Tuesday, June 09, 2009

ലാവ്‌ലിന്‍ തെറ്റും ശരിയും

ആരംഭത്തില്‍ പിണറായി കുറ്റക്കാരനല്ല എന്ന ഒരു തോന്നലുണ്ടായിരുന്ന എനിയ്ക്ക് എന്തോക്കെയോ ദുരൂഹതകളില്ലേ എന്ന തോന്നലുണ്ടായിട്ട് അധികം കാലമായില്ല. കിരണ്‍ തോമസിന്റെ ബ്ലോഗില്‍ പിണറായി കുറ്റക്കാരനല്ല എന്ന എന്റെ തോന്നല്‍ ഞാന്‍ എപ്പോഴോ എഴുതിയിട്ടൂണ്ട്. ഈ രണ്ടു തോന്നലിനും പിന്നില്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ല, ഒരു തോന്നല്‍ മാത്രം. അങ്കിളിന്റെ ബ്ലോഗില്‍ ആധികാരികമായ രേഖകളുടെ പിന്‍ബലത്തില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. അതും ഞാന്‍ പിന്തുടര്‍ന്നില്ല. അതുകൊന്ട് പിണറായി കുറ്റക്കാരനാണോ അല്ലയോ എന്ന് അഭിപ്രായം ​പറയാന്‍ കഴിയില്ല. ഈ പോസ്റ്റ് അഡ്വക്കേറ്റ് ജനറല്‍-സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ ഇവരുടെ അഭിപ്രായങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഭരണഘടനാപരമായ സാധുതയെക്കുറിച്ചുമാണ്‌.


ജനോപകാരപ്രദമായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുക്കി കോടതികയറ്റുന്നത് ഒരിയ്ക്കലും പ്രയോജമുള്ള കാര്യമല്ല. അനാവശ്യമായ അഴിമതി ആരോപണങ്ങളും മറ്റും ഭരണത്തെ തടസപ്പെടുത്താതിരിയ്ക്കാനും ബന്ധപ്പെട്ട ജനപ്രതിധിധികളെ സംരക്ഷിയ്ക്കുന്നതിനും വേണ്ടീയാണ്‌ ഇത്തരം കേസുകളില്‍ മന്ത്രിമാരെയും മറ്റും വിചാരണ ചെയ്യുന്നതിനു അനുമതി ആവശ്യമായി വരുന്നത്.

"ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം തള്ളിക്കളയാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംസ്ഥാനം ഭരിക്കാനും അധികാരമുണ്ടോ എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പിടിച്ചുകുലുക്കുന്ന ഗുരുതരമായ പ്രശ്നം".(ജനശക്തി http://jagrathablog.blogspot.com/2009/06/vs.html)
ഇതുവളരെ സാമാന്യവത്കരിയ്ക്കപ്പെട്ട ഒരു ചോദ്യമാണ്‌. ഗവര്‍ണ്ണര്‍ക്കെ സ്വന്തം നിലയില്‍ നിയമങ്ങളുണ്ടാക്കാനോ നടപ്പാക്കാനോ ആവില്ല. നിയമസഭപാസാക്കുന്ന ബില്ലുകളും മന്ത്രിസഭ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സുകളും ഒപ്പുവയ്ക്കുന്ന എന്നതാണ്‌ ഗവര്‍ണ്ണറുടെ പ്രത്യക്ഷമായ ചുമതല എന്ന നിലപാടില്‍നിന്നുമാണ്‌ ഈ ചോദ്യം ഉണ്ടാവുന്നത്. പക്ഷേ ഇവിടെയും തന്റെ വിവേചനാധികാരമുപയോഗിയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. ബില്ല്‌ ഒപ്പുവയ്ക്കണമോ തിരിച്ചയയ്ക്കണമോ എന്നതൊക്കെ ഗവര്‍ണ്ണര്‍ക്ക് തീരുമാനിയ്ക്കാവുന്നതാണ്‌.

