിയമ നിർമ്മാണത്തിലൂടേയും ശ്രമിച്ചു. സുപ്രീംകോടതി വരെ എത്തിയ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ ന്യൂനപക്ഷമാനേജുമെന്റുകളുടെ മൗലീകാവകാശങ്ങൾ സുപ്രീംകോടതി പുനസ്ഥാപിച്ചു. അങ്ങനെയുള്ള അവകാശങ്ങൾ അടിയറവുവയ്ക്കണമെന്നാണു ഫസൽ ഗഫൂർ പറഞ്ഞു വരുന്നത്.

നാളെ ഞാൻ എന്റെ മതസ്വാതന്ത്യം വേണ്ടെന്നു വച്ചു നിങ്ങളും വേണ്ടന്നു വയ്ക്കൂ എന്നു പറഞ്ഞാല്....
ഞാൻ എന്റെ സഞ്ചാര സ്വാതന്ത്യം വേണ്ടെന്നു വച്ചു നിങ്ങളും വേണ്ടെന്നു വയ്ക്കൂ എന്നു പറഞ്ഞാൽ...
ഞാൻ എന്റെ ന്യായമായ കൂലി വങ്ങാനുള്ള അവകാശം വേണ്ടേന്നു വച്ചു നിങ്ങളും വേണ്ടേന്നു വയ്ക്കൂ എന്നു പറഞ്ഞാൽ....

ഭരണഘടനാപരമായ ഒരു സമൂഹത്തിന്റെ അവകാശങ്ങൾ അതു ന്യൂനപക്ഷമായിക്കൊള്ളട്ടെ ഭൂരിപക്ഷമായിക്കൊള്ളട്ടെ, വിദ്യാർത്ഥികളുടെ ആയിക്കൊള്ളട്ടെ മാനേജുമെന്റിന്റെ ആയിക്കൊള്ളട്ടെ അടിയറവു വച്ചാൽ അത് ഭാവി തലമുറയോടു ചെയ്യുന്ന ദ്രോഹമായിരിക്കും. ഭാഷാ-മത ന്യൂനപക്ഷങ്ങളുടെ ഭരനഘടനാപരമായ അവകാശങ്ങൾ അടിയറവു വയ്ക്കുവാൻ ആർക്കും അവകാശമില്ല. മുശ്ലീം സമുദായത്തിന്റെ അവകാശങ്ങൾ അടിയറവുവയ്ക്കുവാൻ എം.ഇ.എസ് നെ ആരാണു ചുമതലപ്പെടുത്തിയത്? ക്രിസ്ത്യൻ സമുദായങ്ങളുടേ അവകാശങ്ങൾ അടിയറവു വയ്ക്കുവാൻ ഒരു മെത്രാനോ സഭാധ്യക്ഷനോ അവകാശമില്ല. കാരണം അത് അവരുടെ വ്യക്തിപരമായ അവകാശമല്ല.

ഫസൽ ഗഫൂറും വി.എസ് സർക്കാരും
തുടക്കത്തിൽ ഇടതുപക്ഷസർക്കാരിന്റെ നിലപാടിനെതിരെ നിലയുറപ്പിച്ചിരുന്ന ഫസൽ ഗഫൂറും കൂട്ടരും ചുവടുമാറ്റിച്ചവിട്ടിയത് എന്നാണെന്നറിയണമെങ്കിൽ പഴയപത്രങ്ങൾ പരതേണ്ടീവരും. സർക്കാരുമായുള്ള ഒത്തു തീർപ്പുകൊണ്ട് ഫസൽ ഗഫൂറിനു ലാഭം മാത്രമുണ്ടാകാനേ തരരമുള്ളൂ. സർക്കാർ പറയുന്നിടത്ത് ഒപ്പിട്ട്, സർക്കാർ പറയുന്നവരെ അൻപതു ശതമാനം സീറ്റിൽ പ്രവേശിപ്പിച്ഛു കഴിയുമ്പോൾ സർക്കാർ കൈകഴുകും. പിന്നെ കോഴ ഒഴുകും. പ്രിവിലേജ് സീറ്റുകൾ എന്ന പേരിൽ തന്നിഷ്ടപ്രകാരം പ്രവേശനം നടത്താൻ കഴിയുന്ന സീറ്റുകൾ കരാറിൽ ചേർക്കുവാനുള്ള വൈഭവം ഫസൽ ഗഫൂറിനുണ്ടായി. ഇടതുപക്ഷ സർക്കാരും എം.ഇ.എസ്സും ചേർന്ന് ചില രഹസ്യധാരണകൾ ഉണ്ടായി എന്നു വേണം അനുമാനിക്കാൻ. അല്ലായിരുന്നെങ്കിൽ ഫസൽ ഗഫൂറിനു നൊന്തപ്പോൾ ദേശാഭിമാനി മുഖപ്രസംഗം എഴുതില്ലായിരുന്നല്ലോ. എന്നു മാത്രമോ ഇറങ്ങിപ്പോവും മുൻപ് ഇടതുപക്ഷ സർക്കാർ കേരളാ യൂണിവേർസിറ്റി ഓഫ് മെഡിക്കൽ സയൻസിലേയ്ക്ക് ഫസൽ ഗഫൂറിനെ നോമിനേറ്റു ചെയ്തു തങ്ങളുടെ കൂറൂ വ്യക്തമാക്കുകയും ചെയ്തു.


