Monday, August 10, 2009

സ്വപ്നരാജ്യത്തിലൂടെ

രാജൂ നായരുടെ ബ്ലോഗ് കുറേ നല്ല ഓര്‍മ്മകളിലേയ്ക്കാണു കൂട്ടിക്കൊണ്ടു പോയത്, കുറേ നഷ്ടസ്വപ്നങ്ങളിലേയ്ക്കും.

ആദ്യം വായിയ്ക്കുന്ന പുസ്തകം ഏതാണെന്ന് ഓര്‍മ്മയില്ല. ഓര്‍മ്മകള്‍ തുടങ്ങുന്നിടത്തെവിടെയോ ഒരു പറിഞ്ഞു കീറിയ ഒരു ബാലരമയുടെ താളുണ്ട്. രണ്ടാം ക്ലാസുമുതല്‍ സ്നേഹസേനയും കുട്ടികളുടെ ദീപികയും വാങ്ങുമായിരുന്നു. അതോ ഒന്നാം ക്ലാസുമുതലോ? കൃത്യമായി ഓര്‍മ്മയില്ല. എല്‍.പി സ്കൂളിലെ തയ്യല്‍ ടീച്ചറായിരുന്ന സി.ബറ്റ്സിയ്ക്ക് ആയിരുന്നു അതിന്റെ ചുമതല. ബറ്റ്സിയമ്മ തന്നെയാണ് ചിത്രകഥകള്‍ മാത്രം വായിച്ചാല്‍ പോരാ അല്ലാത്ത ചെറുകഥകളും നോവലുകളും ഒക്കെ വായിയ്ക്കണം എന്നു പറഞ്ഞത്. അതു മനസിലാക്കാല്‍ പിന്നെയും നാളുകളെടുത്തു. അപ്പോഴേയ്ക്കും പഴയ ലക്കങ്ങള്‍ കൈമോശം വന്നിരുന്നു.

അന്ന് കുട്ടികളുടെ ദീപികയില്‍ ഒരു നോവലുണ്ടായിരുന്നു, ‘സ്വപ്നരാജ്യത്തിലൂടെ’. ഒരു അനാഥബാലന്‍, ഒരു ബേബി ലത...ഇവരൊക്കെയാണ് അതിലെ കഥാപാത്രങ്ങള്‍. ഒന്നോ രണ്ടൊ ലക്കം മാത്രമേ വായിക്കാന്‍ സാധിച്ചുള്ളൂ. ബാക്കിയോക്കെ നോവല്‍ വായന തുടങ്ങിയപ്പോഴേയ്ക്കും കൈമോശം വന്നിരുന്നു. “അമ്പലപ്പുഴ ജോണ്‍സണ്‍” എന്നോ മറ്റോ ആയിരുന്നു നോവലിസ്റ്റിന്റെ പേര്. എന്നെങ്കിലും അത് മുഴുവന്‍ വായിയ്ക്കണമെന്നത് ഒരു വലിയ ആഗ്രഹമായിരുന്നു, ആഗ്രഹമാണ്. അത്രയ്ക്കു ഹൃദ്യമായിരുന്നു വായിച്ച രണ്ടുമൂന്നു അധ്യായങ്ങള്‍. പിന്നെ മികച്ച കുറേ ചിത്രകഥകള്‍. കയ്യില്‍ വളയിട്ടുകൊണ്ട് വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ കഴിയുന്ന ഒരു കുട്ടി...അവ്യക്തമായ ഓര്‍മ്മകള്‍...അതൊക്കെ എപ്പൊഴെങ്കിലും കിട്ടിയാല്‍ വായിക്കണം.

എപ്പോഴാണ് അങ്കിള്‍ സ്ഥിരമായി പൂമ്പാറ്റയും ബാലരമയും വാങ്ങിത്തരാന്‍ തുടങ്ങിയത് എന്നറിയില്ല. പൂമ്പാറ്റ വായിച്ചുതുടങ്ങുമ്പോള്‍ അതില്‍ ലോകനാര്‍കാവ് എന്ന നോവലുണ്ട്. തച്ചോളി അമ്പാടിയാണു നായകന്‍. എന്താ കഥ. പൂമ്പാറ്റ കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുന്നത് ലോകനാര്‍കാവായിരുന്നു. അതും ആദ്യത്തെ കുറേ അധ്യായങ്ങള്‍ നഷ്ടപ്പെട്ടു. “കഥ ഇതുവരെ” ഉള്ളതുകൊണ്ട് അഡ്‌ജസ്റ്റു ചെയ്തു. പരീക്ഷക്കാലമായതിനാല്‍ ഒരിയ്ക്കല്‍ അങ്കില്‍ പൂമ്പാറ്റ തരാതെ എവിടെയോ ഒളിപ്പിച്ചു. അതു കണ്ടു പിടിച്ചു വായിച്ചതിന്റെ പരിഭവം കാരണം പിന്നീടുള്ള കുറേ ലക്കങ്ങള്‍ മുടങ്ങി. ലോകനാര്‍‌കാവിന്റെ അവസാന അധ്യായങ്ങള്‍ അതുകൊണ്ട് ബാലസാഹിത്യകാരനായ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ ഹരിപ്രസാദിന്റെ കയ്യില്‍ നിന്നു വങ്ങിയാണ് വായിച്ചത്.

