Monday, March 17, 2008

വാനം നോക്കികളും കേരള രാഷ്ട്രീയവും

മുന്‍‌‌കൂ‍ര്‍ജാ‍മ്യം:-ബാംഗ്ലൂരില്‍ ഇരുന്നുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ഞാന്‍ ഈ എഴുതുന്നതിന് അതിന്റേതായ കുഴപ്പങ്ങള്‍ ഉണ്ടാവാ‍ന്‍ സാധ്യതയുണ്ട്. വായനക്കാരുടെ സഹായം കൊണ്ട് അവയൊക്കെ പരിഹരിയ്ക്കാമെന്നും പോസ്റ്റ് ഒന്നുകൂടെ മെച്ചപ്പെടുത്താമെന്നും കരുതുന്നു.

അപ്രതീ‍ക്ഷിതമായി വന്നെത്തിയ വേനല്‍ മഴ കുട്ടനാട്ടില്‍ വിതച്ചനാശത്തെക്കുറിച്ച് ഞാനെന്തിനു പ്രത്യേകിച്ചു പറയണം. കൊയ്ത്തിനാളെ കിട്ടാതെയും കൊയ്ത്തുമെഷീന്‍ ഇറക്കാനാവാതെയും ബുദ്ധിമുട്ടൂന്ന കര്‍ഷകന് പ്രകൃതിയുടെ വക ഒരു പ്രഹരം കൂടി. കൊയ്ത്തുമെഷീന്‍ ഇറക്കാന്‍ പാര്‍ട്ടി ആപ്പീസില്‍ അപേക്ഷകൊടുക്കണമത്ര. കൊയ്യാനുള്ളതും മെതിയ്ക്കാനുള്ളതും ചാക്കിലായതുമെല്ലാം മഴയില്‍ നനഞ്ഞു, കിളിര്‍ത്തു. പന്ത്രണ്ടു കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.

കിട്ടിയതക്കം മുതലാക്കി പ്രതിപക്ഷം ഭരണക്ഷത്തിനെതിരെ ആഞ്ഞടിയ്ക്കുന്നു. സത്യാഗ്രഹം, ധര്‍ണ്ണ, ഉപവാസം.
ഭരണപക്ഷം കൈകഴുകാനുള്ള തത്രപ്പാടിലാണ്. മഴവരുന്നതിന് കമ്യൂണിസ്റ്റു പാര്‍ട്ടി എന്തു പിഴച്ചു എന്നാണ് ചോദ്യം. നെല്ലു മുഴുവന്‍ സംഭരിയ്ക്കാമെന്ന് കൃഷിമന്ത്രി. കേന്ദ്രത്തിന്റെ സഹായം ചോദിച്ചിട്ടൂണ്ടത്രെ. കിട്ടീയാലും കിട്ടിയില്ലേലും ഊട്ടി. കിട്ടിയാല്‍ കര്‍ഷകരെ സഹായിച്ചെന്നു വരുത്താം. കിട്ടിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പഴിയ്ക്കാം.

ദി ഹിന്ദുവിലെ കാലാവസ്ഥാ പ്രവചനങ്ങള്‍.

Dry weather likely in T.N
CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.
FORECAST:(Valid until Monday morning)Mainly dry weather will be prevailed over TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)

Isolated rain likely in costal T.N
CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.
FORECAST:(Valid until Tuesday morning)Isolated light rain is likely to occur over costal Tamil Nadu, Puducherry and costal AP. Mainly dry weather will be prevailed over interior TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)

Rain likely in south TN
CHENNAI: Rainfall occured at a few places in south Tamil Nadu. Isolated rainfall occured over kerala and dry weather prevailed over south interior and north Tamil Nadu, AP, Lakshadweep and Karnataka.
FORECAST(Valid until wednesday morning.)Rain or thundershowers is likely at many places over south T.N and Thanjavoor. Mainly dry weather will prevail over A.P, Karnataka, Kerala and Lakshadweep.(Tuesday, Mar 11, 2008)

Isolated rain in Tamil Nadu
CHENNAI: Isolated rainfail occured over Tamil Nadu and Lakshadeweep. Mainly dry weather prevailed over Kerala and dry weather prevailed over AndraPradesh and Karnataka.
FORECAST(Valid until Thursday morning)Rain and thunder showers are likely to occur at few places over costal Tamil Nadu and Puducherry. Isolated rain and thundershowers are likely to occur over interior Tamil Nadu and Kerala. Mainly dry weather will prevail over Andrapradesh and Karnataka.(Wednesday, Mar 12, 2008)

Rain in costal TN
CHENNAI: Rainfall occured at many places over costal Tamil Nadu and a few places over interior Tamil Nadu. Isolated rainfall occured over kerala. Mainly dry weather prevailed over south interior Karnataka and dry weather prevailed over AP, Lakshadweep costal and north interior Karnataka.
FORECAST(Valid until Friday morning.)Rain or thundershowers is likely at many places over costal T.N Puducherry and Kerala and at a few places over south costal Andra Pradesh and south interior Karnataka.(Thursday, Mar 13, 2008)13 മാര്‍ച്ച് 2008 കടുത്ത ചൂടിന് ആശ്വാസവുമായി വേനല്‍ മഴയെത്തി. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായിരുന്നു. താപനില 35 ഡിഗ്രിക്ക് മുകളില്‍ വരെയെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കിഴക്കന്‍ കാറ്റിലുണ്ടായ തരംഗങ്ങളാണ് കേരളത്തില്‍ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയാണ് വേനല്‍ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ മഴ ലഭിച്ചു. അടുത്ത ഒന്ന് രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും ഒരാഴ്ചയ്ക്ക് ശേഷം മഴ ലക്ഷദ്വീപിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (ഉറവിടം - വെബ്‌ദുനിയ)

മാര്‍ച്ച് 14
മാര്‍ച്ച് 15
മാര്‍ച്ച് 16

എട്ടാം തിയതി മുതലുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ പരിഗണിച്ചാല്‍ വളരെ വ്യക്തമായ ഒരു ചിത്രമാണ് ലഭിയ്ക്കുന്നത്.തമിഴ്‌‌നാടിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നു തുടങ്ങി, കേരളത്തിലേയ്ക്കും തമിഴ്നാടിന്റെ ഉള്‍ഭാഗങ്ങളിലേയ്ക്കും കര്‍ണ്ണാടകത്തിലെയ്ക്കും പതുക്കെ വ്യാപിയ്ക്കുന്ന മഴ. ലിങ്കുകളില്‍ കാണീച്ചിട്ടൂള്ള ഇന്‍സാറ്റില്‍ നിന്നുള്ള ചിത്രം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി തമിഴ്‌നാടിന്റീ തെക്കു കുഴക്കു ഭാഗത്തായി രൂപം കൊള്ളുന്ന മേഘങ്ങള്‍ പതുക്കെ കേരളത്തിലേയ്ക്കൂം തമിഴ്നാടിന്റെ ഉള്‍ഭാഗത്തേയ്ക്കും നീങ്ങുന്നു. 5 ആം തിയതി മുതലുള്ള ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാല്‍ കാണാം മേഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കുകിഴക്ക് ഭാഗങ്ങളിലാണെന്ന്.

നമ്മുടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്തു ചെയ്തു?
അഞ്ചാം തിയതി മുതല്‍ വ്യക്തമായ സൂചനകളുണ്ടായിരുന്നിട്ടൂം ഈ വിവരം പ്രാദേശിക മാധ്യമങ്ങളില്‍ എത്തിയ്ക്കാന്‍ നമ്മുടെ കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിനു കഴിഞ്ഞോ. കൃഷി വകുപ്പിനും ബന്ധപ്പെട്ട് അധികാരികള്‍ക്കും അപായ സൂചന നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായോ. ആയെങ്കില്‍ തന്നെ അതിന്റെ ഗൌരവത്തില്‍ ധരിപ്പിയ്ക്കാനായോ.

ഓരോ ദിവസത്തെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും താപനില പറയാനും എവിടെയൊക്കെ മഴ പെയ്തു എന്നു പറയാനും ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കോടികള്‍ ചിലവഴിച്ച് ഉപഗ്രഹങ്ങളുണ്ടാക്കി മേല്‍പ്പോട്ടു വിടുന്നത് വീമ്പു പറയാനോ ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമാകാനോ അല്ല. അതിനെ യഥാവിധി പ്രയോജനപ്പെടുത്താനാവണം. അതിനു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ കാര്യുക്ഷമമായേ തീരൂ.

നമ്മുടെ ഭരണകൂടം എന്തു ചെയ്തു?
പതിനൊന്നാം തിയതിമുതല്‍ കേരളത്തില്‍ മഴയുണ്ടാകുമെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ റിപ്പോര്‍ട്ടുവന്നിട്ടൂം അതിനു മുന്‍പേ ചെറിയതോതില്‍ പലയിടങ്ങളിലും മഴപെയ്തിട്ടും ഉണ്ടായേക്കാ‍വുന്ന വിപത്തു തടയാന്‍ സര്‍ക്കാരെന്തു നടപടിയെടുത്തു. പോട്ടെ സര്‍ക്കാരിന് ഇതൊരു ചിന്താവിഷയമാവുകയെങ്കിലും ചെയ്തോ? സര്‍ക്കാരു വിചാരിച്ചിരുന്നെങ്കില്‍ കൊയ്ത്തുയന്ത്രമിറക്കാന്‍ അനുവദിയ്ക്കാന്‍ കര്‍ഷകത്തൊഴിലാളീ സംഘടനകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകുമായിരുന്നു. കൂടുതല്‍ തൊഴിലാളികള്‍ കൊയ്ത്തിനിറക്കാന്‍ പ്രേരിപ്പിയ്ക്കാമായിരുന്നു. കുട്ടനാട്ടില്‍ കൊയ്ത്തുയന്ത്രമിറക്കാനുള്ള രാഷ്ട്രീയബുദ്ധിമുട്ടുകളെക്കുറിച്ച് ഈയൂള്ളവന് നേരിട്ട് ബോധ്യം വന്നിട്ടുള്ളതാണ്.

നമ്മുടെ പ്രതിപക്ഷം എന്തു ചെയ്തു?
മേല്‍ പറഞ്ഞ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷത്തിനാകുമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിയാമായിരുന്നു. കൊയ്ത്തുയന്ത്രമിറക്കാനനുവദിയ്ക്കാത്ത പ്രാദേശിക പാര്‍ട്ടി ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹം സംഘടിപ്പിയ്ക്കാമായിരുന്നു.
വിലപ്പെട്ട അഞ്ചുദിവസങ്ങളെങ്കിലും പ്രതിപക്ഷത്തിനും കിട്ടിയിട്ടൂണ്ട്, പ്രശ്നം ഗുരുതരമാവുന്നതിനു മുന്‍പുതന്നെ. കൊയ്ത്തുയന്ത്രമിറങ്ങുവാന്‍ അനുവദിയ്ക്കാനുള്ള സമരം ചെയ്യുവാന്‍ അവര്‍ക്ക് അരമാസമെങ്കിലും സമയം കിട്ടിയിട്ടൂണ്ട്.
പോട്ടെ കര്‍ഷകരുടെ സ്വന്തം കേരളാകോണ്‍ഗ്രസുകാര്‍ എന്തു ചെയ്തു. ജോസഫ് ഗ്രൂപ്പിന് ശക്തമാ‍യ വേരോട്ടമുള്ള കുട്ടനാടൂം മാണിഗ്രൂപ്പിനു സ്വാധീനമുള്ള അപ്പര്‍ കുട്ടനാട്ടിലും കര്‍ഷകരെ സഹായിക്കാനുള്ള മുന്‍‌‌കരുതലുകള്‍ എടുക്കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല.

നമ്മുടെ മാധ്യമങ്ങള്‍ എന്തു ചെയ്തു?
ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായ സ്ഥിതിയ്ക്ക് അതിന് അപഗ്രധിയ്ക്കുവാന്‍ കാലാവസ്ഥാ നിരീ‍ക്ഷണ കേന്ദ്രം വേണമെന്നില്ല. ഹിന്ദുവില്‍ വന്ന കാലാവസ്ഥാ റിപ്പോര്‍ട്ടെങ്കിലും പരിഭാഷപ്പെടുത്തി ഗൌരവം കര്‍ക്ഷകരെ ധരിപ്പിച്ചിരുന്നോ? പറഞ്ഞാലും കൊണ്ടാലും പഠിയാക്കാത്ത ആത്മപരിശോധനയ്ക്ക് തയ്യാറാകാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണൂകളിലേയ്ക്കും കാതുകളിളേയ്ക്കും വരാന്‍ പോകുന്ന വിപത്തിന്റെ ചിന്തകളെത്തിയ്ക്കുവാന്‍ മാധ്യമങ്ങള്‍ക്കായോ? കര്‍ഷകത്തൊഴിലാളികളുടെ ദൌര്‍ലഭ്യവും കൊയ്ത്തുയന്ത്രം ഇറങ്ങുന്നനുള്ള തടസങ്ങളും വേനല്‍മഴയ്ക്കും കൃഷിനാശത്തിനുമുള്ള സാധ്യതകളും പൊതുജനശ്രദ്ധയില്‍ പ്രധാനവിഷയമാക്കുവാന്‍ ഇവര്‍ക്കായോ?

ഇല്ല പൊതുജനമേ, ഞങ്ങള്‍ പഠിയ്ക്കില്ല. പഠിയാനും തെറ്റു തിരുത്താനും ഞങ്ങള്‍ക്കു മനസില്ല. വിവാദങ്ങളിലാണ് ഞങ്ങള്‍ക്ക് താത്പര്യം. നിങ്ങള്‍ക്ക് ഒരു ദുരന്തമുണ്ടാവുമ്പോള്‍ നിങ്ങളോട് സഹതപിയ്ക്കാനും, നിങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനും ഞങ്ങളുണ്ടാകും. പക്ഷേ അതിനു നിങ്ങള്‍ക്കു ദുരന്തമുണ്ടായാലെല്ലേ ഒക്കൂ. തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല.

41 comments:

മാരീചന്‍‍ said...

ജോജൂ, ഗംഭീരം. വിശദമായ കമന്റ് ഇടുന്നുണ്ട്. ഇപ്പോള്‍ ഇത്രയും പറഞ്ഞില്ലെങ്കില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ മാരീചനോട് ക്ഷമിക്കില്ല.

sajan jcb said...

നല്ല വിശകലനം... എല്ലാ ദൃഷ്ടികോണില്‍ നിന്നും !!!

Ramachandran said...

നല്ല വിശകലനം... എല്ലാ ദൃഷ്ടികോണില്‍ നിന്നും!!!!
സഭ എന്ത് ചെയ്യുകയായിരുന്നു എന്നു കൂടി എഴുതിയിരുന്നേല്‍ പോസ്റ്റ് ഗംഭീരമായേനേ

74 യന്ത്രങ്ങളും 7000 തൊഴിലാളികളും ഇത്രയും ദിവസം ജോലി ചെയ്യുകയായിരുന്നു ..ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രമായിരുന്നു തര്‍ക്കം .എല്ലായിടത്തും യന്ത്രം മതിയോ തൊഴിലാളികള്‍ വേണ്ട എന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ടിവിയില്‍ യു.ഡി.എഫ് എം.എല്‍.എക്ക് ഉത്തരം ഇല്ലാ‍യിരുന്നു. മനോരമയില്‍ തന്നെ പറഞ്ഞിട്ടുണ്ട് യന്ത്രം ഉപയോഗിച്ച് കൊയ്ത് കറ്റയിട്ടിരുന്നത് നശിച്ചു എന്ന്. ആദ്യ ദിവസത്തെ വാര്‍ത്ത്ക്കുള്ളില്‍ ഈ സത്യം ഉണ്ട്..തലക്കെട്ട് വേറെ ആണെങ്കിലും..

തോന്ന്യാസി said...

രാമചന്ദ്രന്‍ മാഷേ .....

കൊയ്ത്ത് യന്ത്രം ഇറക്കിയതിന് ഉദ്യോഗസ്ഥനെ കര്‍ഷകത്തൊഴിലാളികളുടെ പാര്‍ട്ടിക്കാര്‍ കൈയേറ്റം ചെയ്ത വാര്‍ത്ത മാഷ് വായിച്ചില്ലേ?

74 യന്ത്രങ്ങളും 7000 തൊഴിലാളികളും പണിചെയ്തിട്ടും വന്നത് 128 കോടിയുടെ നഷ്ടം

അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ കണ്ണീര്‍ തുടക്കാന്‍ ഇറങ്ങിയിരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ഇത്രയും ഭീമമായ നഷ്ടം നേരിട്ട കര്‍ഷകരോട് എന്താണ് പറയാനുള്ളത്?

ജോജുവിനോട്..

ജോസഫും,മാണിയും മുന്‍‌കൂട്ടി പ്രതികരിക്കാനും സമരം നടത്താനും ഇത് റബ്ബറും, ഏലവും ഒന്നുമല്ലല്ലോ
.... ഇത് കൈയ്യേറ്റ ഭൂമിയിലല്ലല്ലോ...

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് എല്ലാ രാഷ്ടീയ തെമ്മാടികള്‍ക്കും താത്പര്യം അതിന് വെള്ളം കലങ്ങുന്നതു വരെ കാത്തിരിക്കാനുമ്ം അവര്‍ തയ്യാറാണ് ........

Ramachandran said...

തോന്ന്യാസിയേ...ഒരേ ഒരു സ്ഥലത്ത് സംഭവിച്ച കാര്യത്തെ ജനറലൈസ് ചെയ്യുന്നതിനാണ് രാഷ്ട്രീയ മുതലെടുപ്പ് എന്നു പറയുന്നത്. മനോരമക്കാരന്റെ കണക്കനുസരിച്ച് തന്നെ ബാക്കിയുണ്ടായിരുന്ന വിളകള്‍ കൊയ്യാന്‍ 100 യന്ത്രങ്ങള്‍ മതിയായിരുന്നു. 74 എണ്ണം വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു .തൊഴിലാളികള്‍ക്ക് 25% ജോലിയല്ലേ ഉള്ളൂ മാഷേ...?

പിന്നെ ഈ മഴ..കുട്ടനാട്ടില്‍ പെയ്തതിനേക്കള്‍ ശക്തിയായി എത്രയോ ഇടങ്ങളില്‍ പെയ്തു..പാലക്കാടും തൃശൂരും കൃഷിനാശം ഉണ്ടായല്ലോ?അവിടെ യന്ത്രം ഇല്ലാത്തതുകൊണ്ടാണോ ആരും അതേക്കുറിച്ച് മിണ്ടാത്തത് ?അതോ കുട്ടനാട് മാത്രം തൊഴിലാളികളുടെ അക്രമം മൂലവും മറ്റിടങ്ങളില്‍ പ്രകൃതിയുടെ അക്രമവും?

ഇന്നത്തെ പ്രതീകാത്മകത്തിന്റെ ചിത്രം കണ്ടാ? സോണിയാജി വരുന്ന യോഗത്തിന്റെ ചിത്രത്തില്‍ തലകാണിക്കാനായി കോണ്‍ഗ്രസ്സുകാര്‍ തിക്കിത്തിരക്കുന്ന ചിത്രം കണ്ടിട്ടില്ലേ? അത് തന്നെ യന്ത്രത്തിന്റെ കാര്യത്തിലും. അവര്‍ക്കൊക്കെ ഒരു സ്റ്റേജ് എന്നതിലപ്പുറം ഈ യന്ത്രം ഇറക്കുന്നതിലോ കര്‍ഷകരെ സഹായിക്കുന്നതിലോ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെന്ന് തോന്നുന്നുണ്ടോ?

വയനാടന്‍ അനുഭവം മറക്കാറായോ? തൊഴിലാളികള്‍ ഉള്ള ഇടങ്ങളില്‍ തൊഴിലാളികളെക്കൊണ്ടും അവരുടെ ദൌര്‍ലഭ്യം ഉള്ള ഇടങ്ങളില്‍ യന്ത്രവും..ഇത് പോലെ ഒരു ബാലന്‍സ്‌ഡ് സ്റ്റാന്‍ഡ് ആയിരുന്നു ഇപ്പോള്‍ എല്ലാവരും കൂടി എടുത്തിട്ട് ചവിട്ടാന്‍ നോക്കുന്ന സി.പി.എം സംഘടനയുടേതും. അവര്‍ ആ പ്രദേശത്തെ കര്‍ഷക തൊഴിലാളികളുടെ സംഘടനയാണെന്നത് മറച്ച് വെച്ച് സി.പി.എം സംഘടന എന്ന് ആവര്‍ത്തിച്ച് പറയുന്നത് വെറുതെ ആണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട് തോന്ന്യാസിയേ...

പിന്നെ ബാങ്കിലെ ശാഖാപ്രമുഖനായതിനാല്‍ കണക്കൊന്നും ഡിസ്‌പ്യൂട്ട് ചെയ്യുന്നില്ല..കുറെക്കഴിയുമ്പോള്‍ അറിയാമല്ലോ?

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുമെങ്കില്‍ മുന്‍‌കരുതലെടുക്കുക..അതല്ല ..ദുരന്തം വന്നാല്‍ മനുഷ്യത്വത്തോടെ നേരിടുക..അതല്ലേ കരണീയം..
ദേ.. ഈ വാര്‍ത്ത ഇന്നത്തെ ദേശാഭിമാനിയിലേത്..സത്യമാണോന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ ഞാനാളല്ല..ചലഞ്ച് ചെയ്യാന്‍ ചുണയുള്ളവര്‍ ചെയ്യ്..

ഇങ്ങനെ കര്‍ഷകര്‍ക്കൊപ്പം ഇതാദ്യം

കാലംതെറ്റിയെത്തിയ കനത്തമഴയില്‍ കൃഷിനശിച്ച് ഒരു ദിവസത്തിനുള്ളില്‍തന്നെ കൃഷിമന്ത്രിയെത്തി കര്‍ഷകരുമായി നേരില്‍ ചര്‍ച്ച നടത്തുക, പിറ്റേന്നുതന്നെ മന്ത്രിസഭായോഗം അടിയന്തര സഹായം പ്രഖ്യാപിക്കുക, അതോടൊപ്പംതന്നെ സംഭരണവില വര്‍ധിപ്പിക്കുക. കൃഷിനാശം അറിഞ്ഞപ്പോള്‍തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം രംഗത്തിറങ്ങുക, കൃഷിനശിച്ച് മൂന്നുമാസം കഴിഞ്ഞും സര്‍ക്കാരിന്റെ കാരുണ്യത്തിനുവേണ്ടി തെരുവിലിറങ്ങി സമരം നടത്തേണ്ടിവന്ന കുട്ടനാട്ടുകാര്‍ക്ക് ഇതും ഇത്തവണത്തെ വേനല്‍മഴ പോലെതന്നെ അത്ഭുതം. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണത്തിന്‍കീഴില്‍ ഭരണ സംവിധാനമാകെ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച രാവിലെതന്നെ 25 പ്രത്യേക സംഘങ്ങള്‍ നഷ്ടം വിലയിരുത്താന്‍ എത്തി. ഉദ്യോഗസ്ഥര്‍ നടവരമ്പിലൂടെ പോയി നേരിട്ട് കണക്കെടുക്കുകയാണ്. അവധി ദിവസങ്ങളിലും എത്തി ഇവര്‍ രണ്ടുദിവസംകൊണ്ട് ജോലി പൂര്‍ത്തിയാക്കും. 24ന് അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. കലക്ടറേറ്റിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ദിവസവും വൈകിട്ട് കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭരിക്കുന്ന നെല്ല് എത്രയും വേഗം കൊണ്ടുപോകുന്നതിന് സിവില്‍ സപ്ലൈസ് അധികൃതരുടെയും മില്ലുകാരുടെയും യോഗവും വിളിച്ചുചേര്‍ത്തു. കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉണ്ടായ നഷ്ടവും പരിഗണിക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ശാസ്ത്രീയ മാനദണ്ഡമനുസരിച്ചാണ് നഷ്ടം കണക്കാക്കുന്നത്. മാര്‍ച്ച് എട്ടുമുതല്‍ 16വരെ കൊയ്ത് പാടത്തുവച്ചിരുന്നതിന്റെ നഷ്ടവും കൊയ്ത് കരക്കെത്തിച്ച ശേഷമുള്ള നഷ്ടവും കണക്കാക്കും. വിളവെടുക്കും മുമ്പ് അടിഞ്ഞുവീണ നെല്ലില്‍ മൊത്തം നശിച്ചത്, 50 ശതമാനം നശിച്ചത് എല്ലാം പ്രത്യേകം എടുക്കും. നിലത്തുകിടന്ന് നശിച്ചതും, കരയ്ക്കെത്തിച്ച് ശേഷം കിളിര്‍ത്തതുമെല്ലാം വേറെ എടുക്കും. യന്ത്രം ഉപയോഗിച്ച് കൊയ്തതും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എടുത്തതുമെല്ലാം കണക്കെടുപ്പിലുണ്ടാകും.

ആദ്യ മഴയ്ക്കുതന്നെ ജില്ലാ ഭരണകൂടം കൃഷിനാശം കുറക്കാനുള്ള നടപടികള്‍ എടുത്തിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ 10 ഷട്ടറുകളും ഒരു ലോക്കും ഉയര്‍ത്തി. തൊട്ടടുത്ത ദിവസം കലക്ടര്‍ നേരിട്ടെത്തി. പിന്നീട് 15 ഷട്ടറും രണ്ടു ലോക്കും തുറന്ന് ജലനിരപ്പ് ഒന്നര അടിയോളം താഴ്ത്തി. വേലിയേറ്റം വന്നാല്‍ ഷട്ടര്‍ താഴ്ത്താന്‍ പ്രത്യേക ജീവനക്കാരെയും നിയോഗിച്ചു.

മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ആലപ്പുഴക്കാരായിരുന്ന കാലത്തും പ്രകൃതിയുടെ ഇത്തരം വികൃതികള്‍ കുട്ടനാട്ടുകാര്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അതിനെയെല്ലാം വെല്ലുന്നതായിരുന്നു അന്നത്തെ ഭരണത്തിന്റെ ക്രൂരത. 2003 ഒക്ടോബറില്‍ ഉപ്പുവെള്ളം കയറി കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമായി 60,000 ഏക്കര്‍ കൃഷിയാണ് നശിച്ചത്. കൃഷി ചെലവ് മാത്രം കണക്കാക്കിയാല്‍ നഷ്ടം 50 കോടി രൂപയുടേതാണ്. തോട്ടപ്പള്ളി സ്പില്‍വേയുടെയും തണ്ണീര്‍മുക്കം ബണ്ടിന്റെയും കേടായ ഷട്ടറുകള്‍ പുനഃസ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാതെ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ അനാസ്ഥയാണ് ദുരന്തം വരുത്തിവച്ചത്. ഏക്കറിന് 6000 മുതല്‍ 10,000 രൂപവരെയായിരുന്ന കൃഷിചെലവ്. ഇതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വെറും 600 രൂപ മാത്രം. പിന്നീട് 2004ലെ വരള്‍ച്ച കൂടിയായപ്പോള്‍ കൃഷിനാശം 86,000 ഏക്കറിലായി. നഷ്ടം 85 കോടിയുടെയും. നാമമാത്രമായ നഷ്ടപരിഹാരം വാങ്ങാതെ പലരും പതിരായ കൃഷി പാടത്തുതന്നെ തീയിട്ടു. ഒക്ടോബറിലുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലയിലാകെ 2004 മാര്‍ച്ച് 15ന് സിപിഎ എം പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുതവണ നെല്ലിന്റെ സംഭരണവില കൂട്ടിയതും സംഭരണം കാര്യക്ഷമമാക്കിയതും കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പുണ്ടാക്കിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഇക്കാര്യത്തില്‍ സ്ഥിതി നേരെ തിരിച്ചായിരുന്നു. സഹകരണ സംഘങ്ങള്‍ സമാഹരിച്ച നെല്ല് സിവില്‍ സപ്ലൈസ് കോര്‍പറേഷനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ 2005 ജൂണ്‍ എട്ടിന് താലൂക്കാഫീസ് ഉപരോധം നടത്തേണ്ടിവന്നു. ജൂലായ് ഒന്നുമുതല്‍ ഏഴുദിവസം വില്ലേജ് ഓഫീസുകള്‍ ഉപരോധിച്ചു. ജൂലായ് എട്ടിന് കുട്ടനാട്ടില്‍ ഹര്‍ത്താലും നടത്തി.


അവസാനമായി ഒരു കാര്യം പറഞ്ഞോട്ടെ..തോന്ന്യാസിയേ..

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് എല്ലാ രാഷ്ടീയ തെമ്മാടികള്‍ക്കും താത്പര്യം എന്നു പറഞ്ഞു മാറിനില്‍ക്കുന്നവര്‍ തെമ്മാടികളേക്കാള്‍ മാന്യരോ?

N.J ജോജൂ said...

രാമചന്ദ്രന്‍,

താങ്കള്‍ എവിടുത്തുകാരനാണെന്ന് എനിക്കറിയില്ല. കുട്ടനാടുകാരന്‍ എന്ന നിലയില്‍ കൃഷിയ്ക്ക് നേരിട്ട പ്രശ്നങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നേരിട്ടു കണ്ട വ്യക്തി എന്ന നിലയിലും ഞാന്‍ പറയാം.

“ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രമായിരുന്നു തര്‍ക്കം .” താങ്കള്‍ക്ക് പ്രശ്നത്തെ നിസ്സാരവത്കരിയ്ക്കുകയാണ്. പാര്‍ട്ടിയ്ക്ക് പണം കൊടുത്താല്‍ മാത്രമേ കൊയ്ത്തുയന്ത്രം ഇറങ്ങാന്‍ അനുവദിയ്ക്കുകയുള്ളൂ. അല്ലെങ്കില്‍ കൊയ്യാന്‍ ആളില്ലെങ്കിലും തടയാന്‍ ആളുകാണും. പത്രങ്ങളീല്‍ നിന്നും വായിച്ചതനുസരിച്ച് ചിലയിടങ്ങളില്‍ പാര്‍ട്ടിയ്ക്ക് സ്വന്തമായി കൊയ്ത്തുയന്ത്രങ്ങളുണ്ട്. അത്തരം സ്ഥലങ്ങളില്‍ അവര്‍ തടയില്ല, സ്വാഭാവികം.

കൊയ്ത്തിന് ആളെ കിട്ടാനില്ല എന്നത് യഥാര്‍ത്ഥ്യമാണ്. ശനിയായ്ച എട്ടേക്കറുള്ള ഒരു പാടം ഒരാള്‍ മാത്രം നിന്നു കൊയ്യുന്നതും, ഞായറാഴ്ച നാലുപേരു മാത്രം നിന്നു കൊയ്യുന്നതും ഞാന്‍ കണ്ടതാണ്. നെല്ല് വീണ് മുളച്ചു ഞാറായിത്തുടങ്ങി.

“74 യന്ത്രങ്ങളും 7000 തൊഴിലാളികളും” എന്ന ഒറ്റ വാചകം പ്രയോഗിച്ചാല്‍ കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി എന്നു കരുതരുത്.

മറ്റൊന്ന് കൊയ്ത്തുയന്ത്രമിറക്കാനാവാത്ത സ്ഥലങ്ങളാണ്. അവിടെ കൊയ്യാന്‍ തൊഴിലാളികളെ ലഭിയ്ക്കാതിരിയ്ക്കുകയും കൊയ്ത്തുയന്ത്രമിറക്കാനാവുന്നിടത്ത് തൊഴിലാളികള്‍ കൊയ്യാന്‍ മുന്‍പോട്ടു വരുകയും അതുകൊണ്ട് കൊയ്ത്തുയത്തെ പ്രയോജനപ്പെടുത്താനാവാതെ വരുന്ന അവസ്ഥയുണ്ട്.

തോന്ന്യാസിയോട്,

ജോസഫിന്റെയും മാണിയുടെയും കാര്യം. കുട്ടനാട് ഭാഗത്തുവരുന്ന കുട്ടനാട് നിയോജമമണ്ഡലം കഴിഞ്ഞ ഇലക്ഷന്‍ വരെ കെ.സി ജോസഫ്(കേരളാ കോണ്‍ഗ്രസ്(J) എന്റെ മണ്ഢലമായിരുന്നു. സി.എഫ് തോമസിന്റെ മണ്ഢലത്തിന്റെ ഭാഗമാണ് അപ്പര്‍ കുട്ടനാട്ടിലെ പല നെല്പാ‍ടങ്ങളും.

രാമചന്ദ്രനോട് വീണ്ടൂം...

കുട്ടനാട്ടില്‍ ഇത്രയും വിളനാശം നേരിട്ട ഒരു സമയം ഉണ്ടായിട്ടേയില്ല എന്നാണ് അവിടുത്തുകാര്‍ പറയുന്നത്. ചിലരുടെ അഭിപ്രായത്തില്‍ ഇതിനു സമാനമായ വിളനാശം ഉണ്ടായത് വക്കം പുരുഷോത്തമന്‍(?) കൃഷിമന്ത്രിയായിരിയ്ക്കുമ്പോഴാണ്. അക്കാലത്തെക്കുറിച്ച് കൂടുതല്‍ എനിയ്ക്ക അറിയില്ല, അറിയാവുന്നവര്‍ എഴുതട്ടെ.

ഒക്ടോബര്‍ മാസം പുഞ്ചകൃഷിയുള്ള സമയമല്ല. തന്നെയുമല്ല ജൂണ്‍ ജൂലൈ മാസങ്ങളില്‍ കാലവര്‍ഷത്തോടനുബന്ധിച്ചും സെപറ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തുലാവര്‍ഷത്തോടനുബന്ധിച്ചും വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആ സമയങ്ങളില്‍ നെല്‍കൃഷി സാധാരണമല്ല. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ആരംഭിച്ച് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ കൊയ്യുന്ന രീതിയാണ് പുതുവെ.

Ramachandran said...

പ്രിയ ജോജൂ,
ഭൂമിശാസ്ത്രപരമായ കിടപ്പുകാരണം ഒരു കൃഷിക്കാരന് മാത്രമായി കൃഷി ചെയ്യാനാവുമോ കുട്ടനാട്ടില്‍? അതിനാല്‍ തന്നെ
എല്ലാ പാര്‍ട്ടിക്കാരുടേയും പ്രതിനിധികള്‍ ഉള്‍പ്പെട്ട, കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെട്ട സമിതിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നത് ഒരു വസ്തുതയല്ലേ?. കഴിഞ്ഞ കുറെക്കൊല്ലമായി ഇത് തന്നെയാണവിടെത്തെ സ്ഥിതി. (ഒരു പ്രശ്നവും ഇല്ലാതെ കഴിഞ്ഞ് കൊണ്ടിരിക്കുന്ന അവിടെ വേനല്‍ മഴയില്‍ വല്ലതും കിളുപ്പിക്കാന്‍ നോക്കിയവര്‍ തന്നെയാണ് ഇല്ലാത്ത ചേരിതിരിവ് ഉണ്ടാക്കുന്നത്, അല്ലേ?) കൊയ്ത്തുയന്ത്രത്തിനു കാശ് കൊടുക്കുന്നത് അത് കൊണ്ടു വന്നവനു കൊടുക്കുന്ന അതിന്റെ വാടകയായിരിക്കും. അത് പറയാതെ കാശ് കൊടുക്കുന്നു കൊടുക്കുന്നു എന്ന് ചുമ്മാ പറഞ്ഞാല്‍ മതിയോ? അങ്ങിനെ ഗൂണ്ടാപ്പിരിവ് നടത്തിയൊന്നും ഒരു പാര്‍ട്ടിക്കും നില്‍ക്കാനാവില്ല ജോജു. താങ്കള്‍ കുട്ടനാട്ടുകാരനായത് കൊണ്ട് ചോദിക്കുകയാണ്, ഒരു പാര്‍ട്ടിക്കാരനു മാത്രം കാശ് കൊടുക്കുന്നതിന്റെ ഗുട്ടന്‍സ് ഒന്നു പറഞ്ഞുതരാമോ? അവിടെ ഒരു പാര്‍ട്ടി മാത്രമേ ഉള്ളോ? ആരാണ് കാശ് കൊടുത്തത്? ആരാണ് വാങ്ങിച്ചത്? അവിടെ രണ്ട് ദിവസം പോയി നിന്നു എന്നത് കൊണ്ടും താങ്കള്‍ പറയുന്നത് ശരിയാവണമെന്നുണ്ടോ? പാര്‍ട്ടിക്ക് സ്വന്തമായി യന്ത്രം എന്നത് പത്രത്തില്‍ വായിച്ച ഉടന്‍ വിശ്വസിച്ചോ? ക്ലാരിഫൈ ചെയ്യാന്‍ നോക്കിയില്ലേ?

ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ആദ്യം പറഞ്ഞത് ഡ്രൈവറെ മര്‍ദ്ദിച്ചോടിച്ചു എന്നാണ്. ഇപ്പോള്‍ പറയുന്നു തടഞ്ഞു എന്ന്. കയ്യിലുള്ള തെളിവാകട്ടെ കോണ്‍ഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് നല്‍കിയതും പിന്‍‌വലിച്ചതുമായ പരാതിയും. നീലം‌പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന മോഹനന്റെ ഭര്‍ത്താവ് മിസ്റ്റര്‍ മോഹനന്‍ കൈനടി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. ഒത്തുതീര്‍പ്പിനു വിരുദ്ധമായി രാത്രിയില്‍ യന്ത്രം ഇറക്കാന്‍ ശ്രമിച്ചതാണ് എല്ലാ തൊഴിലാളികളും കൂടി തടഞ്ഞത്. അതല്ലാതൊരു വ്യക്തമായ ഒരു സംഭവം യു.ഡി.എഫ് കാര്‍ പോലും ഉന്നയിക്കുന്നില്ല. ഉണ്ട് ഉണ്ട് എന്നു പറയുന്നതല്ലാതെ.

കൊയ്ത്തിനു ആളില്ലാത്തതു കൊണ്ടു തന്നെയാണ് എല്ലാവരും കൂടി തീരുമാനിച്ച് യന്ത്രം ഇറക്കിയിരിക്കുന്നത്. 74 യന്ത്രങ്ങളും 7000 തൊഴിലാളികളും എന്നത് കൊണ്ട് പ്രശ്നം തീരും എന്നാരാണ് പറഞ്ഞത് ? അതിലെ 7000 വേണ്ട എന്ന് യു.ഡി.എഫ് കാരനു പോലും ഉറപ്പിച്ചു പറയാന്‍ നാവു പൊന്താത്തതെന്തേ? യന്ത്രം യന്ത്രം എന്നു പറഞ്ഞ ആളോട് തൊഴിലാളികള്‍ വേണ്ടേ എന്ന് ചോദിച്ചാല്‍ ബബ്ബബ്ബ...

കുട്ടനാട്ടില്‍ സി.പി.എം മാത്രമേ ഉള്ളോ? തൊഴിലാളികള്‍ എന്നാല്‍ അവര്‍ മാത്രമാണോ? ഒരു വശം മാത്രം പറയുന്ന മാധ്യമങ്ങളുടെ പിന്തുണ ഉണ്ടെന്നു കരുതി എന്തും ചിലവാകുമോ ജോജൂ?

ഇത് പോലെ നഷ്ടം ഉണ്ടായിട്ടുണ്ടാവില്ല. വേനല്‍ മഴ ഇത് പോലെ ചതിച്ചതും ആദ്യമായിട്ടായിരിക്കും. സര്‍ക്കാര്‍ ഇത്രപെട്ടെന്ന് ആശ്വാസവുമായി എത്തിയതും ആദ്യമായിട്ടാണ്. അത് കൂടി പറയാതെ വിടുന്നത് ശരിയല്ലല്ലോ ജോജൂ.

N.J ജോജൂ said...

രാമചന്ദ്രാ,

ഞാന്‍ സി.പി.എം നെ കുറ്റപ്പെടുത്തുകയല്ലായിരുന്നു എന്റെ പോസ്റ്റില്‍.(താങ്കളുടെ സംശയങ്ങള്‍ അടുത്ത കമന്റില്‍ മാറ്റാം.) ദുരന്തം ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു അല്ലെങ്കില്‍ അതെന്റെ കാഠിന്യം കുറയ്ക്കാനാകുമായിരുന്നു എന്നതാണ് എന്റെ പോസ്റ്റിലെ നിരീക്ഷണം. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തെ ചെയ്യാതെ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും ദുരന്തത്തിനുശേഷം വന്നു വിലപിച്ചതുകൊണ്ടോ സഹായഹസ്തം വാഗ്ദാനം ചെയ്തതുകൊണ്ടോ ഒന്നും നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാനാവില്ല. വിപത്തുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. അതിനായാണ് നമ്മുടെ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തേണ്ടത്.

ശരാശരി ഒരേക്കറിന് ആറായിരം ഏഴായിരം രൂപാ കൃഷി ചിലവുവരും. ഏക്കറൊന്നിന് ഏഴായിരം വച്ച് കൊടുക്കാന്‍ സര്‍ക്കാരിനാവുമോ?

പതിനായിരം രൂപമുതല്‍ 12-13 ആയിരം രൂപവരെ ആദായം പ്രതീക്ഷിയ്ക്കാം. അതായത് ഒരേക്കറില്‍ അയ്യായിരം രൂപ മുതല്‍ ലാഭം പ്രതീക്ഷിയ്ക്കാം. അതു തിരിച്ചുകൊടുക്കാന്‍ സര്‍ക്കാരിനു കഴിയുമോ.

ഒരു കര്‍ഷകന് ഉണ്ടാകുന്ന നഷ്ടമോ ലാഭത്തിലെ കുറവോ നികത്തേണ്ടത് സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമാണെന്നു ഞാന്‍ പറയില്ല. ലാഭം വ്യക്തിപരമാകുന്നതുപോലെ തന്നെ നഷ്ടവും വ്യക്തിപരമായിരിയ്ക്കണം. അതേ സമയം ഒരു വ്യാപകമായ കൃഷിനാശം സംഭവിയ്ക്കുമ്പോള്‍ സര്‍ക്കാര്‍ സഹായത്തിനു വരുക തന്നെ ചെയ്യണം. എന്റെ ചോദ്യം വിപത്ത് ഒഴിവാക്കുവാന്‍ അല്ലെങ്കില്‍ അതിന്റെ കാഠിന്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്നതാണ്.

അഞ്ചാം തിയതിമുതല്‍ മഴയ്ക്കുള്ള സാധ്യത ഉപഗ്രഹ ചിത്രത്തില്‍ നിന്നും വായിയ്ക്കാം. പതിമൂന്നാം തിയതിവരെയുള്ള ഏഴുദിവസം സര്‍ക്കാര്‍ എന്തു ചെയ്തു?

വെളിയില്‍ വിപണിയില്‍ തൊള്ളായിരത്തി അന്‍പതാണ് ക്വിന്റലിനു വില. സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്നത് ആയിരം രൂപയാണ്. കൊള്ളാം നല്ലകാര്യം. നെല്ലു വില്‍ക്കണമെങ്കില്‍ ആദ്യം കൊയ്യണം. കൊയ്ത്തു മെഷീനാണെങ്കില്‍ കൊയ്ത്ത്, മെതി, പാറ്റല്‍ എല്ലാം ഒറ്റയടിയ്ക്കു നടക്കും. അല്ലെങ്കില്‍ കൊയ്യാന്‍ ഒരു സമയം. മതിയ്ക്കാനുള്ള കളത്തിലേയ്ക്ക് കറ്റചുമപ്പിയ്ക്കാന്‍ വീണ്ടും ഒരു സമയം. അതിനു വേറേ കൂലിക്കാര്‍. മെതിയ്ക്കാന്‍ യന്ത്രം. അങ്ങനെ നൂലാമാലകള്‍.

കൊയ്യാനാവാഞ്ഞ നെല്ല് കിളിര്‍ത്തു തുടങ്ങിയിരിയ്ക്കുന്നു. മനുഷ്യര്‍ കൊയ്തനെല്ല് കറ്റയായി പാടത്തു കിടക്കുന്നു. അത് അവിടെക്കിടന്നു കിളിര്‍ത്തു തുടങ്ങിയിരിയ്ക്കുന്നു. നനഞ്ഞ കറ്റ ഉണങ്ങനാവാതെ മെതിയ്ക്കാനാവില്ല. കാലതാമസം ഇനിയും. രണ്ടു ദിവസമായുള്ള വെയിലിലാണ് പ്രതീക്ഷമുഴുവന്‍. അതായത് കൊയ്ത്തുമെഷീനായിരുന്നെങ്കില്‍ സ്ഥിതി കുറച്ചുകൂ‍ടെ മെച്ചമാകുമായിരുന്നേനേ.

ചുരുക്കത്തില്‍ സപ്ലൈക്കോയുടെ പ്രയോജനം കിട്ടണമെങ്കില്‍ തന്നെ കടമ്പകള്‍ ഏറെ.

N.J ജോജൂ said...

"എല്ലാ പാര്‍ട്ടിക്കാരുടേയും പ്രതിനിധികള്‍ ഉള്‍പ്പെട്ട, കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെട്ട സമിതിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നത് ഒരു വസ്തുതയല്ലേ?."

സ്വന്തം പാടത്ത് കൃഷിചെയ്യണോ അതു പാട്ടത്തിനു കൊടുക്കണോ എന്നതൊക്കെ സ്വന്തം താത്പര്യമാണ്. ഏതു വിത്തു കൃഷിചെയ്യണം എന്നൊക്കെ കര്‍ഷകനാണ് തീരുമാനിയ്ക്കുന്നത്. പിന്നെ ഈ സമതി തീരുമാനമെടുക്കുന്നത് എപ്പോഴാണെന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു സമതിയെക്കുറിച്ചും എനിക്കറിയില്ല. എന്റെ അറിവില്ലായ്മയാകാം.

കൊയ്ത്തു യന്ത്രത്തിനുള്ള വാടകയല്ല കാശ്. പാര്‍ട്ടിക്കുള്ള കൈക്കൂലി. പാര്‍ട്ടി എന്നു വച്ചാല്‍ CPI(M).ഇതൊക്കെ പരസ്യമായ രഹസ്യമാണ്.മംഗളത്തിലോ മറ്റോ കാശുപിടിങ്ങുന്ന ഒരു കാര്‍ട്ടൂണുണ്ടായിരുന്നു.

“അങ്ങിനെ ഗൂണ്ടാപ്പിരിവ് നടത്തിയൊന്നും ഒരു പാര്‍ട്ടിക്കും നില്‍ക്കാനാവില്ല ജോജു.” സി.പി.ഐ(എം) പലയിടങ്ങളിലും കാണിയ്ക്കുന്നത് ഗുണ്ടായിസമാണെന്നു പറഞ്ഞാല്‍ അധികമാവില്ല.

