Wednesday, September 17, 2008

വിവാദ പാഠപ്പുസ്തകം: ഒരു അനുസ്മരണം.

വിവാദപാഠപ്പുസ്തക വിശദീകരണ സമ്മേളനത്തില്‍ വച്ച് പൂക്കോട്ടൂര്‍ ‍നടത്തിയ പ്രസംഗമാണ് ഈ പോസ്റ്റിന്റെ വിഷയം. അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങളുടെ പ്രസക്തഭാഗങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിയ്ക്കുകയാണ് എന്റെ ഉദ്യമം. വീഡിയോ കാണെണ്ടവര്‍ക്ക് ഇവിടെ അതു കാണാം.



എന്തുകൊണ്ട് എതിര്‍ക്കുന്നു?
മുന്‍പ് പാഠപ്പുസ്തകങ്ങളില്‍ കമ്യൂണിസത്തെക്കുറിച്ചും കാറല്‍ മാക്സിനെക്കുറിച്ചും, ഏഗത്സിനെക്കുറിച്ചും ലെനിനെകുറിച്ചും പഠിപ്പിച്ചപ്പോള്‍ ആരും പ്രകോപിതരായിട്ടില്ല. പുതിയ പാഠപ്പുസ്തകത്തോടുള്ള എതിര്‍പ്പിന് രണ്ടു കാരണങ്ങളാളുള്ളത്.
1. മതത്തെ പരിഹസിയ്ക്കുന്നു.
2. മതത്തെ നിരാകരിയ്ക്കുന്നു.

സഖാവ് എ.കെ ഗോപാലന്റെ ജീവിതകഥ
പാഠപ്പുസ്തകത്തിന്റെ 9ആം പേജില്‍ എ.കെ ഗോപാലന്റെ ജീവിതകഥയുടെ ഒരു ഭാഗം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. എ.കെ.ജിയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതില്‍‍ അസാംഗത്യമില്ല. എ.കെ.ജി സാമൂഹിക രാഷ്ട്രീയ രംഗത്ത് ചെയ്ത സേവനങ്ങള്‍ ആര്‍ക്കും നിഷേധിയ്ക്കാന്‍ കഴിയുമില്ല.പക്ഷേ സഖാവ് എ.കെ ഗോപാലനെ കുട്ടികള്‍ക്കു പരിചയപ്പെടൂത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെങ്കില്‍ അതു തെറ്റാണ്, ദുരുദ്ദേശമില്ലെങ്കില്‍ കുഴപ്പവുമില്ല. ദുരുദ്ദേശമുണ്ടോ ഇല്ലയോ എന്നു മനസിലാക്കുവാന്‍ അടുത്ത ഭാഗങ്ങള്‍ നോക്കാം.

വിത്തിട്ടവര്‍ വിളകൊയ്യും പേജ് 10
കമ്യൂണിസ്റ്റു ചരിത്രവുമായി ബന്ധപ്പെട്ട കരിവള്ളൂര്‍ സമരം കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ജന്മികുടിയാല്‍ പരിപ്രേഷ്യത്തിലാണ് സമരങ്ങളെ വിലയിരുത്തുന്നത്. അത്തരം ഉത്തരവുകളും ഗവര്‍മെന്റിന്റെ പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപ്പുസ്തകം ക്രമീകരിച്ചീരിയ്ക്കുന്നത്.

അധികവായനയ്ക്ക്
പന്ത്രണ്ടാം പേജില്‍ അധികവായനയ്ക്ക് പുസ്തകങ്ങള്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നു.
1.നമ്മള്‍ ഒന്ന് -ചെറുകാട്
2.പാട്ടബാക്കി -കെ ദാമോദരന്‍
3.മണ്ണിന്റെ മാറില്‍ -ചെറുകാട്
4.കേരളത്തിന്റെ കര്‍ഷക സമരങ്ങള്‍ -കെ.കെ.എന്‍ കുറുപ്പ്
5.രേഖയില്ലാത്ത ചിത്രം-ആണ്ടലോറ്റ്

കേരളത്തില്‍ നിരവധി സാഹിത്യകാരന്മാരും ചിന്തകന്മാരും ബുദ്ധിജീവികളും അവാര്‍ഡു ജേതാക്കളും ഒക്കെ ഉണ്ടായിട്ടൂം എന്തുകൊണ്ട് ചെറുകാടിന്റെ തന്നെ രണ്ടൂ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു? സംശയമുണ്ട്.