ഫസർ ഗഫൂറും ഇന്റർ ചർച്ച് കൗൺസിലും
ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടിയുള്ള ഇന്റർ ചർച് കൗൺസിലിന്റെ പ്രവർത്തനങ്ങളോട് ഫസൽ ഗഫൂറും എം.ഇ.എസ്സും സഹകരിച്ചിരുന്നു തുടക്കത്തിൽ. പക്ഷേ ഇടതുപക്ഷ സർക്കാർ കൂടുതൽ ലാഭം കിട്ടാനുള്ള വഴികൾ കാണിച്ചുപ്പോഴായിരിക്കണം ഫസൽ ഗഫൂർ കാലുമാറിയത്. പക്ഷേ എന്നിട്ടെന്തായി? ഫസൽ ഗഫൂർ നടത്തിയ പരീക്ഷ കോടതി നിയമാനുസ്രുതവും സുതാര്യവും അല്ലെന്നുകണ്ട് കോടതി അസാധുവാക്കി. അന്നു മുതൽ ഫസൽ ഗഫൂർ ഇന്റർ ചർച് കൗൺസിലിന് പരസ്യമായി എതിരായി. തങ്ങളുടെ (തങ്ങളും ഇടതുപക്ഷവും ചേർന്നുണ്ടാക്കിയ എന്നും വായിക്കാം) "കഞ്ഞിയിൽ" മണ്ണുവാരിയിട്ടത് ഇന്റർ ചർച് കൗൺസിലാണെന്നു ഫസർ ഗഫൂറിന് ഒരു തോന്നൽ. ഇത്തവണത്തെ പ്രവേസന നടപടികൾ സങ്കീർണ്ണമാക്കിയതിൽ ഫസൽ ഗഫൂറിന്റെ പങ്കു ചെറുതല്ല, അതിനു പിന്നിലും ഇന്റർ ചർച് കൗൺസിലിനോടുള്ള പക മാത്രം.

ഫസൽ ഗഫൂറും ഐക്യജനാധിപത്യ സർക്കാരും
ഫിഫ്ടി-ഫിഫ്ടി തങ്ങളുടെ ബേബിയാണെന്ന് ഐക്യജനാധിപത്യമുന്നണിയ്ക്കും പ്രത്യേകിച്ച് കോൺഗ്രസ്സിനും ഒരു ധാരണയുണ്ട്. അതുകൊണ്ടു തന്നെ 50% സീറ്റിലെ പ്രവേശനം സർക്കാരിനു വേണമെന്നും അതു സർക്കാർ ഫീസിൽ ആയിരിക്കണമെന്നുമുള്ള അവരുടെ (ഭരണഘടനാ വിരുദ്ധവും കോടതി അസാധുവാക്കിയതുമായ) നിലപാടിൽ നിന്ന് അവർക്ക് പ്രത്യക്ഷത്തിൽ പിന്നോട്ടൂ പോവുവാൻ സാധ്യമല്ല. കാരണം അതാണു സാമൂഹിക നീതി എന്നു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഐക്യജനാധിപത്യമുന്നണി വഹിച്ച പങ്ക് ചെറുതല്ല. എങ്കിലും ഇടതുപക്ഷ സർക്കാരിന്റെ ഏകപക്ഷീയ ജനാധിപത്യവിരുദ്ധ ഏകാധിപത്യ പ്രവണതകളിൽ നിന്നു മാറി ക്രിയാത്മകമായ ചർച്ചകൾക്ക് നേതൃത്വം കൊടൂക്കുവാനും ചർച്ചകളിൽ സർക്കാർ നിലപാട് അടിച്ചേൽപ്പിക്കുക എന്ന പ്രവണത മാറീ കുറച്ചുകൂടീ ജനാധിപത്യ ബോധം കാണിക്കുവാനും തയ്യാറായതോടെ ഇന്റർ ചർച് കൗൺസിലിനെക്കൂടീ ചർച്ചകളിലേയ്ക്ക് കൊണ്ടു വരുവാനും അവർക്കു കഴിഞ്ഞു. സർക്കാർ ഭരണഘടനാപരമായ മാനേജുമെന്റിന്റെ അവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളൂം സംരക്ഷിച്ചുകൊണ്ടേ കരാറുണ്ടാക്കൂ എന്നു വ്യക്തമാക്കുകയും ചെയ്തതോടെ ഫസൽ ഗഫൂർ തനിനിറം കാണീച്ചൂ. തങ്ങളുമായി എത്തിച്ചേർന്ന നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് ഇന്റർ ചർച്ച് കൗൺസിലുമായി എത്തിച്ചേർന്നാൽ കരാറിൽ നിന്നു പിന്മാറും എന്നു ഫസൽ ഗഫൂർ വ്യക്തമാക്കി. 10 എൻജിനീയറിംഗ് കോളേജും 4 മെഡിക്കൽ കോളേജും ഒരു ഡന്റൽ കോളേജും മാത്രമുള്ള ഇന്റർ ചർച് കൗൺസിലിനെക്കാൾ 32 എൻജിനീയറിംഗ് കോളേജും 6 മെഡിക്കൽ കോളേജും 12 ഡന്റൽ കോളേജുമുള്ള എം.ഇ.എസ്സിന്റെ പിന്മാറ്റം സർക്കാരിനെ വെട്ടിലാക്കി.

