Tuesday, January 09, 2018

കൽദായവിരോധികൾക്ക് അറിയാത്തതോ പറയാത്തതോ!

Kiran Thomas ന്റെ ഫെയിസ്ബുക്ക് ചുമരിൽ ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തോടനുബന്ധിച്ച് 2008 തന്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയ അഭിമുഖം ചേർത്തിരുന്നു. ജോസഫ് പുലിക്കുന്നേൽ പിൻപറ്റിയിരുന്ന ചില അർദ്ധസത്യങ്ങളെ ഇപ്പോഴും ചിലർ നിത്യസത്യമായി പരിഗണിയ്ക്കുന്നതുകൊണ്ട് ഒരു വിശദീകരണം നന്നായിരിയ്ക്കും എന്നു കരുതുന്നു. കേരളത്തിലെ ക്രിസ്ത്യൻ സഭകളെ പരിചയപ്പെടുത്തിക്കോണ്ട് Jose Joseph Kochuparambil "കാണ്ഡം കാണ്ഡമായി" എഴുതിക്കോണ്ടിരിയ്ക്കുന്ന സമയമായതുകൊണ്ട് കിടക്കട്ടെ അതിന്റെ കൂടെ ഇതും.

https://hmmlorientalia.files.wordpress.com/2015/08/dca_62_110r.png

ജോസഫ് പുലിക്കുന്നേൽ പറയുന്നു "കേരളസഭയ്ക്ക് കല്‍ദായ പാരമ്പര്യം ഇല്ല. ഈ കല്‍ദായസഭ രൂപംകൊള്ളുന്നത് 16-ആം നൂറ്റാണ്ടിലാണ് എന്നോര്‍ക്കുക. 4- ആം നൂറ്റാണ്ടിനുമുമ്പ് രൂപംകൊണ്ട കേരളത്തിലെ ക്രൈസ്തവസഭയുടെമേല്‍ 16-ആം നൂറ്റാണ്ടില്‍ രൂപംകൊണ്ട കല്‍ദായസഭയുടെ ആരാധനക്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ കെട്ടിവെയ്ക്കുകയായിരുന്നു."

കൽദായ എന്താണെന്നറിഞ്ഞില്ലെങ്കിൽ ഈ പുലിക്കുന്നേൽ ട്രാപ്പിൽ വീണു പോകും. അതുകൊണ്ട് കൽദായ എന്താണെന്ന് ആദ്യം പറയാം.

കൽദായ എന്നപേരിൽ ഒരു പ്രദേശമുണ്ട്. പൂർവ്വപിതാവായ അബ്രാഹാം കൽദായക്കാരുടെ ദേശമായ ഊറിൽ നിന്ന് ഉള്ളയാളെന്നാണ് വേദപുസ്തകം പരിചയപ്പെടുത്തുന്നത്. കൽദായ ഒരു ഗോത്രമാണ്, അവർ അധിവസിച്ചിരുന്ന പ്രദേശമാണ് ബി.സി 1500 കാലഘട്ടം മുതൽ ഏതാണ്ട് ക്രിസ്തുവർഷത്തിന്റെ ആരംഭം വരെ.

ഈശോമിശിഹായുടെ ഭാഷ അറമായ എന്നാണ് നിഗമനം. ഗ്രീക്കിൽ എഴുതപ്പെട്ട മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള അറമായ വാചകങ്ങൾ ഇതിനു തെളിവാണ്. അറമായ എന്നത് അറമായ ഭാഷയ്ക്ക് സെമറ്റിക്ക് ഭാഷകളിൽ പറയുന്ന പേരാണെങ്കിൽ സിറിയക്ക് എന്നാണ് ഇതേ ഭാഷയ്ക്ക് ഗ്രീക്കിൽ പറയുക. ഹീബ്രു ബൈബിൾ ഗ്രീക്കിലേയ്ക്ക് ബി.സി മൂന്നാം നൂറ്റാണ്ടിൽ തർജ്ജമ ചെയ്യപ്പെട്ടപ്പോൾ അരാം എന്നു ഹീബ്രുവിൽ വിളിയ്ക്കപ്പെട്ടിരുന്ന പ്രദേശം സിറിയ എന്നും അറമായ ഭാഷയെ സിറിയക് എന്നും അറമായൻ എന്നാതിനെ സിറിയൻ എന്നും വിളിച്ചു. അങ്ങനെ അറമായ ഭാഷയെ സിറിയക്ക് അഥവാ സുറിയാനി എന്നു വിളിയ്ക്കുവാൻ തുടങ്ങി. നാലാം നൂറ്റാണ്ടോടെ സുറിയാനി ഭാഷ ഗ്രീക്ക് ഭാഷയുമായി ചേർന്ന് പാശ്ചാത്യ സുറിയാനി രൂപം ഉണ്ടായി. അതോടെ നിലവിലുണ്ടായിരുന്ന സുറിയാനി പൗരസ്ത്യ സുറിയാനി എന്നു വിളിയ്ക്കപ്പെട്ടു.പാശ്ചാത്യ സുറിയാനി സെർത്താ, മാറോനീത്താ, യാക്കോബായ, പ്ശീത്താ എന്നൊക്കെ പേരുകളുണ്ട്. അതുപോലെ തന്നെ പൗരസ്ത്യ സുറിയാനിയ്ക്ക് കൽദായ, നെസ്തോറിയൻ, അസ്സീറിയൻ എന്നൊക്കെ പേരുകളുമുണ്ട്.