ബാലരമയിലെ “മൌഗ്ലിയും കാട്ടുനായ്ക്കളും” റുഡ്യാഡ് കിപ്ലീംഗിന്റെ നോവലിന്റെ മലയാളം(നേരിട്ടുള്ള പരിഭഷയാണോ എന്നറിയില്ല) അതും മുഴുവനായി വായിക്കാനായില്ല.

മലയാള മനോരമയിലെ മാന്‍‌ഡേക്ക്, ദീപികയില്‍ ഫാന്റം അങ്ങനെ മറ്റൊരു വിഭാഗം വേറെ.

ഞാന്‍ മാത്രമല്ല ഇതൊക്കെ വായ്ക്കുന്നത്. വടക്കേതിലെ ബിസ്മിയും ബിജിനിയും, കുന്നത്തെ റോയി, കുന്നേലെ സിജോ, പനച്ചിങ്കലെ ബിനു, ബിനോയി, ബിജു, പിന്നെ സിജു, രതീക്, ജോസ് അങ്ങനെ എത്രയോ കൂട്ടൂകാരുമായി പുസ്തകങ്ങള്‍ പങ്കുവച്ചു. വളരെപഴയ പൈക്കോ പ്രസിദ്ധീ‍കരിച്ചുകൊണ്ടിരുന്ന കാലത്തെ പൂമ്പാറ്റ എനിയ്ക്കു വായിക്കുവാന്‍ തന്നത് രതീകാണ്.

കുറേയധികം ലക്കങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടൂണ്ട്. ചിതലുവരുന്നു എന്നൊക്കെപ്പറഞ്ഞ് അച്ചാച്ചന്‍(അമ്മയുടെ അച്ഛനെ അങ്ങനെയാണ് വിളിയ്ക്കുന്നത്) തൂക്കിക്കൊടുക്കാന്‍ ബഹളം വയ്ക്കുമ്പോഴും അച്ചാപോറ്റി പറഞ്ഞ അത് വില്‍ക്കാതെ സൂക്ഷിച്ചിരിയ്ക്കുന്നു.

ബാലപ്രസിദ്ധീകരണങ്ങളുടെ നിലവാരം കുറഞ്ഞു, അവരു ലക്ഷ്യമാക്കുന്ന എയിജ് ഗ്രൂപ്പുകള്‍ക്കു മാറ്റം വന്നു. ടീവിയും കമ്പ്യൂട്ടറും ഒക്കെ ബാലപ്രസിദ്ധീകരണങ്ങളുടെ സ്ഥാനം കയ്യടക്കി.

വീട്ടില്‍ ടീവിയില്ലാതിരുന്നത് എത്രയോ നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

അന്നത്തെ ആ ബാലസാഹിത്യങ്ങളാണ് ബാലപ്രസിദ്ധീകരണങ്ങളാണ് മലയാളം ഇഷ്ടപ്പെടാനും മലയാളം വായിക്കുവാനും മലയാളത്തില്‍ എഴുതുവാനും ഒക്കെയുള്ള താത്പര്യം ജനിപ്പിച്ചത്. അതിനെയൊക്കെ പ്രോത്സാഹിപ്പിയ്ക്കുന്ന നല്ല അധ്യാപകരെ കിട്ടിയതും എന്റെ ഭാഗ്യം. വലിയവേനലവധിയ്ക്ക് എല്‍.പി സ്കൂളിന്റെ ഓഫീസ് റൂമിലിരുത്തി പുസ്തകങ്ങള്‍ വായിയ്ക്കുവാന്‍ തന്ന ലീജുമരിയാമ്മ, പുസ്തകങ്ങള്‍ അടുക്കിവയ്ക്കാന്‍ നിര്‍‌ബന്ധിച്ച എലിസബത്തമ്മ, വായനെയും എഴുത്തിനെയും എന്നും പ്രോത്സാഹിപ്പിച്ച കസിയാനാമ്മ, ഹൈസ്കൂളില്‍ ലൈബ്രറിയുടെ ഇന്‍‌ചാര്‍ജ് ആയിരുന്ന കല്ലറക്കാവുങ്കല്‍ സാറ്...എത്രയോ പേര്‍.

ആ.. അതിക്കെ ഒരു കാലം.

“സ്വപ്നരാജ്യത്തിലൂടെ” മുഴുവനായി വായിച്ചിട്ടുള്ളവരുണ്ടോ...അതിന്റെ കഥകേള്‍ക്കാനാണ്. അന്നത്തെ കുട്ടീകളുടെ ദീപിക കൈവശമുള്ളവരുണ്ടോ...വാങ്ങിക്കാന്‍ ഞാന്‍ തയ്യാറാണ്. ലോകനാര്‍കാവ് ഒരു പ്രാവശ്യം മുഴുവനായി വായിക്കണമെന്ന് ആഗ്രഹമുണ്ട്. കെ. രാധാകൃഷ്ണന്‍ എന്നാണെന്നു തോന്നുന്നു നോവലിസ്റ്റിന്റെ പേര്, അതൊന്നു പുസ്തകമാക്കിയിരുന്നെങ്കില്‍...
ഇതൊക്കെ യൂണീകോഡില്‍ ലഭ്യമായിരുന്നെങ്കില്‍...

1 comment:

bilatthipattanam said...

sharikkum oru balasahithya pranayam thanne..