Tuesday, January 12, 2016

ശബരിമലയിലേയ്ക്ക് സ്ത്രീകളും?!!

പല പോസ്റ്റുകളൂം എഴുതിപ്പോവുന്നതാണ്. സാഹചര്യം എന്നെ എഴുതാൻ പ്രകോപിപ്പിയ്ക്കുകയാണ്. ഇതും അങ്ങനെ തന്നെ. ഫെയിസ്ബുക്കിൽ എഴുതിയാൽ പിന്നീടൊരിയ്ക്കൽ തപ്പിപ്പിടിയ്ക്കാൻ പാടായതുകൊണ്ട് ഇത് ഇവിടെത്തന്നെ കിടക്കട്ടെ.

യഥാർത്ഥത്തിൽ ഇത് ശബരിമലയെക്കുറിച്ചല്ല. ശുദ്ധിയേയും അശുദ്ധിയേയും കുറിച്ചാണ്. ശബരിമല ഒരു നിമിത്തം മാത്രം.

പരമ്പരാഗതമായ എല്ലാ ദൈവാരാധാ സമ്പ്രദായങ്ങളിലും ഏറ്റവും പവിത്രമായി നിർവ്വഹിയ്ക്കപ്പെടണമെന്ന് നിഷ്കർഷിയ്ക്കുന്ന കാര്യമാണ് ദൈവാരാധന. അതിനു ചില ചിട്ടവട്ടങ്ങളും നിഷ്ടകളൂം ഒക്കെ ഉണ്ട്. അത് ഏതു മതത്തിലാണെങ്കിലും ശരി.

ശുദ്ധി-അശുദ്ധി വിചാരങ്ങൾ ബൈബിളിൽ
ഭക്ഷണത്തിലെ അശുദ്ധി: - മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും ശുദ്ധമാണ്. കുളമ്പു പിരിയുകയും അയവിറക്കുകയും ചെയ്യാത്തവ (മുയൽ, ഒട്ടകം, പന്നി) അശുദ്ധ ജീവികളാണ്. അവയെ ഭക്ഷിയ്ക്കുവാൻ പാടില്ല, അവയുടെ പിണം തൊടാനും പാടില്ല.  ചെതുമ്പലും ചിറകുമുള്ള ജലജീവികൾ ശുദ്ധമാണ്. അല്ലാത്തവ അശുദ്ധവും.  (ലേവ്യരുടെ പുസ്തകം 11 ആം അധ്യായം)

ആൺകുട്ടിയെ പ്രസവിച്ച സ്ത്രീ 7 ദിവസത്തേയ്ക്ക് അശുദ്ധയാണ്. 33 ദിവസം വരെ രക്തശുദ്ധീകരണത്തിനു കാത്തിരിയ്ക്കണം. പെൺകുട്ടിയെ പ്രസവിച്ച സ്ത്രീ 14 ദിവസത്തേയ്ക്ക് അശുദ്ധയാണ്. രക്തശുദ്ധീകരണത്തിന് 66 ദിവസം.

കുഷ്ടം അശുദ്ധിയാണ്, സ്ത്രീയ്ക്കും പുരുഷനും.

ആർത്തവരക്തം, ശുക്ലം എന്നിവ അശുദ്ധമാണ്.   ശുക്ലസ്രാവമുണ്ടാകുന്ന പുരുഷൻ ഒരു ദിവസത്തേയ്ക്കും ആർത്തവമുണ്ടാകുന്ന സ്ത്രീ 7 ദിവസമോ, സ്രവം നിലയ്ക്കുന്ന ദിവസമോ ഏതാണോ കൂടുതൽ അതു വരെ അശുദ്ധയാണ്.