എന്താണ് ഈ ലേഖകന്മാരുടെ പ്രത്യേകത.
ചെറുകാടിന്റെ നമ്മളൊന്ന് എന്നത് നൂറുശതമാനം കമ്യൂണിസ്റ്റു ചിന്താഗതിയുള്ള ഒരു നാടകമാണ്. ജന്മികുടിയാന്‍ പരിപ്രേഷ്യത്തിലുള്ള നാടകം. നാടകം അവസാനിയ്ക്കുന്നത് ഇങ്ങയാണ് “വിപ്ലവത്താല്‍ പാര്‍ത്തലച്ചു വെല്ലുമീ ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുക”. എന്തുകൊണ്ട് ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരക്കുവാന്‍ ആവശ്യപ്പെടുന്ന ഒരു നാടകം സര്‍ക്കാര്‍ ചെലവില്‍ കുട്ടിയുടെ അധികവായനയ്ക്ക് നിര്‍ദ്ദേശിയ്ക്കപ്പെട്ടു? ഇതൊന്നു മാത്രമായിരുന്നെങ്കില്‍ സ്വാഭാവികമായി സംഭവിച്ചത് എന്നു കരുതാമായിരുന്നു.

ചെറുകാടിന്റെ മണ്ണിന്റെ മാറില്‍. ചട്ടപ്പുറത്തു തന്നെ അരിവാള്‍. ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം ചട്ടപ്പുറത്ത്‍. പുസ്തകം തുറന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ നിരീശ്വരവാദിയുമായ് മതവിരോധിയും ആയ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ പതിനഞ്ചു പേജുള്ള ആമുഖം. വീണ്ടൂം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നീണ്ട മുഖവുര. അതിനു ശേഷം ചെറുകാടിന്റെ കമ്യൂണിസ്റ്റു ചിന്തകള്‍. അധികവായനയ്ക്ക് ഇതുമാത്രമേ സര്‍ക്കാരിനു നിര്‍ദ്ദേശിയ്ക്കാനുണ്ടായിരുന്നുള്ളൂ.ഈ പുസ്തകത്തെ കുറ്റപ്പെടുത്തുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന് അരിവാളു വരച്ചുവയ്ക്കാം, പുസ്തകമെഴുതാം വായിയ്ക്കാം പഠിപ്പിയ്ക്കാം. പക്ഷേ എന്തുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ എന്റെ കുട്ടിയുടെ അധികവായനയ്കായി ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കപ്പെടണം?

കെ.ദാമോദരന്റെ പാട്ടബാക്കിയും ഒരു കമ്യൂണിസ്റ്റു നാടകമാണ്. നാടകത്തിന്റെ ഒന്നാം രംഗത്തില്‍ ബാ‍ലന്‍ എന്ന കുട്ടി അമ്മയോടു പറയുന്നവാചകം.

ബാലന്‍: “ഈ ദൈവം ഇത്ര ദുഷ്ടനാണോ അമ്മേ? ഞാന്‍ വലുതാകട്ടെ കാണിച്ചുകൊടുക്കാം”

അമ്മ അങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നു ബാലനോടു പറയുന്നു.

ബാലന്‍ വീണ്ടൂം: “കള്ള ദൈവം! അപ്പോ അമ്മേ ഈ ദൈവം ചത്താലേ നമുക്കു സുഖമാവൂ അല്ലേ?”

കേരളത്തിലെ ഗവര്‍മെന്റ് 12 വയസുള്ള കുട്ടിയ്ക്ക് അധികവായനയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന പുസ്തകത്തില്‍ മതനിഷേധം. എ.കെ ഗോപാലന്റെ പരിചയപ്പെടുത്തിയതിലും കരിവള്ളൂര്‍ സമരം പരിചയപ്പെടുത്തുന്നതിലും അധികവായനയ്ക്ക് ഈ പുസ്തകം നിര്‍ദ്ദേശിയ്ക്കുന്നതിലും ദുരുദ്ദേശമുണ്ടോ?

