എന്റെ അനുഭവങ്ങള്‍
കുട്ടിക്കാലത്ത് ഒരു ആറാംക്ലാസുവരെ ഒരു അലോപ്പതി ഡൊക്ടറെയും (ഈ പദപ്രയോഗത്തോട് വൈമുഖ്യമുള്ളവര്‍ ക്ഷമിക്കുക, സൌകര്യം കൊണ്ടുമാത്രം ഉപയോഗിക്കുന്നു.)കണ്ടതായി ഓര്‍മ്മയില്ല, ഒരിക്കല്‍ ഒഴിച്ച്. ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയില്‍ ഉണ്ടായിരുന്ന KNG പിള്ള എന്ന ഹോമിയോപ്പതി ഡോക്ടറായിരുന്നു എന്നെ ചികിത്സിക്കാറുണ്ടായിരുന്നത്. എന്റെ വല്യപ്പന്(അമ്മയുടെ പിതാവ്) KNG പിള്ളയെ ആയിരുന്നു സന്ദര്‍ശിക്കാറുണ്ടായിരുന്നത്. ഇത് KNG പിള്ളയുടെ മരണം വരെ തുടരുകയും ചെയ്തു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ ചികിത്സയില്‍ അപാകത ഞങ്ങള്‍ക്കോ അദ്ദേഹത്തിന്റെ മറ്റുകസ്റ്റമേഴ്സിനോ തോന്നിയതായി അറിവില്ല.
ഇനി ഒരിക്കല്‍ ഒഴിച്ച് എന്ന് ഞാന്‍ പരാമര്‍ശിച്ച സംഭവത്തിലേയ്ക്ക് വരാം. നാലാം ക്ലാസില്‍ ഞാന്‍ പഠിക്കുന്ന സമയത്ത് ദേഹമാസഹലം കരപ്പന് പോലെ വൃണങ്ങള്‍ വന്നു. അത് വീട്ടിലെല്ലാവര്‍ക്കും ഭാഗികമായി പകരുകയും ചെയ്തു. അന്നും KNG പിള്ളയെ ചെന്നുകണ്ടു. ഹോമിയോപ്പതിയുടെ തത്വപ്രകാരം ഈ രോഗലക്ഷണങ്ങള്‍ ശരീരം എന്തിനെയോ പുറന്തള്ളൂവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. ഈ രോഗലക്ഷണങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന മരുന്നുകളാണ് അവര്‍ നല്‍കുക. അതിന്റെ ഫലമായി വൃണങ്ങള്‍ പൊട്ടുവാന്‍ തുടങ്ങി. അതായത് വൃണങ്ങള്‍ പൊട്ടാനുള്ള മരുന്നാണ് നല്‍കിയത് എന്നര്‍ത്ഥം. (ആയുര്‍വേദത്തിലും ഏതാണ്ടിതേ രീതി പ്രയോഗിക്കാറുണ്ട്). മരുന്നുകഴിക്കാതെതന്നെ വൃണങ്ങള്‍ പൊട്ടുമായിരുന്നേനേ എന്ന വാദത്തിന്റെ പ്രസക്തിയുടെന്നു തോന്നുന്നില്ല. മരുന്നുകഴിക്കുന്നുന്നതിനു മുന്‍പും പിന്‍പും ഉള്ള വ്യത്യാസങ്ങള്‍ ഏറെക്കുറെ പ്രകടമായിരുന്നു എന്നാണ് ഓര്‍മ്മ. (ഞങ്ങള്‍ക്ക് സ്കൂള്‍ ദിവസം നഷ്ടമായിക്കൊണ്ടിരുന്നു. വൃണങ്ങള്‍ പൊട്ടി എന്നതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായില്ല. ഒടിവില് KNG പിള്ളയെ ഉപേക്ഷിച്ക് ഞങ്ങള്‍ ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണുകയായിരുന്നു.)
എന്റെ അറിവനുസരിച്ച് വൃണങ്ങള്ക്ക് ഹോമിയോമരുന്നു കഴിച്ചാല്‍ അത് പൊട്ടാന്‍ തുടങ്ങും. ഈ രീതി ശരിയോ തെറ്റോ എന്നത് അവിടെ നില്ക്കട്ടെ. ഡോക്ടര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഫലം- ഇവിടെ അത് വൃണങ്ങളെ പൊട്ടിയ്ക്കുക എന്നതാണ്- നല്കുവാന് മരുന്നിനു കഴിയുന്നെങ്കില്‍ ഹോമിയോമരുന്ന് ഫലശൂന്യമാണ് എന്നു പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്.