അശുദ്ധമായവയെ തൊടുന്നവരും ഒരു ദിവസത്തേയ്ക്ക് അശുദ്ധരാണ്.  അശുദ്ധരായവരാരും ദേവാലയത്തിൽ പ്രവേശിയ്ക്കാൻ പാടില്ല.  അശുദ്ധിയുടെ കാലം കഴിഞ്ഞ് കുളിച്ചശേഷം മാത്രമേ വിശുദ്ധമായ സ്ഥലങ്ങളീൽ പ്രവേശിയ്ക്കുകയും വിശുദ്ധമായവയെ സ്പർശിയ്ക്കുകയും ചെയ്യാൻ പാടുള്ളൂ.

ശബരിമലയിലെ സ്ഥിതി
ശബരിമലയിൽ വ്രതമെടുത്തു പ്രവേശിയ്ക്കുന്ന സ്ഥലമാണ്.  41 ദിവസത്തേയ്ക് വ്രതം നോറ്റവർക്കു മാത്രമാണ് പ്രവേശനം. അങ്ങനെയൊരു വ്രതം യൗവ്വനയുക്തരായ സ്ത്രീകൾക്ക് അസാധ്യമായതുകൊണ്ടാണ് സ്ത്രീകൾക്ക് അവിടെ പ്രവേശിയ്ക്കാനാവാത്തത്.



പവിത്രമെന്നു മതം കരുതുന്നതിനെ പവിത്രമായി നിലനിർത്തുവാൻ മതത്തിനു ചില ചുറ്റുവട്ടങ്ങളുണ്ട്. അതുകൊണ്ടാണ് അശുദ്ധിയോടെ സ്ത്രീയും പുരുഷനും അവിടെ പ്രവേശിയ്ക്കരുതെന്നു പറയുന്നത്.  സ്ത്രീയുടേയും പുരുഷന്റെയും ശരീരശാസ്ത്രം വ്യത്യസ്ഥമായതുകൊണ്ട് അശുദ്ധിയുടെ കാലം വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്നു മാത്രം.

തൊട്ടുകൂടായ്മ
ദൈവത്തെ തൊടുന്നവർ മറ്റൊന്നിനെയും തൊട്ട് അശുദ്ധമാകാതിരിയ്ക്കാനുള്ള ശ്രമത്തിൽ നിന്നാവണം  തൊട്ടുകൂടായ്മയുടെ ആരംഭം. പൂജ ചെയ്യുന്നവർക്കു മാത്രം ബാധകമായിരുന്ന ഇത് പിന്നീട് ഒരു സമൂഹവ്യവസ്ഥയായി പരിണമിച്ചതാണ് അതിലെ ദുരന്തം.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ
ശബരിമലയിലെ സ്ത്രീപ്രവേശനം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വ്രതനിഷ്ടയുടേയും ഭാഗമാണ്. അതിനെ ലിംഗവിവേചനമായി കാണേണ്ടതില്ല. അവിടെ കോടതി ഇടപെടേണ്ടതുമില്ല. ഇതേ പോലെ തന്നെ ക്രിസ്തുമതത്തിൽ സ്ത്രീകളെ പുരോഹിതവൃത്തിയ്ക്ക് പരിഗണിയ്ക്കുന്നില്ല.  നാളെമുതൽ സ്ത്രീകൾക്ക് പൗരോഹിത്യം കൊടുക്കണമെന്നൊക്കെ കോടതി കല്പിയ്ക്കുവാൻ തുടങ്ങിയാൽ കഷ്ടമാവും സ്ഥിതി. അഹിന്ദുക്കളോടുള്ള വിവേചനം അവസാനിപ്പിച്ച്  ഗുരുവായൂരിൽ അഹിന്ദുക്കളെ പ്രവേശിപ്പിയ്കണമെന്നു പറഞ്ഞു കളയുമോ കോടതി??!! വ്രതം  നോക്കാത്തവരോടുള്ള വിവേവചനം അവസാനിപ്പിച്ച് വ്രതം നോക്കാത്തവരേയും ശബരിമലയിൽ പ്രവേശിപ്പിയ്ക്കണം എന്നു പറയുമോ എന്തോ?!