അതായത് കൽദായ എന്നത് ക്രിസ്തുവിനു മുൻപ് ഒരു പ്രദേശം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് ഒരു സുറിയാനീ ലിപി കൂടിയാണ്.

തോമാ ശ്ലീഹായാണ് ഇന്ത്യയിലും പേർഷ്യയിലും ക്രിസ്തുമതം പ്രചരിപ്പിച്ചത് എന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. എ.ഡി നാലാം ദശകത്തിൽ പേർഷ്യയിലും അതിനു ശേഷം ആറാം ശതകം മുതൽ (50-72) ഇന്ത്യയിലും പ്രവർത്തിച്ചതായി പാരമ്പര്യം സാക്ഷിയ്ക്കുന്നു. പേർഷ്യൻ ചക്രവർത്തിയായിരുന്ന സൈറസിന്റെ കാലം മുതൽ പശ്ചിമേഷ്യയുടെ ഭാഷ സുറിയാനി ആയിരുന്നു. അതോടൊപ്പം പൂർവ്വ ഏഷ്യയിലെ കച്ചവട ഭാഷയും. ദ്രാവിഡ ഭാഷകളിലെ സുറീയാനീ സ്വാധീനം പരിശോധിച്ചാൽ ഇത് ഏറെക്കുറെ വ്യക്തമാവുന്നതാണ്. അശോകന്റെ ശാസനങ്ങൾ സുറീയാനിയിലും (അറമായ) എഴുതപ്പെട്ടിരുന്നതുകൊണ്ട് സുറിയാനിയ്ക്ക് പൂർവ്വ ഏഷ്യയിലെ സ്വാധീനം വ്യക്തമാണ്.പശ്ചിമേഷ്യയേയും പൂർവ്വ ഏഷ്യയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയായി വർത്തിച്ചിരുന്നത് ദക്ഷിണേന്ത്യയാണ്. കറാച്ചി, കച്ച്, കല്യാൺ, കൊങ്കൺ, മലബാർ തീരങ്ങളിലെല്ലാം യഹൂദ കൂടിയേറ്റം ബീസി 10 ആം നൂറ്റാണ്ടുമുതൽ നടന്നിരുന്നതായും ഇവിടങ്ങളീലെല്ലാം അറമായ പ്രയോഗത്തിലിരുന്നതായും ചരിത്രകാരന്മാർ പറയുന്നുണ്ട്.

