Wednesday, May 28, 2008

വിജയശതമാന വര്‍ദ്ധനവോ ശതമാന സ്ഥിരതയോ?

S.S.L.C വിജയ ശതമാനം അസാധരണമാം വിധം ഉയര്‍ന്നതുസംബന്ധിച്ച് ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിദ്യാഭ്യാസമന്ത്രിയും കൂട്ടരും തങ്ങളുടെ പരിശ്രമത്തിന്റെ വിജയമാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനെ പരിഹസിച്ചുകൊണ്ട് മറുപക്ഷമെത്തി. ബ്ലോഗിലും ചില പ്രതിഫലനങ്ങളുണ്ടായി.

വളരെയധികം പേര്‍ എഴുതുന്ന ഒരു പരീക്ഷയില്‍ വിജയശതമാനത്തില്‍ വളരെയധികം വ്യത്യാസമുണ്ടാവുന്നത് ഗുണകരമാണെന്നു തോന്നുന്നില്ല. അതിന്റെ അര്‍ത്ഥം കഴിഞ്ഞ പരീക്ഷയേക്കാള്‍ മാര്‍ക്കു കൂടുതല്‍ കിട്ടാന്‍ അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ ഉണ്ടായി എന്നു തന്നെയാണ്. സാഹചര്യം കൊണ്ടു മാത്രം വിജയിയ്ക്കുകയും പരാ‍ജയപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യുന്നു. പൊതു പരീക്ഷയ്ക്ക് ചോദ്യത്തിലും മൂല്യനിര്‍ണ്ണയത്തിലും തങ്ങളുടെ നിലവാരം കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് വിജയശതമാനത്തിലെ അന്തരം.

സി.ബി.എസ്.ഇ പോലുള്ള പരീക്ഷകളുമായി ചിലര്‍ താരതമ്യപ്പെടുത്തുന്നതും കണ്ടു. ബ്ലോഗ് എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ കുറിച്ചിടുന്ന ഒരിടം മാത്രമായതുകൊണ്ട് ബ്ലോഗിലാണ് അങ്ങനെയൊരു അഭിപ്രായപ്രകടനം വന്നിരുന്നതെങ്കില്‍ ഒരു അഭിപ്രായം എന്നതില്‍ കവിഞ്ഞ് അതിനാരും വിലകല്‍പിയ്ക്കുമെന്നു കരുതുന്നില്ല.
ഇന്നാണ് ഷാജി എന്ന ബ്ലോഗര്‍ ഡീക്കന്‍ റൂബിന്റെ പോസ്റ്റില്‍ ശ്രീ. സി.പി.നാരായണന്റെ ലേഖനത്തിന്റെ ചിലഭാഗങ്ങള്‍ കമന്റായി ചേര്‍ത്തുകണ്ടത്.

“വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ്. ഒട്ടുവളരെ സ്കൂളുകളില്ല ആ രംഗത്ത് എന്നതുകൊണ്ടാകാം ഉയര്‍ന്ന വിജയശതമാനം. അവ പിന്തുടരുന്നത് കേരളം മാതൃകയാക്കുന്ന എന്‍സിഇആര്‍ടി സിലബസാണ്, അവയിലും ഗ്രേഡിംഗ് അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം, സ്കൂളുകളിലെ കുട്ടികളുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായതോതിലുള്ള പരിഗണന അവസാനപരീക്ഷയില്‍ ലഭിക്കും. ഈ സമ്പ്രദായമാണ് സിബിഎസ്ഇ പരീക്ഷയില്‍ 90 ലേറെ വിജയശതമാനം ഉണ്ടാകാന്‍ കാരണം. അതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ കേരളത്തിലെ ഉയര്‍ന്ന വിജയശതമാനത്തിന്റെ നേരെ കല്ലെറിയുന്നത് എന്തുകൊണ്ട്?”

ചിലര്‍ക്കെങ്കിലും ഈ സംശയം തോന്നിയിരിയ്ക്കും. ശരിയല്ലേ?

ആരാണീ സി.പി.നാരായണന്‍ എന്നന്വേഷിച്ചു ചെന്നത് മാരീചന്റെ ബ്ലോഗിലാണ്. അങ്ങനെയാണ് “ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഖിലേന്ത്യാ രൂപമായ എഐപിഎസ്എന്നിന്റെ ചെയര്‍മാനുമാണ് സഖാവ് (എഐപിഎസ്എന്‍ എന്നാല്‍ ആള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക്)” എന്ന സത്യം എനിയ്ക്കു മനസിലായത്. ഉത്തരവാതിത്തപ്പെട്ടതെന്നു പലരും കരുതുന്ന ഒരു സംഘടനയുടെ ചെയര്‍മ്മാന്‍ ഒരു ലേഖനമെഴുതുമ്പോള്‍ അല്പമെങ്കിലും ഗൃഹപാഠം ചെയ്യേണ്ടത് ആവശ്യമല്ലേ? അല്ലാതെ വികാരം കൊണ്ടൂം രാഷ്ടീയാനുഭാവം കൊണ്ടും മനസിലുള്ളതുമുഴുവന്‍ വിളിച്ചു പറയാമോ?

നാരായണന്‍ പറയുന്നു സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ് എന്ന്.

തെറ്റ്!

യഥാര്‍ത്ഥത്തില്‍ സിബിഎസ്ഇ അഖിലേന്ത്യാ വിജയശതമാനം 80.91 മാത്രമാണ്.

സിബിഎസ്ഇ യുടെ വിജയശതമാനം റീജ്യണ്‍ തിരിച്ചാണു പറയാറ്. ഇതില്‍ ചെന്നൈ റീജ്യണ്‍ മാത്രമാണ് 90ലേറെ വിജയം കരസ്ഥമാക്കാറ്. ദേശീയ ശതമാനം 80.91 എന്നു പറയുമ്പോള്‍ അതില്‍ താഴെ മാത്രം വിജയശതമാനമുള്ള റീജനുകളും ഉണ്ട് എന്നത് വ്യക്തം.

കേരളത്തിലെ S.S.L.C പരീക്ഷയും സിബിഎസ്ഇ പരീക്ഷയും തമ്മില്‍ ഞാന്‍ കാണുന്ന പ്രധാന വ്യക്ത്യാസം സിബിഎസ്ഇ വിജയശതമാനത്തിലെ സ്ഥിരതയാണ്. അതായത് വിജയശതമാനത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കാണുന്നില്ല.

ചെന്നൈ റീജ്യന്റെ കാര്യമെടുക്കാം.
2008 91.75%
2007 91.39%
2006 91.45%
2005 90.00%
2004 90.51%
2003 88.18%
(ഇതു +2 പരീക്ഷാ റിസള്‍ട്ടാണ്, വിജയശതമാനത്തിലെ സ്ഥിരത കാണിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നു.)

കേരളത്തിലെ വിജയശതമാനം നോക്കുക.


1999 - 52.93%
2000 - 56.15%
2001 - 56.22%
2002 - 60.62%
2003 - 64.85%
2004 - 70.06%
2005 - 58.95%
2006 - 68.95%
2007 - 82.29%
2008 - 92.09% (ഷാജി തന്ന 1999 മുതലുള്ള കണക്കുകള്‍)

കഴിഞ്ഞ സര്‍ക്കാരുകളൂടെ കാലത്തോ ഈ സര്‍ക്കാരുകളുടെ കാലത്തോ വിജയ ശതമാനത്തില്‍ സ്ഥിരതയുണ്ടായിട്ടില്ല. 2003 ലെ64.85% ത്തില്‍ നിന്ന് 2004 ല്‍ 70.06% ലേയ്ക്ക് കയറ്റവും 2005 ല്‍ 58.95% ഒരു ഇറക്കവും. ഇത് ഒരിക്കലും ന്യായീകരിയ്ക്കാനാവാത്തതാണ്.

കേരളത്തിലെ എല്ലാവിധ സമൂഹത്തില്‍ നിന്നുള്ളവരും വരുന്നതാണ് SSLC യ്ക്ക്. അവിടെ പഠനത്തില്‍ സമര്‍ത്ഥരാ‍യവരുണ്ടാവും, ഇടത്തരക്കാരുണ്ടാവും, വളരെ നിലവാരം കുറഞ്ഞവരും ഉണ്ടാവും. ഇത് ഒരു പൊതു സമൂ‍ഹത്തീന്റെ Random ആയിട്ടൂള്ള സ്വഭാവമാണ്. ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ പോലും ആളുകളുടെ എണ്ണം കൂടുമ്പോള്‍ ഈ പൊതു സ്വഭാവത്തെ നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ഏകദേശം കൃത്യമായ സംഘ്യകളിലേയ്ക്ക് എത്തിച്ചേരാ‍ല്‍ കഴിയും.
അതുകൊണ്ടാണ് വിജയ ശതമാനത്തില്‍ സ്ഥിരത വേണം എന്നു പറയുന്നത്.

സര്‍ക്കാര്‍ ഗവര്‍മെന്റു സ്കൂളുകളുടെയും മറ്റും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിയ്ക്കുന്നുണ്ട് എന്നതു പരമാര്‍ത്ഥം. എങ്കിലും കഴിഞ്ഞവര്‍ഷം ഒന്‍പതില്‍ പഠിച്ചവരാണല്ലോ ഈ വര്‍ഷം പത്തില്‍ പഠിയ്ക്കുന്നത്. അതിനും മുന്‍പേ അവര്‍ എട്ടിലും പഠിച്ചിരുന്നു. അതുകൊണ്ടൂ തന്നെ വിദ്യാഭ്യാസ നിലവാരം ഒരു ഗവര്‍മെന്റിന്റെ കാലാവധിയ്ക്കുള്ളില്‍ വാനോളം ഉയരുമെന്നൊക്കെ കരുതുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. എന്നു തന്നെയല്ല ഒരു സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഒരു രാത്രികൊണ്ട് ഉയരുമെന്നും കരുതുന്നില്ല. അതുകൊണ്ടൂ തന്നെ വിജയശതമാനം ഒരു പരിധിവിട്ട് ഉയരുന്നതിനെ സംശയത്തോടെ വീക്ഷിയ്ക്കാനേ എനിയ്ക്കാവൂ.


(അതേ സമയം ആസൂത്രിതമായ പദ്ധതികളിലൂ‍ടെ പഠന നിലവരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതിന് ഒരു വര്‍ഷം കൊണ്ടോ രണ്ടു വര്‍ഷം കൊണ്ടൂ ഒരു റിസട്ടുണ്ടാവുന്നതും അഥവാ റിസള്‍ട്ട് പ്രതീക്ഷിയ്ക്കുന്നതും ശരിയാ‍ണെന്ന് എനിയ്ക്ക് തോന്നുന്നില്ല.)


2005 മുതല്‍ വിജയശതമാനം ഉയരുന്നില്ലേ എന്നു ന്യായമായും സംശയിയ്ക്കാം. പക്ഷേ പത്തു ശതമാനത്തോളം ഉള്ള അന്തരം അതിന്റെ സ്വാഭാവികതയെ ചോദ്യം ചെയ്യുന്നതാണ്.