പക്ഷേ പ്രോസിക്യൂഷന്‍ അനുമതി ഇത്തരത്തില്‍ ഒന്നല്ല. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ സ്വീകരിച്ചുകൊള്ളണമെന്നു പറയുന്നത് യുക്തിയ്ക്കുനിരക്കുന്നതല്ല. അങ്ങനെയാണെങ്കില്‍ മന്ത്രിസഭ കൂട്ടായി അഴിമതി കാണീയ്ക്കുകയും കൂട്ടമായി പ്രോസിക്യൂക്ഷന്‍ അനുമതി നിഷേധിയ്ക്കുകയും ചെയ്താന്‍ ഇവിടെ ഏതുമന്ത്രിയ്ക്കും എന്തഴിമതിയും കാണിയ്ക്കാം എന്ന നിലവരില്ലേ? കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സെക്രട്ടറിയുടെ കാര്യത്തില്‍ ഇടതുപക്ഷ മന്ത്രിസഭയ്ക്ക് എത്രമാത്രം നിഷ്പക്ഷമാകാനാവും എന്ന സംശയവുമുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ മന്ത്രിസഭയ്ക്കു മുകളിലായി തീരുമാനമെടുക്കേണ്ട ഒരാള്‍ ഉണ്ടായിരിയ്ക്കേണ്ടത് ആവശ്യമാണ്‌. ഭരണഘടനാ പരമായി അത് ഗവര്‍ണ്ണര്‍ ആണ്‌.

ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം ഗവര്‍ണ്ണറുടെ തീരുമാനം രാഷ്ട്രീയപ്രേരിതമായികൂടേ എന്നുള്ളതാണ്‌. തീര്‍ച്ചയായും ആവാം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനവും മന്ത്രിസഭയുടെ തീരുമാനവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാകാവുന്നതുപോലെ ഗവര്‍ണറുടെ തീരുമാനവും പക്ഷപാതപരമാവാം, രാഷ്ട്രീയപ്രേരിതവാവാം. പക്ഷേ ഇതൊന്നിനും തെളിവുകളില്ല.

കോടതിയില്‍ ഇതൊക്കെ ചോദ്യംചെയ്യപ്പെടാം. കോടതിയുടെ തീരുമാനം അന്തിമമായിരിയ്ക്കുകയും ചെയ്യും. അതും രാഷ്ട്രീയപ്രേരിതമാണെന്നും പക്ഷപാതപരവുമാണെന്നും ആരോപിച്ചാല്‍ ഭരണഘടനാപരമായി തീരുമാനമെടുക്കാന്‍ മറ്റുസംവിധാനങ്ങളൊന്നുമില്ല.

"തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ" എന്ന വര്‍ക്കേര്‍സ് ഫോറത്തിന്റെ (http://workersforum.blogspot.com/2009/06/blog-post_08.html) ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാല്ലാതെ എന്തുപറയാന്‍.

വാല്‍ക്കഷണം:
ഭരണഘടനയെ പുശ്ചിച്ചുനടന്നവര്‍, ഭരണഘടനാവിരുദ്ധമായ നിയമങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഭരണഘടന ഭരണഘടന എന്നു പറയുന്നതു കേള്‍ക്കാന്‍ രസമുണ്ട്.

പ്രോസിക്യൂഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാപരമായി ജനാധിപത്യ സര്‍ക്കാരിനില്ല. അതുകൊണ്ടൂ തന്നെ ജനാധിപത്യത്തെ എടുത്ത് കെട്ടിത്തൂക്കിയെന്നൊക്കെ തോന്നുന്നത് പിണറായിക്കുവേണ്ടീ തലകുത്തിനിയ്ക്കുന്നതുകൊന്ടു തോന്നുന്നതാണ്‌.

7 comments:

അരുണ്‍ കരിമുട്ടം said...

ഇപ്പം ബൂലോകത്തെ ഏറ്റവും ചൂടുള്ള ചര്‍ച്ചാ വിഷയവും ഇത് തന്നെ.ഉള്ളുകളികള്‍ പൊളിയുന്ന ഒരു ദിവസം വരും

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു

കുറ്റപത്രത്തിന്റെ കോപ്പി സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്‌ എന്റെ ഈ പോസ്റ്റില്‍ ഉണ്ട്‌.

ലാവ്‌ലിന്‍ വിഷയം കൊണ്ട്‌ കോടതി കയറി നടക്കുന്ന ക്രൈം നന്ദകുമാര്‍ ലാവ്ലിന്‍ കേസില്‍ എന്താണ്‌ പറഞ്ഞിരിക്കുന്നതെന്നും ആ പോസ്റ്റില്‍ നിന്ന് ഡൗണ്‍ലോഡ്‌ ചെയ്ത്‌ വായിക്കാം.

മലയാളം വാരിക പ്രസിദ്ധീകരിച്ച കുറ്റപത്രത്തിന്റെ പരിഭാഷ വായിക്കുന്നതിന്‌ മുന്നെ ഇലക്ഷന്‍ കാലത്ത മാതൃഭൂമി അത്‌ എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്തു എന്നതും അവിടെ വായിക്കാം.

