Tuesday, November 20, 2007

വെളിച്ചെണ്ണയും അച്യുതാനന്ദനും

വെളിച്ചെണ്ണയാണോ പാമോയിലാ‍ണോ ആരോഗ്യത്തിന് നല്ലത് എന്നകാര്യത്തിലെ തര്‍ക്കം പരിഹരിയ്കാനുള്ള വിവരം തല്‍ക്കാലം എനിയ്ക്കില്ല. രുചിയുടെ കാര്യത്തില്‍ വെളിച്ചെണ്ണയെ ആരും തോല്പിയ്ക്കാന്‍ വളര്‍ന്നിട്ടില്ലാ എന്ന ചിന്ത എന്റെ ഇഷ്ടങ്ങളുടെ ഭാഗമാവാം. എന്തുകൊണ്ടും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വര്‍ദ്ധിയ്ക്കുണമെന്നു തന്നെയാണ് ഒരു കേരകര്‍ഷക കുടുംബാംഗമായ എന്റെ വ്യക്തിപരമായ ആഗ്രഹം.

പ്രശ്നം അതല്ല. പാമോയില്‍ ഇറക്കുമതി തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേചെയ്ത ജഡ്ജിയെ അച്ച്യുതാനന്ദന്‍ അതിരൂക്ഷമാ‍യി വലിച്ചുനീട്ടിത്തന്നെ വിമര്‍ശിച്ചിരിയ്ക്കുന്നു.

തന്റെ മുന്നില്‍ വന്ന വസ്തുതകളെ പരിഗണിച്ച് ഭരണഘടനയ്ക്കനുസൃതമായി ഒരു തീര്‍പ്പുണ്ടാക്കുകയാണ് ജഡ്ജി ചെയ്യുന്നത്. അദ്ദേഹത്തെ വിമര്‍ശിച്ചത് ശരിയാണെന്ന് എനിയ്ക്കു തോന്നുന്നില്ല. അതേ സമയം പാമോയില്‍ ഇറക്കുമതി ചെയ്യുണോ വേണ്ടയോ എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ തീരുമാനമാണെന്നുള്ളതിലും തര്‍ക്കമില്ല.

എന്റെ സംശയം ഇതില്‍ സാധാരണക്കാരനു ഗുണം ഏതാണ്?

കേരളീയന്റെ നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയ്ക്ക് മാസങ്ങള്‍ക്കുമുന്‍പ് എണ്‍പതു രൂപയ്ക്ക അടുത്തായിരുന്നു വില. അത് നാല്പത്തി അഞ്ചോളമായി കുറഞ്ഞു. തേങ്ങയുടെ വില ഏഴുരൂപയില്‍ നിന്നും നാലുരൂപയുമായി.

ഇതുതന്നെയല്ലേ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നല്ലത്?
ഇതിനെ വിമര്‍ശിയ്ക്കുന്ന അച്യുതാനന്ദന്‍ ആരുടെ പക്ഷമാണ് പിടിയ്ക്കുന്നത്?
സാധാരണക്കാരന്‍ പത്തുരൂപമുടക്കി തേങ്ങയും നൂറുരൂപമുടക്കി വെളിച്ചെണ്ണയും വാങ്ങണനെന്നാണോ അദ്ദേഹം ആഗ്രഹിയ്ക്കുന്നത്?
(ഇത് ഇന്നലെ അദ്ദേഹത്തിന്റെ പ്രസംഗം ടി.വി യില്‍ കേട്ടപ്പോള്‍ തോന്നിയ സംശയം മാത്രം.)

22 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ. VS ഉദ്ദേശിച്ചത്‌ നാളികേര കര്‍ഷകരുടെ കാര്യമാണ്‌.

N.J Joju said...

കിരണ്‍,

നാളികേരകര്‍ഷകര്‍ക്ക് ഗുണമുണ്ടാവണമെങ്കില്‍ തേങ്ങായ്ക്കും വെളിച്ചെണ്ണയ്ക്കും പരമാവധി വിലകിട്ടണം. അങ്ങനെ പരമാവധി വില കിട്ടുമ്പോള്‍ ഇവിടുത്തെ സാധാരണക്കാരന്‍ കൂടുതല്‍ വിലകൊടുത്ത് അവ വാങ്ങേണ്ടി വരില്ലേ.

vadavosky said...

