സ്വാശ്രയത്തെക്കുറിച്ച് വീണ്ടും ഒരു പോസ്റ്റ് ആഗ്രഹിച്ചതല്ല. എങ്കിലും ഇത്ര നിഷ്കളങ്കമായി ഇങ്ങനെ "ഒരു കൊച്ചു സംശയം" ചോദിച്ചാല്‍ സ്വാശ്രയമെന്ന് എവിടെക്കണ്ടാലും കേറി വീഴുന്ന ഞാന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിയ്ക്ക് മനസമാധാനം കിട്ടുമോ.
ആഗസ്റ്റ് അഞ്ചിനിട്ട പോസ്റ്റല്ലേ...അവിടെ ചൂടാറി എന്നു തോന്നുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ.
ബാബുരാജ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:- “വാങാന് ആളുള്ളതു കൊണ്ടാണ് അവറ്ക്ക് ആ വിലയ്ക്ക് വില്ക്കാന് പറ്റുന്നത്“.
വളരെ ശരിയാണ്. ഇതുതന്നെയാണ് സ്വാശ്രയ ഫീസ് ഉയര്‍ന്നു നില്‍ക്കാനുള്ള കാരണവും.
ഡിമാന്റ് കൂടുമ്പോള്‍ വിലയും കൂടും. വളരെ ലളിതമായ സാമ്പത്തിക ശാസ്ത്രം.
എന്തുകൊണ്ടാണ് ഡിമാന്റ് കൂടുന്നത്?
ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ കേരളം എന്ന ജോബ് മാര്‍ക്കറ്റ് മുന്നില്‍ കണ്ടല്ല നിലനില്‍ക്കുന്നത്. ആഗോളതലത്തില്‍ വിദഗ്ദരുടെ ആവശ്യം ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള സേവന-സാങ്കേതിക കോഴ്സുകളുടെ ഫീസ് ഉയര്‍ന്നു തന്നെ നില്ക്കും.
ഐ.ടി പ്രൊഫഷണല്‍സിന്റെ കാര്യമെടുക്കാം. ആഗോളതലത്തിലെ സോഫ്റ്റ് വെയര്‍ വിപണി പരിഗണിയ്ക്കപ്പെടുന്നില്ലായിരുന്നില്ലെങ്കില് ഒരു ശരാശരി ഐ.ടി പ്രൊഫഷണലിന്റെ ശമ്പളം ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ സാധാരണ ശമ്പളത്തിനപ്പുറം പോവേണ്ടകാര്യമില്ല. പല കമ്പിനികളിലും ഒരു ക്ലാര്‍ക്കിന്റെ വൈദഗ്ദ്യത്തിനപ്പുറമുള്ള മികവൊന്നും ഇവരില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നുമില്ല.പക്ഷേ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് സ്ഥിതി വ്യത്യസ്ഥമാക്കുന്നു. അമേരിയ്ക്കയിലോ മറ്റു വികസിത രാജ്യങ്ങളിലോ ലഭ്യമായതിന്റെ പത്തിലൊന്നു ചിലവില്‍ മൂന്നാം ലോകരാജ്യങ്ങളിലെ മാനവവിഭവം ലഭ്യമാണ്, മികവില്‍ കാര്യമായ ഒത്തുതീര്‍പ്പിനു വഴങ്ങാതെ തന്നെ. അതേ സമയം ഈ പത്തിലൊന്നു ചിലവ് എന്നത് മൂന്നാം ലോകരാജ്യങ്ങളിലെ മികച്ച ശമ്പളമായി കരുതപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് മുപ്പതിനായിരവും നാല്പ്പതിനായിരവും ഒരു ഐ.ടി വിദഗ്ദനു കൊടുക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നു. അതുകൊണ്ടു തന്നെ അത്തരം കോഴ്സുകള്‍ക്ക് ആവശ്യക്കാരുണ്ടാവുന്നു. ക്രമേണ കോഴ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും തത്തുല്യമായ ശമ്പളം കൊടുക്കേണ്ടിവരുന്നു. വിദ്യാഭ്യാസത്തിന്റെ ചിലവു വര്‍ദ്ധിയ്ക്കുന്നു. പലപ്പോഴും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നല്‍കുന്നതിന്റെ ഇരട്ടിയിലധികമാണ് ഒരു സ്വകാര്യസ്ഥാപനത്തില്‍ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെടുക. (ഇവിടെയും ഡിമാന്റ്-സപ്ലേ തത്വങ്ങള്‍ ബാധകമാണ്. നേഴ്സുമാര്‍ ധാരാളമുള്ളതുകൊണ്ട് കേരളത്തില്‍ നേഴ്സുമാര്‍ക്ക് കിട്ടുന്ന ശമ്പളം തുശ്ചമാകുന്നു, നേഴ്സുമാര്‍ കുറവുള്ള രാജ്യങ്ങളില്‍ വലിയ ശമ്പളം ലഭിയ്ക്കുന്നു).