മതസമൂഹങ്ങളൂം സ്വാശ്രയ വിദ്യാഭ്യാസവും
1. എം.ഇ.എസ് എന്റെ കോളേജുകൾ മുസ്ലീം സമുദായത്തിന്റെ ആണോ? ആണെന്ന് ആരെങ്കിലും പറഞ്ഞാലും മുതലെടുപ്പിനു വേണ്ടീ ഫസൽ ഗഫൂർ അത് ആവർത്തിച്ചാലും എം.ഇ.എസ് ന്റെ കോളേജുകൾ എം.ഇ.എസ് മാത്രമാണു, അതു മൂലം മുസ്ലീം സമുദായത്തിനു പ്രയോയനമുണ്ടായിട്ടുണ്ടാകാമെങ്കിലും. അതിലെ മുതൽ മുടക്ക് എം.ഇ.എസിന്റേതാണു.

2. ഗോകുലം ഗോപാലന്റെ കോളേജു ഹിന്ദുക്കളൂടെയാണോ?
അല്ല എന്നാണുത്തരം. ഗോകുലം ഗോപാലന്റെ സ്വകാര്യ നിക്ഷേപമാണ് ഗോകുലം കോളേജുകളിലുള്ളത്. അതുപോലെ ജി.പി.സി നായരുടെ കോളേജുകൾ ജി.പി.സി നായരുടേതാണു, ഹിന്ദുക്കളുടേതല്ല.

3. അമൃത ഹിന്ദുക്കളുടേതാണോ?
അതും ആണെന്നു പറഞ്ഞുകൂടാ. അത് മാതാ അമൃതാനന്ദമയീ മഠത്തിന്റെയാണ്. അതിലെ നിക്ഷേപം അവരുടേതു മാത്രമാണ്.

4. ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകൾ ഇന്റർ ചർച് കൗൺസിലിന്റേതാണോ?
ഇന്റർ ചർച്ച് കൗൺസിനു ഒരു കോളേജിലും നിക്ഷേപമില്ല. ഇന്റർ ചർച് കൗൺസിലിനു 10 എൻജിനീയറിംഗ് കോളേജും 4 മെഡിക്കൽ കോളേജുകളും 1 ഡന്റൽ കോളേജുമാണുള്ളത്. ഇവയെല്ലാം വ്യത്യസ്ഥ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ ഭരണത്തിൽ കീഴിലുള്ളതും വിശ്വാസികളുടെ പണം കൊണ്ട് പണിതുയർത്തപ്പെട്ടിട്ടുള്ളതുമാണ്. അതായത് നിക്ഷപം വിശ്വാസികളുടെതാണു. ഏതെങ്കിലും മെത്രാന്റെയോ സഭയുടെ അധികാര ശ്രേണിയിൽ നിന്നു മാറി പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയുടെയോ സ്വകാര്യ സ്വത്തല്ല എന്നർത്ഥം. അതുകൊണ്ടു തന്നെ വിശ്വാസസമൂഹത്തിന്റെ വിദൂരഭാവിയിലെ നന്മയെക്കൂടിക്കരുതി അവകാശങ്ങൾ അടിയറവു വയ്ക്കാൻ അവർക്കാവില്ല. അതുകൊണ്ടൂ തന്നെ കോളേജു കെട്ടിപ്പെടുക്കാൻ പണം ചിലവഴിച്ച സമൂഹത്തിന്റെ മുകളിലേയ്ക്ക് ഇരട്ടി ഫീസെന്ന കാടത്വം അനുവദിച്ചുകൊടുക്കാനും അവർക്കാവില്ല.

