Wednesday, October 07, 2015

ശ്രീനിവാസനാരാ ക്യാൻസറിനെപ്പറ്റിപ്പറയാൻ!

ശ്രീനിവാസൻ ഈയിടെ ഒരു ചാനലിനു നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണാനിടയായി. തന്റെ അടുത്ത സിനിമയെ വിജയിപ്പിയ്ക്കാനുള്ള തന്ത്രങ്ങളാണ് അത്തരം പരാമർശങ്ങൾ എന്ന നിലയിൽ വരെ കമന്റുകൾ കണ്ടു.
മരുന്നു കമ്പനികൾ, മരുന്നു കടകൾ, ആശുപത്രികൾ, ഡോക്ടർമാർ, ഇൻഷുറൻസ് കമ്പനികൾ ഇവ ചേർന്നുള്ള ഒരു ദൂഷിത വലയം ആരോഗ്യരംഗത്തു പ്രവർത്തിയ്ക്കുന്നുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്. തുശ്ചമായ ചിലവിൽ സാധിയ്ക്കാവുന്ന ലളിതമായ എനിമയ്ക്കു പോലും പകരമായി വിലകൂടിയ മാർഗ്ഗങ്ങളുണ്ട്. ഇതിലെ പ്രധാനപ്രശ്നം ഇവിടെ “ഉപഭോക്താവു”ന്ന രോഗിയ്ക്ക് തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം മിക്കപ്പോഴും നിഷേധിയ്ക്കപ്പെടുന്നു എന്നുള്ളതാണ്. സ്ഥിതിവിവരക്കണക്കുകൾ, റിസേർച്ച് ഫലങ്ങൾ തുടങ്ങിയവയെല്ലാം മരുന്നുകമ്പനികൾ തന്നെ പലപ്പോഴും മുതൽമുടങ്ങി നിർമ്മിയ്ക്കുന്നു, അല്ലാത്തവ പലപ്പോഴും തമസ്കരിയ്ക്കപ്പെടുന്നു.
ഈ ഒരു പശ്ചാത്തലത്തിലാണ് ക്യാൻസർ ചികിത്സയുടെ കാണാപ്പുറങ്ങളെപ്പറ്റിയുള്ള ശ്രീനിവാസന്റെ പരാമർശത്തെ കാണേണ്ടത്. ഇക്കാരത്തിന്റെ ശ്രീനിവാസന്റെ നിലപാടിലെ ശരിയും വിഷയത്തോട് ശ്രീനിവാസൻ പുലർത്തുന്ന സത്യസന്ധതയും വേർതിരിച്ചു തന്നെ വായിക്കണം. താൻ വായിച്ചും കണ്ടും കേട്ടും മനസിലാക്കിയിട്ടുള്ളതുമായ സത്യമെന്നു താൻ വിശ്വസിയ്ക്കുന്നതിനോട് ശ്രീനിവാസൻ കാണിയ്ക്കുന്നത് തികച്ചും സത്യസന്ധമായ സമീപനമാണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു; ശ്രീനിവാസൻ വിശ്വസിയ്ക്കുന്നതു സത്യമല്ലെങ്കിൽ കൂടിയും.
ഇന്നത്തെ ക്യാൻസർ ചികിത്സയുടെ ഫലപ്രാപ്തിയുടെ എന്തു സ്ഥിതിവിവരക്കണക്കുകളാണ് നമുക്കുള്ളത്. ഏതൊക്കെ ആശുപത്രികളിൽ ഏതൊക്കെ ഘട്ടത്തിലും ഏതേതു തരത്തിലുമുള്ള ക്യാൻസറുമായി എത്തിയവരിൽ എത്രപേർക്ക് എന്തൊക്കെ ചികിത്സ നൽകി, അവരൊക്കെ എത്രനാൾ ജീവിച്ചു? എന്തായിരുന്നു മരണകാരണം? ജീവിയ്ക്കുന്നവർ അനുഭവിയ്ക്കുന്ന പാർശ്വഫലങ്ങൾ? ക്യാൻസർ ബാധിതരുടെ ലിംഗ-ദേശ-ജാതി-മത വ്യത്യാസമനുസരിച്ചുള്ള കണക്കുകൾ ഇവയൊക്കെ ലഭ്യമാണോ?
