സ്വാശ്രയം - വാതില്‍ തുറക്കുന്നു
ദൈനംദിന ചിലവുകള്‍ക്ക് ബുദ്ധിമുട്ടൂന്ന ഒരു സര്‍ക്കാരിന് ചിലവുകൂടിയ ഉന്നതവിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കുന്നതിനു പ്രായോഗികമായ ബുദ്ധിമുട്ടൂണ്ട് എന്ന തിരിച്ചറിവ് യുഡീഎഫ് നു പൊതുവെയും എല്‍ഡീഎഫ് ല്‍ ഒറ്റപ്പെട്ടും ഉണ്ടായിരുന്നു. 2001 ഫെബ്രുവരിയില്‍ ബംഗാളില്‍ 100 സ്വാശ്രയ പ്രൊഫഷണ കോളേജുകള്‍ക്ക് ബംഗാളിലെ സി.പി.എം ഗവര്‍മെന്റ് അനുമതി നല്‍കിയിരുന്നു. ആ സമയം കേരളത്തിലെ വിദ്യഭ്യാസമന്ത്രിയായിരുന്ന പി.ജെ ജോസഫിനും സ്വകാര്യസ്വാശ്രയമെന്ന ആശയം സ്വീകാര്യമായിരുന്നു. മുഖ്യമന്തി ഇ.കെ നയനാര്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് അനുകൂല നിലപാടാണ് കൈക്കൊണ്ടിരുന്നത്. എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന അച്യുതാനന്ദന്‍ മൃദു സമീപനമാണ് കൈക്കൊണ്ടിരുന്നത്. അതേ സമയം പിണറായി വിജയനാകട്ടെ സ്വകാര്യ സ്വാശ്രയങ്ങള്‍ ഒരു കാരണവശാലും അനുവദിയ്ക്കുന്ന പ്രശ്നമില്ല എന്ന നിലപാടിലായിരുന്നു.
2001 മേയില്‍ ആന്റണി ഗവര്‍മെന്റ് അധികാരമേറ്റതിനു തൊട്ടുപിന്നലെ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെപറ്റി ധവളപത്രമിറക്കി. അധികം വൈകാതെ തന്നെ സ്വാശ്രയപ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് മന്തിസഭ അനുമതി നല്‍കുകയും ചെയ്തു. ആ സമയം കേരളത്തില്‍ 4013 എന്‍ജിനീയറിംഗ് സീറ്റുകളും വളരെ കുറച്ച് മെഡിക്കല്‍ സീറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2001 ലെ കണക്കനുസരിച്ച് കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലുമായി പ്രൊഫഷണല്‍ വിദ്യഭ്യാസം തേടിയിരുന്ന വിദ്യാര്‍ത്ഥികളില്‍ 45% വും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മേഖലയെ അനുവദിച്ചതിന്റെ ഫലമായി 2001-2004 കാലഘട്ടത്തില്‍ 48 എന്‍ജിനീയറിംഗ് കോളേജുകളും, 6 മെഡിക്കല്‍ കോളേജുകളും, 6 ഡന്റല്‍ കോളേജുകളും, 20 MBA and MCA കോളേജുകളും, 29 നേഴ്സിംഗ് കോളേജുകളും 52 B.Ed. കോളേജുകളും പുതുതായി ആരംഭിച്ചു. ഇതിന്റെ ഫലമായി 2500 കോടി രൂപയുടെ നിക്ഷേപം വിദ്യാഭ്യാസരംഗത്ത് ഉണ്ടായി എന്നു മാത്രമല്ല നേരിട്ടൂള്ള 18000 തൊഴിലവസരങ്ങളും 25000 ഓളം പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടായി. മാത്രമല്ല തമിഴ്നാട് കര്‍ണ്ണാടകങ്ങളിലേയ്ക്ക് പോയ്ക്കോണ്ടിരുന്ന 400 കോടി രൂപയെ കേരളത്തിലേയ്ക്ക് വഴിതിരിച്ചുവിടാനും കഴിഞ്ഞു.
ഫിഫ്ടി-ഫിഫ്ടി
ഗവര്‍മെന്റ് എന്‍.ഓ.സി കൊടുത്ത 43 മെഡിയ്ക്കല്‍ കോളേജുകളില്‍ നാലെണ്ണത്തിനു മാത്രമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അനുവാദം കൊടുത്തത്. അവ പുഷ്പഗിരി, കോലഞ്ചേരി അമൃത, കാരക്കോണം ഇവയാണ്. 15 ശതമാനം മാനേജുമെന്റു ക്വാട്ടായും 15 ശതമാനം NRI കോട്ടയും മാത്രമേ മാനേജുമെന്റിനുള്ളൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് NOC നല്‍കിയത് എന്നാണ് സംസ്ഥാന ഗവര്‍മെന്റ് അവകാസപ്പെടുന്നത്. മാനേജുമെന്റുകളുമായുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ഈ സീറ്റുവിഭജനം 50-50 നിലയിലേയ്ക്ക് പിന്നീടുമാറി. രണ്ടു സ്വാശ്രയകോളേജ് സമം ഒരു ഗവര്‍മെന്റ് കോളേജ് എന്ന ധാരണ മാനേജുമന്റുകളുമായി ഉണ്ടാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു.