ഫസൽ ഗഫൂറും സാമൂഹിക നീതിയും
1.ഫസൽ ഗഫൂറും കൂട്ടരും നടത്തിയ പ്രവേശന പരീക്ഷ സുതാര്യവും നിയമാനുസൃതവുമല്ലെന്നു കണ്ടെത്തി കോടതി അസാധുവാക്കിയിട്ടീട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.(2010, ആഗസ്റ്റ്)

2. 50% സീറ്റിൽ ഫ്രീയായി പഠിപ്പിക്കുന്നതിനു പകരം 50% സീറ്റിൽ മാനേജുമെന്റു നിശ്ചയിക്കുന്ന ഉയർന്ന ഫീസ് ഈടാക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടത് എം.ഇ.എസ് ആണു (2006 ആഗസ്റ്റ്). അതായത് തങ്ങൾക്ക് ലാഭമുണ്ടാകുമെങ്കിൽ സർക്കാരുമായി എന്ത് ഒത്തു തീർപ്പുകൾക്കും തയ്യാറാണെന്നുള്ള പ്രഖ്യാപനം.

3. സർക്കാർ ഒത്തു തീർപ്പിലെത്താത്ത ഇന്റർ ചർച് കൗൺസിലു പോലും സ്വന്തം നിലയിൽ പരീക്ഷ നടത്താതെ സർക്കാർ പരീക്ഷകളെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്തുമ്പോൾ സ്വന്തം നിലയിൽ പരീക്ഷ നടത്തുവാൻ എം.ഇ.എസ് ശ്രമിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? (പ്രവേശനപരീക്ഷ നടത്തുവാനുള്ള മാനേജുമെന്റിന്റെ അവകാശത്തെ ഞാൻ പിന്താങ്ങുന്നു.) സർക്കാർ ലിസ്റ്റിൽ നിന്നു യോഗ്യരായവരെ കിട്ടാതെ വരുമെന്നതിനാലാണിത്. സർക്കാർ ലിസ്റ്റു പ്രകാരം അയോഗ്യരായവരെ യോഗ്യരാക്കുവാനുള്ള പരീക്ഷാ തന്ത്രം. പകുതി സീറ്റ് സർക്കാർ നിറച്ചുകൊള്ളും. ബാക്കി സീറ്റിൽ പണച്ചാക്കുകളെ പ്രവേശിപ്പിച്ച് പരീക്ഷ നടത്തി യോഗ്യരാക്കി എടുക്കുക. സീറ്റ് ഒഴിഞ്ഞുകിടക്കുന്നെന്ന പേടീയും വേണ്ട, ലാഭമുണ്ടാവുകയും ചെയ്യും.

Monday, June 27, 2011

ദേശാഭിമാനിയോട് ചില സംശയങ്ങൾ

ദേശാഭിമാനി ഇന്നു ചില നേരുപറഞ്ഞിരുക്കുക്കു പതിവുപോലെ. പക്ഷേ എന്റെ സംശയങ്ങൾ ഞാൻ ആരോടു ചോദിക്കും. കമന്റായി സംശയങ്ങൾ ഇട്ടൂ. ആരെങ്കിലും പറുപടിപറയട്ടെ. അതുകൊണ്ട് ആ കമന്റും ഇവിടെ ഇടുന്നു.

1. "അമൃത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ 5.25 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തതും പ്രതിഷേധാര്‍ഹമാണ്."

എൽ.ഡി.എഫ് എന്റെ കാലത്ത് അമൃതയിലെ ഫീസ് എത്രയായിരുന്നു? അമൃതയുമായി എന്തു കാരാറായിരുന്നു ഉണ്ടാക്കിയത്?

2. "സര്‍ക്കാരിന്റെ സമീപനവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിന്റെ നിലപാടുകളുമാണ് നിലവില്‍ പ്രവേശനനടപടികള്‍ തകിടംമറിച്ചത്."

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുനിന്നു വ്യത്യസ്ഥാമായി ഇന്റർ ചർച്ച് കൗൺസിലിന്റെ നിലപാടിൽ എന്തു മാനമാണു ഊണ്ടായത്.