ആരോഗ്യത്തിന്റെ കാര്യമാണെങ്കില്‍ വെളിച്ചെണ്ണയും പമോയിലും ഒരേപോലെ ദോഷമാണ്‌. രണ്ടും unsaturated fatty oil ആണ്‌.

അങ്കിള്‍ said...

ജോജു,
കുത്തകമുതലാളിമാര്‍ (ഉദാ:റിലയന്‍സ്) റിട്ടെയില്‍ രംഗത്തിറങ്ങിയപ്പോള്‍ സംഭവിച്ചതെന്താണ്. ഉപഭോക്താവിന് കുറഞ്ഞവിലക്ക്‌ നല്ല സാധനം കിട്ടുന്നു. ഉല്പാദകന് ഇടനിലക്കാരനില്ലാത്തതുകൊണ്ട്‌ അവന്റെ ഉല്പന്നത്തിന് കൂടുതല്‍ വിലകിട്ടുന്നു. പക്ഷേ ഇവിടെ നടക്കുന്നതെന്താണ്. ഇന്നുച്ചക്ക്‌ മുമ്പ്‌ (20-11-07) ഞാന്‍ കിഴ്ക്കേകോട്ട വഴി വരുന്ന വഴി കണ്ടത്‌, ബിഗ്‌ ബസാറിനെ ഒരുകൂട്ടം രാഷ്ട്രീയക്കാര്‍ കല്ലെറിഞ്ഞ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ്. കാരണം ഇടനിലക്കാരായ ചെറുകിട വ്യാപാരികളുടെ അന്നം മുട്ടുന്നു പോലും.

വെളിച്ചെണ്ണക്ക്‌ വിലകൂടിയാല്‍ ജോജുവിനും എനിക്കും സന്തോഷം. കാരണം, തേങ്ങക്കും വിലകൂടും. ഉപഭോക്താവിനെ ആരു നോക്കുന്നു, ആര്‍ക്കു വേണം.

Unknown said...

കിരണ്‍ കേരളത്തില്‍ നാളികേര കര്‍ഷകര്‍ മാത്രമല്ലാലോ ജീവിക്കുന്നത്, പിന്നെ നാളികേരം കര്‍ഷകനേ മുതലാവാത്തതുള്ളൂ കച്ചവടക്കാരനു നല്ല ലാഭമാ.....ഇപ്പോ സംശയം
V.S ന്റെ നിലപാട് ആര്‍ക്കുപയോഗം ചെയ്യുമെന്നാണു സംശയം

Radheyan said...

ആഗോളവല്‍ക്കരണത്തെ എങ്ങനെ സമീപിക്കുന്നു എന്നതനുസരിച്ച് ഇരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം. ഒരു കണ്‍സ്യൂമര്‍ എന്ന നിലയില്‍ വിപണിയിലെ മത്സരം ഗുണം ചെയ്യും.ഒരു ഉല്‍പ്പാദകന്‍ എന്ന നിലയില്‍ ദോഷവും ചെയ്യും.പ്രത്യേകിച്ച് ഉല്‍പ്പാദനചിലവ് കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക്.ഉല്‍പ്പാദനപ്രക്രിയയുടെ തകര്‍ച്ച ക്രമേണെ പര്‍ചേസിംഗ് പവറിന്റെ തകര്‍ച്ചയായി മാറും.ഇപ്പോള്‍ തന്നെ ഉല്‍പ്പാദനക്ഷമത അല്ല മറിച്ച് മണി ഓര്‍ഡര്‍ ഇകൊണോമിയിലാണ് നമ്മുടെ കണ്‍സ്യൂമറിസത്തിന്റെ തായ്‌വേര്.

ഉല്‍പ്പാദനചിലവ് വര്‍ദ്ധിക്കാന്‍ കാരണം സംസ്ഥാനം ജീവിതനിലവാരത്തില്‍ കൈവരിച്ച പുരോഗതിയാണ്.അതില്‍ ഒരു തിരിച്ച്‌പോക്ക് അസാധ്യവുമാണ്.

ഉല്പാദനപ്രക്രിയ ആധുനികവല്‍ക്കരിച്ചും പ്രൊഡക്റ്റിവിറ്റി കൂട്ടിയും മാത്രമേ മത്സരത്തെ നേരിടാന്‍ സാധിക്കൂ.പാമോയില്‍ ഇറക്കുമതി തടയുന്നതൊക്കെ ഒരു ദീര്‍ഘകാല പ്രതിരോധമായി കാണാനാവില്ല.യന്ത്രവല്‍ക്കരണത്തെയും മറ്റും എതിര്‍ത്ത വി.എസും മറ്റും ഉല്‍പ്പാദനപ്രക്രിയയുടെ മോഡണൈസേഷനെ വല്ലാതെ തടഞ്ഞു എന്ന് അദ്ദേഹം തന്നെ മനസ്സിലാക്കിയാല്‍ നന്ന്.

പക്ഷെ ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതോപാധി എന്ന നിലയിലും നമ്മൂടെ കാര്‍ഷിക സംസ്ക്കാരത്തിന്റെ അടിക്കല്ല് എന്ന നിലയിലും തെങ്ങ് കൃഷിയും കര്‍ഷകരും നില നിന്ന് കാണാനുള്ള വി.എസിന്റെ ആഗ്രഹത്തെ ചോദ്യം ചെയ്യാന്‍ ആവില്ല.മാത്രമല്ല തേങ്ങയുടെയും അതു പോലുള്ള നമ്മുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില ഇടിയുകയും ബാക്കി നാം പുറത്തു നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില കൂടുകയും ചെയ്യുന്ന അവസ്ഥ ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു എന്ന് അദ്ദേഹത്തിനു തോന്നി കാണണം.റബര്‍ ഒഴിച്ച് നമ്മുടെ നാണ്യവിളകളെല്ലാം 1991 ശേഷം തകര്‍ന്നു എന്ന വസ്തുത കാണാതെ പോവുന്നതെങ്ങനെ?.

ഇതു പോലെ തന്നെയാണ് ചെറുകിട വ്യാപാരത്തെ ബാധിക്കും വിധമുള്ള കുത്തകകളുടെ വരവ്.കുത്തകകള്‍ ഒരു ഇകൊണോമിക്കും നല്ലതല്ല.അവര്‍ വില കുറച്ച് വില്‍ക്കുക എലിമിനേഷന്‍ കാലത്ത് മാത്രമാണ്.കമ്പോളം തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങി കഴിയുമ്പോള്‍ സ്വാഭാവികമായും അവര്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വില നല്‍ക്കാതെ ആവും.പക്ഷെ നിയമം മൂലമോ സമരം മൂലമോ ഇവരെ നേരിടുന്നതിനു പകരം കമ്പോളത്തില്‍ തന്നെ ഇവരെ നേരിടാന്‍ ചെറുകിടക്കാരെ സര്‍ക്കാര്‍ പ്രാപ്തമാക്കണം.

ചെറുകിടവ്യാപാരികളെ ഇടത്തട്ടുകാരായി ചിത്രീകരിക്കുന്നതിലും അനീതിയുണ്ട്.ചെറിയ ലാഭമെടുത്ത് കച്ചവടം ചെയ്യുന്നവരാണ് അവര്‍.കേരളത്തിലെ നല്ലോരു ശതമാനം ആളുകള്‍ അങ്ങനെ ഉപജീവിക്കുന്നുണ്ട്.അവരെ കുറിച്ച് ആശങ്കകള്‍ ഉണ്ടാകുന്നത് സ്വാഭാവികം.

N.J Joju said...

രാധേയന്‍,

വിപണിയിലെ മത്സരം ഉപഭോക്താവിനു ഗുണകരമാണ്. ഉത്പാദകന് ഉണ്ടാകുന്ന നേട്ടം പലതിനെയും ആശ്രയിച്ചാണിരിയ്ക്കുന്നത്. ഉദാഹരണത്തിന് വാനിലയ്ക്ക് കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ വിലക്കയറ്റം ആഗോളവിപണിയിലെ ദൌര്‍ലഭ്യത്തിന്റെ ഫലമായിരുന്നു. കാലാവസ്ഥമുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍വരെ ഉത്പാദകന്റെ ലാഭത്തെ നിയന്ത്രിക്കുന്നു. പ്രത്യേകിച്ച് ഒരു വിളയെ ആശ്രയിയ്ക്കാതെ ബഹുവിള സമ്പ്രദായത്തിലേയ്ക്ക് മാറുകയാണ് ഉത്പാദന രംഗത്തെ വെല്ലുവിളികളെ നേരിടാന്‍ നല്ലത്. ദൌര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന്റെ പല പോളിസികളും അതിനെതിരായിരുന്നു.

സര്‍ക്കാരുകളുടെ കനിവുകൊണ്ടുമാത്രം ആഗോളവിപണിയില്‍ പിടിച്ചുനില്‍ക്കാമെന്നു കരുതുന്നത് മൌഢ്യമാണ്‌.

ലോണെടുത്ത് കാര്യം സാധിയ്ക്കുന്ന സൂത്രശാലിയായ കര്‍ഷകന്‍ സര്‍ക്കാര്‍ കടം എഴുതിത്തള്ളുന്നതും കാത്തിരിയ്ക്കുന്നതും ദൌര്‍ഭാഗ്യവാന്മാരായ കര്‍ക്ഷകര്‍ ആത്മഹത്യനടത്തുന്നതും ഒരേ സംസ്ഥാനത്താണെന്നോര്‍ക്കണം.

അങ്കിള്‍ said...

രാധേയന്‍,

കുത്തകക്കാരെ കണ്ണുമടച്ച്‌ വരവേല്‍ക്കുന്നവനല്ല ഞാന്‍. എന്നാലും ഉപഭോക്താവിനെ പറ്റി ചിന്തിക്കാതിരിക്കാനാവില്ല.

എത്ര ചെറുകിട കച്ചവടക്കാര്‍ ഉല്പാദകനില്‍ നിന്നും നേരിട്ട ഉല്പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്നവരുണ്ട്‌. ഒരു നാലഞ്ച്‌ കൈയ്യെങ്കിലും മറിഞ്ഞിട്ടല്ലേ അവര്‍ക്ക്‌ ഉല്‍പ്പെന്നങ്ങള്‍ കിട്ടുന്നുള്ളൂ. അപ്പോള്‍ അവരുടെ വില സ്വാഭാവികമായും കൂടും.

കുത്തകക്കാരന്‍ ഒരാള്‍ മാത്രമാണെങ്കില്‍ ഒരു പക്ഷേ കുറച്ച്‌ കാലം കഴിയുമ്പോള്‍ അവന്‍ ഉല്പാദകനെ നിയന്ത്രിച്ചു തുടങ്ങും. പക്ക്ഷേ അതിന് മുമ്പ്‌ മറ്റു കുത്തകക്കാര്‍ കോമ്പറ്റിഷനുമായെത്തുമെന്ന്‌ ഉറപ്പല്ലേ. അപ്പോള്‍ ഉപഭോക്താവിന് അപ്പോഴും ഗുണമല്ലേ ഊള്ളൂ.

ചെറുകിടക്കാര്‍ക്കും ജീവിച്ച്‌ പോണ്ടേ എന്നും മറ്റുമുള്ള വര്‍ഗ്ഗ ചിന്തകള്‍ വന്നു തുടങ്ങിയാല്‍ ചിലപ്പോള്‍, ബിഗ്ഗ് ബസാറിനെതിരെ കല്ലെടുത്തേക്കാം.

keralafarmer said...

"ഉല്പാദനപ്രക്രിയ ആധുനികവല്‍ക്കരിച്ചും പ്രൊഡക്റ്റിവിറ്റി കൂട്ടിയും മാത്രമേ മത്സരത്തെ നേരിടാന്‍ സാധിക്കൂ."
ഈ മത്സരം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും അനുബന്ധ ബിസിനസുകളെയും വളരുവാനും ജനത്തെ രോഗികളാക്കുവാനും മാത്രമേ പ്രയോജനപ്പെടുകയുള്ളു. ആയിരം രൂപ ചെലവാക്കി കൃഷിചെയ്ത് ആറുമാസം കാത്തിരുന്ന് വളവും വെള്ളവും പരിചരണവും നല്‍കി അഞ്ഞൂറ് രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്ന കര്‍ഷകന്‍ അശക്തന്‍ അസംഘടിതന്‍ ചൂഷണ വിധേയന്‍.
1985 - ല്‍ എന്റെ പെന്‍ഷന്‍ വെറും 372 രൂപ ഒരു നാഥികേരത്തിന് വില 4.50 രൂപ. ഇന്നെന്റെ പെന്‍ഷന്‍ 3500 രൂപ നാലികേരത്തിന് 2.50 മുതല്‍ 3 രൂപവരെ. സോയില്‍ ഫെര്‍ട്ടിലിറ്റി താണാല്‍ മൊന്‍സാന്റോയുടെ ജനിതകമാറ്റം വരുത്തിയ വിത്തിനും കര്‍ഷകനെ രക്ഷിക്കാന്‍ കഴിയില്ല. അത് കഴിക്കുന്ന ഒരു കണ്‍സ്യൂമറും രക്ഷപ്പെടില്ല. വില കൂടി നിന്ന റബ്ബറിന്റെ വിലയിടിക്കുവാനും പീക്ക് സീസണില്‍ ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
ഇത്തരം ചര്‍ച്ചകള്‍ ചെയ്യുമ്പോള്‍ വിവിധ വിഭാഗം ആളുകളുടെ വരുമാനവും ചെലവും കണക്കാക്കുന്നത് നല്ലതായിരിക്കും.