ഒരു പാര്‍ട്ടിക്കു മാത്രം കൊടുക്കുന്നതിന്റെ ഗുട്ടന്‍സ് ആര്‍ക്കാണറിയാത്തത്. കീരിക്കാടന്‍ ജോസുവിലസുമ്പോള്‍ ഹൈദ്രോസുകള്‍ക്കെന്തിനു കാശുകൊടുക്കണം.

സുഹൃത്തേ സി.പി.എം മായി ഒരു പരസ്യഏറ്റുമുട്ടലിലൂടെ കുട്ടനാട്ടില്‍ ഒരു കര്‍ഷകനും നിലനില്‍ക്കാനാവില്ല. അതിനുള്ള കയ്യൂക്കോ സ്വാധീനമോ ഒരു കര്‍ഷകനുമുണ്ടാവുകയുമില്ല. ഇപ്പോള്‍ സഹായത്തിനുണ്ടെന്നു പറയുന്ന കോണ്‍ഗ്രസുകാരൊക്കെ നാളെ തിരുച്ചു പോകും. കര്‍ഷകന്‍ മാത്രമാണ് ബാക്കിയുണ്ടാവുക.

തൊഴിലാളികള്‍ എന്നാല്‍ സി.പി.എം എന്നൊന്നുമില്ല. സി.പി.എം പ്രബലമായിരിയ്ക്കുന്നിടത്ത് സി.പി.എം ആകാതെ തൊഴിലാളിയാകാന്‍ കുറച്ചു ബുദ്ധിമുട്ടൂണ്ട്.

“കൊയ്ത്തിനു ആളില്ലാത്തതു കൊണ്ടു തന്നെയാണ് എല്ലാവരും കൂടി തീരുമാനിച്ച് യന്ത്രം ഇറക്കിയിരിക്കുന്നത്.”
ആരാണീ എല്ലാവരും?
താങ്കള്‍ പറയുമായിരിയ്ക്കും കര്‍ഷകത്തൊഴിലാളികളെന്ന്. പച്ചക്കള്ളമാണു സുഹൃത്തേ. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ചോരകുടിച്ചു വളരുന്നവരെ തിരിച്ചറിയാതെ പോകുന്നു എന്നതാണു കഷ്ടം.

ഞാന്‍ പങ്കുവയ്ക്കുന്നത് എന്റെ കാഴ്ചപ്പാടുകളും എന്റെ അനുഭവത്തില്‍ നിന്ന്, എന്റെ ബന്ധുക്കളുടെ, പരിചയക്കാരുടെ ഒക്കെ അനുഭവത്തില്‍ നിന്ന് മനസിലായ കാര്യങ്ങളാണ്. എനിയ്ക്ക് നേരിട്ടറിയാത്തവ നേരിട്ടറിയാത്തവയാണെന്ന് എഴുതാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടൂണ്ട്. അത് വിശ്വസിയ്ക്കണമോ വേണ്ടയോ എന്നത് വായിക്കുന്നവരുടെ ഇഷ്ടം.

കുതിരവട്ടന്‍ | kuthiravattan said...

സ്വന്തം പാടത്ത് കൊയ്ത്ത് യന്ത്രമിറക്കാന് പ്രാദേശിക പാര്ടി ഓഫീസിന്റെ അനുമതി പത്രം വേണമത്രേ!!! ഇതിനെയല്ലെങ്കില് പിന്നെന്തിനെയാണ് ഗുണ്ടായിസം എന്ന് വിളിക്കേണ്ടത്. കൊയ്ത്ത് കഴിഞ്ഞതിനു ശേഷം കറ്റ കര്ഷകന് കൂലിക്ക് ആളെ നിര്ത്തി ചുമപ്പിക്കേണ്ടി വന്നു. നനഞ്ഞതിനാല് കറ്റയുടെ കനം കൂടിപ്പോയത്രേ. കര്ഷകര്ക്ക് വേണ്ടി ഇത്രയെങ്കിലും പറഞ്ഞ ജോജുവിനു അഭിനന്ദനങ്ങള്.

Ramachandran said...

പ്രിയ ജോജൂ,

സി.പി.എമ്മിനെ കുറ്റപ്പെടുത്തുകയല്ലായിരുന്നു എന്ന ജോജുവിന്റെ വാദം മുഖവിലക്കെടുക്കുന്നു. എങ്കിലും അത് പറയുന്ന ജോജു തന്നെ അടുത്ത കമന്റിലെത്തുമ്പോള്‍ തന്നെത്തന്നെ ഖണ്ഡിക്കുന്നില്ലെ എന്നൊരു സംശയം. അറിയാതെ മാര്‍ക്സിസ്റ്റ് വിരോധം പുറത്ത് ചാടിയ പോലെ..സാരമില്ല..

മഴ ചതിച്ചു. കൃഷി നശിച്ചു. എന്നത് വസ്തുതയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ഏകോപനം ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ നഷ്ടത്തിന്റെ കാഠിന്യം കുറയ്ക്കാമായിരുന്നു എന്നതും വസ്തുതയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംഭരണവില മൂന്നു തവണയാണ് കൂട്ടിക്കൊടുത്തത്. ഇത്തവണ കുട്ടനാട്ടില്‍ വിളവും കൂടുതലാണല്ലോ. സര്‍ക്കാരിന്റെ കര്‍ഷകപക്ഷപാതിത്വമുള്ള നടപടികള്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല?

ഒരു പ്രകൃതി ദുരന്തം ഉണ്ടായി നഷ്ടം വരുമ്പോള്‍ നമുക്കത് എത്ര വേണമെങ്കിലും വിശദീകരിക്കാം. നെല്ലു കിളിര്‍ത്തു, നശിച്ചു, വൈകി അങ്ങിനെ പല പല രീതിയില്‍. പക്ഷെ ഇതിനൊക്കെ ഒരു വിഭാഗം മാത്രമാണ് കുറ്റക്കാര്‍ എന്നു വ്യാഖ്യാനിച്ചുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസങ്ങള്‍ പൊന്തിവരിക.

തൊഴിലാളി ഉള്ള ഇടങ്ങളില്‍ തൊഴിലാളികളും ഇല്ലാത്ത ഇടങ്ങളില്‍ യന്ത്രവും എന്ന തീരുമാനം എടുത്തത് കുട്ടനാട് ഐ ആര്‍ സി യോഗമല്ലേ?.യന്ത്രം ഉപയോഗിക്കേണ്ടതിന്റെയൊക്കെ ധാരണയൊക്കെയാണ് ഇവര്‍ തീരുമാനിച്ചത്. പിന്നെ പാടശേഖരസമിതികള്‍ ഉണ്ടല്ലോ അവിടെ ഒക്കെ. അതൊക്കെ സഹകരണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന്റെ ഒരു രീതിയല്ലേ? ചിലപ്പോള്‍ ആ സമിതി തന്നെയാവും ഏത് വിത്ത് നടണം എന്ന് തീരുമാനിക്കുന്നത്. ഇതില്‍ അവകാശത്തില്‍ കൈകടത്തുന്നതിന്റെ പ്രശ്നമൊന്നുമില്ല. കൂട്ടായ്മയുടെ പ്രശ്നമില്ലായ്മ മാത്രമേ ഉള്ളൂ.

മംഗളത്തിലെ കാര്‍ട്ടൂണിന്റെ ഒക്കെ ബലത്തില്‍ ഗുണ്ടാപ്പിരിവിനെക്കുറിച്ച് വാചാനാ‍കുന്ന ജോജുവിനോട് എന്ത് പറയാന്‍. അതു പോലെതന്നെ മറ്റു നിലവാരം കുറഞ്ഞ താരതമ്യങ്ങളും. അവ മറുപടി അര്‍ഹിക്കുന്നില്ല എന്ന് ഖേദപൂര്‍വം പറയട്ടെ.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒക്കെ യോജിച്ച് തന്നെയാണ് തൊഴിലാളികള്‍ ഉള്ളിടത്ത് തൊഴിലാളിയും അല്ലാത്തിടത്ത് യന്ത്രവും എന്ന തീരുമാനത്തിലെത്തിയിട്ടുള്ളത്. എന്തായാലും ഈ ഈ വര്‍ഷം അവിടെ റിക്കാര്‍ഡ് വിളവാണ് പ്രതീക്ഷിച്ചിരുന്നത്. അത് പ്രതിപക്ഷ എം.എല്‍.എയും സമ്മതിച്ചതാണ്, ടി.വി.യില്‍.

പിന്നെ ഒരു തെളിവും ഇല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വിവാദമുണ്ടാക്കി ലാഭമുണ്ടാക്കാമോ എന്നു നോക്കാം അത്രമാത്രം. പാടം മണ്ണിട്ട് നികത്തി റിയല്‍ എസ്റ്റേറ്റ് ആക്കിയവര്‍ തന്നെ ഒരു സുപ്രഭാതത്തില്‍ കര്‍ഷകസ്നേഹികളായി അവതരിക്കുന്നത് രസകരം. തന്നെ.

ഇക്കഴിഞ്ഞ ദിവസം കണ്ട ഒരു ലേഖനം ക്വോട്ട് ചെയ്യുന്നു..

“കുട്ടനാടിന്റെ കണ്ണീരിനുമേല്‍ മുതലക്കണ്ണീരുമായി രംഗത്തിറങ്ങിയ യുഡിഎഫിന്റെ 'സമരശകടം'' ചതുപ്പില്‍ താഴ്ന്നുപോയപ്പോള്‍ നേതാക്കള്‍ ഇളിഭ്യരായില്ലേ? നെല്‍പ്പാടങ്ങളാകെ കൂനകൂട്ടിവച്ച് തെങ്ങും മറ്റു കൃഷിയും ചെയ്യാനെന്നപേരില്‍ മണ്ണിട്ടുയര്‍ത്തി ഭൂവ്യാപാരം നടത്താന്‍ നടന്ന എല്ലാ പരിശ്രമത്തെയും കുട്ടനാടിന്റെ മക്കള്‍ ചെറുത്തുനിന്നപ്പോള്‍ അതിനെ വെട്ടിനിരത്തല്‍ എന്നു പരിഹസിച്ചവര്‍ക്ക് സമരത്തിന്റെ പേരില്‍ പ്രതീകാത്മക കൊയ്ത്തുനടത്താനെങ്കിലും കുട്ടനാട്ടില്‍ നെല്‍ക്കൃഷി ബാക്കിയായത് യുഡിഎഫിന്റെ സമരവീറുകൊണ്ട് ആണോ ?

അധികാരത്തിലെത്തുമ്പോള്‍ ക്വിന്റലിന് 650 രൂപമാത്രം ലഭിച്ചിരുന്ന സ്ഥാനത്താണ് മൂന്നുതവണ തുടര്‍ച്ചയായി സംഭരണവില ഉയര്‍ത്തി 1000 രൂപയാക്കിയ എല്‍ഡിഎഫ് കാര്‍ഷിക മേഖലയോട് പ്രതിബദ്ധത കാട്ടി. ഉത്സാഹഭരിതരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചേര്‍ന്ന് ഏറ്റവും നല്ല വിളവെടുപ്പിലേക്ക് നയിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടുത്ത വേനല്‍മഴ എത്തിയത്. കുട്ടനാട്ടിലെ പല നെല്‍പ്പാടങ്ങളിലും പലസമയത്താണ് കൃഷിയിറക്കുന്നത്.

വിളവെടുപ്പ് ഉത്സവമായ വിഷുക്കാലംവരെ കുട്ടനാടിന് കൊയ്ത്തുത്സവത്തിന്റെ നാളുകളാണ്. വിഷുപ്പുലരിക്ക് അഞ്ചാഴ്ചമുമ്പ് അപ്രതീക്ഷിതമായി മഴയെത്തിയപ്പോള്‍ വിളഞ്ഞുകൊണ്ടിരുന്ന നെല്‍ച്ചെടികള്‍ നിലത്തുവീണു. ചില സ്ഥലങ്ങളില്‍ കൊയ്ത്തുകഴിഞ്ഞിരുന്നെങ്കിലും മിക്ക സ്ഥലത്തും കൊയ്ത്തിന് പാകമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍, മഴയിലും രാഷ്ട്രീയം കലര്‍ത്താന്‍ വെമ്പുന്ന യുഡിഎഫ് യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇടിച്ചുതാഴ്ത്താനുള്ള വ്യഗ്രതയിലാണ് ദുരാരോപണങ്ങള്‍ ഉന്നയിച്ചത്. കൊയ്ത്തുമെതിയന്ത്രം തടയുന്നുവെന്ന് തെറ്റായ ആരോപണം ഉന്നയിച്ചതിന്റെ മറവിലാണ്, ആ പെരുംനുണയെ അരക്കിട്ടുറപ്പിക്കാന്‍ കൊയ്ത്തുയന്ത്രം ഇറക്കി പ്രതീകാത്മക കൊയ്ത്ത് പ്രഹസനം അരങ്ങേറിയത്. കടുത്ത മഴയത്ത് നിലത്തിറക്കിയ യന്ത്രം ഉപയോഗിച്ച് ഇടങ്ങഴി നെല്ലുപോലും കൊയ്യാനായില്ല. യന്ത്രം ചതുപ്പിലാണ്ടുപോയി.

മാത്രമല്ല, മഴമൂലം നെല്‍ച്ചെടികള്‍ വീണുപോയിരിക്കുന്നു. 1000 യന്ത്രങ്ങള്‍ ഇറക്കിയാലും അത് കൊയ്തെടുക്കാനാകില്ല. നേരെനില്‍ക്കുന്ന നെല്‍ച്ചെടികളല്ലാതെ നിലത്ത് പിടന്നുപോയ നെല്‍ച്ചെടികള്‍ കൊയ്തെടുക്കാനുള്ള സാങ്കേതികവിദ്യ ഇനിയും വികസിച്ചിട്ടില്ല. സര്‍ക്കാരിനെ അടിക്കാന്‍ കിട്ടിയ വടിയുമായി ഓടിയെത്തിയ യുഡിഎഫിനും നേതാക്കള്‍ക്കും കുട്ടനാട്ടിലെ അവശേഷിക്കുന്ന കൊയ്ത്ത് ഏതു യന്ത്രം ഉപയോഗിച്ച് നടത്തിക്കൊടുക്കാനാകും. ഈ രാഷ്ട്രീയക്കളിയില്‍ തല്‍പ്പരരാകാതെ കുട്ടനാട്ടിലെ മിക്ക കൃഷിക്കാരും യുഡിഎഫിന്റെ സമരാഭാസം ബഹിഷ്കരിക്കുകയാണ് ഉണ്ടായത്.

കര്‍ഷകത്തൊഴിലാളിയെ തീര്‍ത്തും ഒഴിവാക്കി കാര്‍ഷികവൃത്തി സാധ്യമാണെന്നാണോ യുഡിഎഫ് കരുതുന്നത്. യന്ത്രം എത്ര വളര്‍ന്നാലും നിലമൊരുക്കാനും കളപറിക്കാനും ഞാറുനടാനും മാത്രമല്ല, കാര്‍ഷിക പ്രവര്‍ത്തനത്തിന്റെ നാനാ മേഖലയില്‍നിന്ന് മനുഷ്യാധ്വാനം ഒഴിവാക്കാനാകില്ല. കടുത്ത വെള്ളപ്പൊക്കം വരുന്ന കാലത്ത് വെള്ളം തടഞ്ഞുനിര്‍ത്തുന്ന ബണ്ടുകള്‍ ഉറപ്പിക്കുന്നത് ആരാണ്. മനുഷ്യാധ്വാനം ഇല്ലാതെ മലവെള്ളത്തില്‍നിന്ന് ബണ്ടുകള്‍ സംരക്ഷിക്കാന്‍ ആര്‍ക്കാണ് സാധിക്കുക.

കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് കാലാവസ്ഥ ഒരു പ്രശ്നംതന്നെയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസരണമായി നേട്ടകോട്ടങ്ങള്‍ ഉണ്ടാകുന്നു. കാര്‍ഷികമേഖലയില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധി മനുഷ്യസൃഷ്ടിയാണെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നു മാത്രമല്ല, കര്‍ഷക-കര്‍ഷകത്തൊഴിലാളി ബന്ധങ്ങളിലെ കാര്‍ഷിക സൌഹൃദത്തെ അപായപ്പെടുത്തുന്നതുമാണ്.

കൃഷിയിടത്തിന്റെ ആകൃതിയും ഭൂഘടനയും അനുസരിച്ച് യന്ത്രക്കൊയ്ത്ത് സാധ്യമല്ലാത്ത എത്രയോ ഇടമുണ്ട്. അവിടെ തൊഴിലാളി കൊയ്ത്തിനിറങ്ങാതെ വിളവെടുപ്പ് സാധ്യമാകില്ല. ഏക്കറുകള്‍ വിസ്തീര്‍ണമുള്ള വലിയ പാടശേഖരങ്ങള്‍ മുഴുവന്‍ തൊഴിലാളികള്‍ കൊയ്തുതീര്‍ക്കുമെന്നും ആരും ചിന്തിക്കുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം കാര്‍ഷികമേഖലയിലെ ഔദ്യോഗികമായുള്ള സമിതികളും അനൌദ്യോഗിക സംവിധാനങ്ങളും കൂടിയാലോചിച്ച് എത്രയോ വര്‍ഷംമുമ്പ് തീര്‍പ്പാക്കിയ കാര്യങ്ങളെച്ചൊല്ലിയാണ് പ്രതിപക്ഷത്തിന് ഇപ്പോള്‍ ഉള്‍വിളി ഉണ്ടായിരിക്കുന്നത്.

കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം സംബന്ധിച്ച് ഒരു അവ്യക്തതയും ആര്‍ക്കും ഉണ്ടാകില്ല. തൊഴിലാളികളെ നിലനിര്‍ത്തിക്കൊണ്ടും സംരക്ഷിച്ചുകൊണ്ടും തികച്ചും ജനാധിപത്യപരമായി പരിഹരിക്കപ്പെട്ട ഒരു പ്രശ്നത്തെ ഒരു 'പുതിയ ഭൂതമാക്കി' അവതരിപ്പിക്കുന്നതില്‍ അടങ്ങിയ വലതുപക്ഷരാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ തന്നെ കാര്‍ഷികമേഖലയില്‍ യന്ത്രങ്ങള്‍ വാങ്ങാനുള്ള പല പദ്ധതിയും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍തന്നെ കൊയ്ത്തുമെതി യന്ത്രങ്ങള്‍ വാങ്ങി കൃഷിക്കാര്‍ക്ക് നല്‍കിവരുന്നു. ഇതെല്ലാം വിസ്മരിച്ച് ഹാലിളകി കുട്ടനാട്ടിലേക്കെത്തിയ യുഡിഎഫ് നേതൃത്വം കുട്ടനാട്ടിലെ ചതുപ്പില്‍ കുടുങ്ങിയിരിക്കുന്ന ദയനീയപതനത്തിലാണ്. കുട്ടനാട്ടിലെ ദുരിതം മനുഷ്യസൃഷ്ടിയാണെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പ്രകൃതിക്ഷോഭത്തിന്റെ പേരില്‍ കേരളത്തിനു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്തുമെന്നും അത് കേരളത്തിലെ കൃഷിക്കാരനെ തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂവെന്നും തിരിച്ചറിയണം. ”

ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ വേണം എന്ന ജോജുവിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പ്.

N.J ജോജൂ said...

രാമചന്ദ്രാ,

വെറുതെ ഒരു സംശയം ചോദിച്ചോട്ടെ, വിശദമായ കമന്റിടാമെന്നു പറഞ്ഞു പോയ മാരീചനാണോ ഈ വേഷം മാറി വന്ന രാമചന്ദ്രന്‍??!!


“അറിയാതെ മാര്‍ക്സിസ്റ്റ് വിരോധം പുറത്ത് ചാടിയ പോലെ..”
താങ്കള്‍ ചോദിച്ച ചോദ്യത്തിനും സംശയങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു ഞാന്‍. അപ്പോള്‍ അവിടെ നടക്കുന്ന പലകാര്യങ്ങളും കണ്ടും കേട്ടും(പത്രത്തില്‍ വായിച്ചു മാത്രമല്ല) അറിഞ്ഞിട്ടൂള്ള ആളെന്ന നിലയില്‍ ചിലത് എനിയ്ക്ക് പറയേണ്ടി വന്നു. അത് അറിയാതെയല്ല മനപ്പൂര്‍വ്വമാണ്. മംഗളത്തിലെ കാ‍ര്‍ട്ടൂണിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു ആരോപണം ഊന്നയിക്കുകയായിരുന്നില്ല ഞാന്‍. ഇത് ഒരു പരസ്യമായ രഹസ്യമാണ് എന്നതിന് മംഗളത്തെ കൂട്ടൂ‍ പിടിയ്ക്കുകയായിരുന്നു. അല്ലാതെ പാര്‍ട്ടിയ്ക്ക് കൈക്കൂലി കൊടുക്കേണ്ടത് നേരിട്ടറിയാവുന്ന എനിയ്ക്ക് ഇതു പറയാന്‍ മംഗളത്തിന്റെ കൂട്ടുവേണ്ട.
ഇത് പലരും പുറത്തു പറയാത്തത് സി.പി.എം നെ പിണക്കി കുട്ടനാട്ടില്‍ കൃഷി അസാധ്യമാണ് എന്നതുകൊണ്ടാണ്. തങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് നേരിട്ടോ കുറുക്കുവഴികളിലൂടെയോ കുരുട്ടുബുദ്ധികളിലൂടെയോ ഊരാക്കുടുക്കുകള്‍ സമ്മാനിയ്ക്കുവാന്‍ സി.പി.എം ന് കഴിയു.

N.J ജോജൂ said...

ഈ പോസ്റ്റിലോ കമന്റുകളിലോ ഇതുവരെ ഞാന്‍ സി.പി.എം ഇതര സംഘടനകളെ അനുകൂലിച്ചു സംസാരിച്ചിട്ടില്ല. കാരണം അത് എന്റെ പോസ്റ്റിന്റെ ലക്ഷ്യമേ ആയിരുന്നില്ല. എന്നാല്‍ ചില അവകാശവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ടി വരുമ്പോള്‍ ചില മറു വശങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ അങ്ങനെയാവാനും സാധ്യതയുണ്ട്.

N.J ജോജൂ said...

“ഒരു വിഭാഗം മാത്രമാണ് കുറ്റക്കാര്‍ ” എന്നു ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എം ന്റെ കര്‍ഷകത്തൊഴിലാളീ സംഘടനകള്‍ക്ക് കൈകഴുകാനാവില്ല.

നെല്ലു നല്ലതായതിനും നല്ല വിളവു ലഭിച്ചതിനും സര്‍ക്കാരിനു പങ്കൊന്നുമില്ല. അതേ സമയം കൃഷി നടക്കാതിരുന്ന സ്ഥലങ്ങളില്‍ കൃഷിനടക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. കര്‍ഷകന്‍ ഇളവുകള്‍ നല്‍കി, ഒരു വര്‍ഷം പാട്ടം ഒഴിവാക്കി നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കി.

“പാടം മണ്ണിട്ട് നികത്തി റിയല്‍ എസ്റ്റേറ്റ് ആക്കിയവര്‍ തന്നെ ഒരു സുപ്രഭാതത്തില്‍ കര്‍ഷകസ്നേഹികളായി .”

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും എത്രയോ കൃഷിഭൂമികള്‍ നികത്തിയിരിയ്ക്കുന്നു. ഈ കഴിഞ്ഞ ദിവശവും പുതുതായി നികത്തിയ വയല്‍ ഞാ‍ന്‍ കണ്ടു.കൃസ്തുമസ്സിനു ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അതു നികത്തിയിരുന്നതായി ഓര്‍ക്കുന്നില്ല.

“അധികാരത്തിലെത്തുമ്പോള്‍ ക്വിന്റലിന് 650 രൂപമാത്രം ലഭിച്ചിരുന്ന സ്ഥാനത്താണ് മൂന്നുതവണ തുടര്‍ച്ചയായി സംഭരണവില ഉയര്‍ത്തി 1000 രൂപയാക്കിയ എല്‍ഡിഎഫ് കാര്‍ഷിക മേഖലയോട് പ്രതിബദ്ധത കാട്ടി.”

എന്തൊരു വിഢിത്തമാണീ പറയുന്നത്ത്. അരിവില 17, 18 എന്നൊക്കെപ്പറഞ്ഞു നില്‍കുമ്പോള്‍ നെല്ലിനു വിലകിട്ടാതിരിയ്ക്കുമെന്നാണോ സുഹൃത്തു കരുതുന്നത്. അധികാരത്തില്‍ വരുമ്പോള്‍ നെല്ലിനു വില 650 രൂപയായിരുന്നു. അരിയുടെ വിലയോ? ഇപ്പോള്‍ സംഭരണവില 1000 രൂ ആക്കിയതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അരിയുടെ വില കുതിച്ചുയര്‍ന്നതിനും അവര്‍തന്നെയാണ് ഉത്തരവാദികളെന്ന് സമ്മതിക്കേണ്ടീ വരും.

“തൊഴിലാളികള്‍ ഉള്ളിടത്ത് തൊഴിലാളിയും അല്ലാത്തിടത്ത് യന്ത്രവും എന്ന തീരുമാനത്തിലെത്തിയിട്ടുള്ളത്.” ഇതില്‍ ഒരു ചതിയുണ്ടു സുഹൃത്തേ. യന്ത്രമുള്ളിടത്ത് കൊയ്യാന്‍ തൊഴിലാളിയുണ്ടെന്നു വരുത്തും. യന്ത്രമിറങ്ങാനാവാത്തിടത്ത് തൊഴിലാളിയെ കിട്ടുകയുമില്ല.

sajan jcb said...

സഭ എന്ത് ചെയ്യുകയായിരുന്നു എന്നു കൂടി എഴുതിയിരുന്നേല്‍ പോസ്റ്റ് ഗംഭീരമായേനേ

സഭയാണു് കേരളം ഭരിക്കുന്നതെങ്കില്‍... കേരള കര്‍ഷകരുടെ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ നോക്കി നടത്തേണ്ടതു് സഭയുടെ ഉത്തരവാദിത്ത്വമാണെങ്കില്‍ ... ഇനി അതില്‍ പിഴവു വന്നാല്‍ മാത്രമല്ലേ ?...സഭ എന്ത് ചെയ്യുകയായിരുന്നു എന്നു എഴുതേണ്ട കാര്യമുള്ളൂ?!!!

ഇടത്തു പക്ഷത്തെ വിമര്‍ശിക്കാന്‍ പാടില്ല എന്ന വല്ല നിയമവും ഉണ്ടോ മാഷേ? ജോജ്ജു വിമര്‍ശ്ശിച്ചതു അവരെ മാത്രമല്ലതാനും... കാലാവസ്ഥ നിരീക്ഷകരെ, മാധ്യമങ്ങളെ, ഭരണപക്ഷത്തെ, പ്രതിപക്ഷത്തെ എല്ലാവരേയും അവര്‍ എന്തു ചെയ്തില്ല എന്നു എടുത്തു പറഞ്ഞു വിമര്‍ശിച്ചു.

Ramachandran,
താങ്കള്‍ കണ്ടതു ഒരു പക്ഷത്തിനെതിരെയുള്ള വിമര്‍ശനം മാത്രം പിന്നെ പുറത്തു ചാടിയതു സഭക്കെതിരെയും !!! കൊള്ളാം !

സൂരജ് :: suraj said...

പ്രിയ ജോജൂ, ഈ വിഷയം ബൂലോകത്ത് ചര്‍ച്ചയ്ക്ക് അവതരിപ്പിച്ചതു ന്നന്നായി. പത്രമാധ്യമങ്ങളില്‍ വരാത്ത വശങ്ങളും വിശകലനം ചെയ്യപ്പെടട്ടെ. ആശംസകള്‍ !

Ramachandran said...

പ്രിയ ജേസീബീ

സഭ എന്ത് ചെയ്യുകയായിരുന്നു എന്നു കൂടി എഴുതിയിരുന്നേല് പോസ്റ്റ് ഗംഭീരമായേനേ എന്നു ഞാന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്നു അറിയണോ? സഭ കേരളം ഭരിക്കുന്നതു കൊണ്ടൊന്നും അല്ല... സഭയെ സ്ഥിരമായി ഡിഫന്‍ഡ് ചെയ്യുന്നതാണ് ജോജുവിന്റെ “ചിന്തകളു”ടെ പൊതു സ്വഭാവം എന്നതിനാലും ഇവിടെ സഭയെ മാത്രം ഒഴിവാക്കി നാട്ടിലുള്ള എല്ലാ പേരെയും കുറ്റപ്പെടുത്തുകയും ചെയ്തതു കൊണ്ടാണേ...ക്ഷമീര് ..

എന്നാലും ചില സംശയങ്ങള്‍ ഒക്കെ ഇല്ലാതില്ല. സഭക്കുമുണ്ടല്ലോ നെറ്റ്വര്‍ക്ക് ഓഫ് പള്ളീസ്, പാതിരീസ് ആന്‍ഡ് കപ്യാര്‍സ്...പിന്നെ അരമനകളും ബ്രോഡ് ബാന്‍ഡ് കണക്ഷനും. സ്വാശ്രയ മൊതലാളിമാരെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കാതെ കുട്ടനാട്ടിലേയും കുട്ടനല്ലാത്ത കാട്ടിലേയും പാവങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ പറയണം അവരോടും.ഇടയലേഖനം വഴി‍ രണ്ടാം വിമോചനസമരത്തെക്കുറിച്ച് മാത്രം പറയാതെ അവരും എഴുതട്ടെ കര്‍ഷകനു വേണ്ടുന്ന കാര്യങ്ങളെപ്പറ്റി..വരാന്‍ പോകുന്ന വിപത്തുകളെപ്പറ്റി..കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി, ആഗോള താപനത്തെപ്പറ്റി, പറ്റുമെങ്കില്‍ കര്‍ഷകരെ കളത്തിലിറങ്ങി സഹായിക്കുകയുമാട്ടെ..നട്ടെല്ലു നിവര്‍ത്തി നിന്നു ജോജുവിനെപ്പോലുള്ള ചങ്കുറപ്പുള്ള യുവാക്കള്‍ സഭയോട് ഇതൊക്കെ ചെയ്യാന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ അവര്‍ക്ക് പറ്റുമെന്ന് തോന്നുണ്ടോ?

അവനവന്‍ പ്രവര്‍ത്തിക്കുന്ന, വിശ്വസിക്കുന്ന ആശയത്തെ, സംഘടനയെ, കൂട്ടായ്മയെ ഒക്കെ ആദ്യം അതിനകത്തിരുന്ന് നന്നാക്കുക...അത് ചെയ്യുവാന്‍ തുടങ്ങുമ്പോള്‍ മനസ്സിലാവും വിമര്‍ശനം എളുപ്പവും സ്വയം അത് നടപ്പിലാക്കല്‍ ബുദ്ധിമുട്ടുമെന്ന്..രാഷ്ട്രീയ വിദ്യാഭ്യാസം അങ്ങനെ തുടങ്ങട്ടെ..കുറച്ച് കാലം അത് ചെയ്യുമ്പോള്‍ ചിലപ്പോള്‍ മനസ്സിലാവും കേട്ടതൊന്നും വാര്‍ത്തയല്ലെന്നും കണ്ടതൊന്നും കാഴ്ചയല്ലെന്നും....അപ്പോ കുറച്ച് രാഷ്ട്രീയമായ പക്വതയൊക്കെ വരും..ശരിയല്ലേ?

“ഇടത്തു പക്ഷത്തെ വിമര്ശിക്കാന് പാടില്ല എന്ന വല്ല നിയമവും ഉണ്ടോ മാഷേ? ജോജ്ജു വിമര്ശ്ശിച്ചതു അവരെ മാത്രമല്ലതാനും... കാലാവസ്ഥ നിരീക്ഷകരെ, മാധ്യമങ്ങളെ, ഭരണപക്ഷത്തെ, പ്രതിപക്ഷത്തെ എല്ലാവരേയും അവര് എന്തു ചെയ്തില്ല എന്നു എടുത്തു പറഞ്ഞു വിമര്‍ശിച്ചു.” അതെ അതു തന്നെ ഞാനും പറഞ്ഞത്...കേട്ടോ ജേസീബീ

Ramachandran said...

പ്രിയ ജോജൂ,

ഞാന്‍ മാരീചനല്ല...ഞാന്‍ ഒരു തൊഴിലാളിയാണ്. ബാങ്ക് ജീവനക്കാരന്‍. അദ്ദേഹത്തെ പോലെ പ്രാഗല്‍ഭ്യമോ മികച്ച ശൈലിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ഒരു തൊഴിലളിയാണെന്ന ബോധം. തൊഴിലാളികള്‍ക്കെതിരെ നട്ടാല്‍ കുരുക്കാത്ത കള്ളം പറയുമ്പോള്‍ എതിര്‍ക്കണം എന്ന തോന്നല്‍ .അല്ലാതെ ആരെയും വാദിച്ച് തോല്‍പ്പിക്കണമെന്നൊന്നും എനിക്ക് ഇല്ല.

എങ്കിലും പറയട്ടെ..എന്റെ കമന്റുകളില്‍ മുന്നോട്ട് വെച്ച ഒറ്റ കാര്യം പോലും വ്യക്തമായി ഖണ്ഡിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലല്ലോ ജോജു? അതിനു പകരം എങ്ങും ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചാല്‍ മതിയോ?

മൊത്തത്തില്‍ അത് തന്നെയാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ പിന്‍‌താങ്ങും എന്ന ഒറ്റ ബലത്തില്‍ നട്ടാല്‍ കിളുര്‍ക്കാത്ത നുണകള്‍ അല്ലേ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നത്. കുട്ടനാട് ഐ.ആര്‍.സി എന്ന വ്യവസായ ബന്ധ സമിതിയില്‍ യു.ഡി.എഫ് നേതൃത്വത്തിലുള്ള കര്‍ഷക യൂണിയനും അംഗമാണ്. അവരെല്ലാം കൂടി എടുത്ത തീരുമാനമാണ് തൊഴിലാളി ഉള്ള ഇടത്ത് തൊഴിലാളിയും ഇല്ലാത്തിടത്ത് യന്ത്രവും എന്നത്. അത് ഏതെങ്കിലും മലയാള പത്രം പറഞ്ഞു തന്നോ? സൂരജ് ചൂണ്ടിക്കാണിച്ച പോലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വശങ്ങള്‍ ഇല്ലേ?

ഐ.ആര്‍.സി എന്നതിന്റെ അസ്തിത്വം താങ്കള്‍ക്ക് നിഷേധിക്കാന്‍ ആവുമോ? ദയവായി കേരള സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ തൊഴില്‍ വകുപ്പില്‍ ചെന്നു നോക്കൂ..കുട്ടനാട് ഐ.ആര്‍.സി യെ ക്കുറിച്ച് അവിടെ കാണാം. അതുമല്ലെങ്കില്‍ ഈ വാര്‍ത്ത നോക്കൂ..

Strongly refuting the Opposition charge, Chief Minister V.S. Achuthanandan said mechanised harvesting was quite common in most parts of Kuttanad and that only in areas which had a high density of agricultural labourers, there was the practice of farm hands being used for the purpose.

This was based on a decision by the Industrial Relations Committee (IRC) in Kuttanad to which the INTUC-led farmers' union was also a party. He conceded that the farmers had suffered heavy crop damage owing to the heavy summer showers and said they would be suitably compensated.

see http://www.thehindu.com/2008/03/18/stories/2008031857070400.htm

കുട്ടനാട്ടുകാരനായ താങ്കള്‍ക്കിത് അറിയാമായിരുന്നോ? അപ്പോള്‍ അതാണ് സംഭവം. പലരും പലതും അറിയുന്നില്ല. അറിഞ്ഞാലും താല്‍കാലിക ലാഭം നോക്കിയും രാഷ്ട്രീയ താല്പര്യത്തോടെയും മറച്ചുവെക്കുന്നു. അങ്ങനെ കുറ്റപ്പെടുത്തപ്പെടാന്‍ പാടില്ലാത്തവരുടെ ചുമലില്‍ കുറ്റം ചുമത്താന്‍ നോക്കുമ്പോള്‍ എതിര്‍ക്കേണ്ടിവരും. മറ്റുള്ളവരെയും ഞാന്‍ കുറ്റം പറഞ്ഞിട്ടുണ്ടല്ലോ എന്നത് കുറ്റപ്പെടുത്താന്‍ പാടില്ലാത്തവരെ കുറ്റപ്പെടുത്തുന്നതിന് ന്യായീകരണമല്ല.

അതിനപ്പുറത്ത് കര്‍ഷകരോടുള്ള ജോജുവിന്റെ റിയല്‍ കണ്‍സേണ്‍ അംഗീകരിക്കുന്നു. അത് പരസ്യമായി തന്നെ പറഞ്ഞിട്ടുമുണ്ട്.

sajan jcb said...

അങ്ങനെ കുറ്റപ്പെടുത്തപ്പെടാന്‍ പാടില്ലാത്തവരുടെ ചുമലില്‍ കുറ്റം ചുമത്താന്‍ നോക്കുമ്പോള്‍ എതിര്‍ക്കേണ്ടിവരും.

ഹമ്മോ... നിരപരാധിയെ കുറ്റക്കരനായി വിധിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന!!!

താങ്കളുടെ വീക്ഷണത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും വാനനീരക്ഷകരും കുറ്റക്കാര്‍ !! ഇടത്തു പക്ഷമെന്ന ഭരണപക്ഷം നിസ്സഹായര്‍ ! എന്തിനു് ..തങ്കളുടെ നോട്ടത്തില്‍ സഭയും കുറ്റകാരാണല്ലോ?

കുറ്റം... ഇടയലേഖനം ഇറക്കിയില്ല പോലും!!! അതായതു് മഴപെയ്യും എന്നു് മുന്‍കൂട്ടികാണാനോ കര്‍ഷകരെ അറിയിക്കാനോ സഭക്കു കഴിഞ്ഞില്ല പോലും !! ഇടയലേഖനം എന്നതു കാലാവസ്ഥ റിപ്പോര്‍ട്ട് ആണെന്നു ഈ സുഹൃത്തു് തെറ്റി ധരിച്ചു എന്നു മനസ്സിലാക്കണം :-(

സഭയെ ഒരു കാലാവസ്ഥനിരീക്ഷ കേന്ദ്രമാക്കാന്‍ ജോജുവിനെ പോലുള്ള യുവാക്കള്‍ ആവശ്യപ്പെടണം പോലും. അതായതു് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ പോരഞ്ഞിട്ടു ഇനി കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളും !! പിന്നെ സര്‍ക്കാര്‍ എന്തിനാണവോ? കട്ടു മുടിക്കാനും മുട്ടാപൊക്കു ന്യായങ്ങള്‍ നിരത്താനും മാത്രമോ? അതോ നെല്‍ കൃഷിസ്നേഹം പറഞ്ഞു വെട്ടി നിരത്താനോ?
കര്‍ഷകരെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടതു കൃഷി സ്വന്തം ഇഷ്ടത്തിനു ചെയ്യാന്‍ അവരെ അനുവദിക്കുകയാണു് വേണ്ടതു. അല്ലാതെ തൊഴിലാളികളെ മാത്രം വളര്‍ത്തലവരുതു് ഒരു സര്‍ക്കരിന്റെ കടമ:-(

sajan jcb said...

കുട്ടനാട്ടിലെ സ്ഥിതി തൃശ്ശൂര്‍ക്കരനായ എനിക്കറിയാതതു കൊണ്ടു ചോദിക്കുകയാണു്.... എല്ലാ പാര്‍ട്ടിക്കരും അംഗങ്ങളായ IRC യില്‍ ഭൂരിപക്ഷം ആര്‍ക്കാണു്?

ഞങ്ങളുടെ വീടിനു പുറകു വശത്തു ഉള്ള കൃഷിയിടത്തില്‍(ഉദ്ദേശം ഒരു 2 ഹെക്ടര്‍ കാണുമായിരിക്കും;ഒരു 80 ഓളം ചെറുതും വലുതുമായ കര്‍ഷകരുടെ ഭൂമി.) കഴിഞ്ഞ ഒരു 15-20 വര്‍ഷമായി ആരും കൃഷിയിറക്കാറില്ല. കാരണം കൊയ്യാന്‍ തൊഴിലാളിട്ടു കിട്ടാനില്ല. പണ്ടേക്കു പണ്ടേ യന്ത്രങ്ങള്‍ ഉപോയോഗിച്ചിരുന്നെങ്കില്‍ ഈ ഗതി ആ കൃഷിയിടങ്ങള്‍ക്കു വരില്ലായിരുന്നു. ഇപ്പോ പുതിയ നിയമം വരുന്നു. അതു നികത്താന്‍ പാടില്ലെന്നു്. കൃഷിചെയ്തില്ലെങ്കില്‍ അതു കുടുംബശ്രീ ക്കാര്‍ക്കു കൊടുക്കുമത്രേ!! ആഫ്രിക്കന്‍പായലും കുളവാഴയും നിറഞ്ഞ പാടത്തു് കുടുംബശ്രീക്കാര്‍ എന്തു ചെയ്യാനാണാവോ? അവര്‍ക്കും കൃഷിചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എന്തു ചെയ്യുമാവോ? അവസാനം അതു ഭൂമിമാഫിയയില്‍ തന്നെ വന്നു ചേരും. കര്‍ഷകര്‍ക്കു സ്വന്തം ഭൂമി പോയതു മിച്ചം.ഭാഗ്യമുണ്ടെങ്കില്‍ ജയിലിലും കിടക്കാം

മത്തായി said...

കേരളത്തെ മൊത്തമായി മ്യൂസിയത്തില്‍ വെക്കേണ്ട കാലമായി. ലോകമെങ്ങും പരാജയപ്പെട്ട തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം ഇവിടെ സ്ഥാപിതമായിരിക്കുന്നു, തൊഴിലാളി വര്‍ഗ്ഗ ഗുണ്ടായിസമായിട്ട്. മധുരമനോജ്ഞ കേരളം. വാനംനോക്കികളും തൊഴിലാളികളെയും നയിക്കുന്നതൊരേ വികാരം. ഈ സംവിധാനങ്ങളൊക്കെ നിലനില്ക്കുന്നതു തങ്ങള്‍ക്കു തൊഴില്‍, അല്ല കൂലി നല്‍കാന്‍ മാത്രമാണെന്ന ധാരണ.

കേരളം ഇനി ഒരു ചുവടെങ്കിലും മുമ്പോട്ടു പോകണമെങ്കില്‍ ചിലകാര്യങ്ങളില്‍ നാം വ്യക്തമായ അഭിപ്രായം രൂപീകരിക്കേണ്ടിയിരിക്കുന്നു. ഗവേഷണ സ്ഥാപനമായാലും കൃഷിയിടമായാലും, എന്തിനു വേണ്ടി? ആര്ക്കുവേണ്ടി? എന്ന കാര്യത്തില്‍. നെല്‍കൃഷിയുടെ കാര്യത്തില്‍ അതു നമ്മുടെ ഭക്ഷ്യസുരക്ഷയേയും സ്വയം പര്യാപ്തതയേയും നിര്‍ണ്ണയിക്കുന്നു. കടുത്ത തൊഴിലാളി ക്ഷാമവും ഉയന്ന കൂലിയുമുള്ള കേരളത്തില്‍ ന്യായമായ വിലക്കു നെല്ലുല്‍പ്പാദിപ്പിച്ചു വിപണം ചെയ്യണമെങ്കില്‍ നൂതന കൃഷിരീതികളും പരമാ‍വധി യന്ത്രവല്‍ക്കരണവുമെല്ലാം വേണം. മനുഷ്യന്‍ അരിഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍, നെല്‍കൃഷിക്കു പണംമുടക്കാന്‍ ആരെങ്കിലും തയ്യാറുണ്ടെങ്കില്‍, അതിനു തൊഴിലാളിയുടെ പ്രയത്നം ആവശ്യമാണെങ്കില്‍, ഉണ്ടാകേണ്ട ഒരു സാധമാണ് തൊഴിലാളി. ഇവിടെ നേരെ വിപരീത ദിശയില്‍!! തൊഴിലാളിക്കു സൌകര്യമുണ്ടെങ്കില്‍ മാത്രം കൃഷി. [കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലൊക്കെ അംഗങ്ങള്‍ നിറഞ്ഞുകവിയുന്ന ഈ നാട്ടിലാണ് നേപ്പാളി തൂമ്പ പിടിക്കുന്നതെന്നോര്‍ക്കണം.]

തൊഴിലാളി എന്ന മുദ്രയടിച്ച് ആരെയെങ്കിലും കാത്തുസൂക്ഷിക്കേണ്ട കാര്യമുണ്ടോ, ആരെങ്കിലും തൊഴിലവസരമുണ്ടാക്കതേതു തൊഴിലിനെ ലാളിക്കും? [രോഗികളില്ലാതെ, ഭ്രാന്താശുപത്രി ജീവനക്കാര്‍ക്കാര്‍‍ക്കും തൊഴിലില്ലാതെ വരുന്ന ഒരവസരത്തില്‍, സ്വന്തം തന്തയെ അവിടെ കൊണ്ടിടുമോ ഈ തൊഴിലാളി സ്നേഹികള്‍?] ലാഭം കുറയുന്നതനുസരിച്ച് വേറിട്ടൊരുചാനലിലെ ജീവനക്കാര്‍ പിരിച്ചുവിടപ്പെടുന്നതെന്തുകൊണ്ട്? തൊഴിലാളി സംരക്ഷണമൊക്കെ അന്യന്റെ ചിലവില്‍. ഈ ചെറ്റകള്‍ നാടു കുട്ടിച്ചോറാക്കിക്കഴിഞ്ഞു. ഇവിടെ വ്യവസായവും കൃഷിയും വാണിജ്യവുമെല്ലാം വികസിക്കട്ടെ, തൊഴിലാളിയായോ മുതലാളിയായോ ജനം അവനവന്റെ അപ്പം തേടിക്കൊള്ളും.

കുട്ടനാട്ടിലെ ഈ പ്രശനങ്ങള്‍ ഇന്നൊ ഇന്നലെയോതുടങ്ങിയതല്ല. രാ‍മചന്ദ്രന്‍ തൊഴിലാളി പറയുന്നതുപോലെ മഴമാത്രമാണു പ്രശ്നമെങ്കില്‍, അതു പ്രശ്നമല്ല, അടുത്ത വര്‍ഷമതുണ്ടാവില്ല എന്നു പ്രതീക്ഷിക്കാം. പക്ഷെ തൊഴിലാളിപ്രശ്നമാണെങ്കില്‍ അതു പ്രശ്നമാവും, കാരണം അടുത്തവര്‍ഷം ഇതു രൂക്ഷമാവുകയേയുള്ളൂ. നെല്ലു വിളഞ്ഞു കൊയ്യാറായിക്കിടക്കുമ്പോളാണു എല്ലാ സമരങ്ങളും നടന്നിട്ടുള്ളത്. പലിശപ്പണം കൊണ്ടു കൃഷിയിറക്കിയ മൊതലാളി വീണുപോകുന്നു. നല്ല കൂലിയും നിരവധിതൊഴിലവസങ്ങളുമുള്ള തൊഴിലാളിക്കിതൊരു പ്രശ്നമല്ല.
തന്റെ പ്രയത്നത്തെ വില്‍ക്കാനും വിലപേശാനും തൊഴിലാളിക്കെല്ലാ അവസരവും. പണവും സമയവും മുടക്കി തൊഴിലവസരം ഉണ്ടാക്കുന്ന മൊതലാളിക്കതിനവകാശമില്ല. ഇതെന്തു ന്യായം!

തൊഴില്‍ചെയ്യാനുള്ള അവകാശം എന്നതിനൊക്കെ ഏറ്റവും വികലമായ അര്‍ത്ഥമാണ് കേരളത്തലിപ്പോള്‍. എനിക്കു നാട്ടിലൊരു ചായക്കടയുണ്ട് [അതിനെല്ലാവര്‍ക്കും അവകാശമുണ്ടല്ലോ.] വഴീല്‍ നില്‍ക്കുന്നവന്റെ കുത്തിനു പിടിച്ചുകൊണ്ടുവന്നു, നിനക്കു വേണേല്‍ കുടിച്ചാ മതി, കാശുവെച്ചേച്ചു പോടാ ***മോനേ എന്നു പറയുന്നതാണോ ആ അവകാശം? എന്നാല്‍ നാട്ടിലെ തൊഴിലാളികളുടെ അവകാശബോധം ഇതിലും ഭയാനകമാണ്. ഒരു തരം തൊഴിലാളി ഭീകരവാദം, നോക്കിനില്‍പ്പു കൂലി എന്ന സങ്കല്‍പം തന്നെ ഏതു തൊഴിലാളിയെയും പുളകിതനാക്കും.

കേരളത്തിലെ തൊഴില്‍ സംസ്കാരത്തെപ്പറ്റി എന്തെങ്കിലും അറിയാവുന്നവര്‍ക്കൊക്കെ, കുട്ടനാട്ടില്‍ ഉണ്ടാക്കി എന്നു പറയുന്ന തൊഴില്‍ക്കരാറിനെപ്പറ്റി മനസിലാവും. ഇത്തരം കാരാറുകളെല്ലാം ഏകപക്ഷീയമായ തൊഴിലാളി ഗുണ്ടായിസത്തിന്റെ വിജയം മാത്രമാണ്. അവര്‍പ്പറയുന്ന കൂലി, നിബന്ധനകള്‍. അതു പോലും പരസ്യമായി ലംഘിക്കപ്പേടുന്നു. അര്‍ദ്ധ രാത്രിക്കുള്ള വീടുമാറ്റമൊക്കെ കേരളത്തില്‍ മാത്രമുള്ള സംഭവങ്ങളാണ്. ഇതിനൊന്നും ആരും തെളിവുതരില്ല, കാരണം ഈ നാട്ടില്‍ത്തന്നെ ജീവിച്ചുപോകണ്ടെ?

തൊഴിലാളി വേണ്ട എന്നു ഏത് MLA, ഏതു ടിവിയില്‍പ്പറഞ്ഞു എന്നു രാ‍മചന്ദ്രന്‍ പറയുമായിരിക്കും. യന്ത്രം പോലും തൊഴിലാളികളെ ഏല്‍പ്പിക്കണം എന്നാണ് കര്‍ഷകരുടെ പ്രതിനിധിപറഞ്ഞത്.

തൊഴിലാളി സ്നേഹമുള്ളവരൊക്കെ ചിലകാര്യങ്ങള്‍ ചെയ്തു മാതൃക കാട്ടണം. യൂറോപ്യന്‍ ക്ലോസറ്റില്‍ തൂറരുത്, അലക്കു/പൊടിക്കല്‍/ഇസ്തിരി യന്ത്രങ്ങള്‍ ഉപയോഗിക്കരുത്, വാഹനമോടിക്കരുത്, കഞ്ഞി വെക്കരുത്, മുഖം ചെരക്കരുത്. കാരണം ഒത്തിരിപ്പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയിട്ടാണ് നിങ്ങള്‍ അതൊക്കെ ചെയ്യുന്നത്. കുറഞ്ഞതു 10 മക്കളെ സൃഷ്ടിക്കണം, വയറ്റാട്ടി മുതല്‍ അദ്ധ്യാപകരുടെ വരെ തൊഴില്‍ ആണ് നമുക്കു മുഖ്യം. വിദേശത്തു ചികിത്സക്കു പോകുന്ന നേതാക്കന്മാരെ/പഠനതിനു പോകുന്ന അവരുടെ മക്കളെ ഒക്കെ പിടിച്ചു കൊണ്ടു വന്നു നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍/കലാലയത്തില്‍ പൂട്ടിയിടണം, അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് ആരുടെഒക്കെയോ തൊഴില്‍ നഷ്ടമാവുന്നുണ്ടല്ലോ.

Ramachandran said...

പ്രിയ ജേസീബീ,

"ഈ ചെറിയവരില്‍ ഒരുവനു് നീ ചെയ്തു കൊടുക്കുമ്പോള്‍ അതു എനിക്കു തന്നെയാണു് ചെയ്യുന്നതു്"

ഇതു ഞാന്‍ പറഞ്ഞതല്ല. താങ്കളുടെ പ്രൊഫൈല്‍ പറയുന്നത്.

sajan jcb said...

അതും ഇതും തമ്മിലുള്ള ബന്ധം ?ഞാന്‍ മുകളില്‍ എഴുതിയ എന്തേങ്കിലും മായി എന്റെ പ്രൊഫൈല്‍ ഖണ്ഡിക്കുന്നുണ്ടോ?

ഞനെന്ന വ്യക്തിയുമായി സംവദിക്കാതെ താങ്കള്‍ക്കു പറയാനുള്ളതു പറയൂ... ഇനി ആ വാക്യങ്ങള്‍ എന്റേ കണ്ടുപിടുത്തമല്ല; ബൈബിളില്‍ നിന്നു പകര്‍ത്തിയെഴുതിയതാണു്.

മാരീചന്‍‍ said...

ജോജൂ,
നാട്ടിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. യാത്രയ്ക്കുളള തിരക്കിനിടയില്‍ താങ്കളുടെ പോസ്റ്റില്‍ വിശദമായ കമന്റെഴുതാന്‍ കഴിയാത്തതു കൊണ്ടാണ് നല്ല പോസ്റ്റെന്നു മാത്രമെഴുതി സ്ഥലം വിട്ടത്.

മടങ്ങിയെത്തിയത് ദാ ഇന്ന്. ഇപ്പോള്‍ താങ്കളുടെ പോസ്റ്റില്‍ കണ്ട കാഴ്ചയോ. മാരീചനാണോ രാമചന്ദ്രനെന്ന് വര്‍ണ്യത്തിലാശങ്ക. രാമചന്ദ്രന്‍ അത് നിഷേധിച്ചിട്ടുണ്ട്. മാരീചന്‍ നിഷേധിക്കുന്നില്ല. കാരണം,

കുമ്പളത്ത് ശങ്കുപ്പിളളയെന്നൊരു നേതാവുണ്ടായിരുന്നു പണ്ട്. ടിയാനെതിരെ ഉയര്‍ന്നു വന്ന അഴിമതിയാരോപണം നിഷേധിക്കാതിന്റെ കാരണം പത്രക്കാര്‍ ചോദിച്ചു. രസികന്റെ മറുപടി ഇങ്ങനെയായിരുന്നു.

"ഇന്ന് ഞാനിത് നിഷേധിച്ചാല്‍, കുമ്പളത്ത് ശങ്കുപ്പിളളയ്ക്ക് ഗര്‍ഭമാണെന്നും നാളെ ഇവന്മാര്‍ ആരോപിക്കും. അതും എനിക്ക് നിഷേധിക്കേണ്ടി വരും".

കുമ്പളത്ത് ശങ്കുപ്പിളള സിന്ദാബാദ്!!!

N.J ജോജൂ said...

കാര്‍ഷിക രംഗത്തും തൊഴില്‍ രംഗത്തും ഒരു സമഗ്രമായ മാറ്റം ആവശ്യമാണ്. തൊഴിലാളിയെ അന്യസംസ്ഥാനത്തുനിന്നു കടമെടുക്കുന്ന അവസരത്തില്‍ തന്നെയാണ് സര്‍ക്കാര്‍ ഇവിടെ തൊഴിലില്ലായ്മ വേതനം നല്‍കേണ്ടി വരുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി മുറവിളി ഉയരുമ്പോള്‍ തന്നെയാണ് തൊഴിലാളിയെ കുട്ടാന്‍ ബുദ്ധിമുട്ടേണ്ടി വരുന്നത്.

തൊഴിലാളികളെ ലഭ്യമാക്കേണ്ട ഏജന്‍സികള്‍ വരണമെന്നാണ് എന്റെ ആവശ്യം. ഇത് സ്വകാര്യ മേഖലയിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലോ ആവാം. അതുമല്ലെങ്കില്‍ ഇപ്പോഴത്തെ കര്‍ഷകത്തൊഴിലാ‍ളി യൂണിയനുകള്‍ക്ക് ആ നിലയിലേയ്ക്ക് ഒരു അഭിപ്രായ സമന്വയം കൊണ്ടു വരാം. അതായത് തൊഴിലാളിയെ ആവശമുള്ളപ്പോള്‍ ഉത്തരവാദിത്തത്തോടെ സപ്ലൈ ചെയ്യാന്‍ പറ്റുന്ന സംവിധാനം. കര്‍ഷകത്തൊഴിലാളിയ്ക്കു കിട്ടേണ്ടൂന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഇവര്‍ക്കു മാ‍ത്രമായി പരിമിതപ്പെടുത്തണം.

കേരളത്തിന് അനുയോജ്യമായ രീതിയിലുള്ള യന്ത്രങ്ങള്‍ രൂപകല്പന ചെയ്യാന്‍ കഴിയണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങള്‍ അവിടുത്തെ പരിതസ്ഥിതികള്‍ക്കായി രൂപകല്പന ചെയ്തിട്ടൂള്ളതായിരിയ്ക്കും. കേരളത്തില്‍ എല്ലായിടത്തും ഉപയോഗിക്കാനായി എന്നു വരില്ല.

കൃഷിഭൂമിയില്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കണം. കൂലിനിരക്കില്‍ ഏകീകരണം വേണം.

പണ്ട് കൂലിയും പതവുമായിരുന്നു തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്. പതം എന്നത് മെതിച്ചു കഴിയുമ്പോഴുള്ള നെല്ലിന്റെ വിഹിതം(ഉദാഹരണത്തിന് ഏഴുപറനെല്ലിന് ഒരു പറനെല്ല് തൊഴിലാളിയ്ക്ക്, കണക്ക് കൃത്യമാകണമെന്നില്ല.) കൊയ്യുക, കറ്റ കളത്തിലെത്തിയ്ക്കുക, മെതിയ്ക്കുക തുടങ്ങി എല്ലാം ചെയ്തിരുന്നത് ഒരേ തൊഴിലാളികള്‍ തന്നെയായിരുന്നു. കഴിഞ്ഞയാഴ്ച കുട്ടനാട്ടില്‍ ഇരുന്നൂറു രൂപയാണ് കൂലി. കറ്റ കൊയ്യുന്നവര്‍ ചുമക്കില്ല. അതിനു വേറേ ആളിന്റെ കൂലിയ്ക്കു കൊണ്ടു വരണം. മെതിയ്ക്കുന്നത് ഏറെക്ക്കുറെ പൂര്‍ണ്ണമായും യന്ത്രവത്കരിയ്ക്കപ്പെട്ടുകഴിഞ്ഞു. കൊയ്യുന്നവര്‍ക്കും ചുമക്കുന്നവര്‍ക്കും എല്ലാം ഭക്ഷണം നല്‍കണം. എന്നിട്ടൂം ആളെ കിട്ടാനില്ല.

Ramachandran said...

പ്രിയ ജെസിബി,

സഭ കാലാവസ്ഥ പ്രവചനം നടത്തണം എന്നൊന്നും പറഞ്ഞില്ല. അവര്‍ക്കും കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാം എന്നേ പറഞ്ഞുള്ളൂ. അത് പോലും അവരെ ഒഴിവാക്കിയത് കൊണ്ടാണ് സൂചിപ്പിച്ചത്. പറയാന്‍ ബാദ്ധ്യത ഉണ്ടോ ഇല്ലയോ എന്നത് അവരവരുടെ കാര്യം. വേണമെങ്കില്‍ ചെയ്യാമല്ലോ അല്ലേ?

പിന്നെ സമൂഹത്തിലെ ഏറ്റവും അധസ്ഥിതരായ കര്‍ഷകത്തൊഴിലാളികളോടുള്ള താങ്കളുടെ ശത്രുതാപരമായ നിലപാടും "ഈ ചെറിയവരില്‍ ഒരുവനു് നീ ചെയ്തു കൊടുക്കുമ്പോള്‍ അതു എനിക്കു തന്നെയാണു് ചെയ്യുന്നതു്"എന്ന പ്രൊഫൈല്‍ വാക്യങ്ങളും ചേര്‍ന്നു പോകുമോ എന്നു ശാന്തമായി ചിന്തിക്കുക.

ഐ.ആര്‍.സിയിലെ ഭൂരിപക്ഷത്തെക്കുറിച്ചൊക്കെ താങ്കള്‍ തന്നെ അന്വേഷിച്ചറിയുക. ആദ്യം അത്തരമൊരു സംഭവം ഉണ്ടോ ഇല്ലയോ എന്ന നിലപാടില്‍ നിന്നും അതിലെ ഭൂരിപക്ഷം ആര്‍ക്ക് എന്ന ഒരു പരാഡിം ഷിഫ്ട് വന്നല്ലോ. അത്രയും നല്ലത്.

പ്രിയ ജോജു,

കൃഷി ലാഭകരമല്ലാതാക്കുന്ന സാമ്പത്തിക നയങ്ങളാണ് കൃഷി ഇല്ലാതാകുന്നതിനു കാരണം. അല്ലാതെ തൊഴിലാളി അല്ല. വലിയ സ്രാവുകളെ രക്ഷപ്പെടാന്‍ അനുവദിച്ച് ചെറിയ മീനുകളെ പിടിക്കുന്ന തരം വാദമാണ് താങ്കളുടേത്. ഇത്തവണ കുട്ടനാട്ടില്‍ വിളവ് കൂടിയതിന്റെ കാരണവും പരിമിതമായ തോതിലെങ്കിലും സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ട സഹായങ്ങള്‍ കൃഷി മേഖലക്ക് ചെയ്ത് കൊടുക്കുന്നത് കൊണ്ടും അതിന്റെ പ്രോത്സാഹനത്തില്‍ കര്‍ഷകരും തൊഴിലാളികളും മുന്നോട്ട് വരുന്നത് കൊണ്ടുമാണ്. ആരും സ്വര്‍ഗത്തില്‍ നിന്നും മന്ന ഒന്നും പൊഴിച്ചിട്ടല്ല.

ജോജുവിന്റെ അവസാന കമന്റിലും സാമ്പത്തിക നയങ്ങളേയോ കയറ്റുമതി/ഇറക്കുമതി നയങ്ങളെയോ ഒന്നും വിമര്‍ശിക്കാതെ തൊഴിലാളിയെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കാണാനുള്ള ആഗ്രഹവും കുറെ നല്ല നിര്‍ദ്ദേശങ്ങളും ഉണ്ടെങ്കിലും. ആ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളിയുടേയും സംഘടനകള്‍ എല്ലാം ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യുകയും വേണ്ട തീരുമാനങ്ങള്‍ എടുക്കുകയും വേണം. പക്ഷെ കര്‍ഷകന് ഉല്പാദനചിലവുമായി ബന്ധപ്പെടുത്തി ന്യായവിലകിട്ടാത്തതാണ് യഥാര്‍ത്ഥ പ്രശ്നം എന്നത് കാണാതിരുന്നു കൂടാ.അതിനല്ലേ കര്‍ഷകനും കര്‍ഷകതൊഴിലാളിയും ഒത്തുചേര്‍ന്ന് ശബ്ദമുയര്‍ത്തേണ്ടത്?

ഇതിനു മുന്‍പൊരു കമന്റില്‍ ജോജു ഇങ്ങനെ ചോദിച്ചിരുന്നു

"ശരാശരി ഒരേക്കറിന് ആറായിരം ഏഴായിരം രൂപാ കൃഷി ചിലവുവരും. ഏക്കറൊന്നിന് ഏഴായിരം വച്ച് കൊടുക്കാന്‍ സര്‍ക്കാരിനാവുമോ?"

അത്രയില്ലെങ്കിലും ഹെക്ടറിന് 10000 രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.നിങ്ങളൊക്കെ കര്‍ഷകരുടെ ശത്രു എന്നു മുദ്ര വച്ച സര്‍ക്കാരാണിത് ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുമല്ലോ? എത്ര വേഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത് എന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമല്ലോ?

കുട്ടനാട്ടില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി പലര്‍ക്കും അറിയാത്ത ചില മറുവശങ്ങള്‍ സൂചിപ്പിക്കാന്‍ അവസരം തന്നെ ജോജുവിനു നന്ദി..
കണ്ണുള്ളവര്‍ കാണട്ടെ എന്നു മാത്രമേ പറയുന്നുള്ളൂ..

പ്രിയ മത്തായി,

തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെ മൊത്തക്കച്ചവടമൊന്നും ഞാനേറ്റെടുത്തില്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ വായില്‍തിരുകിക്കേറ്റിയതിന് മറുപടി പറയുന്നില്ല. ഈ നാട്ടിലുള്ള സര്‍വ്വഗര്‍ഭത്തിനും ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല, മാരീചന്‍ എന്നെ ഗര്‍ഭശ്രീമാന്‍ ആക്കിയെങ്കിലും.:)

“മഴമാത്രമാണു പ്രശ്നമെങ്കില്‍, അടുത്ത വര്‍ഷമതുണ്ടാവില്ല എന്നു പ്രതീക്ഷിക്കാം. പക്ഷെ തൊഴിലാളിപ്രശ്നമാണെങ്കില്‍ അതു പ്രശ്നമാവും, കാരണം അടുത്തവര്‍ഷം ഇതു രൂക്ഷമാവുകയേയുള്ളൂ ”. എന്നാണല്ലോ താങ്കളുടെ പ്രവചനം. കാത്തിരുന്നു കാണാം. ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്.

മത്തായി said...

രാമചന്ദ്രാ, തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെ മൊത്തക്കച്ചവടമൊന്നും ഞാനേറ്റെടുത്തില്ല. ഏറ്റെടുക്കണം എന്നാ‍രു പറഞ്ഞു! “അതു ഞമ്മളല്ല” എന്നു പറയുന്നതാണോ അഭിനവ മമ്മൂഞ്ഞ് ശൈലി? 120 ദിവസക്കൂലിക്ക് ബിരുദാനന്തരബിരുദാനന്തരബിരുദധാരി പഠിപ്പിക്കുന്ന നാട്ടില്‍, മുതലാളി കടം കേറി ആത്മഹത്യ ചെയ്യുന്ന നാട്ടില്‍, 300 രൂപ കൂലി കിട്ടുന്നവന്‍ അത്തറ ചെറിയവനല്ല തൊഴിലാളി സുഹൃത്തേ. താങ്കളുടെ ശുഭാപ്തി വിശ്വാസമെന്താണ്? മഴയോ സമരമോ ഏതാണില്ലാതാവാന്‍ പോകുന്നത്? [ഉത്തരം മുട്ടിപ്പോയ ആ UDF MLA ആരാണെന്നു പറഞ്ഞില്ല.]

sajan jcb said...

തൊഴിലാളികളോട് എനിക്കോരു ശത്രുതാമനോഭാവവും ഇല്ല, മാഷേ! കാരണം ഞാനും ഒരു തൊഴിലാളിയാണു്. തൊഴില്‍: കമ്പ്യൂട്ടര്‍ പ്രൊഗ്രമിങ്ങ്.

കുറച്ചു നാളുമുമ്പു നടന്ന താങ്കളുടെ പാര്‍ട്ടിയുടെ ചില സമരങ്ങള്‍ ശ്രദ്ധിക്കുക. കമ്പ്യൂട്ടര്‍ വത്കരണം വന്നാല്‍ തൊഴില്‍ നഷ്ടപ്പെടും എന്നു പറഞ്ഞു നടത്തിയ കോലാഹലങ്ങള്‍. അതേ കമ്പ്യൂട്ടര്‍ ആണു് എന്റെ ചോറ്. എന്റെ മാത്രമല്ല; ഇപ്പോഴത്തെ കുറേയധികം യുവ ജനങ്ങളുടെ.

ട്രക്ടര്‍ വന്നാല്‍ തോഴില്‍ നഷ്ടപ്പെടുമെന്നു പറയുന്നു, നിങ്ങള്‍. ട്രക്ടര്‍ ഓടിക്കുന്നവനും മെതിക്കാനുള്ള യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നവനും തൊഴിലാളികള്‍ തന്നെയല്ലേ സുഹൃത്തേ?

നിങ്ങളുടെ പാര്‍ട്ടിക്കു കുറഞ്ഞപക്ഷം 10 വര്‍ഷം മുമ്പിലേക്കു് ചിന്തിക്കാനുള്ള കഴിവില്ല. അല്ലെങ്കില്‍ ഇല്ലെന്നു ഭാവിക്കുന്നു. തൊഴിലാളി സ്നേഹം നടിച്ചു, എത്ര സമരങ്ങള്‍! എത്ര കമ്പനി സ്തംബനങ്ങള്‍! അടച്ചുപൂട്ടലുകള്‍ ! നഷ്ടപ്പെട്ടതു താങ്കളുടെ പാര്‍ട്ടി സ്വന്തമെന്നു പറയുന്ന തൊഴിലാളികളുടെ അവസരങ്ങള്‍ തന്നെയാണു്.

നല്ല നിലയിലാണ് ഒരു സ്ഥാപനം നടക്കുന്നതെങ്കില്‍ ആ സ്ഥാപനം അഭിവൃദ്ധിപ്രാപിച്ചേനേ! ആ 'മുതലാളി' ആ 'വരുമാനം' fixed deposit ആയി ഒരു ബാങ്കിലും ഇടാന്‍ പോകുന്നില്ല. അതേ വരുമാനം കൊണ്ട് അയാള്‍ മറ്റൊരു സ്ഥാപനത്തിനു മുതല്‍ മുടക്കിയേനേ. അതു കുറച്ചു കൂടി തൊഴിലാളികള്‍ക്കു് വരുമാന മാര്‍ഗ്ഗമായേനേ.

താങ്കള്‍ പറയുന്നു കര്‍ഷതൊഴിലാളികളോട് എനിക്കു ശത്രുതയാണെന്നു്. അവരെ 'ഈ ചെറിയവരില്‍ ഒരുവനായി ' കാണാന്‍ സാധിക്കുന്നില്ല എന്നു താങ്കളുടെ വിവക്ഷ! എന്റെ വിഷമം ഈ ചെറിയ തോഴിലാളികളെ ഒരു കര്‍ഷകന്റെ പാടം കൊയ്യാന്‍ സമയത്തിനു കിട്ടുന്നില്ല? എന്തു കൊണ്ട്?
1. ആ തൊഴിലാളി മറ്റു കൃഷിയിടത്തില്‍ ജോലിച്ചെയ്യുകയാകും.
അല്ലെങ്കില്‍
2. ജോലിചെയ്യാതെ നോക്കു കൂലിവാങ്ങി വെറുതെയിരിക്കുകയാകും.
അല്ലെങ്കില്‍
3. ഏതേങ്കിലും സ്ഥലത്തു് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ ആ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിക്കാന്‍ സമരം ചെയ്യാനോ ആ യന്ത്രം നശിപ്പിക്കാനോ പോയിട്ടുണ്ടാകും.