3. "മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക"

എന്തിന്റെ അടിസ്ഥാനത്തിലാണു മാനേജുമെന്റിനു തലവരിപ്പണം വാങ്ങാനാവുക? തലവരിപ്പണം വാങ്ങിയാൽ അതു നിയമവിരുദ്ധമാവുകയും പ്രവ്വേശനം സുതാര്യമല്ലാതാവുകയും ചെയ്യില്ലേ? പ്രവേശന നടപടികൾ നിരീക്ഷിക്കുവാൻ അധികാരമുള്ള മുഹമ്മദു കമ്മറ്റിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ?

4. "ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുകളിലെ 52 കുട്ടികള്‍ ഉള്‍പ്പെടെ 195 കുട്ടികള്‍ക്ക് ഇത്തവണ ഈ അവസരം നഷ്ടമാകും."

എങ്ങിനെ?

Monday, June 20, 2011

അനീതിയെങ്ങനെ സാമൂഹ്യനീതിയാകും ? - റവ. ഡോ. ഫിലിപ്പ്‌ നെൽപുരപ്പറമ്പിൽ

അമ്പതുശതമാനം സീറ്റ്‌ സർക്കാരിനു വിട്ടുകൊടുത്തു സാമൂഹ്യനീതിപാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന്‌ ഒരു സാമുദായിക വിദ്യാഭ്യാസ സംഘടനാ നേതാവു ചില മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു കാണുകയുണ്ടായി. എന്താണു സാമൂഹ്യനീതി? അമ്പതുശതമാനം സീറ്റു വിട്ടുകൊടുക്കുമ്പോൾ നീതിയുണ്ടാകുമോ? അങ്ങനെ നൽകിയവർ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ നീതിയെന്താണ്‌? ഈ ഒരു ആഹ്വാനത്തിനു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ എന്തൊക്കെയാണ്‌? എന്നീ ചോദ്യങ്ങൾ സ്വാഭാവികമായും ഈ ആഹ്വാനം ഉയർത്തുന്നുണ്ട്‌.

പകുതി വിദ്യാർഥികളോട്‌ അനീതികാണിക്കലാണോ സാമൂഹ്യനീതി?

അമ്പതുശതമാനം വിദ്യാർഥികളെ സർക്കാർ ഫീസിൽ സൗജന്യമായി പഠിപ്പിക്കുമ്പോൾ മറ്റ്‌ അമ്പതുശതമാനം വിദ്യാർഥികളിൽ നിന്നും ഇരട്ടിഫീസ്‌ വാങ്ങേണ്ടി വരും. അമ്പതുശതമാനം വിദ്യാർഥികളോട്‌ അനുകമ്പതോന്നി സൗജന്യ വിദ്യാഭ്യാസം കൊടുക്കുമ്പോൾ മറ്റ്‌ അമ്പതുശതമാനം വിദ്യാർഥികളോടു കടുത്ത അനീതികാട്ടി ഇരട്ടിഫീസുവാങ്ങണം. അതാണു സാമൂഹ്യനീതിയായി സാമുദായിക വിദ്യാഭ്യാസ സംഘടനാ നേതാവ്‌ ഉയർത്തിപ്പിടിക്കുന്നത്‌. ഒരു പറ്റം വിദ്യാർഥികളോടു നീതി എന്ന്‌ അദ്ദേഹം പറയുന്നകാര്യം ചെയ്തുകൊടുക്കാനായിട്ട്‌ മറ്റ്‌ ഒരു പറ്റം വിദ്യാർഥികളോട്‌ അനീതികാണിക്കാനാണ്‌ ആഹ്വാനം. അനീതികാണിച്ചുകൊണ്ടുള്ള നീതി നടപ്പിലാക്കൽ അസംബന്ധമാണെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?
ന്യൂനപക്ഷങ്ങളോടും പാവങ്ങളോടുമുള്ള അനീതി

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ കോളജുകളിൽ ഇങ്ങനെ ഇരട്ടി ഫീസു നൽകേണ്ടിവരുന്നത്‌ അവരുടെ വിദ്യാർഥികളാണ്‌. കോടതി നിരോധിച്ച ക്രോസ്‌ സബ്സിഡിയിൽ താരതമ്യേന പാവപ്പെട്ട വിദ്യാർഥികളാണ്‌ ഇരട്ടി ഫീസുകൊടുക്കേണ്ടി വരുന്നത്‌ എന്ന്‌ കോടതിയും നിരിക്ഷിച്ചിട്ടുണ്ട്‌. ഇത്‌ ഈ അനീതിയുടെ ആഴം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ്‌ ഈ നിലപാടു നീതിക്കും നിയമത്തിനും നിരക്കാത്തതായികണ്ടു കോടതി തള്ളിക്കളഞ്ഞത്‌. യഥാർഥത്തിൽ ഈ ആഹ്വാനം അനീതി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്‌.

ജനാധിപത്യാവകാശം നിഷേധിക്കലാണോ നീതി ?

സ്വന്തം മതവിശ്വാസ പാരമ്പര്യങ്ങൾ സംരക്ഷിച്ചു വളരുന്നതിനായി നമ്മുടെ ജനാധിപത്യരാജ്യത്ത്‌ വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താൻ മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ അവകാശമുണ്ട്‌. ഉദാത്തമായ ജനാധിപത്യ അവകാശമാണിത്‌. അല്ലെങ്കിൽ ഭാഷാ-മത ന്യൂനപക്ഷങ്ങൾ നശിക്കാനാണ്‌ ഇടയാവുക. നമ്മുടെ ഭരണഘടനാവിധാതാക്കൾ നൽകിയിരിക്കുന്ന ഈ അവകാശം നീതിയുടെയും നിലനിൽപിന്റെയും അവകാശമാണ്‌. വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്തി തങ്ങളുടെ വിദ്യാർഥികൾക്കു വിശ്വാസ-സാംസ്കാരിക രൂപീകരണം നൽകാൻ ന്യൂനപക്ഷങ്ങൾക്കുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപരവും സാമൂഹ്യവുമായ നീതിയാണ്‌. അതനുസരിച്ചു തങ്ങളുടെ യോഗ്യരായ വിദ്യാർത്ഥികൾക്കു വിദ്യാലയങ്ങളിൽ പരമാവധി പ്രവേശനം നൽകാൻ അവർക്കു കഴിയണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമായ ഈ നീതി നിഷേധിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നവർ അനീതിക്കുവേണ്ടി മുറവിളികൂട്ടുകയാണ്‌.

അനീതിയെ നീതിയായി ചിത്രീകരിക്കുക എന്നിട്ടു നീതിയായി ചിത്രീകരിക്കപ്പെട്ട അനീതി നടപ്പിലാക്കാൻ ആഹ്വാനം ചെയ്യുക എന്ന ഗൂഢ തന്ത്രമാണ്‌ ഈ ആഹ്വാനത്തിൽ കാണുന്നത്‌. ന്യൂനപക്ഷങ്ങൾ നിലനിൽക്കാനുള്ള അവകാശം ത്യജിക്കലാണു നീതി എന്ന്‌ അദ്ദേഹം പ്രചരിപ്പിക്കുന്നു. തങ്ങൾക്കു നിലനിൽക്കാനുള്ള അവകാശം ത്യജിച്ചു നീതി നടപ്പിലാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.!

ആഹ്വാനത്തിലെ ഗൂഡലക്ഷ്യങ്ങൾ

യഥാർഥത്തിൽ ഈ ആഹ്വാനം ജനാധിപത്യത്തിനെതിരായ അതിക്രമമാണ്‌; ഭരണഘടനയോടുള്ള വെല്ലുവിളിയാണ്‌; അതിക്രമത്തിനുള്ള ആഹ്വാനമാണ്‌. ഇതനുസരിച്ചാൽ ഏകദേശകണക്കനുസരിച്ചു ക്രൈസ്തവ ന്യൂനപക്ഷം ഇരുന്നൂറു കോടിയിലധികം രൂപ ഇവർക്കുവേണ്ടി അധികമായി കണെ്ടത്തേണ്ടി വരും. ഇരട്ടിഫീസു നൽകേണ്ടിവരുന്ന ക്രൈസ്തവ വിദ്യാർഥികൾക്കു തങ്ങളുടെ തന്നെ വിദ്യാലയത്തിൽ നിന്നു നേരിടേണ്ടി

വരുന്ന അനീതികണ്ടു സമൂഹത്തിനെതിരേ തിരിയും. ഇന്റർചർച്ച്‌ കൗൺസിലിന്റെ നേതൃത്വത്തിൽ മെറിറ്റും സാമൂഹ്യനീതിയും അനുസരിച്ചു നടക്കുന്ന സ്ഥാപനങ്ങളെയും തങ്ങളുടെ കലാലയങ്ങൾ പോലെ അനീതികൊണ്ടുനിറയ്ക്കാം. ഇതൊക്കെയാണ്‌ ഈ ആഹ്വാനത്തിനു പിന്നിൽ. കേരളത്തിൽ നീതിയിലും നിയമത്തിലും അടിയുറച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാഗ്രഹിക്കുന്ന ആർക്കെങ്കിലും ഇതുപോലൊരു ആഹ്വാനം നൽകാൻ കഴിയുമോ?