മെഡിക്കല്‍ രംഗത്തും സംഭവിയ്കുന്നതു മറ്റൊന്നല്ല.25 ലക്ഷമോ 30 ലക്ഷമോ മുടക്കി എം.ബി.ബി.എസ് പഠിയ്ക്കുന്ന ഒരാള്‍ കേരളത്തിലെ രോഗികളെ “പിഴിഞ്ഞു” അതൊക്കെ തിരിച്ചുപിടിയ്ക്കാം എന്നു കരുതിയാല്‍ അതുമണ്ടത്തരമാണ്, അല്ല അങ്ങനെ ചിന്തിച്ചാണ് അവര്‍ കോഴ്സിനു ചേരുന്നത് എന്നു കരുതിയാല്‍ അതും മണ്ടത്തരമാണ്. കഴിവതും ഉപരിപഠനാര്‍ത്ഥമോ അല്ലാതെയോ അക്കരപറ്റുകയും കഴിയുമെങ്കില്‍ അവിടെത്തന്നെ കൂടുകയും ചെയ്യണമെന്നു കരുതുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇത്തരം സാധ്യതകളാണ് മെഡിക്കല്‍ കോഴ്സിന്റെ ഡിമാന്റും ക്രമേണ ഫീസും ഉയരുന്നതിനു കാരണമാവുന്നത്.
ഉദാഹരണത്തിനു അമേരിക്കയിലെ ഡോക്ടര്‍മാരുടെ വാര്‍ക്ഷിക ശമ്പളം ഒരു ലക്ഷം യു.എസ് ഡോളറിനു മുകളിലാണ്. ശരാശരി ശമ്പളം ഏതാണ്ട് രണ്ടരലക്ഷത്തിനടുത്തുവരും. ഒരു ലക്ഷം ഡോളര്‍ എന്നു കണക്കാക്കിയാല്‍ തന്നെ 40ലക്ഷം ഇന്ത്യന്‍ റുപ്പിയ്ക്കു മുകളിലായി.
ഡോക്ടര്‍മാരുടെ മാത്രം കാര്യമല്ല നേഴ്സിംഗിന്റെയും ആകര്ക്ഷണീയത വിദേശത്തുള്ള സാധ്യതയാണ്. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ സ്വകാര്യമേഖലയില്‍ രണ്ടായിരം മൂവായിരം മാത്രമൊക്കെ ശമ്പളം കിട്ടാവുന്ന ജോലിയ്ക്ക് അമ്പതിനായിരവും അറുപതിനായിരവും കൊടുത്ത് ആള്ക്കാര് ചേരുമോ?
അതുകൊണ്ട് കണ്ണുമടച്ച് സ്വശ്രയക്കോളേജില് പഠിച്ചവര്‍ക്കെല്ലാം ജനങ്ങളെ പിഴിയുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല എന്ന നിഗമനത്തിലെത്താതെ ഇങ്ങനെയുള്ള സാധ്യതളെക്കുറിച്ചും മനസിലാക്കാന്‍ ശ്രമിയ്ക്കുക.
ഇത്തരം സാധ്യതകളില്ലാതായിക്കഴിയുമ്പോള് ഡിമാന്റു കുറയും, ആനുപതികമായി അധ്യാപകരുടെ ശമ്പളം കുറയും, മറ്റു ചിലവുകള്‍ കുറയും, സ്വാശ്രയവിദ്യാഭ്യാസത്തിന്റെ ചിലവു കുറയും, ഫീസും കുറയും. സാധ്യതകളുള്ളീടത്തോളം കാലം നേരേ തിരിച്ചും സംഭവിയ്ക്കും.
ലഭ്യമായ ചില സ്ഥിതിവിവരക്കണക്കുകള്‍:
"Among developing countries, India is the biggest exporter of trained physicians
with India-trained physicians accounting
for about 4.9% of American physicians and 10.9% of British physicians.
10"