Wednesday, September 01, 2010

ഫസല്‍ ഗഫൂറിന്‍റെ ആശങ്കകള്‍; ദേശാഭിമാനിയുടേയും

നടപ്പാവേണ്ടതു സാമൂഹിക നീതി എന്ന പേരില്‍ ആഗസ്റ്റു 6 നു സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജുമെന്‍റു അസോസിയേഷന്‍ പ്രസിഡന്‍റായ ശ്രീ ഫസല്‍ ഗഫൂര്‍ മനോരമയില്‍ ഒരു ലേഖനമെഴുതി. സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വകാര്യ മാനേജുമെന്‍റുകള്‍ നടത്തിയ പരീക്ഷയെ കോടതി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടണ്‌ ഇത്. ദേശാഭിമാനി ആരോപിച്ചതുപോലെ കത്തോലിയ്ക്കാ മാനേജുമെന്‍റുകള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിയ്ക്കുവാന്‍ ഫസല്‍ ഗഫൂര്‍ നടത്തുന്നുണ്ട്. എങ്കിലും ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല. അത്തരം ആരോപണങ്ങളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങള്‍ അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന പോസ്റ്റില്‍ വായിക്കാം.


ഈ പോസ്റ്റ് സ്വാശ്രയ കോളേജുകളിലെ സാമൂഹിക നീതി എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫസല്‍ ഗഫൂറിന്‍റെ അഭിപ്രായങ്ങളോടുള്ള എന്‍റെ പ്രതികരണങ്ങളാണ്.

1. "എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന ഫീസു വാങ്ങുന്നത് മികവുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിയ്ക്കലാണ്‌"

ഇതു പൂര്‍ണ്ണമായും ശരിയാണ്. പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വിധം ഫീസ് കുറവായിരിയ്ക്കുക എന്നത് നടപ്പുള്ള കാര്യമല്ല. കാരണം വിദ്യാഭ്യാസത്തിനു ചിലവുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ചിലവ് വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ ഈടാക്കുന്നതാണ്‌ സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.

പണമില്ല എന്ന കാരണത്താല്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുന്നത് സാമൂഹിക നീതിയല്ല. മറ്റൊരുതരത്തില്‍ സ്വാശ്രയകോളേജുകള്‍ പണക്കാര്‍ക്കു വേണ്ടി മാത്രമുള്ളതായി മാറാന്‍ പാടില്ല.

ഇതിനായി ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയില്‍ അവതരിപ്പിച്ച രീതിയാണ്‌ പിന്നീടു സുപ്രീം കോടതി അസാധുവാക്കിയ 50-50. ഈ രീതിയില്‍ പകുതി വിദ്യാര്‍ത്ഥികളുടെ ചിലവ് ചിലവ് മറു പകുതി വിദ്യാര്‍ത്ഥികള്‍ തന്നെ വഹിയ്ക്കുന്നു. ഇതിലെ അപാകത സൌജന്യം ലഭിയ്ക്കുന്ന പകുതി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാനെന്നോ ചിലവുവഹിയ്ക്കുന്ന പകുതി സാമ്പത്തികമായി മുന്നോക്കം നില്കുന്നവരാണെന്നോ ഉറപ്പുവരുത്താനുള്ള ഒരു സംവിധാനവും ഇല്ലായിരുന്നൂ എന്നുള്ളതായിരുന്നു. സര്‍ക്കാരിന്‍റെ മെറിറ്റ് ലിസ്റ്റില്‍ വരുന്നവരിലധികവും നഗരങ്ങളില്‍നിന്നുള്ളവരും സാമ്പത്തികമായി മുന്നോക്കക്കാരുമാണെന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഫിഫ്ടി ഫിഫ്ടിയുടെ നൈതിക മൂല്യത്തെ ചോദ്യം ചെയ്യുന്നതുമാണ്‌. അതായത് മെറിറ്റു ലിസ്റ്റില്‍ വന്നിരുന്ന സമ്പന്നനെ പാവപ്പെട്ടവന്‍ ലോണെടുത്തും കടം വാങ്ങിയും പഠിപ്പിച്ചു എന്നു സാരം. ഇത് ഒരു പര്‍വ്വതീകരിക്കപ്പെട്ട ആരോപണമാണെന്നു എനിയ്ക്കുതന്നെ തോന്നുന്നുണ്ടെങ്കിലും അതില്‍ ഒരളവുവരെ സത്യവുമുണ്ട്.

ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സില്‍ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു രീതിയാണ്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും പലിശ രഹിത വായ്പ്പയും അനുവദിയ്ക്കുക. വിദ്യാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്യുവാന്‍ അവസരമൊരുക്കുക. സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുക. കാലക്രമേണ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഘടനളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന്‍റെ ചിലവ് വിദ്യാര്‍ത്ഥികളില്‍ നിന്നു കുറച്ചുകൊണ്ടു വരിക. സെന്‍റു്‌ ജോണ്‍സ് കോളേജിനെ ഉദാഹരിച്ച് അഭിവന്യ പൌവത്തില്‍ പിതാവ് ഇക്കാര്യം മനോരമയിലെ നേരേ ചോവ്വെയില്‍ ചൂണ്ടിക്കാണിയ്ക്കുകയുണ്ടായി.

സ്ഥാപനത്തിനായി സ്ഥലം കണ്ടെത്തുകയും കെട്ടിടങ്ങള്‍ സ്ഥാപിയ്ക്കുകയും ചെയ്ത മാനേജുമെന്‍റുകളുടെ തലയിലേയ്ക്ക് സാമൂഹിക നീതിയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസച്ചിലവുകൂടി അടിച്ചേല്‍പ്പിയ്ക്കുന്നത് ഏതു കരാറിന്‍റെ പേരിലാണെങ്കിലും സാമൂഹിക നീതി ആവില്ല. ഈ ചിലവ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ തലയില്‍ കെട്ടിവയ്ക്കുന്നതും സാമൂഹിക നീതി ആവില്ല.

യഥാര്‍ത്ഥത്തില്‍ നിര്‍ത്ഥന വിദ്യാര്‍ത്ഥികളുടെ ചിലവ് സമൂഹമാണ്‌ ഏറ്റടുക്കേണ്ടത്. അതു മതസംഘടനകളാവാം, മറ്റു സംഘടനകളാവാം, സ്വകാര്യ വ്യക്തികളാവാം. സമൂഹത്തിന്‍റെ പ്രതിനിധി സമൂഹമെന്ന നിലയിലും നികുതിപ്പണം കൈപ്പറ്റുന്നു എന്ന കാരണത്താലും ഇക്കാര്യത്തില്‍ സര്‍ക്കാരിനു തന്നെയാണ്‌ ഒന്നാമതായി ഉത്തരവാദിത്തമുള്ളത്. ഫസല്‍ ഗഫൂറിന്‍റെ തന്നെ വാക്കുകളില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഇതു ആരംഭിച്ചിട്ടുണ്ട്. "സര്‍ക്കാരുമായി കരാറുണ്ടാക്കിയ ഞങ്ങളുടേതുപോലുള്ള കോളേജുകളില്‍ ഓരോ വര്‍ഷവും 60 ദളിത് വിദ്യാര്‍ത്ഥികള്‍ വീതം പഠിയ്ക്കുന്നു. സീറ്റു ഞങ്ങള്‍ നല്കുന്നു. ഫീസ് സര്‍ക്കാര്‍ അടയ്ക്കുന്നു." അതായതു പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസച്ചിലവ് സര്‍ക്കാര്‍ തന്നെ വഹിയ്ക്കുന്നു. സ്വകാര്യ സ്വാശ്രയങ്ങള്‍ ആരംഭിയ്ക്കുന്നതിനു മുന്പേ തുടങ്ങിയ സര്‍ക്കാര്‍ സ്വാശ്രയങ്ങളിലെ പേയ്മെറ്റ് സീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ചിലവ് സര്‍ക്കാര്‍ തന്നെയാണ്‍ വഹിച്ചിരുന്നത്.

