Wednesday, October 07, 2015

ശ്രീനിവാസനാരാ ക്യാൻസറിനെപ്പറ്റിപ്പറയാൻ!

ശ്രീനിവാസൻ ഈയിടെ ഒരു ചാനലിനു നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണാനിടയായി. തന്റെ അടുത്ത സിനിമയെ വിജയിപ്പിയ്ക്കാനുള്ള തന്ത്രങ്ങളാണ് അത്തരം പരാമർശങ്ങൾ എന്ന നിലയിൽ വരെ കമന്റുകൾ കണ്ടു.
മരുന്നു കമ്പനികൾ, മരുന്നു കടകൾ, ആശുപത്രികൾ, ഡോക്ടർമാർ, ഇൻഷുറൻസ് കമ്പനികൾ ഇവ ചേർന്നുള്ള ഒരു ദൂഷിത വലയം ആരോഗ്യരംഗത്തു പ്രവർത്തിയ്ക്കുന്നുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്. തുശ്ചമായ ചിലവിൽ സാധിയ്ക്കാവുന്ന ലളിതമായ എനിമയ്ക്കു പോലും പകരമായി വിലകൂടിയ മാർഗ്ഗങ്ങളുണ്ട്. ഇതിലെ പ്രധാനപ്രശ്നം ഇവിടെ “ഉപഭോക്താവു”ന്ന രോഗിയ്ക്ക് തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം മിക്കപ്പോഴും നിഷേധിയ്ക്കപ്പെടുന്നു എന്നുള്ളതാണ്. സ്ഥിതിവിവരക്കണക്കുകൾ, റിസേർച്ച് ഫലങ്ങൾ തുടങ്ങിയവയെല്ലാം മരുന്നുകമ്പനികൾ തന്നെ പലപ്പോഴും മുതൽമുടങ്ങി നിർമ്മിയ്ക്കുന്നു, അല്ലാത്തവ പലപ്പോഴും തമസ്കരിയ്ക്കപ്പെടുന്നു.
ഈ ഒരു പശ്ചാത്തലത്തിലാണ് ക്യാൻസർ ചികിത്സയുടെ കാണാപ്പുറങ്ങളെപ്പറ്റിയുള്ള ശ്രീനിവാസന്റെ പരാമർശത്തെ കാണേണ്ടത്. ഇക്കാരത്തിന്റെ ശ്രീനിവാസന്റെ നിലപാടിലെ ശരിയും വിഷയത്തോട് ശ്രീനിവാസൻ പുലർത്തുന്ന സത്യസന്ധതയും വേർതിരിച്ചു തന്നെ വായിക്കണം. താൻ വായിച്ചും കണ്ടും കേട്ടും മനസിലാക്കിയിട്ടുള്ളതുമായ സത്യമെന്നു താൻ വിശ്വസിയ്ക്കുന്നതിനോട് ശ്രീനിവാസൻ കാണിയ്ക്കുന്നത് തികച്ചും സത്യസന്ധമായ സമീപനമാണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു; ശ്രീനിവാസൻ വിശ്വസിയ്ക്കുന്നതു സത്യമല്ലെങ്കിൽ കൂടിയും.
ഇന്നത്തെ ക്യാൻസർ ചികിത്സയുടെ ഫലപ്രാപ്തിയുടെ എന്തു സ്ഥിതിവിവരക്കണക്കുകളാണ് നമുക്കുള്ളത്. ഏതൊക്കെ ആശുപത്രികളിൽ ഏതൊക്കെ ഘട്ടത്തിലും ഏതേതു തരത്തിലുമുള്ള ക്യാൻസറുമായി എത്തിയവരിൽ എത്രപേർക്ക് എന്തൊക്കെ ചികിത്സ നൽകി, അവരൊക്കെ എത്രനാൾ ജീവിച്ചു? എന്തായിരുന്നു മരണകാരണം? ജീവിയ്ക്കുന്നവർ അനുഭവിയ്ക്കുന്ന പാർശ്വഫലങ്ങൾ? ക്യാൻസർ ബാധിതരുടെ ലിംഗ-ദേശ-ജാതി-മത വ്യത്യാസമനുസരിച്ചുള്ള കണക്കുകൾ ഇവയൊക്കെ ലഭ്യമാണോ?
വായുവും മണ്ണും ജലവും ഭക്ഷണവും മലിനമാകുന്നതിനെതിരെ കാര്യമാത്രപ്രസക്തമായ ഒരു നടപടിയും സ്വീകരിയ്ക്കാതെ അതിന്റെ ഉപോത്പന്നമായ കാൻസറിനെ ചികിത്സിയ്ക്കുവാനുള്ള ബഹുനില കെട്ടിടസമുച്ചയങ്ങൾ സൃഷ്ടിയ്ക്കുന്നതിന് എന്തു സത്യസന്ധതയാണുള്ളത്. കറിമസാലകളിലെ മായത്തിനെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥയ്ക്ക് എന്തു സംഭവിച്ചുവെന്നു നാം കണ്ടതാണ്. മായം തിന്നുന്ന മലയാളിയ്ക്ക് ക്യാൻസറുവന്നു കഴിയുമ്പോൾ കിടക്കവിരിയ്ക്കുവാനാണോ ആ കിടക്കയിലേയ്ക്ക് മലയാളിയെ എത്തിയ്ക്കാതിരിയ്ക്കാനാണോ എന്ന ചോദ്യം പ്രസക്തമല്ലേ?
ഇനി ശ്രീനിവാസൻ പറയുന്നതിലെ ശരിതെറ്റുകളിലേയ്ക്ക്.
കാൻസർ ഒരു മെറ്റബോളിക് ഡിസോഡറാണെന്നും മതിയായ ശരിയായ പോഷണത്തിലൂടെ കാൻസറിനെ തടയാമെന്നും ഭേദമാക്കാമെന്നും കരുതുന്നവരുണ്ട്. അവരിൽ ലോകം കണ്ട പ്രഗത്ഭരായ ശാസ്ത്രജ്ഞരുണ്ട്. അത്തരത്തിൽ ഒരാളാണ് ലിനസ് പോളിംഗ്. കെമിസ്റ്റും, ബയോകെമിസ്റ്റും സമാധാനപ്രവർത്തകനുമായിരുന്ന ലിനസ് പോളിംഗ്. ഇദ്ദേഹം രണ്ടു തവണ പങ്കിടാത്ത നോബൽ പുരസ്കാരം നേടിയ വ്യക്തിയാണ്. എക്കാലത്തെയും മികച്ച 20 ശാസ്ത്രജ്ഞരിൽ ഒരാളായാണ് ന്യൂ സയന്റിസ്റ്റ് മാഗസിൻ അദ്ദേഹത്തെ കണക്കാക്കിയത്. ഇദ്ദേഹം ഇന്നത്തെ ക്യാൻസർ ചികിത്സയുടെ ചതിക്കുഴികളെപ്പറ്റിയും വിറ്റാമിൻ സി ഉപയോഗിച്ചുള്ള സുരക്ഷിതവും, ലളിതവും, ചിലവു കുറഞ്ഞതുമായ ചികിത്സയെക്കുറിച്ച് പുസ്തകങ്ങളെഴുതിയിട്ടു വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ മായോ ക്ലിനിക്ക് തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ അദ്ദേഹം തന്റെ നിലപാടുകളീൽ നിന്നു പിന്മാറിയില്ല.
