Wednesday, September 01, 2010

റബ്ബറിനു എന്തുപറ്റാനാണ്?

റബ്ബ­റി­ന്റെ ഇറ­ക്കു­മ­തി ചു­ങ്കം 20%ല്‍ നി­ന്ന് 7.5% ആക്കി കു­റ­ക്കു­മെ­ന്ന് വാ­ണി­ജ്യ മന്ത്രി ആന­ന്ദ ശര്‍­മ്മപറഞ്ഞതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും കമ്യൂണിസ്റ്റു കേരളാകോണ്‍ഗ്രസ്സ് പാര്‍ട്ടികളും വാളുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ 7.5% ആയിക്കുറച്ച തീരുവ പിന്നീട് 20.46രൂ (13.1%) ആയി നിജപ്പെടുത്തി. റബ്ബറിന്റെ ഇറക്കുമതി രണ്ടാഴ്ചയില്‍ ഒരിയ്ക്കല്‍ അവലോകനം ചെയ്യുമെന്ന ഉറപ്പു ആനന്ദ് ശര്‍മ്മ നല്കി. എങ്കിലും മനോരമയൊഴികെയുള്ള മലയാളം പത്രമാധ്യമങ്ങള്‍ പര്‍വ്വതീകരിയ്ക്കപ്പെട്ട ആശങ്കകള്‍ അവതരപിപ്പിച്ചു. ബ്ലോഗര്‍ കിരണ്‍ തോമസ് മനോരമയുടെ മൌനത്തെ പരിഹസിച്ചുകൊണ്ട് ലേഖനമെഴുതി. എന്നാല്‍ ഇതിന്റെ മറുവശത്തെക്കുറിച്ചു ആരും പറഞ്ഞു കണ്ടില്ല.

ഒരേക്കര്‍ റബ്ബര്‍ തോട്ടതില്‍ നിന്നും 800 കിലോ റബര്‍ ഉത്പാദിപ്പിയ്ക്കുന്നു എന്നാണു കണക്കു്‌. 2006 മെയിലാണു റബറിന്റെ വില 100ല്‍ എത്തുന്നത്. 2008 മേയില്‍ അതു 120ല്‍ എത്തി. 2009 മെയില്‍ 100 രൂപയിലാണു വ്യാപാരം നടന്നത്. 2010 ജൂലൈയില്‍ 180 വരെയായി ഒരു കിലോ റബറിന്റെ വില.ഈ ഒരു പശ്ചാത്തലത്തിലാണു അതായത് ആഭ്യന്തര വില റബ്ബറിന്റെ രാജ്യാന്തര വിലയെക്കാള്‍ 30 രൂപയോളം വര്‍ദ്ധിച്ചു നിന്ന സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുവാന്‍ തീരുമാനിയ്ക്കുന്നത്. രാജ്യാന്തരവിപണിയില്‍ 150 രൂ വിലവരുന്ന റബ്ബര്‍ 20രൂ തീരുവയും ചേര്‍ത്ത് ഇന്ത്യയിലെത്തുമ്പോള്‍ 170 രൂപയാവും. വില കുറഞ്ഞു എന്നു വന്നാലും അത്രപെട്ടന്ന് 150ല്‍ താഴെ ആഭ്യന്തര വിപണിയെ എത്തിയ്കുവാന്‍ ഈ ഇറക്കുമതി കൊണ്ടു കഴിയുമെന്നു തോന്നുന്നില്ല. അതായത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇറക്കുമതിച്ചുങ്കം കുറച്ചത് തിരിച്ചടിയാവുമെന്നു തോന്നുന്നില്ല, ലാഭത്തില്‍ കുറവുവരുമെങ്കിലും. ആഗോള വിപണിയിലെ വിലയും മുമ്പോട്ടു തന്നെ പോകും എന്നുതന്നെയാണു കരുതപ്പെടുന്നത്.