നാരായണന്‍ വാദിയ്ക്കുന്നതുപോലെ ഗ്രേഡിംഗ് അടിസ്ഥാനപ്പെടുത്തിയതുകൊണ്ടാണ് ഈ വര്‍ദ്ധനവെങ്കില്‍ അത് കാണേണീയിരുന്നത് 2006ല്‍ ആണ്. അതൊട്ട് ഉണ്ടായില്ലതാനും.

മാതൃഭൂമി നടത്തിയ സര്‍വ്വേഫലം ഇവിടെ കൊടുക്കുന്നു.
SSLC poll Mathrubhumi

76.15% ആള്‍ക്കാര്‍ SSLC വിജയശതമാനത്തിലെ വര്‍ദ്ധനവ് വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതുകൊണ്ടല്ലെന്നു വിശ്വസിയ്ക്കുന്നു. ഈ പോള്‍ ഒരു ഏകകമായി കണക്കാക്കാന്‍ ആവില്ല. രാഷ്ട്രീയ താത്പര്യമുള്ളവരും ഒക്കെ പോള്‍ ചെയ്തിട്ടൂണ്ടാവാം. എങ്കിലും ഈ പോള്‍ ഒരു സന്ദേശം നല്‍കുന്നുണ്ട് എന്നു മറക്കാന്‍ പാടില്ല.


സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി എന്നു കാണിയ്ക്കേണ്ടത് സര്‍ക്കാരിന്റെ രാഷ്ടീയ ആവശ്യമാണ്. അതുകൊണ്ടൂ തന്നെ സര്‍ക്കാര്‍ വാരിക്കോരി മാര്‍ക്ക് നല്‍കി കൂടായ്കയില്ല എന്നു തീര്‍ച്ചയായും സംശയിയ്ക്കാം. പലയിടത്തുനിന്നും വന്ന ആരോപണങ്ങളും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും വിരല്‍ ചൂണ്ടുന്നതും അത്തരം ഒരു സാധ്യതയിലേയ്ക്കാണ്.
പ്രത്യാരോപണങ്ങളും മറുവാദങ്ങളും ഉണ്ടായിട്ടൂണ്ടെന്നതു വിസ്മരിയ്ക്കുന്നില്ല. (സര്‍ക്കാര്‍ വിജയശതമാനം ഉയര്‍ത്തിയോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രധാന വിഷയം, പറഞ്ഞുവന്നപ്പോള്‍ പരാമര്‍ശിച്ചു എന്നു മാത്രം.)

വിജയശതമാ‍നം ഉയര്‍ത്തുന്നതിലല്ല ന്യായമായ ഒരു വിജയശതമാനം സ്ഥിരമായി കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നതിലാവട്ടെ സര്‍ക്കാരിന്റെ ശ്രദ്ധ. ചോദ്യങ്ങളുടെ നിലവാരത്തിലും, മൂല്യനിര്‍ണ്ണയത്തിലും സ്ഥിരത കൈവരട്ടെ. അങ്ങനെയാണെങ്കില്‍ വിജയശതമാനത്തിലും സ്ഥിരതയുണ്ടാവും. ഏതെങ്കിലും ഒരു വിഷയം കടുകട്ടിയായതുകൊണ്ട് കൂട്ടത്തോടെ തോല്‌‌വി ഉണ്ടാവുന്നതും എളുപ്പമായതുകൊണ്ട് വിജയശതമാനം കുത്തനെ ഉയരുന്നതും ഒഴിവാകട്ടെ. അങ്ങനെയാണെങ്കില്‍ മാത്രമേ 2005ലും 2006ലും 2007ലും ഒക്കെ പാസായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ താരതമ്യപ്പെടുത്താനാവൂ. അങ്ങനെയാണെങ്കില്‍ മാത്രമെ SSLC യെ ഒരു മികവിന്റെ ഏകകമായി പരിഗണിയ്ക്കാനുമാവൂ.

16 comments:

Radheyan said...

വിജയ ശതമാനം സംശയകരമാണെന്ന് പറയുന്നതില്‍ കഴ്മ്പുണ്ട്.പക്ഷെ ഒന്നു രണ്ട് ഘടകങ്ങള്‍ കാണാതെ പോവുക വയ്യ.

1. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവാരം കൂട്ടാന്‍ നാട്ടുകാരുടെയും മറ്റും സഹായത്തോടെ ഊര്‍ജ്ജിതമായ ചില ശ്രമങ്ങള്‍ ഉണ്ടായിരുന്നു.ഉദാഹരണത്തിന് ആലപ്പുഴയിലെ തല്ലിപ്പൊളി സ്കൂളുകളിലൊന്നായിരുന്ന ഗവ.മൊഹമ്മദന്‍സിലെ നിലവാരം ഉയര്‍ത്താന്‍ അധ്യാപകരും സംവിധായകന്‍ ഫാസിലിനെ പോലുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളും എം.എല്‍.എ കെസി വേണിഗോപാലടക്കമുള്ള രാഷ്ട്രീയക്കാരും നന്നായി പരിശ്രമിക്കുകയുണ്ടായി.ഇത് പലയിടത്തും ഉണ്ടായതായി കാണുന്നു.അതിത്ര സീ ചേഞ്ച് ഉണ്ടാക്കുമോ എന്ന ചോദ്യം ന്യായമായും ഉണ്ട്.

2.സ്വകാര്യസ്കൂളുകളിലെ 100 ശതമാനവും പലപ്പോഴും സംശയകരമാണ്.ഉദാഹരണത്തിന് ആലപ്പുഴയിലെ തന്നെ സെയിന്റ് ആന്റണീസ് എന്ന വിദ്യാലയത്തില്‍ വളരെ കാലം മുതലെ 10 പാസാകും എന്നുറപ്പുള്ളവരെയെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നുള്ളൂ.പലപ്പോഴും 9ല്‍ തന്നെ സ്ക്രീനിംഗ് നടത്തപ്പെടും.അപ്പീലില്ലാത്ത ഈ സ്ക്രീനിംഗ് പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

3. എസ്.എസ്.എല്‍.സി വിജയശതമാനം അരിയുടെ വില പോലെയോ ഇന്ധനവില പോലെയോ സര്‍ക്കാറിന്റെ പെര്‍ഫോമന്‍സ് നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായി ആരും എടുക്കാറില്ലായിരുന്നു.അപ്പോള്‍ കൂടിയ വിജയം ഒരു പരിധി വരെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മൊറെയില്‍ വര്‍ധിപ്പിക്കുമെന്നല്ലാതെ സര്‍ക്കാരിനു എന്തെങ്കിലും ഗ്ലാമര്‍ ഉണ്ടാക്കുനെന്ന് കരുതാനാവുന്നില്ല.

ചര്‍ച്ച തുടരട്ടെ

കെ said...

എസ്എസ്എല്‍സി വിജയശതമാനത്തെക്കുറിച്ച് രാധേയന്‍ ഉന്നയിച്ച വാദങ്ങളോടാണ് പൊതുവില്‍ യോജിപ്പ്.

സി പി നാരായണന്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിലെ സിബിഎസ് സി സ്ക്കൂളുകളില്‍ നടക്കുന്ന വിജയശതമാനമാണോ എന്നറിയില്ല. കേരളം ചെന്നൈ റീജിയന്റെ കീഴിലാണോ വരുന്നത്?

എന്നാല്‍ ചില സ്വകാര്യ സ്ക്കൂളുകള്‍ നൂറു ശതമാനം ഫസ്റ്റ് ക്ലാസും നൂറു ശതമാനം ഡിസ്റ്റിംഗ്ഷനും നേടുന്നതിന് പിന്നിലുളള കഥകളും ഈ സാഹചര്യത്തില്‍ ഓര്‍ക്കണമെന്ന് തോന്നുന്നു. രാധേയന്‍ ചൂണ്ടിക്കാണിച്ചതിനോട് കൂട്ടിച്ചേര്‍ത്ത് അങ്ങനെ ഓര്‍ക്കേണ്ട രണ്ടു പേരുകളാണ് വന്ദനാ മേനോന്‍, രമണീ മേനോന്‍ എന്നിവ.

തിരുവനന്തപുരം കാര്‍മല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന വന്ദനയെ സ്ക്കൂള്‍ അധികൃതര്‍ ഒന്‍പതാം ക്ലാസില്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതില്‍ മനംനോന്ത് ആത്മഹത്യ ചെയ്ത അമ്മയാണ് രമണീ മേനോന്‍. (എണ്‍പതുകളിലാണ് ഈ സംഭവം. വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല)

കാര്‍മല്‍ സ്ക്കൂളില്‍ നൂറു ശതമാനം ഫസ്റ്റ് ക്ലാസ് കിട്ടുക എന്ന ലക്ഷ്യം നേടാന്‍, ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് ഉറപ്പില്ലാത്ത വന്ദനയെ (ജയിക്കുമെന്ന ഉറപ്പല്ല, ഫസ്റ്റ് ക്ലാസ് നേടുമെന്ന ഉറപ്പ്) മനപ്പൂര്‍വം തോല്‍പിക്കുകയായിരുന്നു സ്ക്കൂള്‍ അധികൃതര്‍. കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ആ സംഭവം നടക്കുന്ന കാലത്ത് ടിഎം ജേക്കബായിരുന്നു വിദ്യാഭ്യാസ മന്ത്രി.

അതായത് നൂറു മേനി വിജയവും ഫസ്റ്റ് ക്ലാസുമൊക്കെ നേടുന്നതിന് കുട്ടികളെ മനപ്പൂര്‍വം തോല്‍പ്പിക്കുകയോ നിര്‍ബന്ധിത ടിസി നല്‍കി പറഞ്ഞു വിടുകയോ ചെയ്തിരുന്ന ഒരു ഭൂതകാലം സ്വകാര്യ സ്ക്കൂളുകള്‍ക്ക് ഉണ്ടായിരുന്നു. ആ ഭൂതകാലത്തിന്റെ രക്ഷസാക്ഷിയാണ് രമണീ മേനോന്‍ എന്ന അമ്മ

ആ കാലത്ത് നിന്നും കാമറ കട്ടു ചെയ്ത് തിരുവനന്തപുരം ജില്ലയിലെ മീനാങ്കല്‍ എന്ന സ്ഥലത്തെ ട്രൈബല്‍ സ്ക്കൂളിലേയ്ക്ക് ഒന്നു പോയാല്‍ വേറൊരു കാഴ്ച കാണാം. കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിനടുത്ത് മാത്രം എസ്എസ്എല്‍സി വിജയമുണ്ടായിരുന്ന ഈ സ്ക്കൂളില്‍ ഇപ്പോള്‍ 92 ശതമാനമാണ് വിജയം.

അതായത് ഒറ്റ വര്‍ഷം കൊണ്ട് വിജയശതമാനം ഏതാണ്ട് ഇരട്ടിയായി. ആ സ്ക്കൂളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ഈ വിജയത്തില്‍ എങ്ങനെയാണ് പങ്കാളികളായത് എന്നും അറിയണം. സര്‍ക്കാര്‍ ഉദാരമായി മാര്‍ക്ക് വാരിക്കോരിക്കൊടുത്താണ് ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചതെന്ന് വേണമെങ്കില്‍ ബ്ലോഗില്‍ ആരോപിക്കാം. എന്നാല്‍ ആ പ്രദേശത്തു ചെന്നാണ് ഈ ആരോപണം പരസ്യമായി ഉന്നയിക്കുന്നതെങ്കില്‍, മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുമായി ആശുപത്രിയിലേയ്ക്കായിരിക്കും നേരെ പോകേണ്ടി വരിക.

