ഒരു കുറ്റാരോപിതന് കോടതി വിധിക്കുന്നതുവരെ കുറ്റക്കാരനല്ല എന്നതാണ് നമ്മുടെ നിയമ വ്യവസ്ഥ പഠിപ്പിക്കുന്നത്. എങ്കിലും കുറ്റാരോപിതനായ സമയത്ത് മാധ്യമങ്ങളും മാധ്യമങ്ങളെ മുഖവിലയ്ക്കെടുക്കുന്ന വായനക്കാരും കഥകള്‍ പ്രചരിപ്പിക്കുന്നത് പുതിയ സംഭവമല്ല. ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും യഥാര്‍ഥ കുറ്റക്കാര്‍ കുറ്റം ഏറ്റുപറഞ്ഞിട്ടും നിറം പിടിപ്പിച്ച കഥകള്‍ അദ്ദേഹത്തിന്റെ മരണ ശേഷവും പ്രചരിപ്പിക്കുന്നവരെ ഞരമ്പ് രോഗികളായി കാണാനേ നിവൃത്തിയുള്ളൂ. പറഞ്ഞുവന്നത് കുപ്രസിദ്ധമായ മാടത്തരുവി കൊലക്കേസിലെ പ്രതിയാക്കപ്പെട്ട സഹനദാസന്‍ ഫാ. ബനടിക്റ്റ് ഓണംകുളത്തെക്കുറിച്ചാണ്.
ഈയിടെ രണ്ടു പോസ്റ്റുകളില്‍ ആണ് ഈ കേസ് പരമര്ശിക്കപ്പെട്ടത്. Jestin Thomas ന്റെ മറിയക്കുട്ടി കൊലപാതകം എന്ന പോസ്റ്റിലും Vinod Mathew ന്റെ പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല...... എന്ന പോസ്റ്റിലും.
ഇതുവഴി വന്നു പോകുന്നവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പങ്കു വയ്ക്കുന്നു. ഏഷ്യനെറ്റ് അടക്കമുള്ള മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ റാന്നി അടുത്തുള്ള മാടത്തരുവിയിൽ 1966 ജൂൺ 16-ൻ കാണപ്പെട്ടു. കൊളുന്ത് നുള്ളാനെത്തിയ തൊഴിലാ ളി സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റ് ശരീരത്തില്‍ പുതച്ചിരുന്നു. ശരീരമാസകലം പത്തോളം കുത്തുകള്‍ ഏറ്റിരുന്നു. ആഭരണ വും പണവും മൃതദേഹത്തില്‍ നിന്ന് ലഭിച്ചതിനാല്‍ മോഷണമല്ല കൊലപാതക ലക്ഷ്യമെന്ന് പോലിസ് കണക്കുകൂട്ടി. മൃതദേഹം പിറ്റേന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സമീപത്തെ റിസര്‍വ് വനത്തില്‍ സംസ്കരിച്ചു.
പത്രവാര്ത്തയറിഞ്ഞ് ആലപ്പുഴയില്‍ നി ന്നെത്തി, തെളിവുകള്‍ കണ്ട് മരിച്ചത് മറിയക്കുട്ടിയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബെനഡിക്ട് മറിയക്കുട്ടിയുമായി അനാശാസ്യബന്ധം പുലർത്തിയിരുന്നെന്നും അവരുടെ മരണസമയത്ത് രണ്ടുവയസ്സുണ്ടായിരുന്ന കുട്ടിയുടെ പിതാവ് അദ്ദേഹമാണെന്നും ആരോപിക്കപ്പെട്ടിരുന്നു. ഈ കേസിൽ 1966 ജൂൺ 24-ന് ബെനഡിക്ടച്ചൻ അറസ്റ്റു ചെയ്യപ്പെട്ടു.
മറിയക്കുട്ടിയ്ക്കെന്നല്ല ഈ ഭൂമുഖത്ത് ഒരു സ്ത്രീക്കും തന്നില്‍നിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്ത്രീയുമായും തനിക്ക് അവിഹിതബന്ധമില്ലെന്നും അതോര്‍ത്തു മാതാപിതാക്കള്‍ വിഷമിക്കരുതെന്നും അച്ചന് വ്യക്തമായി മാതാപിതാക്കള്‍ക്ക് എഴുതി. കേസിലുടനീളം ഇതുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന കാര്യങ്ങള്‍ കുമ്പസാര രഹസ്യമായതുകൊണ്ട് പുറത്തു പറയാനാവില്ല എന്ന് അച്ചന് ആവര്‍ത്തിച്ചു. അതി ഭീകരമായി അച്ചന് പീഡിപ്പിക്കപ്പെട്ടു. മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച കഥകള്‍ എഴുതാന്‍ മത്സരിച്ചു.
1966 നവംബര്‍ 19 ന് കൊല്ലം സെഷന്‍സ് കോടതി ബെനഡിക്ട് അച്ചനെ മരണംവരെ തൂക്കിലിടാന്‍ ശിക്ഷിച്ചു. ജൂണ്‍ 24 ന് അറസ്റ്റു ചെയ്യപ്പെട്ടയാള്‍ നവംബര്‍ 19 ന് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കേസ് അന്വേഷിച്ച രീതിയിൽ പലതരം വീഴ്ചകളും കണ്ടെങ്കിലും, പ്രതി പുരോഹിതനാണെന്നതിനാൽ കുറ്റകൃത്യത്തെ ഗൗരവമായെടുത്ത് കഠിനതരമായ ശിക്ഷ വിധിക്കുകയായിരുന്നു സെഷൻസ് കോടതി.
