Thursday, July 07, 2011

ഫസൽ ഗഫൂറും സ്വാശ്രയ പ്രതിസന്ധിയും

ഒട്ടൂം കഴമ്പില്ലാത്ത ഉപരിപ്ലവമായ ആശയങ്ങളെ സമൂഹമധ്യത്തിൽ അവതരിപ്പിച്ച് കൈയ്യടിവാങ്ങുന്നത് പൊതുവെ രാഷ്ട്രീയക്കാരായിരുന്നു. ഈ അടുത്തകാലത്തായി ഫസൽ ഗഫൂർ അത്തരത്തിൽ ഒരു നിലപാടിലാണ്. സ്വന്തം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സ്വന്തം കച്ചവടതാത്പര്യങ്ങൾക്കുവേണ്ടീ ഭരണഘടനാവിരുദ്ധമായ ഒരു കരാറിന്റെ പേരിൽ അടിയറവുവച്ചിട്ട് ക്രിസ്ത്യൻ മാനേജുമെന്റുകളും സ്വന്തം അവകാശങ്ങൾ ബലികഴിക്കണമെന്ന് ചാനലുകളിലും അച്ചടിമാധ്യമങ്ങളിലും ടിയാൻ പ്രസ്ഥാവനകൾ ഇറക്കുകയാണ്.

ഞാൻ അവകാശങ്ങൾ ഉപേക്ഷിച്ചു, നിങ്ങളും അങ്ങനെ ചെയ്യണം
എന്തൊരു നീതിബോധം! ഭരണഘടന നല്കുന്ന അവകാശങ്ങൾ കവർന്നെടുക്കാൻ ഇടതുപക്ഷ സർക്കാർ സമ്മർദ്ദത്തിലൂടെയും അക്രമത്തിലൂടെയും നിയമ നിർമ്മാണത്തിലൂടേയും ശ്രമിച്ചു. സുപ്രീംകോടതി വരെ എത്തിയ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ ന്യൂനപക്ഷമാനേജുമെന്റുകളുടെ മൗലീകാവകാശങ്ങൾ സുപ്രീംകോടതി പുനസ്ഥാപിച്ചു. അങ്ങനെയുള്ള അവകാശങ്ങൾ അടിയറവുവയ്ക്കണമെന്നാണു ഫസൽ ഗഫൂർ പറഞ്ഞു വരുന്നത്.

നാളെ ഞാൻ എന്റെ മതസ്വാതന്ത്യം വേണ്ടെന്നു വച്ചു നിങ്ങളും വേണ്ടന്നു വയ്ക്കൂ എന്നു പറഞ്ഞാല്....
ഞാൻ എന്റെ സഞ്ചാര സ്വാതന്ത്യം വേണ്ടെന്നു വച്ചു നിങ്ങളും വേണ്ടെന്നു വയ്ക്കൂ എന്നു പറഞ്ഞാൽ...
ഞാൻ എന്റെ ന്യായമായ കൂലി വങ്ങാനുള്ള അവകാശം വേണ്ടേന്നു വച്ചു നിങ്ങളും വേണ്ടേന്നു വയ്ക്കൂ എന്നു പറഞ്ഞാൽ....

ഭരണഘടനാപരമായ ഒരു സമൂഹത്തിന്റെ അവകാശങ്ങൾ അതു ന്യൂനപക്ഷമായിക്കൊള്ളട്ടെ ഭൂരിപക്ഷമായിക്കൊള്ളട്ടെ, വിദ്യാർത്ഥികളുടെ ആയിക്കൊള്ളട്ടെ മാനേജുമെന്റിന്റെ ആയിക്കൊള്ളട്ടെ അടിയറവു വച്ചാൽ അത് ഭാവി തലമുറയോടു ചെയ്യുന്ന ദ്രോഹമായിരിക്കും. ഭാഷാ-മത ന്യൂനപക്ഷങ്ങളുടെ ഭരനഘടനാപരമായ അവകാശങ്ങൾ അടിയറവു വയ്ക്കുവാൻ ആർക്കും അവകാശമില്ല. മുശ്ലീം സമുദായത്തിന്റെ അവകാശങ്ങൾ അടിയറവുവയ്ക്കുവാൻ എം.ഇ.എസ് നെ ആരാണു ചുമതലപ്പെടുത്തിയത്? ക്രിസ്ത്യൻ സമുദായങ്ങളുടേ അവകാശങ്ങൾ അടിയറവു വയ്ക്കുവാൻ ഒരു മെത്രാനോ സഭാധ്യക്ഷനോ അവകാശമില്ല. കാരണം അത് അവരുടെ വ്യക്തിപരമായ അവകാശമല്ല.

ഫസൽ ഗഫൂറും വി.എസ് സർക്കാരും
തുടക്കത്തിൽ ഇടതുപക്ഷസർക്കാരിന്റെ നിലപാടിനെതിരെ നിലയുറപ്പിച്ചിരുന്ന ഫസൽ ഗഫൂറും കൂട്ടരും ചുവടുമാറ്റിച്ചവിട്ടിയത് എന്നാണെന്നറിയണമെങ്കിൽ പഴയപത്രങ്ങൾ പരതേണ്ടീവരും. സർക്കാരുമായുള്ള ഒത്തു തീർപ്പുകൊണ്ട് ഫസൽ ഗഫൂറിനു ലാഭം മാത്രമുണ്ടാകാനേ തരരമുള്ളൂ. സർക്കാർ പറയുന്നിടത്ത് ഒപ്പിട്ട്, സർക്കാർ പറയുന്നവരെ അൻപതു ശതമാനം സീറ്റിൽ പ്രവേശിപ്പിച്ഛു കഴിയുമ്പോൾ സർക്കാർ കൈകഴുകും. പിന്നെ കോഴ ഒഴുകും. പ്രിവിലേജ് സീറ്റുകൾ എന്ന പേരിൽ തന്നിഷ്ടപ്രകാരം പ്രവേശനം നടത്താൻ കഴിയുന്ന സീറ്റുകൾ കരാറിൽ ചേർക്കുവാനുള്ള വൈഭവം ഫസൽ ഗഫൂറിനുണ്ടായി. ഇടതുപക്ഷ സർക്കാരും എം.ഇ.എസ്സും ചേർന്ന് ചില രഹസ്യധാരണകൾ ഉണ്ടായി എന്നു വേണം അനുമാനിക്കാൻ. അല്ലായിരുന്നെങ്കിൽ ഫസൽ ഗഫൂറിനു നൊന്തപ്പോൾ ദേശാഭിമാനി മുഖപ്രസംഗം എഴുതില്ലായിരുന്നല്ലോ. എന്നു മാത്രമോ ഇറങ്ങിപ്പോവും മുൻപ് ഇടതുപക്ഷ സർക്കാർ കേരളാ യൂണിവേർസിറ്റി ഓഫ് മെഡിക്കൽ സയൻസിലേയ്ക്ക് ഫസൽ ഗഫൂറിനെ നോമിനേറ്റു ചെയ്തു തങ്ങളുടെ കൂറൂ വ്യക്തമാക്കുകയും ചെയ്തു.


ഫസർ ഗഫൂറും ഇന്റർ ചർച്ച് കൗൺസിലും
ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടിയുള്ള ഇന്റർ ചർച് കൗൺസിലിന്റെ പ്രവർത്തനങ്ങളോട് ഫസൽ ഗഫൂറും എം.ഇ.എസ്സും സഹകരിച്ചിരുന്നു തുടക്കത്തിൽ. പക്ഷേ ഇടതുപക്ഷ സർക്കാർ കൂടുതൽ ലാഭം കിട്ടാനുള്ള വഴികൾ കാണിച്ചുപ്പോഴായിരിക്കണം ഫസൽ ഗഫൂർ കാലുമാറിയത്. പക്ഷേ എന്നിട്ടെന്തായി? ഫസൽ ഗഫൂർ നടത്തിയ പരീക്ഷ കോടതി നിയമാനുസ്രുതവും സുതാര്യവും അല്ലെന്നുകണ്ട് കോടതി അസാധുവാക്കി. അന്നു മുതൽ ഫസൽ ഗഫൂർ ഇന്റർ ചർച് കൗൺസിലിന് പരസ്യമായി എതിരായി. തങ്ങളുടെ (തങ്ങളും ഇടതുപക്ഷവും ചേർന്നുണ്ടാക്കിയ എന്നും വായിക്കാം) "കഞ്ഞിയിൽ" മണ്ണുവാരിയിട്ടത് ഇന്റർ ചർച് കൗൺസിലാണെന്നു ഫസർ ഗഫൂറിന് ഒരു തോന്നൽ. ഇത്തവണത്തെ പ്രവേസന നടപടികൾ സങ്കീർണ്ണമാക്കിയതിൽ ഫസൽ ഗഫൂറിന്റെ പങ്കു ചെറുതല്ല, അതിനു പിന്നിലും ഇന്റർ ചർച് കൗൺസിലിനോടുള്ള പക മാത്രം.

ഫസൽ ഗഫൂറും ഐക്യജനാധിപത്യ സർക്കാരും
ഫിഫ്ടി-ഫിഫ്ടി തങ്ങളുടെ ബേബിയാണെന്ന് ഐക്യജനാധിപത്യമുന്നണിയ്ക്കും പ്രത്യേകിച്ച് കോൺഗ്രസ്സിനും ഒരു ധാരണയുണ്ട്. അതുകൊണ്ടു തന്നെ 50% സീറ്റിലെ പ്രവേശനം സർക്കാരിനു വേണമെന്നും അതു സർക്കാർ ഫീസിൽ ആയിരിക്കണമെന്നുമുള്ള അവരുടെ (ഭരണഘടനാ വിരുദ്ധവും കോടതി അസാധുവാക്കിയതുമായ) നിലപാടിൽ നിന്ന് അവർക്ക് പ്രത്യക്ഷത്തിൽ പിന്നോട്ടൂ പോവുവാൻ സാധ്യമല്ല. കാരണം അതാണു സാമൂഹിക നീതി എന്നു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഐക്യജനാധിപത്യമുന്നണി വഹിച്ച പങ്ക് ചെറുതല്ല. എങ്കിലും ഇടതുപക്ഷ സർക്കാരിന്റെ ഏകപക്ഷീയ ജനാധിപത്യവിരുദ്ധ ഏകാധിപത്യ പ്രവണതകളിൽ നിന്നു മാറി ക്രിയാത്മകമായ ചർച്ചകൾക്ക് നേതൃത്വം കൊടൂക്കുവാനും ചർച്ചകളിൽ സർക്കാർ നിലപാട് അടിച്ചേൽപ്പിക്കുക എന്ന പ്രവണത മാറീ കുറച്ചുകൂടീ ജനാധിപത്യ ബോധം കാണിക്കുവാനും തയ്യാറായതോടെ ഇന്റർ ചർച് കൗൺസിലിനെക്കൂടീ ചർച്ചകളിലേയ്ക്ക് കൊണ്ടു വരുവാനും അവർക്കു കഴിഞ്ഞു. സർക്കാർ ഭരണഘടനാപരമായ മാനേജുമെന്റിന്റെ അവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളൂം സംരക്ഷിച്ചുകൊണ്ടേ കരാറുണ്ടാക്കൂ എന്നു വ്യക്തമാക്കുകയും ചെയ്തതോടെ ഫസൽ ഗഫൂർ തനിനിറം കാണീച്ചൂ. തങ്ങളുമായി എത്തിച്ചേർന്ന നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് ഇന്റർ ചർച്ച് കൗൺസിലുമായി എത്തിച്ചേർന്നാൽ കരാറിൽ നിന്നു പിന്മാറും എന്നു ഫസൽ ഗഫൂർ വ്യക്തമാക്കി. 10 എൻജിനീയറിംഗ് കോളേജും 4 മെഡിക്കൽ കോളേജും ഒരു ഡന്റൽ കോളേജും മാത്രമുള്ള ഇന്റർ ചർച് കൗൺസിലിനെക്കാൾ 32 എൻജിനീയറിംഗ് കോളേജും 6 മെഡിക്കൽ കോളേജും 12 ഡന്റൽ കോളേജുമുള്ള എം.ഇ.എസ്സിന്റെ പിന്മാറ്റം സർക്കാരിനെ വെട്ടിലാക്കി.

മതസമൂഹങ്ങളൂം സ്വാശ്രയ വിദ്യാഭ്യാസവും
1. എം.ഇ.എസ് എന്റെ കോളേജുകൾ മുസ്ലീം സമുദായത്തിന്റെ ആണോ? ആണെന്ന് ആരെങ്കിലും പറഞ്ഞാലും മുതലെടുപ്പിനു വേണ്ടീ ഫസൽ ഗഫൂർ അത് ആവർത്തിച്ചാലും എം.ഇ.എസ് ന്റെ കോളേജുകൾ എം.ഇ.എസ് മാത്രമാണു, അതു മൂലം മുസ്ലീം സമുദായത്തിനു പ്രയോയനമുണ്ടായിട്ടുണ്ടാകാമെങ്കിലും. അതിലെ മുതൽ മുടക്ക് എം.ഇ.എസിന്റേതാണു.

2. ഗോകുലം ഗോപാലന്റെ കോളേജു ഹിന്ദുക്കളൂടെയാണോ?
അല്ല എന്നാണുത്തരം. ഗോകുലം ഗോപാലന്റെ സ്വകാര്യ നിക്ഷേപമാണ് ഗോകുലം കോളേജുകളിലുള്ളത്. അതുപോലെ ജി.പി.സി നായരുടെ കോളേജുകൾ ജി.പി.സി നായരുടേതാണു, ഹിന്ദുക്കളുടേതല്ല.

3. അമൃത ഹിന്ദുക്കളുടേതാണോ?
അതും ആണെന്നു പറഞ്ഞുകൂടാ. അത് മാതാ അമൃതാനന്ദമയീ മഠത്തിന്റെയാണ്. അതിലെ നിക്ഷേപം അവരുടേതു മാത്രമാണ്.

4. ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകൾ ഇന്റർ ചർച് കൗൺസിലിന്റേതാണോ?
ഇന്റർ ചർച്ച് കൗൺസിനു ഒരു കോളേജിലും നിക്ഷേപമില്ല. ഇന്റർ ചർച് കൗൺസിലിനു 10 എൻജിനീയറിംഗ് കോളേജും 4 മെഡിക്കൽ കോളേജുകളും 1 ഡന്റൽ കോളേജുമാണുള്ളത്. ഇവയെല്ലാം വ്യത്യസ്ഥ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ ഭരണത്തിൽ കീഴിലുള്ളതും വിശ്വാസികളുടെ പണം കൊണ്ട് പണിതുയർത്തപ്പെട്ടിട്ടുള്ളതുമാണ്. അതായത് നിക്ഷപം വിശ്വാസികളുടെതാണു. ഏതെങ്കിലും മെത്രാന്റെയോ സഭയുടെ അധികാര ശ്രേണിയിൽ നിന്നു മാറി പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയുടെയോ സ്വകാര്യ സ്വത്തല്ല എന്നർത്ഥം. അതുകൊണ്ടു തന്നെ വിശ്വാസസമൂഹത്തിന്റെ വിദൂരഭാവിയിലെ നന്മയെക്കൂടിക്കരുതി അവകാശങ്ങൾ അടിയറവു വയ്ക്കാൻ അവർക്കാവില്ല. അതുകൊണ്ടൂ തന്നെ കോളേജു കെട്ടിപ്പെടുക്കാൻ പണം ചിലവഴിച്ച സമൂഹത്തിന്റെ മുകളിലേയ്ക്ക് ഇരട്ടി ഫീസെന്ന കാടത്വം അനുവദിച്ചുകൊടുക്കാനും അവർക്കാവില്ല.

ഫസൽ ഗഫൂറും സാമൂഹിക നീതിയും
1.ഫസൽ ഗഫൂറും കൂട്ടരും നടത്തിയ പ്രവേശന പരീക്ഷ സുതാര്യവും നിയമാനുസൃതവുമല്ലെന്നു കണ്ടെത്തി കോടതി അസാധുവാക്കിയിട്ടീട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.(2010, ആഗസ്റ്റ്)

2. 50% സീറ്റിൽ ഫ്രീയായി പഠിപ്പിക്കുന്നതിനു പകരം 50% സീറ്റിൽ മാനേജുമെന്റു നിശ്ചയിക്കുന്ന ഉയർന്ന ഫീസ് ഈടാക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടത് എം.ഇ.എസ് ആണു (2006 ആഗസ്റ്റ്). അതായത് തങ്ങൾക്ക് ലാഭമുണ്ടാകുമെങ്കിൽ സർക്കാരുമായി എന്ത് ഒത്തു തീർപ്പുകൾക്കും തയ്യാറാണെന്നുള്ള പ്രഖ്യാപനം.

3. സർക്കാർ ഒത്തു തീർപ്പിലെത്താത്ത ഇന്റർ ചർച് കൗൺസിലു പോലും സ്വന്തം നിലയിൽ പരീക്ഷ നടത്താതെ സർക്കാർ പരീക്ഷകളെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്തുമ്പോൾ സ്വന്തം നിലയിൽ പരീക്ഷ നടത്തുവാൻ എം.ഇ.എസ് ശ്രമിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? (പ്രവേശനപരീക്ഷ നടത്തുവാനുള്ള മാനേജുമെന്റിന്റെ അവകാശത്തെ ഞാൻ പിന്താങ്ങുന്നു.) സർക്കാർ ലിസ്റ്റിൽ നിന്നു യോഗ്യരായവരെ കിട്ടാതെ വരുമെന്നതിനാലാണിത്. സർക്കാർ ലിസ്റ്റു പ്രകാരം അയോഗ്യരായവരെ യോഗ്യരാക്കുവാനുള്ള പരീക്ഷാ തന്ത്രം. പകുതി സീറ്റ് സർക്കാർ നിറച്ചുകൊള്ളും. ബാക്കി സീറ്റിൽ പണച്ചാക്കുകളെ പ്രവേശിപ്പിച്ച് പരീക്ഷ നടത്തി യോഗ്യരാക്കി എടുക്കുക. സീറ്റ് ഒഴിഞ്ഞുകിടക്കുന്നെന്ന പേടീയും വേണ്ട, ലാഭമുണ്ടാവുകയും ചെയ്യും.

10 comments:

ഇ.എ.സജിം തട്ടത്തുമല said...

എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടതിനു ആദ്യം തന്നെ നന്ദി!

സ്വാശ്രയ കോളേജുകൾ ആരൊക്കെ നടത്തുന്നുവോ അതിന്റെ ഒക്കെ പിന്നിൽ സാമ്പത്തിക ലാഭം മാത്രാണ് പ്രധാന ലക്ഷ്യം. അത് സഹകരണ മേഖലയിലേതായാലും. അത് വിശ്വാസികളുടെ പണം കൊണ്ടുട്ടാക്കിയതോ വ്യക്തികളുടെ പണം കൊണ്ടുണ്ടാക്കിയതോ ആകട്ടെ. ഈ സ്ഥാപനങ്ങളിൽ ഒക്കെ അതത് സമുദായത്തിലെ ആളുകൾ ആയാലും പണമുള്ളവർക്ക് മാത്രമേ പഠിക്കാൻ കഴിയൂ. ഇനി സർക്കാരിനു വിട്ടു കൊടുക്കുന്ന സീറ്റും മെരിറ്റ് സീറ്റും ഒക്കെ ആയാലും പാവപ്പെട്ട കുട്ടികൾക്ക് അതൊന്നും ആഗ്രഹിക്കാൻ കൂടി കഴിയില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ സ്വാശ്രയ വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. കാരണം കാശുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇത്തരം കോളേജുകളിൽ പോകുന്നതു വഴി സംസ്ഥാനത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകുന്നതുകൂടി കണക്കിലെടുത്താണ് ഇവിടെ സ്വാശ്രയവിദ്യാലയങ്ങൾ വരുന്നത്.കേരളത്തിൽ നിലവിലില്ലാത്ത ഒരു സമ്പ്രദായം തുടങ്ങാൻ അനുമതി നൽകുമ്പോൾ ഈ സംസ്ഥാനത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സർക്കാർ സമാന്യേന ന്യായമെന്നു പറയാവുന്ന ചില നിബന്ധനകൾ വച്ചു; എല്ലാവർക്കും പറ്റിയില്ലെങ്കിലും സമ്പന്നരല്ലാത്ത കുറച്ച് കുട്ടികൾക്ക് കൂടി അവസരം കിട്ടിക്കൊട്ടെ എന്നു കരുതി. ആ നിബന്ധനകൾ ആണ് ഈ സ്വാശ്രയ മാനേജുമെന്റുകൾ ലംഘിച്ചുകൊണ്ടിരിക്കുന്നത്. ചില ഭരണ ഘടനാ നിയമങ്ങളെയും ചില കോടതി വിധികളെയും മറയാക്കി സർക്കാരിന്റെയും ഭൂരിപക്ഷജനതയുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി ഈ സ്വാശ്രയ മേലാളർ ശ്രമിക്കുന്നതിനെ അനാവശ്യമായ ധിക്കാരം എന്നേ പറയാൻ കഴിയൂ.ഭരണഘടനാ ലംഘനയുടെയൂം നിയമത്തിന്റെയും പേരിലാണ് അവകാശവാദങ്ങളെങ്കിൽ ഈ വിഷയത്തിൽ മാത്രം അത് കാണിച്ചാൽ മതിയോ? മറ്റെന്തെല്ലാം നിയമങ്ങൾ ഇവിടെ അതിലംഘിക്കുന്നു! ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ഉത്തരേന്ത്യയിലൊക്കെ ന്യുനപക്ഷവിഭാഗങ്ങളെ ചുട്ടെരിച്ചതും മറ്റും! അതും ഇതുമായി എന്തു ബന്ധമെന്നു ചോദിച്ചാൽ സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് ഉത്തരവാദിത്വബോധമുള്ള സമുദായ നേതാക്കൾക്ക് ചേർന്നതല്ല. സമുദായതാല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും മാത്രമല്ല സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങൾക്കും വില കല്പിക്കണം. ന്യൂനപക്ഷങ്ങൾക്ക് ഭരണ ഘടനാ പരമായുള്ള അവകാശങ്ങളും ചില കോടതി വിധികളുടെ ആനുകൂല്യവും ഒക്കെ ഈ സമുദായങ്ങളുടെ (എന്നവകാശപ്പെടുന്ന) ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ട് എന്ന് അറിയാതെ അല്ലല്ലോ സർക്കാരും പൊതു സമൂഹവും ഈ പ്രശ്നം ചർച്ചയ്ക്കും പരിഹാരത്തിനും വയ്ക്കുന്നത്. മറ്റേതൊരു കാര്യത്തെയും പോലെ ഈ വിഷയത്തിലും ഇരുപക്ഷത്തു നിന്നു ചിന്തിക്കുന്നവർക്കും വാദങ്ങളും പ്രതിവാദങ്ങളും ഉന്നയിക്കാം.വരവരുടെ മിടുക്കുപോലെ. പക്ഷെ ഇത് കേവലം ഒരു ആശയപ്രശ്നം മാത്രമല്ലല്ലോ. സംവാദത്തിലൂടെ ബൊദ്ധിക വികാസം ഉണ്ടാക്കുവാനുള്ള ഏതെങ്കിലും ഒരു താത്വിക വിഷയവും അല്ല. സമൂഹത്തിന്റെ കാലികമായ ജീവിത വ്യാപാരങ്ങളിൽ പരിഹാരം തേടുന്ന ഒരു പ്രായോഗിക വിഷയമാണ്. അതിനെ അപ്രായോകികമായ വാദ പ്രതിവാദങ്ങൾ ഉയർത്തി ആരും എങ്ങുമെത്താതിരിക്കുന്നത് പൊതു സമൂഹത്തിനു നന്നല്ല. ഇത് ചില വിട്ടു വീഴ്ചകളുടെ പ്രശ്നമാണ്. ആ വിട്ടു വീഴ്ച ഉണ്ടാകേണ്ടത് സ്വാശ്രയ വിദ്യാലയ മാനേജുജുമെന്റുകളുടെ ഭാഗത്തു നിന്നു തന്നെയാണ്.സമുദായത്തിനു മാത്രമല്ല സർക്കാരിനുമുണ്ട് പരിമിതികൾ! കേവലം ഒരു സമുദായത്തിന്റെ താല്പര്യവും സമുദായങ്ങൾക്കുപരി പൊതു സമൂഹത്തിന്റെ താല്പര്യവും തമ്മിൽ തർക്കം വരുമ്പോൾ അവിടെ ആരാണ് വിട്ടു വീഴ്ച ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല! ഇനി അതല്ല, പൊതു സമൂഹത്തിന് അങ്ങനെ ഒരു താല്പര്യവുമില്ല ഇതൊക്കെ ചില രാഷ്ട്രീയ താല്പര്യങ്ങളാണെന്നു വാദിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന സമുദായത്തിനുമില്ല ഈ വിഷയത്തിൽ സാമുദായികമായ താല്പര്യം എന്നു പറയേണ്ടി വരും. മറിച്ച് ഏതാനും സമുദായ പ്രമാണിമാരുടെ മാത്രം താല്പര്യമാണ് മാത്രമാണ് ഈ വിഷയങ്ങളിൽ ഉയർന്നു വരുന്നതെന്നും പറയേണ്ടി വരും!

Help said...

>>>>ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ഉത്തരേന്ത്യയിലൊക്കെ ന്യുനപക്ഷവിഭാഗങ്ങളെ ചുട്ടെരിച്ചതും മറ്റും! അതും ഇതുമായി എന്തു ബന്ധമെന്നു ചോദിച്ചാൽ സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് ഉത്തരവാദിത്വബോധമുള്ള സമുദായ നേതാക്കൾക്ക് ചേർന്നതല്ല.
<<<<

ഇതൊരു ഭീഷിണി പോലെ തോന്നണൂ... വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ചുട്ടരിക്കും എന്നങ്ങാനുമാണോ ഇതിന്റെ അര്‍ത്ഥം...?

എന്റെ അഭിപ്രായം മറ്റൊരു ബ്ലോഗില്‍ കമന്റുകളായി കൊടുത്തിട്ടുണ്ട്‌...
കുഴഞ്ഞുമറിയുന്ന സ്വാശ്രയം : http://kpsukumaran.blogspot.com/2011/06/blog-post_30.html

N.J Joju said...

സജീം,
1. സ്വാശ്രയകോളേജുകൾ ലാഭത്തിലല്ലാതെ നഷ്ടത്തിൽ പ്രവർത്തിക്കണമോ? ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ പുരോഗതിയുണ്ടാവൂ. പക്ഷേ ലാഭം എത്രവേണം എന്നതിനെക്കുറിച്ചു തർക്കമുണ്ട്. ന്യായമായ ലാഭം എന്നത് കോടതികൾ അംഗീകരിച്ചിട്ടൂള്ളതുമാണ്.

2. പ്രോഫഷണൽ വിദ്യാഭ്യാസത്തിന്റെ ചിലവ് എത്രവരും? ആലോചിച്ചിട്ടൂണ്ടോ? ഒരു സർക്കാർ മെഡിക്കൽ കോളേജിലോ സർക്കാർ എൻജിനീയറിംഗ് കോളേജിലോ ഒരാളെ പഠിപ്പിക്കുവാൻ എത്ര രൂപാ സർക്കാർ മുടക്കുന്നു. ആലോചിക്കേണ്ട കാര്യമല്ലേ? അതറിയാതെ ഫീസ് കൂടുതുലാണ്, കൊള്ളലാഭമാണ്, കച്ചവടമാണ് എന്നൊക്കെ ആരോപിക്കുന്നത് ബാലിശമല്ലേ.

3. "ആ നിബന്ധനകൾ ആണ് ഈ സ്വാശ്രയ മാനേജുമെന്റുകൾ ലംഘിച്ചുകൊണ്ടിരിക്കുന്നത്."
ഒന്നാമതായി അങ്ങനെ ഒരു നിബന്ധനയും വച്ചിട്ടല്ല ആന്റണി എൻ.ഓ.സി കൊടുത്തത്. ചോദിച്ച എല്ലാവർക്കും NOC കൊടുത്തു എന്നാണ് പിറ്റേന്നത്തെ പത്രത്തിൽ പറഞ്ഞിരിന്നത്. രണ്ടാമതായി അങ്ങനെയൊരു നിബന്ധനയ്ക്ക് നിയമപരമായി ഒരു സാധുതയുമില്ല. അന്നു നിലവിലിരുന്ന ഉണ്ണിക്രിഷ്ണൻ കേസിലെ വിധി(1993) അങ്ങനെയൊരു അനുപാതത്തിനു (50:50) വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ 2003ലെ സുപ്രീം കോടതി വിധി അതിനെ അസാധുവാക്കി. കോടതി വിധികൾ പ്രകാരം സ്വാശ്രയ കോളേജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കുന്നതിനുള്ള അവകാശം മാനേജുമെന്റിൽ നിക്ഷിപ്തമാണ്, അതു അവരുടെ അവകാശമാണ്. സർക്കാരിനു യാതൊരു മുതൽമുടക്കുമില്ലാത്തിടത്ത് അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ല. സ്വന്തം അവകാശത്തെക്കുറീച്ച് ബോധ്യമുള്ളവരും അതിന്റെ സംരക്ഷണം ആവശ്യമാണെന്നു കരുതുന്നവരും അതു സംരക്ഷിക്കാൻ ശ്രമിക്കും. അതിനു താങ്കൾ നിരത്തിയ മറുവാദം (മറ്റെന്തെല്ലാം നിയമങ്ങൾ ഇവിടെ അതിലംഘിക്കുന്നു! ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ) തികച്ചും ബാലിശമെന്നോ യുക്തിരഹിതമെന്നോ പറയാതെ വയ്യ. ആരെയൊക്കെ ആരൊക്കെ തല്ലിയിരിക്കുന്നു; അതുകൊണ്ടൂ ഞാൻ സജീംനെ ഒന്നു തല്ലിക്കോട്ടെ എന്നു പറയുന്നതു പോലെയുള്ള ബാലിശമായ ഒരു ന്യായം.

4. "ചില ഭരണ ഘടനാ നിയമങ്ങളെയും ചില കോടതി വിധികളെയും മറയാക്കി" ഇവിടെ എന്തു മറ. സർക്കാർ പ്രവർത്തിക്കേണ്ടത് ഭരണഘടനയ്ക്കനുസരിച്ചാണ്. ഭരണഘടനയെ വിശദീകരിക്കുന്നത് കോടതിയാണ്. അതുകൊണ്ട് കോടതികളെയും മാനിക്കണം. സുവ്യക്തമായ കോടതി വിധികളെ മാനിക്കാത്ത കരാറുകളെ മാനിക്കേണ്ട ബാധ്യത ഇന്ത്യയിൽ ആർക്കുമില്ല.

5. "സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് "

എന്തു നിഷേധാത്മക നിലപാടാണു സ്വീകരിച്ചത്? സർക്കാരിന്റെ മെറിറ്റ് ലിസ്റ്റിൽ വരുന്നവരെ സമുദായം പണം കൊടുത്തു പഠിപ്പിക്കണം എന്നു പറയാൻ നാണമില്ലേ. 50 ശതമാനം പേരെ ബാക്കി അൻപതു ശതമാനം പേർ പഠിപ്പിക്കുന്നതാണോ സാമൂഹിക നീതി. പാവപ്പെട്ടവനെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനാണ്, അതായത് സർക്കാരിന്. അല്ലാതെ അതിനെ സഹപാഠിയുടെ ചുമലിൽ കെട്ടിവയ്ക്കുന്നത് ഒരു സാമൂഹിക നീതിയുമല്ല.

6. "ഇത് ചില വിട്ടു വീഴ്ചകളുടെ പ്രശ്നമാണ്. ആ വിട്ടു വീഴ്ച ഉണ്ടാകേണ്ടത് സ്വാശ്രയ വിദ്യാലയ മാനേജുജുമെന്റുകളുടെ ഭാഗത്തു നിന്നു തന്നെയാണ്."