keralafarmer said...

വെളിച്ചെണ്ണയും പാമോയിലും അടങ്ങിയിട്ടുള്ള unsaturated fatty oil ദോഷകരമായി മാറുന്നത് വെളിച്ചെണ്ണയെപ്പറ്റി പഠനം നടത്തി തെറ്റായ ഗവേഷണഫലം പ്രസിദ്ധീകരിക്കുമ്പോഴും പാമോയിലിനെപ്പറ്റി ഒരു പഠനവും നടത്താതിരിക്കമ്പോഴുമാണ്. നാം കവിക്കുന്ന 1250 ഗ്രാം ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ട ഘടകങ്ങളെപ്പറ്റി പഠനം നടത്തി കഴിക്കാന്‍‍ "നിങ്ങളുടെ സമ്പൂര്‍ണ ആരോഗ്യ ഭക്ഷണ പാക്കറ്റ്" കച്ചവടം നല്ലതാവാം.
മണ്ണിലെ അവശ്യ മൂലകങ്ങളെ രാസ, കള, കുമിള്‍, കീടനാശിനികള്‍ തകിടം മറിച്ചതിനെപ്പറ്റി ഒന്നും പറയാനില്ലെ?

keralafarmer said...

ആവശ്യത്തിലധികം പാമോയില്‍ ഇറക്കുമതി ചെയ്തശേഷം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ പാമോയില്‍ ഇറക്കുമതി നിരോധിക്കും എന്ന് കേന്ദ്ര മന്ത്രി ശരത് പവാര്‍ ഉറപ്പ് നല്‍കി. സന്തോഷം.

ഹരിത് said...

"തന്റെ മുന്നില്‍ വന്ന വസ്തുതകളെ പരിഗണിച്ച് ഭരണഘടനയ്ക്കനുസൃതമായി ഒരു തീര്‍പ്പുണ്ടാക്കുകയാണ് ജഡ്ജി ചെയ്യുന്നത്"

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.

അങ്കിള്‍ said...

അതങ്ങനയെ പാടുള്ളു ഹരിതേ. അല്ലെങ്കില്‍ പ്രത്യേകിച്ചൊരു ജൂഡീഷ്യറിയുടെ ആവശ്യമില്ലല്ലോ.

N.J Joju said...

ഇന്ന് ദീപികയില്‍ വായിച്ചത് വെളിച്ചെണ്ണയെക്കാള്‍ വിലകൂടുതലുണ്ട് പാമോയിലിനെന്ന്‌. അതു സത്യമാണെങ്കില്‍ ഈ കോലാഹലത്തിന്റെ ആവശ്യമെന്താ?

Unknown said...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/

Radheyan said...

“സര്‍ക്കാരുകളുടെ കനിവുകൊണ്ടുമാത്രം ആഗോളവിപണിയില്‍ പിടിച്ചുനില്‍ക്കാമെന്നു കരുതുന്നത് മൌഢ്യമാണ്‌”.

വിയോജിക്കുന്നു.ലോക വ്യാപാര സംഘടനയുടെ ദോഹ സമ്മിറ്റ് പൊളിഞ്ഞത് തന്നെ ഈ വിഷയത്തിലാണ്.വന്‍ശക്തികളെല്ലാം തങ്ങളുടെ കാര്‍ഷികരംഗത്ത് കര്‍ഷകരെ പിടിച്ച് നിര്‍ത്താന്‍ വന്‍ തുക സബ്സിഡി ആയി നല്‍കുന്നുണ്ട്.