ഞങ്ങളുടെ വീടിനടുത്ത് ഒരു കുട്ടിയ്ക്ക് വയറിളക്കം പിടിപെട്ടു. കുട്ടീയ്ക്ക് പ്രായം ഒരുവയസില്‍ താഴെ മാത്രം. അടുത്തുള്ള പ്രശസ്തമായ പ്രൈവറ്റ് ഹോസ്പിറ്റലില്‍(അലോപ്പതി) ചികിസ്തിച്ചിട്ട് ഒരു വ്യത്യാസവും ഉണ്ടായില്ല എന്നു തന്നെയല്ല കുട്ടിയുടെ ജീവന് തന്നെ അപകടത്തിലുമായി. എന്റെ അമ്മയാണ് പരിചയത്തിലുള്ള ഹോമിയോഡോക്ടടെ നിര്‍ദ്ദേശിച്ചത്. ചികിത്സ ഇപ്രകാരമായിരുന്നു അന്നന്നേയ്ക്കുള്ള മരുന്നു മാത്രം തരും. ഓരോ ദിവസവും ചെന്ന് വിവരം പറഞ്ഞ് മരുന്നു വാങ്ങണം. ഒരാഴ്ചകൊണ്ട് കുട്ടി സുഖം പ്രാപിച്ചു. ഇത് അമ്മ പറഞ്ഞ സംഭവം. ഒന്നാമത്തെ ദിവസവും രണ്ടാമത്തെ ദിവസവും കൊടുക്കേണ്ട മരുന്ന് ഒരേമരുന്നല്ലാത്തതുകൊണ്ടാണല്ലോ ദിവസവും വിവരം പറഞ്ഞ മരുന്ന് വാങ്ങാന്‍ പറഞ്ഞത്. വിശ്വാസത്തെ മാത്രം മുതലെടുത്തു നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണെങ്കില്‍ എന്തിന് വ്യത്യാസമുള്ള മരുന്ന്? എട്ടും പൊട്ടും തിരിയാത്ത കൊച്ചിന് എന്തു വിശ്വാസം?
ശരീരത്തിന്റെ സ്വയം സുഖപ്പെടുത്തല്‍
ശരീരത്തിനു സ്വന്തമായി ഒരു ചികിത്സാസമ്പ്രദായമുണ്ടെന്നും രോഗലക്ഷണങ്ങള്‍ ഇത്തരം ചികിത്സയുടെ ഭാഗമാണെന്നും ഹോമിയോയില്‍ വിശ്വസിക്കപ്പെടുന്നു. അതാവട്ടെ തെറ്റല്ലതാനും.
“പനി ഇത്തരത്തില്‍ ഒരു സ്വയം സുഖപ്പെടുത്തല്‍ ശ്രമത്തിന്റെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്. സാധാരണഗതിയില്‍ വൈറസ് ബാക്ടീരിയ അണുബാധകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. ഇത്തരം അണുബാധകളെ ശരീരം പനി ഉണ്ടാക്കിക്കൊണ്ട് നേരിടുകയാണെന്ന് ഫിസിയോളജിസ്റ്റ് ആയ Matthew Kluger ഉം സഹപ്രവര്‍ത്തകരും University of Michigan Medical School ഇല് വച്ച് കാണിക്കുകയുണ്ടായി. പനി ഉള്ള അവസ്ഥയില്‍ കൂടുതല്‍ interferon (വൈറസിനെതിരെയുള്ളത്) ഉത്പാദിപ്പിക്കപ്പെടുകയും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം വേഗത്തിലാവുകയും ചെയ്യും. ഇത് ഇന്‍ഫെക്ഷനെ ചെറുക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.”
“ചുമ ശ്വാസനാളത്തെ ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി പണ്ടൂമുതലേ തന്നെ അറിയപ്പെട്ടിട്ടുള്ളതാണ്. കുടലില്‍ നിന്നും അണുക്കളെയും പ്രശ്നപദാര്‍ത്ഥങ്ങലെയും പുറന്തള്ളുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമായി വയറിളക്കത്തെ കാണാം. മൃത കോശങ്ങളെയും ബാക്ടീരിയയെയും ഒക്കെ പുറന്തള്ളുന്നതിന്നുള്ള സംവിധാനമാണ് പഴുപ്പ്.”