ഈ പാഠപ്പുസ്തകത്തിലൂടെ കുട്ടി എത്തിച്ചേരേണ്ട ഒരു പോയിന്റുണ്ട്.
1. കുടിയൊഴിപ്പിയ്ക്കലില്‍ നിന്ന് കേരളത്തിലെ ജനതയ്ക്ക് ആരാണു മോചനം നല്‍കിയത്?
2. കാര്‍ഷികാദായം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുത്തതാരാണ്?
3. ഭൂമി വാങ്ങാ‍നും വില്‍കാനുമുള്ള അവകാശം നല്‍കിയത്?
അത് കേരളത്തിലെ കമ്യൂണിസ്റ്റു സമരങ്ങള്‍കൊണ്ട് ഉണ്ടായതാണെന്ന് എന്റെ കുട്ടിയെ പഠിപ്പിയ്ക്കുന്നു. ഈ പുസ്തകങ്ങളത്രയും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് സംസ്കാരത്തെയും നിരാകരിയ്ക്കുന്നു. ഞാന്‍ പറയുന്നു നിങ്ങള്‍ കുട്ടികളെ കോണ്‍ഗ്രസ് ചരിത്രവും കമ്യൂണിസ്സു ചരിത്രവും പഠിപ്പിയ്ക്കണ്ട. കേരളത്തിലെ സമരങ്ങളെ ജന്മി-കുടിയാല്‍ പരിപ്രേഷ്യത്തിലല്ലാതെ വിലയിരുത്തിയ എഴുത്തുകാരില്ലേ? കേരളത്തിലെ മണ്ണിന്റെ മക്കള്‍ക്ക് അവകാശം നേടിക്കൊടുക്കുന്നതിനായി നടന്ന സമരങ്ങള്‍ കമ്യൂണിസ്റ്റു സമരങ്ങള്‍ മാത്രമല്ലല്ലോ?

കമ്യൂണിസം മോശമാണെന്നോ കമ്യൂണിസ്റ്റുകാരു മോശമാണെന്നോ എനിക്കഭിപ്രായമില്ല. അവര്‍ക്കു പാര്‍ട്ടീക്ലാസില്‍ അതു പഠിപ്പിയ്ക്കാം, തെരുവില്‍ പ്രസംഗിയ്ക്കാം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ സ്കൂളുകളില്‍ കമ്യൂണിസം പഠിപ്പിയ്ക്കണമെന്നുണ്ടോ?
ഒന്നാമതായി ഈ പുസ്തകം കമ്യൂണിസം പഠിപ്പിയ്ക്കുന്നു. കമ്യൂണിസം പഠിപ്പിയ്ക്കുന്നു എന്നതിനേക്കാള്‍ ഗൌരവകരമായത് മതനിരാസം പഠിപ്പിയ്ക്കുന്നു എന്നതാണ്. ദൈവത്തെ കൊല്ലണമെന്നു പറയുന്ന കുട്ടി, ദൈവമില്ലെന്നു പഠിപ്പിയ്ക്കുന്ന സിദ്ധാന്തം. ഇതു വേണമായിരുന്നോ

മനുഷ്യത്വം വിളയുന്ന ഭൂമി
ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രതിജ്ഞയുടെ താഴെ ഒരു പത്രകട്ടിംഗ് കൊടുത്തിരിയ്ക്കുന്നു. “പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്ത ദളിതനെ ചുട്ടുകൊന്നു.” ഇത് ഇന്ത്യയില്‍ സംഭവിച്ചതാണ്. ഞാന്‍ സമ്മതിയ്ക്കുന്നു. പക്ഷേ ഒരു പന്ത്രണ്ടു വയസുകാരനെ പലമതക്കാരും ജാതിക്കാരും ഒന്നിച്ചിരിയ്ക്കുന്ന ഒരു ക്ലാസ് മുറിയില്‍ ഈ പാഠഭാഗം പഠിപ്പിയ്ക്കുന്നതില്‍ അസാംഗത്യമില്ലേ? ഇത്രമാത്രം ഭീകരമായ ഒരു സംഭവം കൊച്ചുകുട്ടിയുടെ മനസിലേയ്ക്ക് പകര്‍ന്നു കൊടുക്കണോ? സംഭവിച്ചതാണെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? ഒരു സവര്‍ണ്ണനും ദളിതനും ഒന്നിച്ചിരിയ്ക്കുന്നക്ലാസില്‍ ഇതു പഠിപ്പിയ്ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരമെന്തായിരിയ്ക്കും? എന്താണ് ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം? ഇതു പഠിപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം ഇതിനു കാരണം മതമാണ് എന്നു സ്ഥാപിയ്ക്കുന്നതിനാണ്.

പാഠപ്പുസ്തകത്തിന്റെയും റഫറന്‍സ് ഗ്രന്ഥങ്ങളുടെയും അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ ഇതു പറയുന്നത്.