വായുവും മണ്ണും ജലവും ഭക്ഷണവും മലിനമാകുന്നതിനെതിരെ കാര്യമാത്രപ്രസക്തമായ ഒരു നടപടിയും സ്വീകരിയ്ക്കാതെ അതിന്റെ ഉപോത്പന്നമായ കാൻസറിനെ ചികിത്സിയ്ക്കുവാനുള്ള ബഹുനില കെട്ടിടസമുച്ചയങ്ങൾ സൃഷ്ടിയ്ക്കുന്നതിന് എന്തു സത്യസന്ധതയാണുള്ളത്. കറിമസാലകളിലെ മായത്തിനെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥയ്ക്ക് എന്തു സംഭവിച്ചുവെന്നു നാം കണ്ടതാണ്. മായം തിന്നുന്ന മലയാളിയ്ക്ക് ക്യാൻസറുവന്നു കഴിയുമ്പോൾ കിടക്കവിരിയ്ക്കുവാനാണോ ആ കിടക്കയിലേയ്ക്ക് മലയാളിയെ എത്തിയ്ക്കാതിരിയ്ക്കാനാണോ എന്ന ചോദ്യം പ്രസക്തമല്ലേ?
ഇനി ശ്രീനിവാസൻ പറയുന്നതിലെ ശരിതെറ്റുകളിലേയ്ക്ക്.
കാൻസർ ഒരു മെറ്റബോളിക് ഡിസോഡറാണെന്നും മതിയായ ശരിയായ പോഷണത്തിലൂടെ കാൻസറിനെ തടയാമെന്നും ഭേദമാക്കാമെന്നും കരുതുന്നവരുണ്ട്. അവരിൽ ലോകം കണ്ട പ്രഗത്ഭരായ ശാസ്ത്രജ്ഞരുണ്ട്. അത്തരത്തിൽ ഒരാളാണ് ലിനസ് പോളിംഗ്. കെമിസ്റ്റും, ബയോകെമിസ്റ്റും സമാധാനപ്രവർത്തകനുമായിരുന്ന ലിനസ് പോളിംഗ്. ഇദ്ദേഹം രണ്ടു തവണ പങ്കിടാത്ത നോബൽ പുരസ്കാരം നേടിയ വ്യക്തിയാണ്. എക്കാലത്തെയും മികച്ച 20 ശാസ്ത്രജ്ഞരിൽ ഒരാളായാണ് ന്യൂ സയന്റിസ്റ്റ് മാഗസിൻ അദ്ദേഹത്തെ കണക്കാക്കിയത്. ഇദ്ദേഹം ഇന്നത്തെ ക്യാൻസർ ചികിത്സയുടെ ചതിക്കുഴികളെപ്പറ്റിയും വിറ്റാമിൻ സി ഉപയോഗിച്ചുള്ള സുരക്ഷിതവും, ലളിതവും, ചിലവു കുറഞ്ഞതുമായ ചികിത്സയെക്കുറിച്ച് പുസ്തകങ്ങളെഴുതിയിട്ടു വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ മായോ ക്ലിനിക്ക് തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ അദ്ദേഹം തന്റെ നിലപാടുകളീൽ നിന്നു പിന്മാറിയില്ല.
ലിനസ് പോളിംഗ് ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ പിന്താങ്ങുന്നവരും പുശ്ചിയ്ക്കുന്നവരുമുണ്ട്. ക്ലിനിക്കലി തെളിയിക്കപ്പെട്ടതല്ലെന്നു പറഞ്ഞ് തള്ളിക്കളയുന്നവരും ചികിത്സയിൽ പ്രയോഗിയ്ക്കുന്നവരുമുണ്ട്. ക്യാൻസർ മാത്രമല്ല ഒട്ടേറേ മാരകമായ അവസ്ഥകൾക്ക് ലളിതമായ പ്രതിവിധികളുമായി വന്ന പലരെയും ശാസ്ത്രലോകം ആദ്യം അപമാനിച്ചിട്ടുണ്ട്. പക്ഷേ അവരുടെ നിലപാടുകളെ പിന്നീട് ശാസ്ത്രം അംഗീകരിയ്ക്കുകയാണുണ്ടായത്.
എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. മനുഷ്യസ്നേഹികളായ ശാസ്ത്രജ്ഞരും, ചികിത്സകരും സാമൂഹികപ്രവർത്തകരും ഒരു വശത്ത്; ലാഭക്കൊതിയന്മാർ മറുപക്ഷത്ത്. ചിലവുകുറഞ്ഞ ഫലപ്രദമായ പ്രതിവിധിയ്ക്കാനുള്ള ശ്രമം ഒരു വശത്ത്, ലാഭം കൂടുതലുള്ള പ്രതിവിധിയുമായി അപ്പുറത്ത്. ഇതിൽ നിങ്ങൾ ഏതു പക്ഷത്തു നിൽക്കുന്നു?
ചുരുക്കത്തിൽ ശ്രീനിവാസൻ ശാസ്ത്രപിൻബലമില്ലാതെയല്ല പറയുന്നത്. അംഗീകരിയ്ക്കണമോ വേണ്ടയോ, അനുകൂലിയ്ക്കണമോ പ്രതികൂലിയ്ക്കണമോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം.

No comments: