Monday, June 02, 2008

രാഷ്ട്രീയപ്പാര്‍ട്ടീയം

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിയ്ക്കുന്നവരയും ഒരു പാര്‍ട്ടിയിലും വിശ്വസിയ്ക്കാത്തവരെയും ഒക്കെ അരാഷ്ട്രീയവാദികളായി മുദ്രകുത്തപ്പെടാറുണ്ട്, പൊതുസമൂഹത്തിലും ബൂലോകത്തും. പലപ്പോഴും ഇത്തരം അരാഷ്ട്രീയക്കാരുടെ മറുപക്ഷത്ത് ഇടതുപക്ഷ സഹയാത്രികരുമാവും.

സത്യന്‍ അന്തിക്കാട് സന്ദേശം സിനിമയെക്കുറിച്ചു പറഞ്ഞത് മലയാള മനോരമയുടെ വാചകമേളയില്‍ വായിച്ചത് ഓര്‍ക്കുന്നു.
സന്ദേശം സിനിമയില്‍ കമ്യൂണിസ്റ്റുകാരെ വിമര്‍ശിയ്ക്കുന്നതിനൊപ്പം ഒട്ടും തന്നെക്കുറയ്ക്കാതെ കോണ്‍‌‌ഗ്രസ്സുകാരെയും പരിഹസിയ്ക്കുന്നുണ്ട്. എങ്കിലും എതിര്‍പ്പുമായി എത്തിയത് കമ്യൂണിസ്റ്റുകാരായിരുന്നു പോലും. ഇതേ അസഹിഷ്ണുത അരാഷ്ട്രീയവാദത്തോടും വാദികളോടും ഇടതുപക്ഷബുദ്ധിജീവികളും സഹയാത്രികരും കാണിയ്ക്കാറുമുണ്ട്. ഇതിലെ ഏറ്റവും രസകരമായ വസ്തുത തങ്ങളുടെ വാദങ്ങളോടും താത്പര്യങ്ങളോടും അനുഭാവമില്ലാത്ത അഭിപ്രായങ്ങളെ അരാഷ്ട്രീയം എന്നു മുദ്രകുത്താനുള്ള പ്രവണതയാണ്. ഈയിടെ ബൂലോകത്തെ പ്രമുഖര്‍ അണിനിരന്ന ഒരു പോസ്റ്റിലെ ചര്‍ച്ചയിലും കണ്ടു ഇത്തരം രാഷ്ട്രീയ അരാഷ്ട്രീയ വാദങ്ങള്‍.

ചുരുക്കത്തില്‍ രാഷ്ട്രീയമെന്നത് രാഷ്ട്രീയപ്പാര്‍ട്ടിയമായി ചുരുങ്ങുന്നതായാണ് അനുഭവപ്പെടുന്നത്. രാഷ്ട്രത്തിനാണ് പാര്‍ട്ടിയ്ക്കല്ല പ്രാധാന്യമെന്ന് പലരും മറക്കുന്നതുപോലെ.

രാഷ്ട്രീയം എന്നത് രാഷ്ടത്തെ സംബന്ധിയ്ക്കുന്നതാണ്. എന്റെ രാഷ്ട്രത്തെ സംബന്ധിച്ച് എനിയ്ക്ക് അഭിപ്രായങ്ങളുണ്ടാവും, സ്വപ്നങ്ങളുണ്ടാകും, ആഗ്രഹങ്ങളുണ്ടാവും. അത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ അഭിപ്രായമാകണമെന്നു വാശിപിടിയ്ക്കാനാവുമോ. വേറൊരുതരത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായങ്ങളില്‍ നിന്ന് വേറിട്ട് ഒരു അഭിപ്രായം പാടില്ല എന്നുണ്ടോ. സ്വന്തമായി അഭിപ്രായം പറയണമെങ്കില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടൂ‍വേണോ അഭിപ്രായം പറയാന്‍.

മലയാളമനോരമയുടെ നേരേചൊവ്വെയില്‍ സേതു പറഞ്ഞത് പങ്കുവയ്ക്കുന്നു.
“എനിയ്ക്ക് എന്റേതായ രാഷ്ടീയമുണ്ട്. രാഷ്ടീയത്തെ കക്ഷിരാഷ്ട്രീയമായി വ്യാഖ്യാനിക്കുമ്പോഴാണ് പ്രശ്നം . കേരളത്തില്‍ രാഷ്ട്രീയം എന്നത് നമ്മള്‍ ഏതുപാര്‍ട്ടിയിലെ മെമ്പര്‍ ആണ് അല്ലെങ്കില്‍ എവിടെ നില്‍ക്കുന്നു എന്നിങ്ങനെ വളരെ ഇടുങ്ങിയ രീതിയിലാണ് കാണുന്നത്. എന്നെ ഭയപ്പെടുത്തുന്നത് അല്ലെങ്കില്‍ അലട്ടുന്നത് അരാഷ്ട്രീയതയല്ല, രാഷ്ട്രീയത്തിലെ അരാഷ്ട്രീയതയാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ വലിയതോതില്‍ അരാഷ്ട്രീയതയുണ്ടെന്നു വിശ്വസിയ്ക്കുന്ന ഒരാളാണു ഞാന്‍.”

2 comments:

Radheyan said...

സേതു പറഞ്ഞത് സത്യം.പക്ഷെ അങ്ങനെ ഒരു പ്രതിസന്ധി ബൂലോകത്തില്‍ ഉണ്ടായിട്ടുണ്ടോ?

ദേവേട്ടന്‍ ഒരിക്കല്‍ എന്താണ് അരാഷ്ട്രീയത എന്ന് ഒരു ഉദാഹരണത്തില്‍ ഇങ്ങനെ ഡിഫൈന്‍ ചെയ്തത് ഓര്‍ക്കുന്നു-എഞിനിയറിംഗ് കോളേജില്‍ പഠിക്കാന്‍ പോകുന്ന ഒരുവന്റെ കണ്മുന്നില്‍ വെച്ച് ഒരു സ്ത്രീയുടെ ബാഗും തട്ടിപറിച്ച് ഒരാള്‍ ഓടുന്നു.ഒന്നു വിളിച്ച് കൂവുക പോലും ചെയ്യാതെ ഞാന്‍ എന്തിന് ഇതില്‍ ഇടപെടണം,എനിക്ക് കോളേജില്‍ പോകണം,എനിക്ക് പഠിക്കണം,എനിക്ക് എന്റെ ലോകം എന്ന് കരുതുന്ന മനസ്ഥിതിയെ അദ്ദേഹം അരാഷ്ട്രീയത എന്ന് കുറിച്ചതെന്നാണ് എന്റെ ഓര്‍മ്മ.

ദേവേട്ടന്‍ പറഞ്ഞ അവനവനിസം അരാഷ്ട്രീയതയുടെ ഒരു പ്രധാനവശം തന്നെയാണ്.പക്ഷെ അത് മാത്രമല്ല അരാഷ്ട്രീയത.അതില്‍ ജനാധിപത്യത്തോടുള്ള പുച്ഛം,അരിസ്റ്റോക്രസി,ഏകാധിപത്യത്തോടുള്ള ആരാധന അങ്ങനെ പല ഘടകങ്ങളും ഉണ്ട്.

രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്ന് മാത്രമല്ല,രാഷ്ട്രത്തിലെ ജനങ്ങളെ സംബന്ധിക്കുന്നത് കൂടിയാണ്.ജനം എന്നത് വ്യക്തി എന്ന് സ്വാര്‍ത്ഥാവസ്ഥയല്ല മറിച്ച് സമൂഹമെന്ന വിശാല അവസ്ഥയാണ്.
ഇടതുപക്ഷം മാത്രമാണ് രാഷ്ട്രീയവാദികള്‍ എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല.പക്ഷെ വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനാല്‍ ചിലരുടെ രാഷ്ട്രീയ ഭൂമിക ചുരുങ്ങി പോകാറുണ്ട്.അത് അരാഷ്ട്രീയതയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്.ഈ ഭീഷണിയില്‍ നിന്ന് ഒരു കക്ഷിയും മുക്തരല്ല.

കൂടുതല്‍ പിന്നാലെ പറയാം

മലമൂട്ടില്‍ മത്തായി said...

Being non-partisan does not mean that a person in not interested in politics. I agree with that.

That attitude cannot be twisted to mean that all non-partisan folks are individualists. BTW even individualists can have political parties - the Libertarian Party in the US is an example.

Hacks are present everywhere. Catholic, communist, rationalist, revisionist, fundamentalist, all have their share of them.