2. "സാമൂഹിക നീതിയും സംവരണ തത്വവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ നാളെ അതു അട്ടിമറിയ്ക്കപ്പെട്ടേക്കാം. അതുകൊണ്ട് അതു സര്‍ക്കാര്‍ നിശ്ചയിക്കട്ടെ."
ഒന്നാമതായി സ്വാശ്രയ കോളെജുകളിലെ പ്രവേശനം മാനേജുമെന്റിനു അവകാശപ്പെട്ടതാണ്. ഫീസു നിശ്ചയിക്കാനുള്ള അവകാശവും മാനേജുമെന്‍റിനു തന്നെയാണ്. പക്ഷേ സ്വാശ്രയകോളേജുകള്‍ക്ക് തോന്നുന്നതുപോലെ പ്രവേശിപ്പിയ്ക്കാനാവില്ല. സര്‍ക്കാരിനും റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ പ്രവേശന മേല്നോട്ട കമ്മിറ്റിയ്ക്കും അവരവരുടേതായ അധികാരങ്ങളുണ്ട്. വഴിവിട്ട പ്രവര്‍ത്തികളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്‌ എന്നും അധികാരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അമിത ലാഭമുണ്ടാക്കാന്‍ പാടില്ലെന്നും തലവരിപ്പണം വാങ്ങരുതെന്നും പ്രവേശനം സുതാര്യമായിരിയ്ക്കണമെന്നും കോടതിവിധികളുണ്ട്.

3. ക്രോസ് സബ്‌സിഡി
ഫസല്‍ ഗഫൂര്‍ എഴുതിയതത്രയും ക്രോസ് സബ്‌സിഡിയെ അനുകൂലിച്ചുകൊണ്ടാണ്. ഫിഫ്‌ടി-ഫിഫ്ടിയും ഇപ്പോഴത്തെ കരാറുപ്രകാരമുള്ള പലതട്ടിലുള്ള ഫീസ് നിരക്കുകളും ക്രോസ് സബ്‌സിഡിയാണ്‌. ക്രോസ് സബ്‌സിഡി സാമൂഹിക നീതി ആവുന്നില്ല എന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇപ്പോഴത്തെ കരാറില്‍ ദാരിദ്ര രേഖയ്ക്കു താഴെയുള്ളവരെ പ്രതേകം പരിഗണിയ്ക്കുന്നുണ്ട് എന്നുള്ളതു മറക്കുന്നില്ല. എങ്കില്‍ തന്നെയും ആ ചിലവ് വിദ്യാര്‍ത്ഥികളില്‍ തന്നെയാണ്‌ അടിച്ചേല്പ്പിയ്ക്കുന്നത്. തന്നെയുമല്ല ക്രോസ് സബ്‌സിഡി സമ്പ്രദായം കോടതി വിലക്കിയിട്ടുള്ളതുമാണ്‌.

സര്‍ക്കാരിനു ചെയ്യാവുന്നത് ഇതാണ്‌.കോടതി വിധികളെ അംഗീകരിച്ചുകൊണ്ട് പ്രവേശനം നടത്താനും ഫീസ് നിര്‍ണ്ണയിയ്ക്കാനുമുള്ള മാനേജുമെന്‍റിന്‍റെ അവകാശത്തെ മാനിയ്ക്കുക. സ്വകാര്യ മാനേജുമെന്‍റുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പരീക്ഷയില്‍ നിന്നോ ഇന്‍റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയ്യുന്നതുപോലെ സര്‍ക്കാരിന്‍റെ മെറിറ്റ് ലിസ്റ്റില്‍ നിന്നോ പ്രവേശനം നടത്തട്ടെ. പ്രവേശനം സമയ ബന്ധിതമായും സുതാര്യമായും നടക്കുന്നു എന്നു ഉറപ്പുവരുത്തുക. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിയ്ക്കക. രാഷ്ട്രീയ ലക്ഷ്യം മാത്രം ലാക്കാക്കിയുള്ള പിടിവാശികളാണ്‌ പരോക്ഷമായെങ്കിലും കരാറൊപ്പിട്ട കോളേജുകളെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിലാക്കിയിരിയ്ക്കുന്നത്.