ഇതില്‍ അവസാനത്തെ രണ്ടെണ്ണമാവില്ല തൊഴിലാളിക്ഷമത്തിനു കാരണം എന്നു പോസിറ്റീവ് ആയി ചിന്തിക്കാം. ചുരുക്കം ...എല്ലാ കര്‍ഷക തൊഴിലാളികളും വരുമാനമാര്‍ഗ്ഗമുള്ള എന്തോ ഒന്നു് ചെയ്തുകൊണ്ടിരിക്കുകയാണു്. അതായതു് അവരുടെ അന്നത്തിനു ഒരു മുട്ടുമില്ല എന്നു സാരം.

ഇനി കര്‍ഷകനെ (താങ്കളുടെ പാര്‍ട്ടി ഭാഷയില്‍ മുതലാളിയെ) നിരീക്ഷിച്ചു നോക്കൂ. അയാളുടെ മണ്ണു്. (അയാളോ അയാളുടെ പൂര്‍വ്വികരോ അദ്ധ്വനിച്ചുണ്ടാക്കിയ മണ്ണ്). അയാള്‍ പാടം ഒരുക്കുന്നു, വിത്തു വിതക്കുന്നു, അതിനെ പരിരക്ഷിക്കുന്നു. ചിലപ്പോള്‍ സ്വന്തം പണം കൊണ്ടാകം അല്ലെങ്കില്‍ കടം വാങ്ങിയമൊതലാകം.

അദ്ദേഹത്തിന്റെ വിളകള്‍ കൊയ്തിനു പാകമാകുന്നു. അതൊരു 10 ദിവസ്സത്തിനുള്ളൈല്‍ കൊയ്തില്ലെങ്കില്‍ നാശമാകും.(കര്‍ഷകനല്ലാത്തതു കൊണ്ടു വിള കൊയ്തെടുക്കേണ്ട സമയ പരിധി അറിയില്ല; ക്ഷമിക്കുമല്ലോ). ഈ സമയപരിധിക്കുള്ളില്‍ ആളെ കിട്ടിയില്ലെങ്കില്‍ വിളകള്‍ നാശമായി പോകും എന്നതു കൊണ്ട് എന്തു നിര്‍ദ്ദേശമാണു സഖാക്കള്‍ക്കു തരാനുള്ളതു്? യന്ത്രം വച്ചു കൊയ്യുക തന്നെ.

വിളകള്‍ നശിച്ചില്ലെങ്കില്‍ രണ്ടുണ്ട് ഗുണം
1. കൃഷിലാഭത്തിലാകും; കര്‍ഷക ആത്മഹത്യ തടയാം;
2. കേരളം ഭക്ഷ്യസമൃദ്ധമാകും; തമിഴ് നാടിന്റെ ഉമ്മാക്കി പേടിക്കേണ്ട


കൃഷിലാഭത്തിലായാല്‍ കൂടുതള്‍ പേര്‍ കൃഷിക്കായി വരും ; കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരും. ഇല്ലെങ്കിലോ... കൃഷികള്‍ നശിക്കും ; കര്‍ഷകര്‍ രംഗം കാലിയാകും ; കര്‍ഷക തൊഴിലാളികള്‍ മറ്റു തൊഴില്‍ തേടി പോകും. ശുഭം!!

ഒന്നു മനസ്സിലാക്കൂ സഖാക്കളേ... ചുമരുണ്ടെങ്കിലേ ചിത്രം എഴുതാന്‍ പറ്റൂ!

(Ramachandran, ഇനി പറയൂ ആര്‍ക്കാണു സഹായം വേണ്ടതു്? കര്‍ഷകനോ കര്‍ഷക തൊഴിലാളിക്കോ?)

N.J ജോജൂ said...

രാമചന്ദ്രന്‍,

ഇവിടെ ആരും തൊഴിലാളികള്‍ക്കെതിരല്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുകയും വേണം. ഇതിലൊന്നും ആരുക്കും തര്‍ക്കമില്ല, അഭിപ്രായവ്യത്യാസവുമില്ല. അതേ സമയം അത് എപ്രകാരമായിരിയ്ക്കണം എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട് എന്നു മാത്രം.

ഭാരിച്ച കൂലിച്ചിലവും, തൊഴിലാളികളുടെ കുറവും തന്നെയാണ് കര്‍ഷകരെ കാര്‍ഷികവൃത്തിയില്‍ നിന്ന് പിന്നോട്ടു വലിച്ചത്. അല്ലെങ്കില്‍ അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതര്‍ ധാരാ‍ളമുള്ള കേരളത്തില്‍ കൃഷിചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്‍പോട്ടു വന്നേനേ. കേരളത്തില്‍ കൃഷിചെയ്യുന്നതിനേക്കാള്‍ ഭേദം ഗള്‍ഫില്‍ ചുമടെടുക്കുന്നതാണെന്നു കരുതിയിരുന്നവരുമുണ്ട്. ഒരു നാലുവര്‍ഷം മുന്‍പു വരെ.

കേരളത്തിലെ കൃഷിയിലെ യന്ത്രവത്കരണത്തില്‍ ഒരു സര്‍ക്കാരിനും ഒന്നും അവകാശപ്പെടാനില്ല. അതിനു നേതൃത്വം കൊടുക്കാന്‍ സര്‍ക്കാരുകള്‍ക്കായിട്ടുമില്ല. കര്‍ഷകര്‍ വ്യക്തിപരമായി ശ്രമിച്ചതിന്റെ ഫലമായാണ് കേരളത്തില്‍ യന്ത്രങ്ങള്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ അതിന് ഔദ്യോഗിക സമ്മതം മൂളുക മാത്രമേ ചെയ്തിട്ടൂള്ളൂ.

കേരളത്തില്‍ കൊയ്ത്തുയന്ത്രത്തിന് സി.പി.എം ഔദ്യോഗികമായി അനുകൂലമായിരുന്നപ്പോള്‍ പോലും പ്രാദേശികമായി അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഇതിന് എനിയ്ക്ക് വേറേ ഒരു തെളിവിന്റെയും ആവശ്യമില്ല. കഴിഞ്ഞവര്‍ഷം മാത്രമാണ് വീടിനടുത്തുള്ള 70 ഏക്കറില്‍ കൊയ്ത്തുമെഷീന്‍ ഇറങ്ങുന്നത്. അതിന് പ്രാദേശിക പാര്‍ട്ടീ നേതൃത്വത്തിന് കൊടുത്ത കൈക്കൂലിയുടെ കണക്കുകള്‍ എനിക്കറിയാം. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍.സര്‍ക്കാര്‍ നല്‍കുന്ന പതിനായിരത്തിന്റെ കണക്ക്.
തീര്‍ച്ചയായും കര്‍ഷകന് സഹായകരമാണ്. പക്ഷേ സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ഈ പതിനായിരം യഥാര്‍ത്ഥ കര്‍ഷകനില്‍ എത്തുന്നുവെന്നുകൂടി സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടിയിരിയ്ക്കുന്നു. സുനാമി ദുരിതാശ്വാസത്തില്‍ തുടങ്ങി എത്രയിടത്ത് അനര്‍ഹര്‍ സാമ്പത്തിക സഹായങ്ങള്‍ തട്ടിയെടുക്കുന്നത് നാം കണ്ടതാണ്. പിന്നെ അര്‍ഹതപ്പെട്ട സഹായങ്ങള്‍ ലഭിയ്ക്കുവാനുള്ള കൈക്കൂലികള്‍ വേറൊരുവശം.


കൃഷി ലാഭകരമായാല്‍ കൂടുതല്‍ പേര്‍ കൃഷിയിലേയ്ക്ക് വരും. കൂടുതല്‍ പേര്‍ കൃഷിയിലേയ്ക്കു വന്നാല്‍ കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരും, യന്ത്രവത്കരിയ്ക്കപ്പെട്ടാല്‍ പോലും. ആവശ്യത്തിനു തൊഴിലാളികളെ ലഭിച്ചാല്‍ കൃഷി കൂടുതല്‍ ലാഭകരമാവും. അങ്ങനെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാനും സംരക്ഷിയ്ക്കുവാനും കഴിയും.

പക്ഷേ നമ്മള്‍ സ്വീകരിയ്ക്കുന്ന മാര്‍ഗ്ഗം നേരേ തിരിച്ചാണ്. ആദ്യം തൊഴിലാളികളുടെ അവകാശങ്ങള്‍ അങ്ങുറപ്പിയ്ക്കും. ഉയര്‍ന്ന കൂലിയെ പ്രോത്സാഹിപ്പിയ്ക്കും. യന്ത്രവത്കരണത്തെ നിരുത്സാഹപ്പെടുത്തും. ഫലത്തില്‍ കൃഷി നഷ്ടത്തിലാവും. കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിറകോട്ടു പോകും. തൊഴിലവസരങ്ങള്‍ കുറയും.

ഈ മഴ കര്‍ഷകത്തൊഴിലാളികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കര്‍ഷകര്‍ക്കും ഒരു പാഠമായിരിയ്ക്കട്ടെ.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ

കമ്പ്യൂട്ടര്‍ കേടയതിനല്‍ പോസ്റ്റു കണന്‍ വൈകി. വളരെ മനോഹരവും ഉത്തരവദിത്തം നിറഞ്ഞതുമായ ഒരു പോസ്റ്റയിരുന്നു. ഒരു പരിധി വരെ നിഷ്പക്ഷവുമയിരുന്നു എന്നു പറയതെ വയ്യ. എന്നല്‍ പോസ്റ്റിന്റെ സ്പിരിറ്റിനെ കമന്റുകള്‍ കാണതെ പോയി എന്നതാണ്‌ ഇവിടെ കണ്ടത്‌. അത്‌ ഒരു പരിധി വരെ നന്നയി വിഷയത്തിന്റെ മറ്റൊരു കോണ്‍ നമുക്ക്‌ കാണന്‍ സാധിച്ചു എന്നതില്‍ അഭിമനിക്കാം. രാമചന്ദ്രന്റ വദങ്ങളും പ്രസക്തം തന്നെ പക്ഷെ ജോജുവിന്റെ പോസ്റ്റില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക്‌ ഉള്ള പ്രകോപനം ഉണ്ടായിരുന്നില്ല എന്നത്‌ മറ്റൊരു വശം. എന്തയലും അഭിനന്ദങ്ങള്‍ എല്ലവര്‍ക്കും ഇരിക്കട്ടേ.

പിന്നെ എന്റ ഒരു സംശയം. ആരെങ്കിലും ഉത്തരം പറഞ്ഞല്‍ മതി. ഭൂപരിഷക്കരണ നിയമ പ്രകരം പാട്ടകൃഷി നിയമനുസൃതമാണോ ? ഇപ്പോള്‍ കൃഷി ചെയ്ത പലരും പാട്ടത്തിനു കൃഷി ചെയ്തവരാണ്‌. എന്നാല്‍ കരറോ മറ്റൊ ഇല്ലതെ കൃഷി ചെയ്ത പാട്ടക്കരനു എങ്ങനെ നഷ്ടപരിഹരം കിട്ടും. ഇതൊന്നു വ്യക്തമാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

N.J ജോജൂ said...

പാട്ടകൃഷി നിയമാനുസൃതം തന്നെയാണ്. കൃഷി നടക്കാത്ത പാടങ്ങളില്‍ സര്‍ക്കാര്‍ തന്നെ പാട്ടകൃഷിയ്ക്ക് പ്രേരിപ്പിയ്ക്കാറുമുണ്ട്.

പാട്ടക്കാരനു കിട്ടാതെ കര്‍ഷകനു കിട്ടിയാല്‍ പോലും കൃഷിക്കാരന്റെ കഷ്ടപ്പാട് കാണാതെ പോവുന്ന ഭൂമുടമകള്‍ കുറവായിരിയ്ക്കും എന്നു വിചാരിയ്ക്കാം. എങ്കിലും അതിനുള്ള സാധ്യതയുണ്ട് എന്നതു സത്യം.നഷ്ടം സംഭവിയ്ക്കുന്നത് പാട്ടക്കാരനു മാത്രമാണ്. ഭൂമുടമയെ സംബന്ധിച്ചാണെങ്കില്‍ ലാഭമുണ്ടായില്ല എന്നു മാത്രം. ഹെക്ടറിന് പതിനായിരം എന്നത് നഷ്ടം നികത്താന്‍ പോലും തികയില്ല എന്നതുകൊണ്ട് നഷ്ടപരിഹാരം കിട്ടേണ്ടത് പാട്ടക്കാരനു തന്നെയാണ്.

Ramachandran said...

പ്രിയ മത്തായീ,

തൊഴിലാളികളേ വേണ്ട എന്നാണോ പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ വേണം / വേണ്ട എന്നു പറഞ്ഞാല്‍ താനത് വരെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന വാദഗതികള്‍ പൊളിയും എന്ന് മനസ്സിലായി ബബ്ബബ്ബ മട്ടില്‍ സംസാരിച്ചത് ശ്രീ ഷാജു ആണ് (ജെഎസ് എസ്
എം എല്‍ എ) . പിന്നെ തോമസ് ചാഴിക്കാടനും വേണം കീണം എന്നല്ലാതെ വ്യക്തമായ ഉത്തരം
പറയുന്നത് കണ്ടില്ല. (കര്‍ഷകത്തൊഴിലാളികളുടെ വോട്ടു വേണ്ടേ നമുക്ക്?)

പിന്നെ ബിരുദാനന്തര ബിരുദധാരി 120 രൂപക്ക്
പഠിപ്പിക്കുന്ന നാടാണിതെന്ന് സമ്മതിച്ചല്ലോ. അത് തന്നെയാണ് തൊഴിലാളികളുടെ മൊത്തത്തിലുള്ള അവസ്ഥ.

ഇന്നലെ കുട്ടനാട്ടില്‍ 200 രൂപ കൂലി എന്ന് ജോജു എഴുതിയിരുന്നല്ലോ. അത് ഒറ്റ രാത്രി കൊണ്ട് താങ്കള്‍ക്ക് 300 ആയോ? താങ്കള്‍ക്ക് വേണ്ടി 22 മാര്‍ച്ചിലെ മാതൃഭൂമിയില്‍ നിന്ന് ഒരു വാര്‍ത്ത കോട്ട് ചെയ്യുന്നു. കുട്ടനാട്ടിലെ അല്ല..കാഞ്ഞങ്ങാട്ടെ വാര്‍ത്ത...

“തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്ക് 125 രൂപയാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. പാടത്തെ ജോലിക്ക് 100 രൂപയും ഭക്ഷണവും ബസ് കൂലിയും കൊടുക്കുന്നുണ്ട്. ഇത് ഏകദേശം 135 രൂപയോളം വരും.“

ഭാഗ്യത്തിന് മഴക്കെടുതി കാഞ്ഞങ്ങാടിനെ അധികം ബാധിച്ചില്ല. അല്ലേല്‍ ഈ പാവങ്ങളെയും “തോന്നിയ കൂലി വാങ്ങുന്ന” ക്രൂരകള്‍ ആയി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചേനേ..

തൊഴിലില്ലാത്തവരെ ചൂണ്ടിക്കാട്ടി ചെറിയ തൊഴിലുള്ളവരേയും, അവരെ ചൂണ്ടിക്കാട്ടി ഇത്തിരി മെച്ചമുള്ള തൊഴിലുള്ളവരേയുമൊക്കെ നാടിന്റെ പുരോഗതിയുടെ പാതയിലെ വിലങ്ങുതടികള്‍ എന്ന്

വിശേഷിപ്പിക്കുന്നത് ചൂഷണത്തിന്റെ ഒരു രീതിയാണ്. താങ്കളും അതിനെ ശരി വയ്ക്കുന്നു എന്ന് മാത്രം. ശരിയായ പ്രതികള്‍ ഈ
പുകപടലത്തിനുള്ളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്നു.

കേരളത്തിനു പുറത്ത് കൂലി കുറവാണല്ലോ. എന്നിട്ടും ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് വിദര്‍ഭയിലല്ലേ?

തൊഴിലാളി കൂലി കൂടുതല്‍ വാങ്ങിയത് കൊണ്ടല്ല കര്‍ഷകര്‍ ബുദ്ധിമുട്ടുന്നത് എന്നതിനേറ്റവും നല്ല ഉദാ‍ഹരണമാണല്ലോ വിദര്‍ഭ.

നയങ്ങള്‍ ആണ് പ്രധാന വില്ലന്‍ എന്ന് ഞാന്‍ ഇതിനു മുന്‍പ് സൂചിപ്പിച്ചത് വായിച്ചുകാണുമല്ലോ.

പ്രിയ ജെസിബി.

തൊഴിലാളിക്ക് വേണ്ടി കൃഷി എന്നതൊക്കെ താങ്കള്‍ വളച്ചൊടിക്കുകയാണ്. താങ്കള്‍ പറയുന്ന ട്രിക്കിള്‍ ഡൌണ്‍ തിയറി ഫലപ്രദമായിരുന്നുവെങ്കില്‍ ഇന്നു കാണുന്ന സമ്പത്തിന്റെ കേന്ദ്രീകരണം ഉണ്ടാവില്ലായിരുന്നു.

കൂലിക്കൂടുതല്‍ വാങ്ങി കാശ് കാരനായ ഒരു തൊഴിലാളിയെ കാണിച്ചുതരാമോ? കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ടതാണ്
കാര്‍ഷികരംഗം. ഇതില്‍ ഒരു വിഭാഗത്തിനെ മറ്റൊന്നിനെതിരാക്കേണ്ടത് നിക്ഷിപ്തതാല്പര്യങ്ങളുടെ ആവശ്യമാണ്. കര്‍ഷകനോ തൊഴിലാളിക്കോ ഒന്നും എതിരല്ലെങ്കില്‍ താങ്കള്‍ അത് ഏറ്റു പാടേണ്ടതില്ല.

10000 രൂപ ഹെക്ടറിനു കര്‍ഷകനു നല്‍കിയതും കര്‍ഷകശത്രു എന്നു താങ്കള്‍ വിശേഷിപ്പിക്കുന്ന സി.പി.എം കൂടി ഉള്‍പ്പെട്ട സര്‍ക്കാര്‍ തന്നെയാണ്. നശിച്ച നെല്ലു വാങ്ങുന്നതിന്റെ വില വേറെയും കൊടുക്കും.

ഒന്നു കൂടി. കര്‍ഷകനെ മുതലാളിയായി വിശേഷിപ്പിച്ചു എന്നൊക്കെ പറഞ്ഞ് ഇല്ലാത്ത പോയിന്റ് ഉണ്ടാക്കി തര്‍ക്കിക്കല്ലെ മാഷെ...കര്‍ഷകനും തൊഴിലാളിക്കും ഒക്കെ സഹായം വേണമെന്നേ ആദ്യം മുതല്‍ പറഞ്ഞിട്ടുള്ളൂ. അത് തന്നെയാണ് ഈ വേനല്‍ മഴ ദുരന്തത്തിന്റെ കാര്യത്തിലും എന്റെ നിലപാട്.

എന്റെ വാദഗതി എന്ന രീതിയില്‍ താങ്കള്‍ ഉണ്ടാക്കിക്കൊണ്ടുവരുന്ന വാചകങ്ങള്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്റെ മുന്‍ കമന്റുകള്‍ ദയവായി വായിക്കുക.

പിന്നെ ഞാനൊരു തൊഴിലാളി ആണ് എന്നു സ്വയം പറയുന്ന താങ്കളുടെ ആര്‍ജവത്തെ ഞാന്‍ അഭിനന്ദിക്കുന്നു. തൊഴില്‍ മേഖലകളില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ തങ്ങളുടെ ശത്രുവേത് മിത്രമേത് എന്നും മിത്രമെന്ന്
ഭാവിക്കുന്നവര്‍ യഥാര്‍ത്ഥമിത്രമാണോയെന്നും കണ്ടെത്തുക.

“നിങ്ങളെന്നെ കമ്യൂണിസ്റ്റ് ആക്കി” എന്നൊക്കെ കേട്ടിട്ടുണ്ട്. താങ്കളെന്നെ സി പി എം കാരനാക്കിയതില്‍ നന്ദിയുണ്ട്, ഒരു ബാങ്ക് ജീവനക്കാരനായ എനിക്ക് രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലെങ്കിലും.

പ്രിയ ജോജു,

എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. തൊഴിലില്ലാത്തവരെ തൊഴിലാളിക്കെതിരെ, ഇത്തിരി തൊഴിലുള്ളവനെ സ്ഥിരം തൊഴിലുള്ളവനെതിരെ, കര്‍ഷകനെ കര്‍ഷകതൊഴിലാളിക്കെതിരെ ഒക്കെ എതിര്‍ ചേരിയില്‍ നിര്‍ത്തി പ്രചരണമഴിച്ചു വിട്ട്
തങ്ങളുടെ കൊള്ളരുതായ്മകള്‍ മറച്ചുവെച്ച് രക്ഷപ്പെടുന്നവരേയും അവരുടെ നയങ്ങളേയും എതിര്‍ക്കുക എന്നെ പറയുന്നുള്ളൂ.

അത് ചെയ്യാതെ നാം കര്‍ഷകനെ രക്ഷിക്കുകയാണെന്ന് വിചാരിച്ച് തൊഴിലാളിയെയോ തിരിച്ചോ കുറ്റം
പറഞ്ഞുകൊണ്ടിരിക്കുന്നത് സിമ്പിള്‍ വേസ്റ്റ് ഓഫ് ടൈം ആണ്.

സര്‍ക്കാര്‍ നടപടികളിലെ കാലതാമസം, ചുവപ്പ് നാട അതൊക്കെ ഈ മഴ ദുരിതവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാത്രമല്ലല്ലോ പ്രസക്തം ? മഴയില്ലെങ്കിലും അതൊക്കെ ഉണ്ടല്ലോ.

ജോജുവിന്റെ താല്പര്യത്തിനു നന്ദി...

പ്രിയ കിരണ്‍ തോമസ് തോമ്പില്‍,

അങ്ങനെ നിഷ്‌പക്ഷമായ പോസ്റ്റ് എന്നത് സുന്ദരമായ നടക്കാത്ത കാര്യം അല്ലേ? :)

പ്രകോപനത്തിന്റെ പുറത്തുള്ള വാദങ്ങളല്ല എന്റേത്. പലരും വിട്ടുകളയുന്നതും പ്രസക്തവുമായ കാര്യം തൊഴിലാളിയും കര്‍ഷകനും ഒരുമിച്ച് നില്‍ക്കണം എന്ന വ്യക്തമായ ചിന്താഗതി ഉള്ളത് കൊണ്ട് അവതരിപ്പിച്ചു എന്നു മാത്രം. അത് ചെയ്യാതിരിക്കുന്നത് കര്‍ഷക തൊഴിലാളിയോട് ചെയ്യുന്ന വഞ്ചന ആവും. ഒരിടത്ത് പോലും കര്‍ഷകനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നത്
ശ്രദ്ധിക്കുമല്ലോ.

കര്‍ഷകരില്‍ തന്നെ ദരിദ്രകര്‍ഷകരും പാട്ടക്കൃഷിക്കാരും പങ്കുകൃഷിക്കാരും ഇടത്തരം കര്‍ഷകരും മണ്ണില്‍ നേരിട്ട് പണിയെടുക്കാതെ പണിക്കാരെ ഉപയോഗിച്ച് കൃഷി നടത്തുന്നവരും വന്‍‌കിട ഭൂസ്വാമിമാരും ഒക്കെയില്ലേ?

ഇവരെയൊക്കെ ഒരേപോലെ കാണാന്‍ കഴിയില്ലെങ്കിലും നമ്മുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇവരെല്ലാം സ്തുത്യര്‍ഹമായ
പങ്കാണ് വഹിക്കുന്നത് എന്നു പറയാതെ വയ്യ.

Ramachandran said...

പ്രിയ ജോജു,

ഒരു വിഷയം കൂടി പറഞ്ഞോട്ടെ...വികസനവും ജനവിരുദ്ധ അജണ്ടയും എന്ന വിഷയത്തെക്കുറിച്ച്
നമുക്കോരോരുത്തര്‍ക്കും വിവിധ ധാരണകളാണല്ലോ ഉള്ളത്..ഇവിടെ മുകളില്‍ ചില വാദഗതികള്‍ കേട്ടപ്പോള്‍ ഇതൊന്നവതരിപ്പിച്ചാലോ എന്നു തോന്നി..വളരെ ഉയര്‍ന്ന വിദ്യാഭ്യാസവും ബോധനിലവാരവുമുള്ളവരാണെങ്കിലും
നിങ്ങളില്‍പ്പലരും ഒരു പക്ഷെ ഈ വാദങ്ങള്‍ കേട്ടിട്ടുണ്ടാവില്ല..അതിനാല്‍ ഈയിടെ വായിച്ച ഒരു ലേഖനം പോസ്റ്റ് ചെയ്യുന്നു. ജോജു ക്ഷമിക്കുമല്ലോ? (ഒത്തു പിടിച്ചാല്‍ ഒരു സെഞ്ചുറി അടിക്കാം..ഞാന്‍ ബൌള്‍ ചെയ്യാന്‍ റഡി! :)

"ചാനലുകളുടെ വികസന ചര്‍ച്ചകളില്‍ സ്ഥിരമായി കടന്നുവരുന്ന രണ്ടു പ്രതീകങ്ങളാണ് ട്രാക്ടറും കമ്പ്യൂട്ടറും. കമ്യൂണിസ്റ്റുവിരുദ്ധ
പ്രചാരവേലയുടെ ഉപകരണങ്ങളായാണ് ഇവരണ്ടും ഉപയോഗിക്കപ്പെടുന്നത്.

ശാസ്ത്രസാങ്കേതിക രംഗത്തെ വികാസത്തെ
സാമൂഹ്യപുരോഗതിക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളെ കമ്യൂണിസ്റ്റുകാര്‍ തടയുകയായിരുന്നു എന്നാണാരോപണം.

മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തവും ലോകശ്രദ്ധയാകര്‍ഷിച്ചതുമായ സവിശേഷവികസനമാതൃകയാണ്
കേരളത്തിലേത്. സ്വത:സിദ്ധമായ ദൌര്‍ബല്യങ്ങളോടെയും പരിമിതികളോടെയുമാണെങ്കിലും ലോകത്തിലെ വികസിത സമൂഹങ്ങളോട് കിടപിടിക്കുന്ന ജീവിതവ്യവസ്ഥ ജനങ്ങള്‍ക്ക് അതു സംഭാവന ചെയ്തു. ഭൂപരിഷ്കരണമാണ് ഈ
വികസനത്തിന് അടിത്തറയായിത്തീര്‍ന്നത്. ആയിരത്താണ്ടുകളായി നിലനിന്ന ജാതി, ജന്മി, നാടുവാഴി വ്യവസ്ഥയുടെ

തായ്‌വേരില്‍ വീണ കോടാലിയായിരുന്നു ഭൂപരിഷ്കരണം. 'ഉണക്കിച്ചേറി വെടിപ്പാക്കി' തമ്പുരാന്റെ 'കളത്തില്‍ കടത്തിവടിച്ചിരുന്ന' പാട്ടനെല്ല് സ്വന്തം പത്തായത്തില്‍ പൊലിയളന്നു തുടങ്ങിയതോടെ കര്‍ഷകന്റെ സാമ്പത്തിക നട്ടെല്ല്
നിവര്‍ന്നു. വേലയ്ക്കും കൂലിക്കും വ്യവസ്ഥകളൊന്നുമില്ലാതിരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് നിശ്ചിതസമയത്തെ വേലയ്ക്ക് നിശ്ചിതകൂലി നല്‍കാന്‍ ഭൂവുടമയായ കര്‍ഷകന്‍ നിര്‍ബന്ധിതനായി.

എന്നാല്‍ ജന്മിത്വം അവസാനിച്ചതോടെ പുതുമടിശ്ശീലക്കാരായ ഒരു പറ്റം സമ്പന്നകര്‍ഷകര്‍ കൂലിചോദിച്ച വര്‍ഗസഹോദരങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. ന്യായമായ കൂലിക്കും തൊഴില്‍ വ്യവസ്ഥകള്‍ക്കുംവേണ്ടി കര്‍ഷകത്തൊഴിലാളികള്‍ സമരരംഗത്തിറങ്ങി. പൊലീസും ജന്മിഗുണ്ടകളും കരിങ്കാലികളും സമരക്കാരുമായി ഏറ്റുമുട്ടി. ഈ
ഘട്ടത്തിലാണ് ട്രാക്ടര്‍ എന്ന വില്ലന്‍ ആദ്യമായി പാടത്തിറങ്ങിയത്. സമരം ചെയ്യുന്ന തൊഴിലാളിക്കുമുന്നില്‍ ഒരു
യന്ത്രക്കരിങ്കാലി മാത്രമായിരുന്നു അത്. ട്രാക്ടര്‍വിരുദ്ധ സമരം ആയിരക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള
അവകാശത്തിനുവേണ്ടിയുള്ളതായിരുന്നു എന്നര്‍ത്ഥം.

ഭൂപരിഷ്കരണം തുറന്നുവിട്ട സാമൂഹ്യഊര്‍ജം പക്ഷേ വളരെ പെട്ടെന്ന് കേരള സമൂഹത്തെ മാറ്റി മറിച്ചു. ഭൂസ്വത്തിന്റെ പുനര്‍വിതരണം ഗ്രാമീണ സമ്പദ്ഘടനയെ വികേന്ദ്രീകരിച്ചു. വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റം നിര്‍മാണമേഖലയില്‍ പുതിയതൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഗ്രാമീണറോഡുകളുടെയും അങ്ങാടികളുടെയും വികാസം ഗതാഗതം, കച്ചവടം, ചുമട് തുടങ്ങിയ ഇടങ്ങളിലും തൊഴിലവസരങ്ങള്‍ വ്യാപകമാക്കി. വിദ്യാഭ്യാസത്തിന്റെ ത്വരിതഗതിയിലുള്ള വ്യാപനം
കായികവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത ഗ്രാമീണ യുവാക്കളില്‍ ശക്തമാക്കി. കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നേടേണ്ട സ്ഥിതിമാറി. ആവശ്യത്തിന് കാര്‍ഷികത്തൊഴിലാളികളെ ലഭ്യമല്ല എന്ന പുതിയഅവസ്ഥയും സംജാതമായി. അതിനാല്‍ കാര്‍ഷികയന്ത്രവല്‍ക്കരണത്തെ ഇന്നാരും എതിര്‍ക്കുന്നും ഇല്ല.

ഭൂപരിഷ്കരണത്തിന്റെ ഫലമായി നിലവില്‍വന്ന പുതിയ സാമൂഹ്യസ്ഥിതിയെ ശരിയായി അപഗ്രഥിക്കാനും ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാനും ഫലപ്രദമായ നേതൃത്വം ആവശ്യമുണ്ടായിരുന്നു. വയലുകളില്‍
കെട്ടിക്കിടക്കുന്ന അധ്വാനശക്തിയെ മറ്റു മേഖലകളിലേക്ക് പുനര്‍വിന്യസിക്കണമായിരുന്നു.
'വീട്ടിലൊരാള്‍ക്ക് തൊഴില്‍, ഗ്രാമത്തിലൊരു വ്യവസായശാല' എന്ന ഇടതുപക്ഷമുദ്രാവാക്യവുമായി ഇന്ദിരാഗാന്ധിയുടെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്ന
കാലമായിരുന്നു അത്. ഫലപ്രദമായ വികേന്ദ്രീകൃതാസൂത്രണം അന്നേ സംഭവിച്ചിരുന്നെങ്കില്‍ കാര്‍ഷികവൃത്തിയുടെ ആധുനികവല്‍ക്കരണവും, ഗ്രാമങ്ങളുടെ വ്യവസായവല്‍ക്കരണവും സാധിതമാകുമായിരുന്നു. കേരളം കണ്ട ഏറ്റവും നല്ല
സര്‍ക്കാരെന്ന് എല്ലാവരും വാഴ്ത്തുന്ന അന്നത്തെ വലതു സര്‍ക്കാരിന് പക്ഷേ ആ ചരിത്രദൌത്യം ഏറ്റെടുക്കാനാകാതെപോയി.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ സ്വയംചെയ്ത പാപത്തെ മറച്ചു പിടിക്കാനാണ് വലതുപക്ഷം ട്രാക്ടറിനെ പ്രതീകവല്‍ക്കരിക്കുന്നത്.

കമ്പ്യൂട്ടറിനെതിരെ എണ്‍പതുകളില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പും സമാനസാഹചര്യങ്ങളിലായിരുന്നു. സര്‍ക്കാര്‍ ആഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വൈറ്റ് കോളര്‍ ജോലികള്‍ കമ്പ്യൂട്ടറുകളെ ഏല്‍പിക്കുകയും തല്‍ഫലമായി തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യാനുള്ള നീക്കം ആശങ്ക ഉളവാക്കി. ജോലിയില്‍ നിന്ന് നീക്കം
ചെയ്യപ്പെടുമെന്ന ഭയത്തില്‍ ഈ മേഖലയിലെ തൊഴിലാളികള്‍ കമ്പ്യൂട്ടര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. അഭ്യസ്ത
വിദ്യരുടെ തൊഴിലില്ലായ്മകൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളീയ യുവസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായത് സ്വാഭാവികം
മാത്രം. കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ മനുഷ്യമുഖത്തോടുകൂടിയ സമീപനം സ്വീകരിക്കാന്‍ ഈ ചെറുത്തുനില്‍പുകള്‍ അധികൃതരെ
നിര്‍ബന്ധിതരാക്കി. പുതുതായി വികസിച്ചുവന്ന ഐടി അധിഷ്ഠിതവ്യവസായ ശൃംഖല വെട്ടിക്കുറക്കപ്പെട്ട തസ്തികകളെ പകരം
വെക്കുകയും ചെയ്തു.

ടെമ്പോകളും മിനിലോറികളും വ്യാപകമായി തുടങ്ങിയ എണ്‍പതുകളില്‍ കാള വണ്ടിത്തൊഴിലാളികള്‍ ഉയര്‍ത്തിയ പ്രതിരോധവും അലുമിനിയം, സ്റ്റീല്‍, പ്ളാസ്‌റ്റിക് ഉല്‍പ്പന്നങ്ങളുടെ കടന്നുവരവോടെ തകര്‍ന്നുപോയ മണ്‍പാത്ര വ്യവസായവും മുതലാളിത്ത വികസനത്തിന്റെ മനുഷ്യത്വരാഹിത്യത്തെ വെളിപ്പെടുത്തുന്നുണ്ട്. യാതൊരു ബദല്‍
ജീവിതമാര്‍ഗങ്ങളും കാണാതെ കേരളത്തിലെ കുംഭാരസമൂഹം 'വംശനാശ' ഭീഷണിയെ നേരിടുകയാണ്. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതീകമാകാന്‍ കഴിഞ്ഞതുകൊണ്ടാകണം പരമ്പരാഗത തുണിനെയ്ത്തുകാര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ പിടിച്ചുനില്‍ക്കാനാകുന്നത്.

മനുഷ്യപുരോഗതിയുടെ ഉല്‍പ്പന്നവും പുതിയ മുന്നേറ്റത്തിനുള്ള ഉപകരണവുമാണ് പുതിയ സാങ്കേതികവിദ്യ. മുതലാളിത്തം സാങ്കേതികവിദ്യയെ മൂലധനത്തിന്റെ നിയന്ത്രണത്തില്‍ വയ്ക്കുന്നു. ചൂഷണത്തോത് വര്‍ധിപ്പിക്കുന്നതുവഴി ലാഭം കുന്നുകൂട്ടലാണ് ലക്ഷ്യം. മിച്ചമൂല്യത്തിന്റെ (ലാഭം) നിരന്തരമായ വികാസം ഇല്ലാതെ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് സ്വയം നിലനില്‍ക്കാനാവില്ല. അതിനാല്‍ സാങ്കേതികവിദ്യയുടെ നവീകരണം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ പുതിയ സാങ്കേതികവിദ്യയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം കൂലിച്ചെലവ് കുറയ്ക്കുകയും ചെയ്യും. സാമ്പത്തിക വികസനം
തൊഴിലില്ലായ്മക്ക് കാരണമായിതീരുന്നത് അങ്ങനെയാണ്.

കമ്പ്യൂട്ടറുകളുടെ വ്യാപനം തൊഴില്‍സമയത്തിലും തൊഴിലിന്റെ കാഠിന്യത്തിലും വന്‍തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. സ്വാഭാവികമായും തൊഴിലാളിയുടെ അധ്വാനസമയം കുറയുകയും വിശ്രമ, വിനോദ വേളകള്‍ വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നമ്മുടെ അനുഭവം നേരെ മറിച്ചാണ്. ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ഒഴിവുസമയങ്ങളേയില്ല. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന പഴയ മെയ്‌ദിന
മുദ്രാവാക്യംപോലും ആധുനിക വ്യവസായങ്ങളില്‍ നിലനില്‍ക്കുന്നില്ല. യൌവനവും ആരോഗ്യവും നിലനില്‍ക്കുന്നേടത്തോളം കാലം മുഴുവന്‍ സമയവും അധ്വാനിക്കുക എന്നതാണ് പുതിയ അവസ്ഥ.

ഇതിനെല്ലാമെതിരായ തൊഴിലെടുക്കുന്നവരുടെ ചെറുത്തുനില്‍പ്പിനെ സാങ്കേതികവിദ്യക്കെതിരായ യാഥാസ്ഥിതിക നിലപാടായോ വികസനവിരുദ്ധ രാഷ്ട്രീയ പിടിവാശിയായോ വ്യാഖ്യാനിക്കുന്നത് നിഷ്കളങ്കമായ വികസനതാല്‍പ്പര്യമല്ല. മറിച്ച്
മുതലാളിത്ത ചൂഷണത്തിന് മറയിടാനുള്ള സമര്‍ത്ഥമായ പ്രചരണപരിപാടിതന്നെയാണ്.

കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങളുടെ സംരക്ഷകനാണ്. സാങ്കേതികവിദ്യയുടെ വികാസത്തെയും
കേവലമായല്ല അത് നോക്കിക്കാണുന്നത്; ചരിത്രപരമായാണ്. പുതിയ സാങ്കേതികത - കമ്പ്യൂട്ടറായാലും ട്രാക്ടറായാലും ടെലിവിഷനായാലും - അവതരിപ്പിക്കപ്പെടുന്ന സമൂഹത്തിന്റെ സവിശേഷ വികാസഘട്ടത്തിലാണ് അതിനോടുള്ള നിലപാട്
നിശ്ചയിക്കപ്പെടുന്നത്.

വികസനപദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുകയും കുടിയിറക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതും
ഇതുതന്നെ. വലിയവിഭാഗം ജനങ്ങളെ അവരുടെ തൊഴിലില്‍നിന്നോ, കിടപ്പാടങ്ങളില്‍നിന്നോ ആട്ടിപ്പായിച്ചും അവര്‍ക്ക് ജീവിതം നിഷേധിച്ചുമുള്ള മുതലാളിത്ത വികസനം വികലമാണ്. ഒഴിപ്പിക്കപ്പെടുന്നവരെ ബദല്‍ ജീവിതമാര്‍ഗങ്ങളില്‍
പുനരധിവസിപ്പിച്ചുകൊണ്ടുള്ള വികസനം മാത്രമേ നടപ്പിലാക്കാവൂ എന്നതാണ് ശരിയായ നിലപാട് .

പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ പഴയ നിലപാട് ഉപേക്ഷിക്കുകയും പുതിയ സാഹചര്യത്തിനനുസരിച്ച നിലപാടിലേക്ക് മാറുകയും ചെയ്യുന്നു. ഇവ തമ്മില്‍ വൈരുധ്യം കാണേണ്ടതില്ല. കാരണം ശരിയായ നിലപാട് വൈരുധ്യാത്മകമാണ് എന്നതുതന്നെ.

ചാനല്‍ ചര്‍ച്ചകളില്‍നിന്നാണല്ലോ തുടങ്ങിയത്. വിനോദത്തെയും വിദ്യാഭ്യാസത്തെയും ജനകീയമാക്കാന്‍
പ്രയോജനപ്പെടേണ്ടതായിരുന്നു കാഴ്ചയുടെ സാങ്കേതികവിദ്യ. എന്നാല്‍, മൂലധന നിയന്ത്രിത വിനോദ വ്യവസായമായി അധഃപതിക്കുക വഴി പരമ്പരാഗതമായ ജനകീയ സംസ്കാരസമ്പത്തിനെ അട്ടിമറിക്കുകയും മലിനീകരിക്കുകയുമാണ്
ടെലിവിഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനവിരുദ്ധമായ ചാനല്‍ പ്രയോഗത്തെ ചെറുക്കണമെന്ന് നിര്‍ദേശിക്കുന്നത് സാങ്കേതികവികസത്തോട് പുറംതിരിഞ്ഞുനില്‍ക്കലല്ല. മറിച്ച് വികസനത്തിന്റെ ജനപക്ഷത്ത് ഉറച്ചുനില്‍ക്കലാണ്."

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ,

ഞാന്‍ എന്റ സംശയം മുന്നോട്ട്‌ വച്ചത്‌ വ്യവസയ വകുപ്പ്‌ സെക്രട്ടറി ബാലചന്ദ്രന്‍ ഭൂപരിഷക്കരണ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാന്‍ സമയമായി എന്ന് പറഞ്ഞ്‌ ചീഫ്‌ സെക്രട്ടറിക്ക്‌ നല്‍കിയ ഒരു കുറിപ്പിലെ ഭാഗം കണ്ടാണ്‌ അത്‌ ഇങ്ങനെ പറയുന്നു

കുടികിടപ്പില്ലാതായതോടെ ജന്മിത്വം അവസാനിച്ചു. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ സ്ഥലം പാട്ടത്തിനു കൊടുക്കുന്ന രീതി അനിവാര്യമായി മാറിയിരിക്കുന്നു. വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കു മാത്രമല്ല കൃഷിക്കുപോലും ഇത് അത്യന്താപേക്ഷിതമാണ്. കുടുംബശ്രീ, ഗ്രൂപ്പ് ഫാമിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ പരോക്ഷമായി പാട്ടവ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. അയല്‍ക്കാരന്റെ ഭൂമി പാട്ടത്തിനെടുത്ത് കൂടുതല്‍ സ്ഥലത്തു കൃഷിയിറക്കുകയെന്നത് കര്‍ഷകനു ലാഭകരമായ തൊഴിലാണിപ്പോള്‍. അതേസമയം ഭൂ ഉടമ കൂടുതല്‍ വരുമാനത്തിനായി വ്യവസായത്തിലോ മറ്റു മേഖലകളിലോ ജോലിചെയ്യേണ്ടതായും വരുന്നു. ഇപ്പോഴത്തെ പാട്ടസംവിധാനത്തിനു നിയമത്തിന്റെ പരിരക്ഷയില്ല. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായ പുതിയ തരം പാട്ടവ്യവസ്ഥ വ്യാപകമായിട്ടില്ല.


ഇതില്‍ ഈ ഭാഗം " ഇപ്പോഴത്തെ പാട്ടസംവിധാനത്തിനു നിയമത്തിന്റെ പരിരക്ഷയില്ല. " വായിച്ചാല്‍ മനസ്സിലാകുന്നത്‌ പാട്ടകൃഷി നിയമ വിരുദ്ധമെന്നല്ലേ.

sajan jcb said...

"തൊഴിലാളിക്ക് വേണ്ടി കൃഷി എന്നതൊക്കെ താങ്കള്‍ വളച്ചൊടിക്കുകയാണ്. "

ഏതു മേഖലയാലും അതു പുരോഗതി നേടിയാല്‍ അതു തൊഴിലാളിക്കും കൂടി നന്നു് എന്നാണു് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതു്. CPM കാരനല്ലാത്ത താങ്കളെ CPM കാരനാക്കിയതില്‍ ഖേദിക്കുന്നു.

കൂലിക്കൂടുതല്‍ വാങ്ങി കാശ് കാരനായ ഒരു തൊഴിലാളിയെ കാണിച്ചുതരാമോ? തൊഴിലാളി കൂടുതല്‍ കാശു വാങ്ങുന്നു എന്നു ഞാന്‍ എവിടേയെങ്കിലും ആരോപിച്ചിട്ടുണ്ടെങ്കില്‍ കാട്ടി തരാമോ?

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ടതാണ്
കാര്‍ഷികരംഗം.


അത് നല്ലോരു ബോധോദയം തന്നെ.കാരണം ഇത്രയം നേരം താങ്കള്‍ തൊഴിലാളികള്‍ക്കു വേണ്ടി മാത്രമാണോ സംസാരിച്ചിരുന്നതു് എന്നോരു സംശയം.


എന്റെ കമന്റുകളിലൂടെ ഊന്നി പറയാന്‍ ഉദ്ദേശിക്കുന്നതു ഒരൊറ്റ കാര്യമാണു്. സ്വന്തം കൃഷിയിടത്തില്‍ എന്തു ചെയ്യണം എന്നു തീരുമാനിക്കാന്‍ കര്‍ഷകന്‍ അനുവാദം കൊടുക്കണം. യന്ത്രം ഇറക്കി പണിയാനാണെങ്കില്‍ അങ്ങിനെ. പിന്നെ കൂലി പോരെങ്കില്‍ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യാം. ഇവിടെ പ്രശ്നം അതല്ലല്ലോ... തൊഴിലാളിയെ വേണ്ട സമയത്ത് കിട്ടാത്തതല്ലേ പ്രശ്നം!

ഇനി എന്തുകോണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ഷകനെ അനുവദിക്കണം എന്നു മത്തായി ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ താങ്കള്‍ക്ക് വ്യക്തമാകാന്‍ ഒരു ഉദ്ദാഹരണം പറയാം.

പണ്ട് ഒരുമാതിരി ഭേദപ്പെട്ട വീട്ടിലൊക്കെ ഉഴുന്നാട്ടാന്‍, ചമന്തിയരക്കാന്‍, അലക്കാന്‍ തുടങ്ങി പലതിനും വേലക്കാരുണ്ടായിരുന്നു. മിക്സ്സിയും വഷിംങ് മഷീനും വന്നതോടെ അവരുടെ ജോലി പോയി. യന്ത്രങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ വീട്ടുടമസ്ഥനോട് വേലക്കാരു തൊഴിലാളി യൂണിയനില്‍ നിന്നു് അനുമതി വേണം എന്നു കല്‍പ്പിക്കുന്നതു പോലെ തന്നെയാണ് കര്‍ഷകനോട് കര്‍ഷകതൊഴിലാളി യൂണിയനുകള്‍ പറയുന്നതു്.

അല്ലാ...നമ്മള്‍ കാറുപയോഗിക്കുന്നതു കൊണ്ടു് റിക്ഷ വണ്ടി വലിക്കുന്നവരുടെ തൊഴില്‍ പോയില്ലേ. കാറുപയോഗിക്കണ്ടാന്നു വച്ചാലോ?

സംസ്ഥാനത്തിനെ കാളവണ്ടി യുഗത്തിലേക്കു കൊണ്ടു പോകാനാണോ ഇന്നും കാടന്‍ നിയമങ്ങള്‍?

സ്വന്തം വീട്ടുസാധനങ്ങള്‍ വീട്ടുടമസ്ഥന്റെ ഇഷ്ടാനുസരണം എടുത്തുമാറ്റാം എന്ന ആനുകൂല്യം തന്നെ ഈ കേരളത്തിനു അധികപറ്റാണെന്നു കരുതുന്നുവര്‍ ഇപ്പോഴുമുണ്ടോ ആവോ? അതിലും തമാശ ഇറക്കി കഴിയുന്നതു വരെ ഈ യൂണിയനുകള്‍ തിരിഞ്ഞു നോക്കില്ല. എല്ലാം കഴിഞ്ഞാല്‍ വരും... നോക്കു കൂലി വാങ്ങാന്‍.

രമചന്ദ്രാ, സോറി... ഈ ഗുണ്ടകളെ "ഈ ചെറിയവരില്‍ ഒരുവനായി" കാണാന്‍ മാത്രം ഞാന്‍ വളര്‍ന്നു എന്നു കരുതുന്നില്ല.

[താങ്കളുടെ അടുത്ത കമന്റ് ഞാന്‍ തന്നെ പറയാം ...
പ്രിയ ജെസിബീ,
തൊഴിലാളികളെ ഗുണ്ടകളായി കാണുന്ന താങ്കള്‍ക്കു തൊഴിലാളി എന്നു പറയാന്‍ എന്തവകാശം? അല്ലാ താങ്കളും ഒരു ഗുണ്ടയാണോ?]

sajan jcb said...

കര്‍ഷകനെ മുതലാളിയായി വിശേഷിപ്പിച്ചു എന്നൊക്കെ പറഞ്ഞ് ഇല്ലാത്ത പോയിന്റ് ഉണ്ടാക്കി തര്‍ക്കിക്കല്ലെ മാഷെ

ഭൂവുടമകളെ അങ്ങിനെ തെന്നെയാണു് കണക്കാക്കുന്നതു് എന്നു തന്നെയാണ് എന്റെ അറിവു്. തെറ്റുമെങ്കില്‍ തിരുത്തുമെല്ലോ?

sajan jcb said...

അതിനാല്‍ കാര്‍ഷികയന്ത്രവല്‍ക്കരണത്തെ ഇന്നാരും എതിര്‍ക്കുന്നും ഇല്ല.

യന്ത്രം ഉപയോഗിക്കണമെങ്കില്‍ യൂണിയന്റെ അനുമതി കിട്ടണം എന്നു എവിടെയോ വായിച്ചു. അതു ശരിയെങ്കില്‍ ഈ സ്റ്റേറ്റ്മെന്റെ ശരിയാണോ?

കമ്പ്യൂട്ടറിനെതിരെ എണ്‍പതുകളില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പും സമാനസാഹചര്യങ്ങളിലായിരുന്നു. സര്‍ക്കാര്‍ ആഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വൈറ്റ് കോളര്‍ ജോലികള്‍ കമ്പ്യൂട്ടറുകളെ ഏല്‍പിക്കുകയും തല്‍ഫലമായി തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യാനുള്ള നീക്കം ആശങ്ക ഉളവാക്കി.

ഇതു തന്നെയാണു പറഞ്ഞതു ഒരു പത്തു കൊല്ലത്തിനപ്പുറം ചിന്തികാന്‍ ശേഷി നഷ്ടപ്പെട്ടോ?

... ജനകീയ സംസ്കാരസമ്പത്തിനെ അട്ടിമറിക്കുകയും മലിനീകരിക്കുകയുമാണ്
ടെലിവിഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.


TVയെ ഇപ്പോയും എതിര്‍ക്കുന്നവരുണ്ട് എന്നതു എനിക്കു പുതിയോരറിവാണു്. ഇപ്പോ സീരിയലുകളൊക്കെ നടീ നടന്മാര്‍ക്കു ഒരു തൊഴിലല്ലേ? വാര്‍ത്ത വായിക്കുന്നവര്‍, അവതാരകര്‍ തുടങ്ങി ഒട്ടനവധി തൊഴില്‍ മേഖലകള്‍. പിന്നെ കൈരളി TV യൊക്കെ നന്നായി പ്രവര്‍ത്തിക്കുന്നില്ലേ?

N.J ജോജൂ said...

വ്യത്യസ്ഥ ധൃവങ്ങളില്‍ സഞ്ചരിയ്ക്കുന്നവര്‍ തമ്മില്‍ ഒരു അഭിപ്രായ സമന്വയത്തിന് സാധ്യതയില്ല. സമന്വയത്തിനു വേണ്ടി അഭിപ്രായങ്ങളില്‍ വിട്ടു വീഴ്ചയും ആവശ്യമില്ല.

എനിയ്ക്ക് പറയാനുള്ളതു പറഞ്ഞു കഴിഞ്ഞു. ഇതിനപ്പുറമൊന്നും എനിയ്ക്കു പറയാനില്ല. മറുപടിയ്ക്കു വേണ്ടിയുള്ള മറുപടികള്‍ വിരസമാവുന്നു.പോസ്റ്റിനേക്കാളധികം കമന്റുകളിലാണ് ചര്‍ച്ച നടക്കുന്നതെന്നു തോന്നുന്നു.അതുകൊണ്ട് ഞാന്‍ പിന്മാറുകയാണ്.

കമന്റുകളില്‍ ഞാന്‍ ആവര്‍ത്തിച്ച കാര്യം ഒന്നുകൂടെ അടിവരയിടുന്നു. കൃഷിനാശത്തില്‍ ഭരണപക്ഷത്തിനും ഭരണപക്ഷസംഘടനകള്‍ക്കും അവരുടെ നയങ്ങള്‍ക്കും പങ്കുണ്ട്.

ഏഷ്യാനെറ്റ്, അമൃത ഇവയില്‍ കണ്ട വാര്‍ത്തകള്‍ പങ്കു വയ്ക്കുന്നു.

ഏഷ്യാനെറ്റ് പറയുന്നത്.....
കേരളത്തിലെ വേനല്‍മഴ പ്രവചിച്ചിരുന്നതാണ്. സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. വേനല്‍മഴയ്ക്കു ശേഷം കടുത്ത വരള്‍ച്ചയും പ്രവചിയ്ക്കപ്പെട്ടിട്ടൂണ്ട്.

അമൃത.....
വേനല്‍മഴയുടെ പശ്ചാത്തലത്തില്‍ പെട്ടന്നു കൃഷിയിറക്കി വിളവെടുക്കാനായില്ലെങ്കില്‍ വിഷുവിനോടനുബന്ധിച്ച് പച്ചക്കറികളുടെ വില ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്.

സഭ എന്തു ചെയ്തു എന്നൊരു പരിഹാസരൂപത്തില്‍ ഒരു ചോദ്യം ചോദിച്ചിരുന്നു. കാവാലത്ത് ശ്രമദാനമായി കൊയ്തുകൊടുക്കാന്‍ പുരോഹിതരും സിസ്റ്റേര്‍സും ക്രൈസ്തവയുവജനസംഘടനകളും മുന്‍പോട്ടു വന്നതായി വാര്‍ത്തകളുണ്ടായിരുന്നു.(എത്രമാത്രം ഫലപ്രദമായീ എന്ന് എനിക്കറിയില്ല.)


കിരണ്‍,

പാട്ടത്തിന്റെ നിയമവശങ്ങളെക്കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. സര്‍ക്കാരുതന്നെ പാട്ടകൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നതായി അറിയാം.

Rajeeve Chelanat said...

പ്രിയപ്പെട്ട ജോജൂ,

അവസാനത്തെ കമന്റും വന്ന്, ഒരു മാസം പിന്നെയും കഴിഞ്ഞ്, ഇന്നാണ് ഇതു കാണുന്നതും. ബാബുരാജ് ഭഗവതി, അവിടെ നിന്ന് മൂര്‍ത്തി, എന്നിവര്‍ വഴി.

പ്രസക്തമായ കാര്യമാണ് താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ കര്‍ഷകരുടെ കാര്യത്തില്‍ എല്ലാ കക്ഷികളും അക്ഷന്തവ്യമായ അവഗണനയും സ്വാര്‍ത്ഥതാത്‌പര്യങ്ങളുമാ‍ണ് കൈക്കൊള്ളുന്നത്, എന്നുതന്നെയാണ് എന്റെയും അഭിപ്രായം. അതിനോട് രാമചന്ദ്രനും, കിരണും, സെബിനുമൊക്കെ ഒരു പരിധിവരെ യോജിക്കുകയും ചെയ്യുമെന്നു കരുതുന്നു.

അന്നമുണ്ടാക്കി നമ്മളെ ഊട്ടുകയും, വംശനാശത്തോടടുക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗത്തിന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെങ്കിലും ഇവിടെ ഈ ബൂലോകത്ത് ചിലരുണ്ടായി എന്നത് സന്തോഷകരം തന്നെയാണ്. അതിലെ ദളിത് ഭൂരഹിത കര്‍ഷകരെക്കുറിച്ചുള്ള ബാബുരാജിന്റെ കുറിപ്പും ഉചിതമായി.

കര്‍ഷകര്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ അതിനെ നേരിടുന്നതില്‍ അലം‌ഭാവം കാണിക്കുകയും, സാങ്കേതികതയിലും കക്ഷിരാഷ്ട്രീയത്തിലുമിട്ട് അതിനെ ഞെക്കിക്കൊന്ന് ,പരസ്പരം കൈകൊടുത്തും, ആശ്ലേഷിച്ചും, ചാനല്‍ സൌഹൃദചര്‍ച്ചകളില്‍ അവര്‍ക്കുനേരെ അശ്ലീലച്ചിരിയും പൊഴിച്ചിരിക്കാനേ മുല്ലപ്പള്ളിമാര്‍ക്കും, ദിവാകരന്‍‌മാര്‍ക്കും, മാണി-ജോസഫ്, ചെന്നിത്തലയന്‍‌മാര്‍ക്കും കഴിയൂ.

കാര്‍ഷികരംഗത്തിനുനേരെയുള്ള അവഗണനയെക്കുറിച്ചും, കാര്‍ഷികബന്ധങ്ങളില്‍ അത്യാവശ്യമായി നടപ്പില്‍‌വരുത്തേണ്ട സമഗ്രമായ പരിഷ്കാരത്തെക്കുറിച്ചും, പൊതുവിതരണസമ്പ്രദായത്തെക്കുറിച്ചുമൊക്കെ, ഈ നാട്ടില്‍ ചിലര്‍, കാലാകാലങ്ങളായി പറയുകയും എഴുതുകയും, മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തപ്പോള്‍ എന്തേ ആരും ഇതുവരെ അതൊന്നും കണ്ടില്ല.

ഇവിടെ വികസനത്തിന് പുതിയ സ്മാര്‍ട്ട് അര്‍ത്ഥതലങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു നമ്മള്‍. അതിനുവേണ്ടി ഭൂമിയുടെ പോക്കുവരവ് ഉണ്ടാക്കാനും മായ്ക്കാനുമുള്ള ആഭിചാരകര്‍മ്മത്തിലും, കള്ളപ്പട്ടയ നിര്‍മ്മാണത്തിലുമൊക്കെ മുഴുകിക്കഴിഞ്ഞു നമ്മള്‍.

ഞാനും നിങ്ങളും എല്ലാവരും കുറ്റക്കാരാണ് ഇതില്‍. ഭൂമിയെയും അതില്‍ വിളവ് നിര്‍മ്മിക്കാന്‍ വിയര്‍പ്പൊഴുക്കുന്നവനെയും നമ്മള്‍ എന്നേ മറന്നു. കമ്പോളത്തില്‍ അരിയോ മറ്റോ കുറവാണെന്നു കേള്‍ക്കുമ്പോഴോ, ഏതെങ്കിലുമൊരു കൃഷിനാശത്തിനെക്കുറിച്ച് പത്രങ്ങള്‍ മുതലകണ്ണീര്‍ക്കഥകള്‍ വിളമ്പുമ്പോഴോ, തേങ്ങയിടാന്‍ ആളെക്കിട്ടാതെവരുമ്പോഴോ ഒക്കെയാണ് നമ്മുടെ ഗൃഹാതുരത്വ കാര്‍ഷികസ്മൃതികള്‍ പഴുത്തുപൊട്ടിയൊലിക്കുക.

രാമചന്ദ്രന്‍,

സഭകളെ മാത്രമല്ല, ഒരു മതവിഭാഗക്കാരെയും ഇതില്‍ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്ക് എന്തൊക്കെ മറ്റു തിരക്കുകളുണ്ട്! ശ്വാസോച്ഛാസം ക്രമീകരിക്കാന്‍ പഠിക്കണം, ആള്‍‌ദൈവങ്ങളെ ചുമന്നു നടക്കണം, വിമോചനസമരത്തിന് ആളെക്കൂട്ടണം, മദ്രസ്സയുടെ പഠനസമയത്തെ സ്കൂള്‍ പഠനസമയവുമായി കൂട്ടിക്കെട്ടണം, ഒളിസ്സേവക്ക് ആളെ ഒപ്പിക്കണം, എന്തൊക്കെ തിരക്കുകളുണ്ട് അവര്‍ക്ക്. അതിനിടയിലാണ് കാല്‍ക്കാശിനുഗുണമില്ലാത്ത കര്‍ഷകരുടെയും നെല്ലിന്റെയും കാര്യം.

മൂന്നോ നാലോ‍ പേരില്‍ മാത്രം ഒതുങ്ങിക്കൂടിയെങ്കില്‍‌പ്പോലും ഇത്തരമൊരു വിഷയത്തിനെക്കുറിച്ച് എഴുതാനും ചിന്തകള്‍ പങ്കുവെക്കാനും നമുക്ക് കഴിഞ്ഞല്ലോ. അത്രയും ആശ്വാസം.

അഭിവാദ്യങ്ങളോടെ

ഗൗരിനാഥന്‍ said...

ഞാന്‍ മറ്റ് കമന്റുകള്‍ വായിച്ചിട്ടില്ല..എന്നാലും എന്റെ ആള്‍ക്കാര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന, 2 വര്‍ഷം അവര്‍ക്കിടയില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ കണ്ട ചില കാഴ്ചകള്‍ പങ്കു വെക്കുന്നു എന്നു മാത്രം., കുട്ടനാട് ജലനിരപ്പിന്ന് താഴെയുള്ള ഒരു പ്രദേശം എന്ന നിലയില്‍ ഗവണ്മെന്റ് ഇതു വരെ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല.. ഒരു ഉദാഹരണം പറയാം..കുട്ടനാട്ടില്‍ ഒരു കക്കൂസ് പണിയണമെങ്കില്‍ സാധാരണ സ്ഥലത്ത് പണിയുന്നതിനെക്കാള്‍ 2 ഇരട്ടി പൈസ വേണം..അതു പോലെ തന്നെ ഒരു നെല്ല് സംഭരണ ശാല തുടങ്ങണമെങ്കിലും സ്ഥിതി ഇതു തന്നെ. കിട്ടുന്നതില്‍ പാതി അടിച്ച് മാറ്റാന്‍ നടക്കുന്ന രാഷ്റ്റ്രീയകാര്‍ക്ക് ഇതിനൊക്കെ വാദിക്കനെവിടെ നേരം..

പിന്നെ കുട്ടനാട്ടില്‍ കൊയ്ത്തിനു ആളെ കിട്ടാനില്ലന്നതും സത്യം തന്നെ പ്രത്യെകിചു കോള്‍ നിലങ്ങളില്‍.. മാത്രമോ യന്ത്രം ഇരക്കണമെങ്കില്‍ മുങ്കൂര്‍ പാര്‍ട്ടി സമ്മതവും അത്യാവശ്യം തന്നെ..അതിനു വേണ്ടി ദിവസങ്ങളോളം നടക്കേണ്ടി വന്ന ആള്‍ക്കാരും ധാരാളം.
ഇനി പാര്‍ട്ടി സമ്മതിച്ചാല്‍ തന്നെ കോള്‍ പാടത്ത് യന്ത്രം ഇറക്കി കൊയ്യാനുള്ള റിസ്കും വല്ലാത്തതാണ്.. ഭാരം കൂടിയ ഈ യന്ത്രം അത് ഓടുന്ന ബെല്‍റ്റോടെ താഴ്ന്ന് പോയി അത് വീണ്ടും കയറ്റുക എന്നതും വളരെ ശ്രമകരമാണ്.. പകരം കുട്ടനാടിനനുസരിച്ച ഒരു കൊയ്തു യന്ത്രം എന്നത് സ്വപ്നം മാത്രം..വെളളം കയറിയും , ബണ്ട് പൊട്ടിയും ക്രിഷി നശിച കുട്ടനാട്ടുകാരന്റെ നിസംഗത വല്ലാത്തതാണ്..ആരും കാണാനില്ലാത്തവനെന്തു സങ്കടം

Ramachandran said...

പ്രിയപ്പെട്ട ജോജു

താങ്കളുടെ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെ ഒരു കമന്റിട്ടിരുന്നു.

“മഴമാത്രമാണു പ്രശ്നമെങ്കില്‍, അടുത്ത വര്‍ഷമതുണ്ടാവില്ല എന്നു പ്രതീക്ഷിക്കാം. പക്ഷെ തൊഴിലാളിപ്രശ്നമാണെങ്കില്‍ അതു പ്രശ്നമാവും, കാരണം അടുത്തവര്‍ഷം ഇതു രൂക്ഷമാവുകയേയുള്ളൂ ”. എന്നാണല്ലോ താങ്കളുടെ പ്രവചനം. കാത്തിരുന്നു കാണാം. ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്.

ഇതിനു മറുപടി ആയി മത്തായി എന്ന ബ്ലോഗര്‍ പറഞ്ഞു.

......തൊഴിലാളി സുഹൃത്തേ. താങ്കളുടെ ശുഭാപ്തി വിശ്വാസമെന്താണ്? മഴയോ സമരമോ ഏതാണില്ലാതാവാന്‍ പോകുന്നത്?

എന്റെ ശുഭാപ്തി വിശ്വാസം വിജയിക്കുന്നുവെന്നു തോന്നുന്നു ഇന്നത്തെ പത്രത്തില്‍ വന്ന ഈ വാര്‍ത്ത കാണുമ്പോള്‍.

കുട്ടനാട്ടില്‍ആവേശം; വിളവെടുപ്പ് വേഗത്തില്‍

ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് കര്‍ഷകത്തൊഴിലാളികളെയും യന്ത്രവും ഉപയോഗിച്ച് വേഗത്തിലാക്കാന്‍ നീക്കം. വേനല്‍ മഴയില്‍ കൃഷിനശിച്ച കര്‍ഷകര്‍ പുഞ്ചകൃഷി വിളവെടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്്. നെല്ലിന്റെ വില വര്‍ധിപ്പിച്ചതും സംഭരണം ത്വരിതഗതിയിലാക്കിയതും കര്‍ഷകന് ഏറെ ആശ്വാസമാണ്്. കൃഷിനശിച്ചപ്പോള്‍ യന്ത്രം ഇറക്കാന്‍ പാര്‍ടി അനുവദിച്ചില്ലെന്ന് വിലപിച്ച് കര്‍ഷകനെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് പുഞ്ചകൃഷി വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ യന്ത്രങ്ങള്‍ ഇറക്കിയത് ദഹിച്ചിട്ടില്ല. ഇതിന്റെ തെളിവാണ് 27ന്റെ മനോരമയില്‍ 'കുട്ടനാട്ടില്‍ കൊയ്യാന്‍ സഖാക്കള്‍ യന്ത്രം ഇറക്കി' എന്ന വിലാപകാവ്യം. തൊഴിലാളികള്‍ ഇല്ലാത്തിടത്ത് യന്ത്രം ഇറക്കാന്‍ യൂണിയനും കര്‍ഷകരുമായി നേരത്തെ ധാരണയായിട്ടുള്ളതാണ്. എന്നാല്‍, തൊഴിലാളിക്കുവേണ്ടി മാറ്റിയിട്ട പാടത്തുമാത്രം ആദ്യം യന്ത്രം ഇറക്കുകയെന്ന തന്ത്രം പയറ്റുന്ന ചിലരോട് തൊഴിലാളികള്‍ക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. മുമ്പെന്നപോലെ തൊഴിലാളികള്‍ ഈ മേഖലയില്‍ ഇല്ലെന്ന തിരിച്ചറിവാണ് ഒരു മണി നെല്ലുപോലും നഷ്ടപ്പെടാതിരിക്കാന്‍ യന്ത്രവും പാടത്തിറക്കാന്‍ അവസരം ഒരുക്കിയത്. അല്ലാതെ കോണ്‍ഗ്രസും മനോരമയും കരുതുന്നതുപോലെ ചേറില്‍ താണുപോയ യന്ത്രത്തിന് മുകളില്‍ ചാണ്ടിയും ചെന്നിത്തലയും മാണിയും കയറിയതുകൊണ്ടല്ല. വേനല്‍ മഴയില്‍ നശിച്ചതുള്‍പ്പെടെ മുഴുവന്‍ നെല്ലും സംഭരിച്ച സര്‍ക്കാര്‍ നഷ്ടം സംഭവിച്ചവര്‍ക്ക് റെക്കോഡ് വേഗത്തില്‍ പരിഹാരവും നല്‍കി. വീണ്ടും കൃഷിയിറക്കാന്‍ പലിശരഹിത വായ്പ അനുവദിച്ചു. യന്ത്രം വാങ്ങുന്നതിന് ഒമ്പത് ശതമാനം പലിശയ്ക്ക് വായ്പ നല്‍കാന്‍ നടപടിയായി. സഹകരണ സംഘങ്ങള്‍ക്ക് യന്ത്രങ്ങള്‍ വാങ്ങുന്നതിനും കുട്ടനാടന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കുന്നതിനും പ്രദര്‍ശനവും പ്രായോഗികക്ഷമത പരിപാടിയും സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലയേക്കാള്‍ ഉയര്‍ന്ന തോതില്‍സംസ്ഥാന സര്‍ക്കാര്‍വില നല്‍കിയപ്പോഴും കുറഞ്ഞുപോയെന്ന വിലാപമായിരുന്നു ഇവര്‍ക്ക്. യുഡിഎഫ് ഭരണ കാലത്ത് വിലയില്ലാത്ത നെല്ല് ശവപ്പെട്ടിയില്‍ നിറച്ച് കുട്ടനാട്ടിലെ ഒരു വൈദീകന്റെ നേതൃത്വത്തില്‍ വിലാപ യാത്ര നടത്തിയതും നഷ്ടപരിഹാരത്തിന് മാസങ്ങളുടെ കാത്തിരിപ്പിനുശേഷം സമരം നടത്തേണ്ടിവന്നതും മനോരമ മറന്നാലും കുട്ടനാടന്‍ ജനത മറക്കില്ല. പ്രകൃതി ക്ഷോഭിച്ചാലും കേന്ദ്രം മുഖം തിരിച്ചു നിന്നാലും സഹായിക്കാന്‍ ഒരു സര്‍ക്കാര്‍ ഉണ്ടെന്ന തിരിച്ചറിവാണ് കുട്ടനാട്ടില്‍ കഴിഞ്ഞകാലത്തേക്കാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വിത്തിറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.