സാറിന്റെ ജനാധിപത്യ ബോധം സമ്മതിച്ചു തന്നിരിക്കുന്നു. നമുക്കു ചർച്ച ചെയ്ത് എന്റെ നിലപാടിനെ താങ്കളെക്കൊണ്ടംഗീകരിപ്പിക്കാം എന്നതിൽ എന്തു ജനാധിപത്യം സാറേ. മാനേജുമെന്റുകളുടെ ഭരണഘടനാപരമായ അവകാശവും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശവും സർക്കാരിന്റെ ഭരണഘടനനാവിരുദ്ധമായ കരാറിൽ ഒപ്പിട്ട്.....അതിനു ചർച്ച ചെയ്ത്..വിട്ടുവീഴ്ച ചെയ്ത്...ഹോ!! കോരിത്തരിക്കുന്നു. സാർ ജനാധിപത്യം പരിചയമില്ലാത്ത കമ്യൂണിസ്റ്റു കാരനാണോ?

7. സാർ, ആർക്കു വേണ്ടീയാണൂ സാർ വാദിക്കുന്നതെന്നു ഉറപ്പുണ്ടോ? സ്വാശ്രയ സീറ്റിലെ മെറിറ്റിന്റെ മുൻപന്തിയിൽ വരുന്ന പണച്ചാക്കുകൾക്കുവേണ്ടീയോ, മിഡിൽ ക്ലാസുകൾക്ക് അപ്രാപ്യമായ രണ്ടിരട്ടീ ഫീസിലേയ്ക്ക് ഫീസുയർത്തുന്ന മാനേജുമെന്റുകൾക്കുവേണ്ടീയോ? സാർ ഒരിക്കലെങ്കിലും ഇന്റർ ചർച് കൗൺസിലിന്റെ പ്രോസ്പക്ടസ് കണ്ടിട്ടൂണ്ടോ?

8. താങ്കളുടെ അറിവിലേക്കായി പറയട്ടെ. എന്റെ അറിവിൽ ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിൽ (4 Medical, 10 engineering, 1 dental) മെറിറ്റിൽ സർക്കാരിന്റെ പ്രവ്വേശന പരീക്ഷയും സർക്കാരിന്റെ ബോർഡു പരീക്ഷയും മാത്രം പരിഗണിച്ചുള്ള റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം. 40% വരെ ജനറൽ മെറിറ്റിൽ പ്രവേശനമുണ്ട്. കമ്യൂണിസ്റ്റി ക്വാട്ടയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംവരണമുണ്ട്, അതും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം. എല്ലാ സീറ്റിലും ഒരേ ഫീസ് എന്ന കോടതി നിർദ്ദേശിച്ചിട്ടൂള്ള ഭരണഘടനാപരമായ ഫീസ് ഘടനയാണ് ഇവിടെ നിലവിലുള്ളത്.

Biju said...

"4. ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകൾ ഇന്റർ ചർച് കൗൺസിലിന്റേതാണോ?
ഇന്റർ ചർച്ച് കൗൺസിനു ഒരു കോളേജിലും നിക്ഷേപമില്ല. ഇന്റർ ചർച് കൗൺസിലിനു 10 എൻജിനീയറിംഗ് കോളേജും 4 മെഡിക്കൽ കോളേജുകളും 1 ഡന്റൽ കോളേജുമാണുള്ളത്. ഇവയെല്ലാം വ്യത്യസ്ഥ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ ഭരണത്തിൽ കീഴിലുള്ളതും വിശ്വാസികളുടെ പണം കൊണ്ട് പണിതുയർത്തപ്പെട്ടിട്ടുള്ളതുമാണ്. അതായത് നിക്ഷപം വിശ്വാസികളുടെതാണു. ഏതെങ്കിലും മെത്രാന്റെയോ സഭയുടെ അധികാര ശ്രേണിയിൽ നിന്നു മാറി പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘടനയുടെയോ സ്വകാര്യ സ്വത്തല്ല എന്നർത്ഥം. അതുകൊണ്ടു തന്നെ വിശ്വാസസമൂഹത്തിന്റെ വിദൂരഭാവിയിലെ നന്മയെക്കൂടിക്കരുതി അവകാശങ്ങൾ അടിയറവു വയ്ക്കാൻ അവർക്കാവില്ല. അതുകൊണ്ടൂ തന്നെ കോളേജു കെട്ടിപ്പെടുക്കാൻ പണം ചിലവഴിച്ച സമൂഹത്തിന്റെ മുകളിലേയ്ക്ക് ഇരട്ടി ഫീസെന്ന കാടത്വം അനുവദിച്ചുകൊടുക്കാനും അവർക്കാവില്ല. "

http://kadhyalla.blogspot.com/2011/07/blog-post_06.html#--thanimalayalam

see the above link , this is how the rights of community is protected.

സുമേഷ്‌ വി ഗണപതിയാട് said...

ലാഭമുണ്ടാക്കാനുള്ള വ്യവസായസ്ഥാപനങ്ങളാണോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ?വിശ്വാസികളുടെ പണം കൊണ്ടുണ്ടാക്കിയ സ്ഥാപനങ്ങള്‍ ചുരുങ്ങിയ പക്ഷം പാവപ്പെട്ട വിശ്വാസികള്‍ക്കെങ്കിലും പഠിക്കാന്‍ സൌകര്യം നല്‍കേണ്ടതല്ലേ?സ്നേഹവും കാരുണ്യവും പ്രസംഗിക്കുന്ന പുരോഹിതന്‍മാരാണ് ഇതിനൊക്കെ എതിര് നില്‍ക്കുന്നത് എന്നതാണ് വിരോധാഭാസം

Nasiyansan said...
This comment has been removed by the author.
Nasiyansan said...