അതിനുശേഷം 1924ല്‍ പന്തള്ളൂര്‍ എല്‍.പി സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഒരു പട്ടിക കൊടുത്തിരിയ്ക്കുന്നു. ഈ പട്ടികയില്‍ 23 പേര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ഒറ്റ മുശ്സ്ലീമില്ല. മുസ്ലീം സമുദായം അന്നു വിദ്യാഭ്യാസരംഗത്തേയ്ക്കു വന്നിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കുന്നതിനാണൊ എന്തോ അറിയില്ല. എന്തുകൊണ്ട് അതിനടുത്ത ഒരു സ്കൂളില്‍ മുസ്കീം കുട്ടികള്‍ ചേര്‍ന്നു പഠിയ്ക്കൂന്നുണ്ട് എന്നതു വിസ്മരിച്ചു. വിദഗ്ദസമിതിപോലും ഈ പട്ടീകയും ദളിതനെ ചുട്ടഭാഗവും മാറ്റുവാന്‍ തീരുമാനിച്ചു എന്തുകൊണ്ട്? തെറ്റുണ്ട് എന്നതുകൊണ്ട്. 23ല്‍ 16 നായന്മാര്‍,2 വാര്യര്‍, 1 പണിക്കര്‍, 2 തീയര്‍ 1 തട്ടാന്‍,2 ചെട്ടി‍. അങ്ങനെപഠിപ്പിയ്ക്കാനും മാത്രം ജാതീയത കുത്തിനിറയ്ക്കാനുള്ള കാരണമെന്താണ്?
കാരണം മതമുണ്ടായാല്‍ ജാതിയുണ്ടാവും എന്നു വരുത്തുന്നതിന്നു തന്നെ. ജാതിയില്ലാതീരിയ്ക്കാനും സ്പര്‍ദ്ധയില്ലാതിരിയ്ക്കാനും ഉള്ള പരിഹാരമെന്താണ്? ആ പരിഹാരത്തിലേയ്ക്കാണ് കുട്ടിയെ കൊണ്ടൂവരുന്നത്.

പുസ്തകത്തില്‍ കുട്ടിയോട് ചോദിയ്ക്കുന്ന ചോദ്യങ്ങള്‍.
പട്ടികയില്‍ നിന്ന് എന്തൊക്കെ മനസിലാക്കാന്‍ കഴിയുന്നു?
വിദ്യാലയത്തില്‍ പഠിച്ചിരുന്നവരില്‍ കൂടുതല്‍ ഏതു ജാതിക്കാരായിരുന്നു?
ജാതിയിലും മതത്തിലും പിടിച്ചുകൊണ്ടൂള്ള ഒരു ചര്‍ച്ച. എന്നിട്ട് കുട്ടി തന്റെ കണ്ടെത്തല്‍ അവതരിപ്പിയ്ക്കണം. ഇതെല്ലാം വച്ചുകൊണ്ട് കുട്ടി ഒരു പോയിന്റില്‍ എത്തിച്ചേരണം. അതിനു വേണ്ടിയാണ് അടുത്തഭാഗങ്ങള്‍. ചാന്ദാര്‍ ലഹള, വൈക്കം സത്യാഗ്രഹം ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവയൊക്കെ കൊടുത്തിരിയ്ക്കുന്നു. 1986 മുതല്‍ ഇവിടെ പഠിപ്പിച്ചിരുന്ന സാമൂഹ്യശാസ്ത്രത്തിലും അങ്ങനെ പലതുമുണ്ടായിരുന്നു. അതൂ മാറ്റിവച്ചിട്ടാണ് ഇതു വരുന്നത്. ഇത്തരം സമരങ്ങള്‍ പഠിപ്പിയ്ക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. മുന്‍പു പറഞ്ഞ ഭാഗങ്ങള്‍ക്കു ശേഷമാണ് ഇതു വരുന്നത്. അത് ഉള്‍പ്പെടുത്തിയ ശേഷം ഇത് ഇള്‍പ്പെടുത്തിയതും അതിനു ശേഷം വരുന്ന ചര്‍ച്ചയും കൂട്ടിച്ചേര്‍ന്നുവായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു സത്യമുണ്ട്. ഈ പ്രശ്നങ്ങള്‍ക്കും മുഴുവന്‍ കാരണം മതമാണ് എന്നു വരുത്തിത്തീര്‍ക്കുന്നു. അങ്ങനെ പറയാന്‍ കാരണം ഈ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്ന ഒരു ചോദ്യമാണ്.