കൃഷി അനാദിയായ ഒരു സംസ്ക്കാരം കൂടിയാണ്.ലോകം എത്ര പുരോഗമിച്ചാലും കാര്‍ഷിക വൃത്തി എന്ന തൊഴില്‍ ഇല്ലാതായാല്‍ മനുഷ്യകുലത്തിന്റെ നാശമാകും ഫലം.അതു കൊണ്ട് തന്നെ കര്‍ഷകരെ കാര്‍ഷികവൃത്തിയില്‍ നില നിര്‍ത്താനുള്ള ഇളവുകള്‍, ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തണം.മുന്‍പ് കിരണിന്റെ ബ്ലോഗില്‍ ഞാന്‍ പറഞ്ഞിരുന്നു-ചിപ്പുകളോ പ്രോഗ്രാമുകളോ ജീവികളുടെ പശിയടക്കത്തില്ല.അതിനു അരിയോ ഗോതമ്പോ തന്നെ വേണം.അതു കൊണ്ടു തന്നെയാണ് അമേരിക്കയടക്കമുള്ള വന്‍ സാമ്പത്തിക ശക്തികള്‍ കൃഷിക്കാര്‍ക്ക് വന്‍ ഇളവുകള്‍ നല്‍കുന്നത്.

N.J Joju said...

കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള രാധേയന്റെ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതേ സമയം കൃഷിയെ മെച്ചപ്പെടുത്തുവാന്‍ സര്‍ക്കാര്‍ കനിയയേണ്ട അവസ്ഥയുണ്ടാവരുത് എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍കുകയും ചെയ്യുന്നു. സര്‍ക്കാര്‍ താങ്ങുവില നല്‍കണം, സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതിചെയ്യരുത്, സര്‍ക്കാര്‍ റബ്ബര്‍ ഇറക്കുമതി ചെയ്യരുത്, സര്‍ക്കാര്‍ സബ്സിഡി നല്‍കണം, സര്‍ക്കാര്‍ കടം എഴുതിത്തള്ളണം തുടങ്ങിയ സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ മാത്രമെ ഞങ്ങള്‍ക്കു കൃഷി ചെയ്യാനാവൂ എന്ന നില അപകടകരമാണ്.

വെളിച്ചെണ്ണ എന്ന ഒറ്റ ഉത്പന്നമാണ് നാളികേരത്തിന്റെ വില നിശ്ചയിക്കുന്നതെന്നു വരുന്നത് നല്ലതാണോ?

പാമോയില്‍ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താവിന് അത് നിഷേധിയ്ക്കുന്നത് ന്യായമാണോ?

തേങ്ങ ചേര്‍ത്തുള്ള കറികള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. അരച്ചു ചേരത്തത്, വറുത്തരച്ചത്, പാലുപിഴിഞ്ഞത് എന്നു പോകുന്നു പലതരത്തിലുള്ള നമ്മുടെ വിഭവങ്ങള്‍. പുട്ട് , ഇടിയപ്പം, ദോശ ഇവയെല്ലാം തേങ്ങ ചേര്‍ത്ത് കഴിയ്ക്കുന്നവരാണ് കേരളീയര്‍. തേങ്ങാ ചമ്മന്തി കേരളീയന്റെ ഫേവറേറ്റാണ്. ഇത്രയൊക്കെയായിട്ടും തേങ്ങയുടെ വില വെളിച്ചെണ്ണയെ മാത്രം ആശ്രയിച്ചാവുന്നതെന്തുകൊണ്ടാണ്?

ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. സര്‍ക്കാര്‍ നേതൃത്വം കൊടുക്കേണ്ടത് അത്തരം പുതിയ മേഖലകള്‍ വെട്ടിത്തുറക്കുവാനായിരിയ്ക്കണം. മാഗി തേങ്ങാപാല്‍ പൊടി കവറില്‍ അവതരിപ്പിച്ഛതായി ഓര്‍ക്കുന്നു.

നമ്മുടെ കൃഷിവകുപ്പ് ഇത്രയും വര്‍ഷങ്ങളായി എന്താണ് ചെയ്തത്. കാലാകാലങ്ങളായി തുടരുന്നതില്‍ നിന്നും വേറിട്ട് ഒരു പുതിയ ആശയം രൂപീകരിയ്ക്കാനോ കൃഷി വകുപ്പ് ആസൂത്രണം ചെയ്യ്യുന്ന പദ്ധതികള്‍തന്നെ നേരാം വണ്ണം നടത്താനോ കഴിഞ്ഞിട്ടില്ല. ഇത് ഇടതു സര്‍ക്കാരിന്റെ കാര്യം മാത്രമല്ല. എല്ലാ സര്‍ക്കാരുകളും ഇക്കാര്യത്തില്‍ പരാ‍ജയമായിരുന്നു.

