Monday, September 10, 2012

വർഗീസ് കുര്യന് ആദരാഞ്ജലികൾ

ഞാൻ വായിച്ചറിഞ്ഞിട്ടുള്ള വീരനായകന്മാരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ബഹുമാനിയ്ക്കുന്ന ആൾ ഡോ. വർഗ്ഗീസ് കുര്യൻ തന്നെയായിരിയ്ക്കണം. ഞാൻ ആവേശത്തോടെ വായിച്ചുതീർത്ത അപൂർവം ചില പുസ്തകങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ആത്മകഥ. ഒരു പക്ഷേ സോഷ്യലിസത്തിന്റെ ഏറ്റവും പ്രായോഗികവും ഉത്പാദനക്ഷമവുമായ ഒരു മുഖം ഇന്ത്യയ്ക്ക് കാട്ടിക്കൊടുത്തത് വർഗ്ഗീസ് കുര്യൻ തന്നെയായിരിയ്ക്കും. വ്യക്തികളിലും കമ്പനികളിലും കേന്ദ്രീകരിയ്ക്കപെടുന്ന പാശ്ചാത്യ കുത്തകവത്കരണത്തിനും ഗവർമെന്റിൽ അല്ലെങ്കിൽ പാർട്ടിയിൽ കേന്ദ്രീകരിക്കപ്പെടുന്ന കമ്യൂണിസ്റ്റ് സോഷ്യലിസത്തിനും ബദലായി ജനങ്ങളിലേയ്ക്ക് വികേന്ദ്രീകരിയ്ക്കപ്പെടുന്ന മുതലാളിത്തത്തെയും ജനങ്ങളിലേയ്ക്ക് വികേന്ദ്രീകരിയ്ക്കപ്പെടുന്ന സോഷ്യലിസത്തെയും ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയത് വർഗ്ഗീസ് കുര്യൻ ആയിരിയ്ക്കും.


ഒട്ടും താത്പര്യമില്ലാതിരുന്ന ഒരു മേഖലയിലേയ്ക്ക് ഒരു നേരമ്പോക്കിനെന്നോണം കടന്നുവരുകയും സ്നേഹപൂർവ്വമായ നിർബദ്ധങ്ങൾക്കു വഴങ്ങി അവിടെത്തുടരുകയും പിന്നീട് അതുവഴി ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റിമറിയ്ക്കുകയും ചെയ്തു വർഗ്ഗീസ് കുര്യൻ. അദ്ദേഹം ആരായിരുന്നു അദ്ദേഹം എന്തു ചെയ്തു എന്ന് പലരും പറയാൻ ഇടയുള്ളതുകൊണ്ട് അദ്ദേഹം ആരായില്ല അദ്ദേഹത്തിന് എന്തു ചെയ്യാനായില്ല എന്നു പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിയ്ക്കട്ടെ.

ഈ രംഗത്തേയ്ക്ക് വന്നില്ലായിരുന്നെങ്കിൽ അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച മെറ്റലേർജിറ്റുകളിൽ ഒരാൾ ആകുമായിരുന്നു അദ്ദേഹം. ഒരു പക്ഷേ നോബേൽ പുരസ്കാരം തന്നെ അദ്ദേഹത്തെ തേടിയെത്തിയേനേ.

അദ്ദേഹം അനുകൂലമായ ഒരു ആഗ്യം കാണിച്ചിരുന്നെങ്കിൽ കോൺഗ്രസ് അദ്ദേഹത്തെ രാഷ്ടീയത്തിലിറക്കുമായിരുന്നു. ഇന്ത്യയുടെ ഭക്ഷ്യമന്ത്രിയോ ധനമന്ത്രിയോ ആകാമായിരുന്നു. പക്ഷേ തന്റെ കർമ്മപഥങ്ങളെ പറ്റി തീർച്ചയുണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിന്റെ വഴി തിരഞ്ഞെടുത്തില്ല.

സ്വകാര്യലാഭമുണ്ടാക്കാവുന്ന ഒട്ടനവധി സാഹചര്യങ്ങൾ അദ്ദേഹത്തെ തേടിയെത്തി.  ഗ്രാമീണ ഭാരതത്തിന്റെ താത്പര്യത്തെ കരുതി അദ്ദേഹം സ്വകാര്യലാഭങ്ങൾക്കു കൂട്ടുന്നിന്നില്ല. അത്തരം താത്പര്യമുള്ള രാഷ്ട്രീയക്കാരെ തന്റെ മേഖലയിൽ അദ്ദേഹം അടുപ്പിച്ചുമില്ല.

ഉപ്പു നിർമ്മാണ സ്വാശ്രയ സംഘങ്ങൾ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ടാറ്റയുമായി മത്സരിയ്ക്കുക പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് തന്റെ സ്വപ്നം ഉപേക്ഷിയ്ക്കേണ്ടി വന്നു,

അമുൽ മാതൃകയിൽ വൈദ്യുതി ഉത്പാദന സഹകരണ സംഘങ്ങൾ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.  ഗുജറാത്ത് ഗവർമെന്റ് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു.

ഇന്ന് സ്വാശ്രയസംഘങ്ങൾ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്വാപിതതാത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു.  തിരഞ്ഞെടുപ്പുകളിൽ രാഷ്ടീയപ്പാർട്ടികൾ പാനലുകളെ അവതരിപ്പിയ്ക്കുന്നു. നമ്മുടെ സ്വാശ്രയസംഘങ്ങൾ ലാഭത്തിലാണോ? മിൽമ ലാഭത്തിലാണോ? എന്തുകൊണ്ട്?