Wednesday, July 20, 2011

ഭരണഘടന, പാര്‍ലമെന്റ്, കോടതി

ഭാരത്തിന്റെ ഭരണക്രമത്തില്‍ ഭരണഘടനയുടെ സ്ഥാനം എവിടെയാണെന്ന് പലര്‍ക്കും സംശയമുള്ളതുപോലെ തോന്നുന്നു ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍. ഭരണഘടനയെത്തന്നെ മാറ്റിമറിയ്ക്കുവാന്‍ തക്ക ഭരണഘടനാ ഭേദഗതികള്‍ നടത്തുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്ന് ചിലര്‍ കരുതുന്നു. നമ്മുടെ ഭരണക്രമത്തില്‍ ഭരണഘടനയുടെ സ്ഥാനം എവിടെയാണ്, പാര്‍ലമെന്റും കോടതിയും തമ്മിലുള്ള ബന്ധം എപ്രകാരമാണ് എന്നൊക്കെയുള്ള അടിസ്ഥാനപരമായ ആശയങ്ങള്‍ വിശദീകരിക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദ്യേശം.

ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിനും നിയമ സഭകള്‍ക്കും തങ്ങളുടെ അധികാര പരിധിയ്ക്കുള്ളില് നിന്നുകൊണ്ട് നിയമനിര്മ്മാണം നടത്താനുള്ള അവകാശമുണ്ട്. ഇത് ഒരു കേവല അധികാരമല്ല. ലോക്‌സഭയും നിയമസഭയും പാസാക്കുന്ന എല്ല നിയമങ്ങളുടെയും ഭരണഘടനാപരമായ സാധുതയെ നിര്‍വചിക്കുവാനുള്ള അധികാരം ജുഡീഷ്യറിക്കാണ് ഉള്ളത്. ഭരണഘടനയിലെ ഏതെങ്കിലും വ്യവസ്ഥകളെ പാര്‍ലമെന്റോ നിയമസഭകളോ ലംഘിക്കുന്ന പക്ഷം അതിനെ അസാധുവാക്കുവാനുള്ള ഉത്തരവാദിത്തവും ജുഡീഷ്യറിക്കുണ്ട്.

ഭരണഘടനയുടെ 368 പ്രകാരം ഭരണഘടനാഭേദഗതികള്‍ നടത്തുവാനുള്ള അധികാരം പാര്‍ലമെന്റിന് ഉണ്ട്. ഇത് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരത്തെ കേവലാധികാരമായി തെറ്റിധരിയ്ക്കുവാന്‍ ഇടയായിട്ടുണ്ട്. ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത അടിസ്ഥാന ആശയങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായി സുപ്രീംകോടതി ഇടപെടുകയും ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുവാനോ ചോദ്യംചെയ്യുവാനോ ഉള്ള അധികാരം നിയമനിര്‍മ്മാണസഭകള്‍ക്ക് ഇല്ലാ എന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ അടിസ്ഥാനഘടന എന്ന പദപ്രയോഗം ഭരണഘടനയില്‍ ഉള്ളതല്ലെങ്കിലും 1973ലെ കേശവാനന്ദഭാരതി കേസുമുതലിങ്ങോട്ട് സുപ്രീംകോടതി ഈ ആശയം മുന്‍പോട്ടു വച്ചിട്ടുണ്ട്. അന്നുമുതല്‍ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനും ഭരണഘടനാ ഭേദഗതികളുടെ സാധുതയെ പരിശോധിക്കുന്നതിനുമുള്ള ഉത്തരവാദിത്തം അങ്ങനെ സുപ്രീംകോടതിയില്‍ വന്നുചേരുകയും ചെയ്തു.


1 comment:

പുന്നകാടൻ said...

good ........... നല്ല അറിവുകള്‍ ...........