4 comments:

അങ്കിള്‍ said...

അപ്പോള്‍ മെരിടിന് ഒരു വിലയും ഇല്ലേ ജോജു. അതിനെ പറ്റി ഒരക്ഷരം പറഞ്ഞില്ലല്ലോ. മെരിട്ടുന്ടെങ്കിലും കുട്ടിയുടെ തന്ത പണക്കാരനായി പോയാല്‍ ശിക്ഷ കുട്ടിക്കോ?

N.J Joju said...

അങ്കില്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് ഞാനും തയ്യാറാണ്. ആദ്യം അങ്കില്‍ പറയൂ എന്താണു മെറിറ്റ്?

അങ്കിള്‍ said...

മെരിറ്റ് പരീക്ഷിക്കാനല്ലേ വർഷാവർഷം പരീക്ഷ നടത്തുന്നതും പിന്നെ എന്റ്രൻസ് ടെസ്റ്റ് നടത്തുന്നതും. വർഷാവസാനത്തെ പരീക്ഷയുടേയും വേണമെൻകിൽ എന്റ്രൻസ് ടെസ്റ്റിന്റെയ്യും ഫലങ്ങളാണു എന്റെ അഭിപ്രായത്തിൽ ഒരു വിദ്ധ്യാർത്ഥിയുടെ മെറിറ്റ്.

ആ മെറിറ്റിനെ പറ്റി ജ്യോജുവിന്റെ പോസ്റ്റിൽ ഒന്നും കണ്ടില്ല എന്നാണു ഞാന് വിവക്ഷിച്ചത്.

കൂടുതൽ ചർച്ച വേണ്ടി വരില്ല. കാരണം, കൂടുതൽ കാര്യങ്ങളിലും ജ്യോജുവിനോടൊപ്പമാണു ഞാനും.

N.J Joju said...

കുറ്റമറ്റ ഒരു രീതി മെറിറ്റിനു കണ്ടെത്തുക എന്നതു ശ്രമകരമായിരിയ്ക്കും. ഏതെങ്കിലും എന്‍ട്രന്സ് പരീക്ഷയിലെ റാങ്ക് മാത്രം പരിഗണിയ്ക്കുന്നതില്‍ അപാകതയുണ്ട്. അത്തരം പരീക്ഷകളില്‍ നഗരങ്ങളില്‍ നിന്നുള്ളവരും മികച്ച കോച്ചിംഗ് കിട്ടിയവരും മെറിറ്റില്‍ മുന്‍പന്തിയില്‍ വരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. വര്‍ഷാവസാന പരീക്ഷ പരിഗണിച്ചാല്‍ ഒരു പരിധിവരെ ഈ പ്രശ്നം കുറയ്ക്കാം. ഇനി പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിവര്‍ത്തന്നെ യൂണിവേര്‍സിറ്റി റാങ്കുകള്‍ കരസ്ഥമാക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ അര്‍ത്ഥം പേയ്മെന്റ് സീറ്റില്‍ വരുന്നവര്‍ മെറിറ്റില്‍ പിന്നോക്കമല്ല എന്നുകൂടിയല്ലേ.

നൂറുശതമാനം പ്രവേശനവും മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിയ്ക്കണം. മെറിറ്റ് എന്നത് എന്‍ട്രന്‍സ് മാത്രമോ എന്‍ട്രന്സും യോഗ്യതാപരീക്ഷയും കൂടീച്ചേര്‍ത്തോ ആയിക്കൊള്ളട്ടെ. പ്രവേശന പരീക്ഷ സര്‍ക്കാരോ മാനേജുമെന്റുകളോ നടത്തട്ടെ. കാരണം അതിനൊക്കെയുള്ള അവകാശം മാനേജുമെന്റുകള്‍ക്കുണ്ട്. സര്‍ക്കാരു ചെയ്യേണ്ടത് അതു സുതാര്യമാണെന്ന് ഉറപ്പുവരുത്തുകയാണ്.