Tuesday, December 20, 2016

മാതാ ഹരിയുടെ അന്ത്യത്താഴം

സഭയോടും സീറോ മലബാർ സഭയുടെ പൗരസ്ത്യസുറിയാനീ പാരമ്പര്യത്തോടും, സുറിയാനീ ഭാഷയോടും സ്നേഹവും ബഹുമാനവും ഉള്ള ഒരു വിശ്വാസിയാണ് ഞാൻ. പലതവണ, പലതവണ എഴുതണം എന്നു കരുതിയിട്ട് വേണ്ടെന്നു വച്ച ഒന്നാണ് ഈ പോസ്റ്റ്. സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവരുടെ അപക്വവും, തെറ്റിദ്ധാരണാജനകവും ആപൽകരവുമായ പ്രതികരണങ്ങളിൽ മനം നൊന്തിട്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടി വരുന്നത്.
മനോരമയുടെ ഒരു മാസ് വായനക്കാർക്കു വേണ്ടിയുള്ളതല്ലാത്ത, സാധാരണവായക്കാർക്കു ദഹിയ്ക്കാത്ത, കച്ചവട സാധ്യതകുറഞ്ഞ പ്രസിദ്ധീകരണമാണ് ഭാഷാപോഷിണി. അതിൽ വന്ന മാതാഹരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള നാടകത്തിന്റെ ചിത്രീകരണം തത്പരകക്ഷികൾ വിവാദമാക്കിക്കഴിഞ്ഞു. കച്ചവട സംരക്ഷണാർത്ഥം മനോരമ ചിത്രം പിന്വലിച്ച് മാപ്പു പറഞ്ഞു. സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ ജോർജ്ജ് ആലഞ്ചേരി തന്റെ പദവിയ്ക്കൊത്ത നിലപാടെടുത്തത് ശ്രദ്ധേയമായി. എങ്കിലും വിവാദം അടങ്ങിയിട്ടിട്ടില്ല.
ചിത്രീകരണത്തിന്റെ സാംഗത്യത്തിലേയ്ക്ക് വരാം. ഒരു കന്യാസ്ത്രീമഠത്തിൽ കന്യാസ്തീകൾക്കൊപ്പം ഭക്ഷണം കഴിയ്ക്കുന്ന അർദ്ധനഗ്നയായ യുവതിയാണ് വിവാദകേന്ദ്രം. ഈ ചിത്രീകരണത്തിന്റെ സാംഗത്യവും
ഔചിത്യവും പറയുകയാണ് ഈ പോസ്റ്റിന്റെ ലക്ഷം.
1. ആരാണ് മാതാ ഹരി. എപ്രകാരമാണ് എറ്റവും യോജിച്ച രീതിയിൽ മാതാ ഹരിയെ ചിത്രീകരിയ്ക്കുക.
മാതാഹരി എന്ന സ്ത്രീ Margaretha Geertruida "Margreet" MacLeod എന്നു പേരുള്ള ഒരു ഡച്ചുകാരിയാണ്. സമ്പന്നമായ ബാല്യത്തിനു ശേഷം പരാജയപ്പെട്ട ഒരു ദാമ്പത്യത്തിനു ശേഷം കടുത്ത ദാരിദ്രത്തിലാവുകയും മാദക നർത്തകത്തകയായിത്തീരുകയും ചെയ്തു. അക്കാലത്ത് സ്വീകരിച്ച പേരാണ് മാതാ ഹരി. ഇത് ഒരു ഇന്തോന്യേഷ്യൻ പേരാണ്. (സംസ്കൃതത്തിലുള്ള മാതാ, ഹരി പദങ്ങളുമായി ബന്ധമൊന്നുമില്ല) നഗ്നതപ്രദർശിപ്പിച്ചു തന്നെയാണ് അവർ പ്രശസ്ത്രയായത്. ഗൂഗിളിൽ അന്വേഷിച്ചാൽ കണ്ടെത്താം. അതുകൊണ്ടൂ തന്നെ മാതാ ഹരിയുടെ അർദ്ധ നഗ്നതയാണ് എന്തുകൊണ്ടും നീതികരിയ്ക്കപ്പെടാം. ചിത്രകാരൻ ചരിത്രത്തോടു നീതി പുലർത്തി, കഥാപാത്രത്തോടും.
2. കന്യാസ്ത്രീകൾ എങ്ങനെ വന്നു??