മെറിറ്റും യഥാർഥ സാമൂഹ്യനീതിയും വേണം

ഇവിടെ വേണ്ടത്‌ മെറിറ്റും സാമൂഹ്യനീതിയും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസമാണ്‌. മെറിറ്റനുസരിച്ചുമാത്രം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക. എല്ലാവർക്കും നീതിപൂർവ്വകമായി ഒരേ ഫീസ്‌ ഏർപ്പെടുത്തുക. പാവപ്പെട്ടവർക്കുമാത്രം സ്കോളർഷിപ്പു നൽകി സൗജന്യ വിദ്യാഭ്യാസം നൽകണം. പണമില്ലാത്ത ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ ഇടയാകരുത്‌. ആവശ്യമായവർക്കെല്ലാം ബാങ്ക്‌ ലോൺ ഏർപ്പെടുത്താനും കഴിയണം. ന്യൂനപക്ഷവകാശമനുസരിച്ച്‌ യോഗ്യരായ വിദ്യാർഥികൾക്ക്‌ പരമാവധി തങ്ങളുടെ സ്ഥാപനങ്ങളിൽ പ്രവേശനം നൽകാൻ സാദ്ധ്യത ഉണ്ടാകണം. ഇന്റർചർച്ച്‌ കൗൺസിൽ ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കിയിരിക്കുന്നത്‌ ഈ നിലപാടാണ്‌.

ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുസരിച്ചു ഭാഷ-മതന്യൂനപക്ഷങ്ങൾക്കു തങ്ങളുടെ യോഗ്യരായ വിദ്യാർഥികൾക്കു പ്രവേശനം നൽകാൻ കഴിയണം. അത്‌ അടിസ്ഥാനപരമായനീതിയുടെ ഭാഗം തന്നെയാണ്‌. ഈ സ്ഥാപനങ്ങളിൽ ചിലയിടത്തെങ്കിലും നാൽപതു ശതമാനം വരെ പൊതുമെറിറ്റിൽ നിന്നും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നുണ്ട്‌. ഇവിടെയുള്ള ഏതു വിദ്യാഭ്യാസ ഏജൻസിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു വിദ്യാർത്ഥികളെ പഠിപ്പിക്കാവുന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കണമെന്നു പറയുന്നതിനുപകരം കൂടുതൽ കലാലയങ്ങൾ ഉണ്ടാക്കുകയാണുവേണ്ടത്‌.
സ്കോളർഷിപ്പിനുള്ള മാർഗങ്ങൾ

സർക്കാർ മെഡിക്കൽ കോളജുകളിൽ സൗജന്യമായി പഠിക്കുന്ന വിദ്യാർഥികൾ മിനിമം വേതനം സ്വീകരിച്ച്‌ ഗ്രാമങ്ങളിലെ ആശുപത്രികളിൽ രണ്ടു വർഷം ജോലി ചെയ്യണമെന്നുണ്ട്‌. സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്‌ സർക്കാർ സ്കോളർഷിപ്പു നൽകുകയും അതിനുപകരമായി സർക്കാർ ആശുപത്രികളിൽ രണേ്ടാ മൂന്നോ വർഷം ജോലി ചെയ്യണമെന്നുള്ള കരാർ ഉണ്ടാക്കുകയും ചെയ്യണം. ഈ കരാറിൽ നിന്നും ആരെങ്കിലും മാറിയാൽ അവർക്കു നൽകിയ സ്കോളർഷിപ്പിന്റെ തുകയും നഷ്ടപരിഹാരവും ഈടാക്കാൻ കഴിയണം. ക്രൈസ്തവർ നടത്തുന്ന കോളജുകളിലും സ്കോളർഷിപ്പു നൽകി പഠിപ്പിക്കാനും അങ്ങനെ പഠിക്കുന്നവരുടെ സേവനം ഒരു നിശ്ചിത കാലഘട്ടത്തിലേക്കു തങ്ങളുടെ സ്ഥാപനത്തിലേക്കു ലഭ്യമാക്കാനും കഴിയണം. കൂടാതെ എൻട്രൻസ്‌ പരീക്ഷയിൽ നിന്നും സർക്കാരിനു കിട്ടുന്ന അഞ്ചുകോടിയും സ്കോളർഷിപ്പു നൽകുക. അപ്പോൾ ഏതു പാവപ്പെട്ട വിദ്യാർഥിക്കും മെറിറ്റുണെ്ടങ്കിൽ പഠനം നിഷേധിക്കപ്പെടുകയില്ല. അതു നടപ്പിലാക്കാനുള്ള ഇഛ്ഛാശക്തിയാണു വേണ്ടത്‌.