കേസിന് അപ്പീല്‍ പോവേണ്ട ഞാന്‍ മരിച്ചുകൊള്ളാം എന്ന് അച്ചന് വീട്ടിലേക്കെഴുതി. അച്ചന് തീര്‍ത്തും നിരപരാധിയാണെന്നു വിശ്വസിച്ചിരുന്ന സഭ നേതൃത്വം അച്ചനുവേണ്ടി അപ്പീല്‍ കൊടുക്കാന്‍ തീരുമാനിച്ചു. ശാസ്ത്രീയ പരീക്ഷണത്തില്‍ കുട്ടി അച്ചന്റേതല്ലെന്നു തെളിഞ്ഞിരുന്നു. ന്യായാധിപന്മാരായ പി.ടി. രാമൻ നായരും വി.പി. ഗോപാലനുമായിരുന്നു ആ ബെഞ്ചിലെ അംഗങ്ങൾ. നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാണെന്നു കരുതിയ അവർ, മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് 1967 ഏപ്രിൽ 7-ന് പുറപ്പെടുവിച്ച വിധിയിൽ, ബെനഡിക്ടിനെ വെറുതേ വിട്ടു.
മുടിയൂര്‍ക്കരയിലുള്ള വൈദികകേന്ദ്രത്തില്‍ വിശ്രമജീവിതം നയിച്ചുവന്ന ഫാദറിനെ തേടി 2000 ജനുവരി 14 നു (എഴുപതാം വയസില്‍) ഒരു ഡോക്ടരുടെ മക്കളായ കെ.കെ. തോമസ്, കെ.കെ. ചെറിയാന് എന്നിവരെത്തി. ഒരു എസ്റ്റേറ്റുടമയുടെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന മറിയക്കുട്ടി മരിച്ചത് അയാളുടെ ആവശ്യമനുസരിച്ച് ഡോക്ടർ നടത്തിയ ഗർഭഛിദ്രശസ്ത്രക്രിയയെ തുടർന്നായിരുന്നെന്ന് അവര്‍ ഫാ. ബനടിക്ടിനെ അറിയിച്ചു. സ്റ്റേറ്റുടമയും ഡോക്ടറും നേരത്തേ മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് കുടുംബത്തിൽ തുടരെ ഉണ്ടായിക്കൊണ്ടിരുന്ന അനിഷ്ടസംഭവങ്ങളിൽ ആത്മീയസാന്ത്വനം തേടി ഒരു കത്തോലിക്കാ നവീകരണകേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ ഡോക്ടറുടെ പത്നി ഭർത്താവിന്റെ കുറ്റം അവിടെ വെളിപ്പെടുത്തുകയും, തുടർന്നുകിട്ടിയ നിർദ്ദേശമനുസരിച്ച് ബെനഡിക്ടിനെ സന്ദർശിച്ച്, മറിയക്കുട്ടിയുടെ മരണപശ്ചാത്തലം വെളിപ്പെടുത്തി അദ്ദേഹത്തോട് മാപ്പിരക്കുകയുമാണത്രെ ഉണ്ടായത്. പിന്നീട് ഡോക്ടരുടെ പെണ് മക്കളും എത്തി മാപ്പിരന്നു. സത്യം വെളിപ്പെടുത്തിയിട്ടും അച്ചന് ഇതാരോടും പറഞ്ഞില്ല. 11 മാസങ്ങള്‍ക്ക് ശേഷം ഡോക്ടരുടെ കുടുംബം നടത്തിയ പത്രസമ്മേളനത്തിലൂടെ ലോകം സത്യമറിഞ്ഞു.
തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പിരന്നവരെ കുറ്റപ്പെടുത്താതെ ആശ്വസിപ്പിച്ചുവിടുകയാണ് അച്ചന് ചെയ്തത്. ഇതു കേള്‍ക്കാന്‍ എന്റെ അച്ചായന് ഇല്ലാതെ പോയല്ലോയെന്ന വിഷമം മാത്രം അവരോട് പറഞ്ഞു. 2001 ജനുവരി മൂന്നിന് 71-ാം വയസില്‍ അച്ചന് നിര്യാതനായി.
അപവാദ പ്രചാരണങ്ങള്‍ ഇനിയും നടക്കട്ടെ. സൈബര്‍ സെല്‍ ഭീഷണികളുമായി ഓണംകുളം അച്ചന് വരില്ല.
കത്തോലിയ്ക്കാ സഭയും വരില്ല. കേട്ടറിവിന്റെ പിന്‍ബലത്തില്‍ കഥകള്‍ എഴുതുന്ന സുഹൃത്തേ പേടിക്കെന്ടത് ആനയേയോ ആനപ്പിണ്ടതെയോ അല്ല സ്വന്തം മനസാക്ഷിയെ ആണ്. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല......