വേണു നാഗവള്ളി എന്ന നടനെ എനിയ്ക്കു അത്ര പരിചയമില്ല. അദ്ദേഹത്തിന്റെ നിരാശാകാമുക വേഷങ്ങള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടുമില്ല. കണ്ടിട്ടുള്ള വിരലിലെണ്ണാവുന്ന സമീപകാല ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമെന്നോ അസാധാരണമെന്നോ പറയുവാനുമാകില്ല.
തിരക്കഥാ കൃത്ത് എന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒരു കഥപറച്ചിലുകാരന്‍ മാത്രമാണെന്ന അദ്ദേഹത്തിന്റെ തന്നെ വിലയിരുത്തല്‍ ശരിയുമാണ്. എങ്കിലും മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട ചിത്രങ്ങളില്‍ കുറച്ചെണ്ണമെങ്കിലും അദ്ദേഹത്തിന്റെ സംഭാവനയായിരിക്കും. അദ്ദേഹത്തിന്റെ സുഖമോ ദേവി, സര്‍വ്വകലാശാല, ലാല്‍സലാം എന്നീ ചിത്രങ്ങള്‍ എന്റെ പ്രീയപ്പെട്ടവയാണ്.
വേണു നാഗവള്ളി എഴുതിയ സംഭാഷണങ്ങള്‍; അതൊരു സംഭവം തന്നെയായിരുന്നു. കിലുക്കത്തിലെ മോഹന്‍ലാല്‍ - ജഗതി കോംബിനേഷനുകളില്‍ - അതു പൂര്‍ണ്ണമായും അദ്ദേഹതിന്റെ സംഭാവനയാണോ എന്നറിഞ്ഞുകൂട എങ്കിലും- ആര്‍ക്കാനു മറക്കാന്‍ കഴിയുക. കാശുചോദിക്കുന്ന ജോജിയോടു സിംഗപ്പൂര്‍ ഡോളേര്‍സ് അയചു തരുമ്പോള്‍ പത്തുരൂപാ കുറച്ച് അയച്ചു തന്നാല്‍ മതി എന്ന മറുപടി എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. കഥയില്‍ കാര്യമായ സ്ഥാനമില്ലാത്ത, പലപ്പോഴും തമാശ എന്ന ലേബലില്‍ ശില്പഭംഗി ശ്രദ്ധിക്കപ്പെടാതെ പോകാവുന്ന ഭാഗം പോലും എത്ര ബോധപൂര്‍വ്വമാണ്‍ തയ്യാറാക്കിയിരിക്കുന്നത്. മിമിക്രി തമാശകള്‍ക്കും സന്ദര്‍ഭബന്ധിയായ സാധാരന സംഭാഷണങ്ങള്‍ക്കും അപ്പുറം സംഭാഷണങ്ങള്‍ക്ക് മറ്റൊരു മേഖലയുണ്ട് എന്നു വേണു നാഗവള്ളിയുടെ സിനിമകള്‍ പറയുന്നു. ഭാര്യ സ്വന്തം സുഹൃത്ത് ഒഴികെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അതു പ്രകടമായിരുന്നു എന്നാണു എന്റെ നിരീക്ഷണം. സംഭാഷണങ്ങളുടെ ചാരുത കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേണു നാഗവള്ളി അല്ലാതെ പദ്മരാജനും എംടിയുമേ മനസിലേയ്ക്ക് വരുന്നുള്ളൂ. (എന്റെ തെറ്റിദ്ധാരണയോ അറിവില്ലായ്മയോ അല്പജ്ഞാനമോ ആയിക്കൂടാ എന്നില്ല.)
അഭിമുഖങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചതുപോലെ, പ്രേക്ഷകരായ നമ്മള്‍ ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിനു ഒരു തിരക്കഥകൃത്തോ സംവിധായകനോ ആയി ഒരു മൂന്നാം രംഗത്തിന് അവസരം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ചെയ്യുമായിരുന്ന ചിത്രങ്ങള്‍ എല്ലാം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നഷ്ടമായി. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ആ നഷ്ടത്തിന്റെ വില നന്നായി അറിയാം. മുരളിയുടെയും ലോഹിതദാസിന്റെയും വേര്‍പാടിനെക്കാള്‍ എന്തുകൊണ്ടോ വേണൂ നാഗവള്ളിയുടെ വേര്‍പാട് എന്നെ നൊമ്പരപ്പെടുത്തുന്നു.
പറയാനുദ്ദേശിച്ചത് ഇതൊന്നുമല്ല. പറഞ്ഞു വന്നപ്പോള്‍ ഇത്രയുമായീ എന്നു മാത്രം.