(ഈ സ്ക്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് എഴുതണമെന്നുണ്ട്. നേരിട്ട് അന്വേഷിച്ചതിനു ശേഷം ഒരു ലേഖനമായിത്തന്നെ എഴുതാന്‍ ശ്രമിക്കാം).

മറ്റു ചില കണക്കുകള്‍ കൂടി അറിയേണ്ടതുണ്ട്. സ്വകാര്യ വിദ്യാലയങ്ങളില്‍, സഭയുടേതടക്കം - കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വിജയശതമാനത്തിന്റെ തോത്. അവിടെയും അധ്യാപകര്‍ വെറുതേ മാര്‍ക്ക് വാരിക്കോരി നല്‍കിയതാണോ എന്നറിയണമല്ലോ. (വിശദമായി അന്വേഷിച്ചാല്‍ ഒരു ലേഖനത്തിനുളള വക അതിലും കാണും).

എസ്എസ്എല്‍സി വിജയശതമാനം മൂലം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോ സര്‍ക്കാരോ ഒക്കെ നേട്ടം കൊയ്യുമെന്ന് കരുതുന്നവര്‍ മൂഢന്മാരായിരിക്കുകയേ ഉളളൂ. തിരുമണ്ടനായ തന്റെ കുട്ടിയ എസ്എസ്എല്‍സി ജയിപ്പിച്ചു തന്നതു കൊണ്ട് ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടു ചെയ്യുമോ?

അല്ല, കുറെ കുട്ടികള്‍ അധികമായി ജയിക്കുക എന്ന സാങ്കേതികത്വത്തില്‍ പ്രവേശിച്ചാല്‍ ഇവിടെ ആകാശം ഇടിഞ്ഞു വീഴുമോ?

N.J Joju said...

"അതായത് നൂറു മേനി വിജയവും ഫസ്റ്റ് ക്ലാസുമൊക്കെ നേടുന്നതിന് കുട്ടികളെ മനപ്പൂര്‍വം തോല്‍പ്പിക്കുകയോ നിര്‍ബന്ധിത ടിസി നല്‍കി പറഞ്ഞു വിടുകയോ ചെയ്തിരുന്ന ഒരു ഭൂതകാലം സ്വകാര്യ സ്ക്കൂളുകള്‍ക്ക് ഉണ്ടായിരുന്നു."

അത് ഇപ്പോഴുമുണ്ടായിരിയ്ക്കണം. അത്തരം എയിയ്ഡഡ് സ്ഥാപനങ്ങളുണ്ടോ എന്നറിയില്ല. അണ്‍ എയ്ഡഡ് തീര്‍ച്ചയായും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതേ സമയം രണ്ടായിരത്തില്‍ അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി 90% ത്തോളം കുട്ടികളെ വര്‍ഷങ്ങളായി വിജയിപ്പിയ്ക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

ട്രൈബല്‍ സ്ക്കൂളിനെക്കുറിച്കുള്ള പോസ്റ്റ് പ്രതീക്ഷിയ്ക്കുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷം വരെ അന്‍പതു ശതമാനം ഉണ്ടായിരുന്നവര്‍ ഈ വര്‍ഷം തൊണ്ണൂറു ശതമാനമായീ എന്നു കരുതിയാല്‍ അത് ഏത് സ്വകാര്യമാനേജുമെന്റിന്റെയാണെങ്കിലും ശരി അതില്‍ അസ്വാഭാവികതയാണ് ആദ്യം തോന്നുക.

“സ്വകാര്യ വിദ്യാലയങ്ങളില്‍, സഭയുടേതടക്കം - കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വിജയശതമാനത്തിന്റെ തോത്. അവിടെയും അധ്യാപകര്‍ വെറുതേ മാര്‍ക്ക് വാരിക്കോരി നല്‍കിയതാണോ എന്നറിയണമല്ലോ.”
SSLC യ്ക്ക് പൊതു പ്രവേശന പരീക്ഷയായതുകൊണ്ട് ഈ വാദം ശരിയാകുമോ എന്തോ?

തിരുമണ്ടനായ ഒരുത്തനെ സര്‍ക്കാര്‍ ജയിപ്പിച്ചതുകൊണ്ട് സര്‍ക്കാരനോ വീട്ടുകാരനോ അവനുതന്നെയോ ഗുണമുണ്ടാകുമെന്നു കരുതുന്നില്ല.

ഈ പോസ്റ്റ് എഴുതാനുള്ള കാരണം സി.പി.നാരായണന്റെ പരാമര്‍ശമാണ്.
ഈ പോസ്റ്റിനെ ലക്ഷ്യം വിജയശതമാനത്തിലെ സ്ഥിരതയുടെ ആവശ്യകതകൂടിയാണ്. ചര്‍ച്ച ആ രീതിയില്‍ പുരോഗമിക്കാന്‍ താത്പര്യപ്പെടുന്നു.

കെ said...


“സ്വകാര്യ വിദ്യാലയങ്ങളില്‍, സഭയുടേതടക്കം - കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വിജയശതമാനത്തിന്റെ തോത്. അവിടെയും അധ്യാപകര്‍ വെറുതേ മാര്‍ക്ക് വാരിക്കോരി നല്‍കിയതാണോ എന്നറിയണമല്ലോ.”
SSLC യ്ക്ക് പൊതു പ്രവേശന പരീക്ഷയായതുകൊണ്ട് ഈ വാദം ശരിയാകുമോ എന്തോ?


വിജയ ശതമാനം പെരുപ്പിക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നൊരാരോപണം ജോജു കേട്ടില്ലേ. സഭയുടെ സ്ക്കൂളുകളില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതിന്റെ മാനദണ്ഡം പരിശോധിക്കപ്പെടേണ്ടേ.

തിരുമണ്ടനായ ഒരുവന്‍ എത്രകാലം എസ്എസ്എല്‍സി എഴുതണമെന്നാണ് ജോജു പറയുന്നത്. ജയിക്കുന്നതു വരെ? അതോ മരിക്കുന്നതു വരെയോ?

ചര്‍ച്ച സി പി നാരായണന്റെ ലേഖനത്തെ അധികരിച്ചു തന്നെ മുന്നോട്ടു നീങ്ങട്ടെ. ലേഖനത്തിന്റെ പൂര്‍ണ രൂപം താഴെ ചേര്‍ക്കുന്നു. (ചിന്ത വാരികയുടെ 2008 മെയ് 23 ലക്കത്തിലാണ് പ്രസ്തുത ലേഖനം)

കെ said...

വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്ഡം കൂട്ടത്തോല്‍വിയല്ല

സി പി നാരായണന്‍

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂട്ടത്തോല്‍വിയായിരുന്നു ഒരു കാലത്തെ തുടര്‍ക്കഥ. മൊത്തം വിജയശതമാനം 30നും 40നും ഇടയ്ക്കായിരുന്നു കുറെ വര്‍ഷങ്ങളില്‍. പിന്നീട് അത് 40നും 50നും ഇടയ്ക്കായി. ഏതാണ്ട് 20 വര്‍ഷം മുമ്പ് ഒരിക്കല്‍ അത് 50 ശതമാനം കവിഞ്ഞു. പാഠ്യപദ്ധതി പരിഷ്കാരത്തെതുടര്‍ന്ന് 1990കളുടെ അവസാന വര്‍ഷങ്ങളില്‍ വിജയം 50 ശതമാനത്തിലേറുന്നത് പതിവായി. ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍വന്ന വര്‍ഷം അത് 68 ശതമാനമായി ഉയര്‍ന്നിരുന്നു. പുതിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയം ഗ്രേഡിങ്ങിലും ആയതിന്റെ ബാലാരിഷ്ടുകള്‍ തീര്‍ന്നപ്പോഴായിരുന്നു ഫലം അങ്ങനെ ഉയര്‍ന്നത്. എല്‍ഡിഎഫ് ഗവണ്‍മെന്റും പ്രാദേശിക ഗവണ്‍മെന്റുകളും ചേര്‍ന്ന് നടത്തിയ ഊര്‍ജിതമായ യത്നത്തെതുടര്‍ന്ന് പിറ്റേവര്‍ഷം വിജയം 82 ശതമാനവും ഈ വര്‍ഷം 92 ശതമാനവും കടന്നു. അതോടെ കൂട്ടത്തോല്‍വിയുടെ കഥ കൂട്ട വിജയത്തിന്റേതായി മാറി.

ഇങ്ങനെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായ ചരിത്രം സൃഷ്ടിച്ച മുന്നേറ്റത്തില്‍ സംസ്ഥാന-പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് കാര്യമായ പങ്കുണ്ട്. കുട്ടികള്‍ മുമ്പും പഠിക്കാറുണ്ട്. വീട്ടുകാര്‍ അവരെ സഹായിക്കാറുണ്ട്. അധ്യാപകര്‍ അവരുടെ ജോലി നിര്‍വഹിക്കാറുണ്ട്. അതൊക്കെ എന്നും ഉണ്ടായിരുന്നു. എന്നാല്‍ പഠനത്തില്‍ കുട്ടികളെ തല്‍പരരാക്കാന്‍, അത് ഫലപ്രദമാക്കാന്‍, അധ്യാപകരും രക്ഷിതാക്കളും ഊര്‍ജസ്വലമായി കുട്ടികളെ സഹായിക്കാന്‍ ആവശ്യമായ പശ്ചാത്തലവും പ്രേരണയും വിദ്യാഭ്യാസവകുപ്പും പ്രാദേശിക ഗവണ്‍മെന്റുകളും ചേര്‍ന്ന് ഒരുക്കിയപ്പോള്‍ എന്നും കൂട്ടത്തോല്‍വിയുടെ റെക്കോര്‍ഡുണ്ടായിരുന്ന സ്കൂളുകളില്‍പോലും മിനിമം വിജയശതമാനം 50ലേറെയായി. അവയില്‍ പല സ്കൂളുകളും നൂറുമേനിവരെ വിളയിച്ചു. പാഠ്യപദ്ധതി പരിഷ്കാരത്തിലും അധ്യാപനത്തിലും മൂല്യനിര്‍ണയത്തിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയതിന്റെ ഫലമായിക്കൂടി ഇതിനെ കാണണം. ഒട്ടുവളരെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ വിദ്യാഭ്യാസത്തിന്റെ ഊടിലും പാവിലും വരുത്തിയ ഈ മാറ്റം സഹായമായി.

മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയതേയുള്ളു എന്നു പറയുന്നത് വെറുതെയല്ല. പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലുള്ള എന്‍സിഇആര്‍ടി പരിഷ്കരിച്ചതിനെ മുന്‍നിര്‍ത്തി സംസ്ഥാനത്തും അവ പരിഷ്കരിക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. വരുന്ന ജൂണില്‍ കുറെ ക്ളാസുകളില്‍ ഈ മാറ്റം നടപ്പില്‍ വരുത്തും. രണ്ടുമൂന്നുവര്‍ഷംകൊണ്ടായിരിക്കും ആ മാറ്റങ്ങള്‍ സമ്പൂര്‍ണ്ണമായി നടപ്പിലാക്കപ്പെടുക. അതിന്റെ ഭാഗമായി അധ്യാപകരെ മാത്രമല്ല, വിദ്യാഭ്യാസവകുപ്പിലെ സകല ജീവനക്കാരെയും പുന:പരിശീലിപ്പിക്കുന്ന പ്രക്രിയയും നടക്കും. കഴിഞ്ഞവര്‍ഷം അങ്ങനെയൊരു ഉദ്യമം ആരംഭിച്ചപ്പോള്‍ അതിനെ കുറ്റംപറയാന്‍ ശ്രമിച്ച ദോഷൈകദൃക്കുകള്‍ക്കുപോലും അത് എല്ലാവരിലും നല്ലഫലം പൂര്‍ണമായല്ലെങ്കിലും, ഉളവാക്കി എന്ന് സമ്മതിക്കേണ്ടിവന്നു. നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയാകെ അരനൂറ്റാണ്ടിലേറെ കാലത്തെ വികാസപരിണാമങ്ങള്‍ക്കു വിധേയമായ കേരള സമൂഹത്തിന് യോജിച്ചവിധത്തില്‍, 21-ാം നൂറ്റാണ്ടിലെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് യോജിച്ചവിധത്തില്‍, പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. അയിത്തം, കടുത്ത അസമത്വം, ദുര്‍ബല ജനവിഭാഗങ്ങളായ ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നാനാവൈകല്യങ്ങളുള്ളവര്‍ എന്നിവരോടുള്ള വിവേചനം മുതലായവയെ ഉച്ചാടനംചെയ്ത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ കഴിഞ്ഞകാലത്ത് കൈവരിച്ച നേട്ടങ്ങളെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന പ്രക്രിയയാണ് പൊതു-ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ നടപ്പാക്കപ്പെടുന്നത്.

ഇതുസംബന്ധിച്ച് ഇടതുപക്ഷത്തിന് വലതുപക്ഷത്തിന്റേതില്‍നിന്ന് വേറിട്ട ഒരു കാഴ്ചപ്പാടുണ്ട്. കേരളത്തിലെ ആദ്യത്തെ (ഇഎംഎസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന) ഗവണ്‍മെന്റ് നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ഈ കാഴ്ചപ്പാടോടെയായിരുന്നു. പിന്നീടുവന്ന പല ഗവണ്‍മെന്റുകളും അതില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ ഗവണ്‍മെന്റ് കൊണ്ടുവന്ന ജനപക്ഷം പിടിച്ചുള്ള മാറ്റങ്ങളെ നേര്‍ വിപരീത ദിശയിലാക്കാന്‍ അവയൊക്കെ ശ്രമിച്ചിട്ട്, ജനങ്ങള്‍ ചെറുത്തതുകൊണ്ട്, കഴിഞ്ഞില്ല. പത്തുവര്‍ഷംമുമ്പ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്യമിച്ച പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ അനുഭവവും മറ്റൊന്നല്ല.

പക്ഷെ വിദ്യാഭ്യാസരംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാരും കച്ചവടക്കാരും വലതുപക്ഷ രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന ജനാധിപത്യപരവും പുരോഗമനപരവുമായ മാറ്റങ്ങളെ എന്നും എതിര്‍ത്തിട്ടുണ്ട്. അവയെ പരാജയപ്പെടുത്താന്‍ ആവതുചെയ്തിട്ടുണ്ട്. അതില്‍ പൂര്‍ണമായി വിജയിച്ചില്ലെങ്കിലും ഈ മനസ്സുകളില്‍ സംശയങ്ങളുടെ വിത്തുപാകി സ്വാഗതാര്‍ഹമായ മാറ്റങ്ങളെ വിവാദപരമാക്കുന്നതില്‍ ഇക്കൂട്ടര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയില്‍ മാത്രമല്ല, മറ്റ് മേഖലകളിലും ഇതുതന്നെയാണ് അനുഭവം.

വിദ്യാഭ്യാസരംഗത്ത് തങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ മാത്രമാണ് മികച്ച വിജയം കൈവരിക്കുന്നത് എന്ന് പ്രചരിപ്പിച്ചിരുന്നു ഒരു കാലത്ത് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍. പിന്നീട്, 1980കള്‍ മുതല്‍, അണ്‍ എയ്ഡഡ് സ്കൂളുകള്‍ നടത്തലായി അവരുടെ ഫാഷന്‍. സര്‍ക്കാര്‍ നിയന്ത്രണം വളരെ കുറവാണ്. അത് ഏറ്റവും കുറവായ സിബിഎസ്ഇ മേഖലയിലേക്കും അവര്‍ നീങ്ങി. അന്നൊക്കെ നൂറുമേനി വിളയുന്നു എന്നായിരുന്നു തങ്ങളുടെ വിദ്യാലയങ്ങളുടെ മേന്മയായി അവര്‍ ഉയര്‍ത്തിക്കാണിച്ചത്. വിജയശതമാനം 80ഉം 90ഉം ആയി ഉയരുമ്പോള്‍ നൂറുമേനി വിളയുന്നത് അസാധാരണമല്ലാതായി. പരീക്ഷയില്‍ പാസാകാന്‍ മാത്രമല്ല, ഉന്നതവിജയം നേടാന്‍പോലും ഇത്തരം മണികെട്ടിയ സ്കൂളുകളില്‍ വന്‍ ഫീസ് നല്‍കി കുട്ടികളെ അയക്കേണ്ടതില്ല എന്ന് രക്ഷിതാക്കള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഈ സ്ഥിതിവിശേഷം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയാണ് ഫലപ്രഖ്യാപനം വന്നപ്പോള്‍ എന്നും സ്വകാര്യമേഖലയുടെ വക്താക്കളായി വര്‍ത്തിച്ചിട്ടുള്ള ചില മാധ്യമങ്ങളെ ഇപ്പോഴത്തെ ഉയര്‍ന്ന വിജയശതമാനത്തെ ഇകഴ്ത്തിക്കാണിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ്. ഒട്ടുവളരെ സ്കൂളുകളില്ല ആ രംഗത്ത് എന്നതുകൊണ്ടാകാം ഉയര്‍ന്ന വിജയശതമാനം. അവ പിന്തുടരുന്നത് കേരളം മാതൃകയാക്കുന്ന എന്‍സിഇആര്‍ടി സിലബസാണ്, അവയിലും ഗ്രേഡിംഗ് അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം, സ്കൂളുകളിലെ കുട്ടികളുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായതോതിലുള്ള പരിഗണന അവസാനപരീക്ഷയില്‍ ലഭിക്കും. ഈ സമ്പ്രദായമാണ് സിബിഎസ്ഇ പരീക്ഷയില്‍ 90 ലേറെ വിജയശതമാനം ഉണ്ടാകാന്‍ കാരണം. അതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ കേരളത്തിലെ ഉയര്‍ന്ന വിജയശതമാനത്തിന്റെ നേരെ കല്ലെറിയുന്നത് എന്തുകൊണ്ട്?

അതില്‍ അവരുടെ മനസ്സില്‍, രക്തത്തില്‍ അലിഞ്ഞുകിടക്കുന്ന ഫ്യൂഡല്‍ മനോഭാവം തെളിഞ്ഞുകാണാം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കള്‍ക്കൊപ്പം തങ്ങളുടെ മക്കളെ പഠിക്കാന്‍ വിടാത്ത മനോഭാവം ഒരു വിഭാഗത്തിലുണ്ട്. അതിനെ കച്ചവടക്കണ്ണോടെ പ്രോത്സാഹിപ്പിച്ച് മുതലെടുക്കുകയാണ് വിദ്യാഭ്യാസക്കച്ചവടക്കാര്‍. എല്ലാ കുട്ടികളും പ്രത്യേകിച്ച് സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍, പഠിച്ച് മിടുക്കരായി പരീക്ഷയില്‍ വിജയം നേടുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല. തങ്ങളുടെ, തങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളിലെ, കുട്ടികള്‍ക്ക് പ്രശസ്ത വിജയം നേടാന്‍ കഴിഞ്ഞാല്‍ മാത്രംപോര. സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും പഠിക്കുന്ന പാവപ്പെട്ട കുട്ടികളും മറ്റും കൂട്ടത്തോടെ തോറ്റാലെ തങ്ങളുടെ കുട്ടികളുടെ വിജയത്തിന് മിഴിവുണ്ടാകു എന്നാണ് അവരുടെ മനോഭാവം.

അതിനെയാണ് ഫ്യൂഡലിസത്തെ പല മേഖലകളിലും പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളും വക്താക്കളും മറ്റും വിവാദവിഷയമാക്കുന്നത്. എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ പതിവില്ലാത്തവിധത്തില്‍ ഉദാരമായ മൂല്യനിര്‍ണയം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് ആക്ഷേപമുള്ളവര്‍ തെളിവ് ഹാജരാക്കട്ടെ. ഇല്ലാത്ത തെളിവ് ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഗൌരവമായി സര്‍ക്കാര്‍ പരിശോധിക്കണം. തെളിവൊന്നുമില്ലെങ്കില്‍, കഴിഞ്ഞവര്‍ഷം വിജയശതമാനം 82 ആയി ഉയര്‍ന്നപ്പോള്‍ മലയാളമനോരമ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദംപോലെ ഇതും സോപ്പുകുമിളപോലെ വേഗം തകര്‍ന്നുപോകും.

സംസ്ഥാന-പ്രാദേശിക ഗവണ്‍മെന്റുകള്‍ ചെയ്യേണ്ടത് കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്തതുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുകയാണ്. അവയെ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കൂട്ടായി ശ്രമിക്കേണ്ടതുണ്ട്. ഓണം വന്നാലും, ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി എന്ന പഴഞ്ചൊല്ല് കേരളത്തില്‍ പല മണ്ഡലങ്ങളിലും അപ്രസക്തമായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് അതിനെ തീര്‍ത്തും അപ്രസക്തമാക്കുന്നതാണ് എസ്എസ്എല്‍സി വിജയശതമാനം 90ലേറെയായി ഉയര്‍ന്നത്. ഇതിനെ സ്ഥായിയാക്കുക എളുപ്പമല്ല. ശ്രമകരമായ, അതേസമയം ആദ്യന്തം ആനന്ദകരമായ, ആ പ്രവര്‍ത്തനത്തില്‍ ബന്ധപ്പെട്ടവരെല്ലാം മുഴുകണം എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അതിനുനേരെ കുരയ്ക്കുക ശീലമായിട്ടുള്ളവര്‍ അവരുടെ പതിവ് തുടരട്ടെ. സാവധാനത്തില്‍ നാട്ടുകാരാകെ അവരെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളും. അതോടെ ആ ശീലവും അതിനുപ്രേരകമായ ഘടകങ്ങളും അവസാനിക്കും.

ഡാലി said...