ഇനി ഇറക്കുമതിച്ചുങ്കം കുറച്ചില്ലെങ്കില്‍ എന്തു സംഭവിയ്കാം എന്നു നോക്കാം. 20% ഇറക്കുമതിച്ചുങ്കം നിലനിന്നാല്‍ ആഭ്യന്തര വിപണിയിലെ വില കുറയില്ല. എന്നുതന്നെയല്ല 225 വരെ പോകുവാനുള്ള സാധ്യത ഉണ്ടായിരുന്നു താനും. ആഗോള വിപണിയെക്കാള്‍ 30 രൂപാ ആഭ്യന്തര വിപണിയില്‍ കൂടുതലായിരിയ്ക്കുന്ന നിലയ്ക്ക് ആനുപാതികമായ വര്‍ദ്ധനവ് ഇന്ത്യന്‍ നിര്‍മ്മിത റബ്ബര്‍ ഉത്പന്നങ്ങള്‍ക്കുമുണ്ടാവും. ഇത് ഇന്ത്യന്‍ കമ്പനികളെയും ക്രമേണ ഇന്ത്യന്‍ വിപണിയെയും പിന്നിട് കര്‍ഷകരെയും ബാധിയ്കും.

ഒരു കുറഞ്ഞ കാലയളവില്‍ ലഭിച്ചേക്കാവുന്ന ഉയര്‍ന്ന വിലയേക്കാള്‍ കൂടുതല്‍ കാലത്തേയ്ക്ക് ലഭിച്ചേക്കാവുന്ന ന്യായമായ വിലയാണു അഭികാമ്യം. പ്രത്യക്ഷത്തില്‍ കര്‍ഷകവിരുദ്ധമെന്നു തോന്നാവുന്നതും തല്പര കക്ഷികള്‍ക്ക് അങ്ങനെ പ്രചരിപ്പിയ്ക്കാന്‍ അവസരം നല്കുന്നതുമായ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും അതുവഴി കര്‍ഷകര്‍ക്കും ഗുണകരമാവുന്നതാണ്.

8 comments:

keralafarmer said...

ആഭ്യന്തര വിലയും അന്താരാഷ്ട്ര വിലയും തമ്മിലുള്ള അന്തരം ഏതു രീതിയിലാണെങ്കിലും അനാവശ്യ കയറ്റുമതി ഇറക്കുമതികളെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളു. എന്നാല്‍ ഏപ്രിലില്‍ ആര്‍എസ്എസ് നാലാം തരവും കോട്ടയം വ്യാപാരിവിലയും തമ്മിലുള്ള അന്തരം അഞ്ച് രൂപയ്ക്കടുപ്പിച്ചായിരുന്നെങ്കില്‍ അത് ആഗസ്റ്റായപ്പോഴേയ്ക്കും ഇരുപത്തിയൊന്നുരൂപയോളം വ്യത്യാസത്തിലെത്തി. സുതാര്യമായ ഗ്രേഡിംഗ് സംവിധാനം നിലവിലില്ലാത്തതിനാല്‍ കര്‍ഷകര്‍ വില്ക്കുകയും നിര്‍മ്മാതാക്കള്‍ വാങ്ങുകയും ചെയ്യുന്ന ഗ്രേഡില്‍ വ്യത്യാസം വരുന്നു. അത്തരമൊരു പ്രവണത അവസാനിക്കണമെങ്കില്‍ ഒരു കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സംവിധാനം നിലവില്‍ വരണം. അല്ലാതെ ഇല്ലാത്ത ഗ്രീന്‍ബുക്കിന്റെ പേരും പറഞ്ഞ് കര്‍ഷകരെയും നിര്‍മ്മാതാക്കളെയും ഒരേപോലെ പറ്റിക്കുന്ന വിപണി ഒരു ശാപം തന്നെയാണ്. വര്‍ഷങ്ങളായി ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടുന്ന റബ്ബര്‍ സ്ഥിതിവിവര കണക്കുകളാണ് ഈ വര്‍ഷത്തെ വില വര്‍ദ്ധനവിന് കാരണം. ഇപ്പോഴത്തെ ഇറക്കുമതി ഒഴിവാക്കാവുന്ന ഒന്നാണ്. കാരണം വരാന്‍ പോകുന്ന പീക്ക് സീസണില്‍ വലിയൊരു വിലയിടിവിന് കാരണമാകും. റബ്ബറിന് ന്യായവില എന്നത് കിലോഗ്രാമിന് 231 രൂപയാണ് കര്‍ഷകന് ലഭിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റ് വായിക്കുക.

N.J Joju said...