TMA പൈ കേസിലെ സുപ്രീം കോടതി വിധിയും വഴിത്തിരിവുകളും
ഈ അവസരത്തിലാണ് TMA പൈ കേസില്‍ സുപ്രീം കോടതി വിധിയുണ്ടാവുന്നത്. മൈനോറിറ്റികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്ത് പുനര്‍നിര്‍വ്വചിയ്ക്കുന്ന ഈ വിധിയുടെ അടിസ്ഥാനത്തിലാണ് മുന്‍പുണ്ടായിരുന്ന ധാരണകള്‍ ഒക്കെ അപ്രസക്തമാവുന്നതും. 2002 ഡിസംബര്‍ 19ല്‍ സ്വാശയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച് ഗവര്‍മെന്റ് ഓര്‍ഡറുണ്ടാകുന്നതുവരെ ഈ വിധി കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല.
ഗവര്‍മെന്റ് 50% വിദ്യാര്‍ത്ഥീപ്രവേശനം സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് ആയിരിയ്ക്കണമെന്നും ഫീസ് Rs.28,750 ആയിരിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് പുഷ്പഗിരിയും കോലഞ്ചേരിയും ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി എ.കെ ആന്റണി ഇതിനെ വിശ്വാസവഞ്ചനയായിട്ടാണ് ചിത്രീകരിച്ചത്. ഹൈക്കോടതി ഗവര്‍മെന്റ് നിര്‍ദ്ദേശത്തെ നിയമവിരുദ്ധം എന്നു വിശേഷിപ്പിയ്ക്കുകയും സര്‍ക്കാരിന് 25% മാത്രമായിരിയ്ക്കും പ്രവേശനത്തില്‍ അവകാശം എന്നു വിധിയ്ക്കുകയും ചെയ്തു. മാത്രവുമല്ല മെറിറ്റ് സീറ്റിലെ ഫീസ്, ഗവര്‍മെന്റ് ഹാജരാക്കിയ വരവുചിലവു കണക്കുകളുടെ അടിസ്ഥാനത്തില്‍ 1.5 ലക്ഷമായി കോടതി തീരുമാനിയ്ക്കുകയും ചെയ്തു. കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കും എന്നു പറഞ്ഞ ഗവര്‍മെന്റ് പക്ഷേ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജ്ജി ഫയല്‍ ചെയ്യുക മാത്രമാണ് ചെയ്തത്.ഹൈക്കോടതിയാവട്ടെ റിവ്യൂ ഹര്‍ജ്ജി തള്ളി. അണ്‍എയിഡഡ് സ്ഥാപനങ്ങളിലെ ഫീസ് നിശ്ചയിയ്ക്കാന്‍ ഗവര്‍മെന്റിനിനു അവകാശമില്ല എന്നതായിരുന്നു കോടതിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ഗവര്‍മെന്റ് ഉണ്ട് എന്നവകാശപ്പെട്ടിരുന്ന 50-50 ധാരണ ഈ രണ്ടു മാനേജുമെന്റുകളും തള്ളിക്കളഞ്ഞു.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ചിലവ്
സ്വകാര്യസ്വാശ്രയങ്ങളുടെ അരംഭത്തിനു മുന്‍പ് വളരെ തുശ്ചമായ ഫീസായിരുന്നു ഗവര്‍മെന്റ് കോളേജുകളിലും ഗവര്‍മെന്റ് സ്വാശ്രയങ്ങളിലെ മെറിറ്റ് സീറ്റിലും നിലവിലിരുന്നത്. ഇത് മെഡിക്കല്‍ കോളേജുകളില്‍ ഏകദേശം 11500 രൂപയും എന്‍ജിനീയറിംഗ് കോളേജുകളില്‍ 6600 രൂപയും ആയിരുന്നു.അതേസമയം ഗവര്‍മെന്റ് സ്വാശ്രയങ്ങളിലെ പേയ്മെന്റ് സീറ്റുകളില്‍ ഉയര്‍ന്ന ഫീസാണ് ഈടാക്കിയിരുന്നത്. ഇതേ ഏകദേശം 40,000/- രൂ ഫീസും 2 ലക്ഷം രൂപാ ഡിപ്പോസിറ്റും എന്ന രീതിയിലായിരുന്നു. ഇതിനും പുറമേ വളരെ ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്ന എന്‍.ആര്‍.ഐ സീറ്റുകളും നിലനിന്നിരുന്നു.