ക്രൈസ്തവ ദൈവാരാധാ സമ്പ്രദായങ്ങളെല്ലാം (പ്രൊട്ടസ്റ്റന്റ് സഭകൾ ഒഴിച്ച്) തന്നെ യഹൂദ ദൈവാരാധനയുടെ ചുവടുപിടിച്ച് രൂപം കൊണ്ടവയാണ്. അവയിൽ തന്നെ പൗരസ്ത്യ സുറിയാനി സമ്പ്രദായത്തിന് യഹൂദ ദൈവാരാധനയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ക്രൈസ്തവ ദൈവാരാധനയെ പരാമർശിയ്ക്കുമ്പോൾ മനസിലാക്കേണ്ട മറ്റൊരു കാര്യം അവയൊന്നും സുറീയാനി ഒഴിച്ച് പ്രാദേശിക ഭാഷകളിൽ അല്ല രൂപം കൊണ്ടത് എന്നുമാണ്. സുറിയാനിയിൽ രൂപം കൊണ്ട ആദ്യകാല ആരാധാനാ സമ്പ്രദായങ്ങൾ പ്രാദേശിക ഭാഷകളിലേയ്ക്ക് യഥാക്രമം ഗ്രീക്ക്, കോപ്റ്റിക്, അർമ്മേനിയൻ, ലത്തീൻ ഭാക്ഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെടൂകയും പിന്നീട് സ്വതന്ത്രമായും കൊടുക്കൽ വാങ്ങലുകളിലൂടെയും ഒരു നിയത രൂപത്തിലേയ്ക്ക് എത്തുകയുമാണ് ഉണ്ടായിട്ടുള്ളത്.

അതുകോണ്ടു തന്നെ കേരളത്തിലോ ഇന്ത്യയിൽ എവിടെയെങ്കിലുമോ ഒരു പ്രാദേശിക ഭാഷയിൽ ക്രൈസ്തവ ദൈവാരാധന രൂപം കൊള്ളുക അസാധ്യമാണ്. സുറീയാനി യഹൂദരുടെ പശ്ചിമ ഇന്ത്യയിലെ സ്വാധീനം പരിഗണിയ്ക്കുമ്പോൾ സുറീയാനി ആരാധനാക്രമത്തിനു തന്നെയാണ് സാധ്യത ഉള്ളതും. തികച്ചും വൈദേശികമായ ഒരു ഭാഷയിലെ ദൈവാരാധനാ സമ്പ്രദായം ഒരു സമൂഹത്തിനു മേൽ അടിച്ചേൽപ്പിയ്ക്കുക ഏറെക്കുറെ അപ്രായോഗികമാണ്. അതുകൊണ്ടു തന്നെ സുറീയാനി യഹൂദരെ ഉദ്ദ്യേശിച്ച് സുറിയാനി ആരാധാനാക്രമം രൂപം കൊണ്ടു എന്നും, പശ്ചിമേഷ്യയിലെ സുറീയാനി ക്രൈസ്തവ സമൂഹവുമായും പ്രാദേശികമായ അക്രൈസ്തവവിഭാഗങ്ങളൂമായും ഉള്ള കൊടുക്കൽ വാങ്ങലുകളിലൂടെ 16 ആം നൂറ്റാണ്ടു വരെ - യൂറോപ്യൻ കോളനി വത്കരണം വരെ ഈ സഭ നില നിന്നു എന്നുമാണ് യുക്തി സഹമായി എത്തിച്ചേരാവുന്ന നിഗമനം.

തോമാ ശ്ലീഹായിലൂടെ പേർഷ്യയിലും ഇന്ത്യയിലും തോമാ ശ്ലീഹായുടെ ശിഷ്യന്മാരായ അദ്ദായി-മാറി ശ്ലീഹന്മാരിലൂടെ ഇറക്കിലും പൗരസ്ത്യ സുറിയാനി/അഥവാ കൽദായ സുറിയാനി ആരാധനാ സമ്പ്രാദായത്തിന്റെ ആദിമരൂപം നിലവിൽ വരികയും കൊടൂക്കൽ വാങ്ങലുകളിലൂടെ വളരുകയും ചെയ്തു.

നാലാം നൂറ്റാണ്ടോടെ ഈ സഭയുടെ മുഴുവൻ നേതൃസ്ഥാനത്തേയ്ക്ക് പേർഷ്യയുടെ എതിർപ്പിനെ അവഗണീച്ചുകൊണ്ട് ഒരു പൗരസ്ത്യ സുറിയാനി പാത്രിയർക്കീസ് വരികയും കാല ക്രമത്തിൽ പേർഷ്യയിലേയും ഇന്ത്യയിലേയും സഭ ഈ പാത്രിയർക്കീസിനു കീഴിലാവുകയും ചെയ്തു. പിന്നീട് വന്ന പാത്രിയർക്കീസു മാരുടെ ശ്രമ ഫലമായി ആരാധനാക്രമങ്ങളിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കി പൗരസ്ത്യ സുറീയാനീ സഭകളിൽ ആകമാനം ഒരേ ആരാധനാക്രമം നിലവിൽ വരികയും ചെയ്തു.