ഒരേ മതവിശ്വാസം നിലനില്‍ക്കുന്നവരില്‍ തന്നെ വേര്‍തിരിവുകള്‍ നിലനില്ക്കൂന്നുണ്ടോ?(പേജ് 23)
ഇന്നു നമ്മുടെ നാട്ടില്‍ വസ്ത്രധരണത്തിന്റെ പേരില്‍ എന്തെങ്കിലും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടോ?

ഇതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ എന്റെ ഒരു കമ്യൂണിസ്റ്റു സുഹൃത്തു പറഞ്ഞത് അതു ചാന്ദാര്‍ ലഹളയെക്കുറിച്ചാണ് എന്നാണ്. ഹരിജനസ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അതിനേക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ രണ്ടൂ ചോദ്യങ്ങള്‍കൂടി ചോദിയ്ക്കട്ടെ.

അതേ പാഠപ്പുസ്തകത്തില്‍ ചോദിയ്ക്കുന്നു പൊതു വസ്ത്രധാരണരീതി സാമൂഹിക വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ എത്രമാത്രം സഹായിച്ചിട്ടൂണ്ട്? മുകളില്‍ ചര്‍ച്ച ചെയ്തതുപോലെയുള്ള പ്രശ്നങ്ങള്‍ ഇന്നും വിവിധ മതവിഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടോ?

ഇതു പഠിപ്പിയ്ക്കാന്‍ കൊടുത്ത കൈപ്പുസ്തകത്തിന്റെ 59ആം പേജില്‍ പറയുന്നു വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ ചിലസ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ ആശയം വരത്തക്കവിധം പൊതു ചര്‍ച്ചയെ ക്രോഡീകരിയ്ക്കുവാനാണ് അധ്യാപകനു കൈപ്പുസ്തകം നല്‍കുന്ന നിര്‍ദ്ദേശം.

ഇവിടെ ആര്‍ക്കാണ് നിയന്ത്രണം ഉള്ളത്. മുശ്ലീം സ്ത്രീകള്‍ക്ക് ഔരത്ത് എന്നു പറയുന്ന ശരീരഭാഗങ്ങള്‍ പുറത്തുകാണിയ്ക്കുന്നനിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ വിഷയം എന്തുകൊണ്ട് ഏഴാം ക്ലാസിലെ കുട്ടിയെക്കൊണ്ട് ചര്‍ച്ച ചെയ്യിക്കണം?

ഒരു മറു ചോദ്യം ചോദിയ്ക്കട്ടെ. ചാന്ദാര്‍ ലഹള എന്തുകൊണ്ടൂണ്ടായീ. മാറു മറയ്ക്കാന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടീ. യഥാര്‍‌ത്ഥത്തില്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താ. മാറു തുറന്നിടാനുള്ള സ്വാതന്ത്ര്യമല്ലേ സ്വാതന്ത്ര്യം? മാറുമറയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞപ്പോള്‍ മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അവകശമായി നേടിയെടുത്തു. അതംഗീകരിയ്ക്കുന്നു. ഹരിജന്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം കിട്ടിയത് സ്വാതന്ത്ര്യമാണെങ്കില്‍ എന്റെ സഹോദരിയ്ക്ക് മുഖം മറയാനുള്ളതും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എന്തുകൊണ്ട് വകവച്ചുകൊടുത്തുകൂടാ‍?

അവസാ‍നമായി മതത്തില്‍ ഉണ്ട് എന്നു പറയപ്പെടുന്ന പ്രശ്നങ്ങള്‍ ഒരു കുറിപ്പായി എഴുതിക്കൊണ്ടൂ വരാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നു. അധ്യാപക സഹായിയില്‍ അതിനുള്ള നിര്‍ദ്ദേശമുണ്ട്.

ഇത്രയും പഠിപ്പിച്ചതില്‍ നിന്നും കുട്ടി എത്തിച്ചേരേണ്ട കാര്യമെന്താണ്. മതം പ്രശ്നക്കാരനാണ്. മതങ്ങളില്‍ ജാതിയുണ്ട്. ജാതിയുണ്ടാവുമ്പോള്‍ പോരുണ്ട്. ഒന്നൊന്നരമാസക്കാലം പഠിപ്പിച്ചിട്ട് കുട്ടി എവിടെ എത്തിച്ചേന്നു? നിരീശ്വരത്വത്തിന്റെ ഒരു വക്കില്‍.അല്ലെങ്കില്‍ മതം ഒരു പ്രശ്നമാണ് എന്ന തോന്നലില്‍. ശാസ്ത്രസാഹിത്യപരിഷത്തുകാരന്‍ വര്‍ഷങ്ങളായി ശ്രമിയ്ക്കുന്ന മേഖലയിലേയ്ക കുട്ടികളെ കൊണ്ടെത്തിയ്ക്കുന്നു.