പുതിയ ഗവര്‍മെന്റ ഓര്‍ഡര്‍ പ്രകാരം മെഡിക്കല്‍ കോളെജിലെ ഫീസ് 8,750 രൂപയും സ്വാശ്രയ കോളെജുകളിലെ ഗവര്‍മെന്റ് നിശ്ചയിച്ച ഫീസ് 28,750 ആയിരുന്നു. കോടതിവിധിപ്രകാരം 25% സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റിനുള്ള ഫീസ് 1.5 ലക്ഷമായി. 75 % സീറ്റില്‍ 4.38 ലക്ഷം രൂപ പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി ഫീസിനത്തില്‍ ഈടാക്കി.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.
കെ.ടി തോമസ് കമ്മീഷന്‍
സുപ്രീം കോടതി 2003 ആഗസ്റ്റ് 14 ന് “Islamic Academy of Education and another versus the State of Karnataka and others” കേസിലെ വിധി 2002 ഒക്ടൊബറിലെ TMA പൈ വിധിയെ വ്യക്തമാക്കുന്നതായിരുന്നു. ഇതില്‍ സംസ്ഥാനഗവര്‍മെന്റ് സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിയ്ക്കാനും സ്വകാര്യസ്വാശ്രയങ്ങളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് മേല്‍നോട്ടം വഹിയ്ക്കാനും കമ്മിറ്റികള്‍ രൂപീകരിയ്ക്കണമെന്നു നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശിയ്ക്കുന്ന റിട്ടയേര്‍ഡ് ജഡ്ജ് ആയിരിയ്ക്കണം ഈ കമ്മിറ്റികളുടെ ചെയര്‍മാന്‍. ഇതനുസരിച്ചാണ് കെ.ടി തോമസ് കമ്മിറ്റി രൂപീകരിയ്ക്കപ്പെടുന്നത്.
കെ.ടി തോമസ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഇപ്രകാരമാണ്.
എം.ബി.ബി.എസ്:-1,13,000 രൂ
എന്‍ജീനീയറിഗ് :- 38,000 രൂ
ഡെന്റല്‍ :- 76,000 രൂ
എം.സി.എ :- 38,000 രൂ
2004 മേയില്‍ കെ.റ്റി തോമസ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. കെ.ടി തോമസ് ശുപാര്‍ശകളെ ഗവര്‍മെന്റ് സ്വീകരിച്ചില്ല.
പ്രതിപക്ഷ വിദ്യാര്‍ത്ഥീ സംഘടകള്‍ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തു വന്നു.
കേരളാ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് നിയമം 2004
2004 ജൂലൈ 24നു യുഡിഫ് ഗവര്‍മെന്റ് “THE KERALA SELF FINANCING PROFESSIONAL COLLEGES (PROHIBITION OF CAPITATION FEES AND PROCEDURE FOR ADMISSION AND FIXATION OF FEES), 2004 എന്ന ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ആര്‍.എല്‍ ഭാട്ടിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. ഇതിലെ പല നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധിയ്ക്ക് എതിരും കോടതില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുമായിരുന്നു. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുന്നതിനു വിസമ്മതിയ്ക്കുകയും അസംബ്ലിയില്‍ ബില്ലായി അവതരിപ്പിയ്ക്കുവാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥീപ്രസ്ഥാനങ്ങളുടെയും അതൃപ്തി ഏറ്റുവാങ്ങിയ കെ.ടി തോമസ് കമ്മിറ്റി ശുപാര്‍ശകളെ മറികടക്കുകയായിരുന്നു ഓര്‍ഡിനനസിന്റെ ലക്ഷ്യം. ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകളും സുപ്രീംകോടതി അസാധുവാക്കുകയും ഭരണഘടനാവിരുദ്ധമെന്നു വിധിയെഴുതുകയും ചെയ്ത ഉണ്ണികൃഷ്ണന്‍ കേസിലേതിനു സമാനമായിരുന്നു. ഗവര്‍ണ്ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനനസിറക്കുകയും നിയമസഭയുടെ അനുമതി നേടിക്കഴിയുകയും ചെയ്തതിനു ശേഷം ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ പെടുത്തി കോടതികളുടെ നിരീക്ഷണത്തില്‍ നിന്നും നിയമത്തെ സ്വതന്ത്രമാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ബില്ല് നിയമസഭയില്‍ അവതരിപ്പിയ്ക്കപ്പെടുകയും ഗവര്‍ണ്ണര്‍ അംഗീകരിയ്ക്കുകയും ചെയ്തു.