ക്രൈം നന്ദകുമാറിന്റെ ആരോപണവും മാതൃഭൂമി വാര്‍ത്തയും ആദ്യം വായിക്കുക. സ്വതന്ത്രമായി വിലയിരുത്തുക. ഒപ്പം അതിലെ കമന്റുകളും വായിക്കുക. നമുക്ക്‌ വിശദമായി ചര്‍ച്ച ചെയ്യാം

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ ഇതും വായിച്ചോളൂ

N.J Joju said...

കിരണ്‍,

പിണറായി കുറ്റക്കാരനാണോ എന്നതല്ല എന്റെ പോസ്റ്റിന്റെ വിഷയം. കുറേയധികം ഡോക്യുമെന്റുകള്‍ വായിച്ച് അഭിപ്രായം പറയാനുള്ള സമയം ഇപ്പോഴില്ല. നല്ല തിരക്കുണ്ട്. പിന്നെ ചിലതുകാണുമ്പോള്‍ എഴുതാനാവാതെ വരുന്നോള്‍ എഴുതിപ്പോവുന്നതാണ്‌ പലതും.

ഈ പോസ്റ്റ് പ്രധാനമായും ഗവര്‍ണ്ണറുടെ പ്രോസിക്യൂഷന്‍ അനുവദിയ്ക്കാനുള്ള അദ്ദേഹത്തിന്റെ അധികാരത്തേക്കുറീച്ചാണ്‌.
പ്രോസിക്യൂഷന്‍ എന്നാല്‍ കുറ്റവാളിയാക്കി എന്നല്ലല്ലോ? തെളിവുകള്‍ പരിശോധിയ്ക്കേണ്ടത് കോടതിയാണ്‌. കോടതിയാണ്‌ കുറ്റം വിധിയ്ക്കേണ്ടതും. അതിനു വിധേയനാക്കാന്‍ സി.ബി.ഐ യെ അനുവദിയ്കുന്നു എന്നു മാത്രം.

അനാവശ്യമായ കുറ്റാരോപണങ്ങളില്‍ നിന്ന് ജനപ്രതിനിധിയെ സംരക്ഷിക്കുന്നതിനായാണ്‌ ഇത്തരമൊരു സംവിധാനം തന്നെ. തെളിവുകള്‍ മുഴുവന്‍ പഠിച്ച് ഒരു വിധി എഴുതുക എന്നതല്ല ഗവര്‍ണ്ണറുടെ ചുമതല. അങ്ങനെ കേസിനു ഒരു സാധ്യത ഉണ്ടെന്ന് തോന്നുന്നപക്ഷം ഗവര്‍ണ്ണര്‍ക്ക് തീരുമാനമെടുക്കാം. സി.ബി.ഐ എന്ന രാജ്യത്തെ സുപ്രധാന ഏജന്‍സി തന്നെ കുറ്റം ആരോപിയ്ക്കുന്ന നിലയ്ക്ക് ഇപ്പറഞ്ഞ കേസിനുള്ള സാധ്യത ഉണ്ട്. തന്നെയുമല്ല ഇസ്രായേല്‍ ആയുധ ഇടപാടിലെ അഴിമതി ആരോപണം പോലെയോ അല്പായുസ്സുള്ള ഉള്ള ഒരു കേസുമല്ല ഇത്.

കേസ് രാഷ്ട്രീയപ്രേരിതമാവാനുള്ള സാധ്യതയെ തള്ളിക്കളയാതെ തന്നെ ഞാന്‍ പറയട്ടെ പ്രോസിക്യൂഷന്‍ അനുവദിയ്ക്കുന്നതു തന്നെയാണു ശരി.

ജോണ്‍ ചാക്കോ, പൂങ്കാവ് said...
This comment has been removed by the author.
ജോണ്‍ ചാക്കോ, പൂങ്കാവ് said...

ജോജു വിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.
ഗോവെര്‍ണരുടെ തീരുമാനം പോലെ മന്ത്രി സഭയുടെ തീരുമാനവും രാഷ്ട്രീയ പ്രേരിതം തന്നെ..
നെടു നീളന്‍ വാദഗതികള്‍ കൊണ്ടുള്ള പിണറായി വിജയനെ ന്യായീകരിക്കാന്‍ ഉള്ള പോസ്റ്റുകള്‍ വായിക്കുക തന്നെ ബോറാണ്.
കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് നേതാവ് കൊമ്പനാന അല്ല.

തറവാടി said...

ഓ.ടോ.

അച്ചുദാനന്ദന്‍‌റ്റെ നിലപാട് കണ്ടപ്പോള്‍ തോന്നിയത് താനിരിക്കുന്ന കസേരതനിതറ കക്ഷിരാഷ്റ്റ്രീയത്തിനതീതമാണെന്ന് മനസ്സിലാക്കുന്ന ഒരാളെങ്കിലുമുണ്ടെന്നതാണ്.