മതമില്ലാത്ത ജീവന്‍ പേജ് 24
മതമില്ലാത്തജീവന്‍ പെട്ടന്നങ്ങ് അവതരിയ്ക്കുകയല്ല. ഒന്നരമാസക്കാലത്ത് പരിശീലനത്തിലൂടെ മതം ഒരു പ്രശ്നക്കാരനാണ് എന്ന ചിന്താഗതിയില്‍ എത്തിച്ചേരേണ്ടൂന്ന ഒരു കുട്ടിയുടെ മുന്നിലാണ് ഈ പാഠം അവതരിപ്പിയ്ക്കപ്പെടുന്നത്. ഏഴാം ക്ലാസിലെ കുട്ടിയുടെ മുന്നില്‍ ഒരു മിശ്രവിവാഹം അവതരിപ്പിയ്ക്കപ്പെടുന്നു. രണ്ടാമത് സ്കൂളില്‍ ചേരുന്ന കുട്ടിയ്ക്ക് മതം വേണ്ട. വിദ്യ്യാര്‍ത്ഥിയുടെ മുന്നില്‍ മതനിരാസം അവതരിപ്പിയ്ക്കപ്പെടുന്നു.

ഇന്ത്യ മതാധിഷ്ടിതരാജ്യമോ മതമില്ലാത്ത രാജ്യമോ മതവിരുദ്ധരാജ്യവുമല്ല. നമ്മുടെ രാജ്യം മതേതര രാജ്യമാണ്. സ്വതന്ത്രമായി മതം വിശ്വസിയ്ക്കാനും അനുഷ്ടിയ്ക്കാനും പ്രചരിപ്പിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന രാജ്യം. ആ സ്വാതന്ത്ര്യം എന്റെ മതം തന്നിരിയ്ക്കെ, രാജ്യം തന്നിരിയ്ക്കേ എന്റെ കുട്ടിയ്ക്ക് മതനിരാസം സര്‍ക്കാര്‍ ചിലവില്‍ പരിചയപ്പെടുത്തിക്കൊടുത്തുകൂടാ.

എല്ലാവരും ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്. അന്‍‌‌വര്‍ റഷീദിന് ലക്ഷ്മീ ദേവിയെ കല്യാണം കഴിച്ചുകൂടേ? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ വിവാഹം കഴിയ്ക്കണമെന്നു തോന്നിയത് എപ്പോഴാണ്? പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്നു തോന്നിയപ്പോള്‍ ഇസ്ലാം മതത്തെക്കാള്‍ നല്ലത് ലക്ഷ്മീദേവിയാണെന്ന് അന്‍‌‌വര്‍ റഷീദിനും ഹിന്ദുമതത്തേക്കാള്‍ നല്ലത് അന്‍‌‌വര്‍ റഷീദാണെന്ന് ലക്ഷ്മീദേവിയ്ക്കും തോന്നിയപ്പോള്‍. നമുക്ക് പരാതിയില്ല. പക്ഷേ മതേതര ഇന്ത്യയില്‍ 12 വയസുള്ള എന്റെ കുട്ടിയ്ക്കെന്തിന് അതു പരിചയപ്പെടുത്തിക്കൊടൂ‍ക്കണം? അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള അവകാശമുണ്ട്. ജീവന് മതമില്ലാതിരിയ്ക്കാനുള്ള അവകാശവുമുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ കുട്ടിയെ ചെറുപ്പത്തിലേ മതനിരാസം പഠിപ്പിയ്ക്കണം.

നിങ്ങള്‍ ചോദിയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയാം.
അന്‍‌വര്‍ റഷീദിന് ലക്ഷ്മീദേവിയെ കല്യാണം കഴിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ?. ജീവന് മതമില്ലാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ഉണ്ട്. പക്ഷേ ഉള്ള സ്വാതന്ത്ര്യമെല്ലാം 7ആം ക്ലാസിലെ കുട്ടിയെ പഠിപ്പിയ്ക്കണമെന്നുണ്ടോ? പ്രത്യേകിച്ച് മതത്തില്‍ ജീവിയ്ക്കുന്ന ഒരു സമൂഹത്തിന്റെ മുന്‍പില്‍.

