Saturday, May 14, 2016

മഞ്ഞളു പോലെ വെളുത്ത രാഷ്ട്രീയസദാചാരബോധം!

ആരോപിതൻ മറുവശത്താവുമ്പോൾ "രാഷ്ട്രീയസദാചാരബോധം" എന്ന വാക്കിന് അനന്തമായ സാധ്യതയാണ്. അരോപിതൻ സ്വന്തം ഭാഗത്തായിരിയ്കുമ്പോൾ "രാഷ്ട്രീയസദാചാരബോധം" ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയപ്പെടേണ്ടതും ആരോപണം രാഷ്ട്രീയമായി പ്രതിരോധിയ്ക്കപ്പെടേണ്ടതുമാണ്.

പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ മഞ്ഞപ്പത്രങ്ങൾ മുതൽ മുത്തശ്ശിപ്പത്രങ്ങൾ വരെയുള്ള അച്ചടി മാധ്യമങ്ങൾക്കും കാളപേറ്റെന്നു കേൾക്കുമ്പോൾ കയറുമായി ചെല്ലുന്ന ദൃശ്യമാധ്യമങ്ങൾക്കും ഉള്ള പങ്ക് അനിഷേധ്യമാണ്. നമ്പി നാരായണനെ കോടതി കുറ്റവിമുക്തനാക്കുന്നതിനു മുൻപ് പൊതു സമൂഹത്തിന്റെ നിലപാട് എന്തായിരുന്നു? ലാവ്‌ലിൻ കേസിൽ ഇപ്പോഴും പൊതുജനങ്ങളുടെ ഇടയിൽ പിണറായിയെക്കുറിച്ചുള്ള ധാരണ എന്താണ്? സി.ഐ.എ ബന്ധം ആരോപിയ്ക്കപ്പെട്ട അവസരത്തിൽ തോമസ് ഐസക്കിനെതിരെ പാർട്ടിയിൽ തന്നെ ഉണ്ടായ (അവർക്ക് സിഐ എ എന്താണെന്ന് അറിയണമെന്നു പോലുമില്ല) പൊതു ബോധം എന്താണ്?
സോളർ വിഷയത്തിൽ, ബാർ കോഴയിൽ കുറ്റാരോപിതർ കുറ്റവാളികളാണെന്ന നിഗമനത്തിൽ എത്തുവാൻ നിങ്ങളെ സഹായിയ്ക്കുന്ന ഉപകരണങ്ങൾ എന്തൊക്കെയാണ്? ഒന്നുമില്ല എങ്ങനെയൊക്കെയോ രൂപപ്പെടുന്ന പൊതുബോധം മാത്രം. അല്ലങ്കിൽ താൻ ആരുടെ പക്ഷത്താണെന്നുള്ള വ്യക്തമായ ധാരണ. ചായക്കടസല്ലാപത്തിനപ്പുറത്തുള്ള ഒരു ഗൃഹപാഠവും ആരും ചെയ്തിട്ടില്ല, ചെയ്യാൻ ഉദ്ദ്യേശിയ്ക്കുന്നുമില്ല.


ഓരോ വിഷയത്തിലും എന്റെ പക്ഷം ഞാൻ നിർണ്ണയിച്ചുകഴിഞ്ഞാൽ പിന്നെ ഒന്നുകിൽ പ്രതിരോധിയ്ക്കുവാൻ അല്ലെങ്കിൽ ആക്രമിയ്ക്കുവാൻ ന്യായം കണ്ടെത്തുക എന്നതു മാത്രമാണ് "നിഷ്പക്ഷ രാഷ്ട്രീയം". അതിനപ്പുറത്തുള്ള സത്യം ആർക്കും താത്പര്യമില്ലാത്ത "അരാഷ്ട്രീയ" ചരക്കുമാത്രമാണ്, ആരോപിതൻ അപ്പുറത്താണെങ്കിൽ പ്രത്യേകിച്ചും!

ഇതിന്റെ പരിണിത ഫലം കുറച്ചുകൂടെ കൗതുകകരമാണ്.  ഇലക്ഷൻ പ്രചരണവും രാഷ്ട്രീയവും   ബഹുരാഷ്ട്ര മാർക്കറ്റിംഗ് കമ്പനികൾക്ക്   ഔട്ട് സോർസ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് സംജാതമായിരിയ്ക്കുന്നത്. അതിന്റെ ആദ്യഘട്ടം പരീക്ഷിച്ചു വിജയം കണ്ടതാണ്. ഉൽപ്പന്നത്തിന്റെ മേന്മയ്ക്കു മുകളിൽ മാർക്കറ്റിംഗിന്റെ പരുന്തു പറന്നു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.  "ജനാധിപത്യം" ആ പരുന്തിന്റെ പിടിയിലമരുവാൻ ഇനി എത്രനാൾ എന്ന ചോദ്യമേ ബാക്കിയുള്ളൂ. നാളെ നിങ്ങൾ ആർക്കുവേണ്ടി വോട്ടു ചെയ്യണമെന്ന് ബഹുരാഷ്ട്ര കമ്പിനികൾ തീരുമാനിയ്ക്കും.