ചന്ദ്രേട്ട,
റബ്ബറിനു വില ലഭിയ്ക്കുവാന്‍ കാരണം ആഭ്യന്തര ഉപഭോഗമാണ്. ഇതാവട്ടെ റബര്‍ ഉത്പന്നങ്ങളായി കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. 150 രൂപയ്ക്ക് ലഭ്യമായ റബ്ബര്‍ ഉപയോഗിച്ചു നിര്‍മ്മിയ്ക്കുന്ന വിദേശ ഉത്പന്നത്തോട് 231 രൂപയ്ക്കു ലഭിയ്ക്കുന്ന റബ്ബര്‍ ഉത്പന്നവും തമ്മില്‍ മത്സരിയ്ക്കാനാവുന്നതെങ്ങിനെ? റബ്ബറിന്റെ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുന്ന ഇന്ത്യയ്ക് അത് തിരിച്ചടിയാവുകയേ ഉള്ളൂ. അങ്ങനെ വന്നാല്‍ കര്‍ഷകരെ തന്നെ അതു പ്രതികൂലമായി ബാധിയ്ക്കും.

keralafarmer said...
This comment has been removed by the author.
keralafarmer said...

ജോജു, കഴിഞ്ഞ വര്‍ഷം ഉല്‍പന്ന കയറ്റുമതി വര്‍ദ്ധിച്ചു എന്നത് ശരി. അതിനാലാണ് കയറ്റുമതിക്ക് ആനുപാതികമായി പൂജ്യം ശതമാനം തീരുവയോടെ ഇറക്കുമതിക്ക് അവസരം ലഭിച്ചതും 176756 ടണ്‍ ഇറക്കുമതി ചെയ്യാന്‍ സാധിച്ചതും. കാര്‍ഷികാദായം കര്‍ഷകര്‍ക്ക് കുറയുമ്പോള്‍ അവരുടെ ജീവിതം പരുങ്ങലിലാണ്. 85% ചെറുകിട കര്‍ഷകരില്‍ ഏറിയപങ്കും ഒരേക്കറില്‍ താഴെ കൃഷിയുള്ളവരാണ്. സര്‍ക്കാര്‍ ശമ്പളവര്‍ദ്ധനവിനാനുപാതികമായി കര്‍ഷകനും വില വര്‍ദ്ധനവിന് അവകാശമുണ്ട്. അപ്രകാരമാണ് 231 രൂപ ആകുന്നത്. സമ്പള വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി വേതനം ഇരുപത്തിയഞ്ചു വര്‍ഷം കൊണ്ട് 20 രൂപയില്‍ നിന്ന് 375 രൂപയായി വര്‍ദ്ധിച്ചു. റബ്ബര്‍ വില ഉയര്‍ന്നാല്‍ ഉല്പാദനം കൂടും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉല്പാദനം കുറഞ്ഞു എന്നാണ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത്. ഉയര്‍ന്ന വില കിട്ടിയിട്ടും കര്‍ഷകര്‍ പിടിച്ചുവെയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു. അന്താരാഷ്ട വില 30 രൂപ താണിരുന്നപ്പോള്‍ കയറ്റുമതിയും നടന്നു.

N.J Joju said...

ചന്ദ്രേട്ടന്‍ മുമ്പോട്ടു വയ്ക്കുന്ന ആശയത്തോട് യോജിപ്പുണ്ട്. പക്ഷേ അത് പ്രായോഗികമല്ല എന്നേ പറയാനാവൂ. വില നിശ്ചയിയ്ക്കുന്നത് ഡിമാന്റാണ്. അല്ലതെ ഒരേക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ഒരു കര്‍ഷകനു ആവശ്യമായ വരുമാനം അതെത്രയാണെങ്കിലും കൃഷിയില്‍ നിന്നു കിട്ടിക്കൊള്ളണമെന്ന് നിര്‍ബന്ധം പിടിയ്കാനാവില്ല. അതുപോലെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും ലഭിയ്ക്കുന്ന ശമ്പള വര്‍ദ്ധനവിനു ആനുപാതികമായി കാര്‍ഷിക വിളകള്‍ക്കും വില ലഭിയ്ക്കണമെന്ന ആവശ്യത്തിനു ന്യായമുന്ടെങ്കിലും അത് അങ്ങിനെ സംഭവിയ്ക്കില്ല.

keralafarmer said...