പ്രായപൂര്‍ത്തിയാവുമ്പോള്‍ ജീവന്‍ അവന്റെ മതം തിരഞ്ഞെടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവന് മതം വേണ്ടെന്നു വയ്ക്കാം. വേറേ മതംവേണമെങ്കില്‍ അതു തിരഞ്ഞെടുക്കാം. പക്ഷേ ചെറുപ്പത്തില്‍ കുട്ടികളെ തങ്ങളുടെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട് കടമയുണ്ട്.

പാഠത്തിന്റെ അവസാനം നെഹൃവിന്റെ ഒരു വാചകം. അദ്ദേഹം പറഞ്ഞ മറ്റെല്ലാം മാറ്റിവച്ച് മതത്തിനെതിരെ എന്നു പറയാവുന്ന ഒരു വാചകം പുസ്തകത്തില്‍ കൊടുത്തതിന്റെ അര്‍ത്ഥമെന്താ? അതിനു താഴെ ഒരു വാചകം. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിയ്കുന്ന സംഭവങ്ങള്‍ ഇന്നും നമ്മള്‍ പത്രത്തില്‍ വായിച്കുകൊണ്ടിരിയ്ക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മിലടിയ്ക്കുന്നില്ലേ? കേരളത്തില്‍ ഏറ്റവൂം കൂടുതല്‍ ബന്ദു നടന്നത് എന്തിന്റെ പേരിലാണ്? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടൂള്ളത് എന്തിന്റെ പേരിലാണ്? അതു പറഞ്ഞാല്‍ പറയും അതു രാഷ്ട്രീയത്തിലെ വൈകൃതമാണെന്ന്. എന്തൊണ്ട് കുട്ടി രാഷ്ട്രീയത്തിലെ വൈകൃതത്തെക്കുറിച്ചു പഠിയ്ക്കണ്ട? മതത്തില്‍ മാത്രമേ വൈകൃതമുള്ളൂ. ഇന്ത്യാമഹാരാജ്യത്തുനടന്നിട്ടൂള്ള ഏതെങ്കിലും വര്‍ഗ്ഗൂ‍യകലാപത്തില്‍ മതം പങ്കുവഹിച്ചിട്ടൂണ്ടോ? ഗുജറാത്ത് കലാപത്തിന്റെ മുന്‍പില്‍ പോലും ഒരു സ്വാമിയൂണ്ടോ ഒരു അച്ചനുണ്ടോ ഒരു മതപണ്ഡിതനുണ്ടോ? മതമല്ല വര്‍ഗ്ഗീയതയ്ക്കു കാരണം. ബാ‍ബറി പള്ളി പൊളിച്ചത് ഹിന്ദുമതമാണോ? അല്ല. ശബരിമലയില്‍ പോകുമ്പോള്‍ വാവരെ കണ്ടിട്ടൂ പോകുന്ന എന്റെ ഹിന്ദുസഹോദരന്‍ ബാബറി പള്ളി പൊളിയ്ക്കില്ല.

അതിനു ശേഷം ഒരു നബിവചനം കൊടുത്തിരിയ്കുന്നു. അങ്ങനെയൊരു നബിവചനം ആ ഘടനയില്‍ ഉള്ളതായി എനിക്കറിയില്ല. എന്നാല്‍ ആരാണിതു തയ്യാറാക്കിയാതെന്നു ചോദിയ്ക്കാന്‍ പറ്റുമോ? കരിക്കുലം കമ്മറ്റിക്കാരുപറയുന്നു കാര്‍ത്തികേയന്‍ നായരും കെ.എന്‍ പണിക്കരും അടങ്ങിയ ഫോക്കസ് ഗ്രൂപ്പാണ് പുസ്തകം തയ്യാറാക്കിയതെന്ന്. കെ.എന്‍ പണിക്കരു പറഞ്ഞു ഞാനല്ല പുസ്തകം തയ്യാറാക്കിയതെന്ന്. നിയമസഭയില്‍ മന്ത്രിയോടൂ ചോദിച്ചു ആരാണ് പുസ്തകം തയ്യാറാക്കിയതെന്ന്. മന്ത്രി മൌനം പാലിച്ചു.