വിജയശതമാ‍നം ഉയര്‍ന്നു എന്നതുകൊണ്ട് പ്രത്യേകിച്ചു കുഴപ്പമുണ്ടെന്നു് കരുതുവാന്‍ വയ്യ. മാത്രമല്ല തോല്‍വി, കൊണ്ടുള്ള ആത്മഹത്യകള്‍ ഇല്ലാതാക്കാനും, ഡിവിഷന്‍ ഫാള്‍ വന്നു അടഞ്ഞു പോകുന്ന മലയാള മീഡിയം സ്കൂളുകള്‍ നില നിര്‍ത്താനും (റെഫറന്‍സ് നാരയണന്‍ ലേഖനം) ഒരു കച്ചിത്തുരുമ്പായെങ്കിലും ഈ ഉദ്യമം സഹായിക്കുമെങ്കില്‍ പിന്നെന്തിനു ശങ്കിക്കണം. സര്‍ക്കാര്‍ അദ്ധ്യാപകരുടെ ഗതികേട് ഉഷടീച്ചര്‍ പറയുന്നതു് നോക്കൂ.

എന്നാല്‍ സി.ബി.എസ്. സീ. യുമായി ഈ വിജയത്തെ താരതമ്യം ചെയ്യുന്നതു് ശുദ്ധമണ്ടത്തരമാണു്. കേരളം വരുന്നതു് ചെന്നൈ റീജിയനില്‍ തന്നെ. നാലു വര്‍ഷത്തോളമായി സി.ബി.എസ്.സി യില്‍ മുന്നില്‍ വരുന്നതു് ചെന്നെ റിജീയണ്‍ ആണു്. സി.ബി.എസ്.സി സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടേയും സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കൂട്ടികളുടേയും ഭൌതീക സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്താന്‍ പറ്റില്ല. (ഭൌതികസാഹചര്യങ്ങള്‍ കൂടുതലായുള്ളവര്‍ക്ക് പഠനം എളുപ്പമാണു് എന്ന സിമ്പിള്‍ ലോജിക്) മിക്കവര്‍ക്കും റ്റൂഷ്യനും മറ്റും കാണും. അതുകൊണ്ടു് അവിടെ ഇത്ര ഉണ്ടായപ്പോള്‍ വിഷമമില്ല, കേരള സിലബസ്സില്‍ ഉണ്ടായപ്പോള്‍ വിഷമം എന്ന പറച്ചില്‍ ന്യായീകരിക്കാനാവില്ല.

അതേസമയം സര്‍ക്കാര്‍ സ്കൂളുകളിലെ കഠിന പരിശ്രമത്തിന്റെ ഫലമാണു് ഈ വിജയം എന്നാണു് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതു ഒരു പരിധി വരെ ശരിയാരിക്കണം. മേലെ പോസ്റ്റില്‍ പറഞ്ഞ പോലെ ഗതിക്കെട്ട അദ്ധ്യാപകര്‍ മുങ്കൈ എടുക്കാതിരിക്കാന്‍ ഒരു വഴിയും കാണുന്നില്ല. പിന്നെ ആരോപണങ്ങളില്‍ കേള്‍ക്കുന്ന പോലെ 100% ഇന്റെണല്‍ മാര്‍ക്കും കാണും. (ഒരു 90% വരെ ഇന്റെണല്‍ മാര്‍ക്ക് കൊടുക്കുന്നതിനെ എതിര്‍ക്കുന്നതെന്തിനാണു്. മിക്ക യൂണിവേഴ്സിറ്റി സെന്ററുകളിലും അങ്ങനെയാണു. എന്നട്ടും അവിടന്നിറങ്ങുന്ന പിള്ളേരല്ലേ മിടുക്കന്മാര്‍?) ഒരു പാഠ്യപദ്ധതിയുടെ ബാലാരിഷ്ടത കടന്നു കയറനുള്ള ഹോര്‍ലിക്സ് ആയേ ആ 10%കൂടുതല്‍ ഇന്റേണല്‍ മാര്‍ക്കൂ കാണേണ്ടൂ. അതുപോലെ തന്നെ ചോദ്യം തെറ്റിയതിനു ഉത്തരത്തിന്റെ മുഴുവന്‍ മാര്‍ക്കും കൊടുത്തു എന്നതൊക്കെ കാമ്പില്ലാത്ത ആരോപണങ്ങളാണു്. കാലാകാലങ്ങളായി തെറ്റായി ചോദ്യം കൊടുത്താല്‍ ആ ചോദ്യത്തിന്റെ നമ്പര്‍ എങ്കിലും ഇട്ടവര്‍ക്കു് മുഴുവന്‍ മാര്‍ക്കു കൊടുക്കുന്ന രീതിയാണു്.

ജോജു പറഞ്ഞപ്പോലെ ഈ വിജയ ശതമാനത്തിനു സ്ഥിരതയുണ്ടായിണ്ടായിരിക്കണം. അല്ലെങ്കില്‍ മേലെ പറഞ്ഞ സന്നദ്ധ മുകൈ എടുത്തു പഠിപ്പിച്ചു എന്ന വാദമൊക്കെ പൊളിയും. ഇപ്പോള്‍ 15 വയസ്സും മൂന്നു വര്‍ഷം കഴിയുമ്പോള്‍ 18 വയസ്സും ആകുന്ന കുട്ടികളാണു് ഈവര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ചവര്‍ എന്ന ആരോപണത്തിനാവും പ്രധാനമായും സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരിക.

ഈ പാഠ്യപദ്ധതി വിജയിച്ചോ? കുട്ടികളുടെ നിലവാരം ഉയര്‍ന്നോ എന്നതിലേക്കു് സര്‍ക്കരോ പാഠ്യപദ്ധതിയെ എതിര്‍ക്കുന്നവരോ ഒരു സര്‍വേ നടത്താത്തതെന്തു്?

Unknown said...

ഡിയര്‍ ജോജു,

ഇതിലിത്ര ആവേശം കൊള്ളേണ്ട കാര്യമെന്താണെന്ന് മനസ്സിലായില്ല. അഖിലേന്ത്യാ എന്നതിനു പകരം ചെന്നൈ എന്നോ കേരളം എന്നോ മാറ്റിയാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ അതില്‍. അദ്ദേഹം പറഞ പോയിന്റ് എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത അവസ്ഥയില്‍. എസ്.എസ്.എല്‍.സി വിജയശതമാനത്തിനെതിരെ ആരോപണവുമായി വരുന്നവര്‍ സി.ബി.എസ്.ഇ വിജയശതമാനത്തിനെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണദ്ദേഹത്തിന്റെ പോയിന്റ്.അത് ശരിയാണ്‌ താനും. കേരളത്തിലെ വിജയശതമാനം 98+അല്ലേ? ചെന്നൈ മേഖല നോക്കിയാല്‍ 95+. ജോജു നല്‍കിയ കണക്കില്‍ തന്നെ എസ്.എസ്.എല്‍.സി 2005 ഉം 2006ഉം തമ്മില്‍ 10% വ്യത്യാസം ഉണ്ടല്ലോ.

1999 - 52.93%
2000 - 56.15%
2001 - 56.22%
2002 - 60.62%
2003 - 64.85%
2004 - 70.06%
2005 - 58.95%
2006 - 68.95%
2007 - 82.29%
2008 - 92.09%

2001മുതല്‍ പരിശോധിച്ചാല്‍ 2005 ഒഴികെ 4%എങ്കിലു വെച്ച് വിജയശതമാനം ഉയരുന്നുണ്ട്. ഇതും അന്ന് ഭരിച്ചിരുന്ന സര്‍ക്കാര്‍ വാരിക്കോരി കൊടുത്ത് ഉണ്ടായതാണോ? 1996(48.92%) മുതല്‍ വിജയശമാനം ഉയരുന്നുണ്ടായിരുന്നു എന്നും മനസ്സിലാക്കുക. 1981ല്‍ 34.4% ആയിരുന്നു വിജയം.

ചെന്നൈ റീജിയണില്‍ ഇത്തവണ സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയശതമാനം 95.25. കേരളത്തില്‍ 98.64%. മാത്രമല്ല ചെന്നൈ റീജിയണില്‍ പന്ത്രണ്ടാം ക്ലാസില്‍ കഴിഞ വര്‍ഷത്തില്‍ നിന്നുമുള്ള വര്‍ദ്ധന 7.71%.

വാക്കില്‍ പിടിച്ചുള്ള വാദങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നു.

ജോജുവിന്റ ചെന്നൈ റീജിയണ്‍ കണക്കുകളും ഒന്ന് പരിശോധിക്കുക. ക്ലാസ് പത്തും പന്ത്രണ്ടും ഒക്കെ കൂടിക്കുഴഞിട്ടുണ്ട് എന്ന് തോന്നുന്നു. ചെന്നൈ ക്ലാസ് പത്ത് ഇത്തവണ 95.25% ആണ്‌ വിജയം. രണ്ട് ശതമാനം കൂടുതല്‍.(http://timesofindia.indiatimes.com/Chennai/CBSE_class_X_percentage_on_upswing/articleshow/3078359.cms)

സി.ബി.എസ്.ഇ ചോദ്യപേപ്പറുകള്‍ റിഡിസൈന്‍ ചെയ്തത് കൊണ്ടുണ്ടായ മെച്ചങളെപ്പറ്റി സി.ബി.എസ്.ഇയുടെ വക്താവ് അശോക് ഗാംഗുലി പറയുന്നത് ഇങ്ങിനെ.

Based on the National Curriculum Framework-2005, the CBSE had redesigned the question papers in all the major subjects for Classes XII and X for the 2008 examinations to assess Higher Order Thinking Skills in students by focussing on evaluating their abilities to reason and analyse.

“This year, we changed the typology of questions. The average performance of the students has increased because of this change which is very satisfying. Those students in the 40-50 per cent bracket have shifted to the 50-60 per cent bracket and those in the 50-60 per cent bracket have moved to the 60-70 per cent category.

ഇത് കൂടി വായിച്ചിട്ട് വാരിക്കോരിക്കൊടുക്കല്‍ ആണോ എന്ന് തീരുമാനിക്കുക.പന്ത്രണ്ടാം ക്ലാസിലെ കാര്യമാണ്‌.(http://www.thehindu.com/2008/05/22/stories/2008052260300100.htm)

Students and teachers from city schools had earlier expressed apprehension about the marking scheme for the mathematics and physics papers, which were largely considered difficult. However, the CBSE had then promised that students would not stand to lose and that experts would prepare the marking scheme keeping in mind the difficulty level of each paper.

“We have kept our promise,” CBSE’s Controller of examinations M.C. Sharma told The Hindu after the results were declared.

സി.പി.നാരായണന്‍ എന്ന വ്യക്തി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്‌. എന്നുവെച്ചാല്‍ സജീവമായി ഇടപെടുന്ന വ്യക്തി. അദ്ദേഹത്തിന്റെ വാക്ക് പിശകിയിരിക്കാമെങ്കിലും ആശയം പൂര്‍ണ്ണമായി തെറ്റുവാന്‍ സാധ്യത കുറവാണ്‌.(താങ്കളുടെ പുശ്ചം കണ്ടപ്പോള്‍ പറയുന്നുവെന്നെയുള്ളൂ).