ശരിയാണ് സപ്ലെ ആന്‍ഡ് ഡിമാന്റാണ് വില നിശ്ചയിക്കുന്നത്. പക്ഷെ ഇറക്കുമതി കയറ്റുമതികള്‍ സപ്ലെ ആന്‍ഡ് ഡിമാന്‍ഡില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി വിലയിലും ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. അതേപോലെതന്നെ വില കൂടീയാല്‍ ഉല്പാദനം വര്‍ദ്ധിക്കും. വിലയിടിഞ്ഞാല്‍ ഉല്പാദനം താഴേയ്ക്ക് പോകും. എന്നുവെച്ചാല്‍ കര്‍ഷകനും സപ്ലെയ്ക്കും ഡിമാന്‍ഡിനും ആനുപാതികമായി വിലയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് ഉല്പാദനം കൂട്ടാനും കുറയ്ക്കാനും കഴിയും. കൃത്രിമ ഡിമാന്‍ഡ് എന്നത് നിര്‍മ്മാതാക്കളുടെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നതുപോലെ തിരിച്ചായാല്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആവശ്യത്തിലധികം ഇറക്കുമതി ചെയ്താല്‍ അത് അന്താരാഷ്ട്ര വില ഉയരാനും കാരണമാകും. സ്ഥിതിവിവരക്കണക്കുകളിലെ തിരിമറികള്‍ക്ക് ഒരു ന്യായീകരണവും ഇല്ല. ശമ്പളവര്‍ദ്ധനവിന് ആനുപാതികമായി കാര്‍ഷികോത്പന്ന വില ഉയര്‍ന്നില്ലെങ്കില്‍ കൃഷി നശിക്കും. നാളികേരം അപ്രകാരം നാശത്തിന്റെ വക്കിലാണ്. പാംഓയില്‍ ഇറക്കുമതിയിലൂടെ ഡിമാന്‍ഡ് കുറച്ച് വിലയിടിച്ചത് അതിന്റെയും നാശത്തിന് കാരണമായി. നാലു തെങ്ങില്‍ കയറാന്‍ ഒരു തേങ്ങ കൂലി കൊടുത്ത സ്ഥാനത്ത് ഇന്ന് ഒരു തെങ്ങിന് ഇരുപത് രൂപയാണഅ. അത് ഇനിയും ഉയരും.

keralafarmer said...

2008-09 ല്‍ 75:25 ആയിരുന്നു സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും തമ്മിലുള്ള അനുപാതം. ആ അനുപാതം കുറച്ചും, ഇറക്കുമതി ചെയ്തും ഡിമാന്‍ഡ് കുറയ്ക്കാം. RSS 4 ന് 101.12 പ്രതി കിലോ കോട്ടയം വിപണിയിലെ ശരാശരി വില ആയിരുന്നപ്പോള്‍ 120.59 രൂപ നിരക്കിലാണ് ഇറക്കുമതി ചെയ്തത്. റബ്ബര്‍ ഉല്പന്നങ്ങള്‍ ഇറക്കുമതി Rs. 2706.01 crore (2007-08) ആയിരുന്നു. കോട്ടയം, പാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല കര്‍ഷകരും ഡീലര്‍മാരാണ്. അവര്‍ക്ക് കൃഷിയെക്കാള്‍ക്കൂടുതല്‍ ലാഭം കച്ചവടത്തിലുണ്ടാക്കാന്‍ കഴിയുന്നത് താഴ്ന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്ക്കാന്‍ കഴിയുന്നതുകൊണ്ടാണ്. ആദ്യമുണ്ടാവേണ്ടത് സുതാര്യമായ ടെക്നിക്കല്‍ ഗ്രേഡിംഗ് സംവിധാനമാണ്. വിലയിലെ ഏറ്റക്കുറച്ചിലിന് അതൊരു ശാശ്വത പരിഹാരം ആകും.

keralafarmer said...

ലോക ഉപഭോഗ അനുപാതം ശ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും 44:56 ആയിരുന്നു 2008-09 ല്‍. അതിന് കാരണം അവര്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ സിന്തറ്റിക് റബ്ബറാണ് ഉത്തമം. റബ്ബര്‍ വില കൂടുമ്പോള്‍ ഉല്പന്ന വില കൂടുന്നു അത് മൊത്തം ഉപഭോക്താക്കളെ ബാധിക്കുന്നു എന്നതാണ് മറ്റൊരാരോപണം. ബി.ഐ.സി.പി (ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍) യാണ് അത് നിയന്ത്രിക്കുന്നത്. ഇന്‍ഡ്യന്‍ ഉല്പന്ന വില അധികമായാല്‍ കയറ്റുമതി ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാസ്ഥാനത്തെ ഉപഭോഗം സാധ്യമായത് ഉല്പന്ന കയറ്റുമതിവില അന്താരാഷ്ട വിലയേക്കാള്‍ ഉയര്‍ന്നതല്ലാതിരുന്നതിനാലാവണം.