ശരീരത്തിന്റെ ഈ ചികിത്സാപദ്ധതിയെ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതിയില്‍ ചെയ്യുന്നത്.
ജോസഫ് ആന്റണിയുടെ അനുഭവങ്ങള്‍
ജോസഫ് ആന്റണിയുടെ ലേഖനത്തില്‍ തന്നെ കൈമുട്ടിലെ മുഴ തനിയെ അപ്രത്യക്ഷമായ സംഭവം പറയുന്നുണ്ട്. ഇത് ഒരു പക്ഷേ ശരീരത്തിന്റെ ചികിത്സയുടെ ഭാഗമായി സംഭവിച്ചതാവാം. ഹോമിയോമരുന്നു ഈ ചികിത്സയെ ഉദ്ദീപിപ്പിക്കുക മാത്രമേ ചെയ്യൂ. അതുകൊണ്ട് ഹോമിയോ മരുന്നു കഴിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ വഞ്ചിതരായിരുന്നേനേ എന്ന രീതിയിലുള്ള ചിന്താഗതികള്‍ക്ക് അടിസ്ഥാനമില്ല.
ജോസഫ് ആന്റണി പറയുന്ന മറ്റൊരു കഥ ട്രെയിനില്‍ യാത്രചെയ്യുന്ന ഒരു ഹോമിയോഡോക്ടറുടേതാണ്. “താന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അപേക്ഷാഫോറത്തില്‍ 'ഡോക്ടര്‍' എന്ന് വെയ്ക്കാറില്ല എന്നാണ് അദ്ദേഹം തുറന്നെഴുതിയത്. കാരണം, ട്രെയിനില്‍ വെച്ച് ഏതെങ്കിലും യാത്രക്കാരന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ വന്നാല്‍ തന്റെ പക്കല്‍ അതിന് പരിഹാരമൊന്നുമില്ല- ആ ഡോക്ടര്‍ എഴുതി. ” ഇത് യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി എന്ന ചികിത്സാ സമ്പ്രദായത്തിന്റെ പരിമിതിയാണ്. രോഗലക്ഷണങ്ങള്‍ ശരീരത്തിന്റെ ചികിത്സയുടെ ഭാഗമാണെങ്കില്‍ ആ രോഗലക്ഷണങ്ങളെ ഉദ്ദീപിപ്പിച്ച് ശരീരത്തിന്റെ ചികിത്സാരീതിയെ നിയന്ത്രിച്ച് ഉദ്ദേശിച്ചരീതിലുള്ള രോഗശമനം സാധ്യമാക്കുകയാണ് ഹോമിയോപ്പതിയില്‍ സംഭവിക്കുന്നത്. ഹൃദയസ്തംഭനം പോലെ ഏതെങ്കിലും ഭാഗത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നത് ശരീരത്തിന്റെ സ്വയം സുഖപ്പെടൂത്തലിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ അതിന് ഹോമിയോപ്പതിയുടേതായ ചികിത്സയും കാണില്ല.
ചികിത്സയില്ല എന്ന് ആധുനികവൈദ്യശാസ്ത്രം വിധിയെഴുതുന്ന പലതും ചികിത്സിയ്ക്കാം എന്ന് ഹോമിയോപ്പതി അവകാശപ്പെടുന്നത് ശരീരത്തിന്റെ സ്വയം സുഖപ്പെടുത്തലിലുള്ള വിശ്വാസം കൊണ്ടായിരിക്കണം. കണ്ടുപിടീക്കപ്പെട്ടിട്ടൂള്ളതോ ഇല്ലാത്തതോ ആയ ഏതസുഖത്തിന്റെയും രോഗലക്ഷണങ്ങള്‍ ശരീരത്തിന്റെ ചികിസ്താസമ്പ്രദായത്തിന്റെ ഭാഗമാണെങ്കില്‍ അത്തരത്തിലുള്ള രോഗലക്ഷണങ്ങളെ ഉദ്ദീപിപ്പിച്ച് നിയന്ത്രിച്ച് രോഗത്തില്‍നിന്ന് മുക്തിനേടാം എന്ന ഹോമിയോപ്പതിയുടെ തത്വശാസ്ത്രം അത്രയ്ക്ക് യുക്തിക്കു നിരക്കാത്തതാണോ?