ഡോ.ധര്‍മ്മരാജ് അടാട്ടിന്റെ ലേഖനത്തില്‍ നിന്ന് (http://www.deshabhimani.com/Profile.aspx?user=10945)

അഞ്ചും ആറും ലക്ഷം പേര്‍ വര്‍ഷംതോറും പരീക്ഷയെഴുതി പകുതിയിലേറെ പരാജയപ്പെടുക എന്ന അവസ്ഥയെ 'ഭഗീരഥപ്രയത്നം' (ആ വാക്കിന്റെ പൂര്‍ണമായ അര്‍ഥത്തില്‍)കൊണ്ടാണ് കേരളം തിരുത്തിക്കൊണ്ടിരിക്കുന്നത്. അധ്യാപകരുടെ ആത്മാര്‍ഥത, പിടിഎ, മാതൃസംഗമം, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയുടെ ഫലപ്രദമായ ഇടപെടലുകള്‍ക്കൊപ്പം അക്ഷരവേദി, അമ്മതന്‍ മണിക്കുട്ടന്‍, വിജയരഥം തുടങ്ങിയ ഒട്ടേറെ ബോധനപരിപാടികളിലൂടെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയും പരിശ്രമവും കൊരുത്തുവന്നപ്പോള്‍ തീര്‍ച്ചയായും അതിന്റെ ഫലം കണ്ടു.

സൂര്യോദയം said...

തീര്‍ച്ചയായും പല സ്കൂളുകളിലും കൂട്ടായ പ്രയത്നങ്ങള്‍ നടന്നു... പല സംഘടനകളിലൂടെയും കൂട്ടായ്മകളിലൂടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.. അതിന്റെയെല്ലാം ഫലമായി വിജയശതമാനത്തില്‍ മാറ്റം വന്നിട്ടുണ്ട്‌.. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച്‌ വെറുതേ കുറ്റപ്പെടുത്തലുകള്‍ മാത്രമാകുന്നത്‌ തികച്ചും ഖേദകരമാണ്‌.

Manoj മനോജ് said...

ഇത്രയേറേ അന്വേഷണങ്ങള്‍ നടത്തിയിട്ടും സി.പി.നാരായണന്‍ ആരെന്ന് കണ്ടെത്തുവാന്‍ കഴിയാത്തവര്‍ക്ക് എങ്ങിനെ സര്‍ക്കാരിന്റെയും, അധ്യാപകരുടെയും, അയല്‍ക്കൂട്ടങ്ങളുടെയും, എന്‍.ജി.ഒ.കളുടെയും കഠിന ശ്രമങ്ങളെ കണ്ടെത്താനാകും?

മത്തായി said...

വിദ്യാഭ്യാസം എന്നാല്‍, ചോദ്യം-ഉത്തരം-മാര്‍ക്ക്/ഗ്രേഡ് എന്ന ലളിത സമവാക്യത്തിലേക്കു നാമെത്തിയിരിക്കുന്നു. തട്ടിമുട്ടി ജയിച്ചിരുന്നവന്‍ മാര്‍ക്ക് ഷീറ്റ് ചുരണ്ടി 100/100 -മായി വന്നാലും ഇപ്പോള്‍ ആരും നെറ്റി ചുളിക്കില്ല എന്നു തോന്നുന്നു. മൊത്തം അഭ്യാസത്തിന്റെ പരമമായ ലക്ഷ്യം തന്നെ മാര്‍ക്കാണല്ലോ. 5-ലെ പുസ്തകം പുറംചട്ടമാറ്റി 7-ല്‍ കൊടുത്താലും നമുക്കൊരു പ്രശ്നവുമില്ല. പക്ഷേ കടുപ്പമുള്ള രണ്ടു ചോദ്യങ്ങള്‍ പരീക്ഷക്കു വന്നാല്‍.. കളിമാറും. മോഡറേഷന്‍ കിട്ടി കഷ്ടി 50% ജയിക്കുന്ന കാലത്ത് റാങ്ക് കാരനോടൊരു ചോദ്യം:- “ഇപ്പൊ പരീഷ എഴുതിയാല്‍?” ഉത്തരം:- “ഫസ്റ്റ് ക്ലാസ് കിട്ടും.” ഒന്നാമന്‍ സ്ഥിരമായി 98%-99% മാര്‍ക്ക് വാങ്ങിക്കൊണ്ടിരുന്ന ഒരേ ഒരു പരീക്ഷ SSLC ആണെന്നു തോന്നുന്നു. അതൊക്കെ നമ്മുടെ വിദ്യാഭാസ പദ്ധതിയുടെയും കുട്ടികളുടെയും നിലവാരത്തിന്റെ അളവുകോലായിരുന്നെങ്കില്‍, എന്നേ നമ്മള്‍ ചൊവ്വയില്‍ കപ്പനട്ടേനെ.

10 പാസാവാത്തവനു പെണ്ണുപോലും കിട്ടാത്ത നാട്ടില്‍ വിജയശതമാനം ഉയരുന്നത് സ്വാഭാവികം. സംപൂജ്യരായിക്കഴിഞ്ഞിരുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന് മൊത്തം ഉണ്ടായ അഭിവൃദ്ധി വേറൊരു കാരണം. എന്നാലും, ഇതിനൊക്കെ ഒരു പരിധിയില്ലേ. ഒരു വര്‍ഷം കൊണ്ട് 10% വളര്‍ച്ച! (കമന്റില്‍ പറഞ്ഞിരിക്കുന്ന കണക്കു ശരിയാണെങ്കില്‍.) അരിപ്പവച്ചരിച്ചും, കോപ്പി അടിപ്പിച്ചും, ട്യൂഷനു മണ്ടേല്‍ ട്യൂഷന്‍ നല്‍കിയുമെല്ലാം നോക്കിയിട്ടും ഒന്നോ രണ്ടോ മണ്ടന്മാര്‍കാരണം ചിലവര്‍ഷങ്ങളില്‍ നൂറുമേനി കൊയ്യാന്‍ കഴിയാതെ പോയിട്ടുള്ള എല്ലാ സ്വകാര്യസ്കൂളുകളെയും സര്‍ക്കാര്‍ മലര്‍ത്തിയടിച്ചു കഴിഞ്ഞു. എന്തൊരു കൊയ്ത്ത്, കണ്ടു പഠിക്കട്ടെ എല്ലാവരും.കുതിച്ചുയരുന്ന നിലവാരവും മിനിമം ഗ്യാരണ്ടി എന്ന പ്രലോഭനവും കാരണം CBSC ഒക്കെപ്പൂട്ടേണ്ടി വരും.

ഇക്കാര്യത്തില്‍ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവന്‍ മൂരാച്ചി, ഫ്യൂഡലിസ്റ്റ്, ദോഷൈകദൃക്ക് അങ്ങനെപോകുന്നു. മാര്‍ക്കിനു വേണ്ടി എന്തു ചെറ്റത്തരവും കാണിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിച്ച തലമുറ വന്ന ശേഷം കേരളത്തിന്റെ പുറത്തറിയപ്പെടുന്ന ഒരു മലയാളി ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. അതേ രീതില്‍ സര്‍ക്കാരും നീങ്ങുന്നു. പക്ഷേ കാരണവന്മാര്‍ക്കടുപ്പിലും തൂറാം, സാമാന്യനീതി.

പുതിയ വിദ്യാഭ്യസ രീതിയുടെ ഗുണദോഷങ്ങള്‍ ഒരു വിധം അളക്കാന്‍ ഈ വിജയശതമാനങ്ങള്‍ സഹായകമാവേണ്ടതായിരുന്നു. പക്ഷേ കള്ളപ്പറയും ചെറുനാഴിയുമായിറങ്ങിയ വിദ്യാഭ്യാസ വകുപ്പ് അതു നൂറ്റൊന്നുമേനിയായളന്നു കാണീച്ചു. ഇനിയാര്‍ക്കു പരാതി. ഈ നേട്ടത്തെ വേണ്ടെന്നു വെക്കാനും മാത്രം നേട്ടങ്ങളൊന്നും ഇടതു സര്‍ക്കാരിന്റെ കീശയിലില്ല. ഔദ്യോഗികമോ അനൌദ്യോഗികമോ ആയ ഒരുത്തരവ് കൊണ്ട് കേവലം ഒരു ശതമാനം വിജയം ഉയര്‍ത്താമെങ്കില്‍പ്പോലും വലിയ കാര്യമല്ലേ!

ഇന്റേണല്‍ മാര്‍ക്കും ചില ‘നമ്പരു’കളുമാണ് ഈ വിജയത്തിനു പിന്നില്‍ എന്നു വ്യക്തമാണല്ലോ. അല്ലാതെ അടിസ്ഥാന സൌകര്യങ്ങളില്‍ ഒരു വ്യത്യാസവും വരുത്താതെ, പി.ടി.എ മീറ്റിംഗ് ആഴ്ച്ചയില്‍ ഒന്നു വെച്ച് എന്നകണക്കിലായാല്‍ 10% വിജയം കൂടുമോ! [യൂണിവേഴ്സിറ്റി തലത്തില്‍ 100% ഇന്റേണല്‍ ആക്കുന്നതും നമ്മുടെ സ്കൂളില്‍ ആക്കുന്നതും തമ്മില്‍ നല്ല വെത്യാസം. വകുപ്പിന്റെ ഗ്ലാമര്‍ കൂട്ടാനോ, വേറൊരു യൂണിവേഴ്സിറ്റിയെ കടത്തിവെട്ടാനോ, മാര്‍ക്കു വാരിക്കൊടുക്കുന്നതു ഞാന്‍ പഠിച്ചിടത്തെങ്ങും കേട്ടിട്ടില്ല. അതുമല്ല, അവിടെ ഒരു ലെവലിനു മുകളില്‍ മാര്‍ക്കു കിട്ടിയാല്‍ മാത്രം മതി. പക്ഷെ സ്കൂളില്‍ നേടിയ ഓരോമാര്‍ക്കും വിലപ്പെട്ടാതാവുന്ന സന്ദര്‍ഭമുണ്ട്. കൂടിയ ഇന്റേണല്‍ മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും] സ്കൂളില്‍ പഠിപ്പിക്കുന്നവരാരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ നല്ലതായിരുന്നു. നമ്മുടെ കുട്ടികളുടെ നിലവാരം കുതിച്ചുയരുകയാണൊ?

ആരും പരാജയപ്പെടരുത് എന്നതു തന്നെയാവണം ലക്ഷ്യം. അതിനീ മാര്‍ഗ്ഗം വേണോ? എന്നാല്‍ പരീക്ഷ തന്നെ ഒഴിവാക്കിയാല്‍പ്പോരെ? കേരളത്തില്‍ സര്‍വകലാശാലകള്‍പ്പോലും വെറും മാര്‍ക്കുദാദാക്കളായി അധഃപ്പതിച്ചിട്ടു കാലം കുറെയായി. ബിരുദധാരികളുടെ നിലവാരത്തില്‍ ഇന്‍ഡ്യയില്‍ ഏറ്റവും പിന്നോക്കം കേരളം തന്നെയാണെന്നു തോന്നുന്നു. ഇന്‍ഡ്യയിലെ സ്വകാര്യ/പൊതു മേഖലക്കു പൊതുവായുള്ള അഭിപ്രായമാണത്. അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഉടനെ തീരും.

N.J Joju said...

ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച്‌ വെറുതേ കുറ്റപ്പെടുത്തലുകള്‍ മാത്രമാകുന്നത്‌ തികച്ചും ഖേദകരമാണ്‌.