ആഘോഷങ്ങളുടെ നാട്
ആഘോഷങ്ങളുടെ നാട് എന്നു പറഞ്ഞു കൊണ്ട് ആന്റമാന്‍ ദ്വീപിനെ പരിചയപ്പെടുത്തുന്നു. പുസ്തകത്തില്‍ പറയുന്നു മതം മാറിയുള്ള വിവാഹങ്ങള്‍ ആന്റമാനില്‍ പുതമയേ അല്ലാ എന്ന്. ഒരു വീട്ടിലെ നാലു പെണ്‍കുട്ടികള്‍ നാലു വ്യത്യസ്ഥമതക്കാരെ വിവാഹം കഴിയ്ക്കുന്നതുപോലും അവിടെ സാധാരണമത്രെ. ലളിതമായ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധനുണ. കാരണം ഞാന്‍ ആന്റമാനില്‍ ഒന്നിലധികം തവണ പോയിട്ടൂണ്ട്. പാഠപ്പുസ്തകം തയ്യാറാക്കിയ ആള്‍പോയിട്ടൂണ്ടോ എന്നറിയില്ല.

അടിയില്‍ കുട്ടി വായിക്കുന്നു “ഇതൊന്നും എന്നെ ബാധിക്കില്ല.” മതം എന്നാല്‍ പ്രശ്നമാണെന്നു പഠിച്ചുകഴിഞ്ഞ കുട്ടി, മതമീല്ലാതെ ജീവിയ്ക്കാം എന്നു കണ്ട കുട്ടി ‘ഇതൊന്നും എന്നെ ബാധിയ്കില്ല’ എന്നു വായിക്കുമ്പോള്‍ ലേഖകന്റെ ഉദ്ദ്യേശം എന്താണ്.

അതിനു ശേഷം ചോദ്യം.
താഴെപ്പറയുന്നവ ഏതുമതത്തിലുള്ളവരെയാണ് കൂടുതല്‍ ബാധിയ്ക്കുക.
1.വിലക്കയറ്റം
2.കുടിവെള്ള ക്ഷാമം
3.പകര്‍ച്ച വ്യാധി
4.ഭൂ‍കമ്പം
ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ മതത്തെ പരിഹസിയ്ക്കലല്ലേ ഇത്?
ഇതുകൊണ്ടു കുട്ടി എവിടെ എത്തിച്ചേരണം. മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കൊന്നും മതം ഒരു പരിഹാരമല്ല എന്ന പോയിന്റിലേയ്ക്ക് കുട്ടിയെ കൊണ്ടൂചെന്ന് എത്തിയ്ക്കണം.

താഴെക്കാണുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നല്ലേ ചോദ്യം സദ്ദുദ്യേശപരമായിരുന്നെങ്കില്‍ ചോദിയ്ക്കേണ്ടീയിരുന്നത്.

അക്രമം മുഴുവന്‍ പ്രശ്നങ്ങള്‍ മുഴുവന്‍ മതത്തിന്റെ സൃഷ്ടിയാണെന്നാണ് ചുരുക്കത്തില്‍ പാഠപ്പുസ്തകം പറഞ്ഞു വയ്ക്കുന്നത്. അക്രമ സമരം കേരളത്തിനു പരിചയപ്പെടുത്തിയത് ആരാണ്? കെ.എസ്.ആര്‍.ടി ബസ്സുകളുടെ ചില്ലുകള്‍ ഉടച്ചതിനും ടയറുകള്‍ ചുട്ടതിനും കണക്കുണ്ടോ? മലപ്പുറത്ത് പാഠപ്പുസ്തകം ചുട്ടതിനെ ഞാന്‍ ന്യായീകരിയ്ക്കുന്നില്ല. ആ നടപടി തെറ്റുതന്നെയാണ്. പക്ഷേ ആ നടപടിയെ ചോദ്യം ചെയ്തവര്‍ നശിപ്പിച്ച പൊതുമുതലിന്റെ ഒരംശം പോലും വരില്ല നഷ്ടപ്പെട്ട പാഠപ്പുസ്തകത്തിന്.

കമ്യൂണിസ്റ്റുകാരന് നിരീശ്വരവാദിയായിരിയ്ക്കാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വിശ്വാസിയ്ക്ക് വിശ്വാസിയായിരിയ്ക്കാനും. കൊച്ചുകുട്ടികളില്‍ കമ്യൂണിസവും നിരീശ്വരവാദവും സര്‍ക്കാര്‍ ചെലവില്‍ വിതയ്ക്കുന്നത് ജനാധിപത്യമല്ല.