വേണു നാഗവള്ളിയുടെ മൂന്നു അഭിമുഖങ്ങളാണ്‍ മനസിലേയ്ക്ക് വരുന്നത്. മനോരമയില്‍ ജോണീ ലൂക്കോസുമായി നേരേ ചോവ്വേ, അമൃതയില്‍ രേഖാ മേനോനുമായി തിരക്കില്‍ അല്പനേരം, കൈരളിയില്‍ ബ്രിട്ടാസുമായി ഉള്‍ക്കടലില്‍ ശോഭ തേടി.
നേരേ ചോവ്വെയില്‍ വരുമ്പോള്‍ വേണൂനാഗവള്ളി ആരോഗ്യവാനായിരുന്നു. മദ്യപാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ "I enjoy my drinks" എന്നു പറയുന്ന വേണൂ നാഗവള്ളി, തിരക്കില്‍ അല്പനേരത്തില്‍ എത്തുമ്പോല്‍ ക്ഷീണിച്ചിരുന്നു. അദ്ദേഹം ധരിച്ച ഷര്‍ട്ട് അദ്ദേഹത്തിനു പാകമാകാത്ത രീതിയില്‍ വലുതായി കാണപ്പെട്ടു. കൈരളിയുദെ അഭിമുഖം അടുത്തകാലത്തായിരുന്നു. ഇപ്പൊല്‍ ക്ലബില്‍ പോവാറില്ല, മദ്യപിക്കറില്ല, പുകവലിക്കാറില്ല എന്നൊക്കെ പറയുന്ന വേണു നാഗവള്ളി കുറച്ചുകൂടി careful ആകാമായിരുന്നു എന്നു നെടുവീര്‍പ്പെടുന്നു.
ആദരാജ്ഞലികള്‍.
2 comments:
മിത്രമേ,
ലക്ഷ്യവേധിയായ പോസ്റ്റ്. പറയാനുദ്ദേശിച്ചതിനെ, സൂക്ഷ്മവും സമർത്ഥവുമായി വായനക്കാരനെക്കൊണ്ടു പറയിച്ചു. ഞങ്ങളും ഞങ്ങളിലേയ്ക്കു തിരിഞ്ഞു നോക്കുന്നു. കലാകാരന്റെ ജീവിതം ആഘോഷിച്ച്, രംഗമവസാനിക്കും മുമ്പ് കർട്ടൻ വലിച്ചുതാഴ്ത്തി കടന്നു പോയവരെ ഓർക്കുന്നു.
ഈ പ്രായത്തിലും യേശുദാസ് തരക്കേടില്ലതെ പാടുന്നത് വേറെന്തുകൊണ്ടാണ്?!
വേണു നാഗ വള്ളിയുടെ നിരവധി ചിത്രങ്ങള്‍ ആ കാല ഘട്ടത്തിലെ ചില ചേരുവകള്‍
ചേര്‍ത്ത് വെച്ചുള്ളവ ആയിരുന്നു.നിരാശാ കാണുക വേഷങ്ങളാണെങ്കിലും അതിലെ
ശ്രദ്ദേയ ഗാനങ്ങള്‍ ആണ് വേണു നാഗവള്ളിയെ നമ്മുടെ ഇടയില്‍ അദ്ദേഹം ഇവിടെ
ഉണ്ടായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തിയത്.അദ്ദേഹത്തിന്റെ വ്യക്തി ജീവിതം എന്തായിരുന്നു
എന്ത് എന്ന് അറിയില്ല എങ്കിലും നല്ലൊരു കലാ കാരന്‍ ആണെന്ന് പില്‍ക്കാലത്ത് അദ്ദേഹം
സംവിധാനം ചെയ്തു ഇറക്കിയ ചിത്രങ്ങള്‍ കാട്ടി തന്നു.സംവിധാനത്തിലും അദ്ദേഹം
പൂര്‍ണ്ണത പുലര്‍ത്തി എന്ന് അഭിപ്രായമില്ല.ഉദാഹരണം സര്‍വ്വകലാശാല,സുഖമോ ദേവി,
ആയിരപ്പറ ഇതെല്ല്ലാം വിജയിച്ചു എങ്കിലും അതിലൊക്കെ കുറെ പറയാന്‍ ബാക്കിയിട്ട്
പോയെന്നു ആദ്ദേഹത്തിന് ഒരുപാടു പറയാന്‍ ഉണ്ടായിരുന്നു എന്ന് ആ സിനിമകള്‍
കാണുമ്പോള്‍ ബോധ്യമാകും.തീര്‍ച്ചയായും നല്ലൊരു കലാ കാരന്‍ ആയിരുന്നു.ആദരാഞ്ജലികള്‍...
Post a Comment