സൂര്യോദയം,

ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിയ്ക്കുകയല്ല. ഒരു വിദ്യാഭ്യസരംഗത്തെ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് ഒരു ഷോര്‍ട്ട് ടേം റിസള്‍ട്ട് ഉണ്ടാക്കാനുള്ള പരിശ്രമങ്ങളുടെ അര്‍ത്ഥശൂന്യതയാണ് ഇവിടുത്തെ വിഷയം.

അതുപറഞ്ഞു വരുമ്പോള്‍ ഇപ്പോള്‍ ഭരിയ്ക്കുന്ന സര്‍ക്കാരിന്റെ നടപടികളെ പരാമര്‍ശിയ്ക്കാനാവാതെ വരും.

ഷാജി,

കഴിഞ്ഞ സര്‍ക്കാരുകളൂടെ കാലത്തോ ഈ സര്‍ക്കാരുകളുടെ കാലത്തോ വിജയ ശതമാനത്തില്‍ സ്ഥിരതയുണ്ടായിട്ടില്ല. 2003 ലെ64.85% ത്തില്‍ നിന്ന് 2004 ല്‍ 70.06% ലേയ്ക്ക് കയറ്റവും 2005 ല്‍ 58.95% ഒരു ഇറക്കവും. ഇത് ഒരിക്കലും ന്യായീകരിയ്ക്കാനാവാത്തതാണ്. കേരളത്തിലെ എല്ലാവിധ സമൂഹത്തില്‍ നിന്നുള്ളവരും വരുന്നതാണ് SSLC യ്ക്ക്. അവിടെ പഠനത്തില്‍ സമര്‍ത്ഥരാ‍യവരുണ്ടാവും, ഇടത്തരക്കാരുണ്ടാവും, വളരെ നിലവാരം കുറഞ്ഞവരും ഉണ്ടാവും. ഇത് ഒരു പൊതു സമൂ‍ഹത്തീന്റെ Random ആയിട്ടൂള്ള സ്വഭാവമാണ്. ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ പോലും ആളുകളുടെ എണ്ണം കൂടുമ്പോള്‍ ഈ പൊതു സ്വഭാവത്തെ നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ഏകദേശം കൃത്യമായ സംഘ്യകളിലേയ്ക്ക് എത്തിച്ചേരാ‍ല്‍ കഴിയും. അതുകൊണ്ടാണ് വിജയ ശതമാനത്തില്‍ സ്ഥിരത വേണം എന്നു പറയുന്നത്.

അതേ സമയം ആസൂത്രിതമായ പദ്ധതികളിലൂ‍ടെ പഠന നിലവരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതിന് ഒരു വര്‍ഷം കൊണ്ടോ രണ്ടു വര്‍ഷം കൊണ്ടൂ ഒരു റിസട്ടുണ്ടാവുന്നതും അഥവാ റിസള്‍ട്ട് പ്രതീക്ഷിയ്ക്കുന്നതും ശരിയാ‍ണെന്ന് എനിയ്ക്ക് തോന്നുന്നില്ല.

ഈ 92% എന്നൊക്കെ പറയുന്നത് കുറച്ചു കൂടുതലാണ് എന്ന അഭിപ്രായമാണ് എനിയ്ക്ക് ഇപ്പോഴും. അതിനെ CBSE ചെന്നൈ റീജ്യന്‍ പോലെ സാമ്പത്തികമായി ഉയര്‍ന്നവര്‍ പഠിയ്ക്കുന്നതും കഴിഞ്ഞ തലമുറയില്‍ മികച്ച വിദ്യാഭ്യാസം നേടിയവരുടെ മക്കള്‍ പഠിയ്ക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തോട് താരത്മ്യം ചെയ്യുന്നതില്‍ വലിയ കഴമ്പില്ല.(ഞാന്‍ ഈ പറഞ്ഞതിന്റെ അര്‍ഥം സാമ്പത്തികമായി പിന്നോക്കമുള്ളവന്‍ പഠിക്കരുതെന്നോ പരീക്ഷ പാസാവരുതെന്നോ അല്ല) ചില സാഹചര്യങ്ങളിലെ അന്തരം ചൂണ്ടീക്കാണിയ്ക്കുകയായിരുന്നു.

Unknown said...

എന്തടിസ്ഥാനതിലാണ്‌ വിജയ ശതമാനത്തില്‍ സ്ഥിരത വേണമെന്നു പറയുന്നത്‌? സ്ഥിരത എന്നു മുതലാണു പരീക്ഷകളുടെ വിജയതിന്റെ മാനദന്‍ഡമായത്‌? ഇത്ര വിചിത്രമായ ഒരു വാദം ഞാന്‍ ഇതിനു മുന്‍പു കേട്ടിട്ടില്ല. ഒരു ബാച്ചില്‍ കുറെയധികം നല്ല കുട്ടികള്‍ വന്നു കൂടായ്കയില്ലെ? അല്ലെങ്കില്‍ മാറുന്ന മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളില്‍ കുട്ടികള്‍ നന്നായി പഠിച്ചു കൂടെ? മാറ്റം അംഗീകരിക്കാത്ത മനസുകള്‍ക്കു മാത്രമെ സ്ഥിരത വേണം എന്നു വാദിക്കാന്‍ കഴിയൂ. മാറ്റം പ്രപഞ്ച സത്യമനെന്നു മനസിലാക്കുക - അതു ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

jinsbond007 said...

സി ബി എസ് സി യിലെ വിജയ ശതമാനത്തെയും ഗ്രേഡിങ്ങ് സമ്പ്രദായത്തെയും കേരളത്തിലേതുമായി താരതമ്യപ്പെടുത്താമോ എന്നെനിക്കറിയില്ല. എന്തായാലും മാര്‍ക്ക് ശതമാനം വര്‍ദ്ധിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ല എന്നാരും പറയില്ലല്ലോ. 40 ശതമാനം ആണ് ജയിക്കാന്‍ വേണ്ട മാര്‍ക്ക് എന്നാണ് എന്റെ അറിവ്(ഞാന്‍ പഠിച്ചപ്പോള്‍ സി ബി എസ് സിയില്‍ അങ്ങനെയായിരുന്നു).യൂണിവവേഴ്സിറ്റി തലത്തില്‍ ഇന്റേണലിന്‍ എത്ര മാര്‍ക്കുണ്ടായാലും തിയറിക്കു മിനിമം മാര്‍ക്കു വേണം. ഇവിടെയും അങ്ങനെയാണെന്നു കരുതുന്നു.

വിജയ ശതമാനം ഉയര്‍ന്നത് വെറുതെ ഈ കടമ്പ ചാടിക്കടന്ന ആളുകളുടെ കാര്യത്തില്‍ മാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒരു വിദ്യാഭ്യാസ നിലവാരവും അതുയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നില്ല എന്നാണെന്റെ വിശ്വാസം.

kaalidaasan said...

വിജയശതമാനം കൂടിയതിനെ സി ബി എസ്‌ ഇ യുമയി താരതമ്യം ചെയ്ത്‌ വിലയിരുത്തുന്നത്‌ അത്ര ശരിയല്ല. സി ബി എസ്‌ ഇ സ്കൂളുകളില്‍ പഠിക്കുന്നവറ്‍ ബുദ്ധിമാന്‍മാറ്‍ മാത്രമാണെന്നു കരുതുന്നത്‌ വിഠിത്തമാണു. വലിയ പണക്കാരുടെ, ശരാശരിയും അതിലും താണതുമായ മക്കള്‍ പലരും അവിടങ്ങളില്‍ പഠിക്കുന്നുണ്ട്‌. അവരെ എക്സ്ട്രാ ക്ളാസുകളും, സ്പെഷ്യല്‍ ട്യൂഷനും മറ്റും നല്‍കിയാണു പരീക്ഷകളില്‍ ജയിപ്പിച്ചെടുക്കുന്നത്‌. അതുതന്നെയാണു കേരളത്തില്‍ ഇത്തവണ നടന്നത്‌. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേക പരഗണന നല്‍കി പഠിപ്പിച്ച്‌ വിദ്യാഭ്യാസം നല്‍കി വിജയ ശതമാനം കൂട്ടുന്നത്‌ നല്ലതു തന്നെയാണു. വറ്‍ഷങ്ങളായി സ്വകാര്യ വിദ്യാഭ്യാസ സ്ഥപനങ്ങളെല്ലം അതാണിവിടെ ചെയ്തിരുന്നത്‌. ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളും അതു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പലറ്‍ക്കും അത്‌ ദഹികുന്നില്ല. പതിവു പോലെ കത്തോലിക്കാ മെത്രാന്‍മാരും അവരുടെ ശിങ്കിടി പത്രങ്ങളുമാണു അവരുടെ അസഹിഷ്ണുത പ്രകടിപ്പിച്ചത്‌. സ്വന്തം മേല്‍ക്കോയ്മ ഇല്ലാതാവുന്നതിലെ അസൂയയായേ ഇതിനെ കാണാന്‍ പറ്റൂ.



എന്തെല്ലാം ആരോപണങ്ങുളുണ്ടായാലും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ വളരെ ആത്മാര്‍ഥമയ പരിശ്രമം കഴിഞ്ഞ രണ്ടു വറ്‍ഷമായി കേരളത്തില്‍ ഉണ്ട്‌. വിദ്യാര്‍ദ്ഥികളും അധ്യാപരും രക്ഷിതാക്കളും ഭരണനേത്രുത്വവും അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്‌.


ഇവിടെ എഴുതിയ പലരും ആ പരിശ്രമങ്ങളെ ഇകഴ്ത്തി കാണിക്കുവാനാണു ശ്രമിച്ചത്‌. വിജയ ശതമാനത്തില്‍ സ്തിരത വേണമെനു പറയുന്നതില്‍ വലിയ കഴമ്പില്ല. സ്ഥിരതയുണ്ടായാല്‍ നല്ലത്‌.

ഇപ്പോള്‍ കാണിക്കുന്ന അത്മാറ്‍ഥത വരും വര്‍ഷങ്ങളിലും കാണിച്ചാല്‍ സ്ഥിരത ഉണ്ടാവുമെന്ന് തീറ്‍ച്ചയാണു. പക്ഷെ വിദ്യാഭ്യാസ കച്ചവടക്കാര്‍ അതിനു തുരങ്കം വക്കാന്‍ ശ്രമിക്കുമെന്നതും തീറ്‍ച്ചയാണു.

മാവേലി കേരളം said...

കേരളത്തിലെ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീ‍ക്ഷയില്‍ വിജയശതമാനം കൂടീ അതില്‍ താഴെപ്പറയുന്ന അഴിമതികള്‍ അടങ്ങിയിരുന്നു എന്നൊന്നൂം തെളിവു സഹിതം ആരും സമര്‍ത്ഥിക്കാത്തിടത്തോളം കാലം വിജയത്തിനെതിര്‍ ഉള്ള ഒച്ചപ്പാടുകള്‍ ന്യായമായൂം ആരോപണമായേ കണക്കാക്കാന്‍ കഴിയൂ.

ഒരു പക്ഷെ ആരെങ്കിലും അങ്ങനെ ഒന്നിനു ശ്രമിക്കും എന്നു പ്രതിക്ഷിക്കുന്നു.