ഹോമിയോപ്പതി ശാസ്ത്രീയമോ?
ശരീരത്തിന്റെ അസന്തുലിതാവസ്ഥയുടെ പ്രതീകങ്ങളായി രോഗലക്ഷണങ്ങളെ കാണുന്നതിനു പകരം രോഗലക്ഷണങ്ങളെ ശരീരത്തെ സുഖപ്പെടുത്താനും സംരക്ഷിക്കുവാനുമുള്ള ശരീരത്തിന്റെ ശ്രമങ്ങളായാണ് രോഗലക്ഷണങ്ങളെ ഹോമിയോപ്പതി മനസ്സിലാക്കുന്നത്.
മുകളില്‍ ഞാന്‍ പറഞ്ഞ പനി ചുമ വയറിളക്കം എന്നീ ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. ആധുനിക വൈദ്യശാസ്ത്രം ഈ രോഗലക്ഷണങ്ങളെ ശമിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. പനിയില്‍ ശരീരതാപനില ഉയര്‍ത്തി രോഗകാരണങ്ങളായ അവസ്ഥകളോട് ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനം പോരാടുകയാണ് എന്നിരിക്കെ Antipyretic മരുന്നുകള്‍ ഉപയോഗിച്ച് ശരീരതാപനില കുറയ്ക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ രീതി ശാസ്ത്രീയമാണോ?. അതിനു ശേഷം ബാക്ടീരിയാകളെ നശിപ്പിക്കാന്‍ ആന്റീബയോട്ടിക്കുകള്‍ കഴിക്കേണ്ടിയും വരും. ഹോമിയോപ്പതിയില്‍ ഈ രോഗലക്ഷണങ്ങളെ നിയന്ത്രിക്കുകയും രോഗപ്രതിരോധസംവിധാനങ്ങളെ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഇതുതന്നെയാണ് “law of similars”
എന്നറിയപ്പെടുന്നത്. സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിവുള്ള മരുന്നുകള്‍ സേവിക്കുകവഴി രോഗത്തെ സുഖപ്പെടുത്തുന്ന രോഗലക്ഷണളെ സഹായിക്കുകയും അതുവഴി രോഗത്തിന് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇവിടെ ചികിത്സിയ്ക്കുന്നത് യഥാര്‍ത്ഥത്തില്‍ ശരീരം തന്നെയാണ്. അതിനു സഹായകമായ സാഹചര്യം ഒരുക്കുക മാത്രമാണ് ഹോമിയോ മരുന്നു ചെയ്യുന്നത്.
“നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവ് ആര്‍ക്കെല്ലാം മുതലെടുപ്പിനും പണമുണ്ടാക്കാനും മാര്‍ഗ്ഗമാകുന്നു അല്ലേ. ” ജോസഫ് ആന്റണിയുടെ ലേഖനം സമാപിക്കുന്നത് ഇങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവിനെ പ്രയോജനപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്.
കള്ളനാണയങ്ങള്‍ എല്ലായിടത്തുമുണ്ട്. ഹോമിയോപ്പതിയിലും. ഹോമിയോപ്പതിയ്ക്ക് പരിമിതികളും ഉണ്ട്. പക്ഷേ അതിന്റെ അടിസ്ഥാനത്തില്‍ ഒരു വൈദ്യശാസ്ത്രശാഖയെ തള്ളിപ്പറയുന്നത് ന്യായമാണോ? ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെക്കുറിച്ച് എന്റെ
ഹോമിയോപ്പതി-ആധുനിക കാഴ്ചപ്പാടുകള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടൂണ്ട്.കഴിയുമെങ്കില്‍ വായിക്കുക
“വര്‍ഷങ്ങളായി എന്റെ കുടുംബത്തില്‍ ഹോമിയോ ചികിത്സയാണ് ചെയ്യുന്നത്. ഇതു വരെ കുറ്റമൊന്നും തോന്നിയിട്ടില്ല, അതു കൊണ്ട് തന്നെ പലരോടും പല അസുഖങ്ങള്‍ക്കും റെഫര്‍ ചെയ്യാറുണ്ട്.”- സിജൂ