വിപ്ലവസംഘടനകളുടെ വൈരുദ്ധ്യാത്മക നിലപാടുകൾ

സ്വാശ്രയസ്ഥാപനങ്ങൾ ഇവിടെ പാടില്ല എന്നു പറഞ്ഞു സമരം ചെയ്തു സഖാക്കളുടെ ജീവൻ ബലികഴിച്ച വിപ്ലവ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്ന്‌ എത്തിനിൽക്കുന്ന സാഹചര്യം നമ്മൾ കാണുന്നുണ്ട്‌. അവർ തല്ലിത്തകർത്ത പൊതുസ്ഥാപനങ്ങളും വണ്ടികളും അവർ ആക്രമിച്ച പോലീസ്‌ സേനയേയും മറക്കാൻ കഴിയുമോ? പാവപ്പെട്ട ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ എത്രയോ അധ്യയന ദിനങ്ങളാണ്‌ ഇക്കാര്യത്തിനുവേണ്ടി സമരം ചെയ്ത്‌ ഇല്ലാതാക്കിയത്‌. എത്രയോ ആയിരം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിച്ചു. ഇവരുടെ ഈ നീക്കങ്ങൾ കാരണം മറ്റു സംസ്ഥാനങ്ങളിലേക്കു വിദ്യാഭ്യാസം തേടിപ്പോകുന്നവരുടെ എണ്ണം ഓരോ വർഷവും ഒരു ലക്ഷം കവിയുന്നില്ലേ?. എന്നിട്ടിപ്പോൾ അരക്കോടിരൂപയ്ക്കു മക്കൾക്കു സീറ്റുവാങ്ങി ഞെളിഞ്ഞിരിക്കുന്നവരായി അവർ മാറിയില്ലേ? ഇതല്ലേ യഥാർത്ഥത്തിൽ വൈരുദ്ധ്യാത്മകനിലപാട്‌.

പൊതുഖജനാവിലെ പണമെടുത്തു സ്ഥലം വാങ്ങുകയും ഓരോവർഷവും കോടിക്കണക്കിനു രൂപ നികുതിപ്പണത്തിൽ നിന്നും കൈപ്പറ്റുകയും ചെയ്യുന്ന പാർട്ടിയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള സ്വാശ്രയ സ്ഥാപനത്തിലാണ്‌ അരക്കോടി രൂപയ്ക്കു സീറ്റു നൽകുന്നതും ഏതാണ്ട്‌ ഇരുപത്തിരണ്ടു കോടിരൂപയോളം ഓരോ വർഷവും നഷ്ടം വരുത്തുന്നതും.

ന്യായമായ ഫീസുവാങ്ങിക്കുന്നതിനെ വിദ്യാഭ്യാസ കച്ചവടം എന്നു വിളിക്കുന്ന വിപ്ലവ പാർട്ടികൾ അരക്കോടി ഫീസുവാങ്ങുന്നതിനെ ഏതു തരം കച്ചവടമെന്നായിരിക്കും വിളിക്കുക? മെറിറ്റും സാമൂഹ്യനീതിയും പുറത്തു പറയുകയും സമരം ചെയ്യുകയും എന്നാൽ, സ്വകാര്യമായി അതിന്റെ മറവിൽ എല്ലാ നിയമവും നീതിയും അട്ടിമറിക്കുകയും ചെയ്യുന്നവരെ സമൂഹം തിരിച്ചറിയുന്നു

Saturday, April 09, 2011

പാമൊലിൻ കേസും പി.ജെ തോമസ്സും

"ഇപ്പൊ പാമൊലിൻ കേസു തന്നെയെടുക്കം, പാവം പി.ജെ തോമസ്, ഇന്ത്യകണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാ...ഇതാ കേസുകഴിഞ്ഞിപ്പം ഇരുപത്തൊന്നു വർഷം കഴിഞ്ഞിട്ടിതാ അദ്ദേഹത്തിനു ആ ജോയി പോയി" - അൽഫോൻസ് കണ്ണന്താനം (നേരേ ചോവ്വേ, മനോരമാ ന്യൂസ്)

Monday, January 10, 2011

അങ്കിള്‍ അന്തരിച്ചു

പ്രമുഖ ബ്ലോഗരും ആക്റ്റിവിസ്റ്റുമായിരുന്ന അങ്കിള്‍/ഉപഭോക്താവ്‌/ചന്ദ്രകുമാര്‍ ഇന്നലെ സന്ധ്യയ്ക്ക് അന്തരിച്ച വിവരം വ്യസന സ്മേതം അറിയിക്കുന്നു.
http://upabhokthavu.blogspot.com/2007/09/1986.html

http://www.blogger.com/profile/10134852093071955840

കേരള ഫാര്‍മര്‍/ ചന്ദ്രശേഖരന്‍ നായര്‍ ആണ് ഈ വിവരം എന്നെ അറിയീച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അങ്കിളിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.