ഒന്നാം ലോക മഹായുദ്ധകാലത്ത് ജർമ്മനിയ്ക്കുവേണ്ടി ചാരവൃത്തി നടത്തി എന്ന പേരിൽ മാതാ ഹരിയെ ഫ്രഞ്ചു സൈന്യം അറസ്റ്റു ചെയ്തു. അവരെ വെടിവച്ച് കൊല്ലുകയായിരുന്നു. വധശിക്ഷനടത്തുന്നതിനു മുൻപ് അവരെ ഒരു കന്യാസ്ത്രീമഠത്തിലാണ് പാർപ്പിച്ചത്. ആ നിലയ്ക്കാണ് കന്യാസ്ത്രീകൾ ആ ചിത്രത്തിലേയ്ക്ക് കടന്നു വരുന്നത്.
3. അന്ത്യത്താഴം??
ഡാവിഞ്ചിയുടെ പ്രശസ്ത്രമായ കലാസൃഷ്ടിയാണ് അന്ത്യത്താഴം. ഇത് ഒരു കലാസൃഷ്ടിയാണ് എന്നതാണ് ഒന്നാമതായി മനസിലാക്കേണ്ടത്. അതായത് ക്രിസ്ത്യൻ ഐക്കണോഗ്രാഹിയുടെ സൂക്ഷ്മതയോ നിഷ്ഠയോ പുലർത്തതെയുള്ള ചിത്രീകരണം. അതുകൊണ്ട് തന്നെ അതിനെ ഒരു ഐക്കൺ എന്ന നിലയിൽ ഉപയോഗിയ്ക്കുവാൻ പാടില്ല. എങ്കിലും പ്രശസ്തമായതുകൊണ്ടു തന്നെ ക്രിസ്ത്യൻ പ്രാർത്ഥനാലയങ്ങളിലും, ഊണുമുറികളിലും അന്ത്യത്താഴം സ്ഥാനം പിടിച്ചു.
എന്തു കൊണ്ട് അന്ത്യത്താഴത്തെ മാതാ ഹരിയുടെ ചിത്രത്തിലേയ്ക്ക് കൊണ്ടു വരുന്നു? മാറ്റാ ഹരിയുടെ അത്താഴം അവരുടെ വധശിക്ഷയ്ക്കു മുൻപെയുള്ള അത്താഴമാണെന്നു ധ്വനിപ്പിയ്ക്കുവാൻ കലാകാരൻ ഉപയോഗിച്ച മാർഗ്ഗമാണ് ഡാവിഞ്ചിയുടെ അന്ത്യത്താഴവുമായി സാമ്യമുണ്ടാക്കുക എന്നത്.
4. എന്തിനാണ് ഇത്രയും വിവാദ കോലാഹലങ്ങൾ??
അന്ത്യത്താഴം എന്നത് പലരും പലതിനും പലതവണ അനുകരിച്ചിട്ടുള്ള ചിത്രമാണ്. അത് കലാകാരന്റെ സ്വാതന്ത്രമാണ്. ഈ ചിത്രത്തിൽ കലാകാരൻ ചിത്രീകരിയ്ക്കുന്ന നഗ്നതയിലും പ്രതിഷേധിയ്ക്കേണ്ടതായി ഒന്നുമില്ല. നഗ്നത അശ്ലീലമാവാം, ഉചിതവുമാവാം. അത് സാഹചര്യത്തെ ആശ്രയിച്ചിരിയ്ക്കും. അത് വിവേചിയ്ക്കാനറിയാത്തവർ കലാസൃഷ്ടിയെ വിലയിരുത്താൻ തുനിയരുത്. അന്ത്യത്താത്തിന്റെ അനുകരണങ്ങൾ ഇനിയുമുണ്ടാവും. അതിൽ അന്ത്യത്താഴത്തെ അവഹേളിയ്ക്കുന്നതുണ്ടാവും, ക്രിയാത്മകമായി അനുകരിയ്ക്കുന്നതുമുണ്ടാവും. അവഹേളനങ്ങളെ തിരിച്ചരിയാനുള്ള പക്വത സഭാനേതൃത്വത്തിനുണ്ടാവണം.
ദൈവം മനുഷ്യനെ നഗ്നനായാണു സൃഷ്ടിച്ചത് - സ്ത്രീയേയും പുരുഷനേയും. തന്റെ സൃഷ്ടികളെല്ലാം മനോഹരമാണെന്നു ദൈവം കണ്ടു. നഗ്നത അതിനാൽ തന്നെ മോശമോ തിന്മയോ അല്ല എന്നുകൂടെ ഓർമ്മിപ്പിച്ചുകൊണ്ടും അനാവശ്യമായി തെരുവിലിറങ്ങിയ വിശ്വാസികളോടും അവരെ ഇറങ്ങാൻ പ്രേരിപ്പിച്ച വൈദീകരോടും, ചിത്രം പിന്വലിച്ച് മാപ്പു പറഞ്ഞ മനോരമയോടും എന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിയ്ക്കുന്നു.
ഈശോയിൽ സ്നേഹപൂർവ്വം,
ജോജൂ ജോർജ്ജ് ജേക്കബ്.
(നേരിട്ട് തെറിവിളിച്ച് വിശ്വാസം പ്രകടിപ്പിയ്ക്കേണ്ടവർക്ക് ഫോൺ നമ്പർ ലഭ്യമാക്കാം.)

1 comment:

സുധി അറയ്ക്കൽ said...

തീർച്ചയായും നല്ല ഒരു പ്രതികരണം.