കൈരളി ടി.വി യിലെ ഭൂമി ഗീതം പോലെയുള്ള പരിപാടികള്‍ ചില വ്യക്തിഗത നേട്ടങ്ങള്‍ കാണിയ്ക്കാറുണ്ട്. കൃഷിയില്‍ നിന്നും നേട്ടം കൊയ്തവരെ പറ്റി. അവരില്‍ നിന്നൊക്കെ പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ കാര്‍ക്ഷിക സംസ്കാരം ഉണ്ടാക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടൂണ്ടോ.
ആത്മഹത്യ ചെയ്ത കര്‍ക്ഷകരെക്കുറിച്ച് കണ്ണീരൊഴുക്കാനും, കേന്ദ്രത്തെ പഴിയ്ക്കാനും, ഭരണപ്രതിപക്ഷങ്ങള്‍ മാറിമാറി കുറ്റപ്പെടുത്താനും മാത്രമേ ഇതുവരെ സര്‍ക്കാരുകള്‍ക്കായുള്ളൂ.

keralafarmer said...

"സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതിചെയ്യരുത്"
പാമോയില്‍ പ്രതിഹെക്ടര്‍ ഉദ്പാദനം കൂടുതലും ഉദ്പാനചെലവ് കുറവും. അത് താണ വിലക്ക് ക്രമാതീതമായ ഇറക്കുമതി കൂടിയ ഉദ്പാദന ചെലവുള്ള നാളികേരത്തിന്റെ പ്രധാന ഉപഉല്പന്നമായ വെണിച്ചെണ്ണയുടെ വിലയിലും തേങ്ങ വിലയിലും പ്രതിഫലിക്കും.
"സര്‍ക്കാര്‍ റബ്ബര്‍ ഇറക്കുമതി ചെയ്യരുത്"
ഇറക്കുമതി ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ നമ്മുടെ കൃഷിയെ നശിപ്പിക്കാനാകരുത്.
"സര്‍ക്കാര്‍ സബ്സിഡി നല്‍കണം, സര്‍ക്കാര്‍ കടം എഴുതിത്തള്ളണം തുടങ്ങിയ സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ മാത്രമെ ഞങ്ങള്‍ക്കു കൃഷി ചെയ്യാനാവൂ എന്ന നില അപകടകരമാണ്"
ശരിയാണ്. ഉദ്പാദന ചെലവിന് മുകളിലുള്ള ലാഭവും ചേര്‍ന്ന വില കിട്ടിയാല്‍ (അത് കിട്ടാതിരിക്കാനാണ് ഇറക്കുമതി. റബ്ബര്‍ ഇറക്കുമതി ഒരു ഉദാഹരണം ) ഒരു സഹായത്തിന്റെയും ആവശ്യം കര്‍ഷകര്‍ക്ക് വരില്ല.

കടവന്‍ said...

വറ്ഷങ്ങള്‍ മുന്നെ, കേരളത്തിലെ വിദ.. ഗ്..ദര്‍ (സലിം കുമാര്‍ ടോണ്‍)ഗള്ഫിലും മറ്റും പഠനം നടത്തിയിരുന്നു തേങ്ങാവെള്ളം ടിന്നിലടച്ച് വില്കുന്നതിനെപ്പറ്റി, തമാശയെന്ന് പറയട്ടെ, അതിനും എത്രയോ മുന്നെ തന്നെ ഇന്ഡൊനേഷ്യ, തായ്‌ലാന്റ് തുടങ്ങിയൈടങ്ങളീല്‍ നിന്നും ഒരു പഠനവും കൂടാതെ തേങ്ങാവ്വെള്ളം ഗള്ഫ് മാര്കെറ്റില്‍ സുലഭമായി ലഭിക്കുന്നുന്ട് ഇപ്പോഴുമുണ്ട്. നമ്മുടെ വി ദ ഗ് ദരുടെ റിപ്പൊറ്ട് എന്തായെന്നൊ ഒന്നുമറിയില്ല ഇന്നോളം ഇന്തിയന്‍ തേങ്ങാവെള്ളം കണ്ടീട്ടുമില്ല. ആദ്യം വേണ്ടത് കാര്യങ്ങള്‍ നേരെ ചൊവ്വെ നടത്താനുള്ള കഴിവാണ്‍ വിമര്‍ശിക്കാന്‍ ആര്ക്കും(ഏത് വി എസിനും)കഴിയും ദുബായിലെ ഭരണാധികാരികളെ കണ്ട് പഠിക്ക്.