ലിനസ് പോളിംഗ് ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ പിന്താങ്ങുന്നവരും പുശ്ചിയ്ക്കുന്നവരുമുണ്ട്. ക്ലിനിക്കലി തെളിയിക്കപ്പെട്ടതല്ലെന്നു പറഞ്ഞ് തള്ളിക്കളയുന്നവരും ചികിത്സയിൽ പ്രയോഗിയ്ക്കുന്നവരുമുണ്ട്. ക്യാൻസർ മാത്രമല്ല ഒട്ടേറേ മാരകമായ അവസ്ഥകൾക്ക് ലളിതമായ പ്രതിവിധികളുമായി വന്ന പലരെയും ശാസ്ത്രലോകം ആദ്യം അപമാനിച്ചിട്ടുണ്ട്. പക്ഷേ അവരുടെ നിലപാടുകളെ പിന്നീട് ശാസ്ത്രം അംഗീകരിയ്ക്കുകയാണുണ്ടായത്.
എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. മനുഷ്യസ്നേഹികളായ ശാസ്ത്രജ്ഞരും, ചികിത്സകരും സാമൂഹികപ്രവർത്തകരും ഒരു വശത്ത്; ലാഭക്കൊതിയന്മാർ മറുപക്ഷത്ത്. ചിലവുകുറഞ്ഞ ഫലപ്രദമായ പ്രതിവിധിയ്ക്കാനുള്ള ശ്രമം ഒരു വശത്ത്, ലാഭം കൂടുതലുള്ള പ്രതിവിധിയുമായി അപ്പുറത്ത്. ഇതിൽ നിങ്ങൾ ഏതു പക്ഷത്തു നിൽക്കുന്നു?
ചുരുക്കത്തിൽ ശ്രീനിവാസൻ ശാസ്ത്രപിൻബലമില്ലാതെയല്ല പറയുന്നത്. അംഗീകരിയ്ക്കണമോ വേണ്ടയോ, അനുകൂലിയ്ക്കണമോ പ്രതികൂലിയ്ക്കണമോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം.

കേരളവർമ്മയിലെ ബീഫ് ഫെസ്റ്റിവൽ



ഉത്തര്‍പ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവം ഇന്ത്യയെപ്പോലൊരു ജനാധിപത്യ മതേതരരാജ്യത്ത് നടക്കുവാൻ പാടില്ലാത്തതായിരുന്നു എന്നതിൽ തർക്കമില്ല. അതിനെതിരെ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതികരിയ്ക്കുകയാണ് കുട്ടിസഖാക്കൾ. സന്തോഷം! ഈ മതേതര ജനാധിപത്യ രാജ്യത്ത് പട്ടിയേയും പന്നിയേയും പോത്തിനേയും പാമ്പിനെയും പഴുതാരയേയുമൊക്കെ കഴിയ്ക്കുവാനും വിളമ്പുവാനും സ്വാതന്ത്യമുണ്ട്.(വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പരാമർശിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നില്ല.)
കേരളവർമ്മ കോളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപ ടീച്ചറിന്റെ ഫെയീസ്ബുക്ക് കമന്റ്, അതിനു സാമൂഹ്യമാധ്യമങ്ങളിൽ നിന്നു ലഭിച്ച പിന്തുണ, പ്രശ്നത്തിനു ലഭിച്ച മാധ്യമ ശ്രദ്ധ, തുടർന്നുള്ള ചർച്ചകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ദഹിയ്കാത്ത ചില ചിന്തകൾ പങ്കുവയ്കട്ടെ.
ബീഫ് കഴിയ്ക്കുന്നത്തും കഴിയ്ക്കാത്തതും സ്വാതന്ത്രം. ആ സ്വാതന്ത്യത്തിനു വിരുദ്ധമായി കഴിപ്പിയ്ക്കുന്നതും കഴിക്കാനനുവദിയ്ക്കാത്തതും ഫാസിസം. ഇതിനപ്പുറത്തുള്ള ചില സാമാന്യ മര്യാദകളും നാട്ടുനടപ്പുകളുമൊക്കെയുണ്ട്.