16 ആം നൂന്റാണ്ടീൽ പശ്ചിമേഷ്യയിലെ സഭ പിളരുകയും അതിൽ ഒരു വിഭാഗം റോമുമായി ഐക്യപ്പെടൂകയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ റോമുമായി ഐക്യത്തിലുണ്ടായിരുന്ന സഭ റോമുമായി അകലുകയും അതേ സമയം മറ്റേ വിഭാഗം റോമ്മുമായി അടുക്കുകയും ചെയ്തു. ഇപ്പോൾ റോമുമായി ബന്ധമുള്ള ഈ പശ്ചിമേഷ്യയിലെ പൗരസ്ത്യ സുറീയാനി സഭയെ കൽദായ സഭ എന്നാണ് വിളിയ്ക്കുന്നത്. കാരണം അവർ കൽദായ സുറിയാനിയാണ് ഭാഷയായി ഉപയോഗിയ്ക്കുന്നത്. അതേ സമയം ഇന്ത്യയിലെ പൗരസ്ത്യ സുറീയാനിക്കാർ തങ്ങളെ മാർ തോമാ നസ്രാണികൾ എന്നാണു വിളിച്ചിരുന്നത്. ഉദയമ്പേരൂരിന്റെ കാനോനകളീൽ എല്ലാം ഇങ്ങനെ തന്നെയാണ് പരാമർശിയ്ക്കപ്പെടുന്നതും.

ചുരുക്കത്തിൽ കൽദായ എന്നത് ഒരു പ്രദേശമാണ്, ഒരു ലിപി ആണ്, ഒരു ക്രൈസ്തവ സഭാവിഭാഗമാണ്. കേരളത്തിലെ മാർ തോമാ നസ്രാണികളൂം, പശ്ചിമേഷ്യയിലെ പൗരസ്ത്യ സുറീയാനീ സഭയും, ആ സഭയിൽ നിന്ന് 16 ആം നൂറ്റാണ്ടീൽ രൂപം കൊണ്ട കൽദായ സഭയും ഒന്നാം നൂറ്റാണ്ടുമുതൽ കൽദായ സുറിയാനി ആണ് ആരാധനാക്രമ ഭാഷയായി ഉപയോഗിച്ചു പോന്നിരുന്നത്. ഈ ആരാധാനാക്രമം നാലാം നൂറ്റാണ്ടോടെ നിയത രൂപം പ്രാപിയ്ക്കുകയും 7 ആം നൂറ്റാണ്ടോടെ ഏകീകരിയ്ക്കപ്പെടുകയും ചെയ്തു.

അപ്പോൾ വിഷയത്തിലേയ്ക്ക് വന്നാൽ, കൽദായ സഭ രൂപം കൊള്ളുന്നത് 16 ആം നൂറ്റാണ്ടിലാണ് എന്നത് സാങ്കേതിക അർത്ഥത്തിൽ ശരിയാണ്. പക്ഷേ കൽദായ അഥവാ പൗരസ്ത്യ സുറിയാനീ ആരാധാനാക്രമം രൂപം കൊള്ളൂന്നത് ഒന്നാം നൂറ്റാണ്ടിലാണ്. അത് പക്വമാവുന്നത് നാലാം നൂറ്റാണ്ടിലും ഏകീകരിയ്ക്കപ്പെടുന്നത് 7 ആം നൂറ്റാണ്ടിലുമാണ്. അതുകൊണ്ട് 16-ആം നൂറ്റാണ്ടില്‍ രൂപംകൊണ്ട കല്‍ദായസഭയുടെ ആരാധനക്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ കെട്ടിവെയ്ക്കുകയായിരുന്നു എന്ന പുലിക്കുന്നേലിന്റെ വാദം ചരിത്രപരമായി ശരിയല്ല. ചില ആരാധനാക്രമ നിലപാടുകളെ കൽദായ വത്കരണം എന്ന ലേബലിൽ കാണുന്നവർ മനസിലാക്കേണ്ടത് അതു 16 ആം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു സഭയെക്കുറിച്ചല്ല മറിച്ച് കൽദായ സുറീയാനി എന്നറിയപ്പെടുന്ന പൗരസ്ത്യ സുറീയാനി ലിപിയെക്കുറിച്ചാണ് എന്നാതാണ്.