എല്ലാ ക്കാര്യത്തിനും ഗവര്മെന്റ് സബ്സിഡിവേണം കടം എഴുതിത്തളാണം എന്നൊക്കെ പറയുനതിന്റെ മന:ശാസ്ത്രമ്, നീ ജോലി ചെയ്യ്ഞാന്‍ ജീവിക്കാമ്, അല്ലെങ്കില്‍ അന്യന്റെ ചെലവില്‍ ജീവിക്കണം എന്ന ദുരാശ കൊണ്ടാണ്. ഇപ്പൊ എക്സ് ഗള്ഫ്കാര്‍ പറയുന്നത് ഗവര്മെന്റ് പെന്ഷന്‍ തരണം എന്നാണ്, ഉളുപ്പുണ്ടൊ ഇവറ്ക്ക് ? ആയ കാല്ത്ത് നാഷണലിന്റെ വീസീയാറും സോണിയൂടെ ടീവിയും വാങ്ങിയും കടം വാങ്ങി പൊങ്ങച്ചം കാണിച്ചും നടന്നിട്ട് ഇപ്പൊ.. എന്റെ തെന്നെ അനുഭവം പറഞ്ഞാ ആദ്യകാലത്തൊക്കെ ഉള്ളത് എല്ലാര്ക്കും കൊടുത്തു പിന്നെ പെട്ടെന്ന് ബോധം വന്നു.

അങ്കിള്‍ said...

ഇന്നലെ ഇറക്കുമതി ചെയ്ത പാം ഓയില്‍ മാര്‍ക്കറ്റിലെത്തുന്നതോടെ അതിന്റെ വില കുറഞ്ഞ്‌, വെളിച്ചെണ്ണയോടൊപ്പമോ അതിലും കുറവോ ആകാനാണ് സാധ്യതയെന്നാണ് വിദഗ്ദാഭിപ്രായം.

കാത്തിരുന്നു കാണാം.

മുക്കുവന്‍ said...

തെങ്ങില്‍ നിന്നും തേങ്ങ മാത്രമല്ല ഉണ്ടാക്കാന്‍ പറ്റുക. എന്തിനു വിലയില്ലാത്ത വെളിച്ചെണ്ണയുണ്ടാക്കണം?

തെങ്കള്ള് ഉണ്ടാക്കി വിറ്റാല്‍ കോടികള്‍ ഉണ്ടാക്കാം പക്ഷേ, വി.എസ് അതിനു കള്ള് ചെത്തിന്റെ ലൈസന്‍സ് എടുത്തു കളയോ?

കൂടുതല്‍ ഇന്‍ഫൊ:

http://mukkuvan.blogspot.com/2007/07/blog-post_31.html


ശ്രീലങ്കക്കാര്‍ തെങ്ങില്‍ നിന്നും റം ഉണ്ടാക്കി വില്‍കുന്നു. നമ്മള്‍ അവ ഇറക്കുമതി ചെയ്ത് അടിച്ച് വാളുവെക്കുന്നു!

സ്കോട്ട്ലാന്‍ഡിലെ എല്ലാ നാട്പ്രമാണിമാരും വാറ്റി ഉണ്ടാ‍ക്കുന്ന ചാരാ‍യം നമ്മള്‍ ഇറക്കുമതി ചെയ്യുന്നു.
നമ്മുടെ നാട്ടിലുള്ള പാവങ്ങള്‍ വാറ്റുന്നത് നിയമം വച്ച് അടിച്ചൊതൊക്കുന്നു. എന്തൊരു നീതിയാണിത്?
എന്റെ അഭിപ്രായത്തില്‍ ഇവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് നല്ല ബ്രാന്‍ഡ്കളുണ്ടാക്കി കയറ്റി അയക്കണം. അപ്പോള്‍ പിന്നെ ഒരു താങ്ങുവിലയും തേങ്ങക്ക് വേണ്ടിവരില്ല മാഷേ!

N.J Joju said...

കടവന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിയ്ക്കുന്നു. മുക്കുവന്‍ സരസമായി പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.