പക്ഷെ ഈ പോസ്റ്റിന്റെ പോയിന്റായി പറയുന്നത്, .എസ്.എസ്.എല്‍.സി വിജയ ശത്മാനത്തിനു സ്തിരത ഉണ്ടാകണം.

കാരണം:‘കേരളത്തിലെ എല്ലാവിധ സമൂഹത്തില്‍ നിന്നുള്ളവരും വരുന്നതാണ് SSLC യ്ക്ക്. അവിടെ പഠനത്തില്‍ സമര്‍ത്ഥരാ‍യവരുണ്ടാവും, ഇടത്തരക്കാരുണ്ടാവും, വളരെ നിലവാരം കുറഞ്ഞവരും ഉണ്ടാവും. ഇത് ഒരു പൊതു സമൂ‍ഹത്തീന്റെ Random ആയിട്ടൂള്ള സ്വഭാവമാണ്. ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ പോലും ആളുകളുടെ എണ്ണം കൂടുമ്പോള്‍ ഈ പൊതു സ്വഭാവത്തെ നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ഏകദേശം കൃത്യമായ സംഘ്യകളിലേയ്ക്ക് എത്തിച്ചേരാ‍ല്‍ കഴിയും.
അതുകൊണ്ടാണ് വിജയ ശതമാനത്തില്‍ സ്ഥിരത വേണം എന്നു പറയുന്നത്‘

ഇതു ഞാന്‍ മന‍സിലാക്കിയത് ഇങ്ങനെയാണ്‍്.സമൂഹത്തിന്റെ റാന്‍ഡം സെലക്ഷന്‍ എന്നു പറയുന്നത് സമൂഹത്തിന്റെ ആവറേജാ‍ാണ്‍്. അതിന്റെ പ്രതിഫലനമായിരിക്കണം, എസ്.എസ്.എല്‍.സി പരീക്ഷാഫലം. അതായത്, മണ്ടനും മിടുക്കനും ഇടനിലക്കാരനും കൂടിയാല്‍ ആവറേജ് ആരായിരിക്കും മിടുക്കന്‍ ആയിരിക്കില്ല. ഇടനിലക്കാരനോ മണ്ടനോ ആയിരിക്കും. അപ്പോള്‍ അവരെഴുന്ന പരിക്ക്ഷാഫലം എങ്ങനെ 92% ആകും?

ഇതല്ല ജോജു ഉദ്ദേശിച്ചതെങ്കില്‍ ഉദ്ദേശിച്ചതെന്താണെന്നു വ്യക്തമാക്കുമല്ലോ?

കേരളത്തിന്റെ ആവറേജു പോപ്പുലേഷന് 92% വിജയം ഉണ്ടാവില്ല എന്നതൊരു മുന്‍ വിധിയാണ്‍്. വിദ്യാഭ്യാസത്തിന് ഒരു ജനതയില്‍ അല്ലങ്കില്‍ കുട്ടികളീല്‍ ബൌദ്ധിക പുരോഗതി ഉണ്ടാകാന്‍ കഴിയില്ല എന്നൊരു ധാരണ ഈ മുന്വിധിയില്‍ ഉണ്ട്.

ഇതു സ്വകാര്യതയുടെ മുന്വിധി കൂടിയാണ്‍് എന്നഭിപ്രായപ്പെടട്ടെ

ഇത്തരം മുന്‍ വിധി കൂടാതെ,വിദ്യാഭ്യാസം കോണ്ട് ബൌദ്ധിക പുരോഗതിയും പരിക്ഷാ വിജയവൂം ഉണ്ടാകും എന്നുള്ള അടിസ്ഥാനത്തില്‍ വസ്തുതകളെ കാണാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ വിജയശതമാനം എന്തും കൊണ്ട് അപ്രാപ്യമായ ഒന്നായി കാണണം.

അതു നേരിട്ട് ഒറ്റച്ചാട്ടത്തില്‍ 50% ല്‍ നിന്ന് 92% ആയി ഉയര്‍ന്നതല്ലല്ലോ? പടിപടിയായി ഉയര്‍ന്നതാണ്‍്.

പിന്നെ വിജയശതമാനം സ്ത്ഥി‍രത അതും വ്യക്തമാകുന്നീല്ല.

മുകളില്‍ പറഞ്ഞ ആവറേജിന്റെ അടിസ്ഥാനത്തില്‍, ഒരമ്പതു അല്ലെങ്കില്‍ അറുപത് എത്തിയാല്‍ സ്ഥിരപ്പെടുത്താമോ? അതോ അതിലും കൂടുതലാകാമോ? അതോ കുറവാകാമോ‍? അപ്പോ‍ള്‍ അതീനു മുകളില്‍ കുട്ടികള്‍ ജയിച്ചാല്‍ അവരെ തോല്‍പ്പിക്കണോ?

വിദ്യാഭ്യാസത്തിലാണ്‍് എന്റെ പരിചയം. പക്ഷെ ഇങ്ങനെ ഒരു സ്ത്ഥിരപ്പടുത്തലിനേക്കുറിച്ച് ഞാന്‍ ഒരു രാജ്യത്തും കേട്ടിട്ടിട്ടില്ല.

പ്ലസ് 2 (ഗ്രേഡ് 12) വിജയനിരക്ക് എല്ലാവര്‍ഷവും 100% ആയാണ്‍് ഇവിടെ ടാര്‍ജറ്റ് ചെയ്യുന്നത്. അതു വരെ വിജയം ആകാം എന്നര്‍ത്ഥം. അവിടെ എത്തിയാല്‍ പിന്നെ സ്ഥിരപ്പെടുത്തണമല്ലോ? അതിനു മുന്‍പു സ്ഥിരപ്പെടുത്തുന്നതിന്റെ ലോജിക്കെന്താണ്‍? ഇനി വിജയം 100ല്‍ എത്തിയാല്‍ അതില്‍ താഴുകയും ചെയ്യും.

ഇതൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങളാണ്‍്. ‍





N.J Joju said...

മാവേലീകേരളം,

സമൂഹത്തിന്റെ ചില പൊതുസ്വഭാവത്തെ കാണിയ്ക്കുവാന്‍ ചില സംഖ്യകള്‍ക്ക് കഴിയാറില്ലേ. അതുപോലെ പൊതു വിദ്യാഭ്യാസത്തിലും സാധ്യമാണ് എന്നു ഞാന്‍ കരുതുന്നു. കാരണം യാതൊരുവിധ പ്രവേശനമാനദണ്ഢവും നോക്കാതെയാണ് പത്താം തരം വരെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസത്തെ ക്രമീകരിച്ചിരിയ്ക്കുന്നത്. അതുകൊണ്ടൂതന്നെ അതിന് ഒരു പൊതുസ്വഭാവമുണ്ടാവാനുള്ള സാധ്യത വളരെകൂടുതലാണ്. അപൂര്‍വ്വമായി പ്രകടമായ വ്യതിയാനങ്ങള്‍ വരാം.അല്ലാത്തപക്ഷം വിജയശതമാനം ചില സംഖ്യകളെ ചുറ്റിത്തിരിയാനാണ് സാധ്യത. ക്രമാനുഗതമായി വിജയശതമാനം ഉയര്‍ത്തികൊണ്ടുവരാം എന്നതിനോട് പൂര്‍ണ്ണമായും യോജിച്ചുകൊണ്ടാണ് ഇതു പറയുന്നത്.

മനോരമയിലെ ഫീച്ചറില്‍ പറഞ്ഞ പലകാര്യങ്ങളും പ്രത്യേകിച്ച് തെളിവുവേണ്ടാത്തതാണ്. ഉദാഹരണത്തിന് ക്വസ്റ്റ്യന്‍ പേപ്പറിലെ അപാകത. തെറ്റിയ ചോദ്യത്തിന് ക്വസ്റ്റ്യന്‍ നമ്പര്‍ ഇട്ടാല്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നതാണ് ഇതുവരെയുള്ള കീഴ്വഴക്കം. ഇംഗ്ലീഷും കണക്കുമാണ് പൊതുവെ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുന്ന വിഷയങ്ങള്‍. അത്തരം വിഷയങ്ങളുടെ ചോദ്യപ്പേപ്പറില്‍ രണ്ടോ മൂന്നോ തെറ്റായ ചോദ്യം കടന്നുകൂടിയാല്‍ പിന്നെ നാലോ അഞ്ചോ മാര്‍ക്ക് സ്വന്തമായി ഉണ്ടാക്കിയാല്‍ ജയിയ്ക്കാമെന്ന സ്ഥിതിയുണ്ട്.

S.S.L.C യിലെ മുന്‍‌വര്‍ഷങ്ങളിലെ വിജയശതമാനത്തിലെ വ്യതിയാനങ്ങള്‍ ശ്രദ്ധിയ്ക്കുക.

ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ ടഫ് ആയി. കൂടുതല്‍ കുട്ടികള്‍ തോറ്റു. ക്വസ്റ്റ്യന്‍ പേപ്പര്‍ ഈസിയായി വിജയശതാമാനം ഉയര്‍ന്നു. കൂടുതല്‍ കുട്ടികള്‍ തോറ്റതുകൊണ്ട് മോഡറേഷന്‍ ഉയര്‍ത്തി കൂടുതല്‍ കുട്ടികള്‍ ജയിച്ചു, വാലുവേഷന്‍ ലിബറലായി കുട്ടികള്‍ ജയിച്ചു, ടഫ് ആയി തോറ്റു. ഇപ്രകാരം വാലുവേഷനലിലും ക്വസ്റ്റ്യന്‍ പേപ്പറിന്റെ നിലവാരത്തിലും വര്‍ഷങ്ങളായി വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്. ഒരു അഞ്ചുവര്‍ഷത്തെ ക്വസ്റ്റ്യന്‍ പേപ്പര്‍ എടുത്തു നോക്കിയാല്‍ മനസിലാകാവുന്നതേയുള്ളൂ. ഞാനും S.S.L.C പഠിച്ചതാണ്, പഴയ ചോദ്യപ്പേപ്പറുകള്‍ ഞാനും കണ്ടിട്ടുള്ളതാണ്. ചിലത് കട്ടിയാണെന്നും ചിലത് എളുപ്പമാണെന്നുമൊക്കെ ഞങ്ങളും വിധിയെഴുതിയിട്ടൂള്ളതാണ്.

ചോദ്യപ്പേപ്പറോ വാലുവേഷനോ ലിബറലായതുകൊണ്ട് ജയിക്കുന്ന കുട്ടികളോ കട്ടിയായതുകൊണ്ടു തോല്‍ക്കുന്ന കുട്ടികളോ ഉണ്ടാവാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ മാത്രമേ എസ്.എസ്.എല്‍.സി യെ ഒരു ഏകകമായി പരിഗണിയ്ക്കാനാവൂ. നീളം കൂടുകയും കുറയുകയും ചെയ്യുന്ന സ്കേലുകൊണ്ട് ആരും അളക്കാറില്ലല്ലോ.
അവിടെയാണ് സ്ഥിരതയുടെ എന്ന ചിന്തയുടെ പ്രസക്തിയും. അല്ലാതെ ബോധപൂര്‍വ്വം ഇത്രപേരേ വിജയിയ്ക്കാന്‍ പാടുള്ളൂ എന്നു ശാഠ്യം പിടിക്കലല്ല.