ഒരു ഹിന്ദു മാനേജുമെന്റ് നടത്തുന്ന കോളേജിൽ ഒരു അമ്പലമുണ്ടാവുന്നത് അഥവാ ഉണ്ടാക്കുന്നത് ഒരു തെറ്റല്ല. ഒരു കൃസ്ത്യൻ കോളേജുകളിൽ പള്ളി ഉണ്ടാവും. മുസ്ലീം മാനേജുമെന്റു നടത്തുന്ന സ്ഥാനത്തിൽ കുറഞ്ഞത് നിസ്കരിയ്ക്കാനുള്ള സൗകര്യമെങ്കിലും കാണൂം. കേരളവർമ്മ കോളേജ് എന്ന സ്ഥാപനം നടത്തുന്ന ദേവസ്വം ബോർഡ് എന്ന മാനേജുമെന്റിന് അവിടെ അമ്പലം പണിയുവാനും ആരാധന നടത്തുവാനും പ്രോത്സാഹിപ്പിയ്ക്കുവാനും ഭരണഘടനാ പരമായ അവകാശമുണ്ട്. ന്യൂനപക്ഷങ്ങൾക്കു മാത്രമുള്ളതല്ല മതവിശ്വാസവും ആചാരവും സംരക്ഷിയ്ക്കുവാനും  പ്രചരിപ്പിയ്ക്കുവാനുമുള്ള സ്വാതന്ത്യം. ന്യൂനപക്ഷത്തിനു പ്രത്യേക പരിരക്ഷ  ആവശ്യമാണെന്നു ഭരണഘടന പറയുമ്പോൾ ഭൂരിപക്ഷമായ ഹിന്ദു സമുദായത്തിന് അത് സ്വാഭാവികമായി ലഭിയ്ക്കുന്നുണ്ടെന്ന് ഭരണഘടന വിശ്വസിയ്ക്കുന്നു എന്നർത്ഥം. ചുരുക്കത്തിൽ സർക്കാർ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടത്തുന്ന മാനേജുമെന്റിന്റെ മതവിശ്വാസമനുസരിച്ചോ, താത്പര്യമനുസരിച്ചോ രാജ്യത്തെ നിയമങ്ങൾക്കു വിധേയമായി ആരാധനനടത്തുവാൻ സ്വാതന്ത്യമുണ്ട്. ഹിന്ദു മാനേജുമെന്റിന്റെ കോളേജിൽ അമ്പലം പാടില്ല എന്നു പറയുന്നവർ കൃസ്ത്യൻ മാനേജുമെനിന്റെ കോളേജിൽ പള്ളി പാടില്ല എന്നു പറയുമോ? പറഞ്ഞാൽ തന്നെ അങ്ങനെയൊരു വാദം ഭരണഘടനാപരമായി നിലനിൽക്കുമോ?
ബീഫിന്റെ കാര്യം പറഞ്ഞാൽ ഹിന്ദുമതം അതിന്റെ പ്രകടമായ ഇന്നത്തെ അവസ്ഥയിൽ സസ്യാഹാരത്തെ പ്രോത്സാഹിപ്പിയ്ക്കുന്നവരും പശു/കാള/പോത്ത്/എരുമ ഇറച്ചികളെ പ്രത്യേകിച്ച് നിരുത്സാഹപ്പെടുത്തുന്നവരുമാണ്, അത് R.S.S ഉം ബി.ജെ.പി യും ശക്തമാവുന്നതിനു മുൻപും അങ്ങിനെ തന്നെയായിരുന്നു, കുറഞ്ഞ പക്ഷം ഹിന്ദുമതത്തിലെ സവർണ്ണ വിഭാഗമെങ്കിലും. ആ നിലയ്ക്ക്  ദേവസ്വം ബോർഡ് നടത്തുന്ന കോളേജിൽ മാനേജുമെന്റിന്റെ "മതവിശ്വാസ താത്പര്യത്തിനു" വിരുദ്ധമായ ഒരു നടപടി ആ ക്യാമ്പസിന്റെ ഉള്ളിൽ നടക്കുവാൻ പാടില്ലായിരുന്നു.