പുഷ്പഗിരി ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2004 ജൂലൈ 29 നു ഉണ്ടായ ഇടക്കാലവിധിയില്‍ സുപ്രീംകോടതി 50-50 ക്വോട്ടാ സ്റ്റേ ചെയ്യുവാന്‍ മടിച്ചു. 50-50 അടിസ്ഥാനത്തില്‍ പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുവാന്‍ ഗവര്‍മെന്റിന്റെ അനുവദിച്ചു. പക്ഷേ ഫീസ് ഘടന കെ.ടി തോമസ് കമ്മിറ്റി ശുപാര്‍ശപ്രകാരമുള്ളതായിരിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു. നിയമസഭയിലും തെരുവുകളിലും എന്തു സംഭവിയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല നിയമങ്ങളുടെയും ഭരണഘടയുടെയും അടിസ്ഥാനത്തിലാണ് കോടതിവിധികള്‍ ഉണ്ടാവുന്നതെന്ന് കേരളത്തില്‍ പ്രതിപക്ഷം അഴിച്ചുവിടുന്ന സമരങ്ങളെ ചൂണ്ടിക്കാട്ടിയ കെ.കെ വേണുഗോപാലിനു മറുപടി ലഭിച്ചു. മൂന്നംഗ ബഞ്ച് ഈ കേസ് വലിയ ഒരു ബഞ്ചിന്റെ പരിഗണനയ്ക്ക് ശുപാര്‍ശ ചെയ്തു.
ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് 2004, ആഗസ്റ്റ് 30 ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരം ഏറ്റെടുത്തു.
തൃശ്ശൂര്‍ ജൂബിലി മിഷനിലെയും മറ്റു സ്വാശ്രയ മെഡിയ്ക്കല്‍ കോളേജുകളിലെയും മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ 1.3 ലക്ഷം ഫീസ് എന്ന മാനേജുമെന്റുകളുടെ ആവശ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ജനുവരി 17, 2005 ലെ ഹൈക്കൊടതിവിധിയില്‍ 29, ജൂലൈയിലുണ്ടായ സുപ്രിം കോടതിയുടെ ഇടക്കാല വിധി മെറിറ്റ് സീറ്റിലും ബാധകമാണെന്നും, മെറിറ്റ് മാനേജുമെന്റ് സീറ്റ് വ്യത്യാസം കൂടാതെ 2003-2004 ലും 2004-2005 ലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ കെ.ടി തോമസ് കമ്മീഷന്‍ പ്രകാരമുള്ള ഫീസ് കൊടുക്കേണ്ടതാണന്നും വിധിച്ചു. ക്രോസ് സബ്‌സിഡി പാടില്ല എന്ന് ഇടക്കാല വിധിയിലെ സുപ്രിം കോടതി നിര്‍ദ്ദേശം ഹൈക്കൊടതി ചൂണ്ടിക്കാണിച്ചു.
ഇനാംദാര്‍ കേസിലെ സുപ്രീം കോടതി വിധി
2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല എന്നതായിരുന്നു വിധിയുടെ ചുരുക്കം.
ചുരുക്കത്തില്‍ 2006 മേയില്‍ എല്‍.ഡി.എഫ് ഗവര്‍മെന്റ് അധികാരത്തിലെത്തുന്നതിനു മുന്‍പേതന്നെ സുപ്രധാനമായ പല കോടതി വിധികളും വന്നിരുന്നു. TMA പൈ കേസില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി വ്യക്തതയുണ്ടായി. പുഷ്പഗിരിയും സംസ്ഥാനഗവര്‍മെന്റും തമ്മിലുള്ള കേസിന്റെ ഇടക്കാല വിധിയില്‍ ക്രോസ് സബ്‌സിഡി പാടില്ല എന്നു നിര്‍ദ്ദേശിച്ചിരുന്നു. ഇനാംദാര്‍ കേസു പ്രകാരം അണ്‍എയിഡഡ് കോളേജുകളില്‍ പ്രത്യേക ക്വാട്ടാകള്‍ അവകാശപ്പെടാന്‍ സംസ്ഥാനസര്‍ക്കാരിനു കഴിയില്ല എന്ന വ്യക്തമായി.
(സമയപരിമിതിയും പ്രായോഗിക ബുദ്ധിമുട്ടൂകളും നിമിത്തം 2001-2006 വരെ കാലത്തിലെ സുപ്രധാന സംഭവങ്ങള്‍ മാതമേ ഉള്‍ക്കൊള്ളിച്ചിട്ടൂള്ളൂ. തുടരുമായിരിയ്ക്കും :) )