good work joju,,പക്ഷെ ഇതൊന്നുംവായിക്കാനോ മനസ്സിലാക്കാനോ ഉള്ള ക്ഷമ മഹാ ഭൂരിപക്ഷത്തിനും ഇല്ല ..എല്ലാവരും ഇന്റര്‍ചര്‍ച്ചിനെ ഒരു പാഠം പഠിപ്പിക്കാന്‍ നടക്കുവാണല്ലോ ...ഒരു വശത്ത് രാക്ഷ്ട്രീയ പാര്‍ട്ടികളും അവരുടെ അനുയായികളും ....മറ്റൊരു വശത്ത് കുറെ വര്‍ഗീയവാദികള്‍ ...കോടതികള്‍ അനുകൂലമായിരിക്കുന്നിടത്തോളം കാലം സ്വന്തം നിലയില്‍ പ്രവേശനം നടത്തിയാല്‍ മതി എന്നാണ് എന്റെ അഭിപ്രായം ..ഒരു സീറ്റ് പോലും സര്‍ക്കാരിനു കൊടുക്കേണ്ടതില്ല ... ഇതിനിടയില്‍ ഫീസ്‌ കുറച്ചുകൊണ്ടുവരാനുള്ള നടപടികളും സീകരിക്കണം എന്ന് മാത്രം ..കഴിഞ്ഞ ദിവസം വന്ന എഞ്ചിനീയറിങ്ങിന്റെ റാങ്കു ലിസ്റ്റ് നോകിയാല്‍ മനസ്സിലാകും ആദ്യ റാങ്കിലുള്ള എല്ലാവരും തന്നെ പണച്ചാക്കുകള്‍ ...സര്‍ക്കാരിനു പകുതി സീറ്റ് കൊടുത്തു എന്തിനു കുറെ പണക്കാരെ സ്വജന്യമായി പഠിപ്പിക്കണം ......പണമുള്ളവര്‍ പണം മുടക്കി പഠിക്കട്ടെ ...

ഇനി പകുതി കുട്ടികളെ കുറഞ്ഞ ഫീസില്‍ പടിപ്പിക്കണമെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ ഇന്റര്‍ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പകുതി കുട്ടികളുടെ ഫീസ്‌ സര്‍ക്കാര്‍ അടചോട്ടെ ..ആര്‍ക്കു ബുദ്ധിമുട്ട് ...പാവപ്പെട്ടവരെ പഠിപ്പിക്കണമെന്നുള്ളവര്‍ക്ക് ഇങ്ങനെയും അത് ആകാമല്ലോ ........

N.J Joju said...

സുമേഷ്‌ വി ഗണപതിയാട്,

"ലാഭമുണ്ടാക്കാനുള്ള വ്യവസായസ്ഥാപനങ്ങളാണോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ "?
അല്ല. പക്ഷേ സ്ഥാപനത്തിന്റെ പുരോഗതിയ്ക്കാവശ്യമായ ലാഭം അതു നേടൂക തന്നെ വേണം. കുറഞ്ഞ പക്ഷം പ്രവർത്തനചിലവ് എങ്കിലും ഫീസിലൂടെ മടക്കിക്കിട്ടേണ്ടതുണ്ട്.

"വിശ്വാസികളുടെ പണം കൊണ്ടുണ്ടാക്കിയ സ്ഥാപനങ്ങള്‍ ചുരുങ്ങിയ പക്ഷം പാവപ്പെട്ട വിശ്വാസികള്‍ക്കെങ്കിലും പഠിക്കാന്‍ സൌകര്യം നല്‍കേണ്ടതല്ലേ?"
വേണം. ഇപ്പോൾ തന്നെ അതു ചെയ്യുന്നുണ്ട്.

"സ്നേഹവും കാരുണ്യവും പ്രസംഗിക്കുന്ന പുരോഹിതന്‍മാരാണ് ഇതിനൊക്കെ എതിര് നില്‍ക്കുന്നത് എന്നതാണ് വിരോധാഭാസം"
എന്നതു തെറ്റിദ്ധാരണയാണ്. എം.ഇ.എസ് പോലെയുള്ള സംഘടനകളും കൗമുദി പോലെയുള്ള പത്രങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും അവയുടെ പ്രസിദ്ധീകരണങ്ങളും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഈ തെറ്റിദ്ധാരണ പരത്തിയിട്ടൂണ്ട്. മറ്റു മാധ്യമങ്ങൾ തങ്ങളുടെ കച്ചവട താത്പര്യങ്ങൾക്കുവ്വേണ്ടി അത് ഏറ്റുപിടിച്ചിട്ടൂമുണ്ട്. അതുകൊണ്ടാവാം താങ്കളെപോലെയുള്ളവർ തെറ്റിദ്ധരിക്കപ്പെടുന്നത്

J.Mandumpal Ph.D said...

32 എൻജിനീയറിംഗ് കോളേജും 6 മെഡിക്കൽ കോളേജും 12 ഡന്റൽ കോളേജുമുള്ള എം.ഇ.എസ്സിന്റെ പിന്മാറ്റം സർക്കാരിനെ വെട്ടിലാക്കി.

^^^^^^^^^^^^^^^^

IS this correct?

J.Mandumpal Ph.D said...

പ്രോഫഷണൽ വിദ്യാഭ്യാസത്തിന്റെ ചിലവ് എത്രവരും? ആലോചിച്ചിട്ടൂണ്ടോ? ഒരു സർക്കാർ മെഡിക്കൽ കോളേജിലോ സർക്കാർ എൻജിനീയറിംഗ് കോളേജിലോ ഒരാളെ പഠിപ്പിക്കുവാൻ എത്ര രൂപാ സർക്കാർ മുടക്കുന്നു. ആലോചിക്കേണ്ട കാര്യമല്ലേ?

^^^^^^^^^^^^^^^^^^^^^^

Important point