ഇനി ഇതിലെ രാഷ്ട്രീയ ഇരട്ടത്താപ്പിലേയ്ക്ക്. ഹിന്ദു മാനേജുമെന്റു നടത്തുന്ന കോളേജിൽ ബീഫ് ഫെസ്റ്റിവെൽ നടത്തുന്നവർ മുസ്ലീം മാനേജുമെന്റിന്റെ ക്യാമ്പസിൽ "പോർക്ക്" ഫെസ്റ്റിവൽ നടത്തുവാൻ ധൈര്യപ്പെടുമോ?  ഒരേ വിഷയത്തിൽ ഒരേ നീതി എല്ലാ മതസ്ഥരും എല്ലാ മനുഷ്യരും അർഹിയ്ക്കുന്നുണ്ട്. ദീപറ്റീച്ചറിന്റെ സപ്പോർട്ടുചെയ്തവരിൽ "മതേതര" നിലപാടിനെക്കാൾ "മത നിലപാട്" തന്നെയാണ് ഞാൻ കണ്ടത്. എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിൽ പോർക്ക് വിളമ്പിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നാം മനസിലാക്കിയതാണ്. “നോമ്പ് കാലത്ത് ധാരാളം മുസ്ലീം വിദ്യാർത്ഥികൾ പഠിയ്ക്കുന്ന സ്കൂളിൽ പന്നിമാംസം പ്രവേശിപ്പിച്ചത് മാനേജുമെന്റിന്റെ ഭാഗത്തുനിന്നുള്ള കൃത്യവിലോപമാണ്” എന്ന നിലപാടായിരുന്നു മറുനാടൻ മലയാളിയ്ക്ക് അന്നുണ്ടായിരുന്നത്. സ്കൂൾ നടത്തുന്നത് ക്രിസ്ത്യൻ മാനേജുമെന്റാണെന്നിരിയ്ക്കിലും മുസ്ലീം വിദ്യാർത്ഥികളുടെ താത്പര്യത്തെക്കരുതി മാനേജുമെമെന്റ് പന്നിമാംസം പ്രവേശിപ്പിയ്ക്കുവാൻ പാടില്ലായിരുന്നു എന്ന്! അശുദ്ധി കാരണം പന്നിമാംസം കഴിയ്ക്കാതിരിയ്ക്കുന്ന, വേറേ നിവൃത്തിയില്ലെങ്കിൽ ജീവൻ നിലനിർത്തുവാൻ പന്നിമാംസം കഴിയ്ക്കുവാനനുവദിയ്ക്കുന്ന, അമുസ്ലീമുകളെ പന്നിമാംസം കഴിയ്ക്കുന്നതിൽ നിന്നു തടയാത്തെ ഒരു മതത്തിലെ ചിലരുടെ ഫാസിസ്റ്റ് നടപടികളോട് കാണിയ്ക്കുന്ന സഹിഷ്ണുതാ മനോഭാവവും അതേ സമയം മറ്റൊരു മതത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളോടു കാണിയ്ക്കുന്ന അസഹിഷ്ണുതയും കൂട്ടിവായിയ്ക്കുക.
തീർച്ചയായും ഇടതുപക്ഷത്തിന്ബീഫ് ഫെസ്റ്റ് നടത്തുവാൻ അവകാശമുണ്ട്. തീർച്ചയായും എനിയ്ക്കും നിനക്കും ബീഫ് കഴിയ്ക്കുവാൻ അവകാശമുണ്ട്. അവന് ബീഫു കഴിയ്ക്കാതിരിയ്ക്കുവാനും. നിനക്കു കൈവീശുവാനുള്ള അവകാശം എന്റെ മൂക്ക് ആരംഭിയ്ക്കുന്നിടത്ത് അവസാനിയ്ക്കുന്നു എന്